Thursday, November 19, 2026

റേഡിയോ

റേഡിയോ 

നായകൻ 


എന്റെ ഓർമ്മയുള്ള കാലത്ത് ഞങ്ങളുടെ രണ്ടു മുറിയും ഒരടുക്കളയുമുള്ള ഓലമേഞ്ഞ വീട്ടിലെ ആകെയുണ്ടായിരുന്നത് രണ്ട് ആഡംബര വസ്‌തുക്കളാണ്. ഒരു ഇലക്ട്രോണിക് ഉപകരണവും ഒരു ഇലക്ട്രിക് ഉപകരണവും. കാതിന്റെ ക്ളോസ് റേഞ്ചിൽ വന്നിരുന്ന് മൂളുന്ന കൊതുകിന്റെ ശബ്ദമുള്ള ഒരു ഉഷ പെഡൽ ഫാനായിരുന്നു അതിലെ ഇലക്ട്രിക് ഉപകരണം. കട്ടിലിന്റെ അടുത്തുള്ള മേശയുടെ മുകളിൽ സ്ഥാനം പിടിച്ചിരുന്ന ആ യന്ത്രത്തിനെ അറിഞ്ഞും അറിയാതെയും ഞാൻ തന്നെ പലതവണ മറിച്ച് താഴെയിട്ടിട്ടുണ്ടെകിലും അന്നത്തെ ഉഷ കമ്പനിയുടെ ക്വളിറ്റിയുടെ പ്രതീകമെന്നോണം അഞ്ചാം വയസിൽ എന്നെ സ്കൂളിൽ ചേർക്കുന്ന സമയം വരെ അവൻ ജീവിച്ചു. രണ്ടാമത് ഉണ്ടായിരുന്ന ആഡംബര വസ്തുവാണ് ഈ കഥയിലെ നായകൻ. വീട്ടിലുണ്ടായിരുന്ന ഏക ഇലക്രോണിക് ഉപകരണം. പാനസോണിക് കമ്പനിയുടെ ഒരു റേഡിയോ. 

ആലപ്പുഴയിലെ അച്ഛന്റെ ഓഫീസ് പൊളിക്കാൻ നേരം ലേലത്തിൽ പിടിച്ചുകൊണ്ടുവന്ന് ഞങ്ങളുടെ ഭിത്തിയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന സയന്റിഫിക് കമ്പനിയുടെ ക്ലോക്ക് ആയിരുന്നു സമയം അറിയിക്കുന്നതിനുള്ള ചുമതല വഹിച്ചിരുന്നതെങ്കിലും ഞങ്ങളുടെ ദൈനംദിന കർമ്മങ്ങളെയെല്ലാം നിയന്ത്രിച്ചിരുന്നത് ഈ പരിഷ്ക്കാരി റേഡിയോ ആയിരുന്നു. രാവിലെ ഞാൻ പള്ളിയുണരുമ്പോൾ ആറരയ്ക്കുള്ള പ്രഭാതഭേരി ആരംഭിച്ചിട്ടുണ്ടെങ്കിൽ ലേറ്റ് ആയെന്നർത്ഥം. അങ്ങനെയാണെങ്കിൽ ഏഴ് മണിക്കുള്ള സംസ്കൃത വാർത്തയുടെ ആദ്യ വരി, "ഈയെ ആകാശവാണി സംപ്രതി വാർത്താ ഹെ സൂയം താ, പ്രവാചകോ ബാലദീവാനന്ദ സാഗരഹ: " മുഴുമിപ്പിക്കുന്നതിന് മുൻപ് റേഡിയോ ഓഫ് ആക്കി പൊന്നൻ സാറിന്റെ വീട്ടിൽ ട്യൂഷൻ പോകാൻ സാധിക്കില്ല. ഫലം, താമസിച്ച് ചെന്നതിന് സാറിന്റെ വക ചൂരൽ പെട!. എട്ടുമണിക്ക് ഇംഗ്ലീഷിൽ വാർത്തയും തുടർന്ന് ഹിന്ദി സമാചാറും ഉണ്ടെന്ന് ട്യൂഷൻ ഇല്ലാത്ത ദിവസങ്ങളിൽ മനസ്സിലാക്കിയിരുന്നു. ഡൽഹി റിലേയിൽ നിന്നുമുള്ള ഈ അന്യഭാഷാ വാർത്തകൾ വരുമ്പോഴാണ് റേഡിയോ ഒന്ന് ഓഫ് ആക്കുന്നത്. പൊള്ളേത്തൈ സ്കൂളിൽ നിന്നും ഉച്ചയ്ക്ക് ഊണ് കഴിക്കാൻ വീട്ടിൽ വന്നുകയറുമ്പോൾ "വാതാപി ഗണപതിം ഭജേ" തുടങ്ങിയ സാപ്രീയ സംഗീതം ആയിരിക്കും കേൾക്കുന്നത്. മനുഷ്യന്റെ ക്ഷമ പരീക്ഷിക്കുന്ന ആ സംഗീതം അവസാനിക്കുന്നത് ഒന്നരയുടെ ചലച്ചിത്ര ഗാനങ്ങളോടെയാണ്. ഞാൻ ഏറ്റവും കാത്തിരിക്കുന്ന റേഡിയോ പ്രോഗ്രാം! ചലച്ചിത്ര ഗാനങ്ങൾ വീട്ടിലിരുന്ന് ആസ്വദിക്കുവാൻ പറ്റിയ ഏക അവസരമാണ് റേഡിയോയിലെ ചലച്ചിത്രഗാന പരിപാടി. "സുഷമേ, അതിമനോഹരമായിരിക്കുന്നു" "എന്നെയാണോ?" "അല്ല നിന്റെ ചായ" പുറമെ നിന്ന് നോക്കിയാൽ ചെറിയ ഷോറൂം അകത്ത് അതി വിശാലമായ കാഴ്ചപ്പാട് എന്ന കൊല്ലം സുപ്രീം പരസ്യം, "നിനക്ക് എനിക്ക് എന്ന് ഏവരും വാങ്ങുന്ന നിജാം പാക്ക് തുടങ്ങിയ ഒരു തലമുറയെ ട്രെൻഡിങ്ങിൽ ആക്കിയ പരസ്യങ്ങൾ ഓരോ പാട്ട് കഴിയുമ്പോഴും വരും.അന്നൊക്കെ ആ പരസ്യങ്ങളെ പ്രാകിയിട്ടുണ്ടെങ്കിലും അവ ഉണ്ടാക്കിയ ആ ഓളം ഇന്നോളം മറ്റ് പരസ്യങ്ങൾക്ക് സാധിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. പാട്ട് തുടങ്ങുന്നതിന് മുൻപ് "അടുത്തതായി ചിത്ര പാടിയ ഗാനം കേൾക്കാം, ചിത്രം ചിത്രം " തുടങ്ങിയ പരിചയപ്പെടുത്തലുകൾ ഉണ്ടാകുമെന്നതിനാൽ പാട്ടുകൾ ഏത് സിനിമയിൽ നിന്നാണെന്ന് മനസിലാക്കുവാൻ സാധിച്ചിരുന്നു. പാടുന്നത് ആരാണെന്ന് ആകാംക്ഷയോടെ കാതോർക്കും. എം.ജി ശ്രീകുമാർ ആണെങ്കിൽ താരതമ്യേന പുതിയ പാട്ട് ആയിരിക്കും. യേശുദാസ് ആണെങ്കിൽ വയലാർ എഴുതിയ ഏതെങ്കിലും ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയിലെ ശോകഗാനം ആയിരിക്കും. രണ്ടു മണിക്ക് ഇംഗ്ലീഷ് വാർത്തകൾ തുടങ്ങുന്നത് വരെയാണ് സമയം. സമയം നോക്കാതെ പരിപാടി തീരാറായെങ്കിൽ അറിയാം. അടുപ്പിച്ച് രണ്ട് പാട്ടുകൾ ഇടയിൽ പരസ്യമില്ലാതെ കേൾപ്പിച്ചാൽ മനസിലാക്കാം