Sunday, September 8, 2024

പുസ്‌തക പരിചയം - കറുത്തച്ചൻ - എസ്.കെ.ഹരിനാഥ് (Book Review - Karuthachan by SK Harinath)


 പുസ്‌തക പരിചയം - കറുത്തച്ചൻ - എസ്.കെ.ഹരിനാഥ് 

മിസ്റ്ററി വിഭാഗത്തിലെ പുസ്‌തകങ്ങൾ ഇഷ്ടമാണെങ്കിലും അപൂർവ്വമായേ ഹൊറർ ജേർണലിലുള്ള പുസ്തകങ്ങൾ വാങ്ങി വായിക്കാറുള്ളൂ. പണ്ട് ഡ്രാക്കുള വായിച്ച് ഭ്രമം കയറി പിന്നീട് സമീപ വായനശാലകളിൽ നിന്നും ഹൊറർ-മാന്ത്രിക നോവലുകൾ വായിച്ച് മടുത്തത് കൊണ്ടാവാം ഇപ്പോൾ ഒരു താൽപ്പര്യം തോന്നാത്തത്. തന്നെയുമല്ല മിക്കവാറും ഹൊറർ നോവലുകൾക്കും ഒരേ ചട്ടക്കൂട് ആണെന്ന് തോന്നിയിട്ടുണ്ട്. പണ്ട് ബ്രാം സ്റ്റോക്കർ എഴുതി വെച്ചതിൻറെ ചുവടുപിടിച്ച് ഉണ്ടാക്കിയ ഒരു ചട്ടക്കൂട്. ഒരു സാധാരണക്കാരൻ ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു ദുരാത്മാവുമായി മുട്ടേണ്ടിവരുന്നു. പിന്നെ അതിനെ തളയ്ക്കാൻ വാൻഹെൽസിംഗ് നെ പോലെ ഒരു സ്പെഷ്യലിസ്റ്റ് രംഗത്തുവരുന്നു. പിന്നെ അവർ തമ്മിലുള്ള കൊമ്പുകോർക്കൽ. ഫസ്റ്റ് ഹാഫിൽ ദുരാത്മാവ് ലീഡ് ചെയ്യും. ആ സമയത്ത് സ്പെഷ്യലിസ്റ്റിനോ ആദ്യം വന്ന സാധാരണക്കാരനോ വേണ്ടപ്പെട്ട ആരെങ്കിലും പടമാകും. എന്തായാലും ക്ലൈമാക്സിൽ ദുരാത്മാവ് തോറ്റു പിന്മാറും. ചട്ടക്കൂട് ഇതൊക്കെ ആണെങ്കിലും അവതരണത്തിലൂടെ വായനക്കാരനെ പിടിച്ചിരുത്തുക, പേടിപ്പിക്കുക എന്നിവയിലാണ് നോവലിസ്റ്റിൻറെ വിജയം. പേടിപ്പിക്കാൻ ഉണ്ടാക്കിയ സംഭവങ്ങൾ അങ്ങോട്ടോ ഇങ്ങോട്ടോ പാളിപ്പോയാൽ വൻ കോമഡിയായി മാറുന്ന കാഴ്ചകൾ നമ്മൾ മലയാളം ഹൊറർ സിനിമകളിൽ കണ്ടിട്ടുള്ളതുമാണ്. ഏറ്റവും പ്രധാനം കഥയും സന്ദർഭങ്ങളും കാലാനുവർത്തിയായി നിലനിർത്താൻ സാധിക്കണം. ഏത്  കാലഘട്ടം കഴിഞ്ഞാലും അടുത്ത തലമുറക്കാർ വായിച്ചാലും പേടിക്കണം. അതാണ് ഡ്രാക്കുളയുടെ വിജയം. 

