Tuesday, October 8, 2019

ഡൽഹി ഡേയ്സ് 10 : അവസാന ദിന കാഴ്ചകൾഡേ 4 : അഗ്രസേൻ കി ബാവോളിഈ ദിവസത്തെ യാത്രകൾക്ക് ഒരു പ്രത്യേകത ഉണ്ട്. ഡൽഹിയിൽ കാഴ്ചകൾ കാണാനുള്ള അവസാനത്തെ ദിനം എന്നത് മാത്രമല്ല. ഇതുവരെ എല്ലാ യാത്രകളിലും ദില്ലി നന്നായി അറിയാവുന്ന കണ്ണൻ കൂടെ ഉണ്ടായിരുന്നു. അവസാന ദിവസം കറങ്ങാൻ അവർ ഇല്ലെന്ന് അറിയിച്ചിരുന്നതിനാൽ ഞാനും നിമ്മിയും നിയക്കുട്ടിയും കൂടെ കറങ്ങാൻ തീരുമാനിച്ചു. ഹുമയൂൺ ടോംബ് ആണ് കാണണം എന്ന് ആഗ്രഹിച്ചതിൽ ഇതുവരെ കാണാൻ പറ്റാത്തത്. അപ്പോൾ അത് എന്തായാലും കാണണം. മുന്നേ സൈറ്റ് നോക്കിയതിൽ നിന്നും അഗ്രസേൻ കി ബാവൊളി എന്നൊരു ടൂറിസ്റ്റ് ലൊക്കേഷൻ ദില്ലിയിൽ ഉണ്ടെന്നും വൺ ഓഫ് ദി ബെസ്റ്റ് സെൽഫി സ്പോട്ട് ഇൻ ഡൽഹി എന്ന് ആണ് അത് അറിയപ്പെടുന്നത് എന്നും വായിച്ചറിഞ്ഞിരുന്നു. അധികം സമയം എടുക്കില്ല എന്ന് തോന്നിയതിനാൽ ആദ്യം അങ്ങോട്ട് പോയേക്കാം എന്ന് കരുതി. 

താമസിക്കുന്ന ഹോട്ടലിൻറെ മുന്നിൽ നിന്നും ഓല ക്യാബ് വിളിച്ച് പോകാം എന്നാണ് തീരുമാനിച്ചത്. യൂബറും ഉണ്ടെങ്കിലും ഡൽഹിയിൽ നല്ലത് ഓല ആണെന്ന് അറിഞ്ഞതിനാൽ അത് മതി എന്ന് തീരുമാനിച്ചു. മൊബൈലിൽ എന്തായാലും രണ്ട് ആപ്പും ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. പോക്കറ്റടിയും മാല പൊട്ടിക്കലും സൂക്ഷിക്കണം എന്ന് മുന്നറിയിപ്പ് കിട്ടിയതിനാൽ സ്വർണ്ണം ശരീരത്ത് നിന്നും ഒഴിവാക്കി. മൊബൈൽ മോഷണം പോയാൽ ചുറ്റാതിരിക്കാൻ അത്യാവശ്യം മൊബൈൽ നമ്പരുകൾ പേപ്പറിൽ എഴുതി വച്ചു. അങ്ങനെ വിളിച്ച ഉടനെ വന്ന വാഗണർ ഓല ക്യാബിൽ ഞങ്ങൾ അഗ്രസേൻ കി ബാവൊളി കാണാൻ പുറപ്പെട്ടു. പോകുന്ന വഴിക്ക് റോഡിൻറെ ഇടത് വശത്തായി പുതുതായി പണി കഴിപ്പിക്കുന്ന ഒരു ഭീമൻ നിർമ്മിതി പോലെ ഒരു സംഭവം ഉണ്ട്. കഴിഞ്ഞ ദിവസം അത് വഴി ആഗ്രയിലേക്ക് പോയപ്പോൾ ആണ് ആദ്യമായി ഞാൻ അത് കാണുന്നത്. എന്ത് നിർമ്മിതി ആണെന്ന് ചോദിച്ചപ്പോൾ ആണ് ഡ്രൈവർ പറഞ്ഞു തന്നത്. " അത് നിർമ്മിതി ഒന്നുമല്ല. ഡൽഹിയിലെ വേസ്റ്റ് കൊണ്ടുവന്ന് കൂട്ടുന്നതാണ്. ഒരു പീഠഭൂമി പോലെ തോന്നിച്ച ആ വേസ്റ്റ് നിർമ്മിതിയെ കൺകുളിർക്കെ ഒന്ന് കൂടി കണ്ടു.