രണ്ടാമത്തെ പാട്ട് മുഴുവനാക്കാൻ "ദിസ് ഈസ് ഓൾ ഇന്ത്യ റേഡിയോ" സമ്മതിക്കില്ല. മിക്കവാറും അവസാനമായിരിക്കും ആ സാമദ്രോഹികൾ നല്ല പുതിയ പാട്ടുകൾ ഇടുന്നത്. അതും കേട്ട് റേഡിയോയും ഓഫ് ആക്കി സ്കൂളിലേക്ക് ഓടുമ്പോൾ ഉറപ്പാണ്, ഉച്ചകഴിഞ്ഞുള്ള ആദ്യ പിരീഡ് എടുക്കാൻ ടീച്ചർ ക്ലാസിൽ കയറിയിട്ടുണ്ടാകും. കലിപ്പ് സാറന്മാർ ആരെങ്കിലും ആണെങ്കിൽ രണ്ട് അടി കിട്ടാനുള്ള സ്കോപ്പുമുണ്ട്. വൈകുന്നേരങ്ങളിലെ എന്റർടൈൻമെന്റ് പൂർണ്ണമായും സ്വർണ്ണ നിറത്തിലെ നെറ്റുകളുള്ള ഈ സുന്ദരക്കുട്ടനെ ആശ്രയിച്ചാണ്. യുവവാണി, വയലും വീടും, കണ്ടതും കേട്ടതും തുടങ്ങി ഓരോ പരിപാടിയും ആസ്വദിക്കുക മാത്രമല്ല പഠിക്കാൻ ഇരിക്കുവാനെങ്കിലും പരിപാടി തുടങ്ങുന്ന മ്യൂസിക് കേട്ടാൽ കണ്ടതും കേട്ടതും എന്ന 5 മിനിറ്റ് ഇല്ലാത്ത പ്രോഗ്രാം കേൾക്കാൻ പാഞ്ഞ് എത്തുമായിരുന്നു. സീരിയലുകളും സിനിമകളും സീരീസുകളും കടന്നു വരുന്നതിന് മുൻപ് റേഡിയോ നാടകങ്ങൾ ഉണ്ടാക്കിയ ആ ത്രില്ലിംഗ് എക്സ്പീരിയൻസ് ! ഇപ്പോൾ ആലോചിക്കുമ്പോൾ അവിശ്വസനീയമായി തോന്നുന്നു. ഞായറാഴ്ചകളിൽ ഇന്ന് ചാനലുകൾ കാണിച്ചു കൂട്ടുന്ന സൺ‌ഡേ സ്‌പെഷ്യൽ പ്രോഗ്രാമുകൾ പോലെ റേഡിയോയിലും പ്രോഗ്രാമുകൾ വാരി വിതറിയിരുന്നു. ഒരു മണിക്ക് പുതിയ ചലച്ചിത്ര ഗാനങ്ങൾ അണിനിരത്തുന്ന രഞ്ജിനി, 2.15 ന് ഒരു ഫുൾ നാടകം അല്ലെങ്കിൽ ശബ്ദരേഖ. സിനിമ ആസ്വദിക്കാൻ കിട്ടുന്ന അപൂർവ്വ അവസരമായിരുന്നു ശബ്ദരേഖകൾ. വെള്ളിയാഴ്ച രാത്രി 10 മണിക്ക് ഒരു സ്‌പെഷ്യൽ ചലച്ചിത്രഗാനം ഉണ്ടെന്ന് ഞാൻ മനസ്സിലാക്കിയത് പത്താം ക്ലാസിൽ ആയപ്പോഴാണ്. അത്തവണ SSLC പരീക്ഷയിൽ വീട്ടുകാർ പ്രതീക്ഷിച്ച മാർക്ക് എനിക്ക് കിട്ടാതിരുന്നതിൽ പ്രധാന വില്ലൻ ആ പാനസോണിക് റേഡിയോ ആയിരുന്നെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നറിയാം. പക്ഷെ സത്യം ആണത്. വേറൊരു ദുഃശീലവും സമയം പാഴാക്കലും എനിക്കില്ലായിരുന്നു. 

