Saturday, June 13, 2026

കൊട്ടിയൂർ അമ്പലദർശനം - ഞാൻ അറിഞ്ഞതും പോകുന്നവർ അറിയേണ്ടതും

കൊട്ടിയൂർ അമ്പലദർശനം - ഞാൻ അറിഞ്ഞതും പോകുന്നവർ അറിയേണ്ടതും 


പത്ത് പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് കൂടെ ജോലിചെയ്തിരുന്ന കണ്ണൂർകാരൻ കൂട്ടുകാരനിൽ നിന്നാണ് കൊട്ടിയൂർ അമ്പലത്തെയും അവിടുത്തെ വൈശാഖ മഹോത്സവത്തെയും കുറിച്ച്  ആദ്യമായി കേൾക്കുന്നത്. കാനനഭംഗിയിൽ മലനിരകൾക്ക് നടുവിൽ ഓലമേഞ്ഞ യാഗശാലകളും മഴയിൽ നനഞ്ഞീറനായി പുഴവെള്ളത്തിൽ നീന്തി വലംവെക്കുന്ന ഭക്തജനങ്ങളും അന്ന് മനസ്സിൽ പതിഞ്ഞു. പിന്നീട് വർഷങ്ങൾ കഴിയുന്തോറും ആ ക്ഷേത്രത്തെയും ഉത്സവത്തെയും പറ്റി കേൾക്കുന്നത് പതിവായി. കഴിഞ്ഞ കുറച്ചുവർഷങ്ങളായി വൈശാഖ മഹോത്സവനാളിൽ സോഷ്യൽ മീഡിയകളിൽ കൊട്ടിയൂർ മഹോത്സവത്തിന്റെ വിശേഷങ്ങൾ ധാരാളമായി വന്നു തുടങ്ങി. ഇക്കുറി വൈശാഖ മഹോത്സവത്തിനോടനുബന്ധിച്ച് ആലപ്പുഴ KSRTC ഡിപ്പോയിൽ നിന്നും പ്രത്യേക സർവീസ് ഉണ്ടെന്നറിഞ്ഞപ്പോൾ ഇക്കുറി ഒന്ന് പോയാലോ എന്നൊരാലോചന മനസ്സിലുദിച്ചു. ജൂൺ 13,14 ദിവസങ്ങളിലായാണ് സർവീസ്. തിരിച്ചും മറിച്ചും ആലോചിച്ച് അവസാനം സീറ്റ് ബുക്ക് ചെയ്യാനായി വിളിച്ചപ്പോഴേക്കും സീറ്റ് മുഴുവൻ ബുക്കിങ് ആയെന്ന് മറുപടി. എന്തായാലും പോകാമെന്ന് മനസ്സിനെ കൊതിപ്പിച്ചു, അതിനാൽ അടുത്ത വഴികൾ തേടി. ആ വിശേഷങ്ങളാണ് ഇക്കുറി.

