Monday, October 19, 2009

പാതിരാമണല്‍ ദ്വീപ്‌

കഴിഞ്ഞ ആഴ്ച വീട്ടില്‍ പോയപ്പോള്‍ പതിവു തരികിടകള്‍ക്ക് വെത്യസ്തമായി എന്തെങ്കിലും ഒപ്പിക്കണം എന്ന് വിചാരിച്ചു. അങ്ങനെ വീട്ടില്‍ നിന്നും എട്ടു കിലോ മീറ്റര്‍ ദൂരെ ഉള്ള മുഹമ്മ ബോട്ട് ജെട്ടിയില്‍ എത്തിയത്. ജീനും ഷിബുവും പ്രശാന്തും കൂടെ ഉണ്ടായിരുന്നു. ചുമ്മാ കുമരകം മുഹമ്മ ബോട്ടില്‍ കേറി കാറ്റും കൊണ്ടു പോകാം എന്ന് വിചാരിച്ചു ചെന്നപ്പോള്‍ ബോട്ട് അക്കരയ്ക്കു പോയി. ഇനി അര മണിക്കൂര്‍ കഴിയണം. അത് വരെ എങ്ങനെ സമയം കളയാം എന്ന് ആലോചിച്ചു നില്‍ക്കുമ്പോള്‍ ആണ് അടുത്തുള്ള പാതിരാ മണല്‍ ദ്വീപ്‌ കാണുന്നത്. കുറെ നാളായിട്ട് അവിടെ പോണം പോണം എന്ന് വിചാരിക്കുമെന്കിലും പോകാന്‍ പറ്റിയിട്ടില്ല. അങ്ങനെ അടുത്ത് കിടന്ന ഒരു ബോട്ട് ചേട്ടനോട് ചാര്‍ജ് തിരക്കി. നമ്മളെ കണ്ടു ഏതോ വിദേശ കാപ്പിരികളും (അങ്ങനെയൊക്കെ തോന്നുന്ന വേഷം ആയിരുന്നു) ആണെന്ന് തോന്നിയ കൊണ്ടായിരിക്കും പുള്ളി ആ പാട്ടയുടെ വില മൊത്തത്തില്‍ പറഞ്ഞു. എന്തായാലും ഇറങ്ങി. ഇനി പോയിട്ട് തന്നെ കാര്യം എന്ന് പറഞ്ഞു അടുത്തുള്ള കസിന്‍ ചേട്ടനെ വിളിച്ചു. പുള്ളിക്കാരന്‍ പരിചയത്തില്‍ ഉള്ള ഒരു വള്ളക്കാരനെ ഏര്‍പ്പാടാക്കി തന്നു. അങ്ങേരു കടത്തു നടത്തുന്ന ആള്‍ അല്ല. കായലില്‍ കക്ക വാറന്‍ പോകുന്ന ആള്‍ ആണ്. അങ്ങനെ ആ ചെറിയ വള്ളത്തില്‍ ഒരു കിലോ മീറ്റര്‍ നടുക്കുള്ള പാതിരാ മണല്‍ ദ്വീപിലേക്ക് ഞങ്ങള്‍ യാത്രയായി. കാറ്റത്ത്‌ കായലില്‍ ചെറിയ വള്ളത്തില്‍ ഉള്ള യാത്ര നല്ല രസം ഉണ്ടായിരുന്ന കൊണ്ടു ധൈര്യം കൂടിയ ഞങ്ങള്‍ തറ ടിക്കറ്റ്‌ എടുത്തു നിലത്തു ഇരുന്നാണ് പോയത്. പിന്നെ ഒരു തമാശക്ക് അര്‍ജുനന്റെ പത്തു പേരും മുദ്രാ വാക്യം വിളി പോലെ ചൊല്ലി കൊണ്ടിരുന്നു. ഇതൊന്നും പേടി കൊണ്ടു അല്ലായിരുന്നു കേട്ടോ.





പാതിരാ മണല്‍. മുഹമ്മ കുമരകം ബോട്ട് യാത്ര ചെയ്തിട്ടുള്ളവരും തണ്ണീര്‍മുക്കം ബണ്ടിലൂടെ യാത്ര ചെയ്യുന്നവരും കണ്ടിട്ടുള്ള മനോഹരമായ കൊച്ചു ദ്വീപ്‌. ആലപ്പുഴ കോട്ടയം ജില്ല കളുടെ നടുക്ക് ആണ് അത്. ആലപ്പുഴയില്‍ വനം ഇല്ല എന്ന് പറയുന്ന കൊണ്ടു, അത് കോട്ടയത്തിനു അവകാശപ്പെട്ട സ്ഥലം ആണെന്ന് മനസിലാക്കാം. ശവലിയാര്‍ അന്ത്രപ്പര്‍ എന്ന ആളുടെ സ്വന്തം ആയിരുന്ന ആ ദ്വീപില്‍ പത്തോളം കുടുംബങ്ങള്‍ താമസിച്ചിരുന്നു. ഇപ്പോള്‍ അവരെ എല്ലാം കരയിലേക്ക് മാറ്റി താമസിപ്പിച്ചതിനാല് വിജനം ‍ആണ് ആ സ്ഥലം. സൈബീരിയന്‍ കൊക്ക് ഉള്പ്പെടെ ഉള്ള ദേശാടന കിളികളുടെ പ്രിയപ്പെട്ട സ്ഥലം ആണ് ഇതു.

















ഇപ്പോള്‍ ഈ സ്ഥലം സര്‍ക്കാര്‍ അധീനതയില്‍ ആണ്. കഴിഞ്ഞ വര്ഷം ഈ ദ്വീപ്‌ സ്വകാര്യ റിസോര്‍ട്ട് പണിയാന്‍ താജ് ഗ്രൂപ്പിന് പാട്ടത്തിനു കൊടുത്തു. ഈ സൌന്ദര്യവും ഏകാന്തതയും ആ ദ്വീപിനു നഷ്ട്ടപ്പെടാന്‍ അധിക സമയം വേണ്ടി വരില്ല എന്ന് തോന്നുന്നു.

Monday, October 12, 2009

ഉടായിപ്പ് പോലീസും ഗതി കെട്ട കള്ളനും

ഞാന്‍ സ്കൂളില്‍ ചേര്‍ന്ന സമയത്തു പൊള്ളേത്തൈ സ്കൂളിലെ എല്‍ പി, യു പി ക്ലാസുകാരുടെ ഔദ്യോഗിക കായിക വിനോദം ആയിരുന്നു കള്ളനും പോലീസും കളി. ഒന്നാം ക്ലാസ് തുടങ്ങി അധികം താമസിയാതെ തന്നെ ഞങ്ങളുടെ ക്ലാസുകാരും ഒരു ഫ്രാഞ്ചെസ്സി തുടങ്ങി. ഉപ്പുമാങ്ങാ ഭരണി പോലെ ഇരുന്നിരുന്ന എനിക്ക് കള്ളനും പോലീസും കളിയില്‍ എന്താ കാര്യം എന്ന് ചില അസൂയ്യക്കാര്‍ ചോദിച്ചേക്കാം. ഒന്നുകില്‍ ഓടിച്ചിട്ട്‌ കള്ളനെ പിടിക്കണം അല്ലെങ്കില്‍ പോലീസിന്റെ കയ്യില്‍ പെടാതെ ഓടി രക്ഷപ്പെടണം. അന്നത്തെ ഒരു ശാരീരിക അവസ്ഥ വെച്ചു എനിക്ക് ഇതു രണ്ടും പറ്റില്ലായിരുന്ന കൊണ്ടു അവരെ കുറ്റം പറയാനും പറ്റില്ല. പക്ഷെ കളിയില്‍ എനിക്കായിരുന്നു ഏറ്റവും കൂടുതല്‍ മാര്‍ക്കെറ്റ്‌. പ്രധാനമായും മൂന്നു കാരണങ്ങള്‍ ആണ് അതിനുള്ളത്. ഒന്നു എന്റെ ശരീരം തന്നെ. പട്ടണപ്രവേശവും എം എന്‍ ബാലകൃഷ്ണനും ഒക്കെ നിറഞ്ഞു നില്ക്കുന്ന സമയം. ആ മണ്ടന്മാരുടെ വിചാരം ഈ തടി മുഴുവന്‍ ബലം ആണെന്നായിരുന്നു. ബലൂണില്‍ വെള്ളം നിറച്ച പോലെ ആണെന്നുള്ള സത്യം എനിക്കല്ലേ അറിയാവൂ. എന്നാലും കിട്ടിയ അവസരം ഞാന്‍ വിട്ടു കൊടുത്തില്ല. ഇന്നലെ മസില് പിസിച്ചു നോക്കിയപ്പോള്‍ ഷര്‍ട്ടിന്റെ കൈ കീറിപ്പോയി, ഇപ്പോള്‍ മസില് കാരണം വിരല് കൊണ്ടു പല്ലു തേക്കുവാന്‍ പറ്റുന്നില്ല എന്നൊക്കെ പറഞ്ഞു ഞാന്‍ ഫീല്‍ഡില്‍ പിടിച്ചു നിന്നു. രണ്ടാമത്തെയും മൂന്നാമത്തെയും കാരണങള്‍, സ്കൂളിന് മതില്‍ ഇല്ല എന്നുള്ളതും എന്റെ വീട് ആണ് സ്കൂളിന്റെ ഏറ്റവും അടുത്തുള്ളത് എന്നതും ആയിരുന്നു. കള്ളന്മാര്‍ക്ക് എവിടെ വേണേലും ഒളിക്കാം. ക്ലാസ്സില്‍ കേറുന്നതിനുള്ള ബെല്‍ അടിക്കുന്നതിനു മുന്പ് സുല്ലിട്ടു തിരിച്ചു വന്നാല്‍ മതി. വീട് അടുത്തായ കൊണ്ടു അവിടെ എന്നെ പോലെ അറിയാവുന്ന ആരും ഇല്ല. എല്ലാ ഒളി സംകേതങ്ങളും എനിക്കറിയാം. അങ്ങനെ മൊത്തത്തില്‍ എനിക്കൊരു കൊള്ള തലവന്‍/ഇന്‍സ്പെക്ടര്‍ റോള്‍ ആയിരുന്നു. അധികം അനങ്ങണ്ട. നിര്‍ദേശങ്ങള്‍ കൊടുത്താല്‍ മതി. വേറെ ഒരു ഗുണം എന്ന് വെച്ചാല്‍ ഈ രണ്ടു റോള്‍ ആണേലും തോക്ക് കൈവശം വെക്കാം. പ്രധാനമായും മൂന്നു വിധത്തില്‍ ഉള്ള തോക്ക് ആണ് ഉള്ളത്. മടക്കിയിട്ടു കല്ലിട്ടു വെടി വെക്കുന്നത്, പൊട്ടാസ് വെച്ചു പൊട്ടിക്കുന്നത്, പിന്നെ വെള്ളംചീറ്റി തെറിപ്പിക്കുന്നത്. പള്ളിയിലെ പെരുന്നാള്‍ ആണ് പ്രധാനമായും ആയുധങ്ങള്‍ സംഭരിക്കുന്ന സമയം.