ഡൽഹിയിലെ മാലിന്യ മല  
ഏകദേശം 40 മിനിറ്റ് കൊണ്ട് ഞങ്ങൾ കൊണാട്ട് പ്ലേസിന് അടുത്തായി സ്ഥിതി ചെയ്യുന്ന അഗ്രസേൻ കി ബാവൊളിയിൽ എത്തി. വണ്ടിയിൽ നിന്നും ഇറങ്ങുമ്പോൾ അവിടെ ഒരു തകർപ്പൻ മഴ കഴിഞ്ഞ ലക്ഷണം ഉണ്ടായിരുന്നു. വണ്ടിക്കാരനെ പറഞ്ഞുവിട്ട് ഞങ്ങൾ അടുത്ത് തന്നെ സ്ഥിതി ചെയ്യുന്ന ആ ചരിത്ര നിർമ്മിതിയിലേക്ക് കയറി. ബാവോളി എന്നാൽ പടികളുള്ള കിണർ എന്നർത്ഥം. ശരിക്കും ആരാണ് അത് നിർമ്മിച്ചത് എന്ന് ആർക്കും അറിയില്ല. തുഗ്ലക്ക് സുൽത്താന്മാർ അത് ഒന്ന് മോടിപിടിപ്പിച്ചിട്ടുണ്ട് എന്ന് മാത്രമാണ് ആകെ പിടികിട്ടിയ ചരിത്രം. മഹാഭാരത കാലഘട്ടത്തിൽ കൃഷ്ണൻറെ അപ്പൂപ്പൻ ആയിരുന്ന ഉഗ്രസേനൻ അഥവാ അഗ്രസേൻ ആണ് ഇത് പണികഴിപ്പിച്ചത് എന്ന് ഒരു ഐതിഹ്യം ഉണ്ട്. അങ്ങനെയാണ് ഈ പേര് കിട്ടിയത്. റോഡിനോട് ചേർന്ന് ചുമ്മാ കയറി ചെല്ലാവുന്ന ഒരു സ്ഥലം ആണ് അത്. അമീർ ഖാൻറെ പി കെ സിനിമയിലും സൽമാൻ ഖാൻറെ സുൽത്താൻ സിനിമയിലും ഇവിടെ വെച്ച് ഷൂട്ട് ചെയ്ത സീനുകൾ വന്നതോടെയാണ് പുതു തലമുറയുടെ സെൽഫി സ്പോട്ടുകളിൽ ഇവിടം ഇടം പിടിക്കുന്നത്. മറ്റ് സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവിടെ മുഴുവൻ കോളേജ് പിള്ളേർ ആയിരുന്നു സന്ദർശകർ. കരിങ്കല്ലിൽ പണി തീർത്തിരിക്കുന്നു ഏകദേശം 60 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള 108 പടികളുള്ള ഒരു നിർമ്മിതിയാണ് നമ്മൾ അവിടെ കാണുന്നത്. താഴേക്ക് പടികൾ ഇറങ്ങി ചെല്ലാം. പടികളിൽ ഇരുന്ന് ഫോട്ടോ എടുക്കാം. മൂന്ന് തട്ട് ആയിട്ടാണ് താഴേക്കുള്ള ഭിത്തി നിർമ്മിച്ചിട്ടുള്ളത്. ആ തട്ടുകളിലൂടെ നടക്കാം. ഇടയിൽ ഉള്ള ചെറിയ കമാനങ്ങളിൽ നിന്ന് ഫോട്ടോ എടുക്കാം. ഇതൊക്കെയാണ് അവിടെ ചെയ്യാവുന്ന കാര്യങ്ങൾ.

പടി ഇറങ്ങി ചെന്നിട്ടുള്ള ഫോട്ടോ 
ഡൽഹിയിലെ പ്രധാനപ്പെട്ട ഒരു സെൽഫി സ്പോട്ട് എന്നതിൻറെ കൂടെ വേറെ ഒരു കാര്യം കൂടെ ഞാൻ വായിച്ചിരുന്നത് നിമ്മിയോട്‌ പറഞ്ഞിരുന്നില്ല. ഡൽഹിയിലെ ഏറ്റവും ഹോണ്ടഡ് അഥവാ ദുരൂഹമായ സ്ഥലങ്ങളിൽ ഒന്നാണ് അഗ്രസേൻ കി ബാവൊളി എന്നതായിരുന്നു അത്. താഴെ ഇറങ്ങി ചെല്ലുന്നവരെ താഴേക്ക് വീഴാൻ പ്രേരിപ്പിക്കുന്ന ഒരു ശക്തി അവിടെ ഉണ്ടത്രേ. അങ്ങനെ പത്തോളം ആളുകൾ അവിടെ വീഴുകയും രണ്ടുപേർ മരിക്കുകയും ചെയ്‌തെന്നാണ് അതിൽ വായിച്ചത്. അത് മനസ്സിൽ ഉള്ളത്കൊണ്ടാണോ എന്തോ നേരെ കയറി ചെല്ലുന്ന ഏറ്റവും മുകളിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ ഒരു ഭീകരത മനസ്സിൽ അനുഭവപ്പെട്ടു. എന്തായാലും പതിയെ പടികൾ ഇറങ്ങി നോക്കി. ഈ സ്റ്റെപ്പുകൾ താഴേക്ക് ചരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. തന്നെയുമല്ല മഴ പെയ്തതിനാൽ നല്ല നനവും ഉണ്ട്. എന്തായാലും നിമ്മിയോടും മോളോടും അധികം ഇറങ്ങേണ്ട എന്ന് പറഞ്ഞ് ഞാൻ സൂക്ഷിച്ച് താഴേക്ക് ഇറങ്ങി. എല്ലാ പടികളും ഇറങ്ങി ചെല്ലുമ്പോൾ ആകെ ഭീകരത കൂടും. ചതുരത്തിൽ ഉള്ള ഒരു കിണറിൻറെ അടിഭാഗം പോലെ തോന്നിച്ചു. അകത്തേക്ക് നോക്കിയിട്ട് താഴെ വെള്ളം ഒന്നും കണ്ടില്ല. മുകളിലേക്ക് നോക്കിയപ്പോൾ മുകളിൽ നിറയെ വവ്വാലുകൾ പറ്റിപ്പിടിച്ച് കിടക്കുന്നത് കണ്ടു. ഈ ഇറക്കം ഇറങ്ങി ചെന്നത് കൊണ്ടാകാം, അവിടെ നിൽക്കുമ്പോൾ താഴേക്ക് വീഴാൻ പോകുന്നത് പോലെ തോന്നും. എന്തായാലും നിന്ന് റിസ്ക് എടുക്കാൻ പോയില്ല. പതിയെ മുകളിലേക്ക് കയറി. മുകളിൽ ചെന്ന് കുറെ ഫോട്ടോയൊക്കെ എടുത്ത് മടങ്ങാൻ തീരുമാനിച്ചു.