റേഡിയോയെ ഞാൻ ഏറ്റവും ആശ്രയിച്ചിരുന്നത് പക്ഷെ ഇതിനൊന്നും അല്ലായിരുന്നു. ക്രിക്കറ്റ് കമന്ററി. ടിവി ഇല്ലാത്തതിനാൽ ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ സ്കോർ അറിയാനുള്ള ഏക മാർഗം വാർത്ത കേൾക്കൽ ആയിരുന്നു. ഓരോ വാർത്തയിലും സ്കോർ കേൾക്കാൻ കാതോർത്തിരിക്കും. അതിനായി ഇംഗ്ലീഷ് വാർത്തകളും ഹിന്ദി വാർത്തകളും എന്തിന് സംസ്കൃത വാർത്ത വരെ കുത്തിയിരുന്ന് കേട്ടിട്ടുണ്ട്. ആ സമയത്ത് "ഇംഗ്ലീഷ് വാർത്ത വന്നത് ഈ പൊട്ടൻ കേട്ടില്ലേ? റേഡിയോ ഓഫ് ആക്കുന്നില്ലേ ചെക്കാ" എന്നും പറഞ്ഞ് സ്വിച്ച് ഓഫ് ചെയ്യാൻ വന്ന അമ്മൂമ്മ എന്റെ ഭാവമാറ്റം കണ്ട് നാഗവല്ലിയെ കണ്ട നകുലനെ പോലെ പകച്ചിട്ടുണ്ട്. ഒരിക്കലല്ല, പലതവണ. പിന്നീട് ബ്ലൂട്ടി സാറിൽ നിന്നാണ് റേഡിയോയിലെ ഏതോ സ്റ്റേഷനിൽ ക്രിക്കറ്റ് കമന്ററി കിട്ടുമെന്ന് കേട്ടത്. കുത്തിയിരുന്ന് അത് കണ്ടുപിടിച്ചതോടെ ഒരു ക്രിക്കറ്റ് മത്സരത്തിന് ടിക്കറ്റ് കിട്ടിയ ആവേശം ആയിരുന്നു. പക്ഷെ അതിൽ ഒരു കുഴപ്പമുണ്ട് കമന്ററി ഇംഗിഷ്, ഹിന്ദി മാറിമാറി വരും. ഇംഗ്ലീഷ് കേട്ടാൽ കുറച്ചൊക്കെ മനസ്സിലാകും. കുറഞ്ഞത് സ്കോർ എത്രയാണെന്നും ഓവർ എത്രയായെന്നും എത്ര വിക്കറ്റ് പോയെന്നും മനസിലാകും. ഏറ്റവും പ്രധാനം സച്ചിൻ ബാറ്റ് ചെയ്യുന്നുണ്ടോ എന്ന് അറിയാൻ പറ്റും. ഹിന്ദി വന്നാൽ പെട്ട്. "ചാർ" എന്ന് അലറുന്ന കേട്ടാൽ ഫോറടിച്ചെന്ന് മനസിലാകും. ഹിന്ദിയിൽ സ്കോർ പറയുന്നത് മനസിലാക്കാൻ ഏക്, ദോ, തീൻ ആദ്യം മുതൽ എണ്ണി നോക്കണം. പുല്ല്. ഇടക്ക് ചക്ക എന്നൊക്കെ പറയുന്ന കേട്ടു. സിക്സ് ആണെന്ന് തോന്നുന്നു. SSLC പരീക്ഷ നടക്കുമ്പോളുള്ള ഏറ്റവും വലിയ ആഗ്രഹമായിരുന്നു, പരീക്ഷ കഴിഞ്ഞ് ഒരു ദിവസം കുത്തിയിരുന്ന് ഒരു ദിവസത്തെ മുഴുവൻ റേഡിയോ പരിപാടികളും ആസ്വദിക്കണം എന്നത്. പക്ഷെ എന്റെ പരീക്ഷ കഴിഞ്ഞ അന്ന് വൈകുന്നേരം വീട്ടിൽ പുതിയ അതിഥി എത്തിയതോടെ ജീവിതത്തോടും റേഡിയോയോടുമുള്ള എന്റെ വീക്ഷണകോണകം ആകെ മാറി മറിഞ്ഞു. സോളിഡയാർ കമ്പനിയുടെ ഒരു കളർ ടെലിവിഷൻ ആയിരുന്നു ആ അതിഥി!

