ശില്പ ചാതുര്യം കൊണ്ടും പഴമകൊണ്ടും കാഴ്ചക്കാരിൽ എന്നും അത്ഭുതങ്ങൾ നിറച്ചിട്ടുള്ളവയാണ് തമിഴ്നാട്ടിലെ ഒട്ടുമിക്ക അമ്പലങ്ങളും. ഒരു പക്ഷെ കേരളത്തെക്കാളും നൂറ്റാണ്ടുകളുടെ സാംസ്‌കാരിക പഴമ തമിഴ്നാടിന് ഇക്കാര്യത്തിൽ അവകാശപ്പെടാനായേക്കും. കഴിഞ്ഞ ദിവസം വളരെനാളായുള്ള ആഗ്രഹത്തിൻറെ ഒരു പൂർത്തീകരണമായി തഞ്ചാവൂർ സന്ദർശിക്കാൻ സാധിച്ചു. അവിടെ ഞാൻ കണ്ട, എന്നെ ആകർഷിച്ച വിശേഷങ്ങൾ ഇവിടെ പങ്കുവെയ്ക്കുകയാണ്.
സ്കൂളിൽ വെച്ച് ജോസഫ് മുണ്ടശ്ശേരി മാഷിൻറെ ഒരു തഞ്ചാവൂർ യാത്രാവിവരണം പാഠഭാഗമായി പഠിക്കുമ്പോളാണ് ആദ്യമായി ആ സ്ഥലത്തെക്കുറിച്ച് ഞാൻ കേൾക്കുന്നത്. പിന്നീടൊരിക്കൽ മാതൃഭൂമി തൊഴിൽവാർത്തയുടെ കൂടെ ലഭിക്കുന്ന ഹരിശ്രീയിൽ യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ച തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കൂടുതൽ വായിക്കുന്നതോടെയാണ് അവിടം ഒന്ന് സന്ദർശിക്കണം എന്ന ആഗ്രഹം ഉദിച്ചത്. ദൂരക്കൂടുതൽ കൊണ്ടും, നേരിട്ടുള്ള ട്രെയിനുകളുടെ കുറവും മൂലം ആ ആഗ്രഹം അങ്ങനെ നീണ്ടുപോയി. അങ്ങനെയിരിക്കുമ്പോളാണ് എറണാകുളത്തുനിന്നും കാരയ്‌ക്കൽ എക്സ്പ്രസ്സ് ദിവസവും തഞ്ചാവൂർ വഴി സർവീസ് നടത്തുന്ന കാര്യം കേൾക്കാനിടയായത്. പിന്നെ ഒട്ടും താമസിച്ചില്ല. കുടുംബത്തെയും പെറുക്കി നേരെ തഞ്ചാവൂരിലേക്ക്.
മലയാളികൾ അത്ര അധികം താൽപ്പര്യം കാണിച്ചിട്ടില്ലാത്ത ഒരു സ്ഥലമാണ് തഞ്ചാവൂർ എന്ന് തോന്നുന്നു. ആനന്ദം എന്ന സിനിമ വന്നതോടെയാണല്ലോ ഹംപി എന്ന ചരിത്ര പ്രാധാന്യം ഉള്ള സ്ഥലത്തെ കുറിച്ച് നമ്മളിൽ പലരും കേൾക്കുന്നത് തന്നെ. അതുപോലെ തന്നെ തഞ്ചാവൂരിനെ പറ്റി കേൾക്കുമ്പോൾ അതൊരു തീർത്ഥാടന കേന്ദ്രമാണോ ടൂറിസ്റ്റ് കേന്ദ്രമാണോ എന്നൊരു തീരുമാനത്തിലെത്താൻ പറ്റാത്തത്കൊണ്ടായിരിക്കും മിക്കവരും തഞ്ചാവൂർ ഒഴിവാക്കുന്നത് എന്ന് തോന്നുന്നു. എന്നാൽ പോയ അനുഭവത്തിൽ നിന്നും ഉറപ്പിച്ചു പറയട്ടെ, ഭക്തി, വിശ്വാസം ഇവയൊക്കെ മാറ്റി നിർത്തിയാൽ പോലും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലം തന്നെയാണ് തഞ്ചാവൂർ. കാഴ്ചക്കാരിൽ ഒരു "വൗ" എഫക്ട് ഉളവാക്കുന്ന പലതും ആ നഗരത്തിലുണ്ട്.
