Wednesday, October 2, 2019

ഡൽഹി ഡേയ്സ് 4 : കുത്തബ് മിനാർ

ഡേ 2 : കുത്തബ് മിനാർ



           എൻറെ കസിൻ കണ്ണൻറെ ഭാര്യ ചിത്രയുടെ ആന്റി ഷാനി ആന്റിയും കുടുംബവും വർഷങ്ങളായി ഡൽഹിയിൽ സ്ഥിര താമസക്കാരാണ്. ഭർത്താവ് വിജയൻ അങ്കിളും മോളുമായി രോഹിണി സെക്ടർ ഫൈവിലുള്ള ചെറിയ അപ്പാർട്ട്മെന്റിൽ ഡൽഹി ജീവിതരീതിയുമായി പൊരുത്തപ്പെട്ട് താമസിക്കുന്നു. ആദ്യ ദിനത്തിൽ ഞങ്ങളുമായി കറങ്ങിയ ഗോപിച്ചേട്ടൻ ഉൾപ്പെടെ ധാരാളം മലയാളികൾ താമസിക്കുന്ന മേഖലയാണ് രോഹിണി സെക്ടർ 5. ഞങ്ങൾക്ക് താമസിക്കുന്നതിനായി വീടിനോട് ഒരു വിളിപ്പാട് അകലെ തന്നെയായി ഒരു ഹോട്ടലിൽ മുറി അവർ തരപ്പെടുത്തിയിരുന്നു. അപ്രതീക്ഷിതമായി വണ്ടി തട്ടിയത് ഒഴിച്ചാൽ ആദ്യ ദിനം പ്രതീക്ഷിച്ചതിലും വളരെ വളരെ ഗംഭീരം ആയിരുന്നു. ആകെ പടമായി ആണ് ഞങ്ങൾ അവരുടെ അപ്പാർട്ട്മെന്റിന് മുന്നിൽ ചെന്ന് വണ്ടിയിറങ്ങിയത്. മോൾ ആണെങ്കിൽ ഉറങ്ങിയും പോയി. ഞങ്ങൾക്കായി ആന്റി ഭക്ഷണം തയ്യാറാക്കി വെച്ചിരുന്നു അതിനാൽ പെട്ടെന്ന് തന്നെ റൂമിൽ ഒന്ന് പോയി റെഡിയായി, ഭക്ഷണം കഴിക്കാനായി അവരുടെ അപ്പാർട്ട്മെന്റിൽ ചെന്നു. ഡൽഹി അതോറിറ്റിയുടെ തന്നെയാണ് ആ അപ്പാർട്ട്മെൻറ് സമുച്ചയം. സ്ഥലപരിമിതി മൂലം ആയിരിക്കണം വളരെ ഇടുങ്ങിയ രീതിയിലാണ് അവ നിർമ്മിച്ചിരിക്കുന്നത്. മുഖത്തോട് മുഖം നോക്കി നിൽക്കുന്ന രീതിയിൽ, ഒരു നിലയിൽ  രണ്ടോ നാലോ കുടുംബങ്ങൾക്ക് കഴിയാവുന്ന രീതിയിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. മദ്ധ്യഭാഗത്തായി ഇടുങ്ങിയ സ്റ്റെയർകേസ്. കെട്ടിടത്തിന് അത്യാവശ്യം പഴക്കവും തോന്നിച്ചു. സമീപത്തായി ചെറിയൊരു മൈതാനവും അമ്പലവും ഒക്കെയുണ്ട്. (വെളുപ്പിനെ ആ മൈതാനത്ത് കുറെ ആളുകൾ യോഗ പരിശീലിക്കാൻ ഒത്തുകൂടുന്നത് തുടർന്നുള്ള പ്രഭാതങ്ങളിൽ കാണുകയുണ്ടായി). അപ്പാർട്ട്മെൻറ് കോംപ്ലക്‌സിന്റെ താഴത്തെ നിലയിൽ തന്നെയാണ് വിജയൻ അങ്കിളിൻറെ അപ്പാർട്ട്മെൻറ്. മുറ്റം എന്ന് പറയാൻ മാത്രം ഇല്ലെങ്കിലും കിട്ടിയ സ്ഥലത്ത് ചെടി ചട്ടികളിൽ കുറച്ച് ചെടികളും തുളസിയും ഒക്കെ വെച്ച് ഒരു മലയാളിത്തം വരുത്തിയിട്ടുണ്ട്. ഒരു ചെറിയ കുടുംബത്തിന് കഴിയാവുന്ന ചെറുതും മനോഹരവുമായ ഒരു അപ്പാർട്ട്മെൻറ്. ഒരു സ്വീകരണ മുറി, ബെഡ് റൂം, ചെറിയൊരു അടുക്കള, ബാത്ത് റൂം. ഇത്രയുമാണ് സൗകര്യങ്ങൾ. നാട്ടിൽ നിന്നും ഇത്പോലെ ആരെങ്കിലും വിരുന്ന് വരുമ്പോൾ കൂടെ താമസിപ്പിക്കാൻ സാധിക്കുന്നില്ല എന്നൊരു സങ്കടം മാത്രം. അതിനാൽ തന്നെ വളരെ വിഷമത്തോടെയാണ് ഞങ്ങൾക്ക് പുറത്ത് താമസം സൗകര്യപ്പെടുത്തി തന്നത്.  ഭാഗ്യത്തിന് അപ്പാർട്ട്മെന്റിന് വളരെ അടുത്തായി തന്നെ താമസിക്കുന്നതിന് നല്ലൊരു ഹോട്ടൽ ഉണ്ട്. അടുത്ത രണ്ട് ദിവസങ്ങളിൽ ഞങ്ങളുടെ ഡൽഹി സഞ്ചാരത്തിന് മലയാളിയായ പ്രസാദ് ചേട്ടനെ തരപ്പെടുത്തി തന്നതും വിജയൻ അങ്കിളാണ്. വെള്ളിയാഴ്ചകളിൽ താജ്മഹൽ സന്ദർശിക്കുന്നതിന് സമയ പരിമിതികൾ ഉള്ളതിനാൽ അന്ന് ഡൽഹി വിസിറ്റും ശനിയാഴ്ച ശ്രീകൃഷ്ണ ജന്മഭൂമിയായ മഥുര, ആഗ്ര എന്നിവയുമാണ് പ്രസാദ് ചേട്ടനോട് പറഞ്ഞ് ഞങ്ങളെ കാണിക്കുന്നതിന് ഏർപ്പാടാക്കിയിരുന്നത്. 

