Friday, October 4, 2019

ഡൽഹി ഡേയ്സ് 6 : രാജ് ഘട്ട്, ചെങ്കോട്ട

ഡേ 2: രാജ് ഘട്ട്, ചെങ്കോട്ട



ഇന്ദിരാഗാന്ധി മെമ്മോറിയൽ കഴിഞ്ഞ് ഞങ്ങൾ നേരെ പോയത് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സമാധി സ്ഥലമായ രാജ് ഘട്ട് കാണാൻ ആയിരുന്നു. പ്രതീക്ഷിച്ചതിൽ നിന്നും വിഭിന്നമായി വളരെ വലിയ ഒരു പാർക്കിലാണ് ഞങ്ങൾ പ്രവേശിച്ചത്. അവിടെ പ്രധാന വഴിയുടെ ഇരു വശങ്ങളിലുമായി ധാരാളം പ്രശസ്തരുടെ അന്ത്യവിശ്രമസ്ഥലങ്ങൾ. ഒരു PSC ക്ലാസിൽ കയറിയ പ്രതീതി. ആദ്യം ചരൺ സിങ്ങിൻറെ അന്ത്യ വിശ്രമസ്ഥലമായ കിസാൻ ഘട്ട് ആണ് കാണുന്നത്. തുടർന്ന് ജഗ്ജീവൻ റാമിൻറെ സമത സ്ഥൽ തുടങ്ങി ഒട്ടനവധി സമാധി സ്ഥലങ്ങൾ. സമയം അധികം ഇല്ലാത്തതിനാലും ഇന്ന് തന്നെ ചെങ്കോട്ട കൂടെ കാണണം എന്ന് ഉള്ളതിനാലും വേറെ ആരെയും പോയി ശല്യപ്പെടുത്താൻ തോന്നിയില്ല. എല്ലാവർക്കും വേണ്ടി മഹാത്മാ ഗാന്ധിയെ പോയി കാണാം എന്ന് വിചാരിച്ചു. പുള്ളിക്കാരന് ആണെങ്കിൽ ഇതൊക്കെ നല്ല ശീലം ആണല്ലോ.



ഗാന്ധിജിക്ക് പ്രിയപ്പെട്ട രഘുപതി രാഘവ രാജാറാം മുഴങ്ങുന്ന ആ സമാധിയിൽ അത്യാവശ്യം തിരക്ക് ഉണ്ടായിരുന്നു. പ്രത്യേകിച്ച് കാവൽക്കാർ അധികം ഇല്ലാഞ്ഞതിനാൽ ആളുകൾ തലങ്ങും വിലങ്ങും നിന്ന് ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. ഭാഗ്യത്തിന് ആരും ആ സമാധിയിൽ കയറി ഇരുന്നും അതിൽ കയറി നിന്നും "റോക്കിങ് വിത്ത് മഹാത്മാ" എന്നും പറഞ്ഞ് ഫോട്ടോ എടുക്കുന്നില്ല. ഒരാൾ തൻറെ മോനെ സമാധിയുടെ അടുക്കൽ നിർത്തി ഒരു ഫോട്ടോ എടുക്കുന്നത് കണ്ടപ്പോളേക്കും എവിടെ നിന്നോ ഒരു പോലീസുകാരൻ വന്ന് ബാരിയർ ബെൽറ്റ് വലിച്ചിട്ട് അകത്തേക്ക് കയറുന്നത് തടഞ്ഞു. ഞങ്ങൾ പതുക്കെ സമാധിയെ വലംവെച്ചുകൊണ്ടിരിക്കുമ്പോൾ മുന്നിൽ നടന്ന അമ്മൂമ്മ എന്നോട് പതുക്കെ എത്ര മണിയായി എന്ന് തിരക്കി. ഞാൻ സമയം പറഞ്ഞപ്പോൾ അവർ അൽപ്പം കൂടെ എന്നോട് അടുത്തിട്ട് ഇത് എന്താ സംഭവം എന്ന് സമാധിയെ ചൂണ്ടി ഒരു ചോദ്യം!!. ചോദ്യം കേട്ട് കിളിപോയ ഞാൻ അവരോട് ഇതാണ് മഹാത്മാ ഗാന്ധിയുടെ സമാധി എന്ന് പറഞ്ഞുകൊടുത്തു. അപ്പോൾ അവർ ആശ്ചര്യത്തോടെ എന്നോട് അപ്പോൾ ഇൻഡ്യാഗേറ്റിന്റെ താഴെ ഉള്ളതല്ലേ ഗാന്ധിജിയുടെ സമാധി എന്ന് ഒരു ചോദ്യം. എൻറെ അടുത്ത കിളിയും പറന്നു പോയി. ഞാൻ പറഞ്ഞു അത് അമർ ജവാൻ ജ്യോതിയാണ്. അത് ആരുടെ സമാധിയാണ് മോനെ എന്ന് അവർ ചോദിക്കും മുന്നേ പതിയെ അവിടെ നിന്നും സ്കൂട്ട് ആയി. വിശാലമായ ഉദ്യാനത്തിൽ അവിടം സന്ദർശിച്ച വിവിധ രാജ്യ നേതാക്കന്മാർ നട്ട മരങ്ങളും മറ്റും എവിടെ നോക്കിയാലും കാണാമായിരുന്നു.

