Tuesday, January 3, 2017

കൃഷ്ണപുരം കൊട്ടാരം



മൺമറഞ്ഞുപോയ നമ്മുടെ പൂർവ്വികരുടെ ജീവിതം എപ്രകാരം ആയിരുന്നു എന്ന് അറിയാൻ ആഗ്രഹം ഇല്ലാത്തവരായി അധികം ആളുകൾ ഉണ്ടെന്നു തോന്നുന്നില്ല. ഒരു ചരിത്ര കൗതുകി അല്ലെങ്കിലും നമ്മുടെ ചരിത്രം എന്നെ എപ്പോളും ആകർഷിച്ചിട്ടുള്ള ഒരു വിഷയമാണ്. പഴയ കാലത്തെ കഥകൾ കേൾക്കുക, പഴയ കാലത്തെ ഫോട്ടോകൾ കാണുക, മ്യൂസിയങ്ങൾ സന്ദർശിക്കുക, ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കുക, പ്രത്യേകിച്ച് വായിച്ചിട്ടുള്ള ഒരു കഥ അല്ലെങ്കിൽ സംഭവം നടന്ന സ്ഥലത്ത് പോയി നേരിൽ കാണുന്ന അനുഭവം  ഒന്ന് വേറെതന്നെയാണ്. മ്യൂസിയങ്ങളെ അപേക്ഷിച്ച് ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കാൻ താൽപ്പര്യം തോന്നുന്നതിന്റെ കാരണം അതാണ്‌. എന്നിരുന്നാലും എനിക്ക് നേരിട്ട് കാണാൻ ഭാഗ്യം ഉണ്ടായിട്ടുള്ള ചരിത്ര സ്മാരകങ്ങൾ വളരെ കുറവാണ്, പ്രത്യേകിച്ച് കൊട്ടാരങ്ങൾ. ടിപ്പുവിന്റെ കൊട്ടാരം ആയിരുന്നു ആദ്യമായി കണ്ടത്. കുഞ്ഞുനാളിലെ ഒരു ആരാധ്യപുരുഷൻ ആയിരുന്നതിനാൽ അവിടെയുള്ള ഓരോ നിമിഷവും മനസ്സിൽ കണ്ട് ആസ്വദിക്കാൻ സാധിച്ചു. കോളേജ് ടൂറിനിടയിൽ പോയി കണ്ട മൈസൂർ കൊട്ടാരം, ആ തിരക്കിനിടയിൽ അത്രയ്ക്ക് ആസ്വദിക്കാൻ പറ്റിയില്ല. പിന്നീട് സന്ദർശിച്ച പദ്മനാഭപുരം കൊട്ടാരവും കുതിരമാളികയും എന്റെ മനസ്സിനെ ആ കാലഘട്ടങ്ങളിലോട്ടൊക്കെ ഒരു ഓട്ട പ്രദക്ഷിണം നടത്താൻ വളരെയധികം സഹായിച്ചു. ഇത്രയൊക്കെയായിട്ടും എന്റെ സ്വന്തം നാടായ ആലപ്പുഴയിൽ മനോഹരമായ ഒരു കൊട്ടാരം ഉണ്ടായിരുന്നിട്ടും ഞാൻ അത് കാണാൻ പോയത്  കഴിഞ്ഞ ദിവസം ആണ്. 

