Tuesday, October 1, 2019

ഡൽഹി ഡേയ്സ് 3 : അക്ഷർധാം ക്ഷേത്രം

ഡേ 1: അക്ഷർധാം ക്ഷേത്രം



           ഇന്ത്യാഗേറ്റ് സന്ദർശനം കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് വിശന്ന് തുടങ്ങി. എൻറെ വയർ ആണെങ്കിൽ ഡൽഹി എന്ന് കേട്ടപ്പോൾ മുതൽ മുഗൾ ഭക്ഷണം കഴിക്കാൻ വെമ്പി നിൽക്കുകയാണ്. ചെന്ന് വണ്ടിയിൽ കയറി ഗോപിചേട്ടനോട് ആദ്യം നല്ല മുഗൾ ഭക്ഷണം കിട്ടുന്ന സ്ഥലത്തേക്ക് പോകാം എന്ന് പറഞ്ഞു. പുള്ളി പക്ഷെ അടുക്കുന്ന ലക്ഷണം ഇല്ല. ഇനി നമുക്ക് അക്ഷർധാം ക്ഷേത്രത്തിലേക്ക് പോകാം. അവിടെ ചെന്നാൽ അതി വിശാലമായ ക്യാന്റീൻ ഉണ്ട്. നല്ല ഭക്ഷണം ലഭിക്കും. പുറത്തു നിന്നുള്ള ഭക്ഷണം കഴിച്ചാൽ വയറിന് പിടിക്കില്ലത്രേ.

             ചേട്ടാ ഞങ്ങൾ ഡൽഹി സ്ട്രീറ്റ് ഫുഡ് അടിക്കാൻ വേണ്ടിയാണ് ഈ ഫ്‌ളൈറ്റ് പിടിച്ച് ഇവിടം വരെ വന്നത് എന്ന് പറയാൻ തുനിഞ്ഞെങ്കിലും വീട്ടിലെ ഒരു മുതിർന്ന കാർന്നോരുടെ പോലെ കരുതലോടെയുള്ള പുള്ളിയുടെ വാക്കുകൾ കേട്ടപ്പോൾ അനുസരിക്കുന്നത് ആണ് നല്ലത് എന്ന് തോന്നി. ഇനിയും നമുക്ക് ഫുഡ് എക്‌സ്‌പ്ലോർ ചെയ്യാൻ സമയം ഉണ്ടല്ലോ.

         അക്ഷർധാം ക്ഷേത്രത്തെ കുറിച്ച് മുൻപ് കേട്ടിട്ടുണ്ട്. അവിടെ ഭീകരാക്രമണം നടന്നതിനെ കുറിച്ചായിരുന്നു അത്. കാറിലിരുന്ന് ഗോപി ചേട്ടനോട് അതിനെ കുറിച്ച് സംസാരിച്ചു. "ആക്രമണം നടന്ന അമ്പലം ഗുജറാത്തിലാണ്. ഇത് വേറെ ആണ്. ആ അമ്പലത്തിൻറെ മാതൃകയിൽ ഡൽഹിയിൽ പണി കഴിപ്പിച്ചിട്ടുള്ള അമ്പലം ആണിത്. അമ്പലം എന്ന് പറയുന്നു എങ്കിലും ഭക്തിക്ക് അത്ര പ്രാധാന്യം ഉള്ള ഒരു സ്ഥലം അല്ല അത്. അവിടെ രാത്രി ഒരു വാട്ടർ ഫൗണ്ടൻ ഷോ ഉണ്ട്. ഡൽഹിയിൽ വന്നുകഴിഞ്ഞാൽ മിസ് ചെയ്യാൻ പാടില്ലാത്ത ഒരു സംഭവം ആണത്. ഏഴ് മണിക്കും എട്ടരയ്ക്കും ഓരോ ഷോ ഉണ്ട്. ഇപ്പോൾ തന്നെ ഏഴ് മണിക്കുള്ള ഷോ ഫുൾ ആയിക്കാണും. ഭയങ്കര തിരക്ക് ആയിരിക്കും. എട്ടരയ്ക്കുള്ള ഷോ കഴിഞ്ഞ് ഇറങ്ങുമ്പോൾ ഏകദേശം പത്ത് മണി എങ്കിലും ആകും." ഗോപി ചേട്ടൻ പറഞ്ഞു നിർത്തി. ഡൽഹിയിലേക്ക് വരുമ്പോൾ തന്നെ കാണണം എന്ന് മനസിലോർത്ത സ്ഥലം ആയിരുന്നു അക്ഷർധാം. അത് പക്ഷെ ഇന്ത്യയിലെ ഏറ്റവും വലിയ അമ്പല സമുച്ചയം എന്ന വിശേഷണം ഉള്ള ആ അമ്പലത്തിൽ പോകണം ഒന്ന് പ്രാർത്ഥിക്കണം അത്രയേ ഉദ്ദേശിച്ചിരുന്നുള്ളൂ. പണ്ട് ഭീകരാക്രമണം നടന്നത് കൊണ്ട് നല്ല സെക്യൂരിറ്റി പ്രതീക്ഷിച്ചു. പക്ഷെ ഗോപിച്ചേട്ടൻ പറഞ്ഞു കഴിഞ്ഞപ്പോൾ അവിടെ ഫൗണ്ടൻ ഷോ കാണാൻ പത്ത് മണി വരെയൊക്കെ നിൽക്കേണ്ട കാര്യം ഇല്ല എന്ന് മനസ്സിൽ ഉറപ്പിച്ചു. പ്രത്യേകിച്ച് മോളൊക്കെ ഇപ്പോൾ തന്നെ ക്ഷീണിച്ചു തുടങ്ങിയിരിക്കുന്നു.

