Tuesday, March 1, 2016

അച്ചൻകോവിൽ അരചന്റെ സന്നിധിയിൽ


കേരളത്തിന്റെ ഉൽപ്പത്തിയെപ്പറ്റിയുള്ള പരശുരാമന്റെ കഥ കേട്ടിട്ടില്ലാത്തവർ വളരെ ചുരുക്കമാണല്ലോ. കടലിൽ നിന്നും കേരളത്തെ മഴു എറിഞ്ഞു നേടിയ ശേഷം പരശുരാമൻ ആ ഭൂമി ബ്രാഹ്മണർക്ക് ദാനം ചെയ്തു. അത് കൂടാതെ കേരളത്തിന്റെ സംരക്ഷണാർത്ഥം കേരളത്തിലങ്ങോളം അദ്ദേഹം കുറെ ക്ഷേത്രങ്ങൾ കൂടെ പണി കഴിപ്പിച്ചു പ്രതിഷ്ട നടത്തി എന്നാണ് ഐതിഹ്യം. അതിൽ പ്രധാനപ്പെട്ടതാണ് ശബരിമല ഉൾപ്പെടുന്ന അഞ്ചു ശാസ്താ ക്ഷേത്രങ്ങൾ. ശാസ്താവിനോളം കേരളക്കരയുമായി ബന്ധമുള്ള മറ്റൊരു ഹൈന്ദവ ദൈവം ഇല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ബാക്കി എല്ലാ ദൈവങ്ങളെയും കയ്യടക്കി വെച്ചിരിക്കുന്ന വടക്കേ ഇന്ത്യക്കാർക്കുള്ള ബുദ്ധിപൂർവ്വമായ മറുപടി കൂടെ ആണ് ശൈവ വൈഷ്ണവ സങ്കൽപ്പങ്ങളെ കൂട്ടിച്ചേർക്കുന്ന ശാസ്താവിന്റെ ഐതിഹ്യം. പരശുരാമൻ സ്ഥാപിച്ച അഞ്ചു ശാസ്താ ക്ഷേത്രങ്ങളും ശാസ്താവിന്റെ വിവിധ ഭാവങ്ങൾ കൊണ്ട് വെത്യസ്തമാണ്. കുളത്തുപ്പുഴയിൽ ബാല രൂപത്തിലും, ആര്യങ്കാവ് ബ്രഹ്മചാരിയായ ഒരു യുവാവിന്റെ രൂപത്തിലും, അച്ചൻകോവിലിൽ പൂർണ്ണ- പുഷ്ക്കല സമേതനായി ഗൃഹസ്ഥാശ്രമ ഭാവത്തിലും, ശബരിമലയിൽ സന്യാസരൂപനായും, കാന്ത മലയിൽ വാനപ്രസ്ഥ ഭാവത്തിലും ആണ് ശാസ്താവിനെ കാണാൻ കഴിയുക. ഇതിൽ കാന്തമല ഒഴികെയുള്ള അമ്പലങ്ങൾ ഭക്ത ജനങ്ങൾക്ക് സുപരിചിതം ആണ്. കാന്തമല ആദിവാസി ഗോത്ര വിഭാഗക്കാരുടെ സംരക്ഷണത്തിൽ ഘോര വനത്തിനുള്ളിൽ ആണത്രേ. അവിടത്തെ ഉത്സവത്തിന്‌ ആഴി കൂട്ടുന്നതാണ് ശബരിമലയിൽ മകരവിളക്കിന് തെളിയുന്ന മകര ജ്യോതി എന്നും ഒരു ഐതിഹ്യം ഉണ്ട്. ഈ അഞ്ചു ക്ഷേത്രങ്ങളിൽ ആചാര പരമായും ഐതിഹ്യ പരമായും കുറച്ചു പ്രത്യേകതകൾ നിറഞ്ഞതാണ്‌ അച്ചൻ കോവിൽ അമ്പലം. കഴിഞ്ഞ ദിവസം അവിടം സന്ദർശിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ആ വിശേഷങ്ങളിലേക്ക്.

പത്തനംതിട്ടയിൽ തമിഴ്നാട് അതിർത്തിയോട് ചേർന്നാണ് അച്ചൻ കോവിൽ അമ്പലം സ്ഥിതി ചെയ്യുന്നത്. റാന്നി ഫോറസ്റ്റ് ഡിവിഷന്റെ കീഴിലുള്ള അച്ചൻകോവിൽ വനത്തിനുള്ളിലാണ് അച്ചൻകോവിൽ ടൌൺ സ്ഥിതി ചെയ്യുന്നത്. പമ്പയുടെ പോഷകനദിയായ അച്ചൻകോവിൽ നദി ഇവിടെ കൂടെ ഒഴുകുന്നുണ്ട്. കേരളത്തിൽ ആണ് സ്ഥിതി ചെയ്യുന്നതെങ്കിലും അച്ചൻകോവിലിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാത തമിഴ്നാട്ടിലെ ചെങ്കോട്ടയിലൂടെയുള്ള കൊല്ലം-ആര്യങ്കാവ് ചുരം ആണ്. കേരളത്തിൽ പുനലൂര് നിന്നും, കോന്നിയിൽ നിന്നും അങ്ങോട്ട്‌ കാട്ടിലൂടെ റോഡുകൾ ഉണ്ട്. കേരളത്തിലുള്ള ഒരു അമ്പലം സന്ദർശിക്കാൻ എന്തിനു തമിഴ്നാടിനെ കൂട്ടുപിടിക്കണം എന്ന മൂരാച്ചി ചിന്താഗതിയുമായി ഞാൻ പുനലൂർ വഴിയുള്ള പാത ആണ് തിരഞ്ഞെടുത്തത്. അപ്പോളേ ഗൂഗിൾ മാപ്പ് പറഞ്ഞതാ പോകണ്ടാ പോകണ്ടാന്ന്. എവിടെ കേൾക്കാൻ? വരാനുള്ളത് ഗൂഗിളിൽ തങ്ങില്ലല്ലോ?. നല്ലൊരു ദിവസവും നോക്കി അമ്പലത്തിലേക്ക് പുറപ്പെട്ടു. കൂട്ടിന് ഗൂഗിൾ മാപ്പും. വഴി പുനല്ലൂര് വഴിയുള്ള കാട്ടു വഴി. ഇതുപോലുള്ള അമ്പല സന്ദർശനങ്ങൾക്ക് ഞാൻ സാധാരണ വൈകുന്നേരം ആണ് തിരഞ്ഞെടുക്കാറ്. രാവിലെ ഓടിച്ചു ചെല്ലുമ്പോൾ ചിലപ്പോൾ നട അടച്ചുപോയേക്കും. തിരുവനന്തപുരത്തു നിന്നും നൂറ്റിപ്പത്ത് കിലോ മീറ്ററും അത് താണ്ടാൻ മൂന്നര മണിക്കൂറും ആണ് ഗൂഗിൾ അനുവദിച്ചിരിക്കുന്നത്. അഞ്ചു മണിക്ക് നട തുറക്കുന്ന അമ്പലത്തിലെത്താൻ ഞങ്ങൾ ഊണും കഴിച്ച് ഒന്നരയ്ക്ക് തന്നെ ഇറങ്ങി.