കൃഷ്ണപുരം കൊട്ടാരം. തിരുവിതാംകൂർ രാജവംശ സ്ഥാപകൻ ശ്രീ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ പണികഴിപ്പിച്ച ആ മനോഹര നിർമ്മിതി സ്ഥിതി ചെയ്യുന്നത് ഓച്ചിറയ്ക്കും കായംകുളത്തിനും ഇടയിലായി അതേ പേരിൽ തന്നെയുള്ള ഒരു ഗ്രാമത്തിലാണ്. നാഷണൽ ഹൈവേയിൽ നിന്നും ഏകദേശം അര കിലോമീറ്ററോളം പടിഞ്ഞാറ് മാറിയാണ് കൊട്ടാരം നിലനിൽക്കുന്നത്. ഇപ്പോൾ ആർക്കിയോളജിക്കൽ വകുപ്പിന്റെ കീഴിലാണ് കൊട്ടാരത്തിന്റെ സംരക്ഷണവും നടത്തിപ്പും. കേരളീയ വാസ്തു ശിൽപ്പവിദ്യയുടെ മകുടോദാഹരണം ആണ് പതിനാറു കെട്ട് മാതൃകയിൽ നിർമ്മിച്ച ഈ കെട്ടിടം. നയന മനോഹരമായ ഒരു പൂന്തോട്ടം പരിപാലിക്കുന്നതുൾപ്പെടെ പ്രശംസനീയമായ രീതിയിൽ പുരാവസ്തു വകുപ്പ് ഈ കൊട്ടാരം സംരക്ഷിച്ചു പോരുന്നുണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്നും വകുപ്പ് സംരക്ഷിക്കുന്ന പല അപൂർവ്വ വസ്തുക്കളും പ്രദർശിപ്പിച്ച് ഒരു മ്യൂസിയം എന്ന നിലയിൽ ഇവിടം സന്ദർശിക്കുന്ന ഒരാൾക്ക് സംതൃപ്തി നൽക്കുന്ന കാഴ്ച ഒരുക്കാൻ അവർക്കായിട്ടുണ്ട്. വിവിധ തസ്തികകളിലായി ഇരുപത്തി രണ്ടോളം ജീവനക്കാർ ഇവിടെ ജോലി നോക്കുന്നുണ്ട്.

