അടുത്തകാലത്ത് വായിച്ച രസകരമായ ഒരു ചെറിയ പുസ്തകമാണ് ശ്രീ ഫ്രാൻസിസ് നൊറോണ എഴുതിയ മാസ്റ്റർപീസ് എന്ന നോവൽ. രസകരമായ ഒരു പ്രമേയമാണ് ആ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്. ഒരു എഴുത്തുകാരൻ ആണതിലെ നായകൻ. എഴുത്തുമായി ബന്ധപ്പെട്ട് അദ്ദേഹം നേരിടുന്ന പ്രതിസന്ധികളൊക്കെയാണ് വിവരിക്കുന്നത്. വായനക്കാരനെ ബോറടിപ്പിക്കാതെ കഥ അവതരിപ്പിച്ചിട്ടുമുണ്ട്. പദ്‌മശ്രീ സരോജ് കുമാർ എന്നൊരു ശ്രീനിവാസൻ സിനിമ ഉണ്ടായിരുന്നു. ഉദയനാണ് താരം എന്ന മോഹൻലാൽ സിനിമയുടെ രണ്ടാം ഭാഗം. ഒന്നാം ഭാഗം ഒരു സംവിധായകനാകാൻ ശ്രമിക്കുന്ന നായകൻ നേരിടുന്ന പ്രതിസന്ധികളാണ് പ്രമേയമെങ്കിൽ രണ്ടാം ഭാഗത്ത് ഒരു മലയാള നായകനടൻറെ ജീവിതമാണ് കാണിക്കുന്നത്. അത് കാണുമ്പോൾ നമുക്ക് പലരെയും പ്രത്യേകിച്ച് സിനിമയുമായി ബന്ധപ്പെട്ട ആളുകളെ കളിയാക്കുന്നതായി കാണാം. അതൊക്കെ മാത്രമായിരുന്നു രണ്ടാമത്തെ സിനിമയിൽ ആസ്വദിക്കാൻ ആകെ ഉണ്ടായിരുന്നത്. അതുപോലെ മാസ്റ്റർപീസ് വായിക്കുമ്പോഴും നമുക്ക് സാഹിത്യമേഖലയിലെ പലരെയും ശ്രീ നൊറോണ പരാമർശിക്കുന്നില്ലേ എന്ന് തോന്നും. ആ തോന്നൽ ആ എഴുത്തുകാരൻറെ ജീവിതത്തെ മാറ്റിമറിച്ചു എന്നത് മറ്റൊരു കാര്യം.
സാഹിത്യമേഖലയിൽ നടമാടുന്ന ചില പ്രവണതകളെ ഹാസ്യത്തിൻറെ മേമ്പൊടിയോടെ നൊറോണ വിവരിക്കുമ്പോൾ നമുക്ക് അവിശ്വസിക്കാൻ തോന്നില്ല. ഇമ്മാതിരി തോന്ന്യവാസങ്ങൾ നടക്കുന്നുണ്ടോ എന്ന് ആശ്ചര്യപ്പെടും. അപ്പോഴും സമാന അനുഭവങ്ങൾ പരിചയത്തിലുള്ള ചില എഴുത്തുകാർ പറഞ്ഞുകേട്ടിട്ടുള്ളതുമായി കൂട്ടി ആലോചിച്ചപ്പോൾ ഇതൊക്കെ ചേർത്ത് ഒരു പുസ്തകമാക്കി ഇറക്കിയ എഴുത്തുകാരനെ അഭിനന്ദിക്കണമെന്ന് തന്നെ തോന്നി.
