Wednesday, October 6, 2010

ഒരുമ ഉണ്ടെങ്കില്‍.........

ഒരുമ ഉണ്ടെങ്കില്‍ എന്താ ആകാന്‍ പാടില്ലാത്തത്,

ഒരു പൂങ്കുല തന്നെ തേന്‍ ഉണ്ണാന്‍ ധാരാളം......ഒരു കമ്പ് തന്നെ ഈ മുളകുകള്‍ക്ക് ധാരാളം........


ഈ ചെറിയ സ്ഥലം തന്നെ ഈ പൂവുകള്‍ക്ക് ധാരാളം..........


Tuesday, September 21, 2010

ജപ്പാന്‍ വിശേഷങ്ങള്‍ 1: വാ കസ്തെ !!!

ഏഷ്യാനെറ്റിലെ സഞ്ചാരം പ്രോഗ്രാമില്‍ ജപ്പാന്‍ വിശേഷങ്ങള്‍ സന്തോഷ്‌ ജോര്‍ജ് കുളങ്ങര വിവരിക്കുന്ന കണ്ടപ്പോള്‍ എപ്പോളെങ്കിലും ആ സ്ഥലങ്ങള്‍ ഒന്ന് നേരില്‍ കാണാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് മനസ്സില്‍ ആഗ്രഹിച്ചു പോയിരുന്നു. ജോലിയുടെ ഭാഗം ആയി ജപ്പാനിലേക്ക് സിങ്കപ്പൂര്‍ എയര്‍ ലൈന്‍സിന്റെ സില്‍ക്ക് എയറില്‍ പറക്കുമ്പോള്‍ അത് ഇത്ര ഉടന്‍ സാധിക്കും എന്ന് കരുതിയില്ല. ഒരു മാസം ആണ് എനിക്ക് ജപ്പാനില്‍ ജോലി ചെയ്യേണ്ടത്. ഈ ചെറിയ സമയത്തിനിടക്കു പറ്റുന്ന പോലെ ജപ്പാന്‍ ഒന്ന് അറിയാന്‍ ശ്രമിക്കണം എന്ന് കേറുമ്പോള്‍ തന്നെ മനസ്സില്‍ കരുതിയിരുന്നു.


ഉദയ സൂര്യന്റെ നാട്ടില്‍ ഞാന്‍ കാല്‍ കുത്തുമ്പോള്‍ സമയം വൈകിട്ട് അഞ്ചു മണി കഴിഞ്ഞിരുന്നു. നരിത്ത എയര്‍ പോര്‍ട്ടിനു മുകളില്‍ അസ്തമന സൂര്യന്റെ പ്രകാശം ആയിരുന്നു. ഇന്ത്യന്‍ സമയത്തെക്കാള്‍ മൂന്നര മണിക്കൂര്‍ മുന്‍പില്‍ ആണ് ജപ്പാന്‍. നാട്ടില്‍ സമയം ഉച്ച രണ്ടു മണി ആയിക്കാണും. നരിത്തയില്‍ നിന്നും രണ്ടര മണിക്കൂര്‍ യാത്ര ഉണ്ട് എനിക്ക് എത്തേണ്ട കസ്തയിലെക്ക് . katsuta എന്നാണ് സ്ഥലത്തിന്റെ പേര് "കസ്ത" എന്ന് വായിക്കും. അങ്ങോട്ടുള്ള ബസിന്റെ സമയം എല്ലാം നേരത്തെ തന്നെ നോക്കി വെച്ചിരുന്നു. അര മണിക്കൂര്‍ ഇടവിട്ട്‌ ബസ്‌ ഉണ്ട്. സമയം എല്ലാം അവരുടെ കൃത്യ നിഷ്ടയെ സൂചിപ്പിക്കുന്ന തരത്തില്‍ ആയിരുന്നു. 6.32, 7.12 എന്നിങ്ങനെ. സമയം പറഞ്ഞാല്‍ പറഞ്ഞതാണെന്ന് നേരത്തെ തന്നെ കേട്ടിരുന്നു. അത് പോലെ തന്നെ ബസ്‌ കൃത്യം 7.10 നു എത്തി. സാധനങ്ങളും ആള്‍ക്കാരെയും കയറ്റി 7.12 നു തന്നെ യാത്ര തുടങ്ങി. ജപ്പാനിലെ ചിലവിനെ കുറിച്ച് ഒരു ഏകദേശ രൂപം ബസ്‌ ടിക്കറ്റ്‌ എടുതപ്പോലെ കിട്ടി. നൂറു കിലോമീറ്റര്‍ അപ്പുറത്തേക്ക് പോകാന്‍ മൂവായിരത്തി ഇരുന്നൂറു യെന്‍ ആണ്. ബസ്‌ എടുത്തു രണ്ടു സ്റ്റോപ്പ്‌ കഴിഞ്ഞപ്പോള്‍ തന്നെ ബസ്‌ കാലിയായി. ഞാനും ഡ്രൈവറും മാത്രം. ഞാന്‍ പുള്ളിയുടെ പുറകിലെ സീറ്റില്‍ പോയി ഇരുന്നു വിശാലമായി കാഴ്ച കാണാന്‍ തുടങ്ങി. പേര് അറിയാത്ത നഗരങ്ങളില്‍ കൂടെ ബസ്‌ ഒഴുകുകയാണ്. റോഡില്‍ തിരക്ക് കുറവാണ്. എന്നാലും കാര്യവും കാരണവും കൂടാതെ ഇടയ്ക്കു ഇടയ്ക്കു ബസ്‌ ട്രാഫിക്‌ സിഗ്നല്‍ അനുസരിച്ച് നിര്‍ത്തുന്നുണ്ട്. ചില സിഗ്നലില്‍ കിടക്കാന്‍ ചിലപ്പോള്‍ എല്ലാ റോഡിലും കൂടെ ഞാന്‍ കയറിയ ബസ്‌ മാത്രമേ കാണുകയുള്ളൂ.എന്നാലും 2 മിനിറ്റ് സിഗ്നല്‍ വീഴാന്‍ കത്ത് കിടന്നിട്ടു ബസ്‌ യാത്ര തുടരും. പറഞ്ഞ അതെ സമയത്ത് ബസ്‌ എന്നെ കസ്തയില്‍ എത്തിച്ചു. എന്നെ കാത്തു കമ്പനിയിലെ കൂട്ടുകാരന്‍ നില്‍പ്പുണ്ടായിരുന്നു. സമയം അപ്പോള്‍ പത്തു കഴിഞ്ഞു. റോഡുകള്‍ വിജനം ആണ്. താമസിക്കേണ്ട അപര്‍ത്മെന്റിലെക്ക് കുറച്ചു കൂടെ പോണം. ലഗ്ഗെജു ഉള്ള കൊണ്ട് പോകാന്‍ ടാക്സി വിളിച്ചു. ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള താമസ സ്ഥലത്ത് വണ്ടി ഇറങ്ങിയിട്ട് 950 യെന്‍ എണ്ണി കൊടുക്കുമ്പോള്‍ മനസ്സില്‍ ആദ്യമായി കേരളത്തിലെ ഓട്ടോ ചേട്ടന്മാരെ മിസ്സ്‌ ചെയ്തു. റൂമില്‍ നേരത്തെ തന്നെ ഉള്ള കൂട്ടുകാര്‍ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. ചോറും മീന്‍ കറിയും കൂട്ടി ഭേഷായി തട്ടി. ചോറ് ഒരുമാതിരി അമ്പലത്തിലെ നിവേദ്യ ചോര്‍ പോലെ തോന്നി. നല്ല പശപ്പു ഉള്ള അരി ആണ് ജപ്പാനില്‍. എല്ലാ വിധ സൌകര്യങ്ങളും ഉള്ള റൂം തന്നെ ആണ് കിട്ടിയത്. ഓടി വന്നു നെറ്റ് കണക്ട് ചെയ്യാന്‍ നോക്കിയപ്പോള്‍ ലാപ്ടോപ്പിന്റെ പ്ലുഗ് കുത്താന്‍ പറ്റില്ല. ചതുരത്തിലുള്ള പ്ലുഗ് പോയിന്റ്‌ ആണ് ഇവിടെ മുഴുവന്‍ ഉള്ളത്. റൂമില്‍ അത്യാവശ്യം ചൂട് ഉണ്ടായിരുന്നു.എസി പഴയ കാലതുള്ളത് ആണെന്ന് അതിന്റെ കളര്‍ സൂചിപ്പിച്ചു. അതിന്റെ റിമോട്ടില്‍ ആണേല്‍ ഒരു ഇംഗ്ലീഷ് അക്ഷരം പോലും ഇല്ല. എനിക്കാണേല്‍ ജാപ്പനീസ്‌ ABCD പോലും അറിയില്ല. പോരുമ്പോള്‍ അത്യാവശ്യം കുറച്ചു ജാപ്പനീസ്‌ വാക്കുകള്‍ എഴുതിക്കൊണ്ട് പോന്നിട്ടുണ്ട്. ഗുഡ് മോര്‍ണിംഗ്, Thank you, എനിക്ക് ജാപ്പനീസ്‌ അറിയില്ല എന്നിങ്ങനെ കുറച്ചു അത്യാവശ്യം വാക്കുകള്‍. രാത്രി ചൂട് കാരണം എനിക്ക് എഴുന്നേല്‍ക്കേണ്ടി വന്നു. എസി ഞാന്‍ കരുതിയ പോലെ ജപ്പന്കാരെ പറയിപ്പിക്കാന്‍ ഉള്ളത് ആണെന്ന് തോന്നുന്നു. സാധനം ഇടയ്ക്കു ഓഫ്‌ ആയി പോയി. പിന്നെയും ഓണ്‍ ചെയ്തിട്ടു കിടന്നുറങ്ങി. പണ്ട് ജപ്പാനില്‍ എ സി മൂന്നു മണിക്കൂര്‍ കഴിഞ്ഞാല്‍ ഓഫ്‌ ചെയ്യണം എന്നൊരു നിയമം ഉണ്ടായിരുന്നത്രേ. ഇവന്‍ ആ കാലത്ത് ഉണ്ടായവന്‍ ആണെന്ന് തോന്നുന്നു.


