Monday, July 13, 2009

കളരി അഭ്യസങ്ങള്‍1 - തെറി പാഠം

കഴിഞ്ഞ ബ്ലോഗ് വായിച്ചവര്‍ക്കും അതിലുപരി അന്ന് ഞങ്ങളുടെ കൂടെ സദ്യ ഉണ്ണാന്‍ ഇരുന്നവര്‍ക്കും ഒരു പോലെ തോന്നിയ ഒരു സംശയം ഉണ്ട്. കൊച്ചു വായില്‍ എങ്ങനാ ഞാന്‍ ഇത്രേം വലിയ വാക്കുകള്‍ പറഞ്ഞതെന്ന്.(ബ്ലോഗിന്റെ സഭ്യതയെ മാനിച്ചു ഞാന്‍ censor ചെയ്താ വാക്കുകള്‍ മാത്രമെ ഇവിടെ വിവരിചിരുന്നുള്ളൂ.ബാക്കി എന്താണെന്നു അറിയാന്‍ ആഗ്രഹം ഉള്ളവര്‍ കൊടുങ്ങല്ലൂര്‍ അമ്മയെ മനസ്സില്‍ ഓര്ത്തു ക്ഷമിക്കൂ). അതിനെ പറ്റി പറഞ്ഞു കൊണ്ടാകട്ടെ ഇതിന്റെ ഒരു തുടക്കം.

എന്റെ വീടിനോട് ചേര്‍ന്നായിരുന്നു ചരിത്ര പ്രസിദ്ധമായ പൊള്ളേത്തൈ സ്കൂള്‍ ഗ്രൌണ്ട്. സംസ്ഥാന ദേശീയ വേദികളില്‍ അധികം ഇല്ലെങ്കിലും കേരള പോലീസിന് വളരെ അധികം സംഭാവനകള്‍ നല്കിയ ഞങ്ങളുടെ കൊച്ചു ഗ്രൌണ്ട്. ഓര്‍മ വെച്ച കാലം മുതല്‍ ഞാന്‍ അഭ്യസങ്ങള്‍ പഠിച്ചു തുടങ്ങിയ സര്‍വകലാശാല. ആശാന്‍ പള്ളിക്കൂടത്തില്‍ പോകാന്‍ തുടങ്ങും മുന്‍പേ ഞാന്‍ അവിടത്തെ ഒരു അന്തേവാസി ആയിരുന്നു. കാലത്ത് നാട്ടിലെ ആണായി പിറന്നവരെല്ലാം വൈകിട്ട് ഒരു അഞ്ചു മണി ആകുംബോളെക്കും ഗ്രൗണ്ടില്‍ ഹാജര്‍ വെച്ചിട്ടുണ്ടാകും. സീസണ്‍ അനുസരിച്ച് ക്രിക്കറ്റ്, ഫുട്ബോള്‍, വോളീബോള്‍ തുടങ്ങിയ ഇനങ്ങള്‍ ആണ് അവിടെ ഉണ്ടാകുക. കളിയ്ക്കാന്‍ വളരെ കുറച്ചു ആള്‍ക്കാരെ ഉണ്ടാകൂ എങ്കിലും ഗ്രൌണ്ടിന്റെ കിഴക്കേ മൂലയില്‍ ഉള്ള പുളിച്ചുവട്ടില്‍ എല്ലാ ആണ്‍ പിറന്നോരും നിരന്നിരുപ്പുണ്ടാകും. നാട്ടില്‍ നടക്കുന്ന സകല ഉടായിപ്പ് വാര്‍ത്തകളും പുളിച്ചുവട് സംഘത്തിന്റെ മുഘ്യ അജണ്ടയില്‍ ഉണ്ടാകും. വാര്‍ത്തകള്‍ കേള്‍ക്കാനായി മാത്രം രണ്ടു കിലോ മീറ്റര്‍ അകലെ നിന്നും ഓരോരുത്തന്‍മാര്‍ സ്ഥിരമായി അവിടെ വരാറുണ്ടായിരുന്നു. കാര്യമായി ഒന്നും മനസിലാകില്ലെങ്കിലും സമ്മേളനങ്ങളില്‍ പതിവായി ഞാനും പങ്കു കൊള്ളുംയിരുന്നു. വീട്ടില്‍ നിന്നും കൊറിക്കാനായി ഞാന്‍ എന്തെങ്കിലും കൊണ്ടു വരുമായിരുന്ന കൊണ്ടും എന്നില്‍ ഒരു നല്ല ഭാവി അവിടത്തെ ഗുരു പുംഗവന്മാര്‍ നേരത്തെ തന്നെ കണ്ടിരുന്നതിനാലും എന്റെ സാന്നിധ്യത്തിന് അവര്‍ വിലക്ക് കല്‍പ്പിച്ചിരുന്നില്ല.