നൂറിൽ താഴെ മാത്രം പേജുകളുള്ള ചെറിയൊരു പുസ്തകമായതുകൊണ്ട് തന്നെ വായനാപ്രേമികൾക്ക് ധൈര്യപൂർവ്വം മേടിച്ചു വായിക്കാവുന്ന പുസ്തകമാണ് മാസ്റ്റർപീസ് എന്ന് പറഞ്ഞുകൊണ്ട് ഇതുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് ഒന്ന് ഓടിച്ചുനോക്കാം. സർക്കാർ ജീവനക്കാരനായ സോറി ആയിരുന്ന ശ്രീ ഫ്രാൻസിസ് നൊറോണ സർക്കാരിന്റെ അനുമതി കൂടാതെ സാഹിത്യപ്രവർത്തനം നടത്തുന്നതിനെ ചോദ്യം ചെയ്ത് കോടതിയിൽ ഒരു കേസ് ഫയൽ ചെയ്യപ്പെടുകയും തുടർന്ന് അദ്ദേഹം മൂന്ന് വർഷത്തെ സർവീസ് ബാക്കി നിൽക്കുമ്പോൾ സർക്കാർ സേവനത്തിൽ നിന്നും സ്വയം വിശ്രമിക്കുകയും ചെയ്തു. ഈ വാർത്ത പത്രങ്ങളിൽ വന്നതോടെയാണ് പുസ്തകവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടായത്. സർക്കാർ ജീവനക്കാർക്ക് സാഹിത്യപ്രവർത്തനങ്ങൾ നടത്താൻ പാടില്ലായെന്നില്ല. അതിനായി സർക്കാരിൽ നിന്നും അനുമതി തേടണം. അനുമതിയോടെ സാഹിത്യപ്രവർത്തനം നടത്തുന്ന ധാരാളം സർക്കാർ ജീവനക്കാരുണ്ട്. മാസ്റ്റർപീസിലെ നായകനും സാഹിത്യത്തിൽ പൂർണ്ണമായും മുഴുകുന്നതിനായി ജോലി ഉപേക്ഷിക്കുന്ന വ്യക്തിയാണ് എന്നത് അറംപറ്റുന്നത് പോലെയായിപ്പോയെന്ന് ഗ്രന്ഥകാരൻ ഒരു ഇന്റർവ്യൂവിൽ പറയുന്നത് കേട്ടു. അനുമതി തേടാനുള്ള സാദ്ധ്യതകൾ മുന്നിലുള്ളപ്പോഴും അദ്ദേഹം വിരമിക്കുവാനുള്ള തീരുമാനമെടുത്തത് സ്വതന്ത്രമായ സാഹിത്യപ്രവർത്തനം ആഗ്രഹിക്കുന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാസ്റ്റർപീസ് എന്ന കൃതി വായിച്ചിട്ട് അദ്ദേഹത്തിനെതിരെ പരാതികൊടുക്കുവാൻ മാത്രം ആരെങ്കിലും തുനിഞ്ഞു എന്നെനിക്ക് തോന്നുന്നില്ല. ആ കൃതി ആരെയെങ്കിലും പ്രത്യേകിച്ച് സാഹിത്യപ്രവർത്തനം നടത്തുന്നയാളെ വിഷമിപ്പിക്കുകയും അതിനാൽ കേസ് കൊടുക്കുകയും ചെയ്തതാകാം എന്നത് എഴുത്തുകാരനെയും വിഷമിപ്പിച്ചിട്ടുണ്ട്. അദ്ദേഹം എഴുതിയ ഒരു കഥ കക്കുകളി എന്ന പേരിൽ നാടകം ആക്കപ്പെടുകയും ആ നാടകം ഒരു സമുദായവുമായി ബദ്ധപ്പെട്ടുള്ള വിവാദങ്ങൾക്ക് കാരണമാവുകയും ചെയ്തതുമായി കൂട്ടിവായിക്കുമ്പോൾ ശ്രീ ഫ്രാൻസിസ് നൊറോണയുടെ സാഹിത്യപ്രവർത്തനങ്ങളുടെ കണ്ണിലെ കരടാകാനുള്ള നീക്കമായിരിക്കും ആ കേസ് എന്ന് പറയാതെ പറയുന്നുണ്ട്. എന്തായാലും മരം കുലുക്കി പേടിപ്പിക്കാൻ നോക്കിയവനെ മരം വെട്ടിയിട്ട് പ്രതികരിച്ചുകാണിച്ചതോടെ അദ്ദേഹം ശക്തമായൊരു സന്ദേശം അവർക്കായി മുന്നോട്ട് വെക്കുന്നുണ്ട്. സർക്കാർ ജീവനക്കാരനായിരുന്ന എഴുത്തുകാരൻ നൊറോണയെക്കാൾ പതിന്മടങ്ങ് ഭയക്കേണ്ട വ്യക്തിയാണ് സർവീസ് ചട്ടങ്ങളുടെ ചട്ടക്കൂടിൽ നിന്നും പറന്നിറങ്ങുന്ന എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണ. ശക്തമായ തീരുമാനമെടുത്ത സാഹിത്യകാരന് അഭിവാദ്യങ്ങൾ.
No comments:
Post a Comment