ഓഫീസിലേക്ക് റൂമില്‍ നിന്നും പത്തു മിനുട്ട് നടപ്പുണ്ട്. രാവിലെ എട്ടു മണി ആണെങ്കിലും നാട്ടില്‍ ഉച്ചക്ക് പന്ത്രണ്ടു മണിക്കുള്ള ചൂട് ഉണ്ട്. സൂര്യന്‍ നാല് മണിക്ക് ഉദിക്കുന്ന കൊണ്ടുള്ള ഗുണം. ഓഫീസിലേക്കുള്ള നടപ്പ് നല്ല രസകരം ആയി തോന്നി. ഞങ്ങള്‍ ആലപ്പുഴക്കാരും ജപ്പാന്‍കാരും ബുദ്ധിയുടെ കാര്യത്തില്‍ മാത്രം അല്ല, വേറെയും രണ്ടു സമാനതകള്‍ ഉണ്ട്. ഒന്ന് കടലിന്റെ സാമീപ്യം. പിന്നെ സൈക്കിള്‍ ന്റെ ഉപയോഗം. ജപ്പാനിലെ സാധാരണക്കാരന്‍ മാത്രമല്ല ഒരു മാതിരിപ്പെട്ട എല്ലാവരും സൈക്കിള്‍ ആണ് യാത്രകള്‍ക്ക് ഉപയോഗിക്കുന്നത്. കേരളത്തില്‍ ഇപ്പോളും സൈക്കിള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് ആലപ്പുഴക്കാര്‍ തന്നെ ആണ്. അവിടെ ഒരു സിനിമ ഹിറ്റ്‌ ആണോ എന്ന് അറിയാന്‍ തിയേറ്ററിന്റെ വാതുക്കല്‍ ഉള്ള സൈക്കിള്‍ എണ്ണം എടുത്താല്‍ മതിയെന്ന് ഞങ്ങള്‍ തമാശക്ക് പറയാറുണ്ട്. ജപ്പാന്‍ ജനതയുടെ ജീവിതത്തിന്റെ ഭാഗം ആണ് അവരുടെ വിനയം. വഴിയില്‍ കാണുന്ന ഓരോ ആളും തല കുനിച്ചു വിഷ് ചെയ്താണ് പോകുന്നത്. ജാപ്പനീസ്‌ ഉപചാര വാക്കുകളും പറയും. ഞാനും പഠിച്ച പോലെ "ഒഹായോ ഗോസായിമാസു" "കൊന്നിചിവാ" എന്നൊക്കെ സമയം പോലെ പറഞ്ഞു കുമ്പിടും. വീട്ടില്‍ നിന്നും ഓഫീസിലേക്ക് എത്തുന്നതിനു ഇടയില്‍ മൂന്നോ നാലോ ട്രാഫിക്‌ സിഗ്നല്സ് ഉണ്ട്. സിഗ്നലില്‍ കിടക്കുന്ന വണ്ടിയിലെ ഡ്രൈവ് ചെയ്യുന്നവരും നമ്മളെ വിഷ് ചെയ്യുന്നുട്. റോഡുകള്‍ ഒക്കെ നല്ല വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. ആകെ ഉള്ള കുഴപ്പം എന്ന് വെച്ചാല്‍ ആര്‍ക്കും ഇംഗ്ലീഷ് ഒരു അക്ഷരം പോലും അറിയില്ലാ. നാട്ടിലെ ചെത്തല പട്ടികള്‍ ഏറി കിട്ടുമ്പോള്‍ കരയുന്ന പോലെ "ഹൈ " എന്ന് എപ്പോളും പറയുന്ന കേള്‍ക്കാം. യെസ് എന്നാണ് അതിന്റെ അര്‍ഥം.
ഓഫീസിലേക്ക് ഉള്ള ആ നടപ്പിനിടയില്‍ ഒരു കാര്യം മനസിലായി. ജപ്പാനിലേക്ക് പോകുമ്പോള്‍ അത് ഒരു ഇലക്ട്രോണിക് കണ്‍ട്രി, ടെക്നോളജി അതിന്റെ മാക്സിമം ഉപയോഗിക്കുന്ന രാജ്യം എന്നൊക്കെ ആയിരുന്നു മനസ്സില്‍. പക്ഷെ ജപ്പാന്‍കാര്‍ ടെക്നോളജിയെക്കാള്‍ കൃഷിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നവര്‍ ആണെന്ന് ചെന്ന ഉടനെ മനസിലായി. വീടുകള്‍ക്ക് ഇടയില്‍ ഉള്ള ചെറിയ സ്ഥലങ്ങളില്‍ വരെ അവര്‍ മനോഹരം ആയി കൃഷി ഇറക്കിയിരിക്കുന്നു. പയര് വര്‍ഗങ്ങളും, പച്ചക്കറികളും ഒക്കെ ധാരാളം. അത് പോലെ തന്നെ മാലിന്യ സംസ്കരണവും മാതൃക ആക്കാവുന്ന രീതിയില്‍ തന്നെ. ആഴ്ചയില്‍ രണ്ടു ദിവസം, ചൊവ്വയും വെള്ളിയും മാത്രമേ മാലിന്യങ്ങള്‍ നിര്‍ധിഷ്ട്ട സ്ഥലങ്ങളില്‍ നിക്ഷേപിക്കാവൂ. കത്തിക്കാവുന്ന മാലിന്യങ്ങളും പ്ലാസ്റ്റിക്‌ പോലെ ഉള്ള മാലിന്യങ്ങളും വേറെ വേറെ കവറുകളില്‍ വേണം വീടുകളില്‍ നിന്നും നിക്ഷേപിക്കാന്‍. ആ കവരുകള്‍ക്ക്‌ പോലും ഓരോ കളര്‍ ഉണ്ടാകും. അത് ഓരോ കോര്‍പ്പരേഷന്‍ അനുസരിച്ച് മാറി കൊണ്ടിരിക്കും. വെള്ളിയാഴ്ചകളില്‍ ഓഫീസിലേക്ക് പോകുമ്പോള്‍ മനസിനെ ആകര്‍ഷിക്കുന്ന ഒരു കാഴ്ച കാണാം. എഴുപതു വയസിനു മുകളില്‍ ഉള്ള ഒരു പറ്റം വൃദ്ധര്‍, മിക്കതും നല്ല പ്രായം ഉള്ളവര്‍ തന്നെ. കയ്യില്‍ ഒരു പച്ച കവറും പിടിച്ചു നിരത്തുകളില്‍ നിന്നും മാലിന്യങ്ങള്‍ വാരി മാറ്റുന്നു. ബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ജപ്പാന്‍കാര്‍ മിക്കവാറും ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഒരുമിച്ചാണ് നിരത്തില്‍ ഇറങ്ങുന്നത്. മറ്റുള്ളവര്‍ക്ക് മാതൃക ആയി ഈ പ്രായമായ വൃദ്ധര്‍ നടത്തുന്ന വൃത്തിയാക്കല്‍ ശരിക്കും എന്റെ മനസിനെ ആകര്‍ഷിച്ചു. രണ്ടാം ലോകമഹായുദ്ധ സമയത്ത് അവരുടെ രാജ്യം നേരിട്ട ദുരിതം ആ മനസുകളില്‍ ഇപ്പോളും മാറാതെ കിടപ്പുണ്ടാകും അതാകും അവരെ ഈ പുണ്യ പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത്. പക്ഷെ ദുഖ കരമായ ഒരു കാര്യം കൂട്ടുകാരില്‍ നിന്നും മനസിലായത് ജപ്പാനിലെ പുതു തലമുറ ഈ മാതൃകകള്‍ ഒന്നും കാണുന്നില്ല എന്നുള്ളതാണ്. അവര്‍ പൊതുവേ കിട്ടിയ സൌകര്യങ്ങള്‍ വിനിയോഗിക്കുന്നതിലും, McDonald, KFC കഫെ കളില്‍ സമയം കൊല്ലുനതിലും ആണത്രേ താല്‍പ്പര്യം. പിന്നെ കമ്പ്യൂട്ടര്‍ ഗെയിംകളിക്കുന്നതിലും.