എം സി റോഡിൽ നിന്നും ചടയമംഗലം കഴിഞ്ഞ് അഞ്ചലിലേക്കുള്ള റോഡിലേക്ക് കയറിയപ്പോൾ തന്നെ ഒരു വശപ്പിശക് തോന്നി. വിജനമായ ഒരു ഇടുങ്ങിയ റോഡ്‌. ഇടയ്ക്ക് അഞ്ചലും പുനലൂരും എത്തിയപ്പോൾ മരുന്നിനെന്നപോലെ അൽപ്പം ആൾത്തിരക്ക്. പുനലൂർ കഴിഞ്ഞതോടെ അതും തീർന്നു. എന്നാലും തരക്കേടില്ലാത്ത റോഡ്‌. കുറെ ദൂരം ഓടിക്കഴിഞ്ഞപ്പോൾ ഞങ്ങൾ കരവൂർ എന്നു പറയുന്ന സ്ഥലത്തെത്തി. ഗൂഗിൾ പ്രകാരം അവിടെ മുതൽ ആണ് കാട് തുടങ്ങുന്നത്. പക്ഷെ അവിടെ ചെന്നപ്പോൾ മുന്നിൽ റോഡ്‌ ഇല്ല. പകരം, പണി നടക്കുന്നതിനാൽ വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നു എന്നൊരു ബോർഡ്‌ മാത്രം. അവിടെ തന്നെ ഫോറസ്റ്റിന്റെ ഒരു ചെക്ക്‌ പോയിന്റ്‌ ഉണ്ടായിരുന്നു. അവിടത്തെ ഗാർഡിനോട് വഴിയെപ്പറ്റി തിരക്കി. ബോർഡ് ഒന്നും നോക്കണ്ടാ നേരെ പൊയ്ക്കോ എന്നായിരുന്നു പുള്ളിയുടെ ആഹ്വാനം. പണി നടക്കുന്നതിനാൽ സ്പീഡിൽ പോകാൻ പറ്റില്ല കേട്ടോ എന്നൊരു ഉപദേശവും. പുള്ളിക്ക് നന്ദി പറഞ്ഞു ഞങ്ങൾ കാട് കയറി. റോഡ്‌ ഇല്ല, പകരം ഒന്നര ഇഞ്ചിന്റെ മെറ്റൽ നിരത്തിയിരിക്കുകയാണ്. ഏകദേശം അഞ്ചു കിലോമീറ്ററോളം ചെന്നപ്പോൾ റോഡിൽ മുഴുവൻ വണ്ടി പോകാത്ത വിധത്തിൽ മെറ്റൽ കുറുകെ ഇറക്കിയിരിക്കുന്നു. അവിടെ നിന്ന ഒരു നാട്ടുകാരൻ ഞങ്ങൾക്ക് വേറൊരു വഴി ഉപദേശിച്ചു തന്നു. ഞങ്ങൾ വഴി ചോദിച്ച ചെക്ക്‌ പോസ്റ്റിന്റെ അടുത്ത് നിന്നും വലത്തേക്കുള്ള വഴി ആയിരുന്നു അത്. ഗാർഡിനെയും ഗൂഗിളിനെയും മനസ്സിൽ പ്രാകിക്കൊണ്ട്‌ വണ്ടി തിരിച്ചു. പുതിയ വഴിയിലൂടെ ഒരു എട്ടു കിലോമീറ്ററോളം ചെന്നപ്പോൾ ഞങ്ങൾ ആ പണി നടക്കുന്നതിന്റെ അങ്ങേ അറ്റത്തുള്ള റോഡിൽ ചെന്നു കയറി. ഗൂഗിൾ ഇതിനിടക്ക്‌ ഈ കളിക്ക് ഞാനില്ല എന്നും പറഞ്ഞു പണി മുടക്കിയിരുന്നു. പിന്നെ എല്ലാം വഴിയിൽ അവിടവിടെ കണ്ട നാട്ടുകാർ ആയിരുന്നു ഗൂഗിൾ. പിന്നീടുള്ള ഒരു ഇരുപതു കിലോമീറ്റർ കാട്ടിലൂടെ തന്നെ ആയിരുന്നു യാത്ര. എന്നാലും മുൻ അനുഭവങ്ങളിൽ നിന്നും വെത്യസ്തമായി, ഉണങ്ങി വരണ്ട ആ വനാന്തരീക്ഷം ഒട്ടും നയനാനന്ദകരം അല്ലായിരുന്നു. ഗൂഗിൾ മാപ്പ് എർത്ത് വ്യൂവിൽ റോഡിനോട് ചേർന്ന് ഒഴുകുന്ന അച്ചൻകോവിൽ ആറിനെ കണ്ടു കാട്ടാറിൽ കുളിക്കാനായി തോർത്തും ഡ്രെസ്സും ഒക്കെയായി ചെന്ന ഞാൻ ഉണങ്ങി വരണ്ടു മണൽത്തിട്ടയായി രൂപാന്തരപ്പെട്ട നദിയെ കണ്ടു പകച്ചുപോയി. പണ്ടുകാലത്ത് വനത്തിൽ നിന്നും തടി വെട്ടി ആലപ്പുഴ വരെ ഒഴുക്കിക്കൊണ്ടു  പോയിരുന്ന  ആ പമ്പയുടെ കൈവഴിയിലൂടെ ഇപ്പോൾ നാട്ടുകാരായ ചേച്ചിമാർ ആടിനെയും മേയ്ച്ച്, ചുള്ളിക്കമ്പുകളും ശേഖരിച്ച് കഥകളും പറഞ്ഞു വീട്ടിലേക്കു നടക്കുന്നു. ഞാൻ പോയ സീസണിന്റെ ആകാം. മഴക്കാലത്ത് ഇതേ നദിയെത്തന്നെ ചിലപ്പോൾ ഉഗ്രരൂപിണി ആയി കണ്ടേക്കാം. കാട്ടിൽ നിന്നും കുരങ്ങനെ കാണിച്ചു തരാം എന്നും പറഞ്ഞു കൊണ്ടുപോയ മോൾ, എന്റെ മുഖം തന്നെ കണ്ടുകണ്ട് തൃപ്തിയായി കിടന്നുറക്കമായി. കുറെ ദൂരം ചെന്നുകഴിഞ്ഞപ്പോൾ പെട്ടെന്ന് പൊട്ടിവീണപോലെ അച്ചൻകോവിൽ ടൌണും അതിന്റെ മധ്യഭാഗത്തായി അമ്പലവും പ്രത്യക്ഷപ്പെട്ടു. അഞ്ചരയോടെ ഞങ്ങൾ അവിടെ എത്തുമ്പോളേക്കും ഗൂഗിൾ പറഞ്ഞതിൽ നിന്നും ഇരുപതു കിലോമീറ്റർ കൂടുതൽ ഞങ്ങൾ ഓടിയിരുന്നു.


ഞാൻ നേരത്തെ പറഞ്ഞിരുന്ന പോലെ ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞതാണ്‌ അച്ചൻകോവിൽ ക്ഷേത്രം. പരശുരാമൻ പ്രതിഷ്ടിച്ച മറ്റു ശാസ്താ വിഗ്രഹങ്ങൾ (ശബരിമലയിൽ പോലും) കാലപ്പഴക്കത്തിലും, തീ പിടുത്തത്തിലും ഒക്കെ നശിച്ചുപോയപ്പോളും ഇവിടുള്ള വിഗ്രഹം ഇപ്പോളും കേടുപാടുകൂടാതെ നിലനിൽക്കുന്നു. പത്നിമാരായ പൂർണ്ണ ദേവിയോടും പുഷ്ക്കല ദേവിയോടും കൂടെ ആണ് ധർമ്മ ശാസ്താവിനെ നമുക്ക് കാണാൻ സാധിക്കുന്നത്. പൂർണ്ണ ദേവി, സംതൃപ്തിയെയും പുഷ്ക്കല ദേവി, ഐശ്വര്യത്തെയും പ്രധാനം ചെയ്യുന്നു എന്നാണ് സങ്കല്പ്പം. വലതുകാൽ മടക്കി നിലത്തും ഇടതുകാൽ ഉയർത്തി, മുട്ടിന്മേൽ കൈ വെച്ച നിലയിലും ആണ് അയ്യപ്പ വിഗ്രഹം. റോഡിൽ നിന്നും അമ്പലത്തിലേക്ക് കയറുമ്പോൾ പതിനെട്ടു പടികളും പടികൾക്ക് ഇരുവശത്തുമായി ഗണപതിയുടെയും മുരുകന്റെയും ഉപപ്രതിഷ്ഠകളും കാണാം. മതിൽക്കെട്ടിനകത്ത് കൃഷ്ണൻ, ആദിമൂല ഗണപതി തുടങ്ങിയ ഉപദേവതകളും അമ്പലത്തിന്റെ പിന്നിലായി സർപ്പദൈവങ്ങളും യക്ഷിയമ്മയും ഉള്ളൊരു സർപ്പക്കാവും ഉണ്ട്. അമ്പല മതിലിനെ ചുറ്റി രഥം വലിച്ചുകൊണ്ട് പോകാനുള്ള ഒരു പാത ഉണ്ട്. ധനു മാസത്തിലെ ഉത്സവത്തിലെ പ്രധാന ചടങ്ങാണ് രഥോൽസവം. അമ്പലത്തിൽ നിന്നും ഏകദേശം നൂറുമീറ്റർ കിഴക്കുമാറി ശാസ്താവിന്റെ പരിവാരങ്ങളെ എല്ലാം പ്രതിഷ്ടിച്ചിരിക്കുന്നു. കറുപ്പസ്വാമി ആണ് അതിൽ പ്രധാനി. അയ്യപ്പനെ പ്രീതിപ്പെടുത്താൻ കറുപ്പസ്വാമിയെ പ്രസാദിപ്പിച്ചാൽ മതിയെന്നാണ് ഐതിഹ്യം. കറുപ്പ സ്വാമിയെ കുറിച്ചും അദ്ദേഹത്തിന്റെ ഇഷ്ട വഴിപാടായ കറുപ്പനൂട്ടിനെ കുറിച്ചുമൊക്കെ ഐതിഹ്യമാലയിൽ ധാരാളം കഥകളുണ്ട്.


