Saturday, February 23, 2019

കുട്ടനാടൻ ബ്ലോഗ് 4



സ്വർണ്ണ വർണ്ണമണിഞ്ഞ കുട്ടനാടൻ പുഞ്ചപ്പാടത്തിൻ്റെ നടുക്ക് തെങ്ങോലകൾ തണലിടുന്ന ഒരു പച്ച തുരുത്ത്. അവിടെ കേരളീയ ശൈലിയിൽ പണിതുയർത്തിയ ചെറിയ രണ്ട് മൂന്ന് വീടുകൾ. മനം മയക്കുന്ന ഈ കുട്ടനാടൻ മനോഹാരിത എത്ര പറഞ്ഞാലും തീരില്ല. തത്ക്കാലം ആ മനോഹാരിതയെക്കുറിച്ചല്ല ഞാൻ ഈ ബ്ലോഗിൽ പറയാൻ ഉദ്ദേശിക്കുന്നത്. 

ഞങ്ങളുടെ ആശുപത്രിയുടെ പിന്നിലായുള്ള 340 ഏക്കർ പാടശേഖരം ആണ് ഈ ചിത്രത്തിലുള്ളത്. അതിൻ്റെ നടുക്കായുള്ള ആ മനോഹരമായ തുരുത്തിൽ ആണ് ഞങ്ങളുടെ ഫ്‌ളോട്ടിങ് ഡിസ്പെൻസറിയുടെ ബോട്ട് ഡ്രൈവർ ആയ ബിനുവിൻറെ വീട്. ഇന്നലെ, അതായത് ഈ ചിത്രം എടുക്കുന്നതിന് ഏകദേശം 24 മണിക്കൂർ മുൻപ് പാടത്തിന് അക്കരയിലുള്ള ഒരു അമ്പലപ്പറമ്പിൽ തൊഴിലുറപ്പിൻ്റെ ഭാഗമായ ശുചീകരണ പ്രവർത്തനം കഴിഞ്ഞ് ബിനുവിൻറെ അമ്മ, സുകുമാരി ചേച്ചി ഊണ് കഴിക്കാൻ കൂട്ടുകാരിയോടൊപ്പം വീട്ടിലേക്ക് തിരിച്ചു. അമ്പലത്തിൽ നിന്നും കിട്ടിയ പായസം ഒക്കെ കഴിച്ചതിനാൽ വിശപ്പില്ല എങ്കിലും വീടുവരെ ഒന്ന് പോയി വരാം എന്നും പറഞ്ഞാണ് സുകുമാരി ചേച്ചി പോയത്. വിശേഷങ്ങൾ പറഞ്ഞു നടന്ന് പാടത്തിലൂടെയുള്ള ഇടവഴിയിലേക്ക് ഇറങ്ങി പത്ത് ചുവട് വെച്ചില്ല. മുന്നിൽ നടന്ന ചേച്ചിയുടെ കാലിൽ എന്തോ കടിച്ചു. കാൽ കുടഞ്ഞ് നോക്കിയപ്പോൾ കാലിൽ ചോര. എന്തോ ഇഴ ജന്തു ആണെന്ന് മനസിലായി. എന്തായാലും ഒന്ന് ആശുപത്രിയിൽ കാണിച്ചേക്കാം എന്ന് കരുതി വീട്ടിൽ പോയി വേഷം മാറിയേക്കാം എന്ന് വിചാരിച്ചതാണ്. കുറച്ചു കഴിഞ്ഞപ്പോളേക്കും ആള് കുഴഞ്ഞു വീണു. ആൾക്കാർ ഓടിക്കൂടി എടുത്ത് ആശുപത്രിയിൽ എത്തിച്ചപ്പോളേക്കും എല്ലാം കഴിഞ്ഞിരുന്നു. 



റേഡിയൽ ദൂരം നോക്കിയാൽ ബിനുവിൻറെ വീടിനോട് ഏറ്റവും അടുത്ത് വിഷ ചികിത്സ ലഭിക്കുന്ന ആശുപത്രിയായ ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് പത്തിൽ താഴെ കിലോ മീറ്ററേ വരൂ. കൂടിപ്പോയാൽ 15 മിനിറ്റ് ഡ്രൈവ്. എന്നാൽ ഇപ്പോൾ അവിടെ നിന്നും ആളെ ഈ ആശുപത്രിയിൽ എത്തിക്കാൻ കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും വേണം. നേരിട്ട് റോഡ് ഇല്ല എന്ന് ഒറ്റയടിക്ക് പറഞ്ഞാൽ മനസിലാകില്ല അവിടുത്തെ യാത്രാ ദുരിതം. അപകടം നടന്ന സ്ഥലത്ത് നിന്നും ഒരാളെ ആംബുലൻസിൽ എത്തിക്കണമെങ്കിൽ കുറഞ്ഞത് കാൽ കിലോമീറ്റർ എങ്കിലും എടുത്തുകൊണ്ട് പോകണം. അതും കുത്തനെയുള്ള ഒരു പാലം ഉൾപ്പെടെ. ആംബുലൻസ് എന്ന് പറഞ്ഞാൽ മിനി വാൻ ആംബുലൻസ്. കാരണം കൈനകരി പഞ്ചായത്ത് റോഡിനും ഈ വീടിനും ഇടയ്ക്ക് രണ്ട് കനാലുകൾ ആണുള്ളത്. അതിൽ ഒരെണ്ണത്തിന് കുറുകെ കൂടിപ്പോയാൽ ഒരു ചെറിയ കാർ പോകുന്ന ഒരു പാലം ഉണ്ട്. രണ്ടാമത്തെ തോടിന് അതും ഇല്ല. ഒരു നടപ്പാലം മാത്രം. പാലം പണിക്കുള്ള പദ്ധതികൾ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. അതോടെ അൽപ്പം ചുറ്റി വളഞ്ഞ് ആണെങ്കിലും അവിടെ വണ്ടി എത്താനുള്ള സൗകര്യം ആകും. 


സംഭവസ്ഥലവും ആശുപത്രിയും തമ്മിലുള്ള ദൂരം ചുവപ്പ് കളറിൽ. സഞ്ചരിക്കേണ്ട ദൂരം നീല കളറിൽ. 


ഇത് മനസ്സിൽ ആലോചിച്ച് നിൽക്കുമ്പോൾ ആശുപത്രിയിൽ നിന്നും കൊണ്ടുവന്ന ശരീരം സ്ട്രച്ചറിൽ ചുമന്നുകൊണ്ട് ആളുകൾ എത്തി. നാലുപേർക്ക് അതും പിടിച്ച് ഒറ്റയടി പാതയിലൂടെ നടക്കാൻ വയ്യാത്തതിനാൽ രണ്ടുപേർ തോളിൽ ചുമന്നുകൊണ്ട് ആ പാടത്തിലൂടെ നടന്നു നീങ്ങി, 24 മണിക്കൂർ മുൻപ് സുകുമാരി ചേച്ചി തമാശകൾ പറഞ്ഞുകൊണ്ട് നടന്ന അതേ വഴിയിലൂടെ.