Monday, October 7, 2019

ഡൽഹി ഡേയ്സ് 9 : ആഗ്ര കോട്ട

ഡേ 3: ആഗ്ര കോട്ടആഗ്ര യാത്രയെ കുറിച്ച് പറയുമ്പോളൊക്കെ പ്രസാദ് ചേട്ടൻ അവിടുള്ള തുകൽ ഫാക്ടറികൾ സന്ദർശിക്കുന്നതിനെ കുറിച്ച് പറയുന്നുണ്ടായിരുന്നു. അത്തരത്തിലുള്ള ഒരു ഷോപ്പിംഗ് പ്ലാൻ ഞങ്ങൾക്ക് ഇല്ലാത്തതിനാൽ അതിൽ വലിയ താത്പര്യം ഞങ്ങൾ കാണിച്ചിരുന്നില്ല. താജ്മഹൽ സന്ദർശിക്കുമ്പോൾ കൂടെ ഉണ്ടായിരുന്ന ഗൈഡ് ചേട്ടൻ അവിടെ കൊത്തുപണികൾക്ക് ഉപയോഗിച്ചിരുന്ന രത്നക്കല്ലുകളെ കുറിച്ച് പതിവില്ലാതെ വാചാലനാവുകയും അത് നിർമ്മിക്കുന്ന സ്ഥലത്തൊക്കെ കൊണ്ട് പോയി കാണിച്ചു തരാം എന്ന് പറയുകയും ചെയ്യുന്നുണ്ടായിരുന്നു. അക്ബർ പണികഴിപ്പിച്ച ആഗ്രാ കോട്ട മാത്രമായിരുന്നു ഞങ്ങൾക്ക് മനസ്സിൽ. അല്ലാതെ ആഗ്രയിൽ വേറെ എന്തുണ്ട് എന്ന് അറിയില്ല എന്നതാണ് സത്യം. ഗൈഡിനെ കൊണ്ട് ടിക്കറ്റ് എടുക്കുക എന്നത് ഒഴിച്ചാൽ ഒരു ഗുണവും ഇല്ലായിരുന്നതിനാൽ അയാളെ ഇനി ഒഴിവാക്കി വിടാം എന്നാണ് കരുതിയത്. പക്ഷെ ആള് അങ്ങനെ പോകാൻ ഉദ്ദേശിച്ചിട്ടില്ലായിരുന്നു. വണ്ടിയുടെ അടുത്ത് എത്തിയപ്പോളേക്കും ആള് മുന്നിൽ സീറ്റ് പിടിച്ചു. തുകൽ ഫാക്ടറി കാണാം എന്ന് പറഞ്ഞു. ഞങ്ങൾക്ക് അതിൽ താത്പര്യം ഇല്ല എന്ന് പറഞ്ഞെങ്കിലും ഓടിച്ച് ഒന്ന് കണ്ടേക്കാം എന്നും പറഞ്ഞ് പ്രസാദ് ചേട്ടൻ വണ്ടി അങ്ങോട്ട് വിട്ടു. അവരുടെ ആഗ്ര ടൂർ പാക്കേജ് അങ്ങനെ ആണെന്ന് എനിക്ക് മനസിലായി. അത് പോലെ ആ ഹോട്ടൽ അനുഭവത്തിന് ശേഷം ആഗ്രയിൽ ഞങ്ങൾ ചിലവാക്കുന്ന ഓരോ രൂപയിലും അവർക്ക് കമ്മീഷൻ ഉണ്ടോ എന്ന സംശയം ശക്തമായി മനസ്സിൽ ഉടലെടുക്കുകയും ചെയ്തു. കല്ലുകൾ കൊത്തി മിനുക്കി ആകർഷകമായ രൂപങ്ങളിലേക്ക് മാറ്റുന്ന ഒരു സ്ഥലത്താണ് ഞങ്ങളെ ആദ്യം കൊണ്ടുപോയത്. അതിൽ ഒരു താത്പര്യവും കാണിച്ചില്ല എന്ന് മാത്രമല്ല വിലപ്പെട്ട ഈ സമയം ആ കോട്ടയിൽ ചിലവഴിക്കാൻ സാധിക്കാത്തതിൽ അൽപ്പം അമർഷവും തോന്നിത്തുടങ്ങി. അടുത്ത് തന്നെയുള്ള തുകൽ ഫാക്ടറി എന്ന് അവർ പരിചയപ്പെടുത്തിയ ഷൂ മാർക്കറ്റിലും ഇത് തന്നെ ആയിരുന്നു അവസ്ഥ. പ്രസാദ് ചേട്ടനോട് ഗൈഡിൻറെ ആവശ്യം കഴിഞ്ഞ സ്ഥിതിക്ക് അയാളെ പറഞ്ഞു വിട്ടേക്കാൻ പറയണം എന്നുണ്ടായിരുന്നു. പക്ഷെ നമ്മുടെ നാട്ടുകാരനായ പ്രസാദ് ചേട്ടന് ആ നാട്ടിലുള്ള ബിസിനസ് പങ്കാളികൾ ആയ അവരോട് നമ്മൾ കാരണം ഒരു നീരസം ഉണ്ടാകണ്ടല്ലോ എന്ന തോന്നൽ അങ്ങനെ പറയുന്നതിൽ നിന്നും വിലക്കി.