ഇരുപതാം നൂറ്റാണ്ട് സിനിമ ഇറങ്ങിയ സമയത്തു ഡീലക്സ് നോട്ടു ബുക്കിന്റെ പുറം പേജില്‍ മോഹന്‍ ലാല്‍ ഒരു തോക്കും പിടിച്ചു നില്ക്കുന്ന ഒരു പടം ഉണ്ടായിരുന്നു. എന്റെ അന്നത്തെ ഒരു ചിരകാല അഭിലാഷം ആയിരുന്നു ആ ചെറിയ തോക്ക് ഒരെണ്ണം ഒപ്പിക്കണം എന്നുള്ളത്. ആലപ്പുഴ ചിരപ്പിനു പോയപ്പോള്‍ ആണ് ഞാന്‍ ആ തോക്ക് കടയില്‍ കാണുന്നത്. കളര്‍ പച്ച ആണെന്നെ ഉള്ളൂ.(ലാലിന്റെ കയ്യില്‍ ഉള്ള തോക്ക് കറുപ്പാണ് ). ഞാന്‍ കടക്കാരനോട് കറുപ്പ് തോക്കുണ്ടോ എന്ന് ചോദിച്ചു. പെട്ടെന്ന് മനസിലാകാന്‍ ആ സിനിമയില്‍ മോഹന്‍ ലാലിന്റെ കയ്യില്‍ ഉണ്ടായിരുന്നത് എന്നും കൂടെ പറഞ്ഞു. അപ്പോള്‍ അയാള്‍ മുഘത് പരമാവധി വിഷമം വരുത്തി പറഞ്ഞു. "കറുപ്പ് കളറില്‍ ഉണ്ടായിരുന്നതാണ് സിനിമക്കു കൊണ്ടു പോയത്. ഇതു അതിന്റെ പച്ച. ഇനി കറുപ്പ് ഇറക്കാന്‍ സിനിമാക്കാര്‍ സമ്മതിക്കില്ല".എനിക്ക് അതൊട്ടും വിശ്വാസം വന്നില്ല. അപ്പോള്‍ അയാള്‍ വിശദീകരിച്ചു തന്നു. സിനിമയില്‍ മോഹന്‍ലാല്‍ സുരേഷ് ഗോപിയെ വെടിവേക്കുന്നത് ഇതില്‍ ചുവപ്പ് കളര്‍ വെള്ളം നിറച്ചിട്ടാ. ഇതൊക്കെ അല്ലെ സിനിമയിലെ നമ്പരുകള്‍. അയാള്‍ അതില്‍ വെള്ളം നിറച്ചു ചീട്ടിച്ചു കാണിച്ചു. ശെരിയാണ് കളര്‍ ഇല്ലെന്നെ ഉള്ളൂ. അങ്ങനെ അഭിമാനത്തോടെ അയാള്‍ പറഞ്ഞ വില കൊടുത്തു ആ തോക്കും മേടിച്ചു സാഗര്‍ ഏലിയാസ്‌ ജാക്കി ആയി ഞാന്‍ വീട്ടിലെത്തി. തോക്കിന്റെ വില കേട്ട അച്ഛന്‍ എന്റെ ബമ്പര്‍ ജാക്കി ലിവറിനു അടിച്ച് തകര്‍ത്തില്ലെന്നെ ഉള്ളൂ. അന്ന് രാത്രി ഞാന്‍ നാളെ സ്കൂളില്‍ നടത്താന്‍ പോകുന്ന പരക്രമത്തെ ക്കുറിച്ചും അത് കണ്ടു എല്ലാവരും ഞെട്ടുന്നതും കണ്ടാണ്‌ ഞാന്‍ ഉറങ്ങിയത്. നേരം വെളുത്തപ്പോള്‍ തന്നെ എനിക്ക് ഒരു ബുദ്ധി തോന്നി. പുറത്തേക്ക് ചീറ്റുന്ന വെള്ളത്തിന്‌ ചോരയുടെ നിറം കൂടെ ഉണ്ടെങ്കില്‍ കാര്യം കുശാലായി. ഒരു ഇഷ്ട്ടിക ഉറച്ചു എടുത്താല്‍ മതിയാകും. പക്ഷെ ഇഷ്ട്ടിക വേണമെങ്കില്‍ ഇനി വീട് പൊളിക്കണം. അത് ബുദ്ധിമുട്ടാകും എന്ന കൊണ്ടു തല്ക്കാലം അല്‍പ്പം മുളകുപൊടി കലക്കി തോക്കില്‍ ഒഴിച്ച് കൊണ്ടു പോയി. ഇന്റര്‍വെല്‍ സമയം ആയി. കള്ളന്മാരുടെ ഇടയിലേക്ക് ഇരുപതാം നൂറ്റാണ്ടിലെ തോക്കുമായി ഞാന്‍ ചാടി വീണു. കൊള്ള തലവന്മാരായ പ്രദീപിന്റെം ജോഷീടെം നേരെ സ്റ്റൈലില്‍ ഒരു വെടി. രണ്ടുപേരും അയ്യോ അമ്മേ.എന്നൊക്കെ വിളിച്ചു കരഞ്ഞു. എല്ലാവരും ഞെട്ടിപ്പോയി. വെള്ള യുനോഫോരം ഷര്‍ട്ടില്‍ ഒക്കെ ചുവപ്പ് കളര്‍. അവന്മാര്‍ മുഖം പൊത്തി അലറുന്നു. ആഹ എന്തൊരു ഒറിജിനാലിറ്റി . എനിക്കങ്ങു ബോധിച്ചു. സഹ പോലീസുകാര്‍ ഒക്കെ എന്നെ അഭിനന്ദിച്ചു. മറ്റവന്മാര്‍ ആണേല്‍ മുടിഞ്ഞ നിലവിളി. പെട്ടെന്നാണ് ഒരു കാര്യം ഓര്‍ത്തത്‌. ദൈവമേ ഇവന്മാരുടെ കണ്ണില്‍ എങ്ങാനും മുളകുപൊടി പോയോ?. പിന്നെ നടന്നതെല്ലാം വളരെ പെട്ടെന്നായിരുന്നു. തൊണ്ടിയോടെ എന്നെ സാറന്മാര്‍ പൊക്കി. ആ ഒരു സംഭവത്തോടെ സ്കൂളില്‍ മാരകായുധങ്ങള്‍ കൊണ്ടു വരുന്നതു നിരോധിച്ചു. അങ്ങനെ പൊള്ളേത്തൈ സ്കൂളിലെ നിയമങ്ങളില്‍ ഒട്ടുമിക്കതും എഴുതപ്പെട്ടത് ഞാന്‍ കാരണം ആയിരുന്നു.

ഇങ്ങനെ ഒക്കെ ആണെങ്കിലും നേരിട്ടു ഇതുവരെ ഒരു കള്ളനെ കാണാന്‍ ഉള്ള അവസരം പൊള്ളേത്തൈ നിവാസികള്‍ക്ക് ഉണ്ടായിട്ടില്ലയിരുന്നു. ഞങ്ങളുടെ ക്രമ സമാധാന നിലയിലെ മെച്ചമാണോ അതോ സാമ്പത്തിക നിലയുടെ കുഴപ്പം ആണോ എന്ന് ചോദിച്ചേക്കരുത്. ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്താണ് ആ സംഭവം ഉണ്ടാകുന്നത്. വെളുപ്പിന് നാള് മണിക്ക് വള്ളം ഇറക്കാന്‍ കടപ്പുരത്തെക്ക്‌ പോയ ജെയിക്കന്‍ ചേട്ടന്‍ ആണ് ആദ്യം കാണുന്നത്. എന്റെ വീടും കടലും തമ്മില്‍ അര കിലോ മീറ്റര്‍ വെത്യസമേ ഉള്ളൂ എങ്കിലും അവിടെ എത്താന്‍ മൂന്നു ചെറിയ പാലം കടക്കണം. പുള്ളിക്കാരന്‍ രാവിലെ തുഴയും തോളത്തു വെച്ചു പടിഞ്ഞാറോട്ട് ആഞ്ഞു നടക്കുകയായിരുന്നു. ഇന്നു ഒരു ആയിരം രൂപയുടെ പണി ഉണ്ടെങ്കില്‍ അത് എങ്ങനെ തീര്‍ക്കണം എന്ന് ആലോചിച്ചു മൂന്നാമത്തെ പാലം ഇറങ്ങി വളവു തിരിഞ്ഞ ജെയിക്കന്‍ ചേട്ടന്‍ ഞെട്ടിപ്പോയി. മുന്‍പില്‍ അതാ ഒരു ജിംഗാമി. നല്ല ശരീരം. കറുപ്പ് നിറം. അരയില്‍ ഒരു കറുപ്പ് മുണ്ട്. മേത്ത് ആസകലം എണ്ണ പുരട്ടിയിരിക്കുന്നു. രണ്ടുപേരും പരസ്പരം ഒരു മിനുറ്റ്‌ അന്യോന്യം നോക്കി നിന്നു. ജെയിക്കന്‍ ചേട്ടന്‍ പട്ടാളക്കാര്‍ തിരിഞ്ഞു നടക്കുന്ന പോലെ നേരെ തിരിഞ്ഞു കിഴക്കോട്ടും കള്ളന്‍ വാണം വിട്ടപോലെ പടിഞ്ഞാറോട്ടും ഓടി. വീട്ടില്‍ ചെന്നു കയറിയ ജെയിക്കന്‍ ചേട്ടന്‍ കട്ടിലില്‍ കിടന്നിട്ടു പൊങ്ങിയത് പത്താം ദിവസം ആണ്.

