Wednesday, April 26, 2017

തഞ്ചാവൂർ വിശേഷങ്ങൾ 2 (Thanjavur Travelogue 2)


യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം. ദക്ഷിണേന്ത്യ ഒട്ടാകെ അടക്കിഭരിച്ചിരുന്ന, ഗംഗാ നദീതടം വരെ സാമ്രാജ്യം വികസിപ്പിച്ച, ശ്രീലങ്കയിൽ വരെ കപ്പൽമാർഗം സൈന്യത്തെ അയച്ചു കീഴടക്കിയ ചോള ഭരണകാലത്തിന്റെ ജീവിക്കുന്ന അവശിഷ്ടം. അത് പോലുള്ള ഒരെണ്ണം മതി ആ കാലഘട്ടത്തിൻറെയും ആ ഭരണാധികാരികളുടെയും സമ്പന്നതയും കാര്യപ്രാപ്‌തിയും ആധുനിക കാലഘട്ടത്തിൽ ജീവിക്കുന്നവർക്ക് മനസിലാക്കി കൊടുക്കുവാൻ. 


തഞ്ചാവൂരിലേക്കുള്ള യാത്രയ്ക്കുള്ള മുന്നൊരുക്കമായി ആ ക്ഷേത്രത്തെ കുറിച്ച് പഠിച്ചപ്പോളാണ് മൂന്ന് മഹാ ക്ഷേത്രങ്ങൾ ചേർന്നതാണ് യുനോസ്‌കോയുടെ പട്ടികയിൽ ഇടം പിടിച്ച ദി ഗ്രേറ്റ് ലിവിങ് ചോളാ ടെംബിൾസ് എന്ന് ഞാൻ മനസിലാക്കിയത്. തഞ്ചാവൂരിൽ നിന്നും എഴുപത് കിലോമീറ്റർ അകലെയുള്ള ഗംഗൈകൊണ്ട ചോളപുരത്തുള്ള ക്ഷേത്രം, തഞ്ചാവൂരിൽ നിന്നും നാൽപ്പതോളം കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഐരാവതേശ്വര ക്ഷേത്രം, പിന്നെ തഞ്ചാവൂർ നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന ബൃഹദീശ്വര ക്ഷേത്രം. ഇതിൽ ആദ്യം പറഞ്ഞ രണ്ട് ക്ഷേത്രങ്ങളും ഒരു യാത്രയിൽ തന്നെ കണ്ടുകളയാമെന്നും, അടുത്തുള്ള ബൃഹദീശ്വര ക്ഷേത്രം അടുത്ത ദിവസം രാവിലെയോ വൈകിട്ടോ വെയിലിൻറെ ശല്യം ഇല്ലാത്ത രീതിയിൽ കണ്ടുതീർക്കണമെന്നും ആയിരുന്നു ഞങ്ങളുടെ ആഗ്രഹം. പ്രതീക്ഷിച്ചതിലും അധികമായി വെയിലിൻറെ തീക്ഷണത ഞങ്ങളെ കൂടുതൽ നേരം ഹോട്ടൽ മുറിയിൽ ഇരിക്കാൻ നിർബന്ധിതരാക്കി. അതിനാൽ ഉച്ചഭക്ഷണം കഴിഞ്ഞ ഉടനെ ആരംഭിക്കേണ്ട യാത്ര ആരംഭിച്ചപ്പോൾ നാലുമണി അടുക്കാറായി. കേരളത്തിൽ ഇരുന്നു  ഗൂഗിൾ മാപ്പ് നോക്കി എഴുപത് കിലോമീറ്റർ എന്നൊക്കെ കണ്ടുപിടിച്ചിരുന്നെങ്കിലും ഡ്രൈവർ കുംഭകോണം ടൌൺ ഒഴിവാക്കിയുള്ള ഒരു റോഡിലൂടെയാണ് വണ്ടി വിട്ടത്. ഫലം നൂറു കിലോമീറ്റർ താണ്ടേണ്ടിവന്നു ഗംഗൈ കൊണ്ട ചോളപുരം എത്താൻ.


