ഈ ദിവസത്തെ യാത്രകൾക്ക് ഒരു പ്രത്യേകത ഉണ്ട്. ഡൽഹിയിൽ കാഴ്ചകൾ കാണാനുള്ള അവസാനത്തെ ദിനം എന്നത് മാത്രമല്ല. ഇതുവരെ എല്ലാ യാത്രകളിലും ദില്ലി നന്നായി അറിയാവുന്ന കണ്ണൻ കൂടെ ഉണ്ടായിരുന്നു. അവസാന ദിവസം കറങ്ങാൻ അവർ ഇല്ലെന്ന് അറിയിച്ചിരുന്നതിനാൽ ഞാനും നിമ്മിയും നിയക്കുട്ടിയും കൂടെ കറങ്ങാൻ തീരുമാനിച്ചു. ഹുമയൂൺ ടോംബ് ആണ് കാണണം എന്ന് ആഗ്രഹിച്ചതിൽ ഇതുവരെ കാണാൻ പറ്റാത്തത്. അപ്പോൾ അത് എന്തായാലും കാണണം. മുന്നേ സൈറ്റ് നോക്കിയതിൽ നിന്നും അഗ്രസേൻ കി ബാവൊളി എന്നൊരു ടൂറിസ്റ്റ് ലൊക്കേഷൻ ദില്ലിയിൽ ഉണ്ടെന്നും വൺ ഓഫ് ദി ബെസ്റ്റ് സെൽഫി സ്പോട്ട് ഇൻ ഡൽഹി എന്ന് ആണ് അത് അറിയപ്പെടുന്നത് എന്നും വായിച്ചറിഞ്ഞിരുന്നു. അധികം സമയം എടുക്കില്ല എന്ന് തോന്നിയതിനാൽ ആദ്യം അങ്ങോട്ട് പോയേക്കാം എന്ന് കരുതി.
താമസിക്കുന്ന ഹോട്ടലിൻറെ മുന്നിൽ നിന്നും ഓല ക്യാബ് വിളിച്ച് പോകാം എന്നാണ് തീരുമാനിച്ചത്. യൂബറും ഉണ്ടെങ്കിലും ഡൽഹിയിൽ നല്ലത് ഓല ആണെന്ന് അറിഞ്ഞതിനാൽ അത് മതി എന്ന് തീരുമാനിച്ചു. മൊബൈലിൽ എന്തായാലും രണ്ട് ആപ്പും ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. പോക്കറ്റടിയും മാല പൊട്ടിക്കലും സൂക്ഷിക്കണം എന്ന് മുന്നറിയിപ്പ് കിട്ടിയതിനാൽ സ്വർണ്ണം ശരീരത്ത് നിന്നും ഒഴിവാക്കി. മൊബൈൽ മോഷണം പോയാൽ ചുറ്റാതിരിക്കാൻ അത്യാവശ്യം മൊബൈൽ നമ്പരുകൾ പേപ്പറിൽ എഴുതി വച്ചു. അങ്ങനെ വിളിച്ച ഉടനെ വന്ന വാഗണർ ഓല ക്യാബിൽ ഞങ്ങൾ അഗ്രസേൻ കി ബാവൊളി കാണാൻ പുറപ്പെട്ടു. പോകുന്ന വഴിക്ക് റോഡിൻറെ ഇടത് വശത്തായി പുതുതായി പണി കഴിപ്പിക്കുന്ന ഒരു ഭീമൻ നിർമ്മിതി പോലെ ഒരു സംഭവം ഉണ്ട്. കഴിഞ്ഞ ദിവസം അത് വഴി ആഗ്രയിലേക്ക് പോയപ്പോൾ ആണ് ആദ്യമായി ഞാൻ അത് കാണുന്നത്. എന്ത് നിർമ്മിതി ആണെന്ന് ചോദിച്ചപ്പോൾ ആണ് ഡ്രൈവർ പറഞ്ഞു തന്നത്. " അത് നിർമ്മിതി ഒന്നുമല്ല. ഡൽഹിയിലെ വേസ്റ്റ് കൊണ്ടുവന്ന് കൂട്ടുന്നതാണ്. ഒരു പീഠഭൂമി പോലെ തോന്നിച്ച ആ വേസ്റ്റ് നിർമ്മിതിയെ കൺകുളിർക്കെ ഒന്ന് കൂടി കണ്ടു.