                 വണ്ടി പാർക്കിങ്ങിൽ കൊണ്ട് ചെന്ന് ഇട്ട ശേഷം ഗോപിച്ചേട്ടൻ പറഞ്ഞു അകത്ത് മൊബൈൽ, ക്യാമറ ഒന്നും അനുവദിക്കില്ല എന്ന്. അങ്ങനെ അതെല്ലാം വണ്ടിയിൽ വച്ച് അമ്പലം കാണാൻ ഇറങ്ങി. "പ്രതീക്ഷിച്ച തിരക്ക് ഇന്ന് കാണുന്നില്ല. ഏഴ് മണിക്കുള്ള ഷോയ്ക്ക് ടിക്കറ്റ് കിട്ടുമോ" എന്ന് ചോദിച്ച് നോക്കാൻ ചേട്ടൻ ഞങ്ങളോട് പറഞ്ഞു വിട്ടു. വിമാനത്താവളത്തിൽ ഉള്ള പോലുള്ള സെക്യൂരിറ്റി ചെക്കിങ് ഉണ്ടായിരുന്നു. ശ്രദ്ധിക്കപ്പെട്ട ഒരു കാര്യം സെക്യൂരിറ്റി മുഴുവൻ പ്രൈവറ്റ് ആയിരുന്നു എന്നതാണ്. നാഷണൽ ഫോഴ്‌സോ പൊലീസോ ഒന്നും നേരിട്ട് ഒന്നും ചെയ്യുന്നുണ്ടായിരുന്നില്ല.