ചിത്രത്തിന് കടപ്പാട് ഫേസ് ബുക്ക് 


ആദ്യം നമുക്ക് കൊട്ടിയൂർ ക്ഷേത്രത്തെക്കുറിച്ചും അവിടുത്തെ വൈശാഖ മഹോത്സവത്തിന്റെ പ്രത്യേകതകളെക്കുറിച്ചും നോക്കാം. ഒട്ടേറെ പ്രത്യേകതകളുള്ള ക്ഷേത്രമാണ് കൊട്ടിയൂർ. പുരാണങ്ങളിൽ ഏറെ പരാമർശിക്കപ്പെട്ടിട്ടുള്ള ദക്ഷയാഗവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം. ബ്രഹ്‌മാവിന്റെ പുത്രനും പ്രജാപതിയുമായ ദക്ഷൻ ഒരു യാഗം നടത്തി. ദേവകളെ മുഴുവൻ ക്ഷണിച്ചെങ്കിലും ജാമാതാവായ ശിവനെയും പുത്രിയായ സതിയെയും മനഃപൂർവ്വം അവഗണിച്ചു. സ്വന്തം അച്ഛൻ നടത്തുന്ന യാഗമായതിനാൽ അതിൽ പങ്കെടുക്കണമെന്ന് സതീദേവി ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ "നീ അച്ഛന്റെ പ്രിയപ്പെട്ട മോളായിരുന്നെങ്കിലും എന്റെ ഭാര്യ ആയതിനാൽ അച്ഛൻ നിന്നെ അപമാനിക്കും. ബന്ധുജനങ്ങളിൽ നിന്നുള്ള അപമാനത്തേക്കാൾ അഭികാമ്യമാണ് ശത്രുക്കളിൽ നിന്നുള്ള പീഡനം" എന്നുപറഞ്ഞ് നിരുത്സാഹപ്പെടുത്തി. പക്ഷെ സ്വന്തം ഗൃഹത്തിലേക്ക് പോകാൻ ആരും ക്ഷണിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് സതീദേവി യാഗത്തിന് പോയി. അവിടെ എല്ലാ ദേവകൾക്കും യാഗവിഹിതം മാറ്റിവെച്ചിട്ടും ത്രിമൂർത്തികളിൽ ഒരാളായ പരമശിവന് വിഹിതം നൽകിയിട്ടില്ലെന്ന് കണ്ട സതീദേവി കോപിഷ്ഠയായി യാഗാഗ്നിയിൽ ദേഹത്യാഗം ചെയ്തു. ഇതറിഞ്ഞ ശിവൻ കോപാകുലനായി വീരഭദ്രനെയും മറ്റ് ശിവഗണങ്ങളെയും സൃഷ്ടിച്ച് യാഗം മുടക്കുവാനായി അയച്ചു. വീരഭദ്രനും പരിവാരങ്ങളും യാഗശാല തകർക്കുകയും ദക്ഷന്റെ തലയറുക്കുകയും ചെയ്തു. മുടങ്ങിയ യാഗം പൂർത്തിയാക്കുന്നതിനായി ദേവകൾ ശിവനെ സമീപിക്കുകയും ദക്ഷന്റെ തലയിൽ ഒരു ആടിന്റെ തല ചേർത്തുവെച്ച് ജീവൻ നൽകി യാഗം പൂർത്തിയാക്കുവാൻ അനുമതി നൽകുകയും ചെയ്തു. ദക്ഷന്റെ യാഗം നടന്ന ഭൂമിയാണ് കൊട്ടിയൂർ എന്നാണ് വിശ്വാസം. "ദക്ഷിണ കാശി" എന്ന് കൊട്ടിയൂരിനെ വിളിക്കപ്പെടുന്നു (തെക്കൻ കാശി ആയ തെങ്കാശി ഉണ്ടെങ്കിലും കേരളത്തിലെ ദക്ഷിണ കാശി കൊട്ടിയൂർ തന്നെ. ദക്ഷയാഗം നടന്ന സ്ഥലം ഹരിദ്വാറിനടുത്തുള്ള കങ്കൽ ആണെന്ന് പറയപ്പെടുന്നു. അവിടെ ദക്ഷ മഹാദേവ് ക്ഷേത്രം സ്ഥിതിചെയ്യുന്നുണ്ട്. കൊട്ടിയൂർ ആ പുരാണ സംഭവത്തിന്റെ ആചാരപരമായ പുനരാവിഷ്കാരമാണ് എന്നും പറയപ്പെടുന്നു).


പണ്ട് വനത്താൽ മൂടപ്പെട്ട ആ സ്ഥലത്ത് വേട്ടയാടി നടന്ന പ്രാദേശീയരായ കുറിച്യരിൽ ഒരാൾ അമ്പിന് മൂർച്ച കൂട്ടാൻ ഉരച്ചപ്പോൾ കല്ലിൽ നിന്നും രക്തപ്രവാഹം ഉണ്ടാവുകയും അതുകണ്ട് പരിഭ്രമിച്ച കുറിച്യർ സമീപത്തുള്ള പടിഞ്ഞാറ്റയിൽ നമ്പൂതിരിമാരെ വിവരമറിയിക്കുകയും ചെയ്തു. ദേവസാന്നിധ്യം കണ്ടെത്തിയ നമ്പൂതിരി നാട്ടുപ്രമാണിമാരായ നായന്മാരുടെ സഹായത്തോടെ പരിഹാരക്രിയകൾ ആരംഭിച്ചെങ്കിലും രക്തപ്രവാഹം നിലച്ചില്ല. അവസാനം ഇളനീർ അഭിഷേകം ചെയ്തപ്പോളാണ് രക്തപ്രവാഹം നിലച്ചത്. പിന്നീട് ക്ഷേത്രത്തിലേക്കുള്ള ആചാരക്രമങ്ങൾ ചിട്ടപ്പെടുത്തിയത് ശങ്കരാചാര്യർ ആണെന്ന് കരുതപ്പെടുന്നു. 