പികെ സിനിമയിൽ ആമിർഖാൻ 
ഹുമയൂൺ സ്മാരകം 

പുറത്തിറങ്ങി ഹുമയൂൺ ടോംബിലേക്ക് പോകാൻ ഓല വണ്ടി വിളിക്കാം എന്നോർത്തപ്പോൾ മുന്നിലായി കുറെ ഓട്ടോകൾ കിടക്കുന്നത് കണ്ടു. തിരക്കിയപ്പോൾ 100 രൂപ ആകുമെന്ന് പറഞ്ഞു. ഓലയിൽ കാണിച്ചത് അത്രയൊക്കെ തന്നെയാണ്. എന്നാൽ പിന്നെ ഓട്ടോ ആകാം എന്ന് വിചാരിച്ച് ഒരെണ്ണത്തിൽ കയറി. പത്ത് മിനിറ്റിനുള്ളിൽ ഞങ്ങളെ ഹുമയൂൺ ടോംബിന്റെ കവാടത്തിൽ ഇറക്കി ഓട്ടോ പോയി. ടിക്കറ്റ് എടുത്ത് വേണം അകത്ത് കയറാൻ. ഡൽഹിയിലും ആഗ്രയിലും എവിടെ ചെന്നപ്പോളും കണ്ട ഒരു കാര്യം എന്താണെന്നു വച്ചാൽ ടിക്കറ്റ് കൗണ്ടറിൽ ക്യാഷ് കൊടുത്തും കാർഡ് കൊടുത്ത് ക്യാഷ്‌ലെസ്സ് ആയും ടിക്കറ്റ് എടുക്കാം. ക്യാഷ്‌ലെസ്സ് പരിപാടിക്ക് പത്ത് രൂപ എങ്കിലും ഒരു ടിക്കറ്റിനുമേൽ കുറവുണ്ടാകും. ഇവിടെയും അങ്ങനെ കണ്ട് ഞാൻ കാർഡ് എടുത്ത് നീട്ടി. കൗണ്ടറിൽ ഇരിക്കുന്നവൻ പറഞ്ഞു. സോറി കാർഡ് എടുക്കില്ല. ക്യാഷ് വേണം എന്ന്. എന്ത് പ്രഹസനം ആണ് സജീ എന്നും പറഞ്ഞ് ഞാൻ ക്യാഷ് കൊടുത്ത് ടിക്കറ്റ് വാങ്ങി ഞങ്ങൾ അകത്ത് കടന്നു.

ഹുമയൂൺ ടോംബ് 
ഞങ്ങൾ ദില്ലിയിൽ കണ്ട അവസാനത്തെ പുരാതന സ്മാരകം ആയ ഹുമയൂൺ ടോംബ് ശരിക്കും ഞങ്ങൾ ആസ്വദിച്ച് കണ്ട ഒരു സ്ഥലം തന്നെ ആയിരുന്നെന്ന് പറയാം. നമ്മളെ നിയന്ത്രിക്കാൻ മറ്റ് സ്ഥലങ്ങളിൽ ഉള്ളപോലെ ആരും ഇവിടെ ഉണ്ടായിരുന്നില്ല എന്നതാണ് കാരണം. തിരക്കും വളരെ കുറവ്. മറ്റ് സ്മാരകങ്ങളെക്കാൾ ഈ നിർമ്മിതിക്ക് ഒട്ടേറെ പ്രത്യേകതകൾ ഉണ്ടായിരുന്നു. മുഗളന്മാർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിർമ്മിച്ച ആദ്യ സ്മാരക മന്ദിരം ആയിരുന്നു അത്. ഇൻഡോ പേർഷ്യൻ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ചുവന്ന സാൻഡ് സ്റ്റോൺ ഉപയോഗിച്ച് നിർമ്മിച്ച ആദ്യ നിർമ്മിതിയും അത് തന്നെ. രണ്ടാമത്തെ മുഗൾ രാജാവായ ഹുമയൂൺ മരിച്ചതിന് ശേഷം അദ്ദേഹത്തിന് ഒരു സ്മാരകമായി അദ്ദേഹത്തിൻറെ ഭാര്യ സുൽത്താന ഹാജി ബീഗം ആണ് ഇത് നിർമ്മിച്ചത്. നിസാമുദ്ദീൻ എന്ന ഭാഗത്ത് നിലകൊള്ളുന്ന ഈ നിർമ്മിതി 1570 ആണ് പണി പൂർത്തിയായത്. മുഗളന്മാരുടെ മാസ്റ്റർപീസ് ആയ സിമട്രിയുടെ ഒരു കളിയാണ് ഇവിടെയും. നടുക്ക് കൂടെ ഒരു വര വരച്ച് മടക്കിയാൽ രണ്ട് ഭാഗവും ഒരുപോലെയിരിക്കും. ഹുമയൂണിനെ കൂടാതെ മുഗൾ രാജകുടുംബത്തിലെ ഒട്ടേറെ പ്രമുഖരെ അവിടെ അടക്കിയിട്ടുള്ളതായി കാണാം. ആർക്ക് വേണമെങ്കിലും എവിടെ വേണമെങ്കിലും കയറാം. ഫോട്ടോ എടുക്കാം. നിയക്കുട്ടി സ്വന്തം വീടിൻറെ അകത്ത് എന്ന പോലെ അതിനകത്ത് പാഞ്ഞ് നടക്കുന്നുണ്ടായിരുന്നു. ഈ ശവകുടീരത്തിൻറെ മാതൃകയിലാണ് പിന്നീട് താജ്മഹൽ പണികഴിപ്പിച്ചത്. അതിനാൽ തന്നെ ഇതിനെ പാവങ്ങളുടെ താജ്മഹൽ എന്നും വിളിക്കാറുണ്ട്. ഈ ശവകുടീരത്തിനെ ചുറ്റി ചാർബാഗ് എന്ന പേരിൽ ഒരു ഉദ്യാനം ഉണ്ട്. പേർഷ്യൻ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ആ ഉദ്യാനം ഇന്ത്യയിൽ അത്തരത്തിൽ ഉണ്ടാക്കിയ ആദ്യത്തേത് ആയിരുന്നു.