അകത്ത് കടന്നപ്പോൾ ഒരു രാജമൗലി സിനിമയുടെ സെറ്റിൽ പ്രവേശിച്ച പ്രതീതി ആയിരുന്നു. ആദ്യമേ തന്നെ ക്യാന്റീൻ തിരക്കി എന്തെങ്കിലും കഴിക്കാനാണ് തീരുമാനിച്ചത്. കയറി ചെല്ലുമ്പോൾ തന്നെ വലത് ഭാഗത്ത് കണ്ട ഓപ്പൺ ഫുഡ് കോർട്ടിൽ ചെന്ന് സീറ്റ് പിടിച്ചു. തിന്നാൻ എന്തെങ്കിലും പരിചയം ഉള്ളത് കിട്ടുമോ എന്ന് നോക്കാൻ ഞാനും കണ്ണനും കൂടി കടകൾ കയറിയിറങ്ങി. അപ്പോളാണ് സമീപത്തായി ഒരു വലിയ അമ്പലം ശ്രദ്ധയിൽ പെട്ടത്. കഴിച്ചു കഴിഞ്ഞിട്ട് കയറാം എന്ന് കരുതിയപ്പോളാണ് അതിൽ നിന്നും ആളുകൾ പ്ലേറ്റുമായി പുറത്തേക്ക് ഇറങ്ങുന്നത് കണ്ടത്. വല്ല പ്രസാദവും ആയിരിക്കും എന്നോർത്തെങ്കിലും അകത്തേക്ക് നോക്കിയപ്പോൾ ഞെട്ടിപ്പോയി. അമ്പലം അല്ല. ആ രൂപത്തിൽ നല്ല തകർപ്പൻ ഫുഡ് കോർട്ട്ആണ് ഉള്ളിൽ എന്ന് മനസിലായി. എല്ലാരേയും വിളിച്ച് അകത്ത് കയറി. കൊക്കക്കോള, വെജ് സാൻഡ്‌വിച്ച് തുടങ്ങി നോൺ വെജ് ഫുഡ് ഒഴിച്ച് എന്തും കിട്ടും. ഫുഡ്‌ കോർട്ടിന്റെ ആഡംബരം കണ്ടപ്പോൾ തന്നെ കാണാൻ പോകുന്ന അമ്പലത്തിനെ കുറിച്ച് ഒരു ഏകദേശ ഊഹം കിട്ടി. വില അൽപ്പം ജാസ്തി ആയി തോന്നിയതിനാൽ ആവശ്യത്തിന് മാത്രം കഴിച്ചിട്ട് ഞങ്ങൾ പുറത്തിറങ്ങി. അക്ഷർധാം അമ്പലത്തിൻറെ പുറത്തേക്കുള്ള വഴിയുടെ ഭാഗത്താണ് ഈ ഫുഡ് കോർട്ട്. അതിന് സമീപത്തായി താമരയുടെ ആകൃതിയിലുള്ള അതി ബൃഹത്തായ ഒരു കിഡ്സ് പാർക്കും കണ്ടു. യോഗി ഹൃദയ് കമൽ എന്നാണ് ആ ഉദ്യാനത്തിൻറെ പേര് എന്ന് പിന്നീട് അറിഞ്ഞു.

ഫുഡ് കോർട്ട് 

യോഗി ഹൃദയ് കമൽ പാർക്ക് 
                     ക്ഷീണം മാറ്റി അകത്തേക്ക് കയറാൻ തുനിഞ്ഞ ഞങ്ങളുടെ മുന്നിലേക്ക് അത്ഭുതപ്പെടുത്തുന്ന ഒരു ലോകം ആയിരുന്നു അക്ഷർധാം കാഴ്ച വച്ചത്. ഇറ്റാലിയൻ മാർബിളിൽ എവിടെ നോക്കിയാലും അതി മനോഹരമായ നിർമ്മിതികൾ. ശരിക്കും മഹിഷ്മതി പോലൊരു രാജ്യത്തിൻറെ കൊട്ടാരം സന്ദർശിക്കാൻ പോയ പ്രതീതി ആയിരുന്നു. നാട്ടിൽ ഓണം അവധിക്കാലം ആയതിനാൽ ആയിരിക്കണം സന്ദർശകരിൽ അധികവും മലയാളികൾ ആയിരുന്നു. അതിനാൽ തന്നെ ദില്ലിയിൽ ആണെന്ന തോന്നൽ ഉണ്ടായതേയില്ല. ഭാഗ്യത്തിന് ഏഴ് മണിക്കുള്ള ഷോയ്ക്കുള്ള ടിക്കറ്റ് തന്നെ ഞങ്ങൾക്ക് ലഭിച്ചു. (അത് കാണാതെ പോയിരുന്നെങ്കിൽ വൻ നഷ്ടമായിപ്പോയേനെ എന്ന് മനസിലാകാൻ അധികം സമയം വേണ്ടി വന്നില്ല)