ഒരു മാസം ജപ്പാനില്‍ ജോലി ചെയ്യാന്‍ സാധിച്ചപ്പോള്‍ അവരുടെ ജോലിയോടുള്ള സമീപനം ഏറെക്കുറെ മനസിലാക്കാന്‍ പറ്റി എന്നാണ് എന്റെ വിശ്വാസം. ഓഫീസുകളില്‍ ആത്മാര്‍ത്ഥതയുടെ മൂര്‍ത്തീ ഭാവം ആണ് ജപ്പാന്‍കാര്‍. ഒരു സമയം പോലും വെറുതെ കളയാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലാ. അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം ഇവര്‍ എ സി യുടെ തണുപ്പില്‍ ഇരിക്കുംബോളും വെള്ളം കുടിക്കാന്‍ മിനക്കെടാറില്ല. നാട്ടില്‍ ഓരോ മണിക്കൂര്‍ ഇടവിട്ട്‌ ടോയ് ലെട്ടിലേക്ക് ഹെല്‍ത്ത്‌ വാക്ക് ശീലിച്ച എനിക്ക് ആദ്യം ഇവന്മാരുടെ ഈ തപസു കണ്ടു അത്ഭുതം ആയിരുന്നു. പിന്നെ ഇവര്‍ ഇങ്ങനെ ഇരിക്കുമ്പോള്‍ ഞാന്‍ മാത്രം ഇടയ്ക്കു ഇടയ്ക്കു എങ്ങനെ എഴുന്നേറ്റു പോകുന്നതെങ്ങനാ എന്നതായി ചിന്ത. അവസാനം ആയപ്പോള്‍ എനിക്കും വെള്ളം കുടീം ഒന്നിന് പോക്കും ഇല്ലാതായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. നാട്ടിലെ കമ്പ്യൂട്ടെരില്‍ ഒരു മണിക്കൂര്‍ ഇടവിട്ട്‌ സെറ്റ് ചെയ്തിട്ടുള്ള ടൈമര്‍ ഇനി വേസ്റ്റ് ആകുമോ എന്തോ?


ഉച്ചക്ക് കഴിക്കാന്‍ പോയപ്പോള്‍ ആയിരുന്നു അതിലും രസം. കാന്റീനില്‍ കുറെ അമ്മൂമ്മമാര്‍ മാത്രമേ കഴിക്കാന്‍ ഉണ്ടായിരുന്നുള്ളൂ. എല്ലാം 70 കഴിഞ്ഞ ആള്‍ക്കാര്‍. അവിടുത്തെ ക്ലീനിംഗ് ജോലികള്‍ അവര്‍ ആണ് നോക്കുന്നത്. ഒരുമിച്ചിരുന്നു തമാശകള്‍ ഒക്കെ പറഞ്ഞു പൊട്ടിച്ചിരിച്ചു ആസ്വദിച്ചാണ് ഭക്ഷണം കഴിക്കുന്നത്‌. ഞങ്ങള്‍ കഴിക്കാന്‍ ചെന്ന് ചോറ്റു പത്രം തുറന്നതും എല്ലാരുടെയും ശ്രദ്ധ ഞങ്ങളുടെ നേര്‍ക്കായി. എരിവും മസാലകളും ഉപയോഗിക്കാത്ത അവര്‍ക്ക് ഞങ്ങളുടെ പാത്രത്തില്‍ നിന്നും വരുന്ന അച്ചാറിന്റെയും മസാലയുടെയും മണം അടിച്ചതും എല്ലാം കൂടെ ഞങ്ങളുടെ ചുറ്റിനും കൂടി. തമ്മില്‍ എന്തൊക്കെയോ പറഞ്ഞോണ്ട് മുട്ടന്‍ ചിരി. ജാപ്പനീസില്‍ എന്തൊക്കെയോ കമന്റ്സ് ഇറക്കി വിടുന്നുണ്ട്. ഗതി കെട്ടു ഞങ്ങളും തിരിച്ചു മലയാളത്തില്‍ കമന്റ്‌ അടി തുടങ്ങി. അവര്‍ ഒരു രക്ഷേം ഇല്ല. തേന്മാവിന്‍ കൊമ്പത്ത് സിനിമയില്‍ മോഹന്‍ ലാലിനെ പറ്റി ആ കാട്ടുവാസികള്‍ കമന്റ്‌ അടിക്കുന്നതാണ് സത്യത്തില്‍ എനിക്ക് ഓര്‍മ വന്നു. ചുമ്മാ സമയം മിനക്കെടുത്താതെ എഴുന്നേറ്റു പോ അമ്മച്ചീ എന്നൊക്കെ ഞങ്ങളും തട്ടി വിട്ടു. അവരുടെ പൊട്ടിച്ചിരികളില്‍ ആ കെട്ടിടം കുലുങ്ങുന്നുണ്ടോ എന്ന് ഞങ്ങള്‍ ശരിക്കും ഭയപ്പെട്ടു. എണ്‍പത് വയസ് അടുത്തായെങ്കിലും അവര്‍ ആസ്വദിക്കുന്ന പോലെ ജീവിതം ആസ്വദിക്കാന്‍ നമുക്ക് പോലും പറ്റുന്നില്ല എന്നുള്ളതാണ് സത്യം. അവരുടെ ആ ചിരിക്കും ഉണ്ടായിരുന്നു ജപ്പാന്‍കാരുടെ സ്ഥായിയായ നിഷ്കളങ്കം.

ആദ്യം കിട്ടിയ അവധി ദിവസം തന്നെ ഞാന്‍ ടോക്യോക്ക് പോകാന്‍ തീരുമാനിച്ചു. ലോകത്തിലെ ഏറ്റവും തിരക്കേറിയ ആ നഗരത്തില്‍ പോകുമ്പോള്‍ മനസ്സില്‍ ഒരു പരിഭ്രമം ഉണ്ടായിരുന്നു. പ്രത്യേകിച്ചും ജപ്പന്കാര്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ ഉള്ള പ്രാവീണ്യം കൂടെ ഓര്‍ക്കുമ്പോള്‍. ആ വിശേഷം അടുത്ത പോസ്റ്റില്‍ എഴുതാം...

Wednesday, June 16, 2010

കന്യാകുമാരിയിലെ കവിത...

ഓഫീസിലെ ജോലി തിരക്കുകളില്‍ നിന്നും, മലയാളിയുടെ അലസതയെ തഴുകി ഉണര്‍ത്തുന്ന ഇടവപ്പാതി മഴയില്‍ നിന്നും ഒരു ചെറിയ ഒളിച്ചോട്ടം. കേരളത്തിന്റെ നഷ്ട സൌന്ദര്യം ആയ പദ്മനാഭപുരം കൊട്ടാരവും കന്യാകുമാരിയും ഉള്ളപ്പോള്‍ പറ്റിയ വേറെ സ്ഥലം തേടി സമയം കളയേണ്ട കാര്യം ഇല്ലല്ലോ. മനസ് അറിഞ്ഞ പോലെ, പ്രകൃതിയുടെ അനുഗ്രഹാശിസുകളോടെ ഒരു യാത്ര. തെക്കന്‍ കേരളം ഇടവപ്പാതിയില്‍ കുതിരുംബോളും വഴി നീളെ വെയില്‍ ചൊരിഞ്ഞു പ്രകൃതി തന്റെ ഭാഗം ഭംഗിയാക്കി.