ഒരുനാൾ ഇന്ത്യയെ അടക്കി ഭരിച്ച ഹുമയൂൺ ചക്രവർത്തിയുടെ ഖബറിടം 
ഏക്കറുകൾ പടർന്നു കിടക്കുന്ന ആ മഹദ് നിർമ്മിതിയുടെ അടുത്തായി ചെറുതും വലുതുമായ ധാരാളം ശവകുടീരങ്ങൾ കാണാം. അതിൽ പ്രധാനപ്പെട്ടതാണ് സൂരി രാജവംശത്തിലെ പ്രധാനി ആയിരുന്ന ഇസ ഖാൻ നിയാസിയുടെ ശവകുടീരം. ഒരു ചെറിയ കോട്ടമതിൽ കെട്ടി അതിൽ സ്ഥിതി ചെയ്യുന്ന ആ നിർമ്മിതിയെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് മുകളിലൂടെ നമുക്ക് നടക്കാവുന്ന ആ ചെറിയ കോട്ടമതിൽ ആയിരുന്നു. ഇടയ്ക്കിടെ താഴേക്ക് ഇറങ്ങാവുന്ന ചെറിയ പടികൾ ഉള്ള ആ കോട്ടമതിലിലൂടെ നടക്കുമ്പോൾ സമീപത്തായി ധാരാളം ശവകുടീരങ്ങൾ സ്മാരകം ആയും കാട് പിടിച്ച ഖബറിടങ്ങൾ ആയും കാണാൻ സാധിക്കും.