ജോസഫ് മുണ്ടശ്ശേരി മാഷിൻറെ യാത്രാ വിവരണത്തിലും മറ്റും ധാരാളം കേട്ടിട്ടുള്ള തഞ്ചാവൂരിൻറെ കാർഷിക സമൃദ്ധി ആസ്വദിക്കാൻ ഉപയോഗപ്പെടും എന്ന് പ്രതീക്ഷിച്ചിരുന്ന എന്നെ തികച്ചും നിരാശപ്പെടുത്തുന്ന കാഴ്ചകൾ ആണ് കാത്തിരുന്നത്. തമിഴ് നാടിൻറെ അരി പാത്രം എന്ന് വിളിപ്പേരുള്ള തഞ്ചാവൂരിൻറെ നെൽപ്പാടങ്ങൾ റോഡിൻറെ ഇരുവശങ്ങളിലും ഉണങ്ങി വരണ്ടു കിടക്കുന്നു. ഉണങ്ങി കന്നുകാലികൾ മേഞ്ഞുനടക്കുന്ന മണൽപ്പരപ്പുകൾ ഒരിക്കൽ നിറഞ്ഞൊഴുകിയിരുന്ന നദികൾ ആണെന്ന് വിശ്വസിപ്പിക്കാൻ അതിന് കുറുകെ ഞങ്ങൾ യാത്ര ചെയ്‌ത പാലങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ മണൽപ്പരപ്പിൽ ജലത്തിനായി വലിയ കുളങ്ങൾ പോലെ കുഴിച്ച സ്ഥലങ്ങൾ പോലും വറ്റി വരണ്ട കാഴ്ച്ച എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു. ഈ വറ്റി വരണ്ട അവസ്ഥയിലും തമിഴൻറെ അധ്വാനത്തിന്റെ പ്രതീകം പോലെ ഏക്കറുകണക്കിന് പരന്നുകിടക്കുന്ന പാടസമുച്ചയത്തിൽ ഒന്നോ രണ്ടോ പാടങ്ങളിൽ എവിടെനിന്നോ ഒഴുക്കിക്കൊണ്ടുവന്ന ജലം  കെട്ടിനിർത്തി നെല്ല് കൃഷി ആരംഭിച്ച കാഴ്ച്ച അത്ഭുതകരമായിരുന്നു. പച്ച കളറിലെ ഒരു ചതുരം ഒരു മൂലയിൽ വരച്ച മഞ്ഞ പരവതാനിപോലെ ആ പാടങ്ങൾ കാണപ്പെട്ടു.


തമിഴ് നാട്ടിൽ ട്രിച്ചിയിൽ ഉണങ്ങി വരണ്ടു കിടക്കുന്ന കാവേരി നദി (ട്രിച്ചി ഫോർട്ട് ടെംപിളിൽ നിന്നും എടുത്തത്). താഴെ അതേ നദി വർഷകാലത്തുള്ള രൂപം വിക്കി പീഡിയയിൽ നിന്നും എടുത്തത്. ഞാൻ തഞ്ചാവൂരിൽ കണ്ട വേനലിന്റെ കാഠിന്യം മനസിലാക്കാൻ ഈ ചിത്രങ്ങൾ മതിയാകും.