"അപ്പാ, പെടുക്കണം" എന്നും പറഞ്ഞു ചിണുങുന്ന മകന്‍ ജോസൂട്ടനേം എടുത്തു കൊണ്ടാണ് ലോനപ്പന്‍ ചേട്ടന്‍ നട്ട പാതിരാക്ക്‌ പുറത്തിറങ്ങിയത്. മകനെ വാതുക്കല്‍ നിര്ത്തി തല നിവര്‍ത്തി നോക്കിയ ലോനപ്പേട്ടന്‍ കണ്ടത് മുറ്റത്ത്‌ നിക്കുന്ന കള്ളനെ ആണ്.വേഷം പഴയത് തന്നെ.പിന്നെ ആലോചിച്ചില്ല പുള്ളിക്കാരന്‍ നേരെ ചാടി വീടിന്റെ അകത്തു കേറി വാതിലിന്റെ രണ്ടു കുറ്റിയും ഇട്ടു . ജോസൂട്ടന്‍ പെടുതിട്ടു തിരിഞ്ഞു നോക്കുമ്പോള്‍ പുറകില്‍ അപ്പനുമില്ല മുന്‍പില്‍ കള്ളനുമില്ല. അവസാനം കൊച്ചിന്റെ കരച്ചില്‍ കേട്ടാണ് ലോനപ്പന്‍ ചേട്ടന്റെ ഭാര്യ വാതില്‍ തുറന്നു കൊച്ചിനെ അകത്തു കയറ്റിയത്.

ഇങ്ങനെ നാട്ടുകാരേം പേടിപ്പിച്ചു നടന്നാല്‍ ശരിയാകില്ല എന്ന് തോന്നിയ കൊണ്ടായിരിക്കണം കള്ളന്‍ നാട്ടിലെ ഒരുമാതിരി വലിയ വീടായ കടവില്‍ വീട്ടില്‍ കയറാന്‍ തീരുമാനിച്ചത്. പഴയ മോഡല്‍ വീടാണ്. അത് കൊണ്ടു ഓടു പൊക്കി കേറാന്‍ എളുപ്പം ആണ്. പിന്നെ മച്ചും കാണും. നാട്ടില്‍ ആകെ ഉള്ള ഒരു കാറ് മുതലാളി ആണ് കടവിലെ പിള്ള സാര്‍. എട്ടു മണി ആയി എന്ന് പള്ളിയിലെ കപ്പ്യാര്‍ അറിയുന്നത് പുള്ളിക്കാരന്‍ തന്റെ പ്രീമിയര്‍ പത്മിനി റൈസ് ചെയ്യുന്ന ഒച്ച കേട്ടാണ്‌. അത് കേട്ടാണ് പുള്ളി എട്ടുമണിക്കുള്ള പള്ളി മണി അടിക്കുന്നത്. അങ്ങനെ കള്ളന്‍ കടവില്‍ വീട്ടില്‍ കയറാന്‍ തീരുമാനിച്ചു. തെക്കേ മുറിയില്‍ ആണ് പിള്ളയും പെണ്ണുമ്പിള്ളയും കിടക്കുന്നതെന്നും ആ മുറിയില്‍ ആണ് അലമാര എന്നും കള്ളന്‍ മനസിലാക്കിയിരുന്നു.

രാത്രി കള്ളന്‍ തെക്കേ മുറിയുടെ മുകളിലെ ഓടു പൊക്കി പതുക്കെ താഴേക്ക്‌ ഇറങ്ങി. മച്ചിന്റെ മുകളില്‍ കാന് കുത്തിയതും കാലിന്റെ അടിയില്‍ നിന്നും എന്തോ വഴുതി പോയ പോലെ. ഒപ്പം ഒരു സീല്‍ക്കാരവും കാലില്‍ ഒരു കൊത്തും. കള്ളന്‍ ഉടനെ കയ്യില്‍ കരുതിയിരുന്ന ചെറിയ ടോര്‍ച്ചു എടുത്തു തെളിച്ചു നോക്കി. കടിയും കഴിഞ്ഞു പാട്ടും പാടി പോകുന്നു ഒരു മൂര്‍ഘന്‍. കള്ളന്റെ കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ തോന്നി. എന്ത് ചെയ്യും എന്നൊരു പിടിയും ഇല്ല. ആലോചിച്ചു നില്ക്കാന്‍ സമയവും ഇല്ല. കള്ളന്‍ നേരെ തെക്കേ മുറിയിലോട്ട് ഇറങ്ങി. ഉറങ്ങിക്കിടക്കുന്ന പിള്ള ചേട്ടനെ തോണ്ടി വിളിച്ചു. ഉറക്കത്തില്‍ ജഗതി നോക്കുന്ന പോലെ പിള്ള പതുക്കെ തിരിഞ്ഞു നോക്കി. പെട്ടെന്ന് മനസിലാകാന്‍ കള്ളന്‍ മുഖത്തേയ്ക്ക് ടോര്‍ച്ച്‌ അടിച്ച് വെച്ചിട്ട് പറഞ്ഞു. "ചേട്ടാ കള്ളനാ." കീയോ എന്നൊരു ഞരക്കം മാത്രം പുറപ്പെടുവിച്ചു കൊണ്ടു പിള്ള ചേട്ടന്‍ ചരിഞ്ഞു. കള്ളന്‍ വീണ്ടും തോണ്ടാന്‍ തുടങ്ങി. ഒച്ച കേട്ടാണ് പിള്ളയുടെ ഭാര്യ സുമതി ചേച്ചി കണ്ണ് തുറക്കുന്നത്. ചേച്ചിയെ കണ്ടു കള്ളന്‍ വീണ്ടും പരിചയപ്പെടുത്തി. "ചേച്ചീ കള്ളനാ.പാമ്പ് കടിച്ചു. രക്ഷിക്കണം" ചേച്ചി തന്റെ കണവനേയും കള്ളനെയും മാറി മാറി നോക്കി. പിന്നെ നാടു നടുങ്ങുമാര്‍ ഉച്ചത്തില്‍ അലറി. "അയ്യോ കള്ളന്‍ കയറിയേ. ഓടി വായോ" കള്ളന്‍ വിട്ടു കൊടുക്കുമോ. അവനും അലറി. "അയ്യോ പാമ്പ് കടിച്ചേ. ഞാനിപ്പം ചാകുമേ" ആറ്റ് നോറ്റ് കിട്ടിയ കള്ളനെ തല്ലണോ അതോ രക്ഷിക്കാനോ എന്നറിയാതെ നാട്ടുകാര്‍ അന്തം വിട്ടു നിന്നു. അവസാനം കള്ളനെ ആശുപത്രിയില്‍ കൊണ്ടു പോകാം എന്ന് തീരുമാനിച്ചു. കള്ളനെ പൊക്കി കാറിലിട്ടു. അത്യാവശ്യം ആണെന്ന് പറഞ്ഞാല്‍ പദ്മിനി ഓടില്ലല്ലോ ? അവസാനം പാതിരാത്രി അരകിലോ മീറ്റര്‍ കാറും തള്ളികൊണ്ട് നാട്ടുകാര്‍ ഓടി. ആശുപത്രിയില്‍ കള്ളന്റെ ചെലവ് പിള്ള സാര്‍ ഏറ്റു. അങ്ങനെ നാട്ടില്‍ എത്തിയ കടിഞ്ഞൂല്‍ കള്ളനെ ഇതു പോലെ സ്വീകരിച്ച നാട്ടുകാര്‍ വേറെ എവിടെ ഉണ്ടാകും

Monday, October 5, 2009

പോയവര്‍ക്ക് പോയി....

ഓരോ ദുരന്തങ്ങളും നമ്മുടെ മനസ്സില്‍ വിങ്ങുന്ന വേദനകളായി നിറഞ്ഞു നില്ക്കും. പക്ഷെ എത്ര കാലം?. കാലം എന്ന മഹാ മാന്ത്രികന്‍ മറവി എന്ന മാജിക്കാല്‍ അതെല്ലാം തുടച്ചു മാറ്റും. എന്റെ ഓര്‍മയില്‍ ആദ്യം ഓടി വരുന്ന ഒരു ദുരന്തം ആണ് പെരുമന്‍ തീവണ്ടി അപകടം. അന്ന് ഞാന്‍ മനസ്സില്‍ വിചാരിച്ചതായിരുന്നു മേലില്‍ തീവണ്ടിയില്‍ കയറില്ലെന്ന്. ഇപ്പോള്‍ ഓരോ ആഴ്ചയും അതേ പാതയിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒരിക്കല്‍ പോലും ആ ദുരന്തം ഞാന്‍ ഓര്‍ക്കാറില്ല.
ഞാന്‍ നേരില്‍ കണ്ട ആദ്യ ദുരന്ത രംഗം ആയിരുന്നു കുമരകം അപകടം. ഒരു ശനിയാഴ്ചയുടെ ആലസ്യത്തില്‍ ഇരിക്കുമ്പോള്‍ ആണ് ഇടിത്തീ പോലെ ആ വാര്‍ത്ത ഞാന്‍ കേള്‍ക്കുന്നത്. ചാനലുകള്‍ മത്സരിച്ചു മരണ സംഘ്യ കൂട്ടി കാണിച്ചു കൊണ്ടിരുന്നു. ഒരു കൂട്ടര്‍ പത്തെന്നു പറയുമ്പോള്‍ അടുത്ത ചാനലുകാരന്‍ ഒന്നു കൂട്ടി പതിനൊന്നു എന്ന് പറയും. ദിന രാത്രങ്ങള്‍ ഉറക്കമിളച്ചു നല്ലൊരു ഭാവി ഉണ്ടാക്കാന്‍ PSC പരീക്ഷ എഴുതാന്‍ പോയ ഒരു പറ്റം ചെറുപ്പക്കാര്‍, എത്രയോ മാതാ പിതാക്കാന്‍ മാരുടെ പ്രതീക്ഷകള്‍ ആണ് അന്ന് വേമ്പനാട്ടു കായലില്‍ അസ്തമിച്ചത്. ഞാനും ഒരു കൂട്ടുകാരനും കൂടെ ബോട്ട് ജെട്ടിയില്‍ ചെല്ലുമ്പോള്‍ അങ്ങ് അകലെ ആയി ചത്തു മലച്ച ഒരു മത്സ്യം പോലെ ആ ബോട്ട് കിടപ്പുണ്ടായിരുന്നു.