മഹാത്മാഗാന്ധിയുടെ സമാധി ഒന്ന് കണ്ട് വണങ്ങണം എന്ന ആഗ്രഹവും നടന്നതിനാൽ ഞങ്ങൾ അടുത്ത , ഇന്നത്തെ അവസാന സന്ദർശന ഉദ്യമമായ ചെങ്കോട്ട കാണാനായി വണ്ടി കയറി. ഓൾഡ് ഡൽഹിയിൽ സ്ഥിതിചെയ്യുന്ന അത്യുജ്ജ്വലമായ ഒരു നിർമ്മിതിയാണ് ചെങ്കോട്ട. സ്വാതന്ത്ര്യ ദിനത്തിൽ നമ്മുടെ പ്രധാനമന്ത്രി പതാക ഉയർത്തി, രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചരിത്ര പ്രധാന്യമുള്ള നിർമ്മിതി. ചെങ്കോട്ടയുടെ പിൻഭാഗത്തായിട്ടാണ് ഞങ്ങൾ ചെന്ന് ഇറങ്ങിയത്. നാലര വരെയേ അകത്തേക്ക് ആളെ കയറ്റൂ എന്ന് കേട്ടതിനാൽ തിരക്കിട്ട് ടിക്കറ്റ് എടുത്തു. പ്രധാന കവാടമായ ലാഹോർ ഗേറ്റ് വരെ ഏകദേശം ഒരു കിലോമീറ്റർ ദൂരമുണ്ട്. നടന്ന് അവിടെ വരെ പോകണം എന്നുണ്ടെങ്കിലും സമയം പോകും എന്ന ഒറ്റക്കാര്യം കൊണ്ട് അവിടെ നിന്നുള്ള ഇലക്ട്രിക് ഓട്ടോയിൽ കയറി ലാഹോർ ഗേറ്റിൻറെ അടുത്ത് ഇറങ്ങി. ഈ ലാഹോർ ഗേറ്റിൽ ആണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്തുന്നത്. അങ്ങനെ ആ ചരിത്ര കവാടത്തിലൂടെ ഞങ്ങൾ അകത്തേക്ക് കയറി.