കേരളീയ വസ്തു വിദ്യയുടെ നേര്‍ കാഴ്ച ആണ് നാനൂറു വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കം ഉള്ള കൊട്ടാരമുത്തച്ഛന്‍. മാര്‍ത്താണ്ഡ വര്‍മയിലും, ധര്‍മ രാജയിലും വര്‍ണിച്ചിരിക്കുന്ന ചരിത്ര മുഹൂര്തങ്ങള്‍ക്ക് കൊട്ടാരം ആണ് സാക്ഷ്യം വഹിച്ചത്.

കേരം തിങ്ങുന്ന ഈ കൊട്ടാര വളപ്പ് ഇപ്പോളും കേരള സര്‍ക്കാരിന്റെ മേല്‍ നോട്ടത്തില്‍ ആണ്.

കോട മഞ്ഞു ഇറങ്ങുന്ന സഹ്യന്റെ ദൃശ്യം ഈ കൊട്ടാരത്തില്‍ ഇരുന്നു ആസ്വദിക്കുന്നത് തന്നെ മനസിന്‌ കുളിര്‍മ നല്‍കും.അസ്തമനം കാണാന്‍ കൃത്യ സമയത്ത് തന്നെ കന്യാകുമാരിയില്‍ ഹാജര്‍.


തിരുവള്ളുവരുടെ ഈ ഭീമാകാരന്‍ പ്രതിമയുടെ മുകളിലൂടെ ആണ് സുനാമി തിരകള്‍ ചീറി അടുത്തത് എന്നോര്‍ത്തപ്പോള്‍ അവിശ്വസനീയത കലര്‍ന്ന ഒരു ഉള്‍ക്കിടിലം.


ആളൊഴിഞ്ഞ വിവേകാനന്ദ പാറയുടെ ഒരു ദൃശ്യം (തിരുവള്ളുവര്‍ പ്രതിമയില്‍ നിന്നും)അസ്തമന സൂര്യനെയും സഞ്ചാരികളെയും യാത്രയാക്കി വിഷമിക്കാന്‍ ഒരുങ്ങുന്ന വിവേകാനന്ദ പാറയും വള്ളുവര്‍ പ്രതിമയും...........നല്ലൊരു നാളെക്കായി.....

Tuesday, February 9, 2010

പ്രണയ സഹായം: ചാക്കോച്ചി വക.

പ്രിയപ്പെട്ട വര്‍ക്കിച്ചന്,

നീ എന്നെ മറന്നു കാണില്ല എന്ന് അറിയാം എന്നാലും എന്റെ ഈ എഴുത്ത് കാണുമ്പോള്‍ തീര്‍ച്ച ആയിട്ടും നീ അത്ഭുതപ്പെടും എന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം നിനക്ക് അവിടെ ആദ്യമായി കിട്ടുന്ന ഒരു എഴുത്ത് ഇത് ആയിരിക്കുമല്ലോ. നിനക്ക് ആര് എഴുത്ത് എഴുതാന്‍ അല്ലെ?. ഇത് തന്നെ എത്ര കഷ്ട്ടപ്പെട്ടിട്ടു ആണ് നിന്റെ അഡ്രസ്സ് കിട്ടിയത് എന്ന് അറിയാമോ? നിന്റെ വീട്ടില്‍ ചോദിച്ചപ്പോള്‍ നിന്റെ അമ്മ പറഞ്ഞത് നാട്ടുകാര്‍ തല്ലി കൊന്നില്ലെങ്കില്‍ ഇപ്പോള്‍ വല്ല ജയിലിലും കാണും എന്ന് ആണ്. നിന്റെ അമ്മ എന്നെ തല്ലാതിരുന്നത് എന്നോടുള്ള സ്നേഹം കൊണ്ടാണെന്ന് തോന്നുന്നു. പിന്നെ നിന്നോടുള്ള ദേഷ്യം കുറെ എന്നോട് പറഞ്ഞു തീര്‍ത്തു. കൊള്ളാം എന്തായാലും!!. പിന്നെ നീ ആയ കൊണ്ട് എനിക്ക് വലിയ അത്ഭുതം ഒന്നും ഉണ്ടായില്ല. ആവശ്യക്കാരന്‍ ഞാന്‍ ആയതു കൊണ്ട് ഒരു വിധത്തില്‍ നിന്റെ അഡ്രസ്സ് ഒപ്പിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. കുറെ വര്‍ഷം ആയി ഞാന്‍ ഓര്‍ക്കുട്ടിലും ട്വിട്ടരിലും ഒക്കെ നിന്നെ തപ്പുന്നു. എവിടെ കിട്ടാന്‍? ഞാന്‍ ആദ്യം ഓര്‍ത്തത് നീ നിന്റെ പതിവ് ജാഡ ഇട്ടു മാറി നിക്കുവായിരിക്കും എന്നാണ്. പിന്നെയാണ് കമ്പ്യൂട്ടറില്‍ ഉള്ള വിവരക്കുറവു കൊണ്ടാണ് നീ ഇന്റര്‍നെറ്റില്‍ അടുക്കാത്തത് എന്ന് മനസിലായത്. എഴാം ക്ലാസ്സില്‍ വെച്ച് യൂത്ത് ഫെസ്ടിവെലിനു നീ എന്തോ തോന്ന്യാസം കാണിച്ചു എന്ന് പറഞ്ഞു പഠിത്തം നിര്‍ത്തിപ്പോയ നമ്മുടെ പഴയ രീത്താമ്മ വരെ ഇപ്പോള്‍ ഓര്‍ക്കുട്ടില്‍ ഉണ്ട്. ങാ പറഞ്ഞിട്ടെന്താ അതിനൊക്കെ ഒരു യോഗം വേണം. അല്ലേല്‍ നീ ഇപ്പോള്‍ എവിടെ എത്തേണ്ടതാ. ആര്‍മിയില്‍ കേണലോ, IPS ഒക്കെ കിട്ടേണ്ട നീ ആണ് ഇപ്പോള്‍ ക്യാമ്പില്‍ തോക്കും തുടച്ചു ഇരിക്കുന്നത്. ഓ നീ ഇപ്പോള്‍ സസ് പെന്‍ഷനില്‍ ആണെന്ന് ലീവിന് വന്ന ജോജി പറഞ്ഞു. പെണ്ണ് കേസ് തന്നെ അല്ലെ? ഇതിനാണ് നായ് നടുകടലില്‍ പോയാലും നക്കിയേ കുടിക്കൂ എന്ന് പഴമക്കാര്‍ പറയുന്നത്.
അതൊക്കെ പോട്ടെ. ഞാന്‍ ഇപ്പോള്‍ നിനക്ക് ഈ എഴുത്ത് എഴുതാന്‍ ഒരു കാരണം ഉണ്ട്. ഞാന്‍ കഴിഞ്ഞ ലീവിന് പോയപ്പോള്‍ അമ്പലത്തില്‍ വെച്ച് അവളെ കണ്ടു. യേതവളെ? എന്ന് നീ ചോദിക്കേണ്ട. ആരെ കുറിച്ചാണോ ഞാന്‍ ഏറ്റവും കൂടുതല്‍ നിന്നോട് സംസാരിച്ചിട്ടുള്ളത്, ആരുടെ പേര് ആണോ ഇനി ഞാന്‍ ഇനി നിന്നോട് മിണ്ടിപ്പോയാല്‍ അവളെ നീ തട്ടും എന്ന് എന്നോട് എപ്പോളും പറഞ്ഞിരുന്നത്, അവളെ തന്നെ. പണ്ട് ഞാന്‍ അവള്‍ വരും എന്ന് പ്രതീക്ഷിച്ചു നിന്നെയും കൂട്ടി പോയി, മണിക്കൂറുകള്‍ നിന്റെ തെറിയും കെട്ടു കാത്തു നിന്നു വെറുതെ തിരിച്ചു പോന്നിരുന്ന അതേ അമ്പലപ്പറമ്പില്‍ വെച്ച് തന്നെ ഞാന്‍ അവളെ കണ്ടു. ദൈവമേ നീ ഇത് വരെ അവളെ വിട്ടില്ലേ! എന്ന് ചോദിയ്ക്കാന്‍ വരട്ടെ. ഞാന്‍ കാണുമ്പോള്‍ അവളുടെ ഒക്കത്ത് അവളുടെ കൊച്ചു ഉണ്ടായിരുന്നു, കൂടെ അവളുടെ കെട്ടിയോനും. പഴയപോലെ അല്ല കേട്ടാ, അവള്‍ എന്നെ നോക്കി ചിരിക്കുക മാത്രം അല്ല, മാമന്‍ എന്നും പറഞ്ഞു കൊച്ചിനെ എനിക്ക് എടുക്കാന്‍ തരുകയും ചെയ്തു. നീയല്ലേ പറഞ്ഞത്, അവള്‍ ഇനിയും സ്ലിം ആകുമെന്നും ഞാന്‍ തടിച്ചു വീര്‍ക്കുമെന്നും. ഇപ്പോള്‍ അവളെ നീ ഒന്ന് കാണണം ബിന്ദു പണിക്കര്‍ മാറി നില്‍ക്കും. പണ്ട് നീ എന്റെ വണ്ണം കാരണം ആണ് അവള് വീഴാത്തെ എന്നും പറഞ്ഞു എന്തൊക്കെ അന്തക്കരണം ആണ് എന്നെ കൊണ്ട് ചെയ്യിച്ചത് എന്ന് ഓര്‍മ ഉണ്ടോ? പത്തിലെ പരീക്ഷയുടെ അന്ന് പോലും ഏഴു മണിക്ക് എഴുന്നേറ്റിരുന്ന ഞാന്‍ അലാറം വെച്ച് രാവിലെ അഞ്ചു മണിക്ക് മുന്നേ ഗ്രൗണ്ടില്‍ ഓടാന്‍ പോകുമായിരുന്നു. നീ മറന്നാലും ഗ്രൗണ്ടില്‍ സ്ഥിരം ആയി കിടപ്പുകാരായ പട്ടികള്‍ ആ കാലം മറക്കില്ല. അതുപോലല്ലേ ആ നായിന്റെ മക്കള്‍ എന്നെ ഇരുട്ടത്ത് ഇട്ടു ഓടിച്ചിരുന്നത്. അതുകൊണ്ട് എന്തായാലും ഒരു ഗുണം ഉണ്ടായി. കവലയിലെ ലാലു ചേട്ടന്റെ ജീപ്പിന്റെ സ്പീഡോ മീറ്റര്‍ സൂചി പോലെ തൊണ്ണൂറില്‍ ഇടിച്ചു ഇടിച്ചു നിന്നിരുന്ന എന്റെ ശരീര ഭാരം ,രിസഷന്‍ സമയത്ത് കല്യാണ മാര്‍ക്കറ്റില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ മാരുടെ വില ഇടിഞ്ഞ പോലെ അല്ലെ കുറഞ്ഞത്‌.ആദ്യമായിട്ട് അവളെ കണ്ട അന്ന് തന്നെ നിന്നോട് അവളെപ്പറ്റി വാതോരാതെ സംസാരിച്ചത് എനിക്ക് ഓര്‍മ ഉണ്ട്. അവളോട്‌ സംസാരിക്കുമ്പോള്‍ എന്റെ കണ്ണില്‍ വിരിഞ്ഞിരുന്ന ഭാവം പ്രണയം ആണെന്ന് നീ പറഞ്ഞപ്പോള്‍ നീ ഈ ഫീല്‍ഡില്‍ ഒരു കിടു ആണെന്ന് ഞാന്‍ തെറ്റിദ്ധരിച്ചു പോയി. അത് കൊണ്ടാണല്ലോ പല കാര്യങ്ങള്‍ക്കും നിന്നോട് ഉപദേശം തേടാന്‍ എനിക്ക് തോന്നിയത്. സുരേഷ് ഗോപിയുടെ ലേലം സിനിമ കണ്ടു കണ്ടു ചാക്കോച്ചി തലയ്ക്കു പിടിച്ചു നടന്ന നീ അതിലെ നായികാ തമ്പുരാട്ടി കുട്ടി ആയിരുന്നെന്നും പറഞ്ഞു നമ്മുടെ ക്ലാസിലെ സുന്ദരി കോത ശ്രീജാ മേനോനോട് സിനിമാ ഡയലോഗ് പറയാന്‍ പോയതും അവള്‍ നിന്റെ കവിളില്‍ പൊട്ടിക്കുന്നതും കണ്ടപ്പോള്‍ ആണ് നീ വെറും കിടു അല്ല കിക്കിടു ആണെന്ന് മനസിലായത്. അതോടെ ആണ് നിന്നോട് ഉപദേശം തിരക്കുന്നത് നിര്‍ത്തിയത്. എന്നാലും നീ എന്നെ വിടാന്‍ ഉദ്ദേശം ഇല്ലായിരുന്നു എന്ന് മനസിലാക്കി വന്നപ്പോളേക്കും എല്ലാം കഴിഞ്ഞു പോയിരുന്നു.