|
ഡൽഹിയിലെ മാലിന്യ മല |
ഏകദേശം 40 മിനിറ്റ് കൊണ്ട് ഞങ്ങൾ കൊണാട്ട് പ്ലേസിന് അടുത്തായി സ്ഥിതി ചെയ്യുന്ന അഗ്രസേൻ കി ബാവൊളിയിൽ എത്തി. വണ്ടിയിൽ നിന്നും ഇറങ്ങുമ്പോൾ അവിടെ ഒരു തകർപ്പൻ മഴ കഴിഞ്ഞ ലക്ഷണം ഉണ്ടായിരുന്നു. വണ്ടിക്കാരനെ പറഞ്ഞുവിട്ട് ഞങ്ങൾ അടുത്ത് തന്നെ സ്ഥിതി ചെയ്യുന്ന ആ ചരിത്ര നിർമ്മിതിയിലേക്ക് കയറി. ബാവോളി എന്നാൽ പടികളുള്ള കിണർ എന്നർത്ഥം. ശരിക്കും ആരാണ് അത് നിർമ്മിച്ചത് എന്ന് ആർക്കും അറിയില്ല. തുഗ്ലക്ക് സുൽത്താന്മാർ അത് ഒന്ന് മോടിപിടിപ്പിച്ചിട്ടുണ്ട് എന്ന് മാത്രമാണ് ആകെ പിടികിട്ടിയ ചരിത്രം. മഹാഭാരത കാലഘട്ടത്തിൽ കൃഷ്ണൻറെ അപ്പൂപ്പൻ ആയിരുന്ന ഉഗ്രസേനൻ അഥവാ അഗ്രസേൻ ആണ് ഇത് പണികഴിപ്പിച്ചത് എന്ന് ഒരു ഐതിഹ്യം ഉണ്ട്. അങ്ങനെയാണ് ഈ പേര് കിട്ടിയത്. റോഡിനോട് ചേർന്ന് ചുമ്മാ കയറി ചെല്ലാവുന്ന ഒരു സ്ഥലം ആണ് അത്. അമീർ ഖാൻറെ പി കെ സിനിമയിലും സൽമാൻ ഖാൻറെ സുൽത്താൻ സിനിമയിലും ഇവിടെ വെച്ച് ഷൂട്ട് ചെയ്ത സീനുകൾ വന്നതോടെയാണ് പുതു തലമുറയുടെ സെൽഫി സ്പോട്ടുകളിൽ ഇവിടം ഇടം പിടിക്കുന്നത്. മറ്റ് സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവിടെ മുഴുവൻ കോളേജ് പിള്ളേർ ആയിരുന്നു സന്ദർശകർ. കരിങ്കല്ലിൽ പണി തീർത്തിരിക്കുന്നു ഏകദേശം 60 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള 108 പടികളുള്ള ഒരു നിർമ്മിതിയാണ് നമ്മൾ അവിടെ കാണുന്നത്. താഴേക്ക് പടികൾ ഇറങ്ങി ചെല്ലാം. പടികളിൽ ഇരുന്ന് ഫോട്ടോ എടുക്കാം. മൂന്ന് തട്ട് ആയിട്ടാണ് താഴേക്കുള്ള ഭിത്തി നിർമ്മിച്ചിട്ടുള്ളത്. ആ തട്ടുകളിലൂടെ നടക്കാം. ഇടയിൽ ഉള്ള ചെറിയ കമാനങ്ങളിൽ നിന്ന് ഫോട്ടോ എടുക്കാം. ഇതൊക്കെയാണ് അവിടെ ചെയ്യാവുന്ന കാര്യങ്ങൾ.