നീണ്ട ആ യാത്രയ്ക്ക് ശേഷം ഞങ്ങൾ ഗംഗൈ കൊണ്ട ചോളപുരം അമ്പലത്തിൻറെ മുന്നിലേക്ക് എത്തിയത് മരുഭൂമിയിൽ ഒരു മരുപ്പച്ച പൊട്ടി വീണ പോലുള്ള ഒരു കാഴ്ചയയായിരുന്നു. കണ്ടു മരവിച്ച വരണ്ട കാഴ്ചകൾക്കിടയിൽ പെട്ടെന്ന് ഒരു ക്ഷേത്ര സമുച്ചയം. അതും പ്രശംസനീയമായ രീതിയിൽ പൂമരങ്ങളും പുൽ മൈതാനങ്ങളോടും കൂടി ഒരു പൈതൃക സ്മാരകത്തെ എങ്ങനെ സംരക്ഷിക്കണോ അതുപോലെ സംരക്ഷിച്ചു നിർത്തിയിരിക്കുന്നു. അസ്തമന സൂര്യനെ മറച്ചുകൊണ്ടുള്ള ആ ക്ഷേത്രത്തിൻറെ ആദ്യ ദർശനം അനിർവ്വചനീയം എന്നേ പറയാൻ സാധിക്കൂ. കേരളത്തിലെ ക്ഷേത്രങ്ങളിൽ കാണാറുള്ള പോലെ ഒരു തിരക്കും അവിടെ ഉണ്ടായിരുന്നില്ല. ക്ഷേത്രത്തിന് ദർശനമായി ഉള്ള ഒരു പടുകൂറ്റൻ നന്ദി പ്രതിമ ആണ് കോട്ടമതിൽ പോലുള്ള ക്ഷേത്രമതിൽ കടന്നുചെല്ലുമ്പോൾ കാണുന്ന കാഴ്ച. ആറോളം ഭൂമികുലുക്കങ്ങളെ അതിജീവിച്ച ആ ഋഷഭപ്രതിമയുടെ തലയിൽ അതിൻറെ സൂചകമായി ഒരു വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. കൊത്തുപണികളാൽ സമ്പന്നമായ 185 അടി (ഏകദേശം 55 മീറ്റർ) ഉയരമുള്ള ഒരു പടുകൂറ്റൻ ക്ഷേത്രഗോപുരം ആണ് ആ ക്ഷേത്രത്തിൻറെ പ്രധാന ഭാഗം. ദക്ഷിണ ഇന്ത്യയിലെ ഏറ്റവും വലിയ ശിവലിംഗം ആണ് ആ അമ്പലത്തിലെ പ്രതിഷ്ഠ. കിഴക്കോട്ട് ദർശനമായി നിർമ്മിച്ചിരിക്കുന്ന ആ അമ്പലത്തിൻറെ മുന്നിൽ കിടക്കുന്ന നന്ദിക്ക് തൻറെ ഭഗവാനെ എപ്പോളും കാണാൻ പറ്റുന്ന രീതിയിലാണ് ക്ഷേത്രത്തിൻറെയും നന്ദി പ്രതിമയുടെയും നിർമ്മിതി.