അങ്ങനെ ആ ഗൈഡ് ചേട്ടനെയും കൊണ്ട് ഞങ്ങൾ അടുത്ത സ്ഥലമായ ആഗ്ര കോട്ടയിലേക്ക് യാത്രയായി. ഇന്ത്യ ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള ഒരു കോട്ടയാണ് ആഗ്രാ കോട്ട. ഒരു പക്ഷെ ഇന്ത്യയിൽ ഇന്ന് നിലവിലുള്ള മറ്റേതൊരു കോട്ടയെക്കാളും. പണ്ട് മുതലേ അവിടെ ഒരു കോട്ട നിലനിന്നിരുന്നതായി രേഖകളുണ്ട്. രജപുത്രർ കൈവശം വച്ചിരുന്ന ആ കോട്ട പിന്നീട് ലോധി ഭരണാധികാരികൾ കൈവശപ്പെടുത്തി. ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ഇബ്രാഹിം ലോദിയെ പരാജയപ്പെടുത്തി ബാബർ ഇന്ത്യയിൽ മുഗൾ ഭരണം തുടങ്ങിയത് ഈ കോട്ടയിൽ നിന്നാണ്. അവിടെ മുതൽ മുഗൾ ചക്രവർത്തിമാർ ആ കോട്ടയിലാണ് താമസിച്ച് ഭരണം നടത്തിയിരുന്നത്. അക്ബർ ചക്രവർത്തിയാണ് കോട്ടയെ ഇന്ന് കാണുന്ന രീതിയിലാക്കിയത്. ഷാജഹാൻ വന്നപ്പോളേക്കും അതിനെ കൂടുതൽ ഭംഗിയാക്കി മാറ്റി.

മുഗളന്മാരുടെ പ്രതാപകാലത്ത് പണികഴിപ്പിച്ച ചെങ്കോട്ടയിൽ നിന്നും വ്യത്യസ്തമാണ് ആഗ്ര കോട്ടയുടെ നിർമ്മിതി. നിരന്തരം ആക്രമണങ്ങൾ നേരിടേണ്ടി വന്നിരുന്ന കാലഘട്ടം ആയിരുന്നതിനാൽ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള കുറെ സംവിധാനങ്ങൾ അവിടെ കാണാം. കാഠിന്യമേറിയ രാജസ്ഥാൻ സാൻഡ് സ്റ്റോൺ കൊണ്ടാണ് കോട്ട നിർമ്മിച്ചിരിക്കുന്നത്. ചുറ്റും നല്ല അഗാധമായ കിടങ്ങുകൾ ഉണ്ട്. ഇത് രണ്ടും ചെങ്കോട്ടയ്ക്കും ഉള്ളത് തന്നെ. ഒരു ആക്രമണം ഉണ്ടായാൽ എളുപ്പത്തിൽ കിടങ്ങിന് കുറുകെയുള്ള പാലം ഉയർത്താനുള്ള സംവിധാനം ആണ് അകത്തേക്ക് കയറുമ്പോൾ ആദ്യം നമ്മുടെ ശ്രദ്ധയിൽ വരുന്നത്. അവിടെ നിന്നും കോട്ടയുടെ പ്രധാന ഭാഗത്തേക്ക് മുകളിലേക്ക് ചരിഞ്ഞ ഒരു കയറ്റമാണ്. ശത്രുക്കൾ ആ പാത വഴി മുകളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചാൽ കാവൽ ഗോപുരത്തിൽ നിന്നും അടയാളം കൊടുക്കുകയും വലിയ തീഗോളങ്ങൾ താഴേക്ക് ഉരുട്ടി വിട്ട് ശത്രുക്കളെ നശിപ്പിക്കാനും സാധിച്ചിരുന്നു.