അച്ചൻകോവിൽ അമ്പലം ഇപ്പോൾ പ്രസിദ്ധമായത് അവിടത്തെ വിഷ ചികിത്സയെ അനുബന്ധിച്ചാണ്. വിഷം തീണ്ടിയവർ ഏതു സമയത്ത് അമ്പലത്തിൽ ചെന്നാലും അവിടെ ഉടൻ നട തുറക്കും. എല്ലാദിവസവും രാവിലെ നട തുറക്കുന്ന സമയത്ത് പൂജാരി അയ്യപ്പൻറെ ഇടത് കയ്യിൽ പ്രത്യേകമായി തയ്യാറാക്കിയ ഒരു കളഭകൂട്ട് വെക്കും. അടുത്ത ദിവസം രാവിലെ മാത്രമേ അത് അവിടെ നിന്നും മാറ്റൂ. വിഷം തീണ്ടിയവർ എത്തിയാൽ ഉടൻ തന്നെ ആ കളഭത്തിൽ നിന്നും കുറച്ച് രോഗിക്ക് കഴിക്കാനും കുറച്ച് വിഷം തീണ്ടിയിടത്ത് തേക്കാനും കൊടുക്കും. അതോടൊപ്പം അൽപ്പം തീർത്ഥവും സേവിക്കാൻ നൽകും. അതോടെ വിഷം ഇറങ്ങും എന്നാണ് വിശ്വാസം. ഇതിന്റെ പിന്നിലുള്ള രഹസ്യവും കളഭകൂട്ടിന്റെ ചേരുവകളും ഇന്നും അജ്ഞാതമായി നിലനിൽക്കുന്നു. ശാസ്ത്രം ഇത്ര പുരോഗതി കൈവരിച്ച ഇക്കാലഘട്ടത്തിലും ധാരാളം ആളുകൾ ഇന്നും അവിടെ ചികിത്സ തേടി എത്തുന്നു എന്നാണ് സമീപവാസികളിൽ നിന്നും അറിയാൻ കഴിഞ്ഞത്.

ഐതിഹ്യങ്ങളുടെ കൂമ്പാരമായ ഐതിഹ്യമാലയിൽ അച്ചൻകോവിൽ ശാസ്താവിനെയും പരിവാരങ്ങളെയും പറ്റി വിശദമായി പ്രതിപാദിച്ചിട്ടുണ്ടെങ്കിലും ഈ വിഷചികിൽസയെ പറ്റി ഒന്നും പറഞ്ഞിട്ടില്ല. ഉദ്ധിഷ്ട കാര്യപ്രാപ്ത്തിക്കായി നടത്തുന്ന കറുപ്പനൂട്ടിനെ കുറിച്ചാണ് അതിൽ കൂടുതലും. അയ്യപ്പൻറെ സുഹൃത്തായ കറുപ്പസ്വാമിയുടെ പ്രീതിക്കായി ഭക്തർ നേരുന്നതാണ് കറുപ്പനൂട്ട്. കറുപ്പസ്വാമിക്ക് പ്രിയപ്പെട്ട കള്ളും കഞ്ചാവും ഭക്ഷണവും തയ്യാറാക്കി, വലിയ ആഴി കൂട്ടി ആയിരുന്നു കറുപ്പനൂട്ട് നടത്തിയിരുന്നത്. പൂജാരി തുള്ളി ഫലം പറഞ്ഞു കൊടുത്തിരുന്നതായും പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ കഥകളിൽ പറയുന്ന പോലെ ആഴി കൂട്ടാറില്ലെന്നും തനിക്കും കൂടെ സൌകര്യപ്രദമായ ദിവസങ്ങളിൽ ആണ് ഇപ്പോൾ കറുപ്പനൂട്ട് നടത്തുന്നതെന്ന് അവിടെ വെച്ച് പരിചയപ്പെട്ട കറുപ്പസ്വാമി നടയിലെ പൂജാരി പറഞ്ഞു. ഏകദേശം എണ്ണായിരം രൂപയോളം ചിലവ് ഒരുദിവസം നീളുന്ന ആ പൂജയ്ക്ക് ഉണ്ടത്രേ. പൂജാ സാധനങ്ങളൊക്കെ അമ്പലക്കാര് തന്നെ മേടിച്ച് നൽകുകയാണ് പതിവ്. ഇപ്പോളും മാസത്തിൽ ഒന്നെങ്കിലും കറുപ്പനൂട്ട് ഭക്തന്മാർ നടത്തിക്കാറുണ്ട്. പൂജ നടത്തുന്നവർക്ക് താമസ സൌകര്യാർത്ഥം ഒരു PWD ഗസ്റ്റ് ഹൗസും അമ്പലത്തോട് ചേർന്നുണ്ട്.

അമ്പല ദർശനം എല്ലാം കഴിഞ്ഞപ്പോൾ ആ വേനലിന് ഒരു ശമനമായി പെട്ടെന്നൊരു മഴ അവിടെ പൊട്ടി വീണു. തികച്ചും അപ്രതീക്ഷിതമായി പെയ്തതിനാൽ മുഴുവൻ നിന്നുകൊണ്ടു. അത് അയ്യപ്പൻറെ അനുഗ്രഹമായി കരുതിയതിനാൽ മനസ്സിൽ ഒരു കുളിർമ്മ തോന്നി. സന്ധ്യ ആയതിനാലും തിരിച്ചും ആ റോഡിലൂടെ ഓടിക്കേണ്ട അവസ്ഥ ഓർത്തിട്ടും തിരിച്ചു ഞങ്ങൾ ചെങ്കോട്ട വഴിയുള്ള റോഡ്‌ ആണ് തിരഞ്ഞെടുത്തത്. കാട്ടിലൂടെ കുറെ ദൂരം പോകണമായിരുന്നു. പക്ഷെ നല്ല റോഡ്‌.


ചെങ്കൊട്ടയ്ക്ക് മുൻപായി പൻപൊലി എന്നൊരു സ്ഥലമുണ്ട്. അവിടെ ഈ അമ്പലത്തിൻറെ പേരിൽ കുറെ കൃഷിഭൂമി ഉണ്ട്. പണ്ടൊരു ബ്രാഹ്മണൻ അമ്പലത്തിന്റെ പേരിൽ എഴുതിക്കൊടുത്ത തരിശായ സ്ഥലം ആണത്. അമ്പലത്തിൻറെ പേരിലായ ശേഷം അവിടെ നല്ല വിളവ്‌ ലഭിച്ചു തുടങ്ങി എന്നാണ് ഐതിഹ്യം. ആ നിലങ്ങളിൽ കൃഷി ചെയ്യുന്ന നെല്ല് ആണ് ഇപ്പോൾ ശബരിമലയിൽ അയ്യപ്പന് വിഷുക്കണി ഒരുക്കാൻ ഉപയോഗിക്കുന്നത്. ചെങ്കോട്ടയിൽ നിന്നും തിരുവനന്തപുരത്തെക്ക് മൂന്നു മണിക്കൂറിനുള്ളിൽ എത്താം. അമ്പലത്തിലേക്ക് പുനലൂരുനിന്നും ചെങ്കോട്ട നിന്നും ബസ് സർവീസ് നടത്തുന്നുണ്ട്. കൂടാതെ ജീപ്പ് സർവിസുകളും ഇപ്പോൾ ഈ റൂട്ടിൽ ഉണ്ട്.

ഓ.ടോ: ചിത്രങ്ങൾക്ക് കടപ്പാട് ഗൂഗിൾ. പിന്നെ എന്റെ മൊബൈലും 

Monday, February 8, 2016

അർത്തുങ്കലെ പള്ളിയിൽ ചെന്നിട്ട്......