പ്രൗഢ ഗംഭീരം എന്ന് തന്നെ പറയാം അവിടുള്ള പ്രധാന ക്ഷേത്ര മണ്ഡപത്തെ. അകത്ത് കയറിയാൽ എവിടെ നോക്കിയാലും മാർബിളിൽ വിരിയിച്ച കവിതകൾ തന്നെ. ഹിന്ദു മതത്തിൽ തന്നെയുള്ള സ്വാമിനാരായൺ വിഭാഗക്കാരുടെ ആത്മീയ ആചാര്യനായ ശ്രീ സ്വാമി നാരായൺ ആണ് അവിടുത്തെ പ്രധാന പ്രതിഷ്ഠ. പ്രതിഷ്ഠ എന്ന് പറയുമ്പോൾ കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകൾ പോലെ അല്ല. ബുദ്ധ സങ്കേതങ്ങളിൽ കാണുന്ന വലിയ ബുദ്ധ പ്രതിമ പോലെ ഒരു സ്വർണ്ണ വർണ്ണമാർന്ന ഇരിക്കുന്ന രീതിയിലെ പ്രതിഷ്ഠ. (സ്വർണ്ണം തന്നെ ആണെന്ന് തോന്നുന്നു). ആ പ്രതിമ ഇരിക്കുന്ന മുറി എന്ന് പറഞ്ഞാൽ എൻറെ സാറേ! എവിടെ നോക്കിയാലും സ്വർണ്ണവും വിലപിടിപ്പുള്ള രത്നങ്ങളും പതിച്ച അതി സുന്ദരമായ ഒരു ശ്രീകോവിൽ തന്നെയാണ്. അതിലെ കൊത്തുപണികളും അത്യാഡംബരം നിറഞ്ഞ അലങ്കാരങ്ങളും നോക്കി കിളി പോയി നിൽക്കുമ്പോൾ പുറകിൽ നിന്നും രണ്ട് മലയാളികൾ സംസാരിക്കുന്ന ശബ്ദം.

"ആരാ പ്രതിഷ്ഠ എന്ന് മനസ്സിലായോ?"

"ഇരുപ്പ് കണ്ടാൽ അറിഞ്ഞുകൂടേ അയ്യപ്പനാണെന്ന്!"

"ഹോ അയ്യപ്പനൊക്കെ ഡൽഹിയിൽ വൻ റേഞ്ച് ആണല്ലേ? നമ്മുടെ നാട്ടിലെ ടീമ്സ് ഇത് വല്ലതും അറിയണുണ്ടോ? ന്നിട്ട് ആരും ശരണം വിളിക്കണില്ലല്ലോ?"

"അത് പിന്നെ ശരണം വിളിയൊക്കെ മലയാളത്തിൽ അല്ലേ. നമുക്ക് വിളിക്കാന്നെ"

"സ്വാമിയേ ശരണമയ്യപ്പോ"

അകത്ത് എന്തോ മന്ത്രം സീരിയസായി ഓടി നടന്ന് എല്ലാ പ്രതിമകളോടും പറഞ്ഞുകൊണ്ടിരുന്ന പൂജാരി വരെ ഒരു നിമിഷം പുറത്തേക്ക് ഒന്ന് നോക്കി. നമ്മുടെ ചങ്ങായിമാര് അപ്പോളേക്കും മനസ് കൊണ്ട് തേങ്ങായും ഉടച്ച് സ്ഥലം കാലിയാക്കി കഴിഞ്ഞിരുന്നു.