ലാഹോർ ഗേറ്റിന് മുകളിൽ പാറുന്ന ത്രിവർണ്ണ പതാക 
നിർമ്മിതികളുടെ രാജകുമാരൻ എന്നറിയപ്പെട്ടിരുന്ന മുഗൾ ചക്രവർത്തി ഷാജഹാൻ നിർമ്മിച്ച പ്രധാനപ്പെട്ട നിർമ്മിതി തന്നെയാണ് ചെങ്കോട്ട. മുഗൾ സാമ്രാജ്യ തലസ്ഥാനം ആഗ്രയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റുന്നതിൻറെ ഭാഗമായി 1648 ഇൽ ആണ് ചുവന്ന കല്ലിൽ കോട്ട പണികഴിപ്പിച്ചത്. അദ്ദേഹത്തിന് പ്രിയങ്കരനായ, താജ് മഹൽ നിർമ്മിച്ച ശിൽപ്പി അഹമ്മദ് ലാഹോറി തന്നെയാണ് ഈ കോട്ടയുടെയും നിർമ്മാണത്തിന് പിന്നിൽ. ചുറ്റും അഗാധമായ കിടങ്ങുകളും അതിൽ യമുനാ നദിയിൽ നിന്നുള്ള വെള്ളവും ഒക്കെയായി ആ കാലഘട്ടങ്ങളിൽ ആവശ്യമായിരുന്ന എല്ലാ സുരക്ഷാ സംവിധാനങ്ങളും ഈ കോട്ടയിൽ ഉണ്ടായിരുന്നു. ഷാജഹാന് ശേഷം വന്ന മുഗൾ രാജാക്കന്മാർ ഭരിച്ചിരുന്നതും ഈ കോട്ടയിൽ നിന്നും തന്നെയായിരുന്നു. നിരവധി ആക്രമണങ്ങളെ നേരിട്ട ഈ കോട്ടയ്ക്ക് ആദ്യമായി നല്ല നാശനഷ്ടം വരുത്തിയത് പേർഷ്യക്കാരനായ നാദിർഷാ ആണ്. അന്നത്തെ ദുർബലനായ മുഗൾ രാജാവ് മുഹമ്മദ് ഷായെ പരാജയപ്പെടുത്തി കോട്ട കൊള്ളയടിച്ച നാദിർഷാ മുഗളരുടെ അഭിമാനം ആയിരുന്ന മയൂരസിംഹാസനവും ഒട്ടേറെ വിലപിടിപ്പുള്ള വസ്തുക്കളും കവർന്നുകൊണ്ടാണ് പോയത്. പിന്നീട് 1857 ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം ബ്രിട്ടീഷുകാർ കയ്യടക്കിയ കോട്ടയിൽ മിച്ചം ഉണ്ടായിരുന്നതെല്ലാം അവർ തൂത്തു പെറുക്കി കൊണ്ടുപോയി. ഒട്ടേറെ നിർമ്മിതികൾ നശിപ്പിക്കുകയും ചെയ്തു. സുഭാഷ് ചന്ദ്രബോസിൻറെ INA സൈനികരെ വിചാരണ ചെയ്തത് ഈ കോട്ടയിൽ വച്ചാണ്. ഇവിടെ ഉണ്ടായിരുന്ന മിക്ക വിലപിടിപ്പുള്ള വസ്തുക്കളും ഇപ്പോൾ ഇംഗ്ലണ്ടിലുള്ള വിവിധ മ്യൂസിയങ്ങളിൽ ആയി സ്ഥാനം പിടിച്ചിരിക്കുകയാണ്.

ലാഹോർ ഗേറ്റ് കടന്നു ചെല്ലുമ്പോൾ ആദ്യം കാണുന്നത് ച്ഛട്ട ചൗക്ക് എന്ന മുഗൾ കാലഘട്ടം മുതൽ നിലനിന്നിരുന്ന മാർക്കറ്റ് ആണ്. ഈ മാർക്കറ്റിൽ നിന്നാണ് അന്നത്തെ കൊട്ടാരസ്ത്രീകൾ ആവശ്യത്തിനുള്ള തുണിത്തരങ്ങളും ആഭരണങ്ങളും വാങ്ങിയിരുന്നത്. വിശാലമായ ഒരു മൈതാനത്തേക്കാണ് ആ മാർക്കറ്റ് കടക്കുമ്പോൾ നാം എത്തുന്നത്. നൗബത് ഘാന എന്ന പേരിൽ അറിയപ്പെടുന്ന ഒരു നിർമ്മിതിയും അതിനപ്പുറത്തായി ഫൗണ്ടൻ ഷോ നടക്കുന്ന കൃത്രിമ കുളങ്ങളുമാണ് അവിടെ ഉള്ളത്. ഡ്രം ഹൗസ് എന്നറിയപ്പെടുന്ന ഈ നൗബത് ഘാനയിൽ ആയിരുന്നു പണ്ട് ദിവസവും സംഗീത മേളകൾ നടത്തപ്പെട്ടിരുന്നത്.