ഇസ ഖാൻ നിയാസിയുടെ സ്മാരകം 
ഇസ ഖാൻറെ സ്മാരകത്തിന് ചുറ്റുമുള്ള കോട്ടമതിൽ 

പരിസരങ്ങളിൽ കാണപ്പെട്ട ചെറിയ സ്മാരകങ്ങൾ 
ഹുമയൂൺ ടോമ്പിൽ നിന്നും ഞങ്ങൾ പുറത്ത് ഇറങ്ങുമ്പോൾ സമയം ഒന്നര ആയിരുന്നു. ഇനി ഭക്ഷണം കഴിക്കണം തിരികെ പോകണം. വൈകിട്ട് താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള ഷോപ്പിംഗ് സെൻററിൽ പോയി ചെറിയ ഷോപ്പിംഗ് കൂടി നടത്തിയാൽ ഡൽഹി പര്യടനം പൂർണ്ണം. നാളെ ഉച്ചയ്ക്കാണ് ഫ്‌ളൈറ്റ്. എന്നാലും രാവിലെ ഇറങ്ങണം. അതിനാൽ നാളെ വേറെ ഒന്നും പ്ലാനിൽ ഇല്ല. ഡൽഹി ബട്ട്ല ഹൗസ് എന്ന സ്ഥലത്ത് നല്ല മട്ടൻ വിഭവങ്ങൾ കിട്ടും എന്ന് കേട്ട് ഇനി അതായിട്ട് കുറക്കണ്ട എന്ന് കരുതി ഒരു ഓട്ടോയിൽ അങ്ങോട്ട് വിട്ടു. ബട്ട്ലഹൗസ് എന്ന സ്ഥലം അല്ലാതെ പ്രത്യേകിച്ച് ഹോട്ടൽ ഒന്നും അറിയില്ലായിരുന്നു. അവിടെ ചെന്നപ്പോൾ നല്ലൊരു മഴ പെയ്ത് മാറിയതിനാൽ റോഡൊക്കെ ആകെ വെള്ളം നിറഞ്ഞു കിടക്കുന്നു. നല്ല ബ്ലോക്കും തിരക്കും. അവസാനം ഓട്ടോക്കാരനോട് നല്ല ഹോട്ടൽ നോക്കി നിർത്താൻ പറഞ്ഞു. ഭാഗ്യത്തിന് പുള്ളി ഡൽഹി കോർപ്പറേഷൻറെ ഒരു കോംപ്ലക്സിൽ കൊണ്ട് ചെന്നാണ് ഞങ്ങളെ വിട്ടത്. ബ്രാൻഡഡ് ഉൾപ്പെടെ ധാരാളം ഹോട്ടലുകൾ അവിടെ ഉണ്ടായിരുന്നു. അതിൽ മുഗൾ ബന്ധം തോന്നിച്ച പേരുള്ള ഒരെണ്ണത്തിൽ കയറി സീറ്റ് പിടിച്ചപ്പോളേക്കും സമയം മൂന്ന് അടുത്തിരുന്നു. മട്ടൻ ബിരിയാണിയും ബട്ടർ നാനും മട്ടൻ ചാപ്സും ആണ് ഓർഡർ ചെയ്തത്. സംഭവം നല്ല ടേസ്റ്റി ആയിരുന്നെങ്കിലും നല്ല ഹെവി ആയിരുന്നു. മിച്ചം വന്ന നാൻ പാർസൽ ചെയ്യാമെന്ന് തീരുമാനിച്ചെങ്കിലും ഇന്നിനി ഒന്നും വയറ്റിലേക്ക് കയറില്ല എന്ന പരുവത്തിലാണ് അവിടെ നിന്നും ഇറങ്ങിയത്. വാതുക്കൽ നിന്നും ഓല ക്യാബിൽ നേരെ താമസസ്ഥലത്തേക്ക്. അതോടെ സംഭവ ബഹുലമായ ഞങ്ങളുടെ ഡൽഹി പര്യടനത്തിന് തിരശീല വീണു. വൈകിട്ട് കണ്ണനും കുടുംബവുമായി പോയി ഒരു ചെറിയ ഷോപ്പിങ് നടത്തി. സാധനങ്ങൾക്കൊക്കെ നല്ല വിലക്കുറവ് അനുഭവപ്പെട്ടു. പ്രത്യേകിച്ചും ഡ്രസ്, ലതർ സാധനങ്ങൾക്ക്. തിരിച്ച് ചെല്ലുമ്പോൾ വിഭവ സമൃദ്ധമായ ഭക്ഷണം ആന്റി തയ്യാറാക്കി വച്ചിരുന്നു. ചോറും, ചിക്കൻ കറിയും, മീൻ വറുത്തതും, ഒക്കെയായി ഒരു വൻ സെറ്റപ്പ് തന്നെ ഉണ്ടായിരുന്നു. വയറ്റിൽ സ്ഥലം ഇല്ലായിരുന്നെങ്കിലും അവരുടെ സ്നേഹം ആണ് ആ വിളമ്പുന്നത് എന്ന് കണ്ട് ആസ്വദിച്ച് കഴിച്ചു. വിജയൻ അങ്കിളിന് രാവിലെ ജോലിക്ക് പോകേണ്ടതുണ്ട്. അതിനാൽ നാളെ കാണില്ല. അപ്പോൾ അങ്കിളിനോട് യാത്രപറഞ്ഞ് ഇറങ്ങി.

രാവിലെ ആയിരുന്നു കണ്ണനൊക്കെ തിരിച്ചുള്ള ഫ്‌ളൈറ്റ്. അവർ പോയി രണ്ട് മണിക്കൂർ കൂടി കഴിഞ്ഞപ്പോൾ ഞങ്ങളും പോകാൻ ഇറങ്ങി. പോയി ആന്റിയോട് യാത്ര പറഞ്ഞു. ആ വീട്ടിൽ ആന്റി വീണ്ടും ഒറ്റയ്ക്കായി മാറിയത് കണ്ടപ്പോൾ വിഷമം തോന്നി. ആന്റിയും വിഷമത്തിൽ ആയിരുന്നു. അങ്ങനെ ഓല ക്യാബിൽ എയർപോർട്ടിലേക്ക് ഞങ്ങൾ യാത്രയായി. നല്ലൊരു പയ്യൻ ആയിരുന്നു ഡ്രൈവർ. എയർപോർട്ടിലേക്ക് വണ്ടി കടന്നതും അതിൻറെ ടയർ പഞ്ചർ. ഇനിയും അരക്കിലോമീറ്റർ കൂടി പോകണം. നല്ല പൊരി വെയിൽ. ഡ്രൈവർ അതുവഴി പോകുന്നവരോട് ഞങ്ങളെ കൂടെ കൊണ്ടുപോകുമോ എന്ന് ചോദിച്ചെങ്കിലും ആരും അടുക്കുന്നില്ല. അവസാനം നൂറ് രൂപ കൊടുക്കാമെന്ന് പറഞ്ഞപ്പോൾ ഒരാൾ ഞങ്ങളെ കൊണ്ട് വന്ന് ഗേറ്റിൽ വിട്ടുതന്നു. അങ്ങനെ മംഗളമായി യാത്രകൾ അവസാനിപ്പിച്ച് ഞങ്ങൾ തിരിച്ച് വിമാനത്താവളത്തിലേക്ക് കയറി. വിമാനം കൃത്യസമയത്ത് തന്നെ ആയിരുന്നു. തിരികെ കൊച്ചിയിൽ എത്തുമ്പോൾ നേരത്തെ വന്ന കണ്ണനും ചിത്രയും ഞങ്ങളെ കാത്ത് നിൽപ്പുണ്ടായിരുന്നു. വീണ്ടും ഒരുമിച്ച് എൻറെ കാറിൽ കയറി വീട്ടിലേക്ക്.