നാട്ടിലെ യുവ കേസരികളെ സ്കൂള്‍ ഗ്രൂണ്ടിലോട്ടു ആകര്ഷിച്ചതിനു മറ്റൊരു കാരണം കൂടെ ഉണ്ടായിരുന്നു. നാട്ടില്‍ നിന്നും ടൌണിലെ കോളേജുകളില്‍ പഠിക്കുന്ന തരുണീമണികള്‍ ബസ്സിറങ്ങി നടന്നു പോകുന്നത് ഗ്രൂണ്ടിനും എന്റെ വീടിനും ഇടക്കുള്ള പൊതു വഴിയില്‍ കൂടെ ആണ്. ഗ്രൌണ്ടിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്നും അവര്‍ വഴിയില്‍ കടന്നു കഴിഞ്ഞാല്‍ പിന്നെ പുളിച്ചുവട് കഴിയുന്നവരെ അവര്‍ അവിടെ ഉള്ള കേസരികള്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ് എന്ന് ആയിരുന്നു അവിടെ ഇരുന്ന ഓരോ ചേട്ടനും മനസ് നിറഞ്ഞു വായില്‍ നോക്കുമ്പോള്‍ കരുതി ഇരുന്നത്. തല കുമ്പിട്ടു ഇരിക്കുന്നവന്മാര്‍ എല്ലാം തന്നെ മാത്രം ആണ് നോക്കുന്നത് എന്ന രീതിയില്‍ ആയിരുന്നു ഓരോ ചേച്ചിമാരും അവിടെ കൂടെ നടന്നു പോയിരുന്നത്. മിക്കവാറും എല്ലാ ചേച്ചിമാര്‍ക്കും അത്യാവശ്യം ഇരട്ടപേരുകളും ചേട്ടന്മാര്‍ കല്‍പ്പിച്ചു നല്‍കിയിരുന്നു. പച്ചണ്ടി, മത്തി തല,തുടങ്ങി ഓരോരുത്തരുടെയും മുഘത്തിനു ചേരുന്ന പേരുകള്‍ കല്‍പ്പിച്ചു നല്കാന്‍ മിടുക്കന്മാര്‍ കൂട്ടത്തില്‍ ധാരാളം ഉണ്ടായിരുന്നു. എന്റെ തെറി പഠനത്തിന്റെ തുടക്കം പേരുകളില്‍ നിന്നും ആയിരുന്നു. കൂട്ടത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു ഭാഗ്യവതിയെ പുതുതായി ചാര്‍ത്തപ്പെട്ട പേരു ആദ്യമായി പോയി വിളിക്കേണ്ട ചുമതല എനിക്കായിരുന്നു കല്‍പ്പിച്ചു കിട്ടിയിരുന്നത്. അതൊരു വലിയ ബഹുമതി ആയി ഞാന്‍ കണക്കാക്കി പോന്നിരുന്നു. കാരണം നല്ല പ്രായത്തില്‍ കല്യാണം കഴിചിരുന്നേല്‍ എന്റെ പ്രായത്തില്‍ ഉള്ള മക്കള്‍ ഉണ്ടാകാന്‍ പോന്ന ചേട്ടന്മാര്‍ എല്ലാം എന്റെ പ്രകടനത്തിനായി പുറകില്‍ പ്രാര്‍ത്ഥനയോടെ ഇരുപ്പുണ്ടെന്ന ചിന്ത തന്നെ ഐഡിയ സ്റ്റാര്‍ singeril ഏറ്റവും കൂടുതല്‍ sms കിട്ടുന്ന കുട്ടിക്കുള്ള പോലത്തെ ഒരു ഗമ എനിക്ക് നല്‍കിയിരുന്നു. പോകുന്നതിനു മുന്‍പായി ചേട്ടന്മാര്‍ എനിക്ക് ചില പൊടിക്കൈകള്‍ പറഞ്ഞു തരാറുണ്ട്.ഫോളോ ഓണ്‍ ഒഴിവാക്കുക എന്ന ഒറ്റ ലക്ഷ്യത്തിനായി ബാറ്റുമായി തുഴയാന്‍ പോകുന്ന ഇഷാന്ത്‌ ശര്‍മ്മക്ക് എങ്ങനെ കണ്ണടച്ച് പിടിച്ചു ബാറ്റ് ചെയ്യാം എന്ന് പറഞ്ഞു കൊടുക്കുന്ന ഗാംഗുലിയുടെ ഭാവത്തോടെ അവര്‍ എനിക്ക് ചേച്ചിമാര്‍ ആക്രമിക്കുമ്പോള്‍ തിരിച്ചു പറയാനുള്ള വാക്കുകള്‍ ഓതി തന്നു. അര്ത്ഥം അറിയാതെ ആണേലും എന്റെ വായീന്ന് അത് പുറത്തേക്ക് വരുന്ന കേട്ടാല്‍ സാക്ഷാല്‍ കൊടുങ്ങല്ലൂരമ്മ വരെ ഒന്നു കിടുങ്ങിപ്പോകും.പൊള്ളേത്തൈ പള്ളിയില്‍ പെരുന്നളിനാണ് ഗുരുക്കന്മാര്‍ കുട്ടികളുടെ അഭ്യാസ പ്രകടനങ്ങള്‍ അവതരിപ്പിക്കുന്നത്. ദൂരെ നിന്നും വരുന്ന സുഹൃത്തുക്കളുടെ മുന്നില്‍ വെച്ചു അവര്‍ എന്നെ അഭിമാനത്തോടെ അവതരിപ്പിക്കും. എന്നിട്ട് പുതിയ പത്തു തെറി പറഞ്ഞു കേള്‍പ്പിക്കാന്‍ പറയും. പദ്യപരായണ മത്സരത്തിനു കവിത ചൊല്ലുന്ന പോലെ ഞാന്‍ പുതിയ ഐറ്റംസ് അവതരിപ്പിക്കും. അപ്പോള്‍ ഗുരുക്കന്മാരുടെ മുഘത്ത്‌ തൃശൂര്‍ പൂരത്തിന് പുതിയ ഇനം അമിട്ട് പൊട്ടിച്ച ശേഷം പാറമേക്കാവ് ഭാഗത്തിന്റെ വെടിക്കെട്ട് നടത്തുന്ന രാമുണ്ണി ആശാന്റെ മുഘത്തുള്ള ഭാവം ആയിരിക്കും.