ബാവലിപ്പുഴയുടെ ഇരുകരകളിലുമായി അക്കരക്കൊട്ടിയൂർ ഇക്കരക്കൊട്ടിയൂർ എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങളാണുള്ളത്. അതിൽ ഇക്കര കൊട്ടിയൂരിൽ സ്ഥിരപ്രതിഷ്ഠയും നിത്യപൂജയും ഉണ്ട്. മൂലസ്ഥാനമായ അക്കരെ കൊട്ടിയൂരിലേക്ക് ശങ്കരാചാര്യർ പോയപ്പോൾ ബാവലി പുഴയോരത്ത് എത്തിയപ്പോൾ നദിയിൽ മുഴുവൻ ശിവലിംഗങ്ങൾ കാണുന്നു എന്നതിനാൽ പുഴ മുറിച്ചുകടക്കാതെ തിരികെ പോയെന്നും വൈശാഖ മഹോത്സവം എന്നപേരിൽ ഇടവത്തിലെ ചോതി മുതൽ മിഥുനത്തിലെ ചിത്തിര വരെയുള്ള 28 ദിവസം അക്കരെ കൊട്ടിയൂരിൽ ദക്ഷയാഗത്തെ അനുസ്മരിപ്പിക്കുന്ന യാഗാദികർമ്മങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു. രണ്ടാം നാളായ വൈശാഖ ദിവസം അമ്പലത്തിലേക്ക് ഭണ്ഡാരങ്ങൾ എഴുന്നള്ളിക്കുന്ന ചടങ്ങിന് ശേഷം മാത്രമേ സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശനമുള്ളൂ. അവസാന മകം നാളിന് ശേഷം സ്ത്രീകൾക്ക് പ്രവേശനവുമില്ല. അതിനാൽത്തന്നെ പ്രവേശനമുള്ള ദിവസങ്ങളിൽ വൻ തിരക്ക് അനുഭവപ്പെടാറുണ്ട്. 


