വിലായത്ത് ബുദ്ധ - പുസ്തകവും സിനിമയും
കഴിഞ്ഞ ദിവസം തിയേറ്ററിൽ പോയി ആസ്വദിച്ച് കണ്ട സിനിമയാണ് പൃഥ്വിരാജ് അഭിനയിച്ച, ജയൻ നമ്പ്യാർ സംവിധാനം നിർവഹിച്ച "വിലായത്ത് ബുദ്ധ". ജി.ആർ ഇന്ദുഗോപൻ എഴുതിയ "വിലായത്ത് ബുദ്ധ" എന്ന നോവൽ സിനിമയാക്കപ്പെടുന്നു എന്ന് കേട്ടപ്പോൾ തന്നെ അത് തിയേറ്ററിൽ കാണണം എന്ന് തീരുമാനിച്ചിരുന്നതാണ്. നോവലിനോട് നൂറുശതമാനം നീതി പുലർത്തിയതായി സിനിമ കണ്ടപ്പോൾ തോന്നി. പക്ഷെ സോഷ്യൽ മീഡിയയിലുടനീളം ഈ സിനിമയ്‌ക്കെതിരെ ഭയങ്കര ഹേറ്റ് ക്യാമ്പയിൻ നടക്കുന്നതായി തോന്നി. റിവ്യൂകൾ വായിച്ചാൽ ഒരുത്തനും തിയേറ്ററിന്റെ പരിസരത്ത് പോലും പോകാൻ തോന്നില്ല. നായകനായ പൃഥ്വിരാജ് ആണ് മിക്കവരുടെയും ഇര. ചിലർ സിനിമയുടെ കഥയിലെ പോരായ്മകൾ വരെ വിളമ്പിയിരിക്കുന്നു. ലൂസിഫർ കണ്ട് ത്രില്ലടിച്ച് എംപുരാൻ ആദ്യ ദിവസം തന്നെ കയറി നിരാശനായ എനിക്ക് വിലായത്ത് ബുദ്ധ നന്നായി ഇഷ്ടപ്പെട്ടു. കൂടെ ഇറങ്ങിയ "എക്കൊ" കയറി കത്തിയതിനാലും കൂടി ആവണം തിയേറ്ററുകളിൽ അർഹിക്കുന്നൊരു പരിഗണന പടത്തിന് കിട്ടുന്നില്ല. എന്തായാലും നമുക്ക് സിനിമയിലേക്കും അതിന് കാരണമായ നോവലിലേക്കും ഒന്ന് കണ്ണോടിക്കാം.
നമ്മുടെ ചുറ്റുപാട് നിന്നും ഞെട്ടിക്കുന്ന ത്രെഡുകൾ കണ്ടെത്താൻ പ്രത്യേക കഴിവുള്ള നോവലിസ്റ്റാണ് ശ്രീ ജി ആർ ഇന്ദുഗോപൻ. ഒരു സിനിമ ആസ്വദിക്കുന്നത് പോലെ ഒറ്റയിരുപ്പിൽ അദ്ദേഹത്തിന്റെ നോവലുകൾ വായിച്ച് തീർക്കാൻ സാധിക്കും. ഇരുന്നൂറിൽ താഴെ പേജുകളെ മിക്കവാറും നോവലുകൾക്ക് കാണൂ. അതിൽത്തന്നെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥ ഒരു തെക്കൻ തല്ലുകേസ് എന്നപേരിലും നാലഞ്ച് ചെറുപ്പക്കാർ എന്ന നോവൽ പൊന്മാൻ എന്ന പേരിലും സിനിമകളായി. വിലായത്ത് ബുദ്ധ എന്ന നോവൽ വായിച്ച സംവിധായകൻ സച്ചി ആ നോവൽ സിനിമയാക്കുവാൻ ആഗ്രഹിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രശസ്തമായതും അവസാനത്തേതുമായ സിനിമ അയ്യപ്പനും കോശിയും പോലെ കരുത്തരായ രണ്ട് നായക കഥാപാത്രങ്ങൾ തമ്മിലുള്ള ക്ലാഷ് ആണ് വിലായത്ത് ബുദ്ധയുടെയും കഥ. നോവലിസ്റ്റ് ഒരിക്കൽ പരിചയപ്പെട്ട കുറച്ച് ചന്ദന മോഷ്ടാക്കൾ പങ്കുവെച്ച അനുഭവങ്ങളിൽ നിന്നാണ് ഈ കഥ ഉരുത്തിരിഞ്ഞു വന്നതെന്ന് അദ്ദേഹം ഒരിക്കൽ എഴുതിയിട്ടുണ്ട്. കേരളത്തിൽ ചന്ദനമരങ്ങൾ വളരുന്ന മറയൂരാണ് കഥാ പശ്ചാത്തലം. നാട്ടിലെ പ്രമാണിയും മുൻ അധ്യാപകനും വിഭാര്യനും സർവ്വോപരി രാഷ്ട്രീയക്കാരനും നിലവിലെ പഞ്ചായത്ത് പ്രസിഡന്റുമായ ഭാസ്കരൻമാഷിനെ ചുറ്റിപ്പറ്റിയാണ് നോവൽ വളരുന്നത്. ചെയ്യാത്ത തെറ്റ് കാരണം പതിഞ്ഞ ചീത്തപ്പേര് തന്റെ മരണത്തിലൂടെ മാറ്റണം എന്ന് തീരുമാനിച്ച ഭാസ്കരൻ മാഷ് അതിനായി കരുതി വെച്ചത് പറമ്പിൽ വളരുന്ന ചന്ദനമരമാണ്. അദ്ദേഹത്തിന്റെ മുന്നിലേക്ക് ചന്ദനമോഷ്ടാവായ മുൻ ശിഷ്യൻ എത്തുന്നതോടെ നോവൽ മുറുകുന്നു. ചന്ദനമരം സൂക്ഷിക്കാൻ ഗുരുവിന് ഉള്ളതുപോലെ മോഷ്ടിക്കാൻ ശിഷ്യനായ മോഹനനും തന്റേതായ കാരണങ്ങൾ ഉണ്ടായിരുന്നു. 120 ഓളം പേജുകൾ മാത്രമുള്ള (അതിൽ തന്നെ പല പേജുകളും ചിത്രങ്ങൾ അപഹരിച്ചിരിക്കുന്നു) നോവൽ വായിച്ചു തുടങ്ങിയാൽ ഒരു സിനിമ കാണുന്നത് പോലെ ഒറ്റയിരുപ്പിൽ വായിച്ച് തീർക്കാൻ സാധിക്കും.
അത്തരം ഒരു നോവൽ സിനിമയാക്കുമ്പോൾ ഒട്ടേറെ പരിമിതികളുണ്ട്. ഏറ്റവും പ്രധാനം മൂലകഥയ്ക്ക് മാറ്റം സംഭവിക്കരുതെന്നതാണ്. തികഞ്ഞ ശ്രദ്ധയോടെ സംവിധായകൻ ജയൻ നമ്പ്യാർ അതിൽ വിജയിച്ചിട്ടുണ്ട്. അതിനാൽ തന്നെ കഥയെക്കുറിച്ച് ഒന്നും പറയാനില്ല. പിന്നീടുള്ളത് സിനിമയാക്കിയപ്പോൾ ഉണ്ടായ കൂട്ടിച്ചേർക്കലുകളാണ്. നോവൽ പ്രധാനമായും ഭാസ്കരൻ മാഷേ കേന്ദ്രീകരിച്ചപ്പോൾ സിനിമയിലെ നായകൻ മോഹനൻ അഥവാ ഡബിൾ മോഹനനായി വേഷമിട്ട പൃഥ്വിരാജ് ആയി. പക്ഷെ ഭാസ്‌ക്കരൻ മാഷായി വന്ന ഷമ്മി തിലകൻ ഞെട്ടിച്ചുകളഞ്ഞു. അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസിലൂടെ അദ്ദേഹം ഭാസ്കരൻ മാഷിനെ പിടിച്ചുയർത്തി. സെക്കന്റ് ഹാഫിൽ പലപ്പോഴും നമുക്ക് സാക്ഷാൽ തിലകൻ ചേട്ടനെ ഓർമ്മ വരും. നായകന് ഹീറോയിസം കാണിക്കാൻ കുറച്ച് സ്റ്റണ്ടും പാട്ടും മലകയറ്റവും ഒക്കെ വന്നപ്പോൾ പടം മൂന്ന് മണിക്കൂർ അടുത്ത് എത്തി. ആ ദൈർഘ്യവും പടത്തെ പിന്നോക്കം വലിച്ചു. എടുത്തുപറയേണ്ട മറ്റൊരു പെർഫോമൻസ് ആയിരുന്നു നായികയായി എത്തിയ പ്രിയംവദയുടേത്. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ. മറയൂരിന്റെ മനോഹാരിതയും ഓരോ സ്ക്രീനിലും ആസ്വദിക്കാം. എന്തായാലും സോഷ്യൽ മീഡിയയിൽ ഇപ്പോൾ കാണുന്നത് പോലെ പൃഥ്വിരാജിന്റെ ഏറ്റവും മോശം പടം എന്നൊക്കെ ഈ സിനിമയെ കുറിച്ച് പറയുന്നത് കഷ്ടമാണ്. നല്ലൊരു തിയേറ്റർ ആസ്വാദനം ഈ സിനിമ അർഹിക്കുന്നുണ്ട്.