1746 ലെ മാർത്താണ്ഡ വർമ്മയുടെ കായംകുളം അധിനിവേശത്തോടെയാണ് ഈ കൊട്ടാരത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. അന്ന് ഓടനാട് എന്നറിയപ്പെട്ടിരുന്ന ഒരു ചെറിയ രാജ്യം ആയിരുന്നു കായംകുളം. അവിടുത്തെ രാജാവായിരുന്ന വീര രവി വർമ്മയെ യുദ്ധത്തിൽ പരാജയപ്പെടുത്തിയ മാർത്താണ്ഡ വർമ്മ, അദ്ദേഹത്തിന്റെ കൊട്ടാരം പിടിച്ചടക്കി. അന്നൊരു നാലുകെട്ട് മാതൃകയിൽ സ്ഥിതി ചെയ്തിരുന്ന പഴയ കൊട്ടാരം പൊളിച്ചു പകരം തന്റെ സ്വന്തം കൊട്ടാരമായ പദ്മനാഭ പുരം കൊട്ടാരത്തിന്റെ മാതൃകയിൽ ഒരു കൊട്ടാരം പണിയാൻ വിശ്വസ്ഥനായ രാമയ്യൻ ദളവയെ ചുമതലപ്പെടുത്തി. സമീപത്തു തന്നെ ഒരു കുളവും ഒക്കെയായി ഒരു എട്ടുകെട്ടാണ് രാമയ്യൻ ദളവ പണികഴിപ്പിച്ചത്.  പിന്നീട് പതിനാറു കെട്ട് ആയി വിപുലപ്പെടുത്തിയത് പ്രധാന മന്ത്രി ആയിരുന്ന അയ്യപ്പൻ മാർത്താണ്ഡൻ പിള്ള ആയിരുന്നു. ഒരു സ്ഥിര താമസത്തിനല്ല, വടക്കൻ പര്യടന വേളകളിൽ തങ്ങാനുള്ള ഒരു ഔട്ട്‌ ഹൌസ് മാത്രമായിരുന്നു മാർത്താണ്ഡ വർമ്മയ്ക്ക് ഈ കൊട്ടാരമെങ്കിലും പ്രൌഡിയിൽ ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. വൈദ്യുതി കണ്ടുപിടിച്ചിട്ടില്ലായിരുന്ന ആ കാലഘട്ടത്തിൽ മതിയായ വായു സഞ്ചാരം എല്ലാ മുറികളിലും ഉറപ്പിക്കാൻ പതിനാറു കെട്ടിന്റെ പ്രത്യേകതയായ നാല് നടു മുറ്റങ്ങളും എല്ലാ മുറികളിലും ധാരാളമായുള്ള ജനലുകളും സഹായിക്കുന്നു. പടിഞ്ഞാറ് ഭാഗത്തായി കൊട്ടാരത്തിന്റെ ഉള്ളിലേക്ക് കയറി കിടക്കുന്ന വലിയ കുളം ഒരു എയർ കണ്ടിഷൻ തണുപ്പ് മുറികൾക്ക് നൽകുന്നുണ്ട്. രാജാവ് കുളത്തിൽ നിന്നും കുളി കഴിഞ്ഞ് കയറിവരുമ്പോൾ തൊഴാനായി ചുമരിൽ വരച്ചിട്ടുള്ള ഗജേന്ദ്ര മോക്ഷം എന്ന ചുവർചിത്രമാണ് കേരളത്തിലെ ഏറ്റവും വലിയ ഒറ്റ ചുമർ ചിത്രം. തേക്കിലും ആഞ്ഞിലിയിലും കടഞ്ഞെടുത്ത കൊത്തുപണികളാൽ സമ്പന്നമാണ് ഇവിടെയുള്ള 22 മുറികളും. ഇടുങ്ങിയ ഇടനാഴികളും കുത്തനെയുള്ള ഗോവണികളും കൊട്ടാരത്തിലെ സ്ത്രീകൾക്ക് പുറം കാഴ്ചകൾ കാണാനായി നിർമ്മിച്ചിട്ടുള്ള കിളിവാതിലുകളും ഇവിടുത്തെ ആകർഷണങ്ങളാണ്. പുറത്തു നിൽക്കുന്ന ഒരാൾക്ക് അകത്തുള്ളവരെ കാണാനാകില്ല എന്നതാണ് ഈ കിളിവാതിലുകളുടെ സവിശേഷത. രാജ കൊട്ടാരങ്ങളുടെ മുഖ മുദ്രയായ ദർബാർ ഹാളും കഥകളിയും മറ്റും അരങ്ങേറിയിരുന്ന ഒരു നൃത്ത മണ്ഡപവും വലുപ്പത്തിൽ ചെറുതാണെങ്കിലും ഇവിടെയും ഇടം പിടിച്ചിട്ടുണ്ട്. മറ്റൊരു പ്രത്യേകതയായി ഈ കൊട്ടാരത്തിൽ കണ്ട ഒന്നാണ് മുകളിലെ നിലയിലുള്ള പള്ളി കക്കൂസ്. ഒരു കക്കൂസിൽ എന്താണിത്ര പ്രത്യേകത എന്നു ചോദിച്ചാൽ, ഇത്രയും വാസ്തു ശാസ്ത്രം ഒക്കെ ശ്രദ്ധിച്ച് നിർമ്മിച്ച ഈ കൊട്ടാരത്തിലെ കക്കൂസ് കന്നി മൂലയിൽ ആണ് സ്ഥിതി ചെയ്യുന്നത് എന്നുള്ളതാണ്. കൂടെ വന്ന ഗൈഡ് ഉടനെ സംശയനിവാരണം വരുത്തി തന്നു. ഡച്ച്കാരുമായി സൌഹൃദത്തിൽ ആയപ്പോൾ അവർ പണികഴിപ്പിച്ചതാണത്രേ ആ കക്കൂസ്. ഡച്ച്കാർക്കെന്തു വാസ്തു ശാസ്ത്രം.