എങ്ങനെ ഉണ്ടായിരുന്നു യാത്ര എന്ന് ചോദിച്ചാൽ മനസിൽ ആദ്യം വരുന്നത് സന്ദർശിച്ച സ്ഥലങ്ങളെക്കാൾ ആതിഥേയത്വം ആണ്. വിജയൻ അങ്കിളിന്റെയും ഷാനി ആന്റിയുടെയും ആതിഥേയത്വം, സിൽവ ചേച്ചിയുടെ വീട്ടിലെ ഡിന്നർ അതൊന്നും മനസ്സിൽ നിന്നും മായാതെ നിൽക്കുന്നു. സന്ദർശിച്ച സ്ഥലങ്ങളെ കുറിച്ച് ചോദിച്ചാൽ എല്ലാം ഇഷ്ടപ്പെട്ടു എന്ന് തന്നെ പറയാം. ആദ്യ ദിനം കണ്ട അക്ഷർധാം ക്ഷേത്രം ആണ് കൂടുതൽ അത്ഭുതപ്പെടുത്തിയത്. ഇനി ഒരിക്കൽ കൂടി ഡൽഹിയിലേക്ക് പോകുന്നതിനെ കുറിച്ച് ആണെങ്കിൽ ഇനി കാണുമ്പോൾ ഈ ചരിത്ര സ്മാരകങ്ങളിൽ എല്ലായിടത്തും കയറി കാണാനുള്ള അനുവാദത്തോടെ വേണം എന്ന് മാത്രമാണ് ആഗ്രഹം ഉള്ളത്. പിന്നെ രാഷ്‌ട്രപതി ഭവനും പാർലമെൻറ് മന്ദിരവും കാണണം.

ദില്ലിയിൽ വെറും നാല് രാത്രിയും അഞ്ച് പകലും മാത്രം ചിലവിട്ട എൻറെ ഈ കുറിപ്പുകൾ യഥാർത്ഥത്തിൽ ഒരു നദിയുടെ കുറുകെയുള്ള പാലത്തിലൂടെ വണ്ടിയിൽ പോകുന്ന ഒരാൾ ആ നദിയെ കുറിച്ച് എഴുതുന്നത് പോലെ മാത്രമാണ്. ആ നദിയുടെ ആഴവും പരപ്പും മനസിലാകണമെങ്കിൽ അതിൽ ഇറങ്ങി നീന്തി തുടിക്കണം. ആദ്യമായി ജപ്പാനിൽ പോയത് ഒരു മാസത്തേക്കാണ്. അതിൽ മൂന്നോ നാലോ ദിവസങ്ങൾ മാത്രമാണ് സ്ഥലങ്ങൾ കാണാൻ സാധിച്ചത്. ആ യാത്രയുടെ സമയത്ത് ഇത്പോലെ കണ്ട കാര്യങ്ങൾ വച്ച് ഒരു ചെറിയ യാത്രക്കുറിപ്പ് എഴുതിയിരുന്നു. പിന്നീട് കൂടുതൽ നാളുകൾ ജപ്പാനിൽ താമസിക്കുകയും അവിടെ ധാരാളം താമസിച്ചിട്ടുള്ള കൂട്ടുകാരുമായി സംസാരിക്കുകയുമൊക്കെ ചെയ്തുകഴിഞ്ഞപ്പോൾ ഞാൻ അന്ന് എഴുതിയതൊക്കെ എന്ത് അറിഞ്ഞിട്ടായിരുന്നു എന്ന തോന്നൽ ആണ് ഉണ്ടാക്കിയത്. ഇവിടെയും അങ്ങനെ കുറവുകൾ ഒക്കെ ഉണ്ടാകും. എന്നാലും ഇത് വരെ ഈ ലേഖനങ്ങൾ വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവർക്കും ഹൃദയത്തിൻറെ ഭാഷയിൽ നന്ദി പറഞ്ഞുകൊള്ളുന്നു.

                                                (അവസാനിച്ചു)