ച്ഛട്ട ചൗക്ക്- ഞങ്ങൾ മടങ്ങുന്ന സമയത്ത് 
നൗബത് ഘാന
അത് കടന്നു ചെല്ലുമ്പോളാണ് ചരിത്രപ്രസിദ്ധമായ ദിവാൻ-ഇ-ആം എന്ന കൊട്ടാരഭാഗത്തേക്ക് എത്തുന്നത്. ഷാജഹാൻ തുടങ്ങിയ മുഗൾ രാജാക്കന്മാർ ജനങ്ങളുമായി നേരിൽ സംവദിച്ചിരുന്നത് ഈ സ്ഥലത്ത് വെച്ചാണ്. ചിത്രങ്ങളിൽ കണ്ടിട്ടുള്ള, ചരിത്ര പുസ്തകങ്ങളിൽ വായിച്ചിട്ടുള്ള ആ ദർബാറിൽ നിന്നുകൊണ്ട് നമുക്ക് ആ കാലഘട്ടത്തെ ഓർത്തെടുക്കാം. പ്രൗഢമായ സദസ്സിൽ എഴുന്നള്ളിയിരിക്കുന്ന ഇന്ത്യയുടെ ചക്രവർത്തി. മുന്നിൽ മന്ത്രിമാരും മറ്റ് പ്രമുഖരും. ആയുധ ധാരികളായ ഭടന്മാർ. സദസ്സിനെ സന്തോഷിപ്പിക്കാൻ സംഗീതജ്ഞരും നർത്തകരും, ചക്രവർത്തിയെ കണ്ട് പരാതി പറയാൻ വന്ന സാധാരണക്കാർ. അതൊക്കെ അവിടെ നിൽക്കുമ്പോൾ മുന്നിൽ തെളിഞ്ഞു വരും.

ദിവാൻ-ഇ-ആം

ദിവാൻ-ഇ-ആമിലെ സുൽത്താന്റെ ഇരിപ്പിടം 
ദിവാൻ-ഈ-ആമിന് പുറകിലായി ആണ് രാജകുടുംബങ്ങൾ വസിച്ചിരുന്ന ഭാഗങ്ങൾ. ഞങ്ങൾ സന്ദർശനത്തിന് എത്തിയ സമയം നന്നേ വൈകിയതിനാൽ മ്യൂസിയം ഉൾപ്പെടെയുള്ള ഭാഗങ്ങൾ അടച്ചുകഴിഞ്ഞിരുന്നു. എന്നാലും കിട്ടിയ തക്കത്തിന് ഓടി നടന്ന്. അതേ, ശരിക്കും ഓടി നടന്ന് തന്നെയാണ് ഞാൻ കണ്ടത്. അതൊന്നും നല്ല രീതിയിൽ ആസ്വദിക്കാൻ പറ്റാഞ്ഞതിൽ സങ്കടം ഉണ്ട്. ധാരാളം ഉദ്യാനങ്ങൾ ചെങ്കോട്ടയ്ക്കുള്ളിൽ ഉണ്ട്. അതേപോലെ തന്നെ ചരിത്രപരമായി നല്ല പ്രാധാന്യം ഉള്ള ഒട്ടേറെ നിർമ്മിതികളും. ഒരു ദിവസം ഉണ്ടെങ്കിൽ നന്നായി അതൊക്കെ ആസ്വദിച്ച് കണ്ടുതീർക്കാം. പക്ഷെ അതിലുള്ള ഒരു കുഴപ്പം എന്താണെന്നു വച്ചാൽ ഉച്ച സമയത്തൊന്നും അവിടെക്കൂടെ നടക്കാൻ സാധിക്കില്ല. നല്ല വെയിൽ ആയിരിക്കും. ഞങ്ങൾ വെയിൽ മാറി കഴിഞ്ഞ് എത്തിയത് കൊണ്ട് ആ ബുദ്ധിമുട്ട് അനുഭവിച്ചില്ല എന്ന് മാത്രം.

ചെങ്കോട്ടയിൽ പ്രധാന ഭാഗങ്ങൾ അടയാളപ്പെടുത്തിയ ശിലാ ഫലകം.
അങ്ങനെ ഓടി നടന്നു കണ്ടതിൽ പ്രധാനപ്പെട്ടതാണ് ദിവാൻ-ഈ-ഖാസ്. ദിവാൻ-ഈ-ആം പൊതു ജനങ്ങളുമായി സംവദിക്കാൻ ആയിരുന്നെങ്കിൽ ദിവാൻ-ഈ-ഖാസ് മന്ത്രിസഭ പോലെ പ്രാധാന്യമേറിയ സംഭാഷണങ്ങളുടെ വേദി ആയിരുന്നു. വെള്ള മാർബിളും വിലപിടിപ്പുള്ള രത്നങ്ങളും ധാരാളമായി ഉപയോഗിച്ച് നിർമ്മിച്ച ആ ദർബാറിൽ ആയിരുന്നു മയൂര സിംഹാസനം ഉണ്ടായിരുന്നത് എന്ന് ചരിത്ര രേഖകൾ പറയുന്നു. ഷാജഹാൻറെ കാലത്തെ പ്രസിദ്ധമായ ആ വരികൾ "ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതാണ്, ഇതാണ്, ഇതാണ്" എന്നത് ദിവാൻ-ഈ-ഖാസിൻറെ ചുവരുകളിൽ ആലേഖനം ചെയ്തിരിക്കുന്നു.

