Sunday, April 23, 2023

വായനാനുഭവം - വിഷകന്യക - എസ്.കെ.പൊറ്റക്കാട്


    ഐക്യകേരള രൂപീകരണത്തിനും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുമൊക്കെ മുൻപ് തിരുവിതാംകൂറിൽ ഉണ്ടായ രാഷ്ട്രീയ സാമൂഹിക പ്രതിസന്ധികളെത്തുടർന്ന് ഉള്ളതൊക്കെ വിറ്റുപെറുക്കി അന്ന് മദിരാശിയുടെ ഭാഗമായിരുന്ന മലബാറിലേക്ക് കുടിയേറിയ ഒരുപറ്റം മനുഷ്യരുടെ കഥപറയുന്ന എസ്.കെ പൊറ്റക്കാടിൻറെ നോവലാണ് വിഷകന്യക. ഒരു ദേശത്തിന്റെയും ഒരു തെരുവിന്റെയും കഥകളിലൂടെ ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ആളുകളുടെ ജീവിതം വിവരിച്ച ശ്രീ പൊറ്റക്കാടിൻറെ വ്യത്യസ്തമായ ഒരു അവതരണമാണ് വിഷകന്യകയിൽ കാണുവാൻ സാധിക്കുന്നത്. 

ജന്മിയുടെ ഭൂമിയിൽ എല്ലുമുറിയെ പണിയെടുത്തിട്ടും നിത്യദാരിദ്യം മറികടക്കാനാവാതെ വന്നവരുടെ കഥകൾ തകഴിയുടെ കഥകളിലൊക്കെ നാം വായിച്ചിട്ടുള്ളതാണ്. അത്തരക്കാരുടെ മുന്നിലേക്ക് പ്രതീക്ഷയുടെ ഒരു കിരണമായി മലബാർ എന്ന ഭൂമി പ്രത്യക്ഷപ്പെടുന്നു. തുച്ഛമായ വിലയ്ക്ക് കൃഷിഭൂമി ലഭിക്കുമെന്നറിഞ്ഞ് ഉള്ളതെല്ലാം വിറ്റുപെറുക്കി മലബാറിലേക്ക് അവർ കുടിയേറുന്നു. ജന്മിമാർ കനിഞ്ഞുനൽകുന്ന കുടികിടപ്പ് ഭൂമിയിൽ കുടിൽ കെട്ടി താമസിച്ചിരുന്നവർ, ഏക്കറുകണക്കിന് കൃഷിഭൂമി വളരെ വിലകുറഞ്ഞ് ലഭിക്കുമെന്നുകേട്ട് ആ ഭൂമിയിൽ സ്വന്തമായി കൃഷി ചെയ്ത് ജീവിക്കാം എന്ന പ്രതീക്ഷയോടെ കേട്ടുകേൾവി മാത്രമുള്ള ആ ലോകത്തേക്ക് പലായനം ചെയ്യുന്നു. ആദ്യമായി വധൂഗൃഹത്തിലെത്തിയ പുതുമണവാളനെയെന്നപോലെ മലബാർ അവരെ സ്വീകരിക്കുന്നു. കേട്ടറിഞ്ഞതിലും വിശാലമായ ഭൂമിയാണ് തങ്ങൾക്കായി അവിടെ കാത്തിരിക്കുന്നതെന്നറിഞ്ഞ് വന്നവർ സന്തുഷ്ടരാകുന്നു. കയ്യിലാകെയുള്ള സമ്പാദ്യത്തിൽ ചെറിയൊരുഭാഗം മാത്രം മാറ്റിവെച്ച് അവർ അവിടെ ഭൂമിവാങ്ങിക്കൂട്ടുന്നു. സ്വന്തമായി വാങ്ങിയ ഭൂമിയിൽ ഒരു കുടിലും കുത്തി അവർ പ്രതീക്ഷയുടെ വിളവിറക്കുന്നു. 

