പുസ്തക പരിചയം - ഏറ്റവും പ്രിയപ്പെട്ട എന്നോട് - നിമ്‌ന വിജയ്
സമീപകാലത്ത് ഏറ്റവും ട്രെൻഡിങ് ആയി മാറിയ പുസ്തകങ്ങളിൽ ഒന്നാണ് ശ്രീമതി നിമ്‌ന വിജയ് എഴുതിയ "ഏറ്റവും പ്രിയപ്പെട്ട എന്നോട്". അഖിൽ പി ധർമ്മജൻറെ റാം c/o ആനന്ദി പോലെ യുവാക്കളുടെ ഇടയിൽ നല്ലൊരു സ്വീകാര്യത ഈ നോവലിന് ലഭിച്ചിട്ടുണ്ട്. റാം c/o ആനന്ദി ഒരു വിനീത് ശ്രീനിവാസൻ സിനിമ പോലെ ആസ്വദിച്ച് വായിച്ചു തീർക്കാവുന്ന ഒരു പുസ്തകം ആണെങ്കിൽ ആ പുസ്തകം ഇഷ്ടപ്പെട്ടവർക്ക് ഇനിയെന്ത് വായിക്കണം എന്നുള്ളതിന് മറുപടിയാണ് ഏറ്റവും പ്രിയപ്പെട്ട എന്നോട്. 2023 ഏപ്രിലിൽ ആദ്യപതിപ്പ് പുറത്തിറങ്ങിയ ഈ പുസ്തകത്തിന്റെ ഇരുപത്തിയാറാം പതിപ്പാണ് ഞാൻ വായിച്ചത്. മാൻ കൈൻഡ് ലിറ്ററേച്ചർ പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. 216 പേജുള്ള പുസ്തകം നല്ല നിലവാരമുള്ള പുറംചട്ട, പേപ്പറുകൾ എന്നിവയോടെ അവതരിപ്പിച്ച പബ്ലിഷേഴ്‌സ് ന് ആദ്യമേ അഭിനന്ദനങ്ങൾ. ഒറ്റയിരിപ്പിന് വായിച്ചുതീർക്കുവാൻ പ്രേരിപ്പിക്കുന്ന ഒഴുക്കുള്ള കഥ. ബോറടിപ്പിക്കാതെ അവതരണം. പിന്നെന്തുവേണം?
റാം c/o ആനന്ദി ചെന്നൈ നഗരത്തിലാണ് നടക്കുന്നതെങ്കിൽ ഇവിടെ കഥ നടക്കുന്നത് ബാംഗ്ലൂർ നഗരത്തിലാണ്. ചെന്നൈയിലെത്തുന്ന റാമിനെ ചുറ്റിപ്പറ്റി, അവൻ കാണുന്ന, അവന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന കഥാപാത്രങ്ങളാണ് ആദ്യ പുസ്തകത്തിൽ. ഇവിടെ അതിഥി അഥവാ അമ്മു എന്ന നായിക ബാംഗ്ലൂർ നഗരത്തിലെത്തിയതിന് ശേഷമുള്ള സംഭവ വികാസങ്ങൾ, അവളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന കഥാപാത്രങ്ങൾ ഒക്കെയാണ് കഥാഗതി നിർണ്ണയിക്കുന്നത്. ആദ്യപുസ്തകം പോലെ ഇന്നത്തെ യുവതലമുറയ്ക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒട്ടേറെ സംഭവങ്ങളും കഥാപാത്രങ്ങളും ഈ പുസ്തകത്തിലുമുണ്ട്. ഉദാഹരണത്തിന് ടീനേജിലെത്തുന്ന ഇപ്പോഴത്തെ കുട്ടികൾ അവരുടെ മാതാപിതാക്കളുടെ കരുതൽ എത്ര അസഹനീയമായിട്ടാണ് കണക്കാക്കുന്നത്. അതൊക്കെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. (കാലഘട്ടം മാറുന്നത് ഏറ്റവും എളുപ്പത്തിൽ മാതാപിതാക്കളോടുള്ള സമീപനത്തിൽ നിന്നും മനസിലാക്കാം. പണ്ടത്തെ കൃതികളിലെ നായകൻ/നായികമാർ നേരിട്ടിരുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് അച്ഛനമ്മമാർക്ക് അവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ സമയമില്ല എന്നതായിരുന്നു). ഈ പുസ്തകങ്ങളെ യുവാക്കളുടെ ഇടയിൽ ട്രെൻഡിങ്ങായി നിലനിർത്തുന്ന പ്രധാന ഘടകങ്ങളിലൊന്ന് അവർക്ക് സ്വജീവിതവുമായി റിലേറ്റ് ചെയ്യാൻ പറ്റുന്ന സംഭവങ്ങൾ തന്നെ. റാമിൽ നിന്നും വ്യത്യസ്തയായി അതിഥിയെ അവളുടെ ഭൂതകാലവും കുടുംബപശ്ചാത്തലവും വേട്ടയാടുന്നുണ്ട്. അതാണ് ഈ പുസ്തകങ്ങൾ തമ്മിൽ എനിക്ക് തോന്നിയ പ്രധാന വ്യത്യാസങ്ങളിലൊന്ന്. പതിവുപോലെ ഞാൻ കഥയെക്കുറിച്ച് പറയുന്നില്ല. വിനീത് ശ്രീനിവാസൻ അണിയിച്ചൊരുക്കിയ ചെന്നൈ പാസം ചിത്രമായിരുന്നു റാം c/o ആനന്ദി എങ്കിൽ അഞ്ജലി മേനോൻ അണിയിച്ചൊരുക്കിയ ഒരു ബാംഗ്ലൂർ ഡേയ്സ് ആണ് 'ഏറ്റവും പ്രിയപ്പെട്ട എന്നോട്'. ഏറെക്കുറെ ബാംഗ്ലൂർ ഡേയ്‌സ് ലെ ദുൽഖർ കഥാപാത്രം പോലെ എന്തൊക്കെയോ കുഴപ്പങ്ങളുള്ള, എന്നാൽ ഭയങ്കര സംഭവമായ ഒരു കേന്ദ്ര കഥാപാത്രവും.
വായനാനുഭവം നല്ല സുഖമുള്ളതായിരുന്നു എന്ന് പറയുമ്പോൾ തന്നെ പറയേണ്ട ഒരു നെഗറ്റിവ് ചിന്ത എന്താണെന്നുവെച്ചാൽ ഒരു കാര്യവുമില്ലെങ്കിലും ഈ കഥയിൽ വന്നുപോകുന്ന എല്ലാ സ്ത്രീ കഥാപാത്രങ്ങളും പുരുഷന്മാരെ കൊണ്ട് പൊറുതിമുട്ടിയവരാണ്. അതായത് നായിക ചുമ്മാ നടക്കുമ്പോൾ പെട്ടെന്ന് റോഡിൽ ഒരു പട്ടി വണ്ടിയിടിച്ച് മരിക്കുന്നത് കാണുന്ന സന്ദർഭം ആണെന്നിരിക്കട്ടെ. ഈ നോവലിൽ പറഞ്ഞുവരുമ്പോൾ ആൺപട്ടികൾ കൂട്ടമായി പീഡിപ്പിക്കാൻ ഓടിച്ചിടപ്പെട്ട ഒരു പെൺപട്ടി പ്രാണരക്ഷാർത്ഥം ഓടി വരുമ്പോൾ കാമുകിയുമായി വഴക്കിട്ട് മദ്യപിച്ച് മദോന്മത്തനായി അലക്ഷ്യമായി വണ്ടിയോടിച്ചു വരുന്ന ഒരു കാമുകൻ ഓടിക്കുന്ന വണ്ടി അവളെ ഇടിച്ച് തെറിപ്പിക്കുന്നു. ഇടികൊണ്ട് വീണ് മരിക്കാൻ തുടങ്ങുമ്പോഴും ആ പട്ടിയുടെ മനസ്സിൽ ജനിപ്പിച്ചിട്ട് കടന്നുകളഞ്ഞ അച്ഛൻ പട്ടിയില്ലാതെ താൻ വളർത്തിക്കൊണ്ടുവരുന്ന പട്ടിക്കുട്ടികളെ കുറിച്ചുള്ള ഓർമ്മകളാണ്. അങ്ങനെ കാണുന്നതും കേൾക്കുന്നതുമായ എല്ലായിടത്തും ആണുങ്ങളെ വില്ലന്മാരാക്കിയിട്ടുണ്ട്. സ്ത്രീ എഴുത്തുകാർ എന്നാൽ ഫെമിനിസ്റ്റുകൾ ആയിരിക്കണമെന്ന ധാരണ മാറ്റിനിർത്തിയാൽ വളരെ പ്രതീക്ഷകൾ നൽകുന്ന ഒരു രചനയാണ് ശ്രീമതി നിമ്‌ന ഏറ്റവും പ്രിയപ്പെട്ട എന്നോട് ലൂടെ മുന്നോട്ട് വെക്കുന്നത്. ഇനിയും ഒരുപാട് മികച്ച കൃതികൾ ആ തൂലികയിൽ നിന്നും പുറത്തുവരട്ടെ എന്ന് ആശംസിക്കുന്നു.
No comments:
Post a Comment