രാവിലെ ഒൻപത് മണിയോടെയാണ് ഞങ്ങൾ കാരയ്‌ക്കൽ എക്സ്പ്രസിനോട് വിടപറഞ്ഞ് തഞ്ചാവൂരിൽ കാലു കുത്തുന്നത്. അടുത്ത ദിവസം വൈകിട്ട് അതേ ട്രെയിനിൽ കയറുന്നതിന് മുൻപായി കണ്ടുതീർക്കാൻ ഉള്ള സ്ഥലങ്ങളുടെ വിശദമായ ഒരു ലിസ്റ്റും കയ്യിൽ പിടിച്ചുകൊണ്ടാണ് അവിടെ എത്തിയത്. അമ്പലങ്ങൾ കൂടാതെ ഒരു മ്യൂസിയം, പാലസ്, മറാത്താ ദർബാർ ഹാൾ, സരസ്വതി മഹൽ ലൈബ്രറി തുടങ്ങിയവ ആ ലിസ്റ്റിൽ കയറിപ്പറ്റിയിരുന്നു. അമ്പലങ്ങൾക്ക് ദർശനത്തിന് സമയം ഉള്ളതിനാൽ ആ ഗ്യാപ്പ് ഫിൽ ചെയ്യാൻ വേണ്ടിയായിരുന്നു പ്രധാനമായും അവയെ കരുതിയിരുന്നത്. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യേണ്ട സമയം പന്ത്രണ്ട് മണി ആയതിനാൽ അതുവരെ മ്യൂസിയം സന്ദർശിക്കാമെന്ന് തീരുമാനിച്ചു. റയിൽവെ സ്റ്റേഷൻറെ അടുത്തുനിന്നും ഒരു "ഓല" കാർ പിടിച്ച് പാലസ് കോമ്പൗണ്ടിൽ എത്തി. പാലസ്, മ്യൂസിയം, ലൈബ്രറി ഇവയെല്ലാം ഒരു മതിൽക്കെട്ടിൽ തന്നെ ഉള്ളവയാണ്. അതിനാൽ ഒറ്റ ടിക്കറ്റിൽ അവയെല്ലാം സന്ദർശിക്കാൻ സാധിക്കും.
പേര് മറാത്താ പാലസ് എന്നാണെങ്കിലും ഈ കൊട്ടാരം നിർമ്മിച്ചത് തഞ്ചാവൂർ നായിക്ക് ഭരണാധികാരികളാണ്. പിന്നീട് കൊട്ടാരം കൈവശപ്പെടുത്തിയ മാറാത്ത രാജവംശം ചില പരിഷ്‌കാരങ്ങൾ വരുത്തിയതോടെയാണ് ഇന്ന് അറിയപ്പെടുന്ന മറാത്താ പാലസ് എന്ന പേര് ലഭിച്ചത്. ശിവഗംഗ കോട്ട എന്നായിരുന്നു നായിക്ക് ഭരണകാലത്ത് ആ കൊട്ടാരം അറിയപ്പെട്ടിരുന്നതെന്ന് ചരിത്രം. ചേര, പാണ്ഡ്യാ ഭരണകാലത്തിന് ശേഷമാണ് സേവപ്പ നായിക്ക് തഞ്ചാവൂരിന്റെ ഭരണാധികാരി ആകുന്നതും 1535 ഓടെ ഈ കൊട്ടാരം പണികഴിപ്പിക്കുന്നതും. 1674 ഇൽ മറാത്ത ഭരണാധികാരിയായിരുന്ന വെങ്കോജി ഈ കൊട്ടാരം പിടിച്ചെടുത്ത് അവരുടെ കൊട്ടാരമാക്കി. 1799 ഇൽ ബ്രിട്ടീഷുകാർ കയ്യടക്കുന്നതുവരെ ഈ കൊട്ടാരം മറാത്തക്കാർ ഭരിച്ചു.
ആദ്യമായി ഞങ്ങൾ തഞ്ചാവൂരിൽ സന്ദർശിക്കാൻ കയറിയത് മാറാത്ത ദർബാർ ഹാളിലേക്ക് ആയിരുന്നു. കൊത്തുപണികളുടെയും ചുവർ ചിത്രങ്ങളുടെയും ഒരു വിസ്മയ കുടീരം തന്നെ ആയിരുന്നു ആ ദർബാർ ഹാൾ. വിശാലവും പ്രൗഢവുമായ ആ ദർബാർ ഹാളിൽ സന്ദർശന സമയത്ത് ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ രാജകീയമായി തന്നെ അവിടം ഞങ്ങൾക്ക് ആസ്വദിക്കാൻ സാധിച്ചു. ദർബാർ ഹാളിനോട് ചേർന്ന് മ്യൂസിയത്തിൻറെ ഭാഗമായി പ്രാചീനമായ തഞ്ചാവൂരിൽ നിന്നും കണ്ടെടുത്ത വിവിധ ദേവ കൽപ്രതിമകളും, ശിലാശാസനങ്ങളും നിരത്തിയിരുന്നു.
