Saturday, June 13, 2026

വായനാനുഭവം - ഇരു - വി ഷിനിലാൽ (Book Review - Iru by V Shinilal)

വായനാനുഭവം - ഇരു - വി ഷിനിലാൽ 




സമീപകാലത്ത് വായിച്ചതിൽ അത്ഭുതത്തോടെ, സംതൃപ്തിയോടെ വായന അവസാനിപ്പിച്ച പുസ്തകമാണ് ശ്രീ. വി ഷിനിലാൽ എഴുതിയ "ഇരു". ശരിക്കും ഇതാണ് പുതുതലമുറയുടെ നോവൽ എന്ന് തോന്നിപ്പോയി. എന്നെ അത്ഭുതപ്പെടുത്തിയ ആ നോവലിന്റെ വിശേഷങ്ങളാണ് ഇക്കുറി. 


ഷിനിലാലിന് അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവൽ സമ്പർക്കക്രാന്തി അത്ര ദഹിക്കാഞ്ഞതിനാൽ അദ്ദേഹത്തിന്റെ പുതിയ നോവലായ ഇരു വായിക്കുവാൻ ചെറിയൊരു വൈമനസ്യമുണ്ടായിരുന്നു. വായിച്ചു തുടങ്ങിയപ്പോഴും ആ ഒരു പുളിച്ചുതികട്ടൽ വായനാനുഭവത്തെ തടസപ്പെടുത്തിക്കൊണ്ടിരുന്നു. മൂന്ന് ഭാഗങ്ങളാണ് നോവലിനുള്ളത്. രണ്ടാമത്തെ ഭാഗം വായിച്ചുതുടങ്ങിയതോടെ സീൻ മാറി. പിന്നെ ഞാൻ അക്ഷരാർത്ഥത്തിൽ വേറൊരു ലോകത്തിലേക്ക് ആയി. പിന്നീട് ആ ലോകത്ത് നിന്നും ഞാൻ ഇറങ്ങുന്നത് മൂന്നാമത്തെ ഭാഗം വായിച്ചുതീർത്തതിന് ശേഷമാണ്. എന്നിട്ട് ഞാൻ ആദ്യം ചെയ്തത് ആദ്യ ഭാഗം ഒന്നുകൂടി വായിക്കുക എന്നതാണ്. എനിക്ക് തോന്നുന്നു നോവലിസ്റ്റ് ഉദ്ദേശിച്ചതും അതുതന്നെ ആയിരുന്നു എന്നാണ്. അദ്ദേഹം വരച്ച വരയിലൂടെ വായനക്കാരൻ ചലിക്കുന്നു. വായനയുടെ ലോകത്ത് എത്തിയ നാളുകളിൽ അത്ഭുതപ്പെടുത്തിയ പുസ്തകങ്ങളായിരുന്നു ശ്രീ സി.വി രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മയും ധർമ്മരാജയുമൊക്കെ. അന്നത്തെ തിരുവിതാംകൂറിനെ ഞാൻ ആ പുസ്തകങ്ങളിലൂടെ നേരിൽ കണ്ടു. ആ വായനയുടെ വാങ്ങലിൽ ഞാൻ തിരുവനന്തപുരം കാണുവാൻ പോയി. ശരിക്കും മാർത്താണ്ഡവർമ്മ എന്ന ചരിത്രാഖ്യായികയിലെ രണ്ട് അധ്യായങ്ങൾക്കിടയിലെ സംഭവങ്ങളായിട്ടാണ് ഇരു വിലെ സംഭവങ്ങൾ അവതരിപ്പിക്കുന്നത്. മലയാളത്തിലെ ഒരു ഇതിഹാസത്തിലേക്ക് ഒരു വരച്ചുചേർക്കൽ നടത്തുകയെന്നത് എത്ര വെല്ലുവിളി നിറഞ്ഞ കർത്തവ്യം ആണെന്ന് ആലോചിച്ചുനോക്കൂ. എന്നാൽ നിശ്ചയമായും പറയാം മനോഹരമായി നോവലിസ്റ്റ് അത് നിർവഹിച്ചിരിക്കുന്നു. ആധുനിക മലയാള സാഹിത്യത്തിലെ സി.വി രാമൻപിള്ളയാണ് ശ്രീ ഷിനിലാൽ എന്ന് തീർച്ചയായും പറയാം.


ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത, മുഖ്യധാരയിലൊന്നും പ്രത്യക്ഷപ്പെടാത്ത ഒരു ജനവിഭാഗത്തിന്റെ കഥയാണ്, ചരിത്രമാണ്, ജീവിതമാണ് ഇരു എന്ന നോവലിൽ ശ്രീ ഷിനിലാൽ വിവരിക്കുന്നത്. ചരിത്രം എപ്പോഴും രചിക്കുന്നത് വിജയികളാണ്. കേരളത്തിലെ ആദിമ ജനതയായി വേടരും കാണികളുമൊക്കെ പിന്നിലേക്ക് മാറിപ്പോയത് അപ്രകാരമാണ്. അവരായിരുന്നു നമ്മുടെ യഥാർത്ഥ പൂർവികർ. പ്രകൃതിയോടിണങ്ങി, പ്രകൃതിയെ സ്നേഹിച്ചും ആരാധിച്ചും ജീവിച്ച ജനത. അവർ ഒന്നും നാളേക്കായി കരുതി വെച്ചില്ല. അതിനാൽത്തന്നെ സമ്പാദ്യങ്ങളോ തമ്മിൽ കലഹങ്ങളോ അവർക്കില്ലായിരുന്നു. പിന്നീട് ആധുനിക ജനത കടന്നുവന്നതപ്പോൾ അവർ കാടുകളിൽ കുടിയേറി, അവരുടേതായ ആവാസവ്യവസ്ഥ സൃഷ്ടിച്ച് ജീവിച്ചുപോന്നു. വനമേഖലയിൽ ഡാമുകൾ നിർമ്മിക്കപ്പെട്ടപ്പോൾ ആ ആവാസവ്യവസ്ഥയാണ് നശിക്കപ്പെട്ടത്, അവരുടെ സംസ്കാരവും. ആധുനികരുടെ കാഴ്ചപ്പാടിൽ അവർക്ക് നഷ്ടമാകുന്നത് ചെറ്റക്കുടിലുകൾ മാത്രമായിരിക്കും. പകരം അവർ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് പുനരധിവാസം അടിച്ചേൽപ്പിച്ച് കർത്തവ്യം നിർവഹിച്ച് മടങ്ങും. വെള്ളത്തിനടിയിൽ അവർക്ക് നഷ്ടപ്പെട്ടതെന്താണെന്ന് നോവലിൽ വ്യക്തമാക്കിത്തരുന്നുണ്ട്. 