കോട്ടയിലേക്ക് കയറുന്ന സ്ഥലത്തെ ചരിഞ്ഞ നടവഴി 
കോട്ടയിലെ എമർജൻസി ഡോർ ലോക്കിങ് സിസ്റ്റം 
കയറ്റം കയറി ചെല്ലുമ്പോൾ ആദ്യം കാണുന്നത് അക്ബർ തൻറെ പത്നി ജോധാഭായിക്ക് പണി കഴിപ്പിച്ച കൊട്ടാരമാണ്. അക്ബർ-ജോധാഭായിയുടെ പുത്രൻ ജഹാംഗീറിൻറെ പേരിൽ ആണ് ആ കൊട്ടാരം ഇന്ന് അറിയപ്പെടുന്നത്. മുഗൾ-രജപുത്ര ബന്ധത്തിൻറെ കഥ പറയുന്ന അക്ബർ-ജോധാഭായി പ്രണയകഥയുടെ ബാക്കിപത്രമായ ആ കൊട്ടാരത്തിൽ ജോധാഭായിക്കായി പണികഴിപ്പിച്ച ഒരു ഹൈന്ദവ ആരാധനാലയവും ഉണ്ട്. ഇപ്പോൾ അത് സാധാരണ രീതിയിൽ ഒഴിഞ്ഞ മുറി മാത്രമാണ്. കൊട്ടാരത്തിന് ഒരു നടുമുറ്റം ഉണ്ട്. വിശേഷ അവസരങ്ങളിൽ നൃത്തങ്ങൾ അവിടെ അരങ്ങേറിയിരുന്നു. സ്ത്രീകൾക്കായി ഉണ്ടാക്കിയ മട്ടുപ്പാവുകളും രാജ്ഞിയുടെ മുറിയും ഒക്കെയാണ് അവിടെ പ്രധാനമായും ഉള്ളത്. മണ്ഡപങ്ങൾ പുതുക്കാത്തതിനാൽ കാണാൻ നല്ല പഴമ അനുഭവപ്പെട്ടു. തടസങ്ങൾ ഒന്നും ആരും പറയുന്നില്ലെങ്കിലും അങ്ങോട്ട് ആരും കയറുന്നില്ല. ഞാൻ ഒന്ന് കയറാൻ നോക്കിയെങ്കിലും രൂക്ഷമായ നാറ്റം കാരണം ശ്വാസം പിടിച്ച് തിരിച്ച് പോരേണ്ടിവന്നു. ആൾത്തിരക്ക് ഒഴിഞ്ഞ ഇരുട്ടിൽ താമസമാക്കിയ വവ്വാലുകളും പക്ഷികളുമാണ് വില്ലന്മാർ. കൊട്ടാരത്തിലെ ശൂന്യമായ മുറികളിലൂടെ എല്ലാം നമുക്ക് കയറിയിറങ്ങാം. അങ്ങനെ നടക്കുമ്പോൾ ആ കാലഘട്ടത്തിൽ ആ മുറികളുടെ പ്രൗഢിയും അവിടെ ഉണ്ടായിരുന്ന ജീവിതങ്ങളും ഓർത്ത് നടന്നാൽ നല്ലൊരു 7 D സിനിമ കാണുന്നത് പോലെ തോന്നും. അവിടെയായി ഒരു മുറി കാണിച്ചിട്ട് അതായിരുന്നു മുഗളരുടെ ഗ്രന്ഥശാല എന്ന് കൂടെ അനുഗമിച്ചിരുന്ന ഗൈഡ് പറഞ്ഞു. നല്ല ഉയരത്തിൽ പുസ്തകങ്ങൾ അടുക്കി വെച്ചിരുന്ന ഗ്രന്ഥശാലയുടെ മുകളിൽ കോണി കയറി ചെന്ന് പുസ്തകങ്ങൾ എടുക്കുമ്പോൾ കാൽ വഴുതി വീണാണ് ഹുമയൂൺ ചക്രവർത്തി മരിച്ചത് എന്ന് കേട്ടിട്ടുണ്ട്. അതും ഓർത്തുകൊണ്ട് ആ മുറിയിൽ നിൽക്കുമ്പോൾ മുഗൾ സാമ്രാജ്യത്തിലെ രണ്ടാമത്തെ ചക്രവർത്തിയുടെ മരണം നമുക്ക് മനസ്സിൽ കാണാൻ സാധിക്കും.