|
പടി ഇറങ്ങി ചെന്നിട്ടുള്ള ഫോട്ടോ |
ഡൽഹിയിലെ പ്രധാനപ്പെട്ട ഒരു സെൽഫി സ്പോട്ട് എന്നതിൻറെ കൂടെ വേറെ ഒരു കാര്യം കൂടെ ഞാൻ വായിച്ചിരുന്നത് നിമ്മിയോട് പറഞ്ഞിരുന്നില്ല. ഡൽഹിയിലെ ഏറ്റവും ഹോണ്ടഡ് അഥവാ ദുരൂഹമായ സ്ഥലങ്ങളിൽ ഒന്നാണ് അഗ്രസേൻ കി ബാവൊളി എന്നതായിരുന്നു അത്. താഴെ ഇറങ്ങി ചെല്ലുന്നവരെ താഴേക്ക് വീഴാൻ പ്രേരിപ്പിക്കുന്ന ഒരു ശക്തി അവിടെ ഉണ്ടത്രേ. അങ്ങനെ പത്തോളം ആളുകൾ അവിടെ വീഴുകയും രണ്ടുപേർ മരിക്കുകയും ചെയ്‌തെന്നാണ് അതിൽ വായിച്ചത്. അത് മനസ്സിൽ ഉള്ളത്കൊണ്ടാണോ എന്തോ നേരെ കയറി ചെല്ലുന്ന ഏറ്റവും മുകളിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ ഒരു ഭീകരത മനസ്സിൽ അനുഭവപ്പെട്ടു. എന്തായാലും പതിയെ പടികൾ ഇറങ്ങി നോക്കി. ഈ സ്റ്റെപ്പുകൾ താഴേക്ക് ചരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. തന്നെയുമല്ല മഴ പെയ്തതിനാൽ നല്ല നനവും ഉണ്ട്. എന്തായാലും നിമ്മിയോടും മോളോടും അധികം ഇറങ്ങേണ്ട എന്ന് പറഞ്ഞ് ഞാൻ സൂക്ഷിച്ച് താഴേക്ക് ഇറങ്ങി. എല്ലാ പടികളും ഇറങ്ങി ചെല്ലുമ്പോൾ ആകെ ഭീകരത കൂടും. ചതുരത്തിൽ ഉള്ള ഒരു കിണറിൻറെ അടിഭാഗം പോലെ തോന്നിച്ചു. അകത്തേക്ക് നോക്കിയിട്ട് താഴെ വെള്ളം ഒന്നും കണ്ടില്ല. മുകളിലേക്ക് നോക്കിയപ്പോൾ മുകളിൽ നിറയെ വവ്വാലുകൾ പറ്റിപ്പിടിച്ച് കിടക്കുന്നത് കണ്ടു. ഈ ഇറക്കം ഇറങ്ങി ചെന്നത് കൊണ്ടാകാം, അവിടെ നിൽക്കുമ്പോൾ താഴേക്ക് വീഴാൻ പോകുന്നത് പോലെ തോന്നും. എന്തായാലും നിന്ന് റിസ്ക് എടുക്കാൻ പോയില്ല. പതിയെ മുകളിലേക്ക് കയറി. മുകളിൽ ചെന്ന് കുറെ ഫോട്ടോയൊക്കെ എടുത്ത് മടങ്ങാൻ തീരുമാനിച്ചു.