വര്ഷം കുറെ കഴിഞ്ഞു എങ്കിലും ആ ദിവസം എനിക്ക് ഇപ്പോളും ഇന്നലെ എന്ന പോലെ ഓര്‍മ ഉണ്ട്. നീ എന്റെ നെഞ്ചത്ത് കയറി ചാക്കോച്ചി കളിച്ച ദിവസം. ടിവിയില്‍ ഇന്ത്യ - ശ്രീ ലങ്ക ക്രിക്കറ്റ്‌ കളി കാണാന്‍ ഞാന്‍ ഉച്ചക്കുള്ള ക്ലാസ്സ്‌ കട്ടടിച്ചു വീട്ടില്‍ പോയതായിരുന്നു, ക്ലാസ്സില്‍ മാറിയിരുന്നു അസ്സിന്മേന്റ്റ് എഴുതുന്ന അവളെ കണ്ടപ്പോള്‍ ആണ് നിന്റെ മനസിലെ, സുഹൃത്തുക്കള്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന ചാക്കോച്ചി ഉണര്‍ന്നത്. എന്റെ കഷ്ട്ടകാലം എന്നല്ലാതെ എന്ത് പറയാന്‍. തല്ലാന്‍ ചെല്ലുന്ന പോലെ അല്ലെ നീ അവളുടെ അടുത്ത് ചെന്നിട്ടു എനിക്ക് അവളെ ഇഷ്ട്ടം ആണെന്ന് പറഞ്ഞത്. എന്നിട്ട് പഴയ രവികുമാര്‍ സിനിമയിലെ പോലെ ഒരു താക്കീതും. നാളെ വരുമ്പോള്‍ അവനു ഇഷ്ട്ടമുള്ള പച്ച പട്ടു പാവാട ഇട്ടു വരണം പോലും. നിന്നോട് എപ്പോളടാ പുല്ലേ ഞാന്‍ ആ പാവാട എനിക്ക് ഇഷ്ട്ടം ആണെന്ന് പറഞ്ഞത്. ആദ്യത്തെ ആ ഷോക്ക്‌ ഒന്ന് മാറിക്കിട്ടിയ അവള്‍ നിന്നെ ശെരിക്കും കുടഞ്ഞെന്നും അപ്പോള്‍ കൈ ചൂണ്ടി സംസാരിച്ചെന്നും പറഞ്ഞു നീ അവളെ തല്ലാന്‍ ഒന്ഗിയെന്നും ഒക്കെ വളരെ വൈകി ആണെടാ കോപ്പേ ഞാന്‍ അറിഞ്ഞത്. അതെല്ലാം സഹിക്കാം പിറ്റേന്ന് നീ എന്നോട് കളിച്ച നാടകം ആണ് എനിക്ക് ഇപ്പോളും ദഹിക്കാത്തത്.