അക്ബർ ജോധാഭായിക്ക് നിർമ്മിച്ച് നൽകിയ കൊട്ടാരം. 

ജഹാംഗീറിൻറെ ബാത്ത് ടബ് 

ജോധാഭായിക്ക് പ്രാർത്ഥിക്കാൻ കൊട്ടാരത്തിൽ ഉണ്ടായിരുന്ന ഹൈന്ദവ ആരാധന സ്ഥലം.

കൊട്ടാരത്തിൻറെ നടുമുറ്റത്ത് നിന്നുള്ള കാഴ്ച. ഈ മട്ടുപ്പാവിൽ നിന്നും താഴെ നടക്കുന്ന നൃത്തം ആസ്വദിച്ചിരുന്നു.

മട്ടുപ്പാവിന് താഴെയുള്ള മണ്ഡപങ്ങൾ. വവ്വാലുകൾ താവളം ആക്കിയ ആ സ്ഥലം ക്യാമറ ഫ്ലാഷ് ലൈറ്റിൽ കണ്ടത് 

രാജ്ഞി വിശ്രമിച്ചിരുന്ന മട്ടുപ്പാവ് 

അവിടെ നിന്നും പുറകുവശത്തേക്ക് ഇറങ്ങുമ്പോൾ കാണുന്നത് കോട്ടയുടെ പിൻഭാഗമാണ്. അതി മനോഹരമാണ് അവിടെ നിന്നുള്ള കാഴ്ചകൾ. ദൂരെയായി ഒഴുകുന്ന യമുനാ നദി. അതിൻറെ കരയിൽ വെണ്ണക്കല്ലിൽ തീർത്ത താജ്മഹൽ. ആ മനോഹരമായ കാഴ്ചകൾക്ക് ശേഷം സമീപത്തായി നിൽക്കുന്ന ഒരു മാർബിൾ കൊട്ടാരത്തിലേക്ക് പ്രവേശിക്കാം. ചെങ്കല്ലിൽ തീർത്ത മറ്റ് ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായ ആ വെള്ള കൊട്ടാരം പ്രതീക്ഷിച്ചത് പോലെ ഷാജഹാൻ പണികഴിപ്പിച്ചത് തന്നെ ആയിരുന്നു. മൗസമ്മാൻ ബുർജ് എന്ന ആ കൊട്ടാരത്തിലാണ് ഷാജഹാനെ പിന്നീട് അദ്ദേഹത്തിൻറെ മകൻ ഔറംഗസേബ് വീട്ട് തടവിൽ പാർപ്പിച്ചിരുന്നത്. ആ മുറിയിൽ നിന്ന് നോക്കുമ്പോൾ കാണുന്ന താജ്മഹലിൻറെ സൗന്ദര്യം ഒരു പക്ഷെ അതിൻറെ അടുത്ത് പോയി കണ്ടാലും കിട്ടില്ല എന്ന് പറയാം. അങ്ങനെ തൻറെ പ്രിയതമയുടെ ഓർമ്മയ്ക്കായി പണികഴിപ്പിച്ച താജ്മഹൽ കണ്ടുകൊണ്ട് ആ കൊട്ടാരത്തിൽ വച്ചാണ് മുഗൾ ശില്പകലയുടെ രാജകുമാരൻ അന്തരിച്ചത്.


ആഗ്രാകോട്ടയുടെ പിൻഭാഗത്ത് നിന്നുള്ള കാഴ്ച. ദൂരെ താജ്മഹൽ 

ഷാജഹാനെ ഔറംഗസേബ് തടവിൽ പാർപ്പിച്ചിരുന്ന മുറി.
ഷാജഹാൻറെ തടവറയിൽ നിന്നുള്ള താജ്മഹലിൻറെ ദൃശ്യം.