അക്കരെ കൊട്ടിയൂരിൽ അമ്പലങ്ങളില്ല എന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത. അവിടെ പ്രധാനമായും കുറച്ച് തറകളാണുള്ളത്. സ്വയംഭൂ ആയ ശിവലിംഗം കാണപ്പെട്ട മണിത്തറയും സതീ ദേവി ദേഹത്യാഗം ചെയ്‌തെന്ന് കരുതപ്പെടുന്ന അമ്മാറക്കല്ലുമാണ് അതിൽ പ്രധാനം. രക്തം ഒഴുകിയെന്ന് കരുതപ്പെടുന്ന ചുറ്റിലുമുള്ള ചിറ തിരുവാഞ്ചിറ എന്നപേരിൽ അറിയപ്പെടുന്നു. ബാവലിപ്പുഴയിലെ ജലം ഈ ചിറയിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു. ആ ജലത്തിലൂടെയാണ് ഭക്തർ ക്ഷേത്രസങ്കല്പത്തെ വലംവെക്കുന്നത്. ആദ്യ പതിനൊന്ന് ദിവസങ്ങളിൽ ശിവൻ കോപിഷ്ഠനായിരിക്കുമെന്നും ഇളനീരാട്ടം എന്ന വഴിപാടിന് ശേഷമാണ് ദേഷ്യം കുറയുന്നതെന്നും സങ്കല്പം. ഉത്സവം തുടങ്ങുന്ന ദിവസങ്ങളിൽ താൽക്കാലികമായി ഓലയും മറ്റും ഉപയോഗിച്ച് കെട്ടിയുണ്ടാക്കുന്നതാണ്പർണ്ണശാല. ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗക്കാരും സമീപത്തായി 34 താൽക്കാലിക കുടിലുകൾ കെട്ടി താമസിക്കണം. ഓരോ വിഭാഗക്കാർക്കും ഉത്സവത്തിലെ ചടങ്ങുകളിൽ പ്രത്യേക പ്രാതിനിധ്യമുണ്ട്. അവയും ചടങ്ങുകളും വിവരിക്കുന്നില്ല. ഉത്സവം കഴിയുന്ന ചിത്തിരനാളിൽ ഈ താത്കാലിക പർണ്ണശാലയും കുടിലുകളും പൊളിക്കും. പിന്നീട് അടുത്ത ഉത്സവം വരെ അക്കരെ കൊട്ടിയൂരിലേക്ക് ആർക്കും പ്രവേശനമില്ല. ഭണ്ഡാരം എഴുന്നളളത്ത് മുതൽ ഉത്രാടം വരെ ദേവന്മാരുടെ ഉത്സവം. തിരുവോണം മുതൽ ആയില്യം വരെ മനുഷ്യരുടെ ഉത്സവം. മകം മുതൽ ഭൂതഗണങ്ങളുടെ ഉത്സവം എന്നാണ്‌ വിശ്വാസം. ഉത്സവം തീരുമ്പോൾ യാഗം പൂർത്തിയാക്കരുതെന്നാണ് പ്രമാണം. നിർത്തിയ ചടങ്ങുകൾ അടുത്ത ഉത്സവത്തിന്റെ ആദ്യ ദിനങ്ങളിലാണ് പൂർത്തിയാക്കുന്നത്. ഉത്സവദിനങ്ങളിൽ മൂന്ന് നേരം ആനപ്പുറത്ത് നടത്തുന്ന ശീവേലിക്കും പ്രത്യേകതകളുണ്ട്. രണ്ട് ആനകളാണ് പങ്കെടുക്കുന്നത്. മുന്നിലെ ആനപ്പുറത്ത് ഭഗവാനും പിന്നാലെ ഭഗവതിയും ശീവേലിയിൽ പങ്കെടുക്കും. വെടിക്കെട്ട്, ആനകൾക്ക് നെറ്റിപ്പട്ടം, മുത്തുക്കുട തുടങ്ങിയവ ഉണ്ടാവില്ല. യാഗനെയ്യ്, അപ്പം, പായസം എന്നിവയാണ് പ്രധാന പ്രസാദങ്ങൾ. ഇത്തവണ (2026) വില നെയ് 50 രൂപ, പായസം 100 രൂപ, അപ്പം 40 രൂപ എന്നിങ്ങനെയാണ്. വൈശാഖം ഉത്സവനാളുകളിൽ ഇക്കരെ കൊട്ടിയൂർ ക്ഷേത്രം അടച്ചിടും. പൂജകളൊന്നും ഉണ്ടാവില്ല. എന്നാലും മലബാറിന്റെ തനത് രീതിയിൽ നിർമ്മിച്ച ക്ഷേത്രത്തിൽ നല്ല ഭക്തജനത്തിരക്ക് ഉണ്ടാവും. രണ്ട് ക്ഷേത്രപരിസരത്തും ദിനവും സൗജന്യ അന്നദാനം നടത്തപ്പെടുന്നുണ്ട്. വിവിധ സംഘടനകളും മറ്റും നടത്തുന്ന സൗജന്യ ചുക്കുകാപ്പി വിതരണം, ഔഷധകുടിവെള്ള വിതരണം എന്നിവ എവിടെയും കാണാം. ദക്ഷന്റെ യാഗത്തിന് നേതൃത്വം നൽകിയ ഭൃഗു മുനിയുടെ താടി വീരഭദ്രൻ പറിച്ചുകളഞ്ഞതായി പുരാണത്തിലുണ്ട്. അതിനെ അനുസ്മരിപ്പിക്കുന്ന "മുടിപ്പൂ" മുളയിൽ നിന്നും ഉണ്ടാക്കി എല്ലാ കടകളിലും വിൽപ്പനയ്ക്ക് വെച്ചിട്ടുണ്ട്.