അടുത്തതായി ഞങ്ങൾ പാലസിന്റെ അകത്തായി സ്ഥിതിചെയ്യുന്ന മ്യൂസിയം കാണാനാണ് പോയത്. ഹൈന്ദവ- ബുദ്ധ ശില്പങ്ങളുടെ ഒരു കമനീയ ശേഖരം തന്നെ ഞങ്ങൾക്കായി അവിടെ കാത്തിരുപ്പുണ്ടായിരുന്നു. കല്ലിലും ലോഹങ്ങളിലും തീർത്ത ആ വിഗ്രഹങ്ങൾക്ക് അനേകം നൂറ്റാണ്ടുകളുടെ കഥകൾ പറയാൻ ഉണ്ടാകും. തഞ്ചാവൂരിന്റെ പ്രദേശങ്ങളിൽ ഉണ്ടായിരുന്ന ആരാധനാലയങ്ങളിലെ വിഗ്രഹങ്ങൾ തന്നെ ആയിരുന്നു അവ. എത്ര എത്ര അപേക്ഷകളും പരിഭവങ്ങളും കണ്ടു തഴമ്പിച്ച ആ പ്രതിമകൾ ഇപ്പോൾ ആ കൊട്ടാരത്തിലെ തൂണുകളുടെ തണലിൽ കാഴ്ചക്കാരോട് വിശേഷങ്ങൾ പങ്കുവെച്ച് വിശ്രമിക്കുന്നു. ഓരോ പ്രതിമകളുടെയും ഐതിഹ്യങ്ങൾ, പ്രത്യേകതകൾ എന്നിവയൊക്കെ വിദേശ ടൂറിസ്റ്റുകളോട് അവിടെ ഉള്ള ഗൈഡ് വിവരിക്കുന്നുണ്ടായിരുന്നു. ഐതിഹ്യങ്ങളിൽ പ്രത്യേകിച്ച് താല്പര്യം ഇല്ലാത്തതു കൊണ്ട് മാത്രമല്ല, ഓരോ പ്രതിമയ്ക്ക് ചുറ്റും അഞ്ചു പത്ത് മിനിറ്റ് ചിലവഴിക്കാൻ മാത്രം സമയം ഇല്ലാതിരുന്ന കൊണ്ടും ഞങ്ങൾ ഗൈഡ് സേവനം ഉപയോഗപ്പെടുത്തിയില്ല. സമയം അനുവദിക്കുന്നുണ്ടെങ്കിൽ തീർച്ചയായും കാര്യങ്ങൾ മനസിലാക്കാൻ ഒരു ഗൈഡിൻറെ സേവനം ഇതുപോലുള്ള സ്ഥലങ്ങളിൽ അത്യാവശ്യമാണ്. ആ മ്യൂസിയം കോമ്പ്ലെക്സിലെ സർപ്രൈസ് ഐറ്റം അതിന്റെ പ്രധാന ഭാഗമായ ആയുധ ഗോപുരത്തിന്റെ ഒന്നാം നിലയിൽ സൂക്ഷിച്ചിരിക്കുന്ന ഒരു ഭീമാകാരൻ നീലത്തിമിംഗലത്തിന്റെ അസ്ഥികൂടം ആണ്. തഞ്ചാവൂർ പോലെ കടലുമായി ഒരു ബന്ധവും ഇല്ലാത്ത ഒരു സ്ഥലത്ത്, ഒരു പറ്റം പുരാണ പ്രാചീന പ്രതിമകളുടെ കൂടെ അതും അവിടെ നിലകൊള്ളുന്നു. 1955 ഇൽ തമിഴ്‌നാട്ടിലെ തരംഗമ്പാടി കടൽത്തീരത്ത് അടിഞ്ഞതാണ് 92 അടി നീളമുള്ള ആ കൂറ്റൻ തിമിംഗലം.