ആ കൊട്ടാരവുമായി ബന്ധപ്പെട്ട് തന്നെ അടുത്തായി ഒരു ഓപ്പൺ ടെറസ് ദർബാർ കാണാം. ആഗ്ര കോട്ടയിലെ ദിവാൻ ഇ ഖാസ് ആണ് അത്. പ്രൗഢമായ ഒരു സദസ് ആയിരുന്നു അത്. യമുനയിൽ നിന്നുള്ള കാറ്റേറ്റ് തുറസായ ഒരു ദർബാർ. അവിടെ നിന്നും നോക്കിയാൽ കാണുന്ന താജ്മഹൽ. അടുത്തായി രാജ കുടുംബങ്ങൾ പ്രത്യേകിച്ചും സ്ത്രീകൾ താമസിക്കുന്ന മുറികളും അവരുടെ ഒരുക്കങ്ങൾക്കായി നിർമ്മിച്ച ശിഷ് മഹൽ എന്നൊരു കൊട്ടാരവും ഉണ്ട്. അതിലേക്കുള്ള പ്രവേശനം ഇപ്പോൾ നിഷേധിച്ചിരിക്കുകയാണ്. സിറിയയിൽ നിന്നും വരുത്തിയ കണ്ണാടികൾ കൊണ്ട് സമ്പന്നമാണ് അതിൻറെ ഉൾഭാഗം എന്ന് അറിയാൻ കഴിഞ്ഞു. അവിടെ നിന്നും താഴേക്ക് ഇറങ്ങുമ്പോൾ ആഗ്രയിലെ പൊതു ദർബാർ ആയിരുന്ന ദിവാൻ ഇ ആം കാണാം. അവസാന ഭാഗങ്ങൾ എത്തിയപ്പോളേക്കും സമയം അവസാനിച്ചു കഴിഞ്ഞിരുന്നു. ശരിക്കും അര ദിവസം എങ്കിലും പൂർണ്ണമായി നടന്ന് കാണാൻ ഉള്ളതൊക്കെ ആഗ്ര കോട്ടയിൽ ഉണ്ടെന്നു പറയാം. പക്ഷെ അതിൻറെ ഒട്ടേറെ ഭാഗങ്ങൾ മനുഷ്യർ കടക്കാത്തതിനാൽ വവ്വാലുകളും പക്ഷികളും കയ്യടക്കി അവയുടെ വിസർജ്ജ്യത്തിൻറെ നാറ്റം മൂലം അടുക്കാൻ പറ്റാത്ത അവസ്ഥയിലാണ്.

ദിവാൻ ഇ ഖാസിൽ നിന്നുള്ള നടുമുറ്റത്തിന്റെ ദൃശ്യം 
 
ആളുകൾ കൂടി നിൽക്കുന്ന സ്ഥലത്താണ് ദിവാൻ ഇ ഖാസ് എന്ന ദർബാർ നടന്നിരുന്നത് 

ദിവാൻ-ഇ-ആമിൽ സുൽത്താൻ ഇരുന്നിരുന്ന സ്ഥലം.

ദിവാൻ-ഇ-ആമിൻറെ പുറത്ത് നിന്നുള്ള കാഴ്ച്ച 

അങ്ങനെ ആഗ്രയിലെ പ്രധാന രണ്ട് ചരിത്ര സ്മാരകങ്ങൾ കണ്ടതിന്റെ സന്തോഷത്തിൽ ഞങ്ങൾ തിരികെ ദില്ലിയിലേക്ക് യാത്രയ്ക്കായി വണ്ടിയിൽ കയറി. തിരികെ പോകുമ്പോൾ കയറിയ സ്ഥലത്ത് തന്നെ ഗൈഡ് ചേട്ടൻ ഇറങ്ങി. ഒരു സ്മാരകത്തിന് 500 രൂപ വച്ച് ആയിരം രൂപ ആയിരുന്നു അദ്ദേഹത്തിൻറെ ചാർജ്ജ്.