കുഞ്ഞുനാളിലെ നിറമുള്ള ഓർമകളിൽ നിറഞ്ഞു നിൽക്കുന്ന  അനുഭവം ആയിരുന്നു അർത്തുങ്കൽ പള്ളിയിലെ പെരുന്നാൾ. ഞങ്ങളുടെ  വീട്ടിൽ നിന്നും ഏകദേശം പത്തു കിലോ മീറ്റർ വടക്ക് ഭാഗത്തായിട്ടാണ് ചരിത്ര പ്രസിദ്ധമായ ഈ പള്ളി നിലകൊള്ളുന്നത്. എല്ലാ വർഷവും ജനുവരി 20 നാണ് അവിടുത്തെ പ്രധാന പെരുന്നാൾ കൊണ്ടാടുന്നത്. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഈ പെരുന്നാൾ "മകരം പെരുന്നാൾ"എന്നും വിളിക്കപെടുന്നുണ്ട്. പെരുന്നാളിന് കൊടി കയറുന്ന ജനുവരി പത്താം തിയതി വൈകിട്ട് നാലു മണിക്ക് പള്ളി അങ്കണത്തിൽ കതിനാ വെടി മുഴക്കുന്ന  ചടങ്ങ് ഉണ്ട്. ഈ വെടി ശബ്ദം കേൾക്കുന്നവർ ഉച്ചത്തിൽ കൂവും. ഈ കൂവൽ  ആൾക്കാർ എല്ലാം അത് ഏറ്റു പിടിച്ച് തുടർന്ന് കൂവും. അങ്ങനെ ആ പെരുന്നാൾ വിളംബരം നിമിഷ നേരത്തിനുള്ളിൽ നാട് മുഴുവൻ പരക്കും. മിനിറ്റുകൾക്കുള്ളിൽ പത്തു കിലോ മീറ്റർ അപ്പുറത്തുള്ള ഞങ്ങളെ പിന്നിടുന്ന ആ കൂവൽ, പന്തളം കൊട്ടാരത്തിൽ വസിക്കുന്ന അർത്തുങ്കൽ വെളുത്തച്ചന്റെ സുഹൃത്ത് അയ്യപ്പൻറെ ചെവിയിൽ വരെ എത്തണം എന്നാണ് ഐതിഹ്യം. വെളുത്തച്ഛന്റെയും അയ്യപ്പന്റെയും സൌഹൃദത്തെ പറ്റി വഴിയെ പറയാം. കുട്ടിക്കാലത്ത് ഞങ്ങൾ എല്ലാ വർഷവും കൊതിയോടെ കാത്തിരുന്ന ഒരു അവസരം കൂടെ ആയിരുന്നു ഈ കൂവൽ വിളംബരം. സ്കൂൾ കഴിഞ്ഞു വീട്ടിലോ വഴിയിലോ ആയിരിക്കും ആ സമയത്ത്. ദൂരെ വടക്ക് ഭാഗത്തുനിന്നും വലിയ ഒരു ഇരമ്പൽ അടുത്തുവരുന്നത്‌ കേൾക്കാം. ആദ്യം തേനീച്ചയുടെ മൂളൽ പോലെയും പിന്നെ കടൽ ഇരമ്പം പോലെയും തോന്നുന്ന അത്, മഴ പെയ്തു അടുത്തേക്ക് വരുന്നതു പോലെ പെട്ടെന്ന് പാഞ്ഞു എത്തും. എവിടെ ആണെങ്കിലും ദൂരെ നിന്നും വരുന്ന ആ ഇരമ്പൽ കേട്ട്, പരമാവധി ഉച്ചത്തിൽ കൂവാറുണ്ടായിരുന്നു. ഒരു കൂവൽ ആണ് കണക്ക് എങ്കിലും രണ്ടും മൂന്നും ഒക്കെ കൂവി കിട്ടിയ അവസരം ആഘോഷിക്കും. ഇന്നിപ്പോൾ കുട്ടികൾ ഒക്കെ ആ സമയത്ത് ട്യൂഷനും മറ്റും ആയി തിരക്കിൽ ആയതോടെ കൂവൽ വിളംബരം ഏതാണ്ട് നിലച്ച പോലെ ആയി. തന്നെയുമല്ല ഒരു പ്രധാന പെരുന്നാൾ തുടങ്ങുമ്പോൾ കൂവി ആണോ ആഘോഷിക്കുന്നെ? എന്നൊക്കെ ഇന്നത്തെ തലമുറ ഒരു വൈക്ക്ലബ്യത്തോടെ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. പെരുന്നാൾ തുടങ്ങുന്നത് ടി വി വാർത്തയിലും, പത്രത്തിലും ഒക്കെ ആയി മാത്രം അറിയാൻ തുടങ്ങി. പാവം അയ്യപ്പൻ!!.ഇതൊക്കെ കാണാറുണ്ടോ എന്തോ?




ജനുവരി പതിനെട്ടിന് സെബസ്റ്റ്യാനോസ് പുണ്യാളന്റെ തിരു സ്വരൂപം പുറത്ത് ദർശനത്തിനായി ഇറക്കുന്നതോടെ പള്ളിയിൽ തിരക്ക് അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തും. നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും നാനാ ജാതി മതസ്ഥർ അർത്തുങ്കലേക്ക് ഒഴുകിയെത്തും. അടൂർ ഗോപാലകൃഷ്ണന്റെ പടം പോലെ കിടന്നിരുന്ന ഞങ്ങളുടെ തീരദേശ റോഡ്‌, ഷാജി കൈലാസ് പടം പോലെ ഫുൾ ബിസ്സി ആയി മാറുന്ന നാളുകൾ ആണത്. സാധാരണ കാണുന്ന പ്രൈവറ്റ് ബസ്സുകൾ കൂടാതെ ആലപ്പുഴ നിന്നും KSRTC ബസ്സുകളും അപ്പോൾ ആ റോഡിൽ വിരുന്നിനെത്തും. അന്നൊക്കെ പള്ളിയിൽ പോകാൻ ആ ബസ്സുകൾ മതി എന്നും പറഞ്ഞു എപ്പോളും പോകാറുള്ള പ്രൈവറ്റ് ബസ്സുകളെ പുശ്ചിച്ചു ബസ് സ്റ്റോപ്പിൽ KSRTC ബസ്സുകൾക്കായി കാത്തു നിൽക്കാറുണ്ടായിരുന്നു. ആലപ്പുഴ, അമ്പലപ്പുഴ തുടങ്ങിയ ദൂര ദേശങ്ങളിൽ നിന്നും കാൽ നടയായി ധാരാളം ആളുകൾ കടപ്പുറത്ത് കൂടെ പള്ളിയിലേക്ക് നടന്നു പോകാറുണ്ട്. അതുകാരണം ധാരാളം ചായ കടകളും മറ്റും കടപ്പുറത്ത് ആ ദിവസങ്ങളിൽ പൊട്ടി മുളക്കും. അങ്ങനെ നടക്കുന്ന ആളുകൾക്ക് അർത്തുങ്കൽ ആയി എന്ന് മനസിലാകാനായി ഒരു കുരിശ് അർത്തുങ്കൽ കടപ്പുറത്ത് വെച്ചിട്ടുണ്ട്. ഇപ്പോൾ അതുപോലത്തെ കുരിശുകൾ കടപ്പുറത്ത് ധാരാളമായി കണ്ടു വരാറുണ്ട് എങ്കിലും അർത്തുങ്കൽ കടപ്പുറത്തെ തിരക്കും ഉത്സവ പ്രതീതിയും ഒക്കെ കൊണ്ട് സ്ഥലം മനസിലാക്കാൻ എളുപ്പമാണ്. കടപ്പുറത്തു നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരം ഉണ്ട് പള്ളിയിലേക്ക്. കടപ്പുറത്തേക്ക് തിരു സ്വരൂപവും വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം ആണ് പെരുന്നാൾ ദിവസത്തെ ഒരു പ്രധാന ചടങ്ങ്. ജനലക്ഷങ്ങൾ പങ്കെടുക്കുന്ന ആ പ്രദക്ഷിണത്തിന്റെ സമയത്ത് ആകാശത്ത് ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ട് അനുഗമിക്കാറുണ്ട്. രോഗ ശാന്തി തേടി ധാരാളം വിശ്വാസികൾ കടപ്പുറത്ത് നിന്നും പള്ളിയിലേക്ക് ശയന പ്രദക്ഷിണവും, മുട്ടിൽ നിരങ്ങലും ഒക്കെ നടത്താറുണ്ട്‌. പുണ്യാളന് അമ്പും വില്ലും സമർപ്പണം, നേർച്ച സമർപ്പണം, അടിമ കൊടുക്കൽ തുടങ്ങിയവ ആണ് മറ്റു പ്രധാന വഴിപാടുകൾ. 2009 ഇൽ ഒന്നര ലക്ഷത്തോളം അമ്പും വില്ലും സമർപ്പണം ഉണ്ടായിരുന്നു എന്നാണ് പള്ളിയുടെ വെബ്‌ സൈറ്റിൽ നിന്നും മനസിലായത്. അതിൽ നിന്നും തന്നെ ആ തിരക്ക് ഒന്ന് ഊഹിക്കാവുന്നതാണ്. ജനുവരി 20 ന് പ്രധാന പെരുന്നാളിന് ശേഷവും എട്ടു ദിവസം കൂടി തിരുനാൾ ആഘോഷങ്ങൾ തുടരും. എട്ടാം പെരുന്നാൾ എന്ന പേരിൽ 27 നാണ് പെരുന്നാൾ സമാപിക്കുന്നത്. വിശുദ്ധന്റെ തിരുസ്വരൂപം നാല്പ്പത് ദിവസത്തോളം പൊതു ദർശനത്തിന് ഉണ്ടായിരിക്കും.