അമ്പലത്തിലെ സ്വാമി നാരായൺ പ്രതിഷ്ഠ 

മുകളിലേക്ക് നോക്കിയാൽ കാണുന്ന കാഴ്ച.
പ്രധാന മണ്ഡപത്തിൻറെ മുകൾഭാഗം 

മറ്റൊരു മണ്ഡപം 


        ചുറ്റി നടന്ന് കാണാൻ മാത്രം ഉണ്ട് ആ കോവിലിന്റെ ഉൾഭാഗം. മുകളിലേക്ക് ഒക്കെ ഒന്ന് നോക്കിയാൽ തല ചുറ്റിപ്പോകുന്ന രീതിയിൽ ആണ് പണികൾ. ഒരു കാര്യം മനസിലായി. മാർബിളിൽ കവിത രചിച്ച് ഭ്രാന്തായ ആരോ ആണ് ഈ അമ്പലം ഉണ്ടാക്കിയത്. പുറത്തേക്ക് ഇറങ്ങാൻ നേരം വലിയ വാതിൽ കടക്കുമ്പോൾ ആണ് അത് ശ്രദ്ധിച്ചത്. ചേർത്ത് തുറന്ന് വച്ചിരിക്കുന്ന വാതിൽ പാളികളുടെ പുറകിൽ ആയിരുന്നു അത്. ആ ക്ഷേത്രത്തിൽ കൊത്തുപണി ഇല്ലാത്തതായി അവശേഷിച്ച ഏക സ്ഥലം!!

       കേരളത്തിലും തമിഴ്നാട്ടിലുമൊക്കെയായി കുറെ അമ്പലങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഞാൻ സ്വാമി നാരായണിനെ കുറിച്ച് കേട്ടിട്ടില്ലായിരുന്നു. സഹജാനന്ദ സ്വാമി എന്ന പേരിലും അറിയപ്പെട്ട ആ യോഗി 1781 ഇൽ ഉത്തർപ്രദേശിൽ ആണ് ജനിച്ചത്. പതിനൊന്നാമത്തെ വയസിൽ അദ്ദേഹം ഇന്ത്യ മുഴുവൻ നടന്ന് കാണുകയും ഗുജറാത്തിൽ സ്വാമി രാമാനന്ദയുടെ ശിഷ്യനായി ആശ്രമം ഉണ്ടാക്കുകയുമാണ് ചെയ്തത്. പിന്നീട് അദ്ദേഹം സ്വാമി നാരായണ സമ്പ്രദായം എന്ന രീതി അവലംബിച്ചതോടെയാണ് ആ പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. ഒൻപതോളം ക്ഷേത്രങ്ങൾ അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. ആ മാതൃക പിന്തുടർന്നാണ് അദ്ദേഹത്തിൻറെ ശിഷ്യപരമ്പരയിൽപ്പെട്ട സ്വാമി മഹാരാജ് ഡൽഹിയിൽ അക്ഷർധാം ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. വടക്കേ ഇന്ത്യയിൽ ഒട്ടാകെ ധാരാളം അനുയായികൾ ഈ സമ്പ്രദായത്തിന് ഇന്നുണ്ട്.

              ക്ഷേത്രവും പരിസരവും കണ്ടുകഴിഞ്ഞതോടെ ഞങ്ങൾ ഫൗണ്ടൻ ഷോ കാണാനായി അടുത്ത കോംബൗണ്ടിലേക്ക് ചെന്നു. ആറുമണി കഴിഞ്ഞിരുന്നു ഞങ്ങൾ അവിടെ എത്തുമ്പോൾ. ദീർഘ ചതുരാകൃതിയിൽ, ധാരാളം മാർബിൾ കൽ പടവുകളുള്ള ഒരു സ്നാനഘട്ടത്തിൻറെ രീതിയിൽ, ചുവപ്പ് മാർബിൾ ഫലകങ്ങൾ വിരിച്ച് ആയിരത്തോളം ആൾക്കാരെ മൂന്ന് വശങ്ങളിലായി ഇരുത്താൻ കഴിയുന്ന സ്ഥലമാണ് ഫൗണ്ടൻ ഷോ നടക്കുന്ന സ്ഥലം. ഒരു വശത്തായി കൊട്ടാരം പോലൊരു നിർമ്മിതിയും (അത് ഡൽഹിയിലെ തന്നെ ഏറ്റവും വലിയ ഐ മാക്സ് തിയേറ്റർ ആയിരുന്നു എന്ന് മനസിലാക്കിയത് പിന്നീടാണ്) അതിന് സമീപത്തായി സ്വാമി നാരായണിൻറെ ഒരു പൂർണ്ണകായ പ്രതിമയും ഉണ്ട്. നടുക്കാണ് ഫൗണ്ടൻ ഷോ നടക്കുന്ന സ്ഥലം. ആളുകൾ വന്നുകൊണ്ടേ ഇരുന്നു. ഏഴു മണി അടുത്തപ്പോളെക്കും ആയിരത്തോളം ആളുകൾ ആ ഫൗണ്ടൻറെ മൂന്ന് വശങ്ങളിലായി നിറഞ്ഞു. കൃത്യം ഏഴ് മണിക്ക് പ്രതിമയിൽ ആരതി ഉഴിഞ്ഞുകൊണ്ട് ഷോ ആരംഭിച്ചു. സ്വാമി നാരായണിൻറെ ബാല്യകാലജീവിതം ആധാരമാക്കിയുള്ള ലേസർ, പ്രൊജക്ടർ ഷോ, ലൈവ് നൃത്തങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചുള്ള ഫൗണ്ടൻ ഷോ അതി മനോഹരമായിരുന്നു. വിദേശ നിലവാരം പുലർത്തിയിരുന്നു എന്ന് നിഃസംശയം പറയാം. 25 മിനിറ്റ് പെട്ടെന്ന് തന്നെ തീർന്നത് പോലെ തോന്നി.