നടന്ന് ഈ സ്ഥലങ്ങൾ കണ്ടുകഴിഞ്ഞപ്പോൾ എല്ലാവരും ആകെ ക്ഷീണിച്ചു കഴിഞ്ഞിരുന്നു. ഇനി മൂന്ന് മൂന്നര മണിക്കൂർ എടുക്കും താമസസ്ഥലത്ത് എത്താൻ. ഇപ്പോൾ സമയം ആറര ആയിരിക്കുന്നു. എന്തായാലും പത്ത് മണി കഴിയും അവിടെ എത്തുമ്പോൾ. എത്ര താമസിച്ചാലും അവിടെ എത്തുമ്പോൾ ഞങ്ങളെ കാത്ത് ഡിന്നർ ഒരുക്കി ഒരാൾ ഇന്ന് കാത്തിരിപ്പുണ്ട് എന്ന് ആന്റി വിളിച്ച് പറഞ്ഞതിനാൽ പുറത്ത് നിന്നും ഒന്നും കഴിക്കണ്ട എന്ന് തീരുമാനിച്ചു. ഷാനി ആന്റിയുടെ അടുത്ത സുഹൃത്തും അടുത്ത കോംപ്ലക്സിൽ താമസിക്കുന്ന ആളുമായ സിൽവ ചേച്ചിയാണ് കക്ഷി. ആലപ്പുഴ കൈനകരി സ്വദേശിനിയായ സിൽവ ചേച്ചി ഡൽഹിയിൽ സ്കൂൾ ഹെൽത്ത് നേഴ്സ് ആയി ജോലി നോക്കുന്നു. ഞങ്ങൾ ചെല്ലും എന്ന് പറഞ്ഞപ്പോൾ മുതൽ ആലപ്പുഴക്കാരായ നാട്ടുകാരെ ഒന്ന് കാണണം എന്ന് പറഞ്ഞ് എപ്പോളും ആന്റിയുടെ വീട്ടിൽ വരാറുണ്ടായിരുന്നു ചേച്ചി. പക്ഷെ ഞങ്ങൾ ഡൽഹിയിൽ കാലുകുത്തിയ നിമിഷം മുതൽ കറക്കം ആയതിനാൽ ഇതുവരെ നേരിൽ കാണാൻ സാധിച്ചില്ല. അതിനിടയ്ക്ക് സംസാരത്തിൽ ചേച്ചിക്ക് എൻറെ നാടായ പൊള്ളേത്തൈയിൽ ബന്ധുക്കൾ ഉണ്ടെന്ന് പറഞ്ഞതായി അറിഞ്ഞു. അതാരപ്പാ എന്ന് അന്വേഷിച്ച് ഫേസ്ബുക് മുഖേന ഒന്ന് പരതിയപ്പോളാണ് ഞങ്ങളുടെ കുടുംബ സുഹൃത്തായ പാലക്കാട്ടിൽ രാജൻ ചേട്ടൻറെ അനന്തിരക്കാരി ആണ് സിൽവ ചേച്ചി എന്ന് അറിഞ്ഞത്. നാട്ടിലെ പ്രിയപ്പെട്ട അനുക്കുട്ടൻ ചേട്ടന്റെയും ബോസ് ചേട്ടന്റെയും ഒക്കെ കസിൻ. അങ്ങനെ നിമിഷങ്ങൾ കൊണ്ട് ഫേസ്ബുക് വഴി ഞങ്ങൾ പരിചയക്കാരും ആയി കഴിഞ്ഞിരുന്നു. എന്നാലും ഇന്ന് സിൽവ ചേച്ചി ഡിന്നർ തരാമെന്ന് പറഞ്ഞപ്പോൾ ഒരു വൈക്ലബ്യം തോന്നി. എന്തായാലും പത്ത് മണി കഴിയും അവിടെ എത്തുമ്പോൾ. അതിന് ശേഷം ഒക്കെ ഒരു വീട്ടിൽ വിരുന്ന് ചെല്ലുക എന്നൊക്കെ പറഞ്ഞാൽ എങ്ങനാ എന്ന് ഓർത്തിട്ടായിരുന്നു അത്. അതൊന്നും സാരമില്ല എത്ര രാത്രി ആയാലും വന്നേ തീരൂ. ഇല്ലെങ്കിൽ ഉണ്ടാക്കിയ സാധനങ്ങൾ ഒക്കെ രാവിലെ നിങ്ങളെക്കൊണ്ട് തീറ്റിക്കും എന്ന ഭീഷണി കേട്ടപ്പോൾ വൈക്ലബ്യം ഒക്കെ അങ്ങ് മാറി. പത്തര ആയി ഞങ്ങൾ താമസസ്ഥലത്ത് എത്തിയപ്പോൾ. പ്രസാദ് ചേട്ടന് നന്ദി പറഞ്ഞ് യാത്രയാക്കിയ ശേഷം ഞങ്ങൾ ഷാനി ആന്റിയുടെ വീട്ടിൽ എത്തി. മോൾ ഉറങ്ങിയിരുന്നു. അവിടെ ചെന്ന് ആന്റിയെയും അങ്കിളിനെയും കൂട്ടി ഞങ്ങൾ സിൽവ ചേച്ചിയുടെ അപ്പാർട്ട്മെന്റിലേക്ക് നടന്നു. അടുത്ത് തന്നെയാണ് അവരുടെ കോംപ്ലക്സ്. മൂന്നാമത്തെ നിലയിൽ ഏറെക്കുറെ ഷാനി ആന്റിയുടെ പോലത്തെ ഒരു അപ്പാർട്ട്മെൻറ്. സിൽവ ചേച്ചിയും ഭർത്താവ് ദേവദാസ് ചേട്ടനും ഞങ്ങളെ കാത്ത് ഭക്ഷണം ഒരുക്കി ഇരിപ്പുണ്ടായിരുന്നു. അത്ഭുതം തോന്നി, ആദ്യമായി കാണുന്ന ഞങ്ങൾക്കായി അവർ ഒരുക്കിവെച്ച സ്നേഹവും വിരുന്നും കണ്ടപ്പോൾ. തൂവെള്ള ചോറും, ചിക്കൻ കറിയും ദാൽ കറിയും മീൻ വറുത്തതും അച്ചാറുകളും ഒക്കെയായി ആകെ തിന്ന് പടമായി . മേമ്പൊടിയായി പായസവും കൂടെ ആയതോടെ കുശാൽ ആയി. കുറെ നേരം സംസാരിച്ച് ഇരുന്നതിന് ശേഷമാണ് ഞങ്ങൾ അവിടെ നിന്നും പടിയിറങ്ങിയത്. ആദ്യമായി ആണ് അവരെ കാണുന്നത് എന്ന കാര്യം പോലും അവിടെ ചെന്ന് നിമിഷങ്ങൾക്കുള്ളിൽ മനസ്സിൽ നിന്നും മാഞ്ഞു പോയി എന്നതാണ് വാസ്തവം. മറക്കാനാവാത്ത ഒരു അനുഭവം ആയിരുന്നു രാത്രി പതിനൊന്നിന് ശേഷം ഉള്ള ആ പരിചയപ്പെടലും സ്‌നേഹവിരുന്നും.

