Saturday, October 5, 2019

ഡൽഹി ഡേയ്സ് 7 : മഥുര

ഡേ 3 : മഥുരരാവിലെ ആറ് മണിക്ക് തന്നെ ഞങ്ങൾ ആഗ്രയിലേക്ക് യാത്ര ആരംഭിച്ചു. ഈയടുത്ത് സുജിത്ത് ഭക്തന്റെ INB ട്രിപ്പിൽ കണ്ട ഡൽഹി ആഗ്രാ എക്സ്പ്രസ് ഹൈവേ ആയ യമുനാ എക്സ്പ്രസ് വേ യിലൂടെയാണ് ഞങ്ങളുടെ യാത്രയുടെ ഭൂരിഭാഗവും. മലയാളികളുടെ ഒരിക്കലും നടക്കാത്ത സ്വപ്നമാണ് ഇതുപോലെ ഒരു എക്സ്പ്രസ് ഹൈവേ സ്വന്തമായി ലഭിക്കണം എന്നുള്ളത്. 230 ഓളം കിലോമീറ്റർ ആണ് രോഹിണി മുതൽ ആഗ്ര വരെയുള്ള ദൂരം. ഈ അതി ദൂര പാത ഉള്ളതിനാൽ ആ ദൂരം താണ്ടാൻ മൂന്നര മണിക്കൂർ മതിയാകും. ആലപ്പുഴ നിന്നും 150 കിലോമീറ്റർ അകലെയുള്ള കഴക്കൂട്ടത്തേക്ക് എത്താൻ നാല് മണിക്കൂർ വരെ ഡ്രൈവ് ചെയ്ത് ആ ജോലി തന്നെ വേണ്ടാ എന്ന് വെച്ച എന്നെപ്പോലുള്ളവർക്ക് എക്സ്പ്രസ് ഹൈവേ കണ്ടാൽ കൊതി തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. 

ഡൽഹിയിൽ നിന്നും അതിർത്തി കടന്ന് ഐ റ്റി നഗരമായ നോയിഡ പിന്നിട്ടാണ് ആഗ്രയിലേക്ക് പോകുന്നത്. അതി വിശാലമായ ആറുവരി പാത. ഒരു ദിവസത്തേക്ക് ഞങ്ങൾക്ക് എടുക്കേണ്ടി വന്നത് 650 രൂപയുടെ ടോൾ ആണ്. സമയലാഭം ആലോചിക്കുമ്പോൾ അതൊരു നഷ്ടമേ അല്ല. ഇന്ധന ലാഭം വേറെ. ഇടയ്ക്ക് ടോൾ ഗേറ്റുകളും അതിനോട് അടുത്തായി പെട്രോൾ പമ്പുകളും റസ്റ്റോറന്റുകളും നല്ല നിലവാരമുള്ള ടോയ്‌ലറ്റുകളും ഉണ്ടാകും. ഷാനിയാന്റി വീട്ടിൽ നിന്നും ഇഡ്ഡലിയും ചട്നിയും തന്നു വിട്ടതിനാൽ പുറത്ത് നിന്നും രാവിലെ കഴിക്കേണ്ടി വന്നില്ല. ആദ്യം ഞങ്ങൾ കൃഷ്ണ ജന്മഭൂമിയായ മഥുര കാണാനാണ് തീരുമാനിച്ചത്. അമ്പലങ്ങൾ സന്ദർശിക്കുക എന്നത് ഒരു വീക്നസ് ആയതിനാൽ ഹിന്ദുക്കളുടെ പ്രധാന ദൈവമായ ശ്രീകൃഷ്ണന്റെ ജന്മസ്ഥലം എന്ന് ഓർത്തപ്പോൾ മനസ്സിൽ ഒട്ടേറെ ചിത്രങ്ങൾ കടന്നുപോയി. അമർ ചിത്രകഥകളിലും രാമാനന്ദ് സാഗറിൻറെ സീരിയലിലുകളിലും കണ്ടിട്ടുള്ളത് പോലെ ആകുമോ യഥാർത്ഥത്തിൽ? അങ്ങനെ കുറേ ചിന്തകൾ. ഞാൻ അങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ വണ്ടി മഥുരയിലേക്ക് പോകാനായി എക്സ്പ്രസ് ഹൈവേയിൽ നിന്നും ഇറങ്ങി സാധാരണ റോഡിലൂടെ യാത്ര ആരംഭിച്ചുകഴിഞ്ഞിരുന്നു. ചോളപ്പാടങ്ങൾ നിറഞ്ഞ ഗ്രാമ വീഥികളിലൂടെ കുറച്ചു ദൂരം ചെന്നപ്പോൾ യമുനാ നദി കണ്ടുതുടങ്ങി. ആദ്യമായി ശബരിമല പോയപ്പോൾ വണ്ടിയിലിരുന്ന് പമ്പ നദി കണ്ട പോലത്തെ ഒരു തോന്നൽ മനസ്സിൽ വന്നു. മോളെ വിളിച്ച് കാളിയൻ ഉണ്ടായിരുന്ന നദി ആണെന്നും ഇതിൽ വെച്ചാണ് കൃഷ്ണൻ കാളിയമർദ്ദനം നടത്തിയത് എന്നും ഒക്കെ പറഞ്ഞു കൊടുത്തു. മുന്നോട്ട് പോകുന്തോറും പരിസരം ഒക്കെ ആകെ വൃത്തികെട്ടതായി തുടങ്ങി. വഴി നീളെ കന്നുകാലികളും പട്ടികളും പന്നികളും. അഴുക്ക് നിറഞ്ഞ പാതയോരങ്ങൾ. കൃഷ്ണൻ ജനിച്ചത് ഒരു കർഷക സാമ്രാജ്യത്തിലും വളർന്നത് ഒരു ഗ്രാമത്തിലും ആയതിനാൽ ആ ഒരു കാലഘട്ടം വിട്ട് പോകാൻ ഒരു മടി പോലെ. എന്നാൽ പുതിയ കെട്ടിടങ്ങളും വണ്ടികളും ഒക്കെ കൂടെ ആകുമ്പോൾ ആകെ ഒരു രസക്കേട്. മഥുര ടെംപിൾ കോംപ്ലക്‌സിന്റെ പാർക്കിങ്ങിൽ വണ്ടി ഇട്ടതിന് ശേഷം അമ്പലങ്ങൾ സന്ദർശിക്കാൻ ഞങ്ങൾ അങ്ങോട്ട് നടന്നു പോയി.