ആ കൊട്ടാരസമുച്ചയത്തിൻറെ ഏറ്റവും ആകർഷണീയമായി തോന്നിയ രണ്ടു ഗോപുരങ്ങളിൽ-ആയുധ ഗോപുരവും, മണി ഗോപുരവും- പണി നടക്കുന്നതിനാൽ കയറാൻ സാധിക്കാതിരുന്നത് വലിയ നഷ്ടമായി തോന്നി. 192 അടി ഉയരത്തിൽ, എട്ട് നിലകളിൽ ആയാണ് ആയുധ ഗോപുരം (തമിഴിൽ കൂടഗോപുരം) പണികഴിപ്പിച്ചിരിക്കുന്നത്. പിരമിഡിന്റെ ആകൃതി ആണ് അതിന്. പ്രവേശനം ഉള്ള ഒന്നാം നിലയിൽ നിന്നും മുകളിലേക്കുള്ള ഇടുങ്ങിയ ഏണിപ്പടികൾ അതിൻറെ മുകളിൽ കയറാൻ സാധിച്ചിരുന്നെങ്കിൽ അതൊരു അവിസ്മരണീയ അനുഭവം ആയിരുന്നേനെ എന്ന സൂചനകൾ നൽകി. ശത്രുക്കളുടെ കടന്നുകയറ്റത്തെ എതിർക്കാൻ നിർമ്മിച്ച ആ ഇടുങ്ങിയ കൽപ്പടികൾ സൂചിപ്പിക്കുന്നത് ഒരു കൊട്ടാരം എന്നതിനേക്കാൾ കോട്ട എന്ന നിലയിലാണ് ഇത് പണികഴിപ്പിച്ചത് എന്നാണ്. നായക് ഭരണകാലത്ത് രണ്ടു നില മാത്രം ഉണ്ടായിരുന്ന ഈ ഗോപുരത്തിനെ ഇന്നുകാണുന്ന രൂപത്തിലും ഉയരത്തിലും മാറ്റിയത് മറാത്ത ഭരണാധികാരികൾ ആണ്. ദുഖകരം എന്ന് പറയട്ടെ, പ്രവേശനമുള്ള ഒന്നാം നിലയിലെ ചുവരുകൾ മുഴുവൻ പേരുകൾ കൊത്തിവെച്ചും മുറുക്കി തുപ്പിയും നശിപ്പിച്ചു വെച്ചിരിക്കുന്ന കാഴ്ചയാണ് അവിടെ കാണാൻ സാധിച്ചത്. ഈ കൊട്ടാരത്തിൽ നിന്നും രണ്ടു തുരങ്കങ്ങൾ ഉള്ളതായി വായിച്ചറിഞ്ഞിരുന്നു. ഒരെണ്ണം ബൃഹദീശ്വര ക്ഷേത്രം വരെ നീളുന്നതും, രണ്ടു കുതിരകളെ വരെ ഒരേ സമയം ഓടിക്കാവുന്നത്രയും വലുതും ആണത്രേ. പക്ഷെ ഇപ്പോൾ അത് നിലവിൽ ഇല്ല. രണ്ടാമത്തെ ചെറിയ തുരങ്കം 2014 ഇൽ ടൂറിസത്തിനായി പുതുക്കി പണിത് തുറന്നുകൊടുത്തു എന്ന് പറഞ്ഞെങ്കിലും ഇപ്പോൾ അടഞ്ഞുകിടക്കുന്നതിനാൽ കാണാൻ സാധിച്ചില്ല. അതേപോലെ തന്നെ ഇപ്പോൾ പ്രവേശനം നിഷേധിക്കപ്പെട്ട മൂന്ന് രഹസ്യ അറകളും ആ കൊട്ടാരത്തിൽ ഉണ്ടെന്ന് പറയപ്പെടുന്നു. ഗോപുരത്തിന്റെ അടിയിലായി നിർമ്മിച്ചിരിക്കുന്ന ആ അറകളിൽ ഇരുന്നാൽ മുകളിലത്തെ മൂന്ന് നിലകളിൽ നിന്നുള്ള ചെറിയ ശബ്ദം പോലും കേൾക്കാൻ സാധിക്കുമത്രേ. അവിടെ നിന്നും കാണാൻ സാധിക്കാതെ മടങ്ങേണ്ടിവന്ന മണി ഗോപുരവും വളരെ പ്രത്യേകതകൾ നിറഞ്ഞ ഒരു നിർമ്മിതി ആണ്. ഇപ്പോൾ ഏഴു നില ഉള്ള ആ ചതുരാകൃതിയിൽ ഉള്ള നിർമ്മിതിയുടെ മുകളിൽ നിന്ന് നായിക്ക് രാജാക്കന്മാർ ട്രിച്ചിയിലെ ശ്രീരംഗനാഥ ക്ഷേത്രത്തിലേക്ക് പൂജകൾ നടത്തിയിരുന്നു എന്നാണ് പറയപ്പെടുന്നത്. ധാരാളം നിലകൾ ഉണ്ടായിരുന്ന ആ നിർമ്മിതിയുടെ മുകൾഭാഗം ഇടിവെട്ടിലും പേമാരിയിലും നശിച്ചു പോയതിന്റെ ശേഷിപ്പാണ് ഇപ്പോൾ അവിടെ കാണുന്ന മണിഗോപുരം. തഞ്ചാവൂർ മുഴുവൻ സമയം അറിയിച്ചിരുന്നു ഒരു ക്ലോക്ക് അതിൽ സ്ഥാപിച്ചത് കൊണ്ടാണ് മണിഗോപുരം എന്ന പേര് ലഭിച്ചത്. ആ ക്ലോക്കും ഇപ്പോളില്ല.