കഴിഞ്ഞ മാസം വരെ ആ ബോട്ട് ആലപ്പുഴ യാര്‍ഡില്‍ കിടപ്പുണ്ടായിരുന്നു. ചിത്രത്തില്‍ നടുക്ക് കിടക്കുന്നതാണ് കുമരകത്തെ വില്ലന്‍. അടുത്തിടെ അതും അവര്‍ ലേലം ചെയ്തെന്നു കേട്ടു. ആ ഇനത്തിലും നല്ലൊരു തുക ജല ഗതാഗത വകുപ്പിന് കിട്ടി. ഇപ്പോള്‍ ഇതാ വീണ്ടും ഒരു ബോട്ട് അപകടം. ഇത്തവണ നമ്മുടെ അതിഥികള്‍, ദൈവത്തിന്റെ സ്വന്തം നാടു കാണാന്‍ വന്ന അന്യ നാട്ടുകാര്‍. ടൂറിസം വകുപ്പിന്റെ പരസ്യം ഒട്ടും പിഴച്ചിട്ടില്ല. കേരളം കാണാന്‍ വന്നവര്‍ ഇപ്പോള്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലാ....അങ്ങ് സ്വര്ഗത്ത്. അതിഥി ദേവോ ഭവഃ എന്ന് പറയാറുള്ള നമുക്കു അഭിമാനിക്കാം.

ഈ കോലാഹലങ്ങള്‍ എത്ര നാളേക്ക്? തേക്കടിയും കുമരകവും ഒക്കെ ആവര്‍ത്തിച്ചിട്ടും ആരുടേയും കണ്ണ് തുറക്കാത്തത് എന്തെ ? ഈ നിലവിളികള്‍ ആരും കേള്‍ക്കാത്തത് എന്തെ? പോയത് ആര്‍ക്കാ.അവരുടെ സ്വന്തക്കാര്‍ക്കും ബന്ധുക്കര്‍ക്കും. അവരുടെ പ്രതീക്ഷകള്‍, സ്വപ്‌നങ്ങള്‍....

കഴിഞ്ഞ ദിവസം പുന്നമട R ബ്ലോക്കില്‍ നിന്നും കണ്ട ഒരു കാഴ്ച. ബോട്ടിന് മുകളില്‍ ഇരുന്നുള്ള ഈ യാത്ര പണ്ടേ നിരോധിച്ചതാണ്. പക്ഷെ അത് പണ്ടല്ലേ..ആര് ചോദിയ്ക്കാന്‍. ഇതു കണ്ടാല്‍ തോന്നും, താഴെ ഇരുന്നുള്ള യാത്ര ആണ് നിരോധിചിരിക്കുന്നെ എന്ന്.


ഇനിയും ഒരു ദുരന്ത വാര്‍ത്ത കൂടി കേള്‍ക്കാന്‍ ഇട വരാതിരിക്കട്ടെ. ചെറിയ ചെറിയ തെറ്റുകള്‍ ആണ് വലിയ വലിയ ദുരന്തങ്ങളിലേക്ക്‌ നമ്മളെ കൂട്ടി കൊണ്ടു പോയിട്ടുള്ളത്. ആ സത്യം അറിയാവുന്ന നമുക്കു ചെറിയ ചെറിയ ആ തെറ്റുകള്‍ തിരുത്തി കൂടെ? തേക്കടിയില്‍ മരിച്ചത് പ്രത്യേകിച്ച് ആരുടേയും അതിഥികളല്ല . കേരളീയര്‍ എന്ന നിലയില്‍ അവര്‍ നമ്മുടെ ഓരോരുത്തരുടെയും അതിഥികളാണ്. ആ നിലക്ക് നമുക്കും ആരെയും പഴി ചാരി കൈ കഴുകാനാവില്ല.

Saturday, September 19, 2009

ഐശ്വര്യ-അഭിഷേക് സഹോദര ബന്ധം???

വീട്ടില്‍ പൂച്ചയെ വളര്‍ത്തുന്ന എല്ലാവര്ക്കും ഉണ്ടാകുന്ന ഒരു പ്രതിസന്ധി ആണ് അവറ്റകളുടെ അവിഹിത ഗര്‍ഭം. വീട്ടുകാര്‍ ഒന്നു കണ്ണടച്ച് കൊടുത്താല്‍ മതി, രണ്ടു മൂന്ന് വര്‍ഷത്തിനുള്ളില്‍ വീട് ഒരു പൂച്ചപ്പറമ്പ് ആക്കി മാറ്റാന്‍ അവയ്ക്ക് സാദിക്കും. അതിനാല്‍ പെറ്റുവീഴുന്ന പൂച്ചക്കുട്ടികളെ ഉടന്‍ തന്നെ നാടു കടത്തുകയാണ് പതിവു. ഒരാഴ്ച കൂടുതല്‍ അവയെ വീട്ടില്‍ നിര്‍ത്തിയാല്‍ പിന്നെ തീര്ന്നു. പിന്നെ വീട്ടില്‍ നിന്നും എത്ര ദൂരെ കൊണ്ടു കളഞ്ഞാലും ബൂമരാങ്ങു പോലെ അവ രണ്ടു ദിവസത്തിനുള്ളില്‍ വീട്ടില്‍ തിരിച്ചെത്തും. അങ്ങനെ മൂന്ന് പ്രാവശ്യം വരെ ഒരു പൂച്ചയെ കളയാന്‍ പോയ ഒരു മാമന്‍ എനിക്കുണ്ട്. മൂന്ന് പ്രാവശ്യവും മാമന്‍ തിരിച്ചെത്തും മുന്നേ പൂച്ച വീടെത്തും.നാലാമത്തെ പ്രാവശ്യം രണ്ടും കല്‍പ്പിച്ചു മാമന്‍ വളരെ ദൂരെയുള്ള ഒരു സ്ഥലത്തു പൂച്ചയെ കളയാന്‍ പോയി. അവസാനം വഴി തെറ്റിപ്പോയ മാമന്‍ തിരിച്ചു വീട്ടില്‍ എത്തിയത് പൂച്ചയെ മുന്‍പില്‍ നടത്തി അതിന്റെ പുറകെ നടന്നാണ്.

പൊള്ളേത്തൈയിലെ മിക്ക ആളുകളും അവരുടെ വീട്ടിലെ അവിഹിത മാര്‍ജാര സന്തതികളെ ഉപേക്ഷിക്കാന്‍ ഉപയോഗിച്ചിരുന്നത് പൊള്ളേത്തൈ പള്ളിയുടെ മതിലകം ആണ്. നാലുപാടും മതില്‍ ആയകൊണ്ട് അവ ഉടനൊന്നും പുറത്തു ചാടില്ല എന്നതായിരുന്നു കാരണം. പൊള്ളേത്തൈ പള്ളിയുടെ മതിലിനോട് ചേര്ന്നു തന്നെ ആണ് എന്റെ വീടിന്റെയും മതില്‍ തുടങ്ങുന്നത്. അതുകൊണ്ട് തന്നെ ചില ആള്‍ക്കാര്‍ പൂച്ച കുഞ്ഞുങ്ങളെ എന്റെ വീടിന്റെ മതിലകതും നിക്ഷേപിക്കാറുണ്ട്. ജനിച്ചു രണ്ടോ മൂന്നോ ദിവസം ആയ പൂച്ച കുഞ്ഞുങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു. എന്നെ കാണുമ്പോള്‍ മ്യാവൂ മ്യാവൂ പാടി ഓടി വരുന്ന അവരെ കാണുമ്പോള്‍ നല്ല വാത്സല്യം തോന്നും. വീട്ടില്‍ നിന്നും ചോറും കറിയും ഒക്കെ അടിച്ച് മാറ്റി അമ്മ കാണാതെ കൊണ്ടു കൊടുത്തിട്ടും ഉണ്ട്. അവസാനം ഞാന്‍ അമ്മയോട് പ്രമേയം അവതരിപ്പിച്ചു. " പാവം അല്ലെ അമ്മേ, നമുക്കു അതുങ്ങളെ വളര്‍ത്താം." മാമന്റെ അവസ്ഥ അറിയാവുന്ന കൊണ്ടായിരിക്കും ആ പ്രമേയം തള്ളിപ്പോയി. പിന്നീട് ഒരിക്കല്‍ കൂടി ഞാന്‍ ആ പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്‌. അന്ന് അമ്മ പറഞ്ഞതു. "നിന്റെ കട്ട് തീറ്റി കൊണ്ടു തന്നെ ഞാന്‍ പൊറുതി മുട്ടിയിരിക്കുവാ. അപ്പോളാ ഇനി രണ്ടു പൂച്ചേം കൂടി. പൊക്കോണം അവിടുന്ന്" എന്നാണ്. അന്ന് വൈകിട്ട് തന്നെ മീന്‍ വില്‍ക്കാന്‍ വരുന്ന ജോസഫ്‌ ചേട്ടന് ആ പൂച്ച കുഞ്ഞുങ്ങളെ പെറുക്കി കൊടുക്കുകയും ചെയ്തു. പിന്നെ ഞാന്‍ ആ പ്രമേയം വീട്ടില്‍ അവതരിപ്പിച്ചിട്ടില്ല.