രാവിലെ പഴം കഞ്ഞിയുടെ കൂടെ തിരുമാന്‍ ഉള്ള കാ‍ന്താരി മുളക് പറിച്ചോണ്ട് നില്‍ക്കുമ്പോള്‍ ആണ് കയ്യില്‍ ഒരു ബാറ്റും പിടിച്ചു, ഒരു വളിച്ച ചിരിയും ആയി നീ എന്റെ വീട്ടില്‍ വരുന്നത്. ചോദിച്ചപ്പോള്‍ പറഞ്ഞത്, നിനക്ക് രാവിലെ ട്യൂഷന്‍ ഉള്ള കൊണ്ട് വൈകിട്ട് കളിയ്ക്കാന്‍ ഉള്ള ബാറ്റ് എന്റെ കയ്യില്‍ ഏല്‍പ്പിക്കാന്‍ വന്നതാണ് എന്ന്. ഇന്നലെ ക്ലാസ്സില്‍ എന്തായിരുന്നു വിശേഷം എന്ന് ചോദിച്ചപ്പോലും നീ ഓ എന്ത് വിശേഷം പതിവുപോലോക്കെ തന്നെ എന്ന് പറഞ്ഞു മാറി. പിന്നെ പെട്ടെന്ന് എന്തോ ഓര്‍ത്തിട്ടെന്ന പോലെ " എടാ ഞാന്‍ ഇന്നലെ നിന്റെ കൊച്ചും ആയി സംസാരിച്ചായിരുന്നു. അവള് നമ്മള്‍ വിചാരിച്ച പോലെ അല്ല അല്‍പ്പം സ്ട്രോങ്ങ്‌ ആണ് " എന്നൊരു ഡയലോഗും . കയ്യില്‍ ഇരുന്ന കാ‍ന്താരി മുളകുകള്‍ അറിയാതെ ഞെങ്ങി പൊട്ടിപ്പോയ നീറ്റല്‍, സ്ട്രോങ്ങ്‌ എന്ന കൊണ്ട് നീ എന്താണ് ഉദ്ദേശിച്ചത് എന്നും എന്താണ് നീ സംസാരിച്ചത് എന്ന് അറിയാനുള്ള വെമ്പലില്‍ ഞാന്‍ മറന്നു പോയി. എന്നാല്‍ കൂടുതല്‍ ഒന്നും പറയാതെ "അവള്‍ക്കു നിന്നോട് ഒരു ചാഇവ് ഉണ്ട്" എന്ന് മാത്രം പറഞ്ഞു നീ പോയി കളഞ്ഞു. ഹോ. അതിനു ശേഷം ക്ലാസ്സില്‍ വരുന്ന വരെ ഞാന്‍ കണ്ടു കൂട്ടിയ സ്വപ്‌നങ്ങള്‍ ജയിംസ് കാമറൂണ്‍ പോലും കണ്ടു കാണില്ല. ഞങ്ങള്‍ക്ക് ഉണ്ടാകാന്‍ പോകുന്ന കുടികളുടെ പേര് വരെ മനസ്സില്‍ കണ്ടിട്ട് ആണ് ഞാന്‍ അന്ന് ക്ലാസ്സില്‍ എത്തിയത്. എന്നാല്‍ സൈക്കിള്‍ വെക്കുന്ന അവിടെ തന്നെ എന്നെ കാത്തു നില്‍ക്കുന്ന നിന്നെ കണ്ടപ്പോള്‍ തന്നെ എന്റെ മനസ്സില്‍ ഏതോ ഒരു ആപത്ത് സംഭവിച്ച പ്രതീതി ഉണ്ടായിരുന്നു. സിനിമകളില്‍ നായകനോട് ദുരന്ത വാര്‍ത്ത പറയുന്ന നായകന്റെ കൂട്ടുകരന്മാര്‍ ചെയ്യുന്ന പോലെ നീ എന്നെ വിളിച്ചു മാറ്റിയിട്ടു, "അവള്‍ക്കു ഈ പ്രണയത്തില്‍ ഒന്നും താല്‍പ്പര്യം ഇല്ല. വീട്ടുകാര്‍ വഴി ആലോചിക്കണം അത്രേ." എന്ന് പറഞ്ഞപ്പോള്‍ ഇത്തരെ ഉള്ളോ അതൊക്കെ ഞാന്‍ ഏറ്റു എന്ന ഭാവം ആയിരുന്നു എനിക്ക്. അവള്‍ കാര്യം അറിഞ്ഞിട്ടും എതിര്‍പ്പ് ഒന്നും പറഞ്ഞില്ലല്ലോ എന്ന ആശ്വാസം ആയിരുന്നു . അപ്പോലെങ്കിലും നിനക്ക് എന്നോട് എല്ലാം പറയാമായിരുന്നു. അന്ന് അവളുടെ മുന്നില്‍ കൂടെ പച്ച മീനിനു ചുറ്റും പൂച്ച നടക്കുന്ന പോലെ ഞാന്‍ കുറെ പ്രാവശ്യം നടന്നിട്ടും അവള്‍ നോക്കിയ പോലും ഇല്ല എന്ന് മാത്രം അല്ല മുഖം കടന്നല് കുത്തിയ പോലെ കാണുകേം ചെയ്തു. വൈകിട്ട് വീട്ടിലോട്ടു പോകുന്ന വഴിക്ക് ആണ് നീ സംഭവങ്ങളുടെ കിടപ്പ് വശത്തെ പറ്റി ഒരു സൂചന എനിക്ക് തരുന്നത്. ദിവസങ്ങളോളം കുത്തിയിരുന്നു ഞാന്‍ അവള്‍ക്കു ഉണ്ടാക്കി കൊടുത്ത കര കൌശല സാധനങ്ങള്‍ അവള്‍ നിന്റെ നേര്‍ക്ക്‌ എറിഞ്ഞിട്ടു എനിക്ക് കൊടുത്തെക്കാന്‍ പറഞ്ഞ വിവരം ഞാന്‍ അറിയുന്നത് , അതില്‍ ഞാന്‍ താജ് മഹാലിന്റെ തൂണ് പോലെ ഉണ്ടാക്കി കൊടുത്ത പെന്‍സില്‍ നീ എന്നെ കൊണ്ട് റെക്കോര്‍ഡ്‌ വരപ്പിക്കാന്‍ കൊണ്ട് വന്നപ്പോള്‍ ആണ്. കഷ്ട്ടപ്പെട്ടു ഞാന്‍ ഉണ്ടാക്കി കൊടുത്ത ആ പെന്‍സില്‍ വെട്ടി പടം വരയ്ക്കാന്‍ നിനക്ക് അല്ലാതെ വേറെ ആര്‍ക്കും തോന്നില്ല. എന്നിട്ടും നീ അതും കൊണ്ട് എന്റെ അടുത്ത് തന്നെ വന്നല്ലോ.


പിന്നെ നീ എന്നോട് പറയാതിരുന്ന ഈ വിവരം ഒക്കെ ഞാന്‍ എങ്ങനെ അറിഞ്ഞു എന്ന് ആയിരിക്കും. പണ്ട് അവളുടെ കൂടെ എപ്പോളും ഉണ്ടാകുമായിരുന്ന അവളുടെ കൂട്ടുകാരിയെ നിനക്ക് ഓര്‍മ ഇല്ലേ. എനിക്ക് പാര പണിയുന്നത് അവളാണ് എന്ന് നീ കൂടെ കൂടെ പറയുമായിരുന്നു. അവള്‍ പറഞ്ഞു ആണ് നിന്റെ ചാക്കോച്ചി കഥ ഞാന്‍ അറിഞ്ഞത് . ഞാന്‍ അവളെ എങ്ങനെ കണ്ടു, സംസാരിച്ചു എന്നൊക്കെ ആയിരിക്കും ഇപ്പോള്‍ നീ ഓര്‍ക്കുന്നത്. കൂടുതല്‍ വിഷമിക്കേണ്ടാ അടുത്ത ചിങ്ങത്തില്‍ ഞങ്ങളുടെ കല്യാണം ആണ്. അത് പറയാന്‍ കൂടെ ആണ് ഇപ്പോള്‍ ഞാന്‍ ഈ കത്ത് എഴുതിയത്. തിയതിയും മറ്റും ഞാന്‍ പുറകെ അറിയിക്കാം.


അപ്പോള്‍ നിനക്ക് എന്റെ ഹൃദയം നിറഞ്ഞ വാലന്റയിന്‍ ദിനാശംസകള്‍.


വാല്‍ക്കഷ്ണം: പതിവ് പോലെ കഥയും കഥാപാത്രങ്ങളും എല്ലാം സാങ്കല്‍പ്പികം.

Thursday, January 21, 2010

മാറ്റത്തിന്റെ കാറ്റ് (Wind of Change)കൊണ്ട് തോറ്റു.

മാറ്റത്തിന്റെ കാറ്റ് മനുഷ്യര്‍ക്ക്‌ മാത്രം അല്ല. തെങ്ങുകള്‍ക്കും ഉണ്ട്. ഈ കാറ്റിന്റെ ശല്യം കൂടുതലായി അനുഭവിക്കുന്നത് കടപ്പുറത്ത് നില്‍ക്കുന്ന തെങ്ങുകള്‍ ആണ്. എന്നാല്‍ ഒരു വെറൈറ്റി ആയിക്കോട്ടെ എന്ന് പൊള്ളേത്തൈ കടപ്പുറത്തെ ദുര്‍ബലന്‍ തെങ്ങിന് തോന്നിയതില്‍ തെറ്റൊന്നും പറയാന്‍ പറ്റില്ല. എല്ലാവരും നേരെ മുകളിലോട്ടല്ലേ വളരുന്നത്‌? കുറച്ചു ഇനി സൈഡിലോട്ടു വളര്‍ന്നു നോക്കാം.Tuesday, January 12, 2010

എന്റെ യാത്രകള്‍ 2- തിണ്ണ മിടുക്ക്.