ചോള സാമ്രാജ്യത്തിൻറെ വിസ്തൃതി, ശ്രീലങ്ക, മ്യാൻമാർ, കംബോഡിയ, സുമാത്ര എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ച ഏറ്റവും ശക്തമായിരുന്ന ചോളരാജാവ് രാജേന്ദ്ര ചോളനാണ്‌ പതിനൊന്നാം നൂറ്റാണ്ടിൽ ഈ ക്ഷേത്രം പണി കഴിപ്പിച്ചത്. തൻറെ അച്ഛനായ രാജരാജ ചോളൻറെ ആഗ്രഹപ്രകാരം ഗംഗൈ കൊണ്ട ചോളപുരം എന്നൊരു നഗരം സ്ഥാപിക്കുകയും പിന്നീട് അതിനെ തന്റെ തലസ്ഥാന നഗരിയാക്കി മാറ്റുകയും ചെയ്തത് രാജേന്ദ്ര ചോളനാണ്‌. ഗംഗാ തീരം വരെയുള്ള രാജാക്കന്മാരെ തോൽപ്പിച്ച് സാമ്രാജ്യം സ്ഥാപിച്ചതിനാൽ ഗംഗൈ കൊണ്ട ചോളൻ എന്ന പേര് സ്വീകരിക്കുകയും, നഗരത്തിന് ആ പേര് നൽകുകയും ചെയ്തു എന്നാണ് ചരിത്രം. അച്ഛനോടുള്ള ആദരസൂചകമായി ആണ് അമ്പലത്തിന്റെ ഉയരം തഞ്ചാവൂരിൽ അച്ഛൻ പണികഴിപ്പിച്ച ബൃഹദീശ്വര ക്ഷേത്രത്തേക്കാൾ ചെറുതാക്കി നിർത്തിയത്. എങ്കിലും ശിവലിംഗ പ്രതിഷ്ഠകളിൽ ഏറ്റവും വലുത് ഈ ക്ഷേത്രത്തിൽ തന്നെ സ്ഥാപിക്കുകയാണ് രാജേന്ദ്ര ചോളൻ ചെയ്തത്. മറ്റു രാജാക്കന്മാരിൽ നിന്നും വ്യത്യസ്ഥരായി ചോളരാജാക്കന്മാർ തങ്ങളുടെ കൊട്ടാരങ്ങളെക്കാൾ പ്രാധാന്യം ക്ഷേത്രങ്ങൾക്കാണ് നൽകിയിരുന്നത്. അതിനാൽ തന്നെ ശക്തമായ രണ്ട് കോട്ട മതിലുകളോട് കൂടിയതാണ് ക്ഷേത്ര മൈതാനം. പ്രധാന അമ്പലം കൂടാതെ, ഗണപതി, ചണ്ഡികേശ്വരൻ , ചോളന്മാരുടെ കുലദേവതയായിരുന്ന പരാശക്തി തുടങ്ങിയ ഉപ പ്രതിഷ്ഠകളും അവിടെപ്രൗഢിയോടെ തന്നെ നിലകൊള്ളുന്നു. തമിഴ് ഫോട്ടോഗ്രാഫർമാർ വിവാഹം കഴിഞ്ഞ നവ ദമ്പതിമാരെ ആ ക്ഷേത്രത്തിൻറെ പശ്ചാത്തലത്തിൽ "ഔട്ട് ഡോർ ഷൂട്ടിങ്" നടത്തുന്നതിനായി പല പല പേ കൂത്തുകൾ നടത്തിക്കുന്ന കാഴ്ച രസകരമായി തോന്നി. ഇവിടെ മറൈൻ ഡ്രൈവിൽ യുവമിഥുനങ്ങളെ തല്ലിയൊടിച്ച മാന്യന്മാർ ആ അമ്പലപരിസരത്ത് നടത്തിക്കുന്ന പരാക്രമങ്ങൾ കണ്ടിരുന്നെങ്കിൽ എന്നോർത്തപ്പോൾ ഒരു രസം. ക്ഷേത്രത്തിൻറെ മുന്നിലായി ഒരു പടുകൂറ്റൻ സിംഹപ്രതിമ ഉണ്ട്. സിംഹക്കിണർ (തമിഴിൽ സിംഹക്കെണി) എന്നറിയപ്പെടുന്ന ഒരു കിണർ ആണ് അതിൻറെ അകത്തെന്ന് അടുത്തുചെന്നപ്പോളാണ് മനസിലായത്. വാതിൽ പൂട്ടിയ നിലയിൽ ആയതിനാൽ അകത്തേക്ക് കടക്കാൻ സാധിച്ചില്ല. അപ്പോൾ തന്നെ സമയം ആറ് കഴിഞ്ഞിരുന്നു. അധികസമയം അവിടെ ചിലവഴിക്കാൻ തോന്നിപ്പിക്കുന്ന ഒരു വശ്യത  ആ ക്ഷേത്രപരിസരത്ത് എനിക്ക് അനുഭവപ്പെട്ടു. എങ്കിലും ഇനിയുള്ള ഞങ്ങളുടെ ലക്ഷ്യമായ ഐരാവതേശ്വരം ക്ഷേത്രത്തിലേക്ക് എത്തണമെങ്കിൽ ഉടൻ പുറപ്പെടണമെന്ന് അവിടെ വെച്ച് പരിചയപ്പെട്ട ഒരു പൂജാരി പറഞ്ഞുതന്നതിനാൽ ഉടനെ തന്നെ അവിടെ നിന്നും യാത്ര തിരിച്ചു. ചുരുങ്ങിയത് ഒരു മണിക്കൂർ എങ്കിലും കണ്ടു തീർക്കാൻ വേണ്ട സ്ഥലമാണ് ഗംഗൈ കൊണ്ട ചോളപുരം ക്ഷേത്രം. ചോളന്മാരുടെ കാലശേഷം അവിടം കീഴടക്കിയ പാണ്ഢ്യന്മാർ കല്ലിൽ കല്ല് ശേഷിക്കാത്ത രീതിയിൽ അവിടെ നിലനിന്നിരുന്ന കൊട്ടാരവും മറ്റ് ചോള മന്ദിരങ്ങളും നശിപ്പിച്ചുകളഞ്ഞു എങ്കിലും ക്ഷേത്രത്തിനും അതിനോടനുബന്ധിച്ച വസ്തു വകകൾക്കും യാതൊരു കേടുപാടുകളും വരുത്തിയില്ല.


ഐരാവതേശ്വര ക്ഷേത്രം (കടപ്പാട് ഗൂഗിൾ)

ഗംഗൈ കൊണ്ട ചോളപുരത്തുനിന്നും ഏകദേശം ഒരുമണിക്കൂറിൽ കൂടുതൽ യാത്ര ചെയ്തുകഴിഞ്ഞാണ് ഞങ്ങൾ രണ്ടാമത്തെ ക്ഷേത്രമായ ഐരാവതേശ്വരം ക്ഷേത്രത്തിൽ എത്തിയത്. ഞങ്ങൾ അവിടെ എത്തുമ്പോളേക്കും ഏകദേശം നട  അടക്കാനുള്ള സമയം ആയികൊണ്ടിരിക്കുന്നു. അതുകൊണ്ട് വണ്ടിയിൽ നിന്നും ഇറങ്ങി നേരെ അമ്പലത്തിലേക്ക് കയറി. മൂന്ന് ചോള ക്ഷേത്രങ്ങളിൽ വെച്ച് ഏറ്റവും ചെറുതാണ് 85 അടി മാത്രം ഉയരമുള്ള ഐരാവതേശ്വരം ക്ഷേത്രം. വലിയൊരു കോട്ട പോലെ തോന്നിപ്പിക്കുന്ന ഭീമാകാരൻ മതിൽക്കെട്ടിനുള്ളിൽ ഒരു വലിയ രഥം പോലെ തോന്നിപ്പിക്കുന്ന ആ ക്ഷേത്രവും കൊത്തുപണികളാൽ സമ്പന്നം തന്നെ. കല്ലിൽ കൊത്തി ഉണ്ടാക്കിയിരിക്കുന്ന ഒരു വലിയ രഥം. പണ്ടൊരിക്കൽ ദുർവാസാവ് മഹർഷിയുടെ ശാപത്തിൻറെ ഫലമായി ദേവാംശവും, നിറവും നഷ്ടപ്പെട്ട ദേവേന്ദ്രൻറെ നാൽക്കൊമ്പൻ ആന ഐരാവതം, നഷ്ടപ്പെട്ട കഴിവും കളറും തിരിച്ചു കിട്ടാനായി ഇവിടെ ശിവപൂജ നടത്തി എന്നാണ് ഐതിഹ്യം. ഐരാവതം പൂജ നടത്തിയതിനാലാണത്രെ ഈ ക്ഷേത്രത്തിന് ഐരാവതേശ്വരം എന്ന് പേര് വന്നത്. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യം മരണത്തിൻറെ ദേവനായ യമരാജനുമായി ബന്ധപ്പെട്ടാണ്. ഒരിക്കൽ ഒരു മുനിയുടെ ശാപഫലമായി ശരീരം ചുട്ടുപൊള്ളിക്കൊണ്ടിരുന്ന യമൻ ഇവിടത്തെ കുളത്തിൽ വന്ന് കുളിച്ചെന്നും അങ്ങനെ പൊള്ളലിൽ നിന്നും രക്ഷകിട്ടി. അതിനാൽ ആ കുളത്തിന് യമതീർത്ഥം എന്ന പേര് ലഭിക്കുകയുണ്ടായി. ക്ഷേത്രമതിൽക്കെട്ടിന്‌ പുറത്തായി അതി മനോഹരമായ ഒരു ഉദ്യാനം ഉള്ളതിൽ ധാരാളം ആളുകൾ കുടുംബസമേതം വിശ്രമിക്കുന്നത് അമ്പലത്തിലേക്ക് കാറിൽ പോകുമ്പോൾ തന്നെ കണ്ടിരുന്നു. പക്ഷെ ഞങ്ങൾ തൊഴുത് ഇറങ്ങിയപ്പോളേക്കും നട അടക്കുകയും ലൈറ്റ് എല്ലാം ഓഫാക്കുകയും ചെയ്തു. അതിനാൽ അതൊന്നും കാണാൻ ഞങ്ങൾക്ക് സാധിച്ചില്ല. പന്ത്രണ്ടാം നൂറ്റാണ്ടിൽ രാജരാജ ചോളൻ രണ്ടാമനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. വിശദമായ ഒരു പുറം കാഴ്ച്ച നഷ്ടപ്പെട്ടെങ്കിലും ആ ക്ഷേത്രത്തിൻറെ സുപ്രധാന ഭാഗമായി കേട്ടിരുന്ന രഥത്തിന്റെ ആകൃതിയിലുള്ള പ്രധാന ഭാഗം കാണാനായതിൻറെയും നട അടയ്ക്കുന്നതിന് മുന്നേ ദർശനം നടത്താനായതിൻറെയും സന്തോഷത്തോടെ ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങി.