ആശാന്‍ പള്ളിക്കൂടത്തില്‍ കൊണ്ടു പഠിക്കാന്‍ ചേര്‍ത്തതോടെ ആണ് സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും കിട്ടുന്ന ട്രെയിനിങ്ങിന്റെ യഥാര്‍ത്ഥ ഗുണം ഞാന്‍ മനസിലാക്കിയത്‌. എന്റെ വീട്ടില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ മാറിയാണ് ആശാന്റെ വീട്. എന്നെ കൂടാതെ രണ്ടു മൂന്നു കിടാങ്ങള്‍ കൂടെ ആശാന്റെ അടുത്ത് പഠിക്കാന്‍ എന്റെ വീടിന്റെ അടുത്ത് നിന്നും ഉണ്ടായിരുന്നു. ഇതിനിടയില്‍ ഉള്ള ഏകദേശം ഇരുപതോളം വീടുകള്‍ എന്റെ സ്വന്തം എന്ന രീതിയില്‍ ആയിരുന്നു ഞാന്‍ ബാലസംഘത്തെയും നയിച്ചു കൊണ്ടു ആശാന്‍ പള്ളിക്കൂടത്തില്‍ പോയിരുന്നത്. വീടുകളില്‍ ഉള്ള മാവു, അമ്പഴം, തല്ലി, തുടങ്ങി എല്ലാ മരങ്ങളിലും കേറിയിട്ടെ വൈകിട്ട് ഞങ്ങള്‍ വീട്ടില്‍ എത്തിയിരുന്നുള്ളൂ. ധാരാളം കുളങ്ങളും പാടങ്ങളും ഉണ്ടെങ്കിലും എന്നെ ആശാന്‍ കളരിയില്‍ ഒറ്റയ്ക്ക് വിടാന്‍ വീട്ടുകാര്‍ക്ക് യാതൊരു പേടിയും ഇല്ലായിരുന്നു. കാരണം ഞാന്‍ ഒരു വീടിന്റെ അതിരില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നെ അവരുടെ വേലിക്കെട്ടു കഴിയുന്നവരെ വീട്ടുകാരുടെ എല്ലാ ശ്രദ്ധയും എന്റെ മേല്‍ തന്നെ ആയിരിക്കും. ഉത്സവത്തിന് പറ എടുക്കാന്‍ ആന വരുമ്പോള്‍ പോലും വീട്ടുകാര്‍ ഇത്ര ശ്രദ്ധ കൊടുത്തിരുന്നില്ല . അത് തന്നെയും അല്ല മിക്ക ദിവസോം ഞാന്‍ ക്ലാസ്സ് കഴിഞ്ഞെത്തുമ്പോള്‍ ഏതെങ്കിലും വീട്ടിലെ ചേച്ചിമാര്‍ കൂടെ കാണും. അത് ആക്കിതരണം എന്ന ഉദ്ധേശത്തില്‍ ആയിരിക്കില്ല. വീടിന്റെ ഓടു എറിഞ്ഞു പൊട്ടിച്ചു, വേലിക്ക് വെച്ച ഓല വലിച്ചു കീറി, തെറി പറഞ്ഞു തുടങ്ങിയ പരാതികള്‍ അമ്മയെ നേരിട്ടു ഏല്‍പ്പിക്കാന്‍ ആയിരുന്നെന്നു മാത്രം.