ആ സമുച്ചയത്തിൽ അവസാനമായി കാണാൻ പോയത് സരസ്വതി മഹൽ ലൈബ്രറി ആണ്. ഇന്ത്യയിലെ ഏറ്റവും പുരാതനമായ കയ്യെഴുത്ത് രേഖകൾ സൂക്ഷിക്കുന്ന ആ ലൈബ്രറിയിൽ കയറുമ്പോൾ തന്നെ പഴമയുടെ ഒരു ഗന്ധം നമ്മുടെ മൂക്കിലേക്ക് അടിച്ചുകയറും. മറാത്ത രാജാവായിരുന്ന സർഫോജിയുടെ പെയിന്റിങ്ങുകളും തമിഴ്, സംസ്കൃതം,മണിപ്രവാളം, തുടങ്ങിയ ഭാഷകളിൽ രചിക്കപ്പെട്ട അനവധി കയ്യെഴുത്ത് പ്രതികളും അടങ്ങിയതാണ് ആ ലൈബ്രറി. എൻസൈക്ളോപീഡിയ ബ്രിട്ടാനിക്ക നടത്തിയ സർവേ പ്രകാരം ഈ ലൈബ്രറി ഇന്ത്യയിലെ ഏറ്റവും റിമാർക്കബിൾ ലൈബ്രറി എന്ന പദവിയിൽ എത്തുകയുണ്ടായി. നളന്ദ പോലുള്ള സ്ഥലങ്ങളിലെ പ്രാചീന ലൈബ്രറികളെ പിൻതള്ളിയാണ് സരസ്വതി മഹൽ ലൈബ്രറി ഈ പദവിയിൽ എത്തിയത്.
കുറഞ്ഞത് മൂന്ന് മണിക്കൂർ എങ്കിലും ഉണ്ടെങ്കിൽ ഈ പാലസ് സമുച്ചയം ഓടിച്ചൊന്ന് കണ്ടുതീർക്കാം. ആവശ്യത്തിന് സമയവും ഒരു നല്ല ഗൈഡ്ന്റെ സേവനവും ഉണ്ടെങ്കിൽ അത് അഞ്ചുമണിക്കൂർ വരെ നീളാനും സാധ്യതയുണ്ട്. പ്രധാനപ്പെട്ട കുറെ ഭാഗങ്ങൾ കാണാൻപറ്റിയില്ല എന്നൊരു വിഷമം മനസ്സിൽ നിന്നെങ്കിലും കണ്ടുതീർത്ത ഭാഗങ്ങൾ ഞങ്ങളുടെ മനം നിറയ്ക്കാൻ പര്യാപ്തമായിരുന്നു.
കത്തുന്ന ചൂട് ആയതിനാൽ ഹോട്ടലിൽ പോയി വിശ്രമിച്ചതിനുശേഷം തഞ്ചാവൂരിലെ ഞങ്ങളുടെ പ്രധാന ലക്ഷ്യമായ ബൃഹദീശ്വര ക്ഷേത്ര സമുച്ചയം കാണാം എന്ന തീരുമാനത്തോടെ ഞങ്ങൾ ഹോട്ടലിലേക്ക് തിരിച്ചു.

(തുടരും)
No comments:
Post a Comment