|
പികെ സിനിമയിൽ ആമിർഖാൻ |
ഹുമയൂൺ സ്മാരകം
പുറത്തിറങ്ങി ഹുമയൂൺ ടോംബിലേക്ക് പോകാൻ ഓല വണ്ടി വിളിക്കാം എന്നോർത്തപ്പോൾ മുന്നിലായി കുറെ ഓട്ടോകൾ കിടക്കുന്നത് കണ്ടു. തിരക്കിയപ്പോൾ 100 രൂപ ആകുമെന്ന് പറഞ്ഞു. ഓലയിൽ കാണിച്ചത് അത്രയൊക്കെ തന്നെയാണ്. എന്നാൽ പിന്നെ ഓട്ടോ ആകാം എന്ന് വിചാരിച്ച് ഒരെണ്ണത്തിൽ കയറി. പത്ത് മിനിറ്റിനുള്ളിൽ ഞങ്ങളെ ഹുമയൂൺ ടോംബിന്റെ കവാടത്തിൽ ഇറക്കി ഓട്ടോ പോയി. ടിക്കറ്റ് എടുത്ത് വേണം അകത്ത് കയറാൻ. ഡൽഹിയിലും ആഗ്രയിലും എവിടെ ചെന്നപ്പോളും കണ്ട ഒരു കാര്യം എന്താണെന്നു വച്ചാൽ ടിക്കറ്റ് കൗണ്ടറിൽ ക്യാഷ് കൊടുത്തും കാർഡ് കൊടുത്ത് ക്യാഷ്‌ലെസ്സ് ആയും ടിക്കറ്റ് എടുക്കാം. ക്യാഷ്‌ലെസ്സ് പരിപാടിക്ക് പത്ത് രൂപ എങ്കിലും ഒരു ടിക്കറ്റിനുമേൽ കുറവുണ്ടാകും. ഇവിടെയും അങ്ങനെ കണ്ട് ഞാൻ കാർഡ് എടുത്ത് നീട്ടി. കൗണ്ടറിൽ ഇരിക്കുന്നവൻ പറഞ്ഞു. സോറി കാർഡ് എടുക്കില്ല. ക്യാഷ് വേണം എന്ന്. എന്ത് പ്രഹസനം ആണ് സജീ എന്നും പറഞ്ഞ് ഞാൻ ക്യാഷ് കൊടുത്ത് ടിക്കറ്റ് വാങ്ങി ഞങ്ങൾ അകത്ത് കടന്നു.
|
ഹുമയൂൺ ടോംബ് |
ഞങ്ങൾ ദില്ലിയിൽ കണ്ട അവസാനത്തെ പുരാതന സ്മാരകം ആയ ഹുമയൂൺ ടോംബ് ശരിക്കും ഞങ്ങൾ ആസ്വദിച്ച് കണ്ട ഒരു സ്ഥലം തന്നെ ആയിരുന്നെന്ന് പറയാം. നമ്മളെ നിയന്ത്രിക്കാൻ മറ്റ് സ്ഥലങ്ങളിൽ ഉള്ളപോലെ ആരും ഇവിടെ ഉണ്ടായിരുന്നില്ല എന്നതാണ് കാരണം. തിരക്കും വളരെ കുറവ്. മറ്റ് സ്മാരകങ്ങളെക്കാൾ ഈ നിർമ്മിതിക്ക് ഒട്ടേറെ പ്രത്യേകതകൾ ഉണ്ടായിരുന്നു. മുഗളന്മാർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിർമ്മിച്ച ആദ്യ സ്മാരക മന്ദിരം ആയിരുന്നു അത്. ഇൻഡോ പേർഷ്യൻ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ചുവന്ന സാൻഡ് സ്റ്റോൺ ഉപയോഗിച്ച് നിർമ്മിച്ച ആദ്യ നിർമ്മിതിയും അത് തന്നെ. രണ്ടാമത്തെ മുഗൾ രാജാവായ ഹുമയൂൺ മരിച്ചതിന് ശേഷം അദ്ദേഹത്തിന് ഒരു സ്മാരകമായി അദ്ദേഹത്തിൻറെ ഭാര്യ സുൽത്താന ഹാജി ബീഗം ആണ് ഇത് നിർമ്മിച്ചത്. നിസാമുദ്ദീൻ എന്ന ഭാഗത്ത് നിലകൊള്ളുന്ന ഈ നിർമ്മിതി 1570 ആണ് പണി പൂർത്തിയായത്. മുഗളന്മാരുടെ മാസ്റ്റർപീസ് ആയ സിമട്രിയുടെ ഒരു കളിയാണ് ഇവിടെയും. നടുക്ക് കൂടെ ഒരു വര വരച്ച് മടക്കിയാൽ രണ്ട് ഭാഗവും ഒരുപോലെയിരിക്കും. ഹുമയൂണിനെ കൂടാതെ മുഗൾ രാജകുടുംബത്തിലെ ഒട്ടേറെ പ്രമുഖരെ അവിടെ അടക്കിയിട്ടുള്ളതായി കാണാം. ആർക്ക് വേണമെങ്കിലും എവിടെ വേണമെങ്കിലും കയറാം. ഫോട്ടോ എടുക്കാം. നിയക്കുട്ടി സ്വന്തം വീടിൻറെ അകത്ത് എന്ന പോലെ അതിനകത്ത് പാഞ്ഞ് നടക്കുന്നുണ്ടായിരുന്നു. ഈ ശവകുടീരത്തിൻറെ മാതൃകയിലാണ് പിന്നീട് താജ്മഹൽ പണികഴിപ്പിച്ചത്. അതിനാൽ തന്നെ ഇതിനെ പാവങ്ങളുടെ താജ്മഹൽ എന്നും വിളിക്കാറുണ്ട്. ഈ ശവകുടീരത്തിനെ ചുറ്റി ചാർബാഗ് എന്ന പേരിൽ ഒരു ഉദ്യാനം ഉണ്ട്. പേർഷ്യൻ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ആ ഉദ്യാനം ഇന്ത്യയിൽ അത്തരത്തിൽ ഉണ്ടാക്കിയ ആദ്യത്തേത് ആയിരുന്നു.
|
ഒരുനാൾ ഇന്ത്യയെ അടക്കി ഭരിച്ച ഹുമയൂൺ ചക്രവർത്തിയുടെ ഖബറിടം |
ഏക്കറുകൾ പടർന്നു കിടക്കുന്ന ആ മഹദ് നിർമ്മിതിയുടെ അടുത്തായി ചെറുതും വലുതുമായ ധാരാളം ശവകുടീരങ്ങൾ കാണാം. അതിൽ പ്രധാനപ്പെട്ടതാണ് സൂരി രാജവംശത്തിലെ പ്രധാനി ആയിരുന്ന ഇസ ഖാൻ നിയാസിയുടെ ശവകുടീരം. ഒരു ചെറിയ കോട്ടമതിൽ കെട്ടി അതിൽ സ്ഥിതി ചെയ്യുന്ന ആ നിർമ്മിതിയെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് മുകളിലൂടെ നമുക്ക് നടക്കാവുന്ന ആ ചെറിയ കോട്ടമതിൽ ആയിരുന്നു. ഇടയ്ക്കിടെ താഴേക്ക് ഇറങ്ങാവുന്ന ചെറിയ പടികൾ ഉള്ള ആ കോട്ടമതിലിലൂടെ നടക്കുമ്പോൾ സമീപത്തായി ധാരാളം ശവകുടീരങ്ങൾ സ്മാരകം ആയും കാട് പിടിച്ച ഖബറിടങ്ങൾ ആയും കാണാൻ സാധിക്കും.