സിൽവ ചേച്ചിയുടെ വീട്ടിൽ വച്ച് ഒരു സെൽഫി. പുറകിൽ സിൽവ ചേച്ചി, നിയ, നിമ്മി, ഷാനി ആന്റി, വിജയൻ അങ്കിൾ, ചിത്ര, കണ്ണൻ, ദേവദാസ് ചേട്ടൻ 
തിരികെ ഞങ്ങൾ റൂം എത്തിയപ്പോൾ സമയം പന്ത്രണ്ട് കഴിഞ്ഞിരുന്നു. ഇനി ഒരു പകൽ കൂടി മാത്രമേ ഡൽഹിയിൽ അവശേഷിക്കുന്നുള്ളൂ. നാളെ ചെറിയ ഷോപ്പിംഗ് നടത്തണം. ഇനിയും കാണാൻ ഉള്ള സ്ഥലങ്ങൾ പറ്റിയാൽ കാണണം. എന്തായാലും നാളെ കാഴ്ച കാണാൻ ഇല്ലെന്ന് കണ്ണൻ പറഞ്ഞതിനാൽ തനിയെ ഒന്ന് കറങ്ങാൻ ഞങ്ങൾ തീരുമാനിച്ചു. ആ വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ.

                                                                                                      (തുടരും)

No comments:

Post a Comment