തിരുച്ചിറപ്പള്ളിയിലെ ഫോർട്ട് ടെംപിൾ 


ജംബുലിംഗേശ്വര ക്ഷേത്രം, ട്രിച്ചി 


ശീരംഗനാഥ ക്ഷേത്രം, ട്രിച്ചി 

മുന്നേ ദിവസം ആലോചിച്ച് രൂപപ്പെടുത്തിയ ഒരു തിരുച്ചിറപ്പള്ളി പര്യടനം കഴിഞ്ഞതിന് ശേഷമാണ് ഞങ്ങൾ കലാശക്കെട്ടായ ബിഗ് ടെംപിൾ, പെരിയ കോവിൽ എന്നൊക്കെ അറിയപ്പെടുന്ന ബൃഹദീശ്വര ക്ഷേത്രം കാണാനായി പോയത്. പല പല കാരണങ്ങൾ കൊണ്ടും ദക്ഷിണേന്ത്യയിലെ ഒരു അത്ഭുതം ആയി തന്നെ കണക്കാക്കാൻ തോന്നുന്ന ഒരു നിർമ്മിതിയാണ് ആ ക്ഷേത്രം. ശത്രുക്കളുടെ മേൽ നേടിയ ഒരു വിജയത്തിൻറെ ഓർമ്മയ്ക്കായി ആണ് ആയിരത്തിലേറെ വർഷങ്ങൾക്ക് മുൻപ് രാജ രാജ ചോളൻ  ഒന്നാമൻ ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ശിവഭക്തനായ രാജാവ് തൻറെ ഇഷ്ട ദേവനുള്ള നന്ദി സൂചകമായി നിർമ്മിച്ചതാണ് ഈ ക്ഷേത്രം. ഏറ്റവും ഉയരം കൂടിയ ക്ഷേത്രഗോപുരം എന്നത് മാത്രമല്ല 216 അടി (66 മീറ്റർ) ഉയരമുള്ള ആ ക്ഷേത്ര ഗോപുരത്തിൻറെ പ്രത്യേകത. ഇന്ത്യയിൽ ഗ്രാനൈറ് കല്ലിൽ നിർമ്മിതമായ ഏറ്റവും പഴയതും ബൃഹത്തായതുമായ നിർമ്മിതി ആണിത്. ഗ്രാനൈറ് ശിൽപ്പങ്ങളുടെ കമനീയ ശേഖരമായ ആ നിർമ്മിതി കണ്ട് നമ്മൾ ശരിക്കും അത്ഭുതപ്പെടുന്നത് ആ ക്ഷേത്രവളപ്പിൻറെ നൂറു കിലോമീറ്റർ ചുറ്റളവിൽ എങ്ങും ഒരു ഗ്രാനൈറ്റ് ക്വറി ഉണ്ടായിരുന്നില്ല എന്ന് അറിയുമ്പോളാണ്. ഒറ്റക്കല്ലിൽ ആണ് ആ ക്ഷേത്രത്തിൻറെ മകുടഗോപുരം പണിതീർത്തിരിക്കുന്നത്. 80 ടണ്ണോളം ഭാരം കണക്കാക്കപ്പെടുന്ന ആ മകുടം നിർമ്മിക്കാനുള്ള ഒറ്റക്കല്ല് ഏറ്റവും മുകളിൽ എങ്ങനെ എത്തിച്ചു എന്നതിനെ കുറിച്ച് ധാരാളം ഗവേഷണങ്ങൾ നടക്കുകയുണ്ടായി. 11 കിലോമീറ്ററോളം നീളമുള്ള ചരിവ് പാത മുകളിലേക്ക് നിർമ്മിച്ച് ആനകളുടെ സഹായത്തോടെയാണ് അത് മുകളിൽ എത്തിച്ചതെന്നാണ് പൊതുവെ കരുതപ്പെടുന്നത്. വിശാലമായ ആ പിരമിഡ് ആകൃതിയിലെ ക്ഷേത്രത്തിൻറെ മറ്റൊരു സവിശേഷത വർഷത്തിൽ ഒരു ദിവസം പോലും ഉച്ചയ്ക്ക് 12 മണിക്ക് അതിൻറെ നിഴൽ താഴെ വീഴില്ല എന്നതാണ്. ഈജിപ്റ്റിലെ പിരമിഡുകളോട് വലുപ്പത്തിൽ കിടപിടിക്കാൻ സാധിക്കില്ലെങ്കിലും പിരമിഡുകൾക്കില്ലാത്ത ഒട്ടനവധി പ്രത്യേകതകളാൽ സമ്പന്നമാണ് ഈ ക്ഷേത്രം. അതിൽ ഏറ്റവും പ്രാധാന്യമേറിയതാണ് AD 1003 ഇൽ പണികഴിപ്പിക്കപെട്ട ശേഷം ഇതുവരെ ഇവിടുള്ള പൂജകൾക്ക് മുടക്കം വന്നിട്ടില്ല എന്നതാണ്. അതിനാൽ തന്നെ ആണ് ഇത് "ഗ്രേറ്റ് ലിവിങ് ടെംപിൾ" എന്ന് അറിയപ്പെടുന്നത്.


