Tuesday, September 3, 2024

പുസ്‌തക പരിചയം - കൊച്ചിയുടെ പച്ചേക്കോ - ജി സുബ്രഹ്മണ്യൻ (Book review - Kochiyude Pacheco by G Subrahmanyan)


പുസ്‌തക പരിചയം - കൊച്ചിയുടെ പച്ചേക്കോ - ജി സുബ്രഹ്മണ്യൻ 

"ദുവാർട്ടെ പച്ചേക്കോ പെരേര" ആരും കേട്ടിട്ടുപോലുമില്ലാത്ത ഒരു പേര്. ആരാണയാൾ?  ഒരു പോർച്ചുഗീസ് നാവികൻ ആണത്രേ. ഒന്നുകൂടി വിശദമാക്കിയാൽ വാസ്‌കോ ഡ ഗാമയുടെയും ബർത്തലോമിയോ ഡയസിന്റെയുമൊക്കെ സമകാലികൻ. അയാളെക്കുറിച്ച് ഒരു പുസ്‌തകം ഇറങ്ങിയിരിക്കുന്നു. അതും മലയാളത്തിൽ. അതിന് മലയാളവുമായി അയാൾക്ക് എന്താണ് ബന്ധം? കൊച്ചിയുടെ പച്ചേക്കോ എന്ന് എന്താണ് പേരിട്ടത്? 


ഈ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ശ്രീ ജി സുബ്രഹ്മണ്യം എഴുതിയ, ഗ്രീൻ ബുക്ക്സ് പ്രസിദ്ധീകരിച്ച "കൊച്ചിയുടെ പച്ചേക്കോ" എന്ന 358 പേജുകൾ ഉള്ള നോവൽ. പൊന്നിയൻ ശെൽവൻ എന്ന പ്രശസ്ത തമിഴ് കൃതി മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിലൂടെ മലയാള സാഹിത്യപ്രേമികൾക്കിടയിൽ സുപരിചിതനായ ശ്രീ ജി സുബ്രഹ്മണ്യം ആദ്യ നോവൽ കൂടിയാണ് "കൊച്ചിയുടെ പച്ചേക്കോ". 


ചരിത്രത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടും ദൗർഭാഗ്യത്താലും അക്കാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളാലും തിരിച്ചറിയപ്പെടാതെ പോയ ഒട്ടേറെ വ്യക്തിത്വങ്ങളെ നമുക്ക് കാണുവാൻ സാധിക്കും. സമീപ കാലത്ത് അത്തരം വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒട്ടേറെ വിഡിയോകളും ലേഖനങ്ങളും സോഷ്യൽ മീഡിയകളിൽ കാണാം. അത്തരത്തിൽ മൺമറഞ്ഞുപോയ ഒരു വ്യക്തിത്വമാണ് ദുവാർട്ടെ പച്ചേക്കോ പെരേര. കൊച്ചിയുടെ ചരിത്രവുമായി വലിയൊരു ബന്ധം അദ്ദേഹത്തിനുണ്ട്. സാമൂതിരിയുടെ ഭരണകാലത്ത് കോഴിക്കോട് കാപ്പാട് തീരത്ത് കപ്പൽ ഇറങ്ങിയ ആദ്യ യൂറോപ്യൻ ഗാമയുടെ ആ വരവ് ഇന്ന് പാഠപുസ്തകങ്ങളിൽ വായിച്ചതുപോലെ ഒരു വീര പരിവേഷമുള്ള വരവ് ആയിരുന്നില്ല. താരതമ്യേന ആകർഷകമല്ലാത്ത ചരക്കുകളുമായി കപ്പലിൽ എത്തിയ ആ സായിപ്പിനെ അറബികളും ചീനക്കാരുമായി നല്ലരീതിയിൽ വാണിജ്യബന്ധം പുലർത്തിയിരുന്ന കോഴിക്കോടുകാർ ആ യൂറോപ്യൻ നാളിതുവരെയായി നേരിട്ടില്ലാത്ത രീതിയിലെ അവഗണനയോടെയാണ് സ്വീകരിച്ചത്. പുത്തരിയിൽ തന്നെ കടിച്ച ആ കല്ല് താമസിയാതെ പോർച്ചുഗീസുകാരും സാമൂതിരിയുമായുള്ള ഒരു ഉരസലിൽ കലാശിച്ചു. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ പോർച്ചുഗീസുകാർക്ക് ആ അവസരത്തിൽ തുണയായത് സാമൂതിരിയുടെ ഭീഷണി നേരിട്ടുകൊണ്ടിരുന്ന കൊച്ചി എന്ന താരതമ്യേന ചെറിയ ഒരു തുറമുഖ നാട്ടുരാജ്യമാണ്. അതോടെ സാമൂതിരിയുടെ കോപത്തിന് ഇരയായ കൊച്ചിയുടെ നേരെ അവർ നടത്തിയ വലിയൊരു ആക്രമണത്തിൽ നിന്നും കൊച്ചിയെ രക്ഷിച്ചത് അന്ന് കൊച്ചിയിൽ തമ്പടിച്ച ഒരു പോർച്ചുഗീസ് കപ്പിത്താനാണ്. അദ്ദേഹമാണ് പച്ചേക്കോ. അമ്പതിനായിരത്തോളം വരുന്ന പടയുമായാണ് കൊച്ചി പിടിച്ചടക്കാൻ സാമൂതിരി എത്തിയത്. കൊച്ചിയിലെ നായർ പടയുടെ പത്തിരട്ടിയിൽ അധികം ഉണ്ടായിരുന്നു അത്. അവരുടെ മുന്നിൽ നൂറിൽ താഴെ സൈനികരുമായി പച്ചേക്കോ പിടിച്ചുനിന്നു. അവസാനം സാമൂതിരി കൊച്ചി പിടിച്ചടക്കാനുള്ള ശ്രമം ഉപേക്ഷിച്ച് മടങ്ങേണ്ടിയും വന്നു. നമുക്ക് ചിരപരിചിതമായ ഇടപ്പള്ളിയും കുമ്പളവുമൊക്കെയായിരുന്നു യുദ്ധക്കളങ്ങൾ. ഇന്ന് ആ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഇതൊക്കെ വേര് കെട്ടുകഥകൾ മാത്രം ആണെന്ന് വിശ്വസിക്കാനേ നമുക്ക് തരമുള്ളൂ. കൊച്ചിയിൽ അദ്ദേഹം നടത്തിയ ആ പോരാട്ടങ്ങൾ പരിഗണിച്ച് പിൽക്കാലത്ത് അദ്ദേഹത്തെ ചരിത്രകാരന്മാർ വിളിച്ചത് 'ദി പോർച്ചുഗീസ് അക്കിലസ്' എന്നായിരുന്നു. 