മാർത്താണ്ഡവർമ്മയുടെ കാലം മുതലുള്ള 300 വർഷത്തെ ചരിത്രമാണ് നോവലിന്റെ ഇതിവൃത്തം. പശ്ചിമഘട്ടമലനിരകളിൽ ജീവിച്ചുപോന്ന ഗോത്രവിഭാഗമായ കാണികളുടെയും അതിനോട് ചേർന്നുള്ള മലയോരപ്രദേശങ്ങളിൽ ജീവിക്കുന്ന വേടർ എന്ന വിഭാഗത്തിന്റെയും കഥ. അതിനോടൊപ്പം നാട്ടിലെ പ്രമുഖരായിരുന്ന തമ്പിമാരുടെ കഥയും. നേർ രേഖയിലുള്ള ഒരു അവതരണമല്ല ഇരുവിലേത്. ആധുനികതയും ചരിത്രവും ഇടകലർന്ന് വരുന്നു. മലയാളത്തിൽ അധികം കണ്ടുശീലിച്ചിട്ടില്ലാത്ത ഒരു കഥാ അവതരണശൈലിയാണ് നോവലിസ്റ്റ് സ്വീകരിച്ചിരിക്കുന്നത്. പാളിപ്പോകാൻ സാധ്യതയുള്ള ആ അവതരണത്തിലും ഷിനിലാൽ വിജയിച്ചിരിക്കുന്നു. ഒരു പരിചയവുമില്ലാത്ത പശ്ചാത്തലത്തിലാണ് കഥ നടക്കുന്നതെങ്കിലും പുസ്തകം അടച്ചുവെച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒട്ടേറെ സന്ദർഭങ്ങളിൽ കഥയിലുണ്ട്. തിരുവിതാംകൂർ ചരിത്രം മാത്രമല്ല, രണ്ടാം  ലോകമഹായുദ്ധവും ഇന്ത്യ - പാക്ക് വിഭജനവും യുദ്ധവുമൊക്കെ നോവലിൽ കടന്നുവരുന്നു. ഇടയ്ക്ക് ഒരു കഥാപാത്രമായി നോവലിസ്റ്റും പ്രത്യക്ഷപ്പെടുന്നുണ്ട്. അതെല്ലാം വായനക്കാരനെ സത്യമേതാ, മിഥ്യയേതാ എന്ന ആശങ്കയിൽ ആഴ്ത്തുന്നുമുണ്ട്, നോവലിസ്റ്റ് ആഗ്രഹിച്ചത് പോലെ.


എടുത്തുപറയേണ്ട മറ്റൊരു കാര്യമാണ് നോവലിലെ ഭാഷ. ഈ നോവൽ മനസ്സിൽ തൊടാൻ സഹായിച്ച പ്രധാന ഘടകങ്ങളിലൊന്ന് അതിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയാണ്. വേടരുടെയും കാണികളുടെയും ആ കാലഘട്ടത്തിലെ തിരുവിതാംകൂറുകാരുടെയും ഭാഷ മനോഹരമായി നോവലിൽ സന്നിവേശിച്ചിരിക്കുന്നു. ഇപ്പോൾ ആ ഭാഷ ആരും സംസാരിക്കുന്നില്ലായിരിക്കാം. തനത് സംസ്‌കാരത്തിനൊപ്പം അവരുടെ തനത് ഭാഷയിലും ആധുനികരുടെ സ്വാധീനം കടന്നു കയറിയിരിക്കുന്നു. ഈ സാഹചര്യത്തിൽ അവരുടെ ഭാഷയെ ഒരു പുസ്തകത്തിൽ അവതരിപ്പിക്കാൻ മുന്നിട്ട് വന്നതിന് നോവലിസ്റ്റിന് പ്രത്യേകം അഭിനന്ദനങ്ങൾ. 


സമ്പർക്കക്രാന്തിയുടെ എഴുത്തുകാരൻ എന്നതിനേക്കാൾ ഷിനിലാൽ ഇനി ഇരു വിന്റെ എഴുത്തുകാരൻ എന്നായിരിക്കും അറിയപ്പെടാൻ പോകുന്നത്. നോവൽ വായിച്ചുകഴിഞ്ഞതിന് ശേഷം ആ നോവലിൽ പരാമർശിച്ചിരിക്കുന്ന സ്ഥലങ്ങൾ കാണണമെന്ന ആഗ്രഹം തീവ്രമായി മനസ്സിൽ നിറയുന്നു. അതിലുണ്ട് ആ നോവൽ പകർന്നുനൽകിയ അനുഭവം.


2023 സെപ്റ്റംബറിൽ ഡിസി ബുക്ക്സ് ആണ് നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഞാൻ വായിച്ചത് 2023 ഡിസംബറിൽ പുറത്തിറങ്ങിയ മൂന്നാമത്തെ പതിപ്പായിരുന്നു. 413 പേജുള്ള നോവലിന്റെ വില 470 രൂപ ആയിരുന്നു. 

No comments:

Post a Comment