ഫൗണ്ടൻ ഷോ നടക്കുന്ന സ്ഥലം 

ഫൗണ്ടൻ ഷോയിൽ നിന്നും 





                 കുറെ നാൾ കൂടിയാണ് മൊബൈൽ ഫോൺ കൈ കൊണ്ട് തൊടാതെ ഇത്രയും സമയം ഇരിക്കുന്നത് എന്ന് ഷോ കഴിഞ്ഞു പുറത്തേക്ക് നടക്കുമ്പോൾ ആണ് ഓർക്കുന്നത്. പാർക്കിലേക്കുള്ള പ്രവേശനസമയം സമാപിച്ചു കഴിഞ്ഞതിനാൽ അവിടെ കയറിയില്ല.  കാറിൻറെ അടുത്ത് വന്നിട്ടാണ് ആ മഹദ് നിർമ്മിതിയുടെ ഒരു ഫോട്ടോ ക്യാമറയിൽ പകർത്തുന്നത്. ഇതോടൊപ്പം ചേർത്തിരിക്കുന്ന മറ്റ് ചിത്രങ്ങൾ ഗൂഗിളിൽ നിന്നും കടം കൊണ്ടവയാണ്. ഒരു കണക്കിന് അത് നന്നായി എന്ന് തോന്നി. നന്നായി ആസ്വദിക്കാൻ സാധിച്ചു. ഇല്ലെങ്കിൽ ഫോട്ടോയും വീഡിയോയും എടുത്ത് ഊപ്പാട് ഇളകിയേനെ. എന്തായാലും അക്ഷർധാം ഞങ്ങളുടെ ദില്ലിയിലെ ആദ്യ ദിനത്തെ അനുഗ്രഹിച്ചു എന്ന് പറയാതെ വയ്യ. ഭക്തി, വിശ്വാസം എന്നിവയ്ക്ക് അവിടെ ഒരു റോളും ഉണ്ടായിരുന്നില്ല എന്ന് മാത്രം.