വലിയൊരു കോട്ട പോലെ ആണ് ക്ഷേത്രപരിസരം സംരക്ഷിച്ചിട്ടുള്ളത്. ഗംഭീരമായ കിടങ്ങുകൾ ഇപ്പോൾ വറ്റി വരണ്ട് കാടുപിടിച്ചു കിടക്കുന്നു. രണ്ടു വലിയ ഗോപുരവാതിലുകൾ പിന്നിട്ടാണ് ക്ഷേത്രത്തിൻറെ അങ്കണത്തിലേക്ക് നാം എത്തിച്ചേരുന്നത്. ഗ്രാനൈറ്റ് ശിലകളിൽ തീർത്ത, കൊത്തുപണികളാൽ സമ്പന്നമാണ് അവ ഓരോന്നും. ആദ്യ കമാനം കേരളം ഭരിച്ചിരുന്ന പാണ്ഡ്യാ രാജാക്കന്മാരെ തറപറ്റിച്ച് കേരളാന്തകൻ എന്നറിയപ്പെട്ട ചോളരാജാവിൻറെ പേരിലും അകത്തെ കമാനം രാജ രാജ ചോളൻറെ പേരിലും ആണ് അറിയപ്പെടുന്നത്. ക്ഷേത്രമൈതാനത്ത് ആദ്യം തന്നെ ശ്രദ്ധ ആകർഷിക്കുന്നത് 12 അടി ഉയരത്തിൽ അമ്പലത്തെ ദർശനമായി ഒറ്റക്കല്ലിൽ പണി തീർത്തിരിക്കുന്ന നന്ദി വിഗ്രഹമാണ്. അമ്പലത്തിലെ ശിവലിംഗത്തിനും ആ പ്രതിമയ്ക്കും ഒരേ ഉയരം ആണെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഒറ്റക്കൽ നന്ദി പ്രതിമയാണ് തഞ്ചാവൂരിലേത്. പ്രധാന കോവിലിന്റെ അകം കൽവിളക്കുകളാലും തനത് തഞ്ചാവൂർ പെയിന്റിങ്ങുകളാലും കാൽപ്പനിക സൗന്ദര്യം നിറഞ്ഞു തോന്നിച്ചു. തൊഴുതു തീർത്തുകഴിഞ്ഞാൽ സമീപത്തായി ഗണേശ ക്ഷേത്രവും, 55 അടി ഉയരമുള്ള സുബ്രഹ്മണ്യ ക്ഷേത്രവും, ചന്ദ്രികേശ്വര ക്ഷേത്രം, അമ്മൻ കോവിൽ, നടരാജ മണ്ഡപം എന്നിവ നമ്മെ കൊത്തുപണികൾ കാണിച്ചു മടുപ്പിക്കാൻ എന്നപോലെ നിൽക്കുന്നുണ്ടായിരിക്കും. ഭക്തിയോടെ തൊഴുത് പ്രാർത്ഥിച്ച് പോകാൻ ആണെങ്കിൽ ആഴ്ചകൾ കൊണ്ട് തൊഴുതു തീർക്കാൻ മാത്രം വിഗ്രഹങ്ങൾ ആ ചുറ്റമ്പലത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. പണ്ട് മൂന്നാർ പഠിക്കുമ്പോൾ തേയില തോട്ടങ്ങളിലെ മരച്ചുവടുകളിൽ ഒരു കല്ലിൽ മഞ്ഞളും പൂശി ചുവന്ന പട്ടും ഉടുപ്പിച്ച് ഒരു ശൂലവും കുത്തി വെച്ചിരിക്കുന്ന ലോക്കൽ പ്രതിഷ്ഠകളെ താണു വീണു പ്രാർത്ഥിച്ചിരുന്ന ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു. അവനെങ്ങാനും ഇവിടെ വന്നിരുന്നെങ്കിൽ ഒത്ത ശിവലിംഗങ്ങൾ തന്നെ തൊഴുത് മുതുക് വളഞ്ഞുപോയേനെ. കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും ചിലവഴിക്കാനുള്ള കാഴ്ചകൾ ആ നാലമ്പലത്തിൻറെ ഉള്ളിൽ തന്നെ ഉണ്ട്. ഒട്ടും മോശമല്ലാത്ത അഞ്ചോളം അമ്പലങ്ങൾ അടിപ്പിച്ചു കണ്ടതിനു ശേഷം ഈ കോവിൽ കാണാൻ പോയാൽ പ്രത്യേകിച്ച് ഒന്നും തോന്നാൻ ഇടയില്ല എന്ന മുൻവിധിയെ തകർക്കാനുള്ള കോപ്പൊക്കെ ആ ബൃഹദ് ക്ഷേത്രം എനിക്കായി കരുതിവെച്ചിരുന്നു.