അമ്പലത്തിലേക്കുള്ള കവാടം 
പവിത്രകുണ്ഡ് എന്ന വലിയൊരു കുളത്തിന്റെ സൈഡിലൂടെയാണ് പ്രധാന കവാടത്തിലേക്ക് നമ്മൾ എത്തുന്നത്. ഗൈഡ് ശല്യം ഉണ്ടാകും എന്ന് പ്രസാദ് ചേട്ടൻ പറഞ്ഞതിനാൽ അങ്ങനെ വന്നവരെ ആദ്യമേ തന്നെ ഒഴിവാക്കി. കുറി വരച്ചു തരാനും മണി കെട്ടിത്തരാനുമൊക്കെയായി കുറെ പേർ വഴി നീളെ ഉണ്ടായിരുന്നു. ചെറിയൊരു സെക്യൂരിറ്റി പരിശോധന കഴിഞ്ഞ് മുന്നോട്ട് ചെല്ലുമ്പോൾ കല്ല് പാകിയ ചെറിയൊരു മുറ്റത്തെത്തും വലത്ത് വശത്താണ് പ്രധാന ക്ഷേത്രം. നേരെ നടക്കുമ്പോൾ ഭാഗവത ഭവൻ എന്നൊരു അമ്പലം ഉണ്ട്. അതിൽ കയറിക്കഴിഞ്ഞ് മറ്റൊരു പ്രധാന ഭാഗമായ ഗർഭ ഗൃഹം എന്ന ഭാഗത്തേക്ക് നടന്നു. മഥുരയിലെ രാജാവായിരുന്ന കംസൻ തൻറെ പെങ്ങളുടെ എട്ടാമത്തെ മകൻ തന്നെ വധിക്കുമെന്ന സ്റ്റാറ്റസ് മെസേജ് വായിച്ചു കഴിഞ്ഞപ്പോൾ പെങ്ങളെയും അളിയനെയും കാരാഗൃഹത്തിൽ അടച്ചെന്നും അങ്ങനെ കാരാഗൃഹത്തിൽ വച്ച് ഒരു അഷ്ടമി നാളിൽ ശ്രീകൃഷ്ണൻ ജനിച്ചു എന്നും ആണല്ലോ ഐതിഹ്യം. അങ്ങനെ കൃഷ്ണൻ ജനിച്ച കാരാഗൃഹം എന്ന രീതിയിലാണ് ഗർഭ ഗൃഹം എന്ന അമ്പലഭാഗം നിർമ്മിച്ചിരിക്കുന്നത്. ചുമ്മാ കണ്ട് പോരാം എന്നല്ലാതെ ശ്രീകൃഷ്ണൻ ജനിച്ച സ്ഥലം എന്ന രീതിയിൽ ഭക്തി ഉളവാക്കുന്ന ഒന്നും അവിടെ തോന്നിയില്ല. അല്ലെങ്കിലും ജീവിച്ചിരുന്ന കാലഘട്ടം പോലും നിർവചിക്കപ്പെട്ടിട്ടില്ലാത്ത കൃഷ്ണൻ ജനിച്ച യഥാർത്ഥ കാരാഗൃഹം പ്രതീക്ഷിച്ച് ആണ് ഞാൻ പോയതെങ്കിൽ അത് എൻറെ മാത്രം കുഴപ്പം ആണ്.