ദിവാൻ-ഇ-ഖാസ് 
അതിനോട് ചേർന്ന് തന്നെ ഹമാം എന്ന രാജകീയ കുളിമുറി, മോത്തി മഹൽ എന്ന, ഔറംഗസീബ് പണി കഴിപ്പിച്ച പള്ളി, ഹയാത് ബക്ഷ് ബാഗ് എന്ന ഉദ്യാനം എന്നിവ നിലകൊള്ളുന്നു. ഹയാത് ബക്ഷ് ബാഗ് ഉദ്യാനത്തിൽ കിഴക്ക് പടിഞ്ഞാറ് നോക്കി നിൽക്കുന്ന രീതിയിൽ രണ്ട് മണ്ഡപങ്ങൾ ഉണ്ട്. അതിന് നടുക്കായി അവസാന മുഗൾ രാജാവായ ബഹാദൂർ ഷാ പണികഴിപ്പിച്ച ഒരു ചുവന്ന മണ്ഡപവും സ്ഥിതിചെയ്യുന്നു. ഇതെല്ലാം അടുത്തുകൂടെ ഓടി ഒന്ന് കണ്ടു എന്ന് മാത്രം. എന്നാലും പാകിസ്ഥാൻ ഉൾപ്പെടുന്ന ഇന്ത്യയുടെ ഭൂരിഭാഗവും അടക്കി ഭരിച്ച ഒരു കാലത്തെ ലോകത്തിലെ ഏറ്റവും ശക്തരായ ഭരണാധികാരികൾ നടന്ന ഭൂമിയിലൂടെയാണല്ലോ ഇപ്പോൾ ഞാൻ നടക്കുന്നത് എന്ന തോന്നൽ തന്നെ ഒരു പ്രത്യേക അനുഭവം ഉളവാക്കുന്നതായിരുന്നു. ഞങ്ങൾ പുറത്തേക്ക് നടക്കുമ്പോൾ പിന്നിടുന്ന സ്ഥലങ്ങൾ ചങ്ങലകൾ കൊണ്ട് ബന്ധിച്ച് ഇന്നത്തെ സന്ദർശനം അവസാനിപ്പിക്കുന്നുണ്ടായിരുന്നു.

മോത്തി മഹൽ 
ഹയാത് ബക്ഷ് ബാഗ് ഉദ്യാനത്തിലെ ഇരട്ട മണ്ഡപങ്ങളിൽ ഒന്ന് 
ചെങ്കോട്ടയിൽ നിന്നും നോക്കിയാൽ കാണുന്ന ദൂരത്താണ് ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം പള്ളിയായ ഡൽഹി ജുമാ മസ്ജിദ് നിലകൊള്ളുന്നത്. അതിൻറെ സമീപത്തായിട്ടാണ് ഡൽഹിയിലെ പ്രസിദ്ധമായ സ്ട്രീറ്റ് ഫുഡ്സ് ലഭിക്കുന്ന സ്ഥലം. ഹോ ഞാൻ കാത്തു കാത്തിരുന്ന നിമിഷം ഇതാ സമാഗതമായിരിക്കുന്നു. സൈറ്റ് നോക്കി അവിടെ ഉള്ളതിൽ പ്രസിദ്ധമായ കരീം റസ്റ്റോറന്റിൽ പോകാമെന്ന് തീരുമാനിച്ചു. പ്രസാദ് ചേട്ടൻ എന്തായാലും ഇക്കുറി എതിരഭിപ്രായം ഒന്നും പറഞ്ഞില്ല. കരീം റസ്റ്റോറന്റിനെ കുറിച്ച് പുള്ളിക്കും നല്ല അഭിപ്രായം തന്നെ. ദില്ലിയിൽ അവർക്ക് കുറെ ഫ്രാഞ്ചെസികൾ ഉണ്ടെങ്കിലും ആദ്യത്തേതും ഒറിജിനലും ഇവിടെയുള്ളതാണത്രേ. നല്ല തിരക്കാണ് ആ തെരുവിൽ. ഒരു വശത്ത് ജുമാ മസ്ജിദ് കോംപ്ലക്സ് ആണ്. മറുവശത്ത് ഹോട്ടലുകളുടെ തിരക്ക്. കോഴി ജീവനോടെയും ഇറച്ചിയായും പൊരിച്ച കോഴിയേയും പല പല രൂപത്തിൽ കടകളുടെ പ്രവേശന കവാടങ്ങളുടെ സമീപം പ്രദർശിപ്പിച്ചിരിക്കുന്നു. വണ്ടി കൊണ്ടുപോകാനും ഞങ്ങളെ നിർത്തി അതിൽ നിന്നും ഇറക്കാനും പ്രസാദ് ചേട്ടൻ നന്നേ പാടുപെട്ടു.