|
ഇസ ഖാൻ നിയാസിയുടെ സ്മാരകം |
|
ഇസ ഖാൻറെ സ്മാരകത്തിന് ചുറ്റുമുള്ള കോട്ടമതിൽ |
|
പരിസരങ്ങളിൽ കാണപ്പെട്ട ചെറിയ സ്മാരകങ്ങൾ |
ഹുമയൂൺ ടോമ്പിൽ നിന്നും ഞങ്ങൾ പുറത്ത് ഇറങ്ങുമ്പോൾ സമയം ഒന്നര ആയിരുന്നു. ഇനി ഭക്ഷണം കഴിക്കണം തിരികെ പോകണം. വൈകിട്ട് താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള ഷോപ്പിംഗ് സെൻററിൽ പോയി ചെറിയ ഷോപ്പിംഗ് കൂടി നടത്തിയാൽ ഡൽഹി പര്യടനം പൂർണ്ണം. നാളെ ഉച്ചയ്ക്കാണ് ഫ്‌ളൈറ്റ്. എന്നാലും രാവിലെ ഇറങ്ങണം. അതിനാൽ നാളെ വേറെ ഒന്നും പ്ലാനിൽ ഇല്ല. ഡൽഹി ബട്ട്ല ഹൗസ് എന്ന സ്ഥലത്ത് നല്ല മട്ടൻ വിഭവങ്ങൾ കിട്ടും എന്ന് കേട്ട് ഇനി അതായിട്ട് കുറക്കണ്ട എന്ന് കരുതി ഒരു ഓട്ടോയിൽ അങ്ങോട്ട് വിട്ടു. ബട്ട്ലഹൗസ് എന്ന സ്ഥലം അല്ലാതെ പ്രത്യേകിച്ച് ഹോട്ടൽ ഒന്നും അറിയില്ലായിരുന്നു. അവിടെ ചെന്നപ്പോൾ നല്ലൊരു മഴ പെയ്ത് മാറിയതിനാൽ റോഡൊക്കെ ആകെ വെള്ളം നിറഞ്ഞു കിടക്കുന്നു. നല്ല ബ്ലോക്കും തിരക്കും. അവസാനം ഓട്ടോക്കാരനോട് നല്ല ഹോട്ടൽ നോക്കി നിർത്താൻ പറഞ്ഞു. ഭാഗ്യത്തിന് പുള്ളി ഡൽഹി കോർപ്പറേഷൻറെ ഒരു കോംപ്ലക്സിൽ കൊണ്ട് ചെന്നാണ് ഞങ്ങളെ വിട്ടത്. ബ്രാൻഡഡ് ഉൾപ്പെടെ ധാരാളം ഹോട്ടലുകൾ അവിടെ ഉണ്ടായിരുന്നു. അതിൽ മുഗൾ ബന്ധം തോന്നിച്ച പേരുള്ള ഒരെണ്ണത്തിൽ കയറി സീറ്റ് പിടിച്ചപ്പോളേക്കും സമയം മൂന്ന് അടുത്തിരുന്നു. മട്ടൻ ബിരിയാണിയും ബട്ടർ നാനും മട്ടൻ ചാപ്സും ആണ് ഓർഡർ ചെയ്തത്. സംഭവം നല്ല ടേസ്റ്റി ആയിരുന്നെങ്കിലും നല്ല ഹെവി ആയിരുന്നു. മിച്ചം വന്ന നാൻ പാർസൽ ചെയ്യാമെന്ന് തീരുമാനിച്ചെങ്കിലും ഇന്നിനി ഒന്നും വയറ്റിലേക്ക് കയറില്ല എന്ന പരുവത്തിലാണ് അവിടെ നിന്നും ഇറങ്ങിയത്. വാതുക്കൽ നിന്നും ഓല ക്യാബിൽ നേരെ താമസസ്ഥലത്തേക്ക്. അതോടെ സംഭവ ബഹുലമായ ഞങ്ങളുടെ ഡൽഹി പര്യടനത്തിന് തിരശീല വീണു. വൈകിട്ട് കണ്ണനും കുടുംബവുമായി പോയി ഒരു ചെറിയ ഷോപ്പിങ് നടത്തി. സാധനങ്ങൾക്കൊക്കെ നല്ല വിലക്കുറവ് അനുഭവപ്പെട്ടു. പ്രത്യേകിച്ചും ഡ്രസ്, ലതർ സാധനങ്ങൾക്ക്. തിരിച്ച് ചെല്ലുമ്പോൾ വിഭവ സമൃദ്ധമായ ഭക്ഷണം ആന്റി തയ്യാറാക്കി വച്ചിരുന്നു. ചോറും, ചിക്കൻ കറിയും, മീൻ വറുത്തതും, ഒക്കെയായി ഒരു വൻ സെറ്റപ്പ് തന്നെ ഉണ്ടായിരുന്നു. വയറ്റിൽ സ്ഥലം ഇല്ലായിരുന്നെങ്കിലും അവരുടെ സ്നേഹം ആണ് ആ വിളമ്പുന്നത് എന്ന് കണ്ട് ആസ്വദിച്ച് കഴിച്ചു. വിജയൻ അങ്കിളിന് രാവിലെ ജോലിക്ക് പോകേണ്ടതുണ്ട്. അതിനാൽ നാളെ കാണില്ല. അപ്പോൾ അങ്കിളിനോട് യാത്രപറഞ്ഞ് ഇറങ്ങി.
രാവിലെ ആയിരുന്നു കണ്ണനൊക്കെ തിരിച്ചുള്ള ഫ്‌ളൈറ്റ്. അവർ പോയി രണ്ട് മണിക്കൂർ കൂടി കഴിഞ്ഞപ്പോൾ ഞങ്ങളും പോകാൻ ഇറങ്ങി. പോയി ആന്റിയോട് യാത്ര പറഞ്ഞു. ആ വീട്ടിൽ ആന്റി വീണ്ടും ഒറ്റയ്ക്കായി മാറിയത് കണ്ടപ്പോൾ വിഷമം തോന്നി. ആന്റിയും വിഷമത്തിൽ ആയിരുന്നു. അങ്ങനെ ഓല ക്യാബിൽ എയർപോർട്ടിലേക്ക് ഞങ്ങൾ യാത്രയായി. നല്ലൊരു പയ്യൻ ആയിരുന്നു ഡ്രൈവർ. എയർപോർട്ടിലേക്ക് വണ്ടി കടന്നതും അതിൻറെ ടയർ പഞ്ചർ. ഇനിയും അരക്കിലോമീറ്റർ കൂടി പോകണം. നല്ല പൊരി വെയിൽ. ഡ്രൈവർ അതുവഴി പോകുന്നവരോട് ഞങ്ങളെ കൂടെ കൊണ്ടുപോകുമോ എന്ന് ചോദിച്ചെങ്കിലും ആരും അടുക്കുന്നില്ല. അവസാനം നൂറ് രൂപ കൊടുക്കാമെന്ന് പറഞ്ഞപ്പോൾ ഒരാൾ ഞങ്ങളെ കൊണ്ട് വന്ന് ഗേറ്റിൽ വിട്ടുതന്നു. അങ്ങനെ മംഗളമായി യാത്രകൾ അവസാനിപ്പിച്ച് ഞങ്ങൾ തിരിച്ച് വിമാനത്താവളത്തിലേക്ക് കയറി. വിമാനം കൃത്യസമയത്ത് തന്നെ ആയിരുന്നു. തിരികെ കൊച്ചിയിൽ എത്തുമ്പോൾ നേരത്തെ വന്ന കണ്ണനും ചിത്രയും ഞങ്ങളെ കാത്ത് നിൽപ്പുണ്ടായിരുന്നു. വീണ്ടും ഒരുമിച്ച് എൻറെ കാറിൽ കയറി വീട്ടിലേക്ക്.