ഹൈ സ്കൂള്‍ പഠനം ആയപ്പോള്‍ തന്നെ ആലപ്പുഴ - ചേര്‍ത്തല യാത്രകള്‍ എനിക്ക് മടുത്തു തുടങ്ങിയിരുന്നു. ആദ്യമൊക്കെ ഒറ്റയ്ക്ക് ടൌണില്‍ പോകുന്നത് വലിയ സംഭവം ആയി ഞാന്‍ കണ്ടിരുന്നെങ്കിലും ക്ലാസ്സിലെ കൂതറ കൊലാപ്പി ജോഷി ഒറ്റയ്ക്ക് ടൌണ്‍ കഴിഞ്ഞുള്ള പുന്നപ്ര പള്ളിയില്‍ ധ്യാനം കൂടി വന്നിട്ട് ക്ലാസ്സില്‍ എല്ലാവര്ക്കും നേര്ച്ച വിതരണം ചെയ്യണ കണ്ടപ്പോള്‍ അക്കരെ അക്കരെ സിനിമയില്‍ ശ്രീനിവാസന്‍ പാര്‍വതിക്ക് പിറന്നാള്‍ സമ്മാനം കൊടുക്കാന്‍ പോയ അവസ്ഥ ആണ് എനിക്ക് തോന്നിയത്. അത് തന്നെയും അല്ല വഴിചിലവ് എന്ന പേരില്‍ വീട്ടില്‍ നിന്നും സാമാന്യം നല്ല ഒരു തുകയും വസൂലാക്കി ടൌണില്‍ പോകുന്ന എനിക്ക് അത്യാവശ്യം നല്ല അബദ്ധങ്ങളും പറ്റി തുടങ്ങിയിരുന്നു. പോക്കറ്റില്‍ ആവശ്യത്തില്‍ അധികം പണവും തലക്കകത്ത് ആവശ്യത്തില്‍ അധികം ബോധം ഇല്ലായ്മയും ആയി ആലപ്പുഴ ടൌണില്‍ തേരാ പ്പാരാ അലയുമായിരുന്ന എന്നെ ഉധേശിച്ചല്ലേ വിജി തമ്പി "നഗരങ്ങളില്‍ പോയി രാപ്പാര്‍ക്കാം" എന്ന സിനിമ എടുത്തത്‌ എന്ന് എനിക്ക് പലപ്പോളും തോന്നിയിരുന്നു.


പൊള്ളേത്തൈയില്‍ ഞാന്‍ ആളൊരു സംഭവം ആയിരുന്നെങ്കിലും പൊള്ളേത്തൈ വിട്ടു ഞാന്‍ നടത്തിയ ചില പര്യടനങ്ങള്‍ അസറുദ്ദീന്‍ ക്യാപ്ടന്‍ ആയ പഴയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിദേശ പര്യടനങ്ങലെക്കാള്‍ ദയനീയം ആയിരുന്നു. യൂറിക്ക പരീക്ഷയില്‍ പങ്കെടുക്കാന്‍ പുറക്കാട് സ്കൂളില്‍ പോയതായിരുന്നു അതില്‍ ആദ്യത്തേത് . രണ്ടു ദിവസം ആയിരുന്നു ക്യാമ്പ്‌. ഞങ്ങള്‍ ഗുണ്ടകള്‍ പരിചയം ഇല്ലാത്ത സ്ഥലങ്ങളില്‍ പോകുമ്പോള്‍ അത്ത്യാവശ്യം ടൂള്‍സും കൂടെ കൊണ്ടു പോകാറുണ്ട്. അങ്ങനെ ഞാനും എന്റെ പ്രധാന ആയുധം പോക്കറ്റില്‍ കരുതി. നെയില്‍ കട്ടരുടെ പുറകില്‍ ഉള്ള കത്തി. നാട്ടില്‍ വെച്ചു ഒരിക്കല്‍ മാത്രമെ എനിക്ക് എന്റെ ആയുധം നിവര്ത്തെണ്ടി വന്നിട്ടുള്ളൂ. സ്കൂളില്‍ യുവജനോത്സവം കാണാന്‍ വന്ന കാട്ടൂര്‍ സ്കൂളിലെ ഒരു റൌഡി എന്റെ സീറ്റ് കയ്യേറിയപ്പോള്‍ ആയിരുന്നു അത്. ഭീമന്‍ രഘു ചെയ്യുന്ന പോലെ കത്തി എടുത്തു ഒന്നു കവിളില്‍ ചൊറിഞ്ഞു. റൌഡി ഫ്ലാറ്റ്. അതിന് ശേഷം ആണ് ആ നെയില്‍ കട്ടര്‍ എന്റെ പ്രധാന ആയുധം ആയി മാറിയത്. യൂറിക്ക ക്യാമ്പിന്റെ ആദ്യ ദിവസം രാത്രി വീഡിയോ പ്രദര്‍ശനം ഉണ്ട്. കൊള്ളാവുന്ന ഒരു കസേര ഞാന്‍ കണ്ടു വെച്ചിരുന്നു. അത്താഴം മോന്തി ചെന്നപ്പോള്‍ പ്രദര്‍ശനം തുടങ്ങിയിരുന്നു. കസേരയുടെ അടുത്ത് ചെന്നപ്പോള്‍ അതാ ഒരു പയല്‍ അതില്‍ കാലിന്മേല്‍ കാലും കയറ്റി സുഘിച്ചു ഇരിക്കുന്നു. ഇരുട്ടായ കൊണ്ടു മുഘത്ത്‌ നിന്നും രണ്ടു കണ്ണുകള്‍ മാത്രമെ കാണുന്നുള്ളൂ. എന്നാലും എനിക്ക് ആളെ പിടി കിട്ടി. കരുമാടി സ്കൂളില്‍ നിന്നും വന്ന ഒരു കരുമാടി കുട്ടന്‍. രാവിലെ പ്രൊജക്റ്റ്‌ അവതരിപ്പിക്കുന്ന നേരത്ത് ചില വരട്ടു ചോദ്യങ്ങള്‍ ചോദിച്ചു എന്നെ വിരട്ടാന്‍ നോക്കിയ അവനെ ഞാന്‍ നോട്ടം ഇട്ടു വെച്ചതായിരുന്നു. ഇതു തന്നെ പറ്റിയ തക്കം . നമ്മുടെ റേഞ്ച് ഒന്നു മനസിലാക്കി കൊടുത്തേക്കാം എന്ന് കരുതി പതുക്കെ പോക്കറ്റില്‍ നിന്നും കത്തി എടുത്തു കരുമാടിയുടെ അടുത്തേക്ക് ചെന്നു. ടിവി യില്‍ മുഴുകി ഇരുന്ന അവന്റെ അടുത്തേക്ക് ഒന്നു കുനിഞ്ഞത് മാത്രം ഉണ്ട് ഒരു ഓര്‍മ. പിന്നെ ജഗതി മീശ മാധവനില്‍ പറയുന്ന പോലെ ഒരു അജ്ഞാത ശക്തി വന്നു നിരങ്ങിയിട്ടു പോയ പോലെ. കരുമാടിക്കുട്ടന്‍ കരോട്ടെ പഠിച്ചിരുന്നു എന്നും അവന്‍ എന്റെ കാലേല്‍ വാരി നിലത്തു അടിച്ചതായിരുന്നെന്നും മനസിലാക്കി വന്നപ്പോളേക്കും സിനിമാ കഴിഞ്ഞിരുന്നു. അന്നത്തെ ഒരു വാശിക്ക് ആണ് നാട്ടില്‍ വന്ന ഉടനെ ചന്തയിലെ കുട്ടി ആശാന്റെ അടുത്ത് കരോട്ടെ പഠിക്കാന്‍ പോയത്. എന്നെ കണ്ടതും ആശാന്റെ മുഘത്ത്‌ മൂന്നാറിലെ റിസോര്‍ട്ട് കണ്ട JCB ഡ്രൈവറുടെ പോലത്തെ ഒരു ചിരി മിന്നി മറഞ്ഞത് ഞാന്‍ കണ്ടില്ലാ. എന്റെ കാല ദോഷം. പിന്നെ അവിടെ നടന്നത് ഒക്കെ പുറത്ത് പറഞ്ഞാല്‍ പെറ്റ തള്ള സഹിക്കൂല്ലാ. അങ്ങേരു എന്റെ നാലു അടി എണ്‍പത് കിലോ ബോഡിയില്‍ ഒരു താജ് മഹല്‍ പണിയാന്‍ തന്നെ തുടങ്ങി. അന്ന് വീട്ടില്‍ എത്തിയതു ഇഴഞ്ഞണോ അതോ നടന്നാണോ എന്ന് തറപ്പിച്ചു പറയാന്‍ പറ്റാത്ത ഒരു പരുവത്തില്‍ ആയിരുന്നു. ഞാനും എന്റെ പത്ത് തലമുറയില്‍ പെട്ട ആരും മേലാല്‍ കരോട്ടെ പഠിക്കില്ല എന്ന ശപദവും അതിനിടയില്‍ ഞാനെടുത്തിരുന്നു. ഇന്നും ടിവിയില്‍ ബോയിംഗ് ബോയിംഗ് എന്ന ചിത്രത്തില്‍ മോഹന്‍ ലാല്‍ ചിക്കന്‍ മസാല ഉണ്ടാക്കുന്ന സീന്‍ കാണുമ്പോള്‍ ഞാന്‍ അറിയാതെ കുട്ടി ആശാനെ ഓര്‍ത്തു പോകും. ആ മാതിരി ചെയ്തതല്ലേ പഹയന്‍ എന്നെ ചെയ്തത്.