ഇനി അല്പ്പം ചരിത്രത്തിലേക്ക് നോക്കാം. കഥ നടക്കുന്നത് അഞ്ചു പതിറ്റാണ്ടുകൾക്ക് മുന്പാണ്. അന്ന് ആ പ്രദേശം "മൂത്തേടത്" രാജ്യത്തിന്റെ തലസ്ഥാനമായ "മൂത്തേടത്തുങ്കൽ" എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് ആ പേര് ലോപിച്ച് "ഇടത്തുങ്കൽ" എന്നും, കാല ക്രമേണ അത് അർത്തുങ്കൽ എന്നും ആയി മാറി എന്നും ആണ് പറയപ്പെടുന്നത്‌. അന്ന് ആ പ്രദേശത്ത് ധാരാളം ആളുകൾ ക്രിസ്തുമതം സ്വീകരിച്ചു മതം മാറിയതിനാൽ അന്നത്തെ പോർച്ചുഗീസ് മിഷനറിമാർ അവിടത്തെ രാജാവിനോട് ഒരു പള്ളി സ്ഥാപിക്കാൻ ഉള്ള അനുവാദം ചോദിച്ചു. 1581 ഇൽ രാജാവ് അനുവാദം കൊടുക്കുകയും, സമീപവാസികളായ ഹിന്ദുക്കളുടെ കൂടെ സഹായത്തോടെ ഒരു പള്ളി, തടിയും ഓലയും ഉപയോഗിച്ച്  ചെയ്തു. സെന്റ്‌ ആൺഡ്രൂസ് പുണ്യാളന്റെ പേരിൽ നിർമ്മിച്ച ആ പള്ളി ആണ് ഇന്ന് കാണുന്ന അർത്തുങ്കൽ പള്ളിയുടെ പൂർവികൻ. ഇപ്പോളും പള്ളി അറിയപ്പെടുന്നത് ആ വിശുദ്ധന്റെ നാമധേയത്തിൽ തന്നെ ആണ്. ഫാദർ ഗാസ്പർ പയസ് ആയിരുന്നു പള്ളി നിർമ്മിക്കാൻ മേൽനോട്ടം നൽകിയ ആദ്യ വികാരി.

1584 ഇൽ അന്നത്തെ വികാരി ആയിരുന്ന ഫാദർ ജേക്കൊമ ഫെനിഷ്യൊ പള്ളിയെ പുതുക്കി പണിതു. ജന പ്രിയൻ ആയിരുന്ന ആ വികാരി ആണ് പിന്നീട് അർത്തുങ്കൽ വെളുത്തച്ഛൻ എന്ന പേരിൽ പ്രസിദ്ധനായത്‌. നല്ലൊരു വൈദ്യനും അത്ഭുത സിദ്ധികൾ പ്രദർശിപ്പിചിരുന്നവനും ആയ വെളുത്തച്ഛൻ, കളരി അഭ്യാസങ്ങൾ പഠിക്കാൻ ആയി സമീപ ഗ്രാമം ആയ മുഹമ്മയിൽ ഒരു കളരിയിൽ പഠിക്കാൻ ചേർന്ന സമയത്ത് തന്നെ ആണ് പന്തള രാജാവിന്റെ അടുത്ത് നിന്നും കളരി പഠിക്കാനായി അയ്യപ്പനും അവിടെ എത്തിച്ചേർന്നത്. അവിടെ വെച്ചാണ് അവർ തമ്മിൽ സൌഹൃദം പൊട്ടി മുളക്കുന്നത്. ആ സൌഹൃദത്തിന്റെ ഓർമ്മക്കായി ആയിരക്കണക്കിന് അയ്യപ്പഭക്തന്മാർ ശബരിമല ദർശനം കഴിഞ്ഞ് അർത്തുങ്കൽ വെളുത്തച്ഛനെ കാണാനായി എത്താറുണ്ട്. അതിനു ശേഷം മാത്രമേ മാല ഊരി വ്രതം മുറിക്കാവൂ എന്നൊരു വിശ്വാസവും നിലവിലുണ്ട്. അങ്ങനെ വരുന്ന ഭക്തർക്ക് കുളിച്ചു മാല ഊരി വ്രതം മുറിക്കാനുള്ള അവസരം പള്ളിയിൽ തന്നെ ഒരുക്കിയിട്ടുണ്ട്. മത സൌഹാർദ്ദത്തിന്റെ മകുടോദാഹരണമായിട്ടാണ്  വെളുത്തച്ഛൻ-അയ്യപ്പൻ സൌഹൃദത്തെ കാണുന്നത്.



1632-ഇൽ വെളുത്തച്ഛൻ കാലം ചെയ്ത ശേഷമാണ് പടിഞ്ഞാറേക്ക് ദർശനം ആയ രീതിയിൽ ഒരു പള്ളി പണി കഴിപ്പിച്ചത്. 1647 ഇലാണ് ഇറ്റലിയിലെ മിലാനിൽ നിർമ്മിച്ച വിശുദ്ധ സെബസ്റ്റ്യാനോസ് പുണ്യാളന്റെ തിരു സ്വരൂപം അർത്തുങ്കൽ പള്ളിയിൽ സ്ഥാപിക്കപ്പെട്ടത്‌. അക്കാലത്തു നിർമ്മിച്ച ആ പഴയ പള്ളി ഇപ്പോളും കേടുപാടുകൾ കൂടാതെ സമീപത്തായി സംരക്ഷിച്ചു പോരുന്നുണ്ട്. ഈ പള്ളിയിൽ വെച്ചാണ് 1829 ഇൽ വിശുദ്ധ ചാവറ കുര്യാക്കോസ് അച്ഛൻ പൌരോഹത്യം സ്വീകരിച്ചത്. അദ്ദേഹത്തിന്റെ സേവനങ്ങളാൽ പള്ളി കൂടുതൽ അനുഗ്രഹീതമായി. ഇപ്പോൾ കാണുന്ന പുതിയ പള്ളിയുടെ പണി ആരംഭിച്ചത് 1910 ഓടു കൂടിയാണ്. പൂർണ്ണമായും കരിങ്കല്ലിൽ ആണ് ഇതിന്റെ പണി തീർത്തിരിക്കുന്നത്. 1967 ഇൽ ദേവാലയം ആശിർവദിക്കപ്പെട്ടു. 2010 ഇൽ ഈ ദേവാലയം ബസലിക്ക ആയി പ്രഘ്യാപിക്കപ്പെട്ടു. ആലപ്പുഴ ജില്ലയിലെ ആദ്യത്തെയും, കേരളത്തിലെ ഏഴാമത്തെയും ബസലിക്ക ആണ് അർത്തുങ്കൽ ബസലിക്ക. പള്ളിയിൽ സ്ഥാപിച്ചിരിക്കുന്ന പഞ്ചലോഹ നിർമ്മിതമായ മണി അതിന്റെ പഴമ കൊണ്ടും ശബ്ദ ഗാംഭീര്യം കൊണ്ടും വളരെ പ്രശസ്തമാണ്. പണ്ടുകാലങ്ങളിൽ ആ മണിയുടെ മുഴക്കം കിലോമീറ്ററുകൾ അപ്പുറത്തുള്ള ചേർത്തല ചന്തയിൽ വരെ കേൾക്കാമായിരുന്നത്രേ.