          രാവിലെ ഒൻപത് മണി കഴിഞ്ഞപ്പോളേക്കും ഞങ്ങൾ ചായയൊക്കെ കുടിച്ച് പ്രസാദ് ചേട്ടനെയും കാത്ത് റോഡിലിറങ്ങി. പറഞ്ഞ സമയത്ത് തന്നെ കക്ഷി എത്തി. രോഹിണിയിൽ നിന്നും കുറച്ച് അകലെയാണ് പ്രസാദ് ചേട്ടൻറെ വീട്. ആള് ഡൽഹി മലയാളികളുടെ ഇടയിൽ ഒരു ചിരപരിചിതനാണ്. മിക്ക ആളുകളുടെയും പരിചയക്കാർ നാട്ടിൽ നിന്നും വരുമ്പോളേക്കും ടൂർ അറേഞ്ച് ചെയ്തുകൊടുക്കുന്നത് പുള്ളിക്കാരനാണ്. അതിനാൽ തന്നെ എപ്പോളും നല്ല തിരക്കാണ് കക്ഷിക്ക്. പ്രസാദ് ചേട്ടൻറെ ഒരു ഗുണം എന്താണെന്ന് വച്ചാൽ ടൂർ അറേഞ്ച് ചെയ്യുന്ന ആളായതിനാൽ ഡൽഹിയിലെയും ആഗ്രയിലെയും മിക്ക ടൂറിസ്റ്റ് സ്ഥലങ്ങളിലും പുള്ളിയുടെ ആൾക്കാർ അല്ലെങ്കിൽ പരിചയക്കാർ ഉണ്ട് എന്നതാണ്. 