Monday, October 7, 2019

ഡൽഹി ഡേയ്സ് 9 : ആഗ്ര കോട്ട

ഡേ 3: ആഗ്ര കോട്ടആഗ്ര യാത്രയെ കുറിച്ച് പറയുമ്പോളൊക്കെ പ്രസാദ് ചേട്ടൻ അവിടുള്ള തുകൽ ഫാക്ടറികൾ സന്ദർശിക്കുന്നതിനെ കുറിച്ച് പറയുന്നുണ്ടായിരുന്നു. അത്തരത്തിലുള്ള ഒരു ഷോപ്പിംഗ് പ്ലാൻ ഞങ്ങൾക്ക് ഇല്ലാത്തതിനാൽ അതിൽ വലിയ താത്പര്യം ഞങ്ങൾ കാണിച്ചിരുന്നില്ല. താജ്മഹൽ സന്ദർശിക്കുമ്പോൾ കൂടെ ഉണ്ടായിരുന്ന ഗൈഡ് ചേട്ടൻ അവിടെ കൊത്തുപണികൾക്ക് ഉപയോഗിച്ചിരുന്ന രത്നക്കല്ലുകളെ കുറിച്ച് പതിവില്ലാതെ വാചാലനാവുകയും അത് നിർമ്മിക്കുന്ന സ്ഥലത്തൊക്കെ കൊണ്ട് പോയി കാണിച്ചു തരാം എന്ന് പറയുകയും ചെയ്യുന്നുണ്ടായിരുന്നു. അക്ബർ പണികഴിപ്പിച്ച ആഗ്രാ കോട്ട മാത്രമായിരുന്നു ഞങ്ങൾക്ക് മനസ്സിൽ. അല്ലാതെ ആഗ്രയിൽ വേറെ എന്തുണ്ട് എന്ന് അറിയില്ല എന്നതാണ് സത്യം. ഗൈഡിനെ കൊണ്ട് ടിക്കറ്റ് എടുക്കുക എന്നത് ഒഴിച്ചാൽ ഒരു ഗുണവും ഇല്ലായിരുന്നതിനാൽ അയാളെ ഇനി ഒഴിവാക്കി വിടാം എന്നാണ് കരുതിയത്. പക്ഷെ ആള് അങ്ങനെ പോകാൻ ഉദ്ദേശിച്ചിട്ടില്ലായിരുന്നു. വണ്ടിയുടെ അടുത്ത് എത്തിയപ്പോളേക്കും ആള് മുന്നിൽ സീറ്റ് പിടിച്ചു. തുകൽ ഫാക്ടറി കാണാം എന്ന് പറഞ്ഞു. ഞങ്ങൾക്ക് അതിൽ താത്പര്യം ഇല്ല എന്ന് പറഞ്ഞെങ്കിലും ഓടിച്ച് ഒന്ന് കണ്ടേക്കാം എന്നും പറഞ്ഞ് പ്രസാദ് ചേട്ടൻ വണ്ടി അങ്ങോട്ട് വിട്ടു. അവരുടെ ആഗ്ര ടൂർ പാക്കേജ് അങ്ങനെ ആണെന്ന് എനിക്ക് മനസിലായി. അത് പോലെ ആ ഹോട്ടൽ അനുഭവത്തിന് ശേഷം ആഗ്രയിൽ ഞങ്ങൾ ചിലവാക്കുന്ന ഓരോ രൂപയിലും അവർക്ക് കമ്മീഷൻ ഉണ്ടോ എന്ന സംശയം ശക്തമായി മനസ്സിൽ ഉടലെടുക്കുകയും ചെയ്തു. കല്ലുകൾ കൊത്തി മിനുക്കി ആകർഷകമായ രൂപങ്ങളിലേക്ക് മാറ്റുന്ന ഒരു സ്ഥലത്താണ് ഞങ്ങളെ ആദ്യം കൊണ്ടുപോയത്. അതിൽ ഒരു താത്പര്യവും കാണിച്ചില്ല എന്ന് മാത്രമല്ല വിലപ്പെട്ട ഈ സമയം ആ കോട്ടയിൽ ചിലവഴിക്കാൻ സാധിക്കാത്തതിൽ അൽപ്പം അമർഷവും തോന്നിത്തുടങ്ങി. അടുത്ത് തന്നെയുള്ള തുകൽ ഫാക്ടറി എന്ന് അവർ പരിചയപ്പെടുത്തിയ ഷൂ മാർക്കറ്റിലും ഇത് തന്നെ ആയിരുന്നു അവസ്ഥ. പ്രസാദ് ചേട്ടനോട് ഗൈഡിൻറെ ആവശ്യം കഴിഞ്ഞ സ്ഥിതിക്ക് അയാളെ പറഞ്ഞു വിട്ടേക്കാൻ പറയണം എന്നുണ്ടായിരുന്നു. പക്ഷെ നമ്മുടെ നാട്ടുകാരനായ പ്രസാദ് ചേട്ടന് ആ നാട്ടിലുള്ള ബിസിനസ് പങ്കാളികൾ ആയ അവരോട് നമ്മൾ കാരണം ഒരു നീരസം ഉണ്ടാകണ്ടല്ലോ എന്ന തോന്നൽ അങ്ങനെ പറയുന്നതിൽ നിന്നും വിലക്കി.

അങ്ങനെ ആ ഗൈഡ് ചേട്ടനെയും കൊണ്ട് ഞങ്ങൾ അടുത്ത സ്ഥലമായ ആഗ്ര കോട്ടയിലേക്ക് യാത്രയായി. ഇന്ത്യ ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള ഒരു കോട്ടയാണ് ആഗ്രാ കോട്ട. ഒരു പക്ഷെ ഇന്ത്യയിൽ ഇന്ന് നിലവിലുള്ള മറ്റേതൊരു കോട്ടയെക്കാളും. പണ്ട് മുതലേ അവിടെ ഒരു കോട്ട നിലനിന്നിരുന്നതായി രേഖകളുണ്ട്. രജപുത്രർ കൈവശം വച്ചിരുന്ന ആ കോട്ട പിന്നീട് ലോധി ഭരണാധികാരികൾ കൈവശപ്പെടുത്തി. ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ഇബ്രാഹിം ലോദിയെ പരാജയപ്പെടുത്തി ബാബർ ഇന്ത്യയിൽ മുഗൾ ഭരണം തുടങ്ങിയത് ഈ കോട്ടയിൽ നിന്നാണ്. അവിടെ മുതൽ മുഗൾ ചക്രവർത്തിമാർ ആ കോട്ടയിലാണ് താമസിച്ച് ഭരണം നടത്തിയിരുന്നത്. അക്ബർ ചക്രവർത്തിയാണ് കോട്ടയെ ഇന്ന് കാണുന്ന രീതിയിലാക്കിയത്. ഷാജഹാൻ വന്നപ്പോളേക്കും അതിനെ കൂടുതൽ ഭംഗിയാക്കി മാറ്റി.