ആലപ്പുഴ- ചേർത്തല തീരദേശ പാതയുടെ അരികിലായാണ്‌ ഈ പള്ളി സ്ഥിതി ചെയ്യുന്നത്. NH 47 നു സമാന്തരം ആയി കിടക്കുന്ന ഈ റോഡിൽ എത്തിയാൽ പള്ളിയിലേക്കുള്ള യാത്ര വളരെ എളുപ്പമാണ്. ആലപ്പുഴ നിന്നും ചേർത്തല നിന്നും ധാരാളം ബസ് സർവീസുകൾ ഇപ്പോൾ ആ റോഡിൽ ഉണ്ട്. NH ലൂടെ ആലപ്പുഴ നിന്നും വരുന്നവർക്ക് കണിച്ചുകുളങ്ങര നിന്നോ, അത് കഴിഞ്ഞുള്ള പതിനൊന്നാം മൈൽ നിന്നോ ഇടത്തേക്ക് പോകുന്ന റോഡിലൂടെ തീരദേശ പാതയിൽ എത്താവുന്നതാണ്. അടുത്തുള്ള റെയിൽവെ സ്റ്റെഷൻ, ചേർത്തല ആണ്.

ഓ.ടോ : ചിത്രങ്ങൾക്ക് കടപ്പാട് സാക്ഷാൽ ഗൂഗിളിനോട്. വിവരങ്ങൾക്ക് കടപ്പാട് വിക്കി പീഡിയയ്ക്കും പള്ളി വെബ്‌ സൈറ്റിനും.

Wednesday, February 3, 2016

ഇടവേളക്ക് ശേഷം

യാത്ര ഇഷ്ടപ്പെടാത്തവർ ആയി അധികം ആളുകൾ ഉണ്ടാകും എന്ന് തോന്നുന്നില്ല. സ്ഥിരം കാണുന്ന കാഴ്ചകളിൽ നിന്നും വെത്യസ്ഥമായ കാഴ്ചകൾ തേടി അലയാൻ കൊതിക്കുന്ന സ്വഭാവം മനുഷ്യസഹജം ആണ്. എന്നാൽ സാമ്പത്തികവും, ചുമതലകളുടെ ഭാരവും, ആരോഗ്യവും  നമ്മളെ പിന്തിരിപ്പിക്കാറാണ് പതിവ്. അത് കൊണ്ട് തന്നെ യാത്രികരുടെ അനുഭവക്കുറിപ്പുകൾ എന്നും എവിടെയും വായനക്കാരെയും പ്രേക്ഷകരെയും ആകർഷിച്ചിട്ടുണ്ട്. നമ്മുടെ തന്നെ, എസ് കെ പൊറ്റക്കാട്‌ മുതൽ സന്തോഷ്‌ ജോർജ് കുളങ്ങര വരെ ഉദാഹരണങ്ങൾ. സഞ്ചാരം ഡി വി ഡി കളുടെ പ്രചാരം തന്നെ വല്ലാതെ അത്ഭുതപ്പെടുത്തി എന്ന് അദ്ദേഹം ഒരു ചർച്ചയിൽ പറഞ്ഞത് ഓര്ക്കുന്നു. ആ ഒരു ധൈര്യത്തിൽ ആണത്രേ അദ്ദേഹം ഒരു ചാനൽ തന്നെ തുടങ്ങിയത്. മലയാളം ബ്ലോഗ്ഗിങ്ങിന്റെ ഒരു സുവർണ്ണ കാലഘട്ടത്തിന്റെ സ്വാധീനത്തിൽ ഒരു ബ്ലോഗ്ഗർ ആകാൻ ഇറങ്ങിത്തിരിച്ച എനിക്ക് പിന്നീട് അതിൽ തുടർന്ന് പോകാൻ സാധിച്ചില്ല. ജോലിത്തിരക്കും പ്രാരാബ്ധങ്ങളും ഒക്കെ ഒരു കാരണമായി പറയാം. എങ്കിലും ഒരു അവസരം കിട്ടിയപ്പോൾ വീണ്ടും ഇതിൽ എന്റെ ചെറിയ ചെറിയ യാത്രാ വിശേഷങ്ങൾ പങ്കുവെച്ചു തുടങ്ങാമെന്ന് വിചാരിക്കുന്നു. എന്തരാകുമോ എന്തോ?

ഇത്രേം നാളത്തെ ഒരു ഇത് വെച്ച് നോക്കിയാൽ, ഒരു യാത്ര പോയി എന്ന് പറയണമെങ്കിൽ അത് ആ യാത്രക്ക് വേണ്ടി തന്നെ ആകണം. അല്ലാതെ കല്യാണം കൂടാൻ പോകുന്ന വഴിക്കും, ജോലിയുടെ ഭാഗമായിട്ടും ഒക്കെ പോകുന്ന വഴിക്ക് ഓരോ സ്ഥലങ്ങൾ കാണുന്നത് ഒരിക്കലും പൂർണ്ണം ആകണമെന്നില്ല. ആ കണക്കിന് നോക്കിയാൽ ഞാൻ നടത്തിയ യാത്രകൾ വിരലിൽ എണ്ണാൻ പോലും ഇല്ല.

ജീവിതം തന്നെ ഒരു യാത്ര ആണല്ലോ!!!വേറെ എന്തെങ്കിലും കുറിക്കണം എന്നുണ്ടെങ്കിൽ അത് ഈ പേരിൽ ഒതുക്കാം. അല്ല പിന്നെ.

Friday, April 19, 2013

ആലപ്പുഴയിലെ ആദിത്യപൂജ

ആലപ്പുഴ ജില്ലയിൽ മീനം - മേടം മാസങ്ങളിൽ സാധാരണ നടത്തി വരാറുള്ള ഒരു ആചാരം ആണ് ആദിത്യപൂജ. മേടം പത്തിനു (പത്താം ഉദയത്തിനു) മുൻപ് ഈ പൂജ നടത്തുകയാണ് പതിവ്. ക്ഷേത്ര അങ്കണങ്ങൾക്ക് പുറമേ കാവുകളിലും പാടശേഖരങ്ങളിലും മറ്റും ഈ ആചാരം നടത്താറുണ്ട്‌. ശവസംസ്കാരം നടന്നിട്ടില്ലാത്ത ഏതൊരു പുരയിടവും ആദിത്യപൂജക്ക് ഉത്തമം ആണ് . മതപരമായ ഒരു ആചാരത്തെക്കാൾ ഇതൊരു കാർഷിക അനുഷ്ഠാനം ആണെന്ന് പറയാം. അനുഷ്ഠാനങ്ങൾ ഏറെക്കുറെ ആധുനികവല്കരിച്ചിട്ടുന്ടെങ്കിലും നാട്ടുകാരുടെ ഒത്തൊരുമയ്ക്ക് ഒരു വേദി ആകാൻ ഇപ്പോളും പൂജ സ്ഥലങ്ങള്ക്ക് സാധിക്കാറുണ്ട് . സൂര്യന്റെ കാഠിന്യം ഏറ്റവും അനുഭവപ്പെടുന്ന (സൂര്യൻ ഭൂമിയോട് ഏറ്റവും അടുത്ത് നില്ക്കുന്ന) ഈ സമയത്ത് സൂര്യകോപത്തിന്റെ തീവ്രത കുറയുന്നതിനും അടുത്ത കാര്ഷിക സീസണ്‍ തുടങ്ങുന്നതിനു മുൻപായി കാർഷിക രക്ഷകനായ സൂര്യ ഭഗവാന്റെ അനുഗ്രഹം നേടുന്നതിനും ആണ് ഈ ആചാരം നടത്തുന്നത് എന്നാണ് പഴമൊഴി. 

ഈ വിഷു ദിനത്തിൽ നടന്ന ആദിത്യ പൂജയുടെ വിശേഷങ്ങളിലൂടെ.









കാവും കുളവും കൊയ്ത്തു പാടവും ചേർന്ന മനോഹരമായ സ്ഥലമാണ് പൂജസ്ഥലം. കുളം വെട്ടി കാവും പരിസരവും വൃത്തിയാക്കുന്നതോടെ പൂജയുടെ ചടങ്ങുകൾ ആരംഭിക്കുന്നു. പൂജയിൽ പങ്കെടുക്കുന്ന സമീപവാസികൾ തന്നെ ആണ് എല്ലാ പ്രവര്ത്തനങ്ങളും ചെയ്യുന്നതു. പൂജക്ക്‌ ആവശ്യമായ സാധനങ്ങൾ സംഘടിപ്പിക്കൽ ആണ് അടുത്ത ചടങ്ങ്. നെല്ല്, തേങ്ങ, ശർക്കര തുടങ്ങിയവ ആണ് പ്രധാനം. പൂജാപ്പം ഉണ്ടാക്കുന്ന എണ്ണ സാധാരണ പോലെ ആട്ടി അല്ല എദുക്കുന്നതു. പച്ച തേങ്ങാ ചുരണ്ടി അതു തിളപ്പിച്ച്‌ വറ്റിച്ചു പാൽ പിഴിഞ്ഞ്‌, അത് തെളിച്ചു ഉണ്ടാകുന്ന എണ്ണ ആണ് ഉപയോഗിക്കുന്നത്. അത് കൊണ്ട് തന്നെ ഒരു അപ്പത്തിനു തന്നെ അഞ്ചു തേങ്ങയുടെ ആവശ്യം വരും. പൂജക്കായി പ്രത്യേകം കുഴിച്ച കുളത്തിലെ വെള്ളം വേണം പൂജ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ. എണ്ണ പോലെ തന്നെ പൂജാപ്പം ഉണ്ടാക്കുന്ന അരിപ്പൊടിക്കും ഉണ്ട് പ്രത്യെകത. സാധാരണയിൽ നിന്നും വെത്യസ്തമായി നെല്ല് വേവിക്കാതെ കുത്തി എടുക്കുന്ന കുത്തരി ഉരലിൽ ഇട്ടു പൊടിച്ചാണ് ഇതുണ്ടാക്കുന്നത്. 





പൂജക്ക്‌ മുൻപായി കാവിൽ സർപ്പങ്ങൾക്ക് തളിച്ചുകൊട നടത്താറുണ്ട്‌. ലവണാംശം കൂടിയ ആലപ്പുഴയുടെ തീരപ്രദേശങ്ങൾ ഒട്ടും കൃഷിക്ക് അനുയോജ്യമല്ല. സർപ്പങ്ങൾ അവയുടെ നാവ് ഉപയോഗിച്ചു ലവണാംശം വലിച്ചെടുക്കും എന്നാണു ഐതിഹ്യം. കടലിൽ  മഴു എറിഞ്ഞു കേരളം രൂപീകരിച്ച പരശുരാമൻ ആണത്രേ ഈ ബുദ്ധി അന്ന് കേരളത്തിൽ കുടിയേറി പാർക്കാൻ വന്ന ബ്രാഹ്മണർക്ക് ഉപദേശിച്ചത്.  അതിനാൽ തന്നെ കേരളത്തിലെ പ്രമുഖ നാഗ ക്ഷേത്രങ്ങൾ ആലപ്പുഴയിൽ ആണ് ഉള്ളത്. തളിച്ചുകൊട കഴിഞ്ഞാൽ ആദിത്യ സ്തുതിയും ഭജനയും നടത്തും. 





രാത്രി ആണ് അപ്പം ഉണ്ടാക്കൽ തുടങ്ങുന്നത്. പഴം, കല്ക്കണ്ടം, ഉണക്കമുന്തിരി, ഈന്തപ്പഴം, നെയ്യ്‌ തുടങ്ങിയവ കുഴച്ചു പഞ്ചാമൃതം പോലെ ആക്കും. ഇതിൽ ശർക്കരപ്പാനി ചേർത്ത് കുഴമ്പ് പോലെ ആക്കും. ഇതിലേക്ക് ആണ് മുൻപേ തയ്യാറാക്കി വെച്ച അരിപ്പൊടി ചേർക്കുന്നത്. കുഴക്കാൻ കൂടെ കരിക്കിൻ വെള്ളം ആണ് ഉപയോഗിക്കുന്നത്. മേമ്പൊടി ആയി ശുദ്ധമായ മധുരക്കള്ളും അൽപ്പം ചേർക്കാറുണ്ട്. മിശ്രിതം തയ്യാറായി കഴിഞ്ഞാൽ അപ്പം ചുടാൻ തുടങ്ങും. ചെറിയ ഓട്ടു ഉരുളിയിൽ ആണ് അപ്പം ചുടുന്നത്. ഒരു അപ്പം ശരിയാകാൻ ഏകദേശം അര മണിക്കൂർ എടുക്കും. 




















ചുട്ടുകഴിഞ്ഞ അപ്പം പാത്രങ്ങളിൽ താലം ആയി അടുക്കുന്നു. ഒരു കിണ്ണത്തിൽ ഏഴ് അപ്പങ്ങൾ ആണ് വെക്കുന്നത്. നടുക്ക് തേങ്ങാ മുറിയിൽ തിരി ഇട്ടു വെക്കും. അപ്പത്താലങ്ങൾ പൂജക്കായി ഒരുക്കി നിരത്തി കഴിഞ്ഞാൽ പിന്നെ പൂജ തുടങ്ങാം. പന്ത്രണ്ട് മണിക്ക് മുൻപായി താലം ഉയർത്തണം എന്നാണ് നിയമം. പൂജിച്ച താലത്തിനു സമീപം താലത്തിന്റെ അവകാശികൾ നില്പ്പ് ഉറപ്പിക്കും. പിന്നീടു എല്ലാവരും ഒരുമിച്ചു മൂന്നു പ്രാവശ്യം ഉയരത്തി സൂര്യനു നിവേദിക്കും. സ്ത്രീകൾ കുരവ ഇടുകയും പുരുഷന്മാർ ആർപ്പു വിളിക്കുകയും ചെയ്തു കൊണ്ടാണ് പൂജാപ്പം ഉയർത്തുന്നത്. 





എല്ലാവരും കുടുംബസമേതം ഒരുമിക്കുന്ന ഈ രണ്ടു ദിവസം ശരിക്കും ഒരു ആഘോഷം തന്നെ ആണ്. കുട്ടികൾ അവധിക്കാലം പടക്കം പൊട്ടിച്ചും വിവിധ കളികളിൽ ഏർപ്പെട്ടും പൂജസ്ഥലത്ത്‌ ആഘോഷിക്കും. മുതിർന്നവർ പാചകത്തിലും പൂജ ചടങ്ങുകളിലും മുഴുകും. എല്ലാവരുടെയും രണ്ടു ദിവസത്തെ ഭക്ഷണം അവിടെ തന്നെ ഉണ്ടാക്കുന്നത്‌ ആയിരിക്കും. പൂജപ്പത്തിന്റെ പണികൾ കഴിഞ്ഞു വിഷുക്കണിയും ഉണ്ടാക്കി കഴിയുമ്പോൾ നേരം പുലരും. എല്ലാവരും ചേർന്നുള്ള വിഷു അങ്ങനെ അതിന്റേതായ തനിമയോടെ ആഘോഷിച്ച സംതൃപ്തി ആയിരുന്നു എല്ലാവർക്കും. 

Thursday, May 26, 2011

ഒരു കുളംവെട്ടു കഥ

കുട്ടിക്കാലത്ത് മധ്യവേനല്‍ അവധിക്കു സ്കൂള്‍ അടച്ചാല്‍ ആദ്യം മനസ്സില്‍ ഓടിയെത്തുന്ന രണ്ടു കാര്യങ്ങള്‍ ആയിരുന്നു വിഷുവും നാട്ടിലെ കുളംവെട്ടും. വിഷു എന്നാല്‍ ഒരു ഉത്സവം ആണെങ്കില്‍ കുളംവെട്ടു ഒരു ആഘോഷം തന്നെ ആണ്. നാട്ടിന്‍ പുറങ്ങളില്‍ അപ്രത്യക്ഷം ആയി കൊണ്ടിരിക്കുന്ന ആ കാര്‍ഷിക ആഘോഷം ഇപ്പോള്‍ അങ്ങനെ ഇല്ല എന്ന് തന്നെ പറയാം. കുളം ഉണ്ടെങ്കില്‍ അല്ലെ കുളം വെട്ടേണ്ട ആവശ്യം ഉള്ളൂ. തൊഴിലിന്റെയും അര്‍ഹിക്കുന്ന വേതനത്തിന്റെയും അഭാവം തൊഴിലാളികളെയും, തൊഴിലാളികളുടെ അഭാവം വീട്ടുകാരെയും കുളം വെട്ടില്‍ നിന്നും അകറ്റുന്നു. JCB യുടെ വരവോടെ കുളം കുഴിക്കുകയും മൂടുകയും ചെയ്യുന്നത് ഒരു മണിക്കൂറില്‍ കൂടുതല്‍ ഉള്ള ഒരു കാര്യമേ അല്ലാതായിരിക്കുന്നു. കഴിഞ്ഞ ദിവസം, വര്‍ഷങ്ങള്‍ കൂടി വീട്ടിലെ കുളം വെട്ടുകയുണ്ടായി. യാതൊരു യന്ത്ര സഹായവും കൂടാതെ തികച്ചും മനുഷ്യ പ്രയത്നത്തില്‍ മാത്രം നടന്ന അതിന്റെ ചില ചിത്രങ്ങള്‍ ഞാന്‍ ഇവിടെ കൊടുക്കുന്നു.