            രണ്ടാം ദിനം ആദ്യം ഞങ്ങൾ പോകാൻ തീരുമാനിച്ചത് ദില്ലിയുടെ ഒരു ഐക്കൺ തന്നെയായ കുത്തബ് മിനാർ ആണ്. ഡൽഹി എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ വരുന്ന സുൽത്താൻ ഭരണങ്ങളുടെ തുടക്കം കുറിച്ച അടിമ വംശവുമായി ബന്ധപ്പെട്ടുള്ള ചരിത്രസ്മാരകമാണ് കുത്തബ് മിനാർ. തെക്കൻ ദില്ലിയിലുള്ള മെഹ്‌റൗലി എന്ന പ്രദേശത്താണ് ഈ പടുകൂറ്റൻ മീനാരം സ്ഥിതിചെയ്യുന്നത്. ഏകദേശം ഒരു മണിക്കൂർ അടുത്തുള്ള യാത്രയ്ക്ക് ശേഷം ഞങ്ങൾ അവിടെ എത്തി. ടിക്കറ്റ് എടുത്ത് വേണം അകത്ത് കയറാൻ. യുനെസ്‌കോ പൈതൃക പട്ടികയിൽ ഇടംപിടിച്ച സ്മാരകം ആയതിനാൽ വൃത്തിയായും വിനയത്തോടെയും ആ പ്രദേശം സംരക്ഷിച്ചുപോരുന്നുണ്ട്. ആ പ്രദേശം ഒട്ടാകെ പരന്നുകിടക്കുന്ന ചരിത്രശേഷിപ്പുകളുടെ ഇടയിൽ നിന്നും ആ മീനാരം ആകാശത്തേക്ക് തല ഉയർത്തി നിൽക്കുന്നു. ഇന്ത്യയിൽ സുൽത്താൻ ഭരണത്തിന് തുടക്കം കുറിച്ച കുത്തബ് ദിൻ ഐബക്ക് ആണ് ഈ മീനാരം പണികഴിപ്പിക്കാൻ ആരംഭിച്ചത്. തൻറെ മുതലാളിയും പൃഥ്വിരാജ് ചൗഹാനെ പരാജയപ്പെടുത്തി ഇന്ത്യയിൽ മുസ്ലിം ഭരണത്തിന് തറക്കല്ലിട്ട മുഹമ്മദ് ഗോറിയുടെ വിജയത്തിൻറെ സ്മാരകമായി നിർമ്മിക്കുകയും ആത്മീയ ആചാര്യനായ കുത്തബ്ദിൻ ഭക്തിയാർ കക്കി എന്ന സൂഫിവര്യൻറെ നാമം നൽകുകയും ചെയ്ത ഈ മീനാരത്തിൻറെ ഒന്നാമത്തെ നില മാത്രമേ 1192 ഇൽ പൂർത്തിയാക്കാൻ അദ്ദേഹത്തിന് സാധിച്ചുള്ളൂ. തുടർന്ന് ഭരണത്തിൽ വന്ന ഇൽത്തുമിഷ് ആണ് 1220 ഇൽ മൂന്ന് നിലകൾ കൂടി അതിനോട് പണിഞ്ഞു ചേർത്തത്. 1369 ഇൽ ഇടിമിന്നലേറ്റ് ആ മീനാരത്തിന് സാരമായ കേടുപാടുകൾ സംഭവിക്കുകയുണ്ടായി. വർഷങ്ങൾ കഴിഞ്ഞ് തുഗ്ലക്ക് ഭരണകാലത്ത് ഫിറോസ് ഷാ തുഗ്ലക്ക് ഈ കേടുപാടുകൾ തീർത്ത് ഒരു നില കൂടി പണിഞ്ഞു ചേർത്തു. അങ്ങനെ അഞ്ച് നിലകളാണ് നിലവിൽ 73 മീറ്റർ ഉയരമുള്ള ഈ മീനാരത്തിനുള്ളത്. അവസാന സുൽത്താന്മാരായ മുഗളന്മാരുടെ കാലത്ത്, ഹുമയൂണിനെ പുറത്താക്കി അധികാരം പിടിച്ച സൂരി വംശജനായ ഷേർഷാ സൂരി പ്രവേശനകവാടം ഉൾപ്പെടെ ഉള്ള ഭാഗങ്ങൾ മോടിപിടിപ്പിക്കുകയുണ്ടായി. 