തിരികെ പോരാനായി തഞ്ചാവൂർ റെയിൽവെ സ്റ്റേഷനിൽ നിൽക്കുമ്പോൾ ഇരുളിലും തലയുയർത്തി നിൽക്കുന്ന ആ ഗോപുരവും അതിൻറെ മുകളിലായി തെളിച്ചിരിക്കുന്ന ഒരു വലിയ ലൈറ്റും കാണാൻ സാധിക്കും. ഏകദേശം അറുപതിനായിരം ടൺ ഗ്രാനൈറ്റ് ആണ് ഈ ക്ഷേത്ര നിർമ്മിതിക്കായി ഇനിയും അറിയപ്പെടാത്ത ഏതോ സ്രോതസിൽ നിന്നും ചോളന്മാർ തഞ്ചാവൂരിൽ എത്തിച്ചത്. ഭരതനാട്യത്തിന്റെയും സംഗീതത്തിൻറെയും ഈറ്റില്ലമായിരുന്ന തഞ്ചാവൂരിൻറെ സാംസ്കാരിക കേന്ദ്രമായി നൂറ്റാണ്ടുകളോളം വർത്തിച്ച ആ മഹാക്ഷേത്രത്തെ 1987 ഇൽ ആണ് യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്. മറ്റു രണ്ടു ക്ഷേത്രങ്ങളെ 2004ഇൽ ഉൾപ്പെടുത്തുകയാണ് ഉണ്ടായത്. തമിഴ് നാടിൻറെ ഭക്ഷ്യ കലവറയായി നിലനിൽക്കുന്നതിനോടൊപ്പം ആ കലാ പാരമ്പര്യത്തിൻറെ പ്രതീകമായി തഞ്ചാവൂർ തലയാട്ടി ബൊമ്മകളും മൃദംഗങ്ങളും ഇപ്പോളും ധാരാളമായി ഇവിടെ നിർമ്മിക്കപ്പെടുന്നുണ്ട്.


തഞ്ചാവൂർ തലയാട്ടി പ്രതിമ 

സന്ദർശിക്കാൻ തിരഞ്ഞെടുത്ത സമയവും അതുമൂലം നേരിടേണ്ടി വന്ന ചൂടും ഒഴിവാക്കിയാൽ എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന രണ്ടു ദിവസങ്ങൾ സമ്മാനിച്ചാണ് ഞങ്ങൾ തഞ്ചാവൂരിൽ നിന്നും കേരളത്തിലേക്ക് വണ്ടി കയറിയത്.

No comments:

Post a Comment