കാർ പാർക്കിങ്ങിൽ നിന്നും ഞാൻ എടുത്ത ചിത്രം 
              ദീർഘമായ യാത്രകൾ കഴിഞ്ഞതോടെ ഇനി എങ്ങനെയെങ്കിലും വീട് പിടിച്ചാൽ മതി എന്നായിരുന്നു. പാവം നിയക്കുട്ടി ഇത് വരെ ഉടക്ക് ഒന്നും പറയാതെ സഹകരിച്ചെങ്കിലും ആള് ആകെ ക്ഷീണിച്ചുകഴിഞ്ഞിരുന്നു. വീട്ടിൽ ചിത്രയുടെ ആൻറി ഭക്ഷണം ഒരുക്കി കാത്തിരിക്കുകയാണ് എന്ന് പറഞ്ഞതിനാൽ പുറത്ത് നിന്നുള്ള ഭക്ഷണത്തെ കുറിച്ച് ചിന്തിച്ചതേ ഇല്ല. ഏകദേശം ഒരു മണിക്കൂർ അടുത്ത് സമയം എടുക്കും എന്ന് ഗോപിച്ചേട്ടൻ പറഞ്ഞു. ആൾക്കും വീട്ടിലെത്തിയാൽ കൊള്ളാമെന്നുണ്ട് എന്ന പോലെ വണ്ടി റിതാല ലക്ഷ്യമാക്കി പറന്നു. ഗണേശ ചതുർത്ഥിയുടെ ഭാഗമായി ചില സ്ഥലങ്ങളിൽ ഗണേശ വിഗ്രഹം എഴുന്നള്ളിച്ചു കൊണ്ടുള്ള ഘോഷയാത്രകൾ നടക്കുന്നത് കണ്ടപ്പോൾ ഉള്ളൊന്ന് കാളി. വടക്കേ ഇന്ത്യയിൽ ഇത് വൻ സംഭവം ആണെന്നും നല്ല ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കാറുണ്ടെന്നും കേട്ടിട്ടുണ്ട്. ഒരു സ്ഥലത്ത് ചെന്നപ്പോൾ പെട്ടു. മുന്നിലേക്ക് നോക്കി ഗോപിച്ചേട്ടൻ പിറുപിറുത്തു.

"ഒന്ന് രണ്ട് മണിക്കൂർ എങ്കിലും ഇനി ഈ ബ്ലോക്കിൽ കിടക്കേണ്ടി വരും"

ഞങ്ങൾ ആകെ ഡെസ്പ് ആയി. പുള്ളിക്കാരൻ ചുറ്റും ഒക്കെ ഒന്ന് ഓടിച്ചു നോക്കിയിട്ട് മുന്നിൽ ഇരിക്കുന്ന എന്നോട് ചോദിച്ചു

"അടുത്തെങ്ങാനും പോലീസുകാരെ കണ്ടായിരുന്നു വഴിയിൽ?"

ഞാൻ ഇല്ലെന്ന് മറുപടി കൊടുത്തതും പുള്ളി വണ്ടി നേരെ റിവേഴ്‌സ് ഇട്ട് ഒറ്റ വിടൽ!!. കുറച്ച് അങ്ങനെ ഓടി കഴിഞ്ഞപ്പോൾ റോഡിൽ പുറകിൽ വണ്ടി ഒന്നും ഇല്ല എന്ന് കണ്ടപ്പോൾ വണ്ടി തിരിച്ച് റോങ് സൈഡ് ആയിത്തന്നെ ഓടി അടുത്ത റോഡിൽ കയറി തടി തപ്പി. അങ്ങനെ ഗോപി ചേട്ടൻറെ ധീരത കാരണം നമുക്ക് സമയത്ത് വീടെത്താൻ സാധിക്കും എന്നൊക്കെ പുള്ളിയെ പുകഴ്ത്തി മുന്നോട്ട് പോയി റിതാല എത്താറായപ്പോളാണ് അത് സംഭവിച്ചത്.