എങ്ങനെ ഉണ്ടായിരുന്നു യാത്ര എന്ന് ചോദിച്ചാൽ മനസിൽ ആദ്യം വരുന്നത് സന്ദർശിച്ച സ്ഥലങ്ങളെക്കാൾ ആതിഥേയത്വം ആണ്. വിജയൻ അങ്കിളിന്റെയും ഷാനി ആന്റിയുടെയും ആതിഥേയത്വം, സിൽവ ചേച്ചിയുടെ വീട്ടിലെ ഡിന്നർ അതൊന്നും മനസ്സിൽ നിന്നും മായാതെ നിൽക്കുന്നു. സന്ദർശിച്ച സ്ഥലങ്ങളെ കുറിച്ച് ചോദിച്ചാൽ എല്ലാം ഇഷ്ടപ്പെട്ടു എന്ന് തന്നെ പറയാം. ആദ്യ ദിനം കണ്ട അക്ഷർധാം ക്ഷേത്രം ആണ് കൂടുതൽ അത്ഭുതപ്പെടുത്തിയത്. ഇനി ഒരിക്കൽ കൂടി ഡൽഹിയിലേക്ക് പോകുന്നതിനെ കുറിച്ച് ആണെങ്കിൽ ഇനി കാണുമ്പോൾ ഈ ചരിത്ര സ്മാരകങ്ങളിൽ എല്ലായിടത്തും കയറി കാണാനുള്ള അനുവാദത്തോടെ വേണം എന്ന് മാത്രമാണ് ആഗ്രഹം ഉള്ളത്. പിന്നെ രാഷ്‌ട്രപതി ഭവനും പാർലമെൻറ് മന്ദിരവും കാണണം.
ദില്ലിയിൽ വെറും നാല് രാത്രിയും അഞ്ച് പകലും മാത്രം ചിലവിട്ട എൻറെ ഈ കുറിപ്പുകൾ യഥാർത്ഥത്തിൽ ഒരു നദിയുടെ കുറുകെയുള്ള പാലത്തിലൂടെ വണ്ടിയിൽ പോകുന്ന ഒരാൾ ആ നദിയെ കുറിച്ച് എഴുതുന്നത് പോലെ മാത്രമാണ്. ആ നദിയുടെ ആഴവും പരപ്പും മനസിലാകണമെങ്കിൽ അതിൽ ഇറങ്ങി നീന്തി തുടിക്കണം. ആദ്യമായി ജപ്പാനിൽ പോയത് ഒരു മാസത്തേക്കാണ്. അതിൽ മൂന്നോ നാലോ ദിവസങ്ങൾ മാത്രമാണ് സ്ഥലങ്ങൾ കാണാൻ സാധിച്ചത്. ആ യാത്രയുടെ സമയത്ത് ഇത്പോലെ കണ്ട കാര്യങ്ങൾ വച്ച് ഒരു ചെറിയ യാത്രക്കുറിപ്പ് എഴുതിയിരുന്നു. പിന്നീട് കൂടുതൽ നാളുകൾ ജപ്പാനിൽ താമസിക്കുകയും അവിടെ ധാരാളം താമസിച്ചിട്ടുള്ള കൂട്ടുകാരുമായി സംസാരിക്കുകയുമൊക്കെ ചെയ്തുകഴിഞ്ഞപ്പോൾ ഞാൻ അന്ന് എഴുതിയതൊക്കെ എന്ത് അറിഞ്ഞിട്ടായിരുന്നു എന്ന തോന്നൽ ആണ് ഉണ്ടാക്കിയത്. ഇവിടെയും അങ്ങനെ കുറവുകൾ ഒക്കെ ഉണ്ടാകും. എന്നാലും ഇത് വരെ ഈ ലേഖനങ്ങൾ വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവർക്കും ഹൃദയത്തിൻറെ ഭാഷയിൽ നന്ദി പറഞ്ഞുകൊള്ളുന്നു.
(അവസാനിച്ചു)
Kidukki thimirthu... Delhi Kanda effect undu... 😀
ReplyDeleteതാങ്ക്യൂ സൗമ്യ :)
Delete