പച്ചേക്കോയെ കൊച്ചി മറന്നെങ്കിലും അദ്ദേഹത്തിന്റെ ഒരു ശേഷിപ്പ് ഇന്നും അവിടുണ്ട്. പച്ചേക്കോയുടെ സേന താവളമടിച്ച സ്ഥലം പച്ചേക്കോയുടെ താവളം എന്നും അത് ലോപിച്ച് "പാച്ചാളം" എന്നും ആയി മാറി. പാച്ചാളംകാർക്ക് പോലും ഇക്കാര്യം അറിയാമോ എന്നത് സംശയമാണ്. പച്ചേക്കോ പിന്നീട് വിസ്മൃതനായെങ്കിലും അദ്ദേഹം നടത്തിയ യാത്രകളുടെ അടിസ്ഥാനത്തിൽ ഭാവിയിലെ നാവികർക്കായി അദ്ദേഹം തയ്യാറാക്കിയ ലേഖനങ്ങളും ഭൂപടങ്ങളും നൂറ്റാണ്ടുകൾക്ക് ശേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. പോർച്ചുഗീസുകാരുടെ ഏറ്റവും വലിയ കോളനികളിൽ ഒന്നായ ബ്രസീൽ കണ്ടുപിടിച്ചതും പച്ചേക്കോ ആണെന്നത് ചരിത്രത്തിൽ എഴുതപ്പെടാത്ത മറ്റൊരു യാഥാർഥ്യം. ഇത്തരുണത്തിൽ അറിഞ്ഞിരിക്കേണ്ട ഒരു വ്യക്തിത്വം തന്നെയായ ദുവാർട്ടെ പച്ചേക്കോയെ വിശദമായി പരിചയപ്പെടുത്തുന്ന നോവൽ തന്നെയാണ് കൊച്ചിയുടെ പച്ചേക്കോ. 


ചരിത്രം ഇഷ്ടപ്പെടുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു നോവൽ തന്നെയാണ് കൊച്ചിയുടെ പച്ചേക്കോ. ഇന്ന് സിനിമകളിൽ കാണുന്നതിൽ നിന്നും വ്യത്യസ്തമായി പതിനാറാം നൂറ്റാണ്ടിലെ കേരളത്തെ അത്യാവശ്യം നല്ല രീതിയിൽ തന്നെ രേഖപ്പെടുത്തിരിക്കുന്നു. പ്രത്യേകിച്ചും അന്നത്തെ നാട്ടുരാജ്യങ്ങൾ തമ്മിൽ ഉണ്ടായിരുന്ന പടലപ്പിണക്കങ്ങളും അവർ തമ്മിലുള്ള യുദ്ധങ്ങളും ജാതി സമ്പ്രദായവും ഒക്കെ സത്യസന്ധമായി അനുഭവപ്പെട്ടു. ഒരു നോവൽ എന്ന രീതിയിൽ ഒഴുക്ക് കുറവാണെങ്കിലും പച്ചേക്കോയുടെ ജീവിതത്തിൽ സംഭവിക്കുന്ന ദുരിതങ്ങളിൽ വായനക്കാരിൽ ഒരു വേദനയുളവാക്കുവാൻ നോവലിസ്റ്റിന് സാധിക്കുന്നുണ്ട്. നോവൽ എന്നത് മാറ്റിനിർത്തി ഒരു ചരിത്ര ആഖ്യായിക എന്ന രീതിയിൽ വായിച്ചാൽ വളരെ ഇഷ്ടപ്പെടും. 


രാജ്യത്തിനായി ആത്മാർത്ഥമായി ജോലിചെയ്യുന്ന ഒരാൾക്ക് അസൂയാലുക്കളുടെ ചരടുവലികൾ മൂലം എല്ലാം നഷ്ടപ്പെടുന്നത് എവിടെയും എപ്പോഴും ഉള്ള സംഭവങ്ങൾ തന്നെയാണെന്ന് കാണിച്ചുകൊണ്ട് നോവൽ അവസാനിക്കുമ്പോൾ അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ , പച്ചേക്കോ അദ്ദേഹത്തെ സ്നേഹിച്ച കൊച്ചിയിൽ മടങ്ങി വന്നിരുന്നെങ്കിൽ എന്ന് നാമോരോരുത്തരും ആഗ്രഹിക്കുന്നു എങ്കിൽ അതാണ് നോവലിസ്റ്റിൻറെ വിജയം. 

No comments:

Post a Comment