ഞാന്‍ തിരുവനന്തപുരത്ത് ജോലിക്ക് പോയപ്പോള്‍ വീട്ടില്‍ അച്ഛനും അമ്മയും മാത്രമായി.അങ്ങനെ ഇരിക്കുന്ന സമയത്താണ് ആ സംഭവം വീട്ടില്‍ നടക്കുന്നത്. പടിഞ്ഞാറ് ഭാഗത്തായി തേങ്ങയും മറ്റു സാധനങ്ങളും ഇട്ടു വെക്കാനായി ഒരു ഷെഡ്‌ ഉണ്ട്. ഒരു ദിവസം തേങ്ങ എടുക്കാനായി ചെന്ന അമ്മ കണ്ടത് പെറ്റു കിടക്കുന്ന ഒരു പൂച്ചയെ ആണ് കൂടെ കണ്ണ് തുറന്നിട്ടില്ലാത്ത രണ്ടു കുഞ്ഞുങ്ങളും. അന്ന് തന്നെ കൊണ്ടു കളയണ്ട കണ്ണ് തുറന്നിട്ടു മതി എന്ന് തീരുമാനിച്ചു അമ്മ തിരിച്ചു പൊന്നു. വീട്ടില്‍ മീന്‍ വെട്ടുമ്പോള്‍ തല തിന്നാന്‍ വരുന്ന അലവലാതി കുറിഞ്ഞി പൂച്ചയാണ് ഞങ്ങളുടെ ഷെഡ്‌ പ്രസവ വാര്‍ഡ്‌ ആക്കിയത്. പിറ്റേന്ന് രാവിലെ മുറ്റം അടിക്കാന്‍ ചെന്ന അമ്മ കണ്ടത് മുറ്റത്ത്‌ ചത്തു കിടക്കുന്ന കുറിഞ്ഞിയെ ആണ്. നല്ല ഒരു സംഘട്ടനം നടന്നതിന്റെ ലക്ഷണം മുറ്റത്തുണ്ട്. ഫ്രഷ്‌ ബേബികളെ തിന്നാന്‍ ഇറങ്ങിയ ഏതോ കണ്ടന്‍ പൂച്ചയില്‍ നിന്നും തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ നടത്തിയ പോരാട്ടത്തില്‍ ആണ് ആ ധീര മാര്‍ജാര കൊല്ലപ്പെട്ടത്. അമ്മ പോയതറിയാതെ അകത്തു കിടന്നു കരയുന്ന കുഞ്ഞുങ്ങളെ കണ്ടപ്പോള്‍ എന്റെ അമ്മയുടെ മാതൃ ഹൃദയം തേങ്ങി. നേരെ അകത്തു പോയി ഒരു പാത്രത്തില്‍ പാല്‍ എടുത്തു കൊണ്ടു വന്നു കൊടുത്തു. ആ ആഴ്ച വീട്ടില്‍ എത്തിയ ഞാന്‍ രാവിലെ പത്രം നോക്കി കൊണ്ടു മുറ്റത്ത്‌ നില്‍ക്കുമ്പോള്‍ കണ്ട കാഴ്ച ഒരു പാത്രത്തില്‍ പാലുമായി പോകുന്ന അമ്മയെയും സ്നേഹത്തോടെ അമ്മയുടെ കാലിനു ചുറ്റും ഓടുന്ന പൂച്ച കുഞ്ഞുങ്ങളെയും ആണ്. ഞാന്‍ അത്ഭുതത്തോടെ നോക്കുന്ന കണ്ടു അമ്മ പറഞ്ഞു. " പാവങ്ങളാ, പിന്നെ നിങ്ങള്‍ പോയി കഴിഞ്ഞാലും ഞങ്ങള്‍ക്കൊരു കൂട്ട് വേണ്ടേ??" കൊള്ളാം. എന്റെ മനസ് നിറഞ്ഞു . അമ്മ അംഗീകരിച്ച സ്ഥിതിക്ക് ഇനി പേരിടല്‍ ചടങ്ങ് നടത്താം. പത്രം തുറന്നു നോക്കിയപ്പോള്‍ ഐശ്വര്യ അഭിഷേക് കല്യാണ വാര്ത്ത. കൂടുതല്‍ ഒന്നും ആലോചിച്ചില്ല. ഐശ്വര്യമായി പെന്‍ കൊച്ചിന് ഐശ്വര്യാറായി എന്ന് ചെക്കന് അഭിഷേക് ബച്ചന്‍ എന്നും പേരിട്ടു.




വീട്ടിലെ ഓമനകളായി മാറാന്‍ അവര്ക്കു അധികം സമയം വേണ്ടി വന്നില്ല. ഞാന്‍ പുറത്തിറങ്ങി നടന്നാല്‍ രണ്ടു പേരും കാലിനു ചുറ്റും ഉരുമി നടന്നോണ്ടിരിക്കും. ചിലപ്പോള്‍ ശല്യമായി തോന്നും. രണ്ടും നല്ല കുസ്രിതികള്‍ ആയിരുന്നു.






പേരു പോലെ തന്നെ ആളൊരു സുന്ദരി ആയിരുന്നു ഐശ്വര്യ. ഒരു പൊട്ടും തൊട്ടു കൊടുത്താല്‍ അപ്പോള്‍ തുടങ്ങും ക്യാറ്റ്‌ വാക്ക്. ഒറിജിനല്‍ ഐശ്വര്യാ റായി പോലും ക്യാറ്റ്‌ വാക്കില്‍ അവളോട്‌ തോറ്റു പോകും. അഭിഷേക് ആണേല്‍ പറയണ്ട ധൈര്യത്തില്‍ ഒറിജിനല്‍ ബച്ചനെ കവച്ചു വെക്കും. ഒരു ദിവസം ഒരു എലിക്കുഞ്ഞിനെ കണ്ടു പേടിച്ചു പുളിയില്‍ കയറിയ അവന്‍ രണ്ടാം ദിവസം ആ പുളിയില്‍ ഒരു അണ്ണനെ കണ്ടു പേടിച്ചാണ് താഴെ ഇറങ്ങിയത്‌. മാസങ്ങള്‍ അങ്ങനെ കടന്നു പോയി. ഐശ്വര്യയുടെ സ്വഭാവത്തിലെ ഒരു മാറ്റം ഒരു ദിവസം എന്റെ ശ്രദ്ധയില്‍ പെട്ടു. ഞാന്‍ മുറ്റത്ത്‌ ഇറങ്ങുമ്പോള്‍ കാലിന്റെ അടുത്ത് നിന്നും മാറാത്ത അവള്‍ ഇപ്പോള്‍ അങ്ങനെ അടുക്കുന്നില്ല. തന്നെയുമല്ല ചിലപ്പോളൊക്കെ അവളെ കാണാറില്ല. അഭിഷേക് ഇപ്പോളും ഉഷാറാണ്.

അടുത്ത ആഴ്ച ഞാന്‍ വീട്ടില്‍ ചെന്നു വൈകിട്ട് പുറത്തു അവര്‍ക്കുള്ള ചോറ് കൊണ്ടു ചെന്നിട്ടു വിളിച്ചപ്പോള്‍ അഭിഷേക് മാത്രം വന്നു. ഞാന്‍ അമ്മയോട് തിരക്കി. അപ്പോള്‍ അമ്മ പറഞ്ഞു രണ്ടു ദിവസമായി അവളെ കാണാനില്ല എന്ന്. രാവിലെ ഞാന്‍ ചെന്നു നോക്കിയപ്പോള്‍ അഭി കുറച്ചു ചോറേ തിന്നിട്ടുള്ളൂ. അവള്‍ക്കുള്ളത്‌ മാറ്റി വെച്ചിട്ടുണ്ട്. പിന്നീടാണ് ഞാന്‍ അറിഞ്ഞത്. അടുത്തുള്ള ഗോവിന്ദന്‍ ചേട്ടന്റെ വീട്ടിലെ മണിയന്‍ പൂച്ചയെയും കാണാനില്ലാതെ. രണ്ടുപേരെയും വശ പിശകായി പലയിടത്തും കണ്ടിട്ടുണ്ടത്രേ. അപ്പോള്‍ അങ്ങനെ ആണ് കാര്യങ്ങള്‍. അവളെ ഇനി അടുപ്പിക്കുന്ന പ്രശ്നം ഇല്ല. വീടിനും പേരു ദോഷം കേള്‍പ്പിക്കാന്‍ ജനിച്ചവള്‍. അഭിഷേക് ആകെ തളര്‍ന്ന പോലെ തോന്നി. ഒരു ഉഷാറില്ല.


പൊള്ളേത്തൈയിലെ മാര്‍ജര ലോകത്തെ മൊത്തം പിടിച്ചു കുലുക്കിയ ഒരു സംഭവത്തിന്റെ തുടക്കം ആയിരുന്നു അത് എന്ന് ഞാന്‍ അറിഞ്ഞില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മാര്‍ക്കറ്റില്‍ ഐശ്വര്യയുടെ ശവം പ്രത്യക്ഷപ്പെട്ടു. മരിക്കുന്നതിനു മുന്പ് ഭീകരമായ പീടനത്തിനു അവള്‍ ഇരയായിരുന്നു എന്ന് പൂച്ച ഗവേഷകര്‍ കണ്ടു പിടിച്ചതോടെ മാര്‍ക്കറ്റിലെ പല ചട്ടമ്പി പൂച്ചകളും നാടു വിട്ടു. അഭിഷേകിന്റെ കാര്യം ആയിരുന്നു കഷ്ടം. ഞങ്ങള്‍ ആരും പറഞ്ഞില്ലെങ്കിലും അവന്‍ എന്തോ മനസിലാക്കിയിരുന്നു. ഇപ്പോള്‍ എന്റെ കാലില്‍ ചുറ്റാന്‍ ഒന്നും വരാറില്ല. ഒരു ആഴ്ച ഞാന്‍ വീട്ടില്‍ ചെന്നു കഴിഞ്ഞപ്പോള്‍ അവനെ കാണാനില്ല. അപ്പോള്‍ അമ്മ പറഞ്ഞു. അവനിപ്പോള്‍ ഇവിടെ അല്ല. ആ ഗോവിന്ദന്‍ ചേട്ടന്റെ വീട്ടിലാ. ഞാന്‍ ഞെട്ടിപ്പോയി. അവനെന്തിനാ ഗോവിന്ദന്‍ ചേട്ടന്റെ വീട്ടില്‍ പോയത്. അതും മണിയന്‍പൂച്ചയുടെ വീട്ടില്‍. മണിയന്‍ നാടു വിട്ട കാര്യവും ഞാന്‍ ഓര്ത്തു. പെട്ടെന്നാണ് എന്റെ മനസ്സില്‍ മണിയന്റെ അനിയത്തി മണിച്ചി പൂച്ചയെ ഓര്‍മ വന്നത്. ഇനി അവളുമായിട്ട് ഇവനെന്തെന്കിലും.?? ഹെഇ. ചാന്‍സ് ഇല്ല. എന്തെങ്കിലും ആകട്ടെ. ഞാന്‍ അതൊക്കെ വിട്ടു.