പവിത്ര കുണ്ഡ് 
അതിനെ കുറിച്ച് അറിയാൻ ആ അമ്പലത്തിൻറെ ചരിത്രം പരിശോധിച്ചാൽ ഐതിഹ്യ പ്രകാരം ശ്രീകൃഷ്ണൻറെ പേരക്കിടാവായ വജ്രനാഭനാണ് ആദ്യമായി അവിടെ ഒരു അമ്പലം പണികഴിപ്പിച്ചത്. അവിടം മുതലിങ്ങോട്ട് ധാരാളം ആക്രമണങ്ങൾക്ക് ഇരയാകേണ്ടി വന്ന സ്ഥലമാണ് മഥുര. കൃഷ്ണൻ ജീവിച്ചിരിക്കുമ്പോൾ തന്നെ ജരാസന്ധൻ എന്ന രാജാവ് മഥുരയെ ആക്രമിച്ചെന്നും രാജ്യം വിട്ട് ഗുജറാത്ത് തീരത്ത് ദ്വാരക എന്ന പ്രദേശത്തേക്ക് കൃഷ്ണൻ രാജ്യവാസികളുമായി താമസം തുടങ്ങിയെന്നും പറയുന്നുണ്ട്. അത് എന്തായാലും പിന്നീട് വന്ന ഭരണാധികാരികൾ അവിടെ കൃഷ്ണൻ ജനിച്ച സ്ഥലം ആയതിനാൽ അമ്പലങ്ങൾ പണിയുകയും ആക്രമിക്കപ്പെടുകയും ചെയ്തതായി ചരിത്രം ഉണ്ട്. മുസ്ലിം ഭരണം ആരംഭിക്കുന്ന അവസരത്തിൽ പേർഷ്യൻ ഭരണാധികാരിയായിരുന്ന മുഹമ്മദ് ഗസനി മഥുര ആക്രമിക്കുകയും കൊള്ളയടിച്ച സ്വർണ്ണവും രത്നങ്ങളും ഇരുന്നൂറോളം ഒട്ടകങ്ങളുടെ പുറത്താണ് കൊണ്ടുപോയതെന്നും പഴയ ശിലാലിഖിതങ്ങളിൽ നിന്നും വായിക്കപ്പെട്ടിട്ടുണ്ട്. ഡൽഹി ഭരിക്കുന്ന സമയത്ത് ഔറംഗസേബ് ഇവിടെ ഉണ്ടായിരുന്ന ക്ഷേത്രം തകർത്ത് ഒരു ഈദ്ഗാഹ് പണികഴിപ്പിക്കുകയും ചെയ്തു. ആ മന്ദിരം ഇന്നും പിന്നീട് പുനർ നിർമ്മിക്കപ്പെട്ട അമ്പല സമുച്ചയത്തോട് ചേർന്ന് തന്നെ കാണാം. ഞാൻ ഭാഗവത് ഭവന്റെ അടുത്ത് നിന്നും നോക്കിയപ്പോൾ ഈ പള്ളിയുടെ മീനാരങ്ങൾ കണ്ടപ്പോൾ അമ്പലത്തിൻറെ മീനാരത്തിന് മുസ്ലിം പള്ളിയുടെ രൂപം ആണല്ലോ എന്നാണ് ഓർത്തത്. പിന്നീടാണ് അത് വേറെ കെട്ടിടം ആണെന്ന് മനസിലായത്.