പരിശുദ്ധ പ്രണയവുമായി നടന്ന നായകൻ ടൗണിലെ കോളേജിൽ ചെന്നപ്പോൾ കിട്ടിയ പരിഷ്‌ക്കാരി പെണ്ണിന്റെ പുറകെ തന്നെ ഉപേക്ഷിച്ച് പോകുന്നതറിയുന്ന നായികയുടെ വേദനയോടെ ഞാൻ അകന്നു പോകുന്നതും നോക്കി പൊടി പിടിച്ച് ടിവി സ്റ്റാന്റിന്റെ മൂലയിൽ ആ റേഡിയോ എന്തിനോ വേണ്ടി കാത്തിരുന്നു. വർഷങ്ങൾ കടന്നു പോയി. സോളിഡയാർ പോയി സോണി വന്നു, തടിച്ച സോണിയെ മാറ്റി മെലിഞ്ഞ LCD ടിവി സാംസങ് എത്തി, LED ടിവി വന്നതോടെ സാംസങ് മാറി പാനസോണിക് വന്നു. 21 ഇഞ്ച് ടിവി വലുതായി 43ഇഞ്ച്, 55 ഇഞ്ച് ഒക്കെ ആയി. 4K ഡോൾബി അറ്റ്മോസ് വന്നു. ഇതിനിടയിൽ യുവത്വം ആഘോഷിക്കാൻ പാനാസോണിക്കിന്റെ ഒരു സ്റ്റീരിയോ ടേപ്പ് റെക്കോർഡർ വന്നു, അക്കായ് ഹോം തിയേറ്റർ വന്നു, അത് പോയപ്പോൾ സോണിയുടെ 5.1 സറൗണ്ട് സിസ്റ്റം വന്നു. ഇതെല്ലാം വന്നതും പോകുന്നതും നോക്കി ഒരു മൂലയ്ക്ക് നമ്മുടെ നായകൻ കാത്തിരുപ്പ് തുടരുന്നുണ്ടായിരുന്നു. കാ പെറുക്കി നടന്ന ഞാൻ എഞ്ചിനീയർ ആയി തിരുവനന്തപുരത്ത് കുട്ടിയും കുടുംബവുമായി താമസിക്കുന്ന സമയത് ഒരു വെളിപാട് ഉണ്ടായി. കുട്ടിക്കാലത്ത് എന്റെ ദിവസങ്ങളെ ഉണർത്തിയിരുന്ന ആ ശബ്ദം എന്റെ കുട്ടിയും ആസ്വദിക്കണ്ടേ. അടുത്ത ആഴ്ച വീട്ടിൽ വന്നപാടെ റേഡിയോടെ പൊടി തട്ടിയെടുത്ത് ഓൺ ആക്കി. അത്ഭുതം! നിർത്തിയപ്പോൾ എങ്ങനെ ആയിരുന്നോ അതുപോലെ തന്നെ ഇപ്പോഴും. ഒരു പരാതിയും പരിഭവവുമില്ലാതെ അവൻ പണി തുടങ്ങി. അങ്ങനെ തിരുവനന്തപുരത്തേക്ക് ചേക്കേറിയതോടെ അവന്റെ രണ്ടാം ജന്മം ആരംഭിച്ചു. എന്റെ ദിവസങ്ങൾ വീണ്ടും പ്രഭാതഭേരിയും പത്രവൃത്താന്തവും ഒക്കെ കേട്ട് ആരംഭിക്കാൻ തുടങ്ങി. 