കഴിഞ്ഞ ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ കളി കാണുക ആയിരുന്നു ഞാന്‍. രാത്രി കുറെ ആയി. എല്ലാവരും കിടന്നു. ശ്രദ്ധിച്ചു കഴിഞ്ഞപ്പോള്‍ പുറത്തു നിന്നും ദയനീയമായ ഒരു കരച്ചില്‍ കേള്‍ക്കാന്‍ തുടങ്ങി. കണ്ടന്‍ പൂച്ചയുടെ കരച്ചില്‍. ഞാന്‍ വീണ്ടും കളിയില്‍ ശ്രദ്ധിച്ചു. കരച്ചില്‍ വീടിനെ ചുറ്റുന്നു. ഞാന്‍ വാതില്‍ തുറന്നു പുറത്തിറങ്ങി. അതാ അവന്‍. അഭിഷേക്. അവന്‍ ആകെ ക്ഷീണിച്ചിരിക്കുന്നു. എന്നെ കണ്ടു കരഞ്ഞു കൊണ്ടു ഓടി വന്നു. അവന്റെ ദയനീയമായ മുഖം കണ്ടപ്പോലെ അവന്‍ പട്ടിണി ആയിരുന്നെന്നു മനസിലായി. ഞാന്‍ അകത്തു പോയി രാവിലെ പഴം കഞ്ഞി അടിക്കാന്‍ വെച്ചിരുന്ന ചോറും കറിയും എടുത്തു കൊണ്ടു വന്നു കൊടുത്തു. ആക്രാന്തത്തോടെ തിന്നുന്ന അവനെ കണ്ടപ്പോള്‍ എന്റെ മനസലിഞ്ഞു. അവന്റെ അടുത്ത് ഇരുന്നു തലോടി. അവന്‍ മുഖം ഉയര്ത്തി എന്നെ ദയനീയമായി നോക്കി."പ്ലീസ് ഒന്നു തിന്നോട്ടെ" എണ്ണ ഭാവം ആയിരുന്നു അവന്റെ മുഘത്. തിന്നു കഴിഞ്ഞു അവന്‍ എന്റെ കാലിനോട് ചേര്ന്നു നിന്നു. കാസറ്റ് വലിയുന്ന പോലത്തെ ഒച്ചയില്‍ എന്തോ പറഞ്ഞു. ഞാന്‍ അവന്റെ മുതുകില്‍ തലോടി സമാധാനിപ്പിച്ചു. രണ്ടു ദിവസം മുന്പ് മണിച്ചി പൂച്ചയെ കടിച്ചു കൊന്നിട്ട് അഭിഷേക് നാടു വിട്ട കാര്യം അമ്മ രാവിലെ എന്നോട് പറഞ്ഞിരുന്നു.


ഇപ്പോള്‍ അവന്‍ ആകെ മാറി. ഇരുത്തം വന്ന പ്രകൃതം. ഞാന്‍ പുറത്തിറങ്ങുമ്പോള്‍ കൂടെ വരും. വാത്സല്യം സിനിമയില്‍ മമ്മൂടിയുടെ കൂടെ അബൂബക്കര്‍ നടക്കുന്നപോലെ. അവന്റെ കാവി നിറം അവന് കൂടുതല്‍ ഇണങ്ങുന്നത് ഇപ്പോള്‍ ആണെന്ന് എനിക്ക് തോന്നി.

Saturday, August 29, 2009

ഓണത്തിനിടയില്‍ വാറ്റ് കച്ചവടം

രംഗം 1: 580 കിലോ മീറ്റര്‍ വരുന്ന കേരള കടല്‍ തീരത്തെ ഒരു തെങ്ങിന്‍ തോപ്പ്‌
തെങ്ങോലകളുടെ തണലില്‍ അക്ഷമരായി നില്ക്കുന്ന രണ്ടു കൂട്ടുകാര്‍. ദുര്‍ബലന്‍ പാപ്പിയും പാമ്പ് വിനോദും.
ദുര്‍ബലന്‍: ഹൊ എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാ ഓണത്തിന് ഇത്രേം ബുദ്ധി മുട്ടുന്നത്.
പാമ്പ്: ശരിയാ. ഞാന്‍ സാദാരണ അത്തത്തിനു തന്നെ സാധനം കരുതുന്നതാ.സാമ്പത്തിക പരാദീനത കാരണം ഇത്തവണ ഒന്നും നടന്നില്ല.
ദുര്‍: സമയം പത്തു കഴിഞ്ഞല്ലോ.ആ നാറിയെ കാണുന്നും ഇല്ല. അവന്‍ കൊണ്ടു വരുമോ??
പാമ്പ്: അവന്റെ വീട്ടില്‍ വാറ്റി എന്നുള്ളത് സത്യമാ. എന്റെ വീട്ടീന്ന് പന്ത്രണ്ടു ലിറ്ററിന്റെ പ്രഷര്‍ കുക്കര്‍ മേടിച്ചോണ്ട് പോയാരുന്നു. മുകളിലത്തെ സുനാമണി മാറ്റി അവിടെ കുഴല്‍ പിടിപ്പിച്ചാ പിന്നെ സുഖം അല്ലെ. പോലിസിനേം പേടിക്കണ്ടാ.
ദുര്‍: അവന്‍ വരുന്നുണ്ടെന്ന് തോന്നുന്നു. ങാ ഒരു കുപ്പി കയ്യിലുണ്ട് .....ഒന്നു അനങ്ങി വാടാ കോപ്പേ.
(തൈക്കുഴി മനോജ്‌ ഒരു കുപ്പിയുമായി നടന്നു വരുന്നു)
തൈക്കുഴി മനോജ്‌: അളിയാ ഒരു ലിറ്റര്‍ കിട്ടി. ബാക്കി അച്ഛനും ചേട്ടനും ഒതുക്കി. സാദനം നല്ല സോയംബനാ. ഇത്തവണ ച്യവന പ്രാശം കൂടെ ഇട്ടാ വാറ്റിയത് . മണം അടിച്ചിട്ട് തന്നെ കൊതിയാകുന്നു.
പാമ്പ്: ച്യവന പ്രാശമോ?? അതെന്തിനാ.
തൈ : ഡാ കോപ്പേ, കഴിഞ്ഞ ദിവസം വെള്ളം ഇല്ലാഞ്ഞിട്ടു നമ്മള്‍ അപ്പാപ്പന്റെ അരിഷ്ട്ടത്തില്‍ ഒഴിച്ച് അടിച്ചത് ഓര്‍മ ഇല്ലേ. എന്നാ കിക്ക്‌ ആയിരുന്നു. ഇറക്കാനും സുഖം. അത് കൊണ്ടു ഇപ്പ്രാവശ്യം പഴങ്ങളുടെ കൂടെ ച്യവന പ്രാശവും കൂടെ തട്ടി. നീ ഒന്നു മണത്തു നോക്കിക്കേ.
ദുര്‍: അളിയാ സൂപ്പര്‍. വേഗം ഗ്ലാസ്സ്‌ എട്. സമയം കളയണ്ട. ഞാന്‍ ഡ്രൈ കൊടുക്ക്വാ. നിനക്കൊക്കെ വേണേല്‍ വെള്ളം ആ കുപ്പീലുണ്ട്.
തൈ: ഡാ നീയൊക്കെ ടച്ചിങ്ങ്സ്‌ ഒന്നും മേടിച്ചില്ലേ. വീട്ടീന്ന് കുറച്ചു ചിക്കന്‍ എങ്കിലും എടുത്തോണ്ട് വരാന്‍ മേലായിരുന്നോ?
ദുര്‍: ഓണമായിട്ട് ചിക്കനാ?? ദേ ഇതങ്ങോട്ട് പിടിച്ചേ. ക്ലബ്ബില്‍ അത്തം ഇടാന്‍ മേടിച്ചതിന്റെ ബാക്കിയാ.
തൈ: എന്തോന്നെടെ കാബേജും കാരട്ടുമൊക്കെ?
ദുര്‍: ഓണം അല്ലേടാ. സംഭവം കിടിലനാ. വാപ്പന്റെ മരിപ്പിനു പന്തല്‍ ഇട്ടിട്ടു രാത്രി രണ്ടു മണിക്ക് മാവില കൂട്ടി നിപ്പന്‍ അടിക്കമെങ്കിലാ ഇതു. നീ ഒരെണ്ണം പിടിപ്പിച്ചേ.
തൈ: അപ്പോള്‍ ചിയെര്‍സ്‌ . ഹാപ്പി ഓണം.
(അര മണിക്കൂര്‍ കഴിഞ്ഞു )
പാമ്പ്: അളിയാ കിടിലന്‍ സാദനം തന്നെ കേട്ടാ.ഉമ്മ....ഹൊ ഒരു ലിറ്റര്‍ പോയ വഴി കണ്ടില്ല. ദുര്‍ബലാ, നിന്റെ കപ്പാസിറ്റി ഒക്കെ കൂടിയല്ലാ?. സ്ഥിരം അടി തന്നെ ആണല്ലേ??
ദുര്‍: മച്ചാ, ഇതാണ് സത്യത്തില്‍ ഓണം. ചുമ്മാ വിദേശികളെ മേടിച്ചു അടിച്ചാല്‍ എന്ത് ഓണം? ഇതാണ് സൂപ്പര്‍. കടലീന്നു കാറ്റും കൂടെ ആയപ്പോള്‍ സൂപ്പര്‍. നല്ല കിക്കായി കേട്ടാ...
തൈ: ഡാ എനിക്ക് അത്ര കിക്ക് ആയില്ലാ. വീട്ടില്‍ വൈകുന്നേരം അടിക്കാന്‍ ഒരു അര കൂടെ വെച്ചിട്ടുണ്ട്. അതും അടിക്കേണ്ടി വരുമെന്നാ തോന്നണേ. ആ കാബേജിന്റെ രുചി അത്ര പിടിക്കണില്ല. ഏതാണ്ടക്ക പോലെ . ഒരു വാള് വെച്ചാല്‍ ഓക്കേ ആകുമായിരിക്കും.
ദുര്‍: ഡാ വാള് വെക്കല്ലേ. അത് കണ്ടാല്‍ ഞാനും വെക്കും. നമുക്കു കുറച്ചു നേരം കിടക്കാം..അപ്പോള്‍ ഓക്കേ ആകും.
(മൂന്ന് പേരും കിടക്കുന്നു. തൈക്കുഴിയുടെ കാലില്‍ തല വെച്ചു കിടക്കുന്ന പാമ്പ് അവന്‍ വാള് വെക്കുമ്പോള്‍ ചാടി എഴുന്നേല്‍ക്കുന്നു)
പാമ്പ്: ഡാ കൊനാപ്പീ, നിനക്കു തല ഒന്നു ചരിച്ചു വെച്ചു അടിചൂടെ? ഇതൊരുമാതിരി പാര്‍ക്കിലെ പാവയെപ്പോലെ ഉണ്ടല്ലോ?
തൈ: തല ചരിക്കണം എന്ന് ആഗ്രഹം ഉണ്ടളിയാ, പറ്റാഞ്ഞിട്ടാ.
പാമ്പ്: ശല്യം.. മാറി കിടന്നേക്കാം. ഇല്ലേല്‍ ഞാനും അടിക്കും.
(മൂന്നു പേരും കിടന്നുറങ്ങുന്നു. കുറെ സമയം കഴിഞ്ഞു )
ദുര്‍: അളിയന്മാരെ സന്ധ്യ ആയി. വേഗം എഴുന്നേല്‍ക്ക്.
(രണ്ടു പേരും ഞെട്ടി എഴുന്നേറ്റു ചുറ്റും നോക്കുന്നു)
തൈ: ദൈവമേ, ഉച്ചക്ക് ഊണ് പോലും കഴിച്ചില്ല. വീട്ടുകാര്‍ അടിച്ച് പുറത്താക്കിയ തന്നെ. എത്ര മണി ആയെടാ.
പാമ്പ്: (വാച്ച് നോക്കി കൊണ്ടു) ശെരിക്കും കാണാന്‍ പാടില്ല. പക്ഷെ ഒരു മണി ആകുന്ന പോലെ തോന്നുന്നു.
ദുര്‍: ഒരു മണിയോ? ഇത്ര ഇരുട്ടോ? ഒന്നു പോടാ ഏഴ് മണി എങ്കിലും ആയി കാണും.നീ ശെരിക്കും നോക്കിക്കേ. നിന്റെ വാച്ച് നടക്കുന്നുണ്ടല്ലോ അല്ലെ.
പാമ്പ്: അളിയാ ഒരു മണി തന്നെ. വാച്ചോക്കെ നടക്കുന്നുണ്ട്. ഇനി വല്ല സൂര്യ ഗ്രഹണവും ആണോ?
തൈ: അങ്ങനെ ആണേല്‍ പത്രത്തേല്‍ വരണ്ടേ.?
ദുര്‍: പിന്നെ. പത്രത്തില്‍ കൊടുത്തിട്ടല്ലേ സൂര്യന്‍ ഗ്രഹണി പിടിക്കാന്‍ പോണത്. ക്രിസ്മസിന് സുനാമി വരാമെന്കില്‍ ഓണത്തിന് ഗ്രഹണവും വരാം.
തൈ: അളിയാ, നമ്മുടെ കണ്ണ് അടിച്ച് പോയെന്ന തോന്നണേ. ഞാന്‍ മൊബൈല് എടുത്തു നോക്കിയിട്ട് അത് പിടിച്ചിരിക്കണ കൈ പോലും കാണാന്‍ മേല. ദൈവമേ പണി കിട്ടിയാ.???
പാമ്പ്: ദൈവമേ ഞാന്‍ ഇനി എങ്ങനെ നാട്ടുകാരുടെ മുഘത് നോക്കും??
ദുര്‍: ചതിച്ചല്ലോ കര്‍ത്താവേ....