നിലത്തെഴുത്ത് കളരി രംഗത്ത് അര നൂറ്റാണ്ട് പിന്നിട്ട തങ്കപ്പനശാന്റെ അധ്യാപന ജീവിതത്തിലെ പരീക്ഷണ കാലഘട്ടം ആയിരുന്നു ഞാന്‍ പഠിച്ച രണ്ടു വര്‍ഷങ്ങള്‍. വികലാംഗനായ ആശാന്‍ ചെമ്പ് കെട്ടിയ ഒരു വടിയുടെ സഹായത്തോടെ ആയിരുന്നു നടന്നിരുന്നത്. ആശാന്റെ ലുന്കിയുടെ നിറവും ചെമ്പ് പിടിപ്പിച്ച വടിയും കാണുമ്പോള്‍ തന്നെ എന്റെ മേത്തൂടെ ഒരു വിറയല്‍ ഓടി കയറുമായിരുന്നു. മണല്‍ വിരിച്ച ഒരു ഷെഡ്‌ ആയിരുന്നു കളരി. അതിന്റെ വാതുക്കല്‍ തന്നെ ആശാന്‍ ഇരിക്കും. കുത്തി നടക്കുന്ന വടി പുറകില്‍ ചാരി വെക്കും. വാതിലിന്റെ പുറകില്‍ നിന്നും പല സൈസില്‍ ഉള്ള ചൂരലുകള്‍ എടുത്തു മുന്നില്‍ വെക്കും. പിന്നെ ക്രമത്തില്‍ ഓരോരുത്തരെയും വിളിച്ചു തുടങ്ങും. പഠിപ്പിക്കുന്ന ബുക്കുമായി വിളിക്കുന്ന ആള്‍ ആശാന്റെ മുന്നില്‍ പോയി ഇരിക്കണം. ബാക്കിയുള്ളവര്‍ക്ക് ബുക്ക്‌ തുറന്നു അക്ഷരങ്ങള്‍ മുന്നിലെ മണലില്‍ എഴുതി പഠിക്കാം. പേരു വിളിക്കപ്പെട്ട ഹതഭാഗ്യന്‍ ആശാന്റെ മുന്നില്‍ ചെല്ലുമ്പോള്‍ തന്നെ പഠിച്ചതൊക്കെ മറക്കും. പിന്നെ ആശാന്റെ ചൂരല്‍ ഒന്നു മിന്നി മറയുന്നത് കാണാം. തല്ലല്ലേ ആശാനെ എന്ന് കരഞ്ഞോണ്ട് പുറകോട്ടു നിരങ്ങി നീങ്ങുന്ന സഹപാഠിയെ ഞങ്ങള്‍ സഹതാപത്തോടെ, അതിലുപരി ഭയത്തോടെ നോക്കും. ആശാന്‍ ഇരിക്കുന്ന വാതിലിന്റെ അടുത്ത് നിന്നും കളരിയുടെ അങ്ങേ അറ്റം വരെ മോങ്ങിക്കൊണ്ട് നിരങ്ങിപ്പോകാം. പോയ വഴി മണലില്‍ ആന തടി വളിച്ച പാടു പോലെ കാണപ്പെടും. ആശാന് എഴുന്നേറ്റു പോയി തല്ലാന്‍ പറ്റില്ല. അത് കൊണ്ടു ആശാന്‍ അടുത്ത ചൂരല്‍ എടുക്കും. പുകയത് വെച്ച കറുപ്പിച്ച ചൂരല്‍ ഞങ്ങളുടെ ഒരു പേടി സ്വപ്നം ആയിരുന്നു. അത് കൊണ്ടു അടി ആരും ഇതു വരെ കൊള്ളുന്നത്‌ കണ്ടിട്ടില്ല. പക്ഷെ എന്നും അത് കാണിച്ചായിരുന്നു ആശാന്‍ ദൂരെ പോയ കുഞ്ഞാടുകളെ തിരികെ കൊണ്ടു വന്നിരുന്നത്. ചെറിയ ഒരു പ്രലോഭനം. "അത് കൊണ്ടുള്ള അടി വേണ്ടേല്‍ മരിയാദക്കു തിരികെ വന്നു ഇരിക്കൂ എന്ന്". പ്രലോഭനം സ്നേഹപൂര്‍വ്വം നിരസിച്ച ആദ്യ വ്യെക്തി ഞാന്‍ ആയിരുന്നു.