ഇനി കൊട്ടിയൂർ എങ്ങനെ എത്തിച്ചേരാമെന്ന് നോക്കാം. തലശ്ശേരിയാണ് അടുത്തുള്ള റയിൽവെ സ്റ്റേഷൻ. അവിടെ നിന്നും 58 കിലോമീറ്റർ ആണ് കൊട്ടിയൂരിലേക്ക്. ഉത്സവ ദിനങ്ങളിൽ എന്നും രാവിലെ 5 മണിമുതൽ ബസ് ഉണ്ടാവും. വൈകുന്നേരം 7.45-8 മണി വരെ കൊട്ടിയൂർ നിന്നും മടക്ക സർവീസ് ഉണ്ടാകും. തിരക്ക് അനുസരിച്ച് സ്‌പെഷ്യൽ സർവീസുകൾ ധാരാളം ഉണ്ടാകും. പ്രൈവറ്റ് ബസുകളും സർവീസ് നടത്തുന്നുണ്ട്. അതിനാൽ തലശേരി എത്തിയാൽ കൊട്ടിയൂർക്കുള്ള കാര്യം പേടിക്കേണ്ട. തെക്കൻ ജില്ലകളിൽ നിന്നും ട്രെയിനിൽ എത്തുന്നവർക്ക് രാവിലെ കുളിക്കാനും പ്രഭാതകർമ്മങ്ങൾ നിർവഹിക്കാനുമുള്ള സൗകര്യം തലശേരി റയിൽവെ സ്റ്റേഷനിലുണ്ട്. അത്യാവശ്യം മികച്ച നിലവാരത്തിൽത്തന്നെ അവ സംരക്ഷിച്ചുപോരുന്നു.  കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളിൽ നിന്നും KSRTC വഴി തലശ്ശേരി/കണ്ണൂർ എത്തിച്ചേരാം. രണ്ടു സ്ഥലങ്ങളിൽ നിന്നും കൊട്ടിയൂർ ബസ് ലഭിക്കും. കൊട്ടിയൂർ ഇപ്പോൾ ധാരാളം താമസസൗകര്യങ്ങൾ ലഭ്യമാണ്. ഹോം സ്റ്റേകളും ധാരാളമുണ്ട്. അത് പ്രയോജനപ്പെടുത്താം. അല്ലെങ്കിൽ തലശ്ശേരി/ഇരിട്ടി തുടങ്ങിയ സമീപ സ്ഥലങ്ങളിൽ താമസിക്കാം. സ്വന്തം വണ്ടിയിൽ വരുന്നവർക്ക് തലശ്ശേരി, കൂത്തുപറമ്പ്, പേരാവൂർ വഴി കൊട്ടിയൂർ വന്യജീവി സങ്കേതത്തിലുള്ള കൊട്ടിയൂർ എത്താം. പാർക്കിങ് സൗകര്യം തിരക്കുള്ള ദിവസങ്ങളിൽ അൽപ്പം ബുദ്ധിമുട്ടായിരിക്കും. ട്രാഫിക് ബ്ലോക്ക് വേറെ. 


എത്തുമ്പോൾ ആദ്യം അക്കരെ കൊട്ടിയൂർ പോകുക. ക്ലോക്ക് റൂമുകൾ പ്രയോജനപ്പെടുത്തി ബാഗുകളും ചെരുപ്പും ഒഴിവാക്കി വേണം പോകാൻ. ബാവലി പുഴയിൽ മുങ്ങി ഈറനണിഞ്ഞ് പോകണമെന്ന് പറയുമെങ്കിലും വൈശാഖാഉത്സവങ്ങളിൽ മഴ ഒരു പ്രധാനഘടകം ആയതിനാൽ ഈറനോടെ പോണമെന്ന് നിർബന്ധം പിടിക്കേണ്ടതില്ല, നനഞ്ഞിരിക്കും. ഇപ്പോൾ അഞ്ചോളം പാലങ്ങൾ അക്കരെയിലേക്ക് വന്നിട്ടുണ്ട്. പണ്ട് പുഴ മുറിച്ചുകടന്നിരുന്നതിനാൽ കുളിയും ആ കൂട്ടത്തിൽ നടക്കും. ഇപ്പോൾ ജനത്തിരക്ക് കൂടിയതിനാൽ പുഴയിലേക്ക് ഇറങ്ങാനുള്ള സ്ഥലങ്ങൾ കുറെയൊക്കെ അടച്ചിട്ടുണ്ട്. അടിയൊഴുക്ക് ഉള്ളതിനാൽ ഇറങ്ങുന്നവർ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പും കൂടെ ആയതോടെ കുളിക്കാൻ ഇറങ്ങുന്നവർ കുറവാണ്. മണിത്തറയിലുള്ള ശിവലിംഗം ദർശിക്കുവാൻ നല്ല തിരക്കുണ്ടാകും. മണിക്കൂറുകൾ ക്യൂവിൽ നിൽക്കേണ്ടിവരും. അതല്ലാതെ തിരുവാഞ്ചിറയിലൂടെ വലത്തുവെച്ച് തൊഴുന്നതിന് ക്യൂ നിൽക്കേണ്ടതില്ല. ഒരു അമ്പലം അല്ലാത്തതിനാൽ വലത്ത് വെക്കുമ്പോൾ നന്നായി തൊഴാനും സാധിക്കും. എവിടെനിന്നും ഭക്തർക്ക് ഭഗവാനെ തൊഴാമെന്നുള്ള സൗകര്യവും ഉള്ളതിനാൽ തിരക്കുള്ള ദിവസങ്ങളിൽ ക്യൂ നിൽക്കേണ്ടതില്ലെന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. 