ഞാൻ പറഞ്ഞുവന്നത് സമീപകാലത്ത് മലയാളത്തിലെ ഒരു ഹൊറർ നോവൽ നല്ല അഭിപ്രായം നേടി മുന്നേറുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ശ്രീ. എസ്.കെ.ഹരിനാഥ് എഴുതിയ "കറുത്തച്ചൻ" എന്ന നോവൽ. അടുത്തിടെ ആ നോവൽ ഞാൻ വായിച്ചിരുന്നു. 220 പേജുകളുള്ള പുസ്‌തകം പുറത്തിറക്കിയിരിക്കുന്നത് ഗ്രീൻ ബുക്ക്സ് ആണ്. 2023 ഏപ്രിൽ മാസത്തിൽ പുറത്തിറക്കിയ നോവലിൻറെ ആറാം പതിപ്പാണ് ഞാൻ 2024 ജൂലൈ മാസത്തിൽ വാങ്ങിയത് എന്നതിൽ നിന്നും ആ പുസ്തകത്തിന്റെ ജനപ്രീതി മനസിലാക്കാം. കുറേ നാൾക്ക് ശേഷം വായിക്കുന്നതിനാലാവാം നോവൽ മുന്നോട്ടുവെച്ച മിസ്റ്ററി/ ഹൊറർ പശ്ചാത്തലങ്ങൾക്ക് ഒരു ഫ്രഷ്‌നെസ് തോന്നി. തിരുവനന്തപുരത്ത് താമസിച്ചപ്പോൾ ബോണക്കാടും പത്തനംതിട്ടയിലെ നിലക്കൽ പള്ളിയുമൊക്കെ കാണാൻ പോയിട്ടുള്ളതിനാൽ കഥാപശ്ചാത്തലങ്ങൾ നന്നായി കണക്ട് ചെയ്യുവാൻ സാധിച്ചു. ഒരു സിനിമ ആസ്വദിക്കുന്നതുപോലെ വായിച്ചു തീർക്കാവുന്ന ഒരു നോവൽ, ആ ജേർണലിലുള്ള നോവലുകൾ ആവശ്യപെടുന്നതുപോലെ ഒറ്റയിരുപ്പിനുള്ള വായന സാധിക്കുന്ന രീതിയിലെ അവതരണം. മനസിലാക്കിയിടത്തോളം നോവലിസ്റ്റ് ൻറെ ആദ്യ നോവലാണ് കറുത്തച്ചൻ. ആ നിലയിൽ ഏറെ പ്രതീക്ഷ നൽകുന്ന ഒരു എഴുത്തുകാരൻ തന്നെയാണ് ശ്രീ ഹരിനാഥ് എന്ന് നിസംശ്ശയം പറയാം. നല്ല കയ്യടക്കത്തോടെ തന്നെയാണ് ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചിട്ടുള്ളത്. തുടർ ഭാഗങ്ങൾ ഉണ്ടായേക്കാം എന്ന സൂചനയോടെയാണ് നോവൽ അവസാനിപ്പിക്കുന്നത്. ഉണ്ടാകട്ടെ. മികച്ച ഹൊറർ പുസ്തകങ്ങൾ നമ്മുടെ ഭാഷയിലും ജനിക്കട്ടെ. ദുരൂഹതകൾ/ഹൊറർ പശ്ചാത്തലങ്ങൾ കുറച്ചുകൂടെ ഭയം ജനിപ്പിക്കുന്ന രീതിയിൽ അവതരിപ്പിച്ചാൽ മറ്റൊരു തലത്തിലേക്കെത്താം. ഇപ്പോൾ എല്ലാം കണ്മുന്നിൽ കാണുന്നത് പോലെ മനസിലാക്കാം എങ്കിലും ഹൊറർ ആകുമ്പോൾ വായിച്ചു കഴിഞ്ഞാലും ആ കഥാപാത്രങ്ങൾ നമ്മെയും പിന്തുടരുന്നത് പോലെ തോന്നിപ്പിച്ചാൽ ഉജ്ജ്വലമായിരിക്കും. അങ്ങനെ സാധിക്കുന്ന ഒട്ടേറെ കാര്യങ്ങൾ കറുത്തച്ചനിലുണ്ട്. ഇനിയുള്ള രചനകൾക്കായി കാത്തിരിക്കുന്നു. നോവലിസ്റ്റിന്  ആശംസകൾ.

No comments:

Post a Comment