1947 ലാണ് മലയാളത്തിലെ ഇതിഹാസം ശ്രീ തകഴി ശിവശങ്കരപ്പിള്ള ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ ദുരിതജീവിതം വരച്ചുകാട്ടിക്കൊണ്ട് "തോട്ടിയുടെ മകൻ" പുറത്തിറക്കുന്നത്. ആ ഒരു കാലഘട്ടത്തിൽ സമൂഹത്തിൻറെ താഴെക്കിടയിലുള്ള വിവിധ ജനസമൂഹങ്ങളുടെ ദുരിതങ്ങൾ പിന്നീടുള്ള തലമുറയ്ക്കായി ആ കാലഘട്ടത്തിലുണ്ടായിരുന്ന തകഴിക്കും കേശവദേവിനും ഉറൂബിനുമൊക്കെ സാധിച്ചിട്ടുണ്ട്. ഇന്നത്തെ തലമുറയ്ക്ക് ആ ദുരിതവും ദാരിദ്ര്യവുമൊക്കെ വായിക്കുമ്പോൾ ഒരുപക്ഷെ അത് വിശ്വസനീയമായി തോന്നണമെന്നില്ല. കാരണം അവർക്ക് ഊഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു ലോകമഹായുദ്ധങ്ങളുടെ കാലഘട്ടത്തിൽ നമ്മുടെ പൂർവ്വികർ അനുഭവിച്ച ക്ഷാമകാലം.
കോവിഡിനെ തുടർന്ന് രാജ്യവ്യാപകമായി ലോക്ക് ഡൌൺ പ്രഖ്യാപിക്കുകയും ആവശ്യവസ്തുക്കൾക്ക് പോലും ദൗർലഭ്യം നേരിടുകയും ചെയ്ത സമയത്ത് പഴയ തലമുറക്കാർ പുതുതലമുറയ്ക്ക് ആ ക്ഷാമകാലത്തെക്കുറിച്ച് ഒരു ഓർമ്മപ്പെടുത്തൽ നൽകിയിരുന്നു. അധികം പരീക്ഷിക്കാതെ ഇളവുകൾ പ്രഖ്യാപിച്ചതോടെ ആ ദുരിതകാലത്തെ ജനം മറക്കുകയും വീണ്ടും പൂർവ്വസ്ഥിതിയിലേക്ക് മടങ്ങുകയും ചെയ്‌തിരുന്നു. ഉപഭോക്‌തൃ സംസ്ഥാനമായിരുന്നിട്ടും അധികം ബുദ്ധിമുട്ടില്ലാതെ തന്നെ കേരളം ലോക്ക് ഡൗണിനെ മറികടന്നെങ്കിലും അങ്ങനെ ആയിരുന്നില്ല രാജ്യത്തെ ഭൂരിഭാഗം സ്ഥലങ്ങളിലും. രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇടതിങ്ങി പാർക്കുന്ന പ്രദേശങ്ങളിലൊന്നായ മുംബൈയിലെ ചേരികളിൽ താമസിക്കുന്ന, സമൂഹത്തിലെ ഏറ്റവും താഴെക്കിടയിൽ ജീവിക്കുന്നവരെ ആ അവസ്ഥ എങ്ങനെ ബാധിച്ചു എന്നതിൻറെ മനോഹരമായ അവതരണമാണ് ശ്രീ അരുൺ ആർ രചിച്ച ഇഷാംബരം എന്ന നോവൽ. പ്രതീക്ഷയുണർത്തുന്ന ഒരു എഴുത്തുകാരൻറെ ഉദയമാണ് ഇഷാംബരം എന്ന് പറയാം. അത്രയും മികച്ച രീതിയിൽ, മികച്ച കയ്യടക്കത്തോടെ ആ വിഷയത്തെ അരുൺ കൈകാര്യം ചെയ്‌തിട്ടുണ്ട്. കോവിഡ് കാലത്ത് നാം കേട്ട ഒരു വാർത്തയെ അടിസ്ഥാനമാക്കിയാണ് അരുൺ ഈ കൃതി രചിച്ചിരിക്കുന്നത്. ഒരു പക്ഷെ ലോകശ്രദ്ധ ഇന്ത്യയിലേക്ക് ക്ഷണിക്കപ്പെടേണ്ട ഒരു വാർത്ത ആയിരുന്നത്. ദൗർഭാഗ്യവശാൽ ആരാലും ശ്രദ്ധിക്കപ്പെടാതെ, ഒരു ചാനലിലെയും അന്തി ചർച്ചയ്ക്ക് പോലും വിഷയമാകാതെ പോകാനായിരുന്നു ആധുനികഭാരതം കണ്ട ഏറ്റവും വലിയ പലായനത്തിന്റെ വിധി. മങ്ങിയ പത്രത്താളുകളിൽ ഒതുങ്ങിപ്പോകാതെ ആയിരങ്ങളുടെ മനസിലേക്ക് ആ വേദനകളെ പകർന്നു നൽകിയ ശ്രീ അരുണിന് അഭിനന്ദനങ്ങൾ.