സംഭവം എനിക്ക് ശേഷം കളരിയില്‍ പഠിക്കാന്‍ എത്തിയ കുഞ്ഞുങ്ങള്‍ക്ക് എന്നും ഒരു മാതൃക ആയിരുന്നു. ഇടക്കിടക്ക്‌ ആശാന്‍ ഇരിക്കുന്നിടത്ത് നിന്നും പുറത്തേക്ക്‌ എഴുന്നേറ്റു പോകും(മനുഷ്യനല്ലേ സ്വാഭാവികം) അത് പോലെ മാതാപിതാക്കാന്‍മാര്‍ ആരെങ്കിലും എത്തുംബോളും ആശാന്‍ ഒന്നു എഴുന്നേല്‍ക്കും. വടി കുത്തി എഴുന്നെട്ടാല്‍ ഉടനെ ആശാന്‍ മുണ്ട് ഒന്നു മുറുക്കി ഉടുക്കാറുണ്ട്. അന്ന് ഞാന്‍ ആയിരുന്നു ആശാന്റെ മുന്നില്‍ ഇരിക്കാന്‍ വിധിക്കപ്പെട്ട കുഞ്ഞാട്. പേടിച്ചു ഓരോ അക്ഷരങ്ങള്‍ ആയി ഞാന്‍ എഴുതുമ്പോള്‍ ആണ് കൂടെ പഠിക്കുന്ന വേണുവിന്റെ അമ്മ മെമ്പര്‍ പൊന്നമ്മ ചേച്ചി ആശാനെ കാണാന്‍ എത്തിയത്. പതിവുപോലെ ആശാന്‍ എഴുന്നേറ്റു. വടി കുത്തി എഴുന്നേറ്റു പോകുന്ന പോക്കില്‍ താഴെ കിടന്ന മുണ്ടിന്റെ അറ്റത്ത്‌ ഞാന്‍ ഒരു പിടുത്തം പിടിച്ചു. സംഭവിച്ചത് എന്താണെന്നു ആശാന് മനസിലായി വന്നപ്പോളേക്കും മെമ്പര്‍ അടുത്ത രണ്ടു പറമ്പ് കഴിഞ്ഞിരുന്നു.കയ്യിലിരുന്ന ചെമ്പ് കെട്ടിയ വടി കൊണ്ടു ആശാന്‍ എന്നെ തല്ലതിരുന്നത് ആകെ ഉള്ള ബാലന്‍സ് കൂടെ പോകും എന്നോര്‍ത്ത് ആയിരിക്കണം. ഇരിപ്പ് ഉറപ്പിച്ച ആശാന്‍ പ്രത്യേകിച്ച് പ്രലോഭനങ്ങള്‍ ഒന്നും നല്കാന്‍ നില്‍ക്കാതെ നേരെ തന്റെ തുരുപ്പ് ചീട്ടായ ചൂരല്‍ എന്റെ മേല്‍ പ്രയോഗിക്കുകയായിരുന്നു.