ഗർഭഗൃഹം കഴിഞ്ഞാലാണ് അവിടുള്ള പ്രധാന ക്ഷേത്രമായ കേശവദേവ ടെംപിളിലേക്ക് പ്രവേശിക്കുന്നത്. വാസുദേവൻറെ ഒരു പ്രധാന പ്രതിഷ്ഠയും സമീപത്തായി സാധാരണ എല്ലാ ഹിന്ദു ക്ഷേത്രങ്ങളിലും കണ്ടുവരാറുള്ള ഉപദേവതമാരും ആ ക്ഷേത്രത്തിന് ഉള്ളിലുണ്ട്. മനോഹരമായി സൂക്ഷിച്ചിരിക്കുന്ന ആ അമ്പലം രാമകൃഷ്ണ ഡാൽമിയ എന്നൊരു ധനികൻ 1958 ഇൽ പണികഴിപ്പിച്ചതാണ്. മഥുരയുടെ ഭരണം ബ്രിട്ടീഷുകാരുടെ കീഴിൽ വന്ന സമയത്ത് അലഹബാദ് ഹൈകോർട്ടിൽ ഹിന്ദുക്കളും മുസ്ലിങ്ങളും ആ സ്ഥലത്തിൻറെ പേരിൽ കേസ് നടത്തുകയും അവസാനം അവിടെ ക്ഷേത്രം പണിയാൻ കോടതി വിധിക്കുകയുമായിരുന്നു. പിന്നീട് അവിടെ ക്ഷേത്രം പണിയാൻ മദൻ മോഹൻ മാളവ്യയുടെ നേതൃത്വത്തിൽ ധനികരായ ഡാൽമിയ കുടുംബത്തെ സമീപിക്കുകയും അങ്ങനെ ഈ അമ്പലം അവർ പണികഴിപ്പിക്കുകയുമാണ് ഉണ്ടായത്.

(ഈ കേശവദേവ ടെമ്പിളിന്റെ ഒരു മിനിയേച്ചർ എന്ന രീതിയിലാണ് വിജയൻ അങ്കിളിൻറെ വീടിൻറെ അടുത്തായുള്ള അമ്പലവും നിർമ്മിച്ചിരിക്കുന്നതെന്ന് മനസിലായി. ആ അമ്പലത്തിൻറെ ഭാഗമായുള്ള അപ്പാർട്ട്മെന്റിൽ ആണ് ഞങ്ങൾ താമസിക്കുന്നത്)

മഥുര വഴിയാണ് താജ്മഹൽ പോകുന്നത് എന്ന് അറിഞ്ഞപ്പോൾ മാത്രമാണ് ശ്രീകൃഷ്ണ ജന്മ ഭൂമിയായ മഥുരയും കാണാൻ സാധിക്കും എന്ന് മനസിലായത്. അതായത് അത്ര പ്ലാൻഡ് ആയുള്ള ഒരു സന്ദർശനം അല്ലായിരുന്നു അത്. അതിനാൽ തന്നെ വൃന്ദാവൻ എന്ന 11 കിലോമീറ്റർ അകലെയുള്ള സ്ഥലം ഞങ്ങൾക്ക് വിട്ടുകളയേണ്ടി വന്നു. (അങ്ങനെ ഒരു സ്ഥലം കൂടെ ഉണ്ടായിരുന്നു എന്ന് മനസിലായത് തിരികെ ചെന്നപ്പോൾ ആന്റി വൃന്ദാവൻ കണ്ടായിരുന്നോ? എന്ന് ചോദിച്ചപ്പോൾ ആയിരുന്നു എന്നതാണ് സത്യം) മഥുരയെക്കാൾ സുന്ദരവും രാധാ-കൃഷ്ണ ഐതിഹ്യത്തിലെ കുറെ പ്രധാന നിമിഷങ്ങൾ നടന്ന സ്ഥലവും കൃഷ്ണ ബലറാം മന്ദിർ എന്ന അമ്പലവും അടങ്ങുന്നതാണ് വൃന്ദാവൻ. എന്തായാലും അപ്രതീക്ഷിതമായി സപ്തപുരി എന്നറിയപ്പെടുന്ന ഹിന്ദു മത വിശ്വാസത്തിലെ ഏഴ് മഹദ് തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ മഥുരയെങ്കിലും സന്ദർശിക്കാൻ സാധിച്ചല്ലോ എന്ന സന്തോഷത്തോടെയാണ് ഞങ്ങൾ അവിടെ നിന്നും ആഗ്രയിലേക്ക് യാത്ര തുടർന്നത്.  (രാമജന്മ ഭൂമിയായ അയോദ്ധ്യ, ഹരിദ്വാർ, വാരണാസി, കാഞ്ചീപുരം, ഉജ്ജയിനി, ദ്വാരക എന്നിവയാണ് സപ്തപുരിയിൽ പെടുന്ന മറ്റ് പുണ്യസ്ഥലങ്ങൾ). ആഗ്രാ വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ.


(സെക്യൂരിറ്റി പ്രശ്നങ്ങൾ ഉള്ളതിനാൽ ക്യാമറയും മൊബൈലും ഒക്കെ വണ്ടിയിൽ വച്ചിട്ടാണ് ഞങ്ങൾ അമ്പലത്തിലേക്ക് പോയത്. അതിനാൽ ചിത്രങ്ങളും വിവരങ്ങളും ഗൂഗിൾ തന്നതാണ്)
                                                                                                                     (തുടരും)

No comments:

Post a Comment