രംഗം 2: മന്ത്രി സഭാ സമ്മേളനം
എക്സൈസ് മന്ത്രി: ഇതിപ്പോ ഞാന്‍ എന്ത് പറയാനാ. ഒന്നാം തിയതി ആണേലും ഉത്രാടത്തിന് സാദനം കൊടുക്കാമെന്നു ഞാന്‍ പറഞ്ഞതാ. കോടതി സമ്മതിക്കാത്തത് എന്റെ കുറ്റമല്ല. അല്ലേലും പോലീസ് കൂടെ വിചാരിക്കാതെ ചാരായം വാറ്റ് ഒതുക്കാന്‍ പറ്റില്ല.
ആഭ്യന്തര മന്ത്രി: സംസ്ഥാനത്തെ മുക്കാല്‍ ഭാഗം പോലിസിനേം ഓണം പ്രമാണിച്ചു ചാരായം പിടിക്കാന്‍ നിയോഗിച്ചതാ. വീടുകളില്‍ വാറ്റിയാല്‍ പോലീസ് എന്ത് ചെയ്യാനാ. ഇതിപ്പോള്‍ എല്ലാ ഓണത്തിനും ഇതൊരു പതിവാ. നമ്മള്‍ വിചാരിച്ചാല്‍ ഒന്നും നിക്കില്ല.
ഏക്‌. മ: പക്ഷെ ഇത്രേം പേരുടെ കാഴ്ച പോയ സ്ഥിതിക്ക് പ്രതി പക്ഷം ഇപ്പോള്‍ രാജി എന്നും പറഞ്ഞു ഇറങ്ങും. എന്തെങ്കിലും പരിഹാരം ഉണ്ടാക്കിയെ പറ്റൂ.
ആ. മ: ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ നിങ്ങള്‍ പുറത്തു പറയരുത്. കാര്യം നമ്മുടെ നയങ്ങള്‍ക്കും തത്വങ്ങള്‍ക്കും എതിര്‍ ആണേലും. ഇതിനൊരു പ്രതിവിധി നമ്മളായിട്ട് ഉണ്ടാക്കും എന്ന് തോന്നണില്ല. ഇതു വേറെ എന്തോ കുഴപ്പം കൊണ്ടാണെന്ന എന്റെ ഭാര്യ പറഞ്ഞെ. നമുക്കു ഒന്നു പ്രശ്നം വെച്ചു നോക്കിയാലോ?
ദേവസ്വം മന്ത്രി: ഞാന്‍ ഇതങ്ങോട്ട് പറയാന്‍ ഇരിക്കുക ആയിരുന്നു. എനിക്ക് ഉടനെ മത്രി കസേര കിട്ടുമെന്ന് എന്നോട് ഒരു ജോത്സ്യന്‍ പറഞ്ഞായിരുന്നു. മുഘ്യന്‍ എന്ത് പറയുന്നു.?
മുഘ്യ മന്ത്രി: ഞാന്‍ എന്ത് പറയാനാ. നിങ്ങള്‍ അല്ലെ എല്ലാം തീരുമാനിക്കുന്നത്. പത്രക്കാര്‍ അറിയരുത്. വിശ്വസിക്കാവുന്ന ആരെങ്കിലും ഉണ്ടോ? നിങ്ങളുടെ പരിചയത്തില്‍.
ആ. മ: എന്റെ മകന്റെ പരിചയത്തില്‍ ഒന്നു രണ്ടു സ്വാമിമാരുണ്ടായിരുന്നു. പക്ഷെ അവരൊക്കെ ഇപ്പോള്‍ ജയിലിലാ. പക്ഷെ വിളിച്ചാല്‍ വരും കേട്ടോ.വിളിക്കണോ?
മു.മ: വേണ്ട വേണ്ടാ. എന്നാല്‍ എന്റെ പരിചയത്തില്‍ ഒരു ആളുണ്ട്. മിടുക്കനാ.വിശ്വസ്തനും. കേട്ടു കാണും കാപ്ര.
ആ. മ: കൊപ്രയോ? താങ്ങ് വില ചോദിക്കുമോ? അങ്ങേക്ക് എങ്ങനാ പരിചയം.
മു. മ: കൊപ്രാ അല്ല കാപ്ര. തോട്ടപ്പള്ളി പാലം പണിക്കു വന്ന ഹിന്ദിക്കാരന്‍ കോണ്ട്രാക്ടര്‍ ചോപ്രക്ക്‌ നമ്മുടെ തോട്ടപ്പള്ളി കാര്‍ത്ത്തുവില്‍ ഉണ്ടായ മകന്‍. ഇപ്പോള്‍ വലിയ മന്ത്രവാദിയാ. നമ്മുടെ സെക്രട്ടറിക്ക് മൊട്ടയില്‍ ഒരു സൂത്രം പുള്ളി എനിക്ക് വേണ്ടി ചെയ്തു തന്നിട്ടുണ്ട്. ഈ സി ബി ഐ ക്കാരൊക്കെ ചുമ്മാ വന്നതാനെന്നാണോ വിചാരിച്ചത്.
ആ. മ: എന്നാ വിളി കാപ്രയെ.
(കാപ്ര വരുന്നു.)
കാപ്ര: നമുക്കെല്ലാം മനസിലായി. ഒരു ബ്രാഹ്മണ ശാപം ഇവിടെ അലയടിക്കുന്നുണ്ട്. അതാണ്‌ ഈ ദുരന്തതിനൊക്കെ കാരണം.
ആ. മ: ശാപമോ? തെളിച്ചു പറ കാപ്രെ.