            മീനാരത്തിൻറെ അടുത്ത് നിന്ന് അത് കാണാമെന്നും ഫോട്ടോ എടുത്ത് പോരാമെന്നും അല്ലാതെ അതിൻറെ അകത്തേക്കുള്ള പ്രവേശനം ഇപ്പോൾ നിരോധിച്ചിരിക്കുകയാണ്. മുൻപ് ഇതിനുള്ളിലുള്ള 379 പടികളിലൂടെ മുകളിലേക്ക് സന്ദർശകർക്ക് കയറിപ്പോകാമായിരുന്നു. 1981 ഇൽ അകത്തുള്ള പടികളിലെ ലൈറ്റ് തകരാറിലായ മൂലം സഞ്ചാരികൾ പുറത്തിറങ്ങാൻ തിരക്ക് കൂട്ടിയപ്പോൾ ഉണ്ടായ അപകടത്തിൽ അമ്പതോളം സഞ്ചാരികൾ മരിക്കുകയും ധാരാളം പേർക്ക് പരുക്ക് പറ്റുകയും ഉണ്ടായതിനെ തുടർന്നാണ് അകത്തേക്കുള്ള പ്രവേശനം നിരോധിച്ചത്. അപകട സമയത്ത് നാന്നൂറിന് മുകളിൽ മേൽ സഞ്ചാരികൾ ഈ മീനാരത്തിന് അകത്തുണ്ടായിരുന്നത്രെ!. 

          കുത്തബ് മീനാറിൻറെ പരിസരം മുഴുവൻ ചരിത്ര അവശിഷ്ടങ്ങളുടെ കൂമ്പാരമാണ്. ഒട്ടേറെ കഥകൾ അവിടുള്ള ഓരോ കല്ലിനും പറയാനുണ്ടാകും. അവിടെ നിന്നുകൊണ്ട് ആ കാലഘട്ടത്തെ ഓർത്ത് എടുക്കാൻ ശ്രമിക്കുന്നത് കൗതുകം പകരുന്ന ഒരു അനുഭവമാണ്. മനോഹരമായി കെട്ടിയുണ്ടാക്കിയ ചരിത്ര വസ്തുക്കൾ പോലെ ആകർഷണീയമായിരുന്നു നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആ ചരിത്ര ശേഷിപ്പുകൾക്ക്. അതിൽ ശ്രദ്ധേയം തകർന്നു കിടക്കുന്ന ഒരു മോസ്ക്കിൻറെ അവശിഷ്ടത്തിനാണ്. ക്വവത്ത്-ഉൽ-ഇസ്ലാം എന്ന് വിളിക്കപ്പെട്ട ആ മോസ്കിന്റെ അവശിഷ്ടങ്ങളിൽ കൂടി നടക്കുമ്പോൾ അവിടെയുള്ള തൂണുകൾ കാണുമ്പോൾ തമിഴ്‌നാട്ടിലെ ഒരു അമ്പലത്തിൽ കൽമണ്ഡപങ്ങളുടെ ഇടയിലൂടെ നടക്കുന്ന ഓർമ്മ വരും. അതിനൊരു കാരണമുണ്ട്. ഈ തൂണുകൾ യഥാർത്ഥത്തിൽ മുൻപ് അവിടെ നില നിന്നിരുന്ന ഹിന്ദു ജൈന അമ്പലങ്ങളുടെ അവശിഷ്ടം ആണ് എന്നതാണ്. മഹാവീരൻ ആണോ ശിവൻ ആണോ എന്ന് തോന്നിക്കുന്ന ആൾ രൂപങ്ങൾ മിക്ക തൂണുകളിലും കാണാം. അതിന് അടുത്തായി തന്നെ ഇരുമ്പിൽ തീർത്ത ഒരു സ്തംഭം കാണാം. ശാസ്ത്രലോകത്തിന് അത്ഭുതമായി അവശേഷിക്കുന്ന ആ സ്തൂപം AD മുന്നൂറ് കാലഘട്ടത്തിൽ ചന്ദ്രഗുപ്തൻ രണ്ടാമൻ നിർമ്മിച്ചതായാണ് ചരിത്രം. AD നാന്നൂറിൽ അത് ഇന്ന് കാണുന്ന സ്ഥലത്തേക്ക് കൊണ്ടുവന്നു സ്ഥാപിക്കുകയായിരുന്നു. അന്ന് ആ സ്തംഭത്തിൻറെ അടുത്തായി ഒരു വിഷ്ണു ക്ഷേത്രവും ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു. 1700 ഓളം വർഷങ്ങൾ പഴക്കമുള്ള ആ ഇരുമ്പ് സ്തംഭം ഇതുവരെ തുരുമ്പിക്കുന്നില്ല എന്നതാണ് അത്ഭുതപ്പെടുത്തുന്നത്. അന്ന് അതിന് എന്ത് ടെക്‌നോളജി ആണ് ചന്ദ്രഗുപ്തൻ പ്രയോഗിച്ചത് എന്നതൊക്കെ ശാസ്ത്രലോകം അത്ഭുതത്തോടെയാണ് കണ്ടത്.