ഇക്ക, ഇംഗ, എഴുതി കാണിക്കുന്ന സമയത്താണ് എനിക്ക് അതെ ചൂരല്‍ കൊണ്ടുള്ള അടി വേണ്ടെങ്കില്‍ എഴുന്നെന്നു വാ എന്ന ഓഫര്‍ ആദ്യമായി കിട്ടുന്നത്. ഒരു പ്രാവശ്യം കിട്ടിയതിന്റെ ഓര്‍മ ഉണ്ടായിരുന്നതിനാല്‍ ഞാന്‍ അടുത്തോട്ടു ചെല്ലാന്‍ ഭയപ്പെട്ടു. കുറെ ആലോചിച്ചിട്ട് ഞാന്‍ ഒരു കടും കൈ ചെയ്യാന്‍ തീരുമാനിച്ചു. എന്റെ അടുത്ത നടപടി എന്തായിരിക്കും എന്ന് ആലോചിച്ചു വണ്ടറടിച്ചു ഇരുന്ന എല്ലാ സഹാപാടികള്‍ക്കും മാതൃക ആയിക്കൊണ്ട്‌ ഞാന്‍ പുറത്തേക്ക് ഒറ്റ ഓട്ടം. പോണ പോക്കില്‍ ആശാന്റെ ചെമ്പ് കെട്ടിയ വടിയും എടുത്തു മുറ്റത്തേക്ക്‌ എറിയാന്‍ ഞാന്‍ മറന്നില്ല. ആശാന്‍ എഴുന്നേറ്റിട്ട് വേണമല്ലോ എന്നെ പിടിക്കാന്‍. വെടി കൊണ്ട പന്നിയെ ഞാന്‍ അടുത്ത തോടും ചാടി ഓടി. ബഹളം കെട്ട് തിരിഞ്ഞു നോക്കിയ അടുത്ത വീട്ടിലെ മേര്സി ചേച്ചി കണ്ടത് ബ്രേക്ക്‌ പോയ റോഡ് roller പോലെ പാഞ്ഞു വരുന്ന എന്നെ ആണ്. കാര്യം മനസിലായില്ലെങ്കിലും എന്നെ തടയാന്‍ തന്നെ ചേച്ചി തീരുമാനിച്ചു. കബഡി കളിക്കാരിയെ പോലെ മുന്നില്‍ നിന്ന ചേച്ചിയെ വെട്ടിക്കാന്‍ ഞാന്‍ പല അടവും നോക്കി. അവസാനം കളിയില്‍ ചേച്ചി തന്നെ ജയിച്ചു. ഒള്യ്മ്പിച്സിനു മെഡല് വാങ്ങിയ കര്‍ണം മല്ലെസ്വരിയുടെ ഭാവത്തോടെ ചേച്ചി എന്നെ പൊക്കി തോളില്‍ ഇട്ടു. അവരുടെ പത്തു തലമുറ വരെ ഉള്ള സകലരേം ഞാന്‍ തെറി വിളിച്ചെങ്കിലും ചേച്ചി എന്നേം കൊണ്ടു ആശാന്റെ അടുത്തേക്ക് നീങ്ങി. വെതാളത്തെയം കൊണ്ടു വിക്രമാദിത്യന്‍ പോണ പോലെ. അറ്റ കൈ ആയി ഞാന്‍ "നാട്ടുകാരെ എന്നെ കൊല്ലാന്‍ കൊണ്ടു പോണേ" എന്ന നമ്പറും ഇറക്കിയെങ്കിലും വിജയിച്ചില്ല. ഒരു മേര്സിയും കാട്ടാതെ മേര്സി ചേച്ചി എന്നെ ആശാന്റെ കാല്‍ക്കല്‍ സമര്‍പ്പിച്ചു.

ഒരാഴ്ചക്കുള്ളില്‍ മേര്സി ചേച്ചിയുടെ വീട്ടില്‍ തൊണ്ട് തല്ലുന്ന ഇരുമ്പ് വടി ഞാന്‍ അടിച്ച് മാറ്റി കുളത്തിലിട്ടു പകരം വീട്ടിയെന്കിലും മുതുകു വേദന കാരണം ആശുപത്രിയില്‍ പ്രവെശിപ്പിക്കപ്പെട്ടതിനാല്‍ അവര്‍ അതൊന്നും അറിഞ്ഞില്ല. ആശുപത്രിയില്‍ വെച്ചു ഡോക്ടര്‍ അവരോട് ചോദിച്ചത് അരിയും ചാക്കും എടുത്തു ചുമലില്‍ വെച്ചയിരുന്നോ എന്നാണത്രേ.
(തുടരും....)