അതിനു മുന്‍പ് ആലപ്പുഴയിലെ കുളങ്ങളെ കുറിച്ചും പ്രത്യേകിച്ച് തീര പ്രദേശങ്ങളില്‍ ഉള്ള നാട്ടുകാര്‍ക്ക് കുളങ്ങളും ആയുള്ള (ഉണ്ടായിരുന്ന) ബന്ധത്തെ പറ്റി ഒന്ന് പറയാം. കുളം എന്ന് പറയുമ്പോള്‍ മനസ്സില്‍ അമ്പല കുളങ്ങളും സിനിമകളില്‍ കാണാറുള്ള വള്ളുവനാടന്‍ കുളങ്ങളും ആയിരിക്കും പൊതുവേ മനസ്സില്‍ വരുന്നത്. അര ഏക്കറോളം വരുന്ന പടവുകള്‍ കെട്ടിയ, പച്ച നിറത്തിലെ ജലം നിറഞ്ഞ ആ കുളങ്ങളെ പറ്റി അല്ല ഞാന്‍ ഇവിടെ പറയുന്നത്. പണ്ടുകാലത്ത് തെങ്ങ് കൃഷി വ്യാപകം ആയിരുന്നപ്പോള്‍ കുടങ്ങള്‍ ഉപയോഗിച്ചുള്ള കൈ നന ആയിരുന്നു പൊതുവേ ഉപയോഗിച്ചിരുന്നത്. നന മഷീനുകള്‍ വരുന്നതിനു മുന്‍പുള്ള കാര്യം ആണ് . ഒരു ഏക്കര്‍ ഉള്ള സ്ഥലത്ത് മൂന്നോ നാലോ കുളങ്ങള്‍ ഓരോ അതിരിലും ആയി കാണും. മൂന്നു മുതല്‍ അഞ്ചു സെന്റു വരെ ആയിരിക്കും ഒരു കുളത്തിന്റെ വലുപ്പം.



കുളങ്ങളെ ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ "കുടിക്കുളം", "കുളികുളം", "ചകിരിക്കുളം" എന്നൊക്കെ തരം തിരിക്കാം. കാവുകളോട് ചേര്‍ന്ന് ഇതിലൊന്നിലും പെടാത്ത "സര്‍പ്പ കുളങ്ങളും" നാട്ടിന്‍ പുറങ്ങളില്‍ സാധാരണം ആണ്. കൈ നന പോയിട്ട് കുഴല്‍ കിണറുകള്‍ വന്നതോടെ കുളങ്ങളുടെ കഷ്ടകാലം ആരംഭിച്ചു. സ്ഥല വില സെന്റിന് ലക്ഷങ്ങള്‍ കടക്കുമ്പോള്‍ ആര്‍ക്കും മൂന്നോ നാലോ സെന്റു അങ്ങനെ "കുളം തോണ്ടാന്‍" വയ്യ. കുളങ്ങള്‍ മൂടാന്‍ തുടങ്ങിയതോടെ കുളങ്ങള്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങി. കുടി വെള്ളത്തിനായി കുളങ്ങളെ ആശ്രയിച്ചിരുന്നവര്‍ കിണറുകളിലേക്കും കുഴല്‍ കിണറുകളിലേക്കും പിന്നീട് പഞ്ചായത്ത് പൈപ്പുകളിലെക്കും മാറി. കുളത്തിലെ കുളി കുളി മുറികളുടെ നാല് ചുവരുകള്‍ക്ക് ഉള്ളില്‍ ഒതുങ്ങി. കുറഞ്ഞ വിലക്ക് തമിഴ് നാടില്‍ നിന്നും കെട്ടു ചകിരി എത്തി തുടങ്ങിയതോടെ തൊണ്ട് ചീയിക്കള്‍, തൊണ്ട് തല്ലല്‍ തുടങ്ങിയ പരുപാടികളും ചകിരി കുളങ്ങലോടൊപ്പം മൂടപ്പെട്ടു. കുളങ്ങള്‍ ഇല്ലാതായതോടെ കുളത്തില്‍ കണ്ടു വന്നിരുന്ന വരാല്‍, കാരി തുടങ്ങിയ മീനുകളും കുറഞ്ഞു വരുന്നു.

പറയാന്‍ ആണേല്‍ കുളം വിശേഷങ്ങള്‍ ധാരാളം ഉണ്ട്. ആദ്യം കുറച്ചു കുളം വെട്ടു ചിത്രങ്ങള്‍ കാണാം.



ഇവനെ ആണ് നമുക്ക് റെഡി ആക്കേണ്ടത്






ആദ്യം കുളം തേകുന്ന വെള്ളം ഒഴുക്കാന്‍ സ്ഥലം കണ്ടെത്തണം. സമീപത്തെ തെങ്ങുകള്‍ക്ക് കോള്‍ ആയി.






ഇനി കുളത്തിലേക്ക്‌ ഇടിഞ്ഞു കിടക്കുന്ന മണ്ണ് വെട്ടി കയറ്റി തുടങ്ങാം. കുളം വെട്ടിലെ പ്രധാന ചടങ്ങാണിത്‌. കുളത്തിന് ഷേപ്പ് കിട്ടുന്നത് ഇപ്പോളാണ്.






ഇടവേളയില്‍ ഒരുമിച്ചൊരു കഞ്ഞി കുടി. കഞ്ഞിയും പയറും ചമ്മന്തിയും .






കഞ്ഞി കുടിയൊക്കെ കഴിഞ്ഞു ചെറിയ വിശ്രമവും കഴിഞ്ഞു പ്രധാന ചടങ്ങായ വെള്ളം തേകല്‍ തുടങ്ങുകയായി. വെള്ളം വീണു മണ്ണ് ഇടിയാതിരിക്കാന്‍ ആണ് പ്ലാസ്റ്റിക്‌ ഇടുന്നത്. വെള്ളം കൂടുതല്‍ ഉള്ളതിനാല്‍ രണ്ടു തേക്ക് പാട്ടകള്‍ ആണ് ഉപയോഗിച്ചത്. ഒരു തേക്ക്പാട്ടക്ക് രണ്ടു പേര്‍ വേണം. ആള്‍ക്കാര്‍ മാറി മാറി നില്‍ക്കും. കുളത്തിലെ വെള്ളം തൂമ്പ ഉപയോഗിച്ച് രണ്ടു പേര്‍ നന്നായി കലക്കി കൊടുക്കും. കുളത്തിലെ ചെളി അങ്ങനെ കരയില്‍ എത്തും.

















ഊണ് കഴിക്കാന്‍ നേരമായപ്പോള്‍ ഈ പരുവത്തില്‍ ആയി. പോയി വരുമ്പോള്‍ വെള്ളം വീണ്ടും നിറയതിരിക്കാന്‍ മോട്ടോര്‍ ഉപയോഗിക്കാം. ഇല്ലെങ്കില്‍ പണി ഇരട്ടിക്കും.



ബോണസ് ആയി ഇങ്ങനെ ചിലതും കിട്ടും.



അങ്ങനെ കുളം വെളുത്തു.



മേട ചൂടില്‍ കുളത്തില്‍ മുങ്ങിയുള്ള കുളി. അതിന്റെ സുഖം ഒന്ന് വേറെ തന്നെ ആണ്. മെയ്‌ മാസം അവസാനം വെള്ളം ശരിക്കും പറ്റി കഴിഞ്ഞാണ് ഇപ്പ്രാവശ്യം കുളം വെട്ടിയത്. മഴ എത്തുന്നതോടെ കുളം നിറയും. അതില്‍ നീന്തി തുടിക്കുമ്പോള്‍ മനസും...