കൊത്തു പണികൾ നിറഞ്ഞ മുറികൾ കൂടാതെ ഒരു മ്യൂസിയം എന്ന നിലയിൽ എണ്ണം പറഞ്ഞ കുറേ ചരിത്ര വസ്തുക്കളും ഇവിടെ കാണാം. അതിൽ പ്രധാനപ്പെട്ടവയാണ് ഇരുതല മൂർച്ചയുള്ള പ്രസിദ്ധമായ കായംകുളം വാൾ, വിവിധ യുദ്ധ ഉപകരണങ്ങൾ, കയ്യാമങ്ങൾ, സംസ്കൃതത്തിൽ രചിച്ചിട്ടുള്ള ഒരു ബൈബിൾ, പല്ലക്ക്, നാണയങ്ങൾ, നാണയം നിർമ്മിച്ചിരുന്ന കമ്മട്ടം, പിന്നെ കുറേ ചരിത്ര വസ്തുക്കളുടെ മാതൃകകൾ തുടങ്ങിയവ. തകഴി ശിവ ശങ്കരപ്പിള്ളയുടെ ഭവനം ഒരു ചരിത്ര സ്മാരകം ആക്കി മാറ്റുന്നതിന്റെ പണി അവിടെ നടക്കുന്നതിനാൽ തകഴിക്ക് കിട്ടിയ ജ്ഞാനപീഠപുരസ്ക്കാരവും അവിടെ കാണാൻ സാധിച്ചു.






കൊട്ടാരത്തിന്റെ പുറത്തു പടിപ്പുരകൾ നിറഞ്ഞ ഒരു ഉദ്യാനം ആണുള്ളത്. ഉദ്യാനത്തിന്റെ തെക്കേ അറ്റത്തായി ഒരു ബുദ്ധന്റെ പ്രതിമ സ്ഥാപിച്ചിട്ടുള്ളതായി കാണാം. ഒറ്റക്കല്ലിൽ പണി തീർത്തിരിക്കുന്ന ആ പ്രതിമ പണ്ട് ആലപ്പുഴ പ്രദേശത്ത് നിലനിന്നിരുന്ന ബുദ്ധ സങ്കേതങ്ങളുടെ ചൂണ്ടു പലകയാണ്. കരുനാഗപ്പള്ളിക്ക് അടുത്തുള്ള ബുദ്ധക്കുളം എന്ന സ്ഥലത്ത് നിന്നും ലഭിച്ചതാണ് ഹീനയാന കാലഘട്ടത്തിൽ നിർമ്മിച്ച ആ പ്രതിമ എന്ന് അറിയാൻ കഴിഞ്ഞു.




ഇങ്ങനെ ഒരു പകുതി ദിവസത്തോളം ചിലവഴിക്കാൻ പറ്റിയ കാഴ്ച്ചയൊക്കെ ആലപ്പുഴയുടെ സ്വന്തം കൊട്ടാരമായ ഈ കൃഷ്ണ പുരം കൊട്ടാരത്തിൽ സുലഭമാണ്.

ഓ ടോ : രാജാവിന്റെ കൊട്ടാരം ആണെങ്കിലും, കാണാൻ ഒക്കെ കൊള്ളാമെങ്കിലും ഈ കൊട്ടാരത്തിലും പത്മനാഭപുരം പാലസിലും ഒക്കെ തോന്നിയ ഒരു കാര്യം മുറികൾ ഒക്കെ വളരെ ഇടുങ്ങിയതാണ് എന്നതാണ്. ഒരാൾ നീണ്ടു നിവർന്നു കിടന്നാൽ തലയും കാലും ഭിത്തിയിൽ മുട്ടി നിൽക്കും എന്ന് തോന്നും. കൊട്ടാരങ്ങൾക്ക് ഇതാണ് അവസ്ഥ എങ്കിൽ സാധാരണക്കാരുടെ വീടുകൾ അക്കാലത്ത് എപ്രകാരം ആയിരുന്നു എന്നത് ചിന്തനീയം തന്നെ.

1 comment:

  1. നല്ല വിവരണം.. വിഷയത്തെക്കുറിച്ചുളള അറിവ്.ഇഷ്ടമായി ചെങ്ങാതി...ആശംസകൾ






    ReplyDelete