11 comments:

 1. ഒരു നാടിന്റെ മുഴുവന്‍അഭിമാനം ആയിരുന്നല്ലെ നീ!!!
  ഇത്രയ്ക്കു വെല്യ ആളാന്നു അറിഞ്ഞി്ല്ല ....:)..അസ്സലായിട്ടുണ്ടു....

  ReplyDelete
 2. ആളു പുലിയാണല്ലോ.

  ReplyDelete
 3. എഴുത്ത് അടിപൊളി. സംഭവവും രസകരം. :)

  ReplyDelete
 4. ഹി ഹി അപ്പൊ ആള് ചില്ലരക്കാരന്‍ അല്ല....ഇനിയും ഇന്ടവുലോ സ്റ്റോക്ക്‌ അനുഭവങ്ങള്‍.....ഇറക്കി വിട്...
  നന്നാവനുണ്ട്...

  ReplyDelete
 5. Reini: കാണാന്‍ ഇങ്ങനെ ഇരിക്കുന്നു എന്നെ ഉള്ളൂ...സത്യത്തില്‍ ഞാന്‍ ഒരു സംഭവമാ....ഹി ഹി
  കുമാരന്‍:എന്റെ ഒരു കാര്യം അല്ലെ.കണ്ടാല്‍ ആനെയെപ്പോലെ..:)
  ശ്രീ: നന്ദി
  കണ്ണനുണ്ണി: തീര്‍ച്ചയായും...ഞാന്‍ ബോറടിപ്പിക്കുന്നില്ലല്ലോ അല്ലെ.

  ReplyDelete
 6. ഹ ഹ ഹ ഹ...
  ഇപ്പം എവിടാആതാമസം ?

  ReplyDelete
 7. കൊള്ളാമല്ലോ കൂട്ടുകാരാ ...തുടരട്ടെ...തുടരട്ടെ...

  ReplyDelete
 8. കൂട്ടുകാരാ വായിച്ചു വായിച്ചു ചിരിച്ചു മണ്ണ് കപ്പി. എന്റമ്മേ ഒരു സംഭവമാ തന്ന്നെ ആയിരുന്നു അല്ലെ? ഇപ്പോഴും ഒരു മാറ്റവും വന്നിട്ടിലല്ല:)

  ReplyDelete
 9. രസകരമായി വായിച്ചു. ഇഷ്ഠമായി.
  മണലെഴുത്ത് ആശാന്മാര്‍ വിസ്മ്ര്്തിയില്‍ ആയല്ലോ.
  കൂട്ടുകാരന്‍ ....ആ കളരിയിലും പയറ്റിയിരുന്നോ.
  തുടരുക.:)

  ReplyDelete
 10. കൊട്ടോട്ടിക്കാരന്: ഹ ഹ ചേട്ടന് സ്ഥലം വാങ്ങാന്‍ പ്ലനുണ്ടാല്ലേ....എന്താണെന്നറിയില്ല..ഞാന്‍ എവിടെ പോയി താമസിച്ചാലും അടുത്തുള്ള സ്ഥലത്തിന്റെ വില പെട്ടെന്ന് കുറയും.
  ഈ പാവം ചേട്ടന്: ഒന്നല്ല ഒരു ഒന്ന് ഒന്നര സംഭവം....ഹി ഹി
  മിന്നമിന്നിക്ക്: നന്ദി കൂട്ടുകാരീ....ഈ സ്വഭാവം അല്ലെ എന്റെ ഐഡന്റിറ്റി....ഹി ഹി
  വേണു ചേട്ടന്: സത്യത്തില്‍ ആശാന്മാരുടെ കാര്യം കഷ്ടത്തിലാണ്. ഇനിയുള്ള തലമുറകള്‍ക്ക് അങ്ങനെ ഒരു കൂട്ടരേ പറ്റി ചരിത്ര പുസ്തകങ്ങളില്‍ നിന്നും അറിയേണ്ടി വരും.
  രഘുനാഥ് ചേട്ടന് : പ്രോത്സാഹനങ്ങള്‍ക്ക് നന്ദി.

  ReplyDelete