കന്നഡ വിവാദവും തിരക്കും. ഈയിടെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കൊട്ടിയൂരിനെക്കുറിച്ച് വരുന്ന വാർത്ത അവിടത്തെ തിരക്കിനെക്കുറിച്ചാണ്. അഭൂതപൂർവ്വമായ തിരക്കാണ് ഇക്കുറി (2026ൽ ) കൊട്ടിയൂരിൽ അനുഭവപ്പെടുന്നത്. അതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് കർണ്ണാടകത്തിലെ ഒരു സെലിബ്രിറ്റി നടത്തിയ കൊട്ടിയൂർ സന്ദർശനവും അദ്ദേഹത്തിന്റെ വ്ലോഗുമാണ്. അതുകണ്ട് കന്നഡക്കാർ കൂട്ടമായി എത്തുന്നതാണ് തിരക്കിന് കാരണം എന്നതാണ് ആരോപണം. കന്നഡ രെജിസ്ട്രേഷൻ വാഹനങ്ങൾ കേരളാ രജിസ്‌ട്രേഷൻ വാഹനങ്ങളെക്കാൾ കൂടുതൽ കാണുന്നുണ്ടെന്നത് സത്യം തന്നെയാണ്. കർണ്ണാടക അതിർത്തിയോട് അടുത്തുള്ള ആ അമ്പലത്തിൽ അത് സ്വാഭാവികം തന്നെയാണ്. കോഴിക്കോടിനേക്കാൾ കൊട്ടിയൂരിന്  അടുത്താണ് കർണ്ണാടകത്തിലെ കുടക്. തിരക്കിന് കാരണമായി എനിക്ക് തോന്നുന്നത് ഇക്കുറി സോഷ്യൽ മീഡിയയിൽ വന്ന റീലുകളും വ്ലോഗുകളും ആണെന്നാണ്. തെക്കൻ ജില്ലകളിൽ നിന്നും വൻ ജനപ്രവാഹമാണ് ഇക്കുറി. കേരളത്തിലെ മിക്കവാറും എല്ലാ പ്രധാന ക്ഷേത്രങ്ങളുടെ മുന്നിലും ഇക്കുറി കൊട്ടിയൂർ പരസ്യബോർഡ് കണ്ടിരുന്നു. KSRTC പരസ്യം വേറെ. അങ്ങനെ നല്ലൊരു ക്യാംപെയിൻ ഇക്കുറി ഉണ്ടായിരുന്നു. ഇത്രയും ആളുകളെയും വാഹനങ്ങളെയും ഉൾക്കൊള്ളാൻ കൊട്ടിയൂർ എന്ന വനയോരഗ്രാമത്തിന് സാധിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. സർക്കാർ എല്ലാ സംവിധാനങ്ങളുമൊരുക്കിയിട്ടും * ശബരിമല പോലും ഇപ്പോഴും ഈ പ്രശ്നങ്ങൾ നന്നായി കൈകാര്യം ചെയ്യാൻ സാധിക്കുന്നില്ല. അപ്പോഴാണ് പരിമിതമായ സംവിധാനങ്ങളുള്ള കൊട്ടിയൂർ. അക്കരെ കൊട്ടിയൂരിൽ പോലീസിനേക്കാൾ കൂടുതൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത് ഒരു ഐഡന്റിറ്റി കാർഡ് പോലുമില്ലാത്ത വോളന്റിയർമാരാണ്. അവർ പ്രത്യേകിച്ചും കന്നഡക്കാരോട് അൽപ്പം രൂക്ഷമായാണ് പെരുമാറുന്നത്. ഇവർ ആരാണ് എന്താണ് എന്നറിയാത്തതിനാൽ കന്നഡക്കാർ പ്രതികരിക്കുകയും അത് വിഡിയോകളായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. കർണ്ണാടകയിലെ യുവാക്കൾ ഒരു തീർത്ഥാടനം എന്നതിനേക്കാൾ ഒരു ട്രിപ്പ് ആയാണ് കൊട്ടിയൂർ വരുന്നത്. അവർ ഫോട്ടോയെടുത്തും റീലെടുത്തും ബഹളം വെച്ചും പോകുന്നത് മലയാളികൾക്ക് പിടിക്കുന്നില്ല. കുളിച്ചിട്ട് പഴയ വസ്ത്രങ്ങൾ ഉപേക്ഷിച്ച് പോകുന്നത് മൂലമുള്ള പ്രശ്നങ്ങൾ വേറെ. കൊട്ടിയൂരിലെ ആചാരങ്ങൾ അറിയില്ലാത്തത് മൂലമുള്ള പ്രശ്നങ്ങളാണ് ഏറെയും. അന്യസംസ്ഥാനക്കാർ ശബരിമലയോടാണ് കൊട്ടിയൂരിനെ താരതമ്യം ചെയ്യുന്നത്. അതിനാൽ ശരണം വിളി പോലെ ഉച്ചത്തിൽ വിളിച്ചുകൂവുന്നത് കേൾക്കാം. കണ്ണൂരിലെ ആചാരങ്ങൾ തെക്കൻ ജില്ലകളിൽ നിന്നും തികച്ചും വിഭിന്നമാണ്. അതിനാൽ തെക്ക് നിന്ന് ചെല്ലുന്ന മലയാളികളും മണിക്കൂറുകൾ ക്യൂ നിന്ന് എന്ത് ചെയ്യണം എന്ത് തൊഴണം എന്നറിയാതെ ഇറങ്ങിവരുന്നത് കാണാം. ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുന്നു എന്ന് എല്ലായിടത്തും എഴുതിവെച്ചിട്ടുണ്ടെങ്കിലും കുട്ടികൾ മുതൽ വൃദ്ധർ വരെ അമ്പലം പശ്ചാത്തലമാക്കി ഫോട്ടോ എടുക്കുന്നത് കാണാം. ട്രെൻഡിങ് ആയ സ്ഥലത്ത് എത്തിയത് കാണിക്കാൻ അത് ഉടനെ റീലായും വ്ലോഗായും സ്റ്റോറിയായും (ചിലർക്ക് ബ്ലോഗായും) പോസ്റ്റ് ചെയ്യാതെ സമാധാനം കിട്ടില്ല. ഓരോ കൃമികടി അല്ലാണ്ടെന്താ അതിന് പറയുക. പുഴയോരത്ത് ധാരാളമായി കാണുന്ന കല്ലുകളെ ഏതോ ഒരുത്തൻ ദിലീപിന്റെ സിനിമയിൽ കണ്ട ഓർമയിൽ ഒന്നിന് മേലെ ഒന്നായി അടുക്കി വെച്ചു. ഇപ്പോൾ അവിടെയുള്ള എല്ലാ മരങ്ങൾക്ക് ചുറ്റും കല്ല് അടുക്കി വെച്ചിരിക്കുന്നതിന്റെ ബഹളമാണ്. ചോദിച്ചപ്പോൾ ഒരുത്തൻ പറയുവാ വീട് വെക്കാനുള്ള തടസം മാറാൻ ഇത് നല്ലതാണെന്ന്. ഓരോ ആചാരങ്ങൾ ജനിക്കുന്ന വഴികളേ. 



തിരക്ക് ഇനി ഓരോ വർഷവും കൂടിവരും. കൊട്ടിയൂരിന്റെ പാവനതയെ നശിപ്പിക്കാതിരിക്കണമെങ്കിൽ ദീർഘവീക്ഷണത്തോടെ സമഗ്രമായ പദ്ധതി തയ്യാറാക്കി ഉടനെ നടപ്പിലാക്കണം. പൊന്മുട്ടയിടുന്ന താറാവായി കണ്ടാൽ ശബരിമല പോലെ ഒരു ടൗൺഷിപ്പ് മാത്രമായി ഈ യാഗഭൂമിയും മാറും. അങ്ങനെ ഉണ്ടാവാതിരിക്കട്ടെ എന്ന് ആശിക്കാം.

No comments:

Post a Comment