അങ്ങനെ കൊതിച്ച് കൊതിച്ച് മുഗൾ ഭക്ഷണം കഴിക്കാൻ ഞങ്ങൾ ചെന്ന് കയറിയ ഈ കരീം റസ്റ്റോറന്റ് പണ്ട് മുഗൾ രാജാക്കന്മാരുടെ പാചകക്കാരായിരുന്നത്രെ. ശോ സമ്മതിക്കണം!!. അവരോട് വിശദമായി ചോദിച്ച് വിഭവങ്ങൾ ഓർഡർ ചെയ്തു. അളവൊക്കെ എങ്ങനെ ഉണ്ടാകും എന്നറിയാത്തതിനാൽ കുറച്ച് ആണ് ആദ്യമേ പറഞ്ഞത്. ഞാൻ എന്തായാലും ഒരു സ്‌പെഷ്യൽ ബിരിയാണി പറഞ്ഞു. പണ്ട് ശ്രീരാമൻ, രാവണ യുദ്ധം ഒക്കെ കഴിഞ്ഞപ്പോൾ സഹായിക്കാൻ ചെന്ന കുരങ്ങന്മാർക്ക് ഒരു വരം കൊടുത്തു. അവർ ഏത് ഫലം എടുത്ത് കഴിച്ചാലും അതിന് നല്ല ടേസ്റ്റ് ആയിരിക്കട്ടെ എന്ന്. എനിക്കും ഏതാണ്ട് അതേപോലെ വല്ല വരവും കിട്ടിയിട്ടാണോ എന്നറിയില്ല, നോൺ വെജ് എന്ത് കഴിച്ചാലും മുടിഞ്ഞ ടേസ്റ്റ് ആയി തോന്നും. അതിനാൽ തന്നെ അഭിപ്രായം പറയാൻ ഞാൻ മോശമാണ്. എന്തായാലും ബിരിയാണി അടിപൊളിതന്നെ ആയിരുന്നു. നീളമുള്ള അരി, മസാല കുറവ്, കുഴിമന്തിയുടെ പോലത്തെ ടേസ്റ്റ് എന്ന് പറയാം. ബാക്കിയുള്ളവർ റുമാലി റൊട്ടിയും കബാബ് പോലുള്ള ചിക്കൻ ബുറായും, കറികളായി കറാച്ചി ചിക്കൻ, ചിക്കൻ ജഹാംഗീരി എന്നിവയുമാണ് പറഞ്ഞത്. ഇതിൽ കറാച്ചി അത്ര പോരായിരുന്നു എന്നാണ് ഞങ്ങളുടെ പൊതുവെയുള്ള അഭിപ്രായം. ബാക്കിയെല്ലാം അടിപൊളി തന്നെ.

അങ്ങനെ മനസും വയറും നിറഞ്ഞ രണ്ടാം ദിനം അവസാനിപ്പിച്ച് ഞങ്ങൾ വീട്ടിലേക്ക് മടങ്ങി. നാളെ കൃഷ്ണ ജന്മഭൂമിയായ മഥുരയും താജ് മഹൽ ഉൾപ്പെടുന്ന ആഗ്രാ യാത്രയുമാണ്. പ്രസാദ് ചേട്ടൻ വെളുപ്പിനേ എത്തും. അതിനാൽ ചെന്ന ഉടൻ തന്നെ ഉറക്കത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങി. ആഗ്രാ വിശേഷങ്ങൾ അടുത്ത ദിനം തുടരും.

                                                                                  (തുടരും)

No comments:

Post a Comment