പത്തിൽ പഠിക്കുമ്പോൾ ഞങ്ങൾ ക്ലാസിൽ റേഡിയോ പരിപാടികളെ കുറിച്ച് ചർച്ച ചെയ്യുമായിരുന്നു. അപ്പോൾ എനിക്ക് ഉണ്ടായിരുന്ന ഏറ്റവും വലിയ വിഷമം ആയിരുന്നു എന്റെ വീട്ടിലെ റേഡിയോയിൽ എഫ്.എം ഇല്ലല്ലോ എന്നത്. എന്റെ വീട്ടിലെ സുന്ദരൻ അതിനും മുൻപ് ജന്മം എടുത്തവൻ ആയിരുന്നെന്ന് തോന്നുന്നു. കാരണം അതിൽ MW എന്ന മീഡിയം വേവ് പരിപാടികൾ മാത്രമേ കിട്ടിയിരുന്നുള്ളൂ. തിരുവനന്തപുരം സ്റ്റേഷനും അതിന്റെ സബ് ആയ ആലപ്പുഴ സ്റ്റേഷനുമാണ് അവന്റെ പ്രധാന വേട്ട മൃഗങ്ങൾ. പണ്ട് ഞായറാഴ്ചകളിൽ പുതിയ പാട്ടുകൾ തേടി ട്യൂൺ ചെയ്യുമ്പോൾ കോഴിക്കോടും ലക്ഷദ്വീപും ഒക്കെ കിട്ടിയിരുന്നു. അച്ഛൻ പറയുമായിരുന്നു. അവൻ പുലിയാ. സിലോൺ റേഡിയോ വരെ കിട്ടുമെന്ന്. 



കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവനൊരു അസ്കിത. രാവിലെ എഴുന്നേറ്റ് ഓൺ ആക്കുമ്പോൾ ഒരു കർണകഠോരമായ നോയിസ് മാത്രം. രണ്ടു മൂന്ന് ദിവസം കാത്തിരുന്നിട്ടും ശരിയാകാതിരുന്നപ്പോൾ മനസൊന്ന് പാളി. എന്നേക്കാൾ പ്രായമുള്ള ആളാണ്. പണ്ട് നാട്ടിൽ കുട്ടൻ മാമനും, തോമസ് ചേട്ടനും സേതു ചേട്ടനുമുൾപ്പെടെ ഒരു കിലോമീറ്റർ ചുറ്റളവിൽ തന്നെ നാലോ അഞ്ചോ റേഡിയോ മെക്കാനിക്കുകൾ ഉണ്ടായിരുന്നു. അന്നൊന്നും ഇവനെ അവരുടെ അടുത്ത് കൊണ്ടുപോകേണ്ടി വന്നിട്ടില്ല. ഇപ്പോൾ കൊണ്ടുപോകാമെന്ന് വെച്ചാൽ അവരൊക്കെ ആ ഫീൽഡ് വിട്ടിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇനി ടൗണിൽ കൊണ്ടുപോയി നന്നാക്കാമെന്ന് വെച്ചാലും ഇവന്റെ ഉള്ളിലുള്ള സ്പെയർ സാധനങ്ങൾ ഇക്കാലത്ത് കിട്ടാനും സാധ്യതയില്ല. അങ്ങനെ വിഷമത്തോടെ ഒന്ന് ട്യൂൺ ചെയ്തപ്പോൾ ഒരു കാര്യം മനസിലായി. ആലപ്പുഴ സ്റ്റേഷൻ മാത്രമാണ് കിട്ടാത്തത്. കോഴിക്കോടും തൃശൂരുമൊക്കെ ഇപ്പോഴും വർക്ക് ചെയ്യുന്നുണ്ട്. അപ്പോഴാണ് പത്രത്തിൽ  ആ വാർത്ത കണ്ടത്. ആലപ്പുഴ സ്റ്റേഷൻ പ്രതിസന്ധിയിൽ ആണത്രേ, മീഡിയം വേവ് എന്ന സാങ്കേതിക വിദ്യ ചിലവേറിയതായതിനാൽ നിർത്താൻ സർക്കാർ ആലോചിക്കുന്നുണ്ടത്രേ. ഇനിയൊരു തിരിച്ചുവരവ് ഇല്ലാത്ത വിധം തന്റേതല്ലാത്ത കാരണത്താൽ വി.ആർ.എസ്‌ എടുക്കേണ്ടി വരുമോ എന്റെ വീട്ടിലെ ഈ പോരാളിക്ക്. ആ ഒരു അവസ്ഥ അവനുണ്ടാകില്ല എന്ന പ്രതീക്ഷയോടെ ആലപ്പുഴ റേഡിയോ സ്റ്റേഷന്റെ ഉയർത്തെഴുന്നേൽപ്പിനായി കാത്തിരിക്കുന്നു. കാത്തിരിപ്പ് നമ്മുടെ ചെക്കന് പുത്തരിയല്ലല്ലോ.ഏത് !