വിക്രമാദിത്യൻറെ കാലഘട്ടത്തിൽ നിർമ്മിച്ച ഇരുമ്പ് തൂൺ 

കുത്തബ് മീനാർ പരിസരത്തെ അവശിഷ്ടങ്ങൾ 

ക്വവത്ത്-ഉൽ-ഇസ്ലാം മോസ്‌ക്കിന്റെ അവശിഷ്ടങ്ങൾ 
 
ഹൈന്ദവ-ജൈന പാരമ്പര്യം തോന്നിപ്പിക്കുന്ന കൽ തൂണുകൾ 
തൂണിൽ കണ്ട ജൈന രൂപം 
          ഖിൽജി രാജവംശത്തിലെ ഒട്ടേറെ പ്രമുഖന്മാരുടെ കല്ലറകൾ അവിടെ കാണാം. പ്രധാനമായി രണ്ടാമത്തെ സുൽത്താൻ ആയിരുന്ന അലാവുദ്ദീൻ ഖിൽജിയുടെ കല്ലറ, അദ്ദേഹം സ്ഥാപിച്ച ഒരു മദ്രസ, മൂന്നാമത്തെ സുൽത്താൻ ആയിരുന്ന ഇൽത്തുമിഷിൻറെ കല്ലറ തുടങ്ങിയവയാണ് ഇന്നും നിലനിൽക്കുന്നത്.

ഇൽത്തുമിഷിൻറെ കബറിടം 
       ഇത് കൂടാതെ നമ്മുടെ ശ്രദ്ധയെ ആകർഷിക്കുന്ന മറ്റൊരു ചരിത്രവസ്തുവാണ് അലൈ മിനാർ. എന്താണ് സംഭവം എന്ന് വച്ചാൽ കുത്തബ് മിനാർ പോലെ നമ്മുടെ അലാവുദ്ദീൻ ഖിൽജിയും ഒരു മീനാരം പണിയാൻ ആഗ്രഹിച്ചു. പണിയുമ്പോൾ എന്തായാലും മുൻഗാമിയുടേതിനേക്കാൾ കേമം ആകണമല്ലോ. ഒട്ടും കുറക്കണ്ട കുത്തബ്മിനാറിനെക്കാൾ രണ്ടിരട്ടി എങ്കിലും ഉയരത്തിൽ തന്നെ ഒരെണ്ണം ആയിക്കോട്ടെ എന്ന് കരുതി മച്ചാൻ പണി തുടങ്ങി. ഒരു നില പോലും പൂർത്തിയാകും മുൻപേ ആളുടെ കഥ കഴിഞ്ഞു. പുറകെ വന്ന ഭരണാധികാരികൾക്ക് അതിനെയും കൂടി ചുമക്കാൻ താൽപ്പര്യം ഇല്ലായിരുന്നതിനാൽ ഒരു കൽ കൂമ്പാരമായി ആ നിർമ്മിതി അവിടെ നിലകൊള്ളുന്നു.

അലൈ മിനാർ 
              ചരിത്ര കുതുകികൾക്ക് എത്ര സമയം വേണമെങ്കിലും ചിലവഴിക്കാവുന്ന സ്ഥലമാണ് കുത്തബ്മിനാറും പരിസരവും. ചരിത്രത്തോട് ഇഷ്ടം ഉള്ളതിനാൽ ആകണം എനിക്ക് എത്ര അവിടെ നടന്നിട്ടും മതിയാകുന്നില്ലായിരുന്നു. ദില്ലിയിലെ കുപ്രസിദ്ധമായ കത്തുന്ന വെയിൽ അതിൻറെ മൂർദ്ധന്യത്തിൽ എത്താറായില്ല എങ്കിലും ചൂടിന് ഒരു കുറവും ഉണ്ടായിരുന്നില്ല. ഇന്ന് ഇനിയും ധാരാളം സ്ഥലങ്ങൾ കാണാൻ ഉള്ളതിനാലും കൂടെ ഉള്ളവർക്ക് ഇവിടെ അത്ര വിശാലമായി ഇനി ഒന്നും കാണാൻ ഇല്ല എന്ന തോന്നൽ ഉള്ളതിനാലും ഞങ്ങൾ അവിടെ നിന്നും അടുത്ത സ്ഥലത്തേക്ക് പോകാൻ പ്രസാദ് ചേട്ടൻ വണ്ടി പാർക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക് നടന്നു. 

                                                                                     (തുടരും)

No comments:

Post a Comment