നാട്ടുകാര്‍ അധികം അറിയാതെ പോയ എന്റെ മറ്റൊരു വിദേശ പര്യടനം ആണ് എട്ടാം ക്ലാസ്സ് അവധിക്കു ഞാന്‍ നടത്തിയ കായംകുളം യാത്ര. കായംകുളത് ഉള്ള വല്യമ്മച്ചിയുടെ വീട്ടില്‍ അവധിക്കാലം നില്ക്കാന്‍ പോണത് ഒരു രസം ഉള്ള ഏര്‍പ്പാട് തന്നെ ആയിരുന്നു. ഈ സംഭവം നടക്കുന്ന വരെ. കടലിനും കായലിനും ഇടക്കുള്ള ചെറിയ സ്ഥലം ആണ് കള്ളിക്കാട് എന്ന ആ ഗ്രാമം. കടലിലെ മീനും കായലിലെ മീനും താറാവും കോഴിയും ഒക്കെ കൂടി ഏതെടുക്കും മാതാവേ എന്ന് ചോദിച്ചു പോകുന്ന അവസ്ഥ. അടുത്ത വീടുകളില്‍ ഒക്കെ തന്നെ കായലില്‍ ചീന വല ഇട്ടിട്ടുണ്ടാകും. രാവിലെയും രാത്രിയും അത് പൊക്കും. ആ സമയത്ത് അവിടെ ഹാജര്‍ ആയാല്‍ നല്ല പിടക്കുന്ന കരിമീന്‍ കിട്ടും. അതും പിന്നെ ചൂണ്ട ഇടലും ഒക്കെ ആയിരുന്നു പ്രധാന സമയം കൊല്ലികള്‍. പിന്നെ ഉള്ള ഒരു വിനോദം ആണ് ഞണ്ട് പിടുത്തം. കായലില്‍ നിന്നും വീടിന്റെ അടുത്ത് കൂടെ പോകുന്ന തോടുകളില്‍ നല്ല മുഴുത്ത ഞണ്ട് കാണും. അത് പിടിക്കാന്‍ മിടുക്കന്മാരായ അവിടത്തെ കുറച്ചു വിദ്വാന്മാരും ഉണ്ടായിരുന്നു. ഞണ്ടിനെ കാണിച്ചു കൊടുക്കുക എന്നത് മാത്രം ആണ് നമ്മുടെ ജോലി. ഒരിക്കല്‍ മാത്രം പിടിച്ച ഞണ്ടുകളെ സൂക്ഷിക്കാന്‍ എന്നെ ഏല്‍പ്പിച്ചു. ജീവനോടെ കിട്ടിയ ഞണ്ടിനെ കളിപ്പിച്ചു കളിപ്പിച്ചു അവസാനം കയ്യിലെ ചെറുവിരല്‍ ഞണ്ട് ഇറുക്കി നീല കളറില്‍ ആയതോടെ ആ പരുപാടി ഞാന്‍ നിര്‍ത്തി. രാവിലെ വള്ള കടവില്‍ കുളിക്കാന്‍ പൊക്കും ഒരു രസം ഉള്ള ഏര്‍പ്പാട് തന്നെ ആയിരുന്നു. സമ പ്രായത്തില്‍ ഉള്ള കുറെ കുരുപ്പുകള്‍ കൂടെ അവിടെ ഉണ്ടാകും. പിന്നെ ഒരു കുഴപ്പം എന്ന് വെച്ചാല്‍ സൂക്ഷിച്ചും കണ്ടും ഒക്കെ വേണം കുളി. നാട്ടിലെ മിക്ക കക്കൂസും കായലില്‍ ആയ കാരണം മുങ്ങി പൊങ്ങുമ്പോള്‍ ചിലപ്പോള്‍ തലയില്‍ ഒരു കുടുമ ഒക്കെ ആയി ഒരു പഴശ്ശി രാജാ ലുക്ക്‌ ഉണ്ടാകാന്‍ ചാന്‍സ് ഉണ്ട്. കുള കടവിനോട് ചേര്ന്നു അവിടത്തെ കുരുപ്പുകള്‍ എല്ലാം കൂടെ ഒരു ചെറിയ ചീന വല സെറ്റ് അപ്പ്‌ ചെയ്തിട്ടുണ്ട്. കുളിക്കാന്‍ വന്നു കഴിഞ്ഞാല്‍ ആദ്യം അത് പൊക്കി അതിലെ മീന്‍ പിടിച്ചു കുടത്തില്‍ ഇട്ടു വെച്ചിട്ടാണ് പിന്നെ കുളി. ഒരു ദിവസം ഞാന്‍ നേരത്തെ സ്ഥലം പിടിച്ചു. ആരും വന്നിട്ടില്ല. കുറച്ചു നേരം ചീന വലയുടെ അടുത്തൊക്കെ പോയി നോക്കി. എന്തോ മീന്‍ ഉണ്ടെന്നു മനസ് പറയുന്നു. പൊക്കി നോക്കിയാലോ. ജീവിതത്തില്‍ ഇനി ഇതു പോലെ ഒരു ചാന്‍സ് കിട്ടി എന്ന് വരില്ല. മീന്‍ ഉണ്ടെങ്കില്‍ ഇനി നാട്ടില്‍ ഒക്കെ ചെന്നു ഗമയില്‍ തട്ടാം, കായലില്‍ നിന്നും സ്രാവിനെ പിടിച്ചെന്നു പറയണോ അതോ ചൂരയെ പിടിച്ചെന്നു പറയണോ? എന്തായാലും പൊക്കുക തന്നെ. പിന്നെ കൂടുതല്‍ ഒന്നും ആലോചിച്ചില്ല. വലിച്ചു പൊക്കി. വലയില്‍ എന്തോ ഉണ്ട്. ആമ ആണെന്ന് തോന്നുന്നു. ശകുനം മുടക്കി. ഇവനൊന്നും വേറെ ഒരു പണിയും ഇല്ലേ. അപ്പോളാണ് മനസിലായത് ആമ അല്ല വല കുറ്റിയില്‍ കുരുങ്ങിയത് ആണ്. സാരം ഇല്ല. വേറെ മീന്‍ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കുംബോലാണ് പുറകില്‍ നിന്നും ഒരു വിളി. "ഡാ. നീ വല പൊക്കും അല്ലെ. ". ഞാന്‍ വിടുമോ? തിരിച്ചു കാച്ചി. "വല അല്ലെ ചേട്ടാ, തുണി അല്ലല്ലോ പൊക്കിയത്." .അതും പറഞ്ഞു ആഞ്ഞു വലിച്ചു. വല കീറിയോ എന്നൊരു സംശയം. പിന്നെ കൈ കൊണ്ടാണാ കാല് കൊണ്ടാണാ എന്നൊരു പിടിയും ഇല്ലായിരുന്നു. അവന്മാര്‍ എല്ലാം കൂടെ എന്നെ കായലില്‍ ഇട്ടു വലിച്ചു. ഏതായാലും അന്ന് ഞാന്‍ വലിയ ഒരു പാഠം പഠിച്ചു. കടലിലെ വെള്ളത്തിനു മാത്രം അല്ല കായലിലെ വെള്ളത്തിനും നല്ല ഉപ്പ് രുചി ആണ്.