രംഗം 3: മഹാബലിയുടെ യാഗഭൂമി. മഹാബലിയും ശുക്രഅചാര്യരും സംസാരിച്ചു കൊണ്ടു നില്ക്കുന്നു. ഒരു ഭടന്‍ ഓടി വരുന്നു.
ഭടന്‍: പ്രഭോ, അങ്ങയെ കണ്ടു ദാനം മേടിക്കണം എന്ന് പറഞ്ഞു ഒരു ബ്രാഹ്മണ കുമാരന്‍ വാതില്‍ക്കല്‍ വന്നു നില്ക്കുന്നു.
ബലി: കടന്നു വരാന്‍ പറയൂ. (ശുക്രനോട്) ഗുരോ, യാഗത്തിന്റെ അവസാനം ഒരു ബ്രാഹ്മണന് ദാനം കൊടുക്കണം എന്ന് പറഞ്ഞതെ ഉള്ളൂ. അപ്പോലെക്കും ഒരാള്‍ എത്തിയല്ലോ. നല്ല ശകുനം ആണല്ലേ?
ഗുരു: പക്ഷെ ശിഷ്യാ, എന്റെ ഇടതു കണ്ണ് അകാരണമായി തുടിക്കുന്നു.
ബലി: അത് പിന്നെ കണ്ണില്‍ പുക കയറിയിട്ടയിരിക്കും. ഒരു ആഴ്ച ആയി യാഗം അല്ലായിരുന്നോ?
(ഭടന്‍ വാമനനേയും കൊണ്ടു വരുന്നു)
ബലി: വരൂ കുമാരാ, അങ്ങ് ആരാണ്? താങ്കള്ക്ക് എന്താണ് ആഗ്രഹം?. ഈ ശുഭ മുഹൂര്‍ത്തത്തില്‍ ആഗതനായ അങ്ങേക്ക് എന്താഗ്രഹവും ഞാന്‍ നടത്തി തരാം.
വാമനന്‍: നന്ദി പ്രഭോ. അദിതി പുത്രനായ വാമനന്‍ ആണ് ഞാന്‍. എനിക്ക് തപസു ചെയ്യാനായി മൂന്ന് അടി മണ്ണ് മാത്രം അങ്ങ് എനിക്ക് തന്നാല്‍ മതി.
ബലി: ഹ ഹ. വെറും മൂന്ന് അടി മണ്ണോ? അങ്ങേക്ക് തപസു ചെയ്യാന്‍ മൂന്ന് ഗ്രാമങ്ങള്‍ തന്നെ ഞാന്‍ നല്‍കാം.
വാമ: വേണ്ട പ്രഭോ, അങ്ങ് എനിക്ക് മൂന്ന് അടി മണ്ണ് അളന്നു എടുക്കാന്‍ അനുവദിച്ചാല്‍ മാത്രം മതി.അമിതമായാല്‍ അമൃതും വിഷം എന്നാണല്ലോ.
(ശുക്രചാര്യര്‍ പെട്ടെന്ന് ബലിയെ അടുത്തേക്ക് വിളിച്ചു രഹസ്യം പറയുന്നു)
ഗുരു: പ്രഭോ, ഇവന്‍ പറയുന്ന കേട്ടിട്ട് എനിക്ക് അത്ര പന്തി തോന്നുന്നില്ല. വെറുതെ കേറി വാക്കൊന്നും കൊടുക്കല്ലേ.
ബലി: ഛെ, ഇത്തിരി ഇല്ലാത്ത ചെറുക്കന്‍ നമ്മെ എന്ത് ചെയ്യാന്‍. ചുമ്മാ അനാവശ്യം പറയാതെ ഗുരോ. ചുമ്മാതല്ല ഒരു ബ്രാഹ്മണന് മറ്റൊരു ബ്രാഹ്മണനെ കണ്ടൂടാ എന്ന് പറയുന്നതു.
ഗുരു: എന്ത് നീ നമ്മെ കളിയാക്കുന്നോ? മകനെ നിന്റെ ഐശ്വര്യം ഒക്കെ അവസാനിക്കാറായി. നീ മുടിഞ്ഞു പോട്ടെ.
ബലി: എന്തായാലും ഞാന്‍ പറഞ്ഞതു കൊടുത്തിരിക്കും. ആരെവിടെ കിണ്ടിയും വെള്ളവും കൊണ്ടു വരൂ.
ഭടന്‍: പ്രഭോ, രണ്ടിന് പോകാനാണോ? അല്ല പതിവില്ലാതെ വെള്ളം ചോദിച്ചത് കൊണ്ടു ചോദിച്ചതാ.
ബലി: മണ്ടാ, നമുക്കു അതിനാണേല്‍ ഒരു കിണ്ടി പോരെന്നു നിനക്കു അറിയില്ലേ . നമ്മുടെ ആചാരം അനുസരിച്ച് ആര്‍ക്കെങ്കിലും ദാനം ചെയ്യണമെങ്കില്‍ ആദ്യം നാം അവരുടെ കാല് കഴുകണം. വേഗം കൊണ്ടു വരൂ.
ഗുരു: (മനസ്സില്‍) ഓഹോ. അപ്പോള്‍ കാല് കഴുകാന്‍ പറ്റിയില്ലേല്‍ ഒന്നും നടക്കില്ല. ഒരു കാര്യം ചെയ്യാം. ഇവിടെ ധ്യാനിക്കുന്ന പോലെ നിന്നിട്ട് ഒരു വണ്ടിന്റെ രൂപത്തില്‍ കിണ്ടിയുടെ കുഴലില്‍ കേറി ഇരിക്കാം. ഈ മണ്ടന്‍ കാല് കഴുകുന്നത് ഒന്നു കാണണമല്ലോ.
(ബലി വാമനന്റെ കാല് കഴുകാന്‍ ശ്രമിക്കുന്നു. കിണ്ടി കുലുക്കി ഒക്കെ നോക്കുന്നു)
വാമ: എന്ത് പറ്റി പ്രഭോ?
ബലി: കിണ്ടിയില്‍ നിന്നും വെള്ളം വരുന്നില്ല. ഞാന്‍ ചരിച്ചും കുലുക്കിയും ഒക്കെ നോക്കി. ഇതെന്താ കഥ.
വാമ: അത്രേ ഉള്ളോ. അത് കുഴലില്‍ എന്തെങ്കിലും തടഞ്ഞതായിരിക്കും. ഒരു ദര്‍ഭ പുല്ലു തന്നെ. ഞാന്‍ ശരിയാക്കി തരാം.
(വാമനന്‍ ദര്‍ഭ മുന കൊണ്ടു കിണ്ടിയുടെ കുഴലില്‍ കുത്തുന്നു. ശുക്രാചാര്യര്‍ അലറിക്കൊണ്ട്‌ ഒരു കണ്ണും പൊത്തിപ്പിടിച്ചു താഴെ വീഴുന്നു )
ബലി: ഗുരുവിനു ഇതെന്തു പറ്റി. എന്തായാലും കിണ്ടി ശരിയായല്ലോ. ആദ്യം ചടങ്ങ് നടക്കട്ടെ.
(ബലി കാല് കഴുകുന്നത്തോടെ ഭീമാകാരമായി വലുതാകുന്ന വാമനന്‍)
വാമ: പ്രഭോ, ഞാന്‍ ആദ്യ ചുവടു കൊണ്ടു ഭൂമിയും പാതാളവും അളന്നു കഴിഞു. രണ്ടാമത്തെ കൊണ്ടു സ്വര്‍ഗ്ഗവും. ഇനി ഞാന്‍ എവിടെ മൂന്നാമത്തെ പാദം വെക്കും.
ബലി: പറഞ്ഞ വാക്കു ഞാന്‍ എന്തായാലും പാലിക്കും. അങ്ങ് എന്റെ തലയില്‍ മൂന്നാമത്തെ പാദം വെച്ചോളൂ.
വാമ: ബാലീ, അങ്ങയുടെ ധര്‍മ നിഷ്ടയില്‍ നാം സംപ്രീതനായി. ഞാന്‍ സാക്ഷാല്‍ മഹാ വിഷ്ണു ആണ്. അങ്ങയെ ദേവ കാര്യാര്‍ധം പാതാളത്തിലേക്ക്‌ ചവിട്ടി താഴ്ത്താന്‍ പോകുന്നു. അതിന് മുന്പ് അങ്ങേക്ക് എന്തെങ്കിലും വരം തരാന്‍ നാം ആഗ്രഹിക്കുന്നു. ചോദിച്ചാലും.
ബലി: പ്രഭോ, അങ്ങനെ ആണെങ്കില്‍ എല്ലാ വര്‍ഷവും ഒരിക്കല്‍ എനിക്കീ പ്രജകളുടെ സന്തോഷവും സമാധാനവും വന്നു കാണാന്‍ അനുവദിക്കണം.
വാമ: തദാസ്തു.
ബലി: പോകുന്നതിനു മുന്പ് ഞാന്‍ ഗുരുവിനോട് ഒന്നു യാത്ര ചോദിച്ചോട്ടെ.
വാമ: ആയിക്കോളൂ
(ബലി ഗുരുവിനെ കുലുക്കി വിളിക്കുന്നു)
ബലി: ഗുരോ, ഗുരോ, എഴുന്നേല്‍ക്കൂ. ദേ എനിക്ക് മഹാവിഷ്ണു എല്ലാ വര്‍ഷവും നാട്ടില്‍ വന്നു പ്രജകളുടെ ക്ഷേമം കാണാന്‍ വരം തന്നു. എന്നെ ഇപ്പോള്‍ പാതാളത്തിലേക്ക്‌ വിടാന്‍ പോകുവാ.
ഗുരു: (ദേഷ്യത്തോടെ കണ്ണും പൊത്തി എഴുന്നേല്‍ക്കുന്നു)ഹും. നാം പറയുന്ന കേള്‍ക്കാതെ മണ്ടത്തരങ്ങള്‍ ഒക്കെ കാട്ടിയിട്ട് ഇപ്പോള്‍ വരം കിട്ടിയെന്നോ. എന്നാല്‍ നാം നിന്നെ ശപിക്കുന്നു. നീ പ്രജകളെ കാണാന്‍ വരുമ്പോളൊക്കെ എന്റെ ഈ കണ്ണ് പോയ കാര്യം നിന്നെ ഓര്‍മിപ്പിക്കാന്‍ നിന്റെ പ്രജകള്‍ കണ്ണും കളഞ്ഞു വിഷമിച്ചു നില്‍ക്കട്ടെ.

രംഗം 4: മന്ത്രി സഭ. കഥ പറഞ്ഞു നിര്‍ത്തുന്ന കാപ്ര.
മു. മ: അപ്പോള്‍ ഈ ശാപത്തില്‍ നിന്നും രക്ഷപെടാന്‍ എന്താ വഴി. അതോടെ പറഞ്ഞു തരണേ കാപ്രെ.
കാപ്ര: വഴി ഉണ്ട്. ഒന്നു, അങ്ങ് പടിഞ്ഞാറന്‍ നാടുകളില്‍ ചെയ്യുന്നപോലെ മദ്യത്തിനു വില കുറച്ചു കോള വില്‍ക്കുന്ന പോലെ വില്‍ക്കുക. അതല്ലെങ്കില്‍ പണ്ടു മാവേലി ഭരിച്ചപോലെ അങ്ങ് ഭരിക്കുക. കള്ളവും ചതിവും ഇല്ലാത്ത ഒരു നാടും ധര്‍മിഷ്ടരായ ഭരണാധികാരികളും.
(ശുഭം)

എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

നിയമ പ്രകാരമുള്ള മുന്നറിയിപ്പ്:
ഓണ ദിവസങ്ങളില്‍ പരമാവദി സര്‍ക്കാര്‍ സാധനം മാത്രം സേവിക്കുക.
കള്ളും വാറ്റും പരമാവധി ഒഴിവാക്കുക.
ഇനി ബീവരെജില്‍ നിന്നാണ് വാങ്ങുന്നതെങ്കില്‍ ബില്ല് രണ്ടു ദിവസം സൂക്ഷിക്കുക, നഷ്ട പരിഹാരം കിട്ടാന്‍ ഉപകരിക്കും.