പുതുമോടി മാറുന്നതോടെ തനിസ്വഭാവം പുറത്തെടുക്കുന്ന മലബാറിലെ പ്രകൃതിയും വന്യജീവികളും ആ പാവങ്ങളുടെ പ്രതീക്ഷകളുടെ മേൽ കള വാരി വിതറുന്നതാണ് തുടർന്നു നാം കാണുന്നത്. സ്വദേശികളായ ഭൂവുടമകൾ വരുത്തരായ തിരുവിതാംകൂറുകാർ കൃഷിഭൂമിയോട് കാണിക്കുന്ന കൊതിയോട് നിസംഗതയോടെ പ്രതികരിക്കുന്നത് കാണുമ്പോൾ നമുക്ക് അത്ഭുതം തോന്നാമെങ്കിലും ഭാവിയിൽ ആ ഭൂമിയുടെ തനിസ്വഭാവം മനസ്സിലാക്കുമ്പോൾ മേടിച്ചതിന്റെ നാലിലൊന്ന് വിലയ്ക്ക് ആ ഭൂമി മടക്കി നൽകിയിട്ട് ജീവനും കൊണ്ട് മടങ്ങുന്നവരെ കാണുമ്പോൾ ആ ആളുകളുടെ നിസംഗതയുടെ അർത്ഥം മനസിലാക്കാൻ സാധിക്കും. 

1948 ലാണ് എസ്.കെ പൊറ്റക്കാട് വിഷകന്യക എന്ന നോവൽ പുറത്തിറക്കുന്നത്. പിന്നീട് ആ ഭൂപ്രദേശത്തെ പ്രതിനിധീകരിച്ചുകൊണ്ട് അദ്ദേഹം പാർലമെൻറ് അംഗമായി മാറി. ആ സമയത്ത് ആ ഭൂമിയിൽ കുടിയേറിയവരെ കൂടുതൽ അടുത്തറിയുകയും ആദ്യം നേരിട്ട തകർച്ചയ്ക്ക് ശേഷം അതിശയകരമായ നിശ്ചയദാർഢ്യത്തോടെ ആ ഭൂമിയിൽ കാലുറപ്പിച്ചുനിന്ന് വിജയക്കൊടി പാറിക്കുകയും ചെയ്ത ധാരാളം ആളുകളെ അവിടെ കണ്ടെത്തുകയും ചെയ്തതോടെ വിഷകന്യകയ്ക്ക് ഒരു രണ്ടാം ഭാഗം എഴുതാൻ അദ്ദേഹം തീരുമാനിച്ചു. വിഷകന്യക പരാജിതരുടെ കഥയായിരുന്നെങ്കിൽ "വീരകന്യക" എന്ന പേരിൽ മലബാറിൽ കുടിയേറി വിജയിച്ചവരുടെ കഥ പുറത്തിറക്കാനായിരുന്നു അദ്ദേഹം ഉദ്ദേശിച്ചിരുന്നത്. ദൗർഭാഗ്യവശാൽ ആ കൃതി പൂർത്തിയാക്കുവാൻ അദ്ദേഹത്തിന് സാധിച്ചില്ല.

ഒരു കാലഘട്ടത്തെ മനസിലാക്കുവാൻ ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന എഴുത്തുകാരുടെ കൃതികളോളം സഹായം ഒരു ചരിത്രപുസ്തകവും നൽകില്ല എന്നതിന് മികച്ച മറ്റൊരു ഉദാഹരണം കൂടിയാണ് വിഷകന്യക. കഥയുടെ പശ്ചാത്തലം കാലഹരണപ്പെട്ടെങ്കിലും മനുഷ്യരുടെ ഇന്നുള്ള സൗകര്യങ്ങളുടെ പിന്നിൽ ഇതുപോലെ പരാജിതരുടെ ജീവിതങ്ങളും ഉണ്ടെന്ന സത്യം കൃതിയെ കാലാനുവർത്തിയാക്കുന്നു. 

No comments:

Post a Comment