                 വലിയ ട്രാഫിക് ഒന്നുമില്ലാത്തതിനാൽ അത്യാവശ്യം നല്ല സ്പീഡിൽ ഞങ്ങൾ മുന്നോട്ട് പോകുന്നു. മുന്നിൽ ഒരു പത്ത് മീറ്റർ അകലത്തിൽ ഒരു സ്കൂട്ടർ ഉണ്ട്. പെട്ടെന്ന് അതിന് മുന്നിൽ ഉണ്ടായിരുന്ന കാർ റോഡിൽ സഡൻ ബ്രേക്ക് ഇട്ട് നിർത്തി. സ്കൂട്ടർ കാരൻ എണീറ്റ് നിന്ന് ബ്രേക്ക് പിടിച്ച് വണ്ടി നിർത്തി. അയാളെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഞങ്ങളുടെ വണ്ടിയും. കാറുകാരനെ എന്തൊക്കെയോ തെറി വിളിച്ചു കൊണ്ട് സ്‌കൂട്ടർകാരൻ സൈഡിലൂടെ മുന്നോട്ട് ഓടിച്ചു പോയി. ആദ്യത്തെ ഞെട്ടലിൽ നിന്നും മോചിതനായ ഗോപിച്ചേട്ടനും വണ്ടി ലെഫ്റ്റ് ഒടിച്ച് മുന്നോട്ട് എടുത്തു. ആ കാർ അപ്പോളും നിശ്ചലമാണ്. നടുറോഡിൽ ഇവന്മാർ ഇത് എന്ത് കാണിക്കുകയാണ് എന്ന് ഞാൻ എത്തി വലിഞ്ഞ് നോക്കി. എന്തോ വശപ്പിശക് പോലെ. ഞങ്ങൾ അവരെ പാസ് ചെയ്യാൻ തുടങ്ങിയതും ആ കാറിന്റെ ലെഫ്റ്റ് സൈഡിലെ ഡോർ പെട്ടെന്ന് വലിച്ചു തുറക്കപ്പെട്ടു. അത് വന്ന് ഞങ്ങളുടെ വണ്ടിയുടെ പിൻ ഭാഗത്തായി സൈഡിൽ ആഞ്ഞിടിച്ചു. എനിക്ക് എന്താണ് സംഭവിച്ചത് എന്ന് മനസിലായില്ല. പുറകിൽ നിന്നും ഏതെങ്കിലും വണ്ടി വന്ന് ഇടിച്ചതായാണ് ആദ്യം ഓർത്തത്. വണ്ടി ഒതുക്കി ഗോപി ചേട്ടൻ ചാടി ഇറങ്ങി. കാറിൽ എന്തോ പിടിവലി നടക്കുന്നുണ്ട്. ഒരു പെണ്ണ് ആണ് ഡോർ തുറന്ന് പുറത്തിറങ്ങാൻ നോക്കിയത്. അവരുടെ ഡോറിന് സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ട്. കാറിൽ നിന്നും പുറത്തു നിന്നും ആക്രോശങ്ങൾ കേട്ടുതുടങ്ങി. വിളിയുടെ ടോണിൽ നിന്നും വിളിക്കുന്നത് ഹിന്ദിയിലെ കൂടിയ തെറികൾ ആണെന്ന് മനസിലായി. വെറുതെ പോയി അവന്മാരുടെ കയ്യിൽ നിന്നും മേടിച്ചു കൂട്ടണ്ട എന്നോർത്തിട്ടാകാം ഗോപിച്ചേട്ടൻ അവരെയും പ്രാകി കൊണ്ട് വന്നു വണ്ടി എടുത്തു. ഭാഗ്യത്തിന് വണ്ടിക്ക് ഒന്നും പറ്റിയിരുന്നില്ല. എങ്ങാനും ആ പെണ്ണ് ഒരു സെക്കൻറ് മുൻപ് ആണ് പുറത്തിറങ്ങാൻ ശ്രമിച്ചത് എങ്കിൽ ഞങ്ങളുടെ വണ്ടി അവളെ ഇടിച്ചു തെറിപ്പിച്ചേനെ. അങ്ങനെ ഒന്നും ഉണ്ടായില്ലല്ലോ എന്നൊക്ക പറഞ്ഞ് ഗോപിചേട്ടനെ ആശ്വസിപ്പിച്ച് ഞങ്ങൾ അങ്ങനെ വീടെത്തി.

ഡൽഹിയിലെ അവിസ്മരണീയമായ ഒരു അനുഭവം ആയിരുന്നു തുടർന്ന് അവിടെ ഞങ്ങൾ അനുഭവിച്ച ആതിഥേയത്വം. അതിൻറെ വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ.

ചിത്രങ്ങൾക്ക് കടപ്പാട് അക്ഷർധാം വെബ്‌സൈറ്റ് (https://akshardham.com/). വിവരങ്ങൾക്ക് കടപ്പാട് വിക്കിപീഡിയ.

                                                                                                        (തുടരും)

No comments:

Post a Comment