ഇഷാംബരം ഇഷാനിയുടെ കഥയാണ്. ഇഷാനിയാവട്ടെ വർത്തമാന ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗത്തിൻറെ പ്രതിനിധിയാണ്. തന്റേതല്ലാത്ത കാരണത്താൽ ജനിക്കപ്പെട്ട വംശത്താൽ വെറുക്കപ്പെട്ട, സ്ത്രീ ആയതിന്റെ പേരിൽ പീഡനങ്ങൾ സഹിക്കേണ്ടിവരുന്ന അധഃകൃതയായ ഒരു സ്ത്രീ. അവളുടെ മാനസിക വ്യാപാരങ്ങൾ നമ്മളെ പിടിച്ചിരുത്തി വായിപ്പിക്കും. ജീവിതത്തിൽ ഒരിക്കലും ആരാലും സ്നേഹിക്കപ്പെടാത്ത ഒരുവൾ. ഓരോ നിമിഷവും ജീവിതത്തെക്കുറിച്ച് പ്രതീക്ഷയുമായി ജീവിക്കുന്ന ഇഷാനിയിലൂടെ മുബൈ ചേരിയായ ധാരാവിയിലെ സ്ത്രീജീവിതം കൂടി നോവലിസ്റ്റ് വരച്ചിടുന്നുണ്ട്. അവൾക്ക് കൂട്ടുള്ളതാകട്ടെ നോട്ടത്തിൽപ്പോലും സ്നേഹം പങ്കുവയ്ക്കാൻ അറിയാത്ത ദാസും, ഏതുനേരവും മലം നാറുന്ന ശുചീകരണ തൊഴിലാളി. ചുടലമുത്തുവിനെപ്പോലെ ആ സമുദായത്തിൽ ജനിച്ചുപോയതുകൊണ്ട് ആ തൊഴിലിലേക്ക് ഇറങ്ങേണ്ടിവരുന്ന ഹതഭാഗ്യവാൻ. നിത്യജീവിതത്തിനായി കഷ്ടപ്പെടുന്ന ആ പാവങ്ങളുടെ ഇടയിലേക്ക് കോവിഡ് മഹാമാരിയുടെ പേരിൽ ലോക്ക് ഡൌൺ അവതരിക്കുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധി അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഒരു സിനിമയും പുസ്തകവും തമ്മിലുള്ള വ്യത്യാസം മനസിലാക്കാൻ അരുണിന്റെ ഇഷാംബരം വായിച്ചാൽ മതിയാകും. ഒരു സിനിമയിലെന്ന പോലെ ഉൾകണ്ണിൽ കാണാൻ സാധിക്കുമെന്നത് കൂടാതെ കഥാപാത്രങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങി നമ്മെ അവരുടെ ചിന്തകളിൽ പങ്കാളിയുമാക്കുന്ന വരികൾ.
അവിടെനിന്നുമാണ് നോവലിൻറെ അടുത്തഘട്ടത്തിലേക്ക് കടക്കുന്നത്. ഇന്ത്യയുടെ ഒരറ്റത്തുനിന്നും മറ്റൊരു വശത്തേക്കുള്ള പ്രയാണം. അധികാരികളുടെ കണ്ണിൽപ്പെടാതെ കിട്ടിയതുമായി ഒരു ജനത നടത്തുന്ന പലായനം. പ്രതീക്ഷയോടെ സ്വന്തം നാട് ഉപേക്ഷിച്ച് മുംബൈ എന്ന നഗരത്തിലെ ചേരിയിൽ കുടിയേറിയ ഒരു ജനത മഹാമാരിയുടെ നാളുകളിൽ ആ നഗരം തങ്ങളെ നിഷ്‌കരുണം കയ്യൊഴിയുന്നതുകണ്ട് പകച്ചു നിൽക്കുന്നതും അവസാനം മറ്റൊരു പ്രതീക്ഷയുമായി സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതുമാണ് ആ പലായനം. മഹാമാരി മനുഷ്യരെ പേടിയോടെ കാണാൻ മനുഷ്യരെ പ്രേരിപ്പിച്ച നാളുകൾ ആയതിനാൽ അവരുടെ ദുരിതം കൂടി.
അതിശക്തമായ ഒരു പ്രമേയമാണ് ശ്രീ അരുൺ തൻറെ ആദ്യ കൃതിയിലൂടെ അവതരിപ്പിക്കുന്നത്. വർത്തമാനകാല ഇന്ത്യയുടെ പൊയ്‌മുഖം പൊളിച്ചെഴുതാൻ ഒരു യുവ എഴുത്തുകാരൻ മലയാളത്തിൽ നിന്നും ഉദിച്ചുയർന്നത് പ്രതീക്ഷകൾക്ക് വകവെക്കുന്നു. പച്ചയായ യാഥാർഥ്യങ്ങൾ അത് എത്ര നാറുന്നതാണെങ്കിലും തുറന്നെഴുതാൻ അരുണിന് ഇനിയും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
No comments:
Post a Comment