മുഗളന്മാരുടെ പ്രതാപകാലത്ത് പണികഴിപ്പിച്ച ചെങ്കോട്ടയിൽ നിന്നും വ്യത്യസ്തമാണ് ആഗ്ര കോട്ടയുടെ നിർമ്മിതി. നിരന്തരം ആക്രമണങ്ങൾ നേരിടേണ്ടി വന്നിരുന്ന കാലഘട്ടം ആയിരുന്നതിനാൽ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള കുറെ സംവിധാനങ്ങൾ അവിടെ കാണാം. കാഠിന്യമേറിയ രാജസ്ഥാൻ സാൻഡ് സ്റ്റോൺ കൊണ്ടാണ് കോട്ട നിർമ്മിച്ചിരിക്കുന്നത്. ചുറ്റും നല്ല അഗാധമായ കിടങ്ങുകൾ ഉണ്ട്. ഇത് രണ്ടും ചെങ്കോട്ടയ്ക്കും ഉള്ളത് തന്നെ. ഒരു ആക്രമണം ഉണ്ടായാൽ എളുപ്പത്തിൽ കിടങ്ങിന് കുറുകെയുള്ള പാലം ഉയർത്താനുള്ള സംവിധാനം ആണ് അകത്തേക്ക് കയറുമ്പോൾ ആദ്യം നമ്മുടെ ശ്രദ്ധയിൽ വരുന്നത്. അവിടെ നിന്നും കോട്ടയുടെ പ്രധാന ഭാഗത്തേക്ക് മുകളിലേക്ക് ചരിഞ്ഞ ഒരു കയറ്റമാണ്. ശത്രുക്കൾ ആ പാത വഴി മുകളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചാൽ കാവൽ ഗോപുരത്തിൽ നിന്നും അടയാളം കൊടുക്കുകയും വലിയ തീഗോളങ്ങൾ താഴേക്ക് ഉരുട്ടി വിട്ട് ശത്രുക്കളെ നശിപ്പിക്കാനും സാധിച്ചിരുന്നു.

കോട്ടയിലേക്ക് കയറുന്ന സ്ഥലത്തെ ചരിഞ്ഞ നടവഴി 
കോട്ടയിലെ എമർജൻസി ഡോർ ലോക്കിങ് സിസ്റ്റം 
കയറ്റം കയറി ചെല്ലുമ്പോൾ ആദ്യം കാണുന്നത് അക്ബർ തൻറെ പത്നി ജോധാഭായിക്ക് പണി കഴിപ്പിച്ച കൊട്ടാരമാണ്. അക്ബർ-ജോധാഭായിയുടെ പുത്രൻ ജഹാംഗീറിൻറെ പേരിൽ ആണ് ആ കൊട്ടാരം ഇന്ന് അറിയപ്പെടുന്നത്. മുഗൾ-രജപുത്ര ബന്ധത്തിൻറെ കഥ പറയുന്ന അക്ബർ-ജോധാഭായി പ്രണയകഥയുടെ ബാക്കിപത്രമായ ആ കൊട്ടാരത്തിൽ ജോധാഭായിക്കായി പണികഴിപ്പിച്ച ഒരു ഹൈന്ദവ ആരാധനാലയവും ഉണ്ട്. ഇപ്പോൾ അത് സാധാരണ രീതിയിൽ ഒഴിഞ്ഞ മുറി മാത്രമാണ്. കൊട്ടാരത്തിന് ഒരു നടുമുറ്റം ഉണ്ട്. വിശേഷ അവസരങ്ങളിൽ നൃത്തങ്ങൾ അവിടെ അരങ്ങേറിയിരുന്നു. സ്ത്രീകൾക്കായി ഉണ്ടാക്കിയ മട്ടുപ്പാവുകളും രാജ്ഞിയുടെ മുറിയും ഒക്കെയാണ് അവിടെ പ്രധാനമായും ഉള്ളത്. മണ്ഡപങ്ങൾ പുതുക്കാത്തതിനാൽ കാണാൻ നല്ല പഴമ അനുഭവപ്പെട്ടു. തടസങ്ങൾ ഒന്നും ആരും പറയുന്നില്ലെങ്കിലും അങ്ങോട്ട് ആരും കയറുന്നില്ല. ഞാൻ ഒന്ന് കയറാൻ നോക്കിയെങ്കിലും രൂക്ഷമായ നാറ്റം കാരണം ശ്വാസം പിടിച്ച് തിരിച്ച് പോരേണ്ടിവന്നു. ആൾത്തിരക്ക് ഒഴിഞ്ഞ ഇരുട്ടിൽ താമസമാക്കിയ വവ്വാലുകളും പക്ഷികളുമാണ് വില്ലന്മാർ. കൊട്ടാരത്തിലെ ശൂന്യമായ മുറികളിലൂടെ എല്ലാം നമുക്ക് കയറിയിറങ്ങാം. അങ്ങനെ നടക്കുമ്പോൾ ആ കാലഘട്ടത്തിൽ ആ മുറികളുടെ പ്രൗഢിയും അവിടെ ഉണ്ടായിരുന്ന ജീവിതങ്ങളും ഓർത്ത് നടന്നാൽ നല്ലൊരു 7 D സിനിമ കാണുന്നത് പോലെ തോന്നും. അവിടെയായി ഒരു മുറി കാണിച്ചിട്ട് അതായിരുന്നു മുഗളരുടെ ഗ്രന്ഥശാല എന്ന് കൂടെ അനുഗമിച്ചിരുന്ന ഗൈഡ് പറഞ്ഞു. നല്ല ഉയരത്തിൽ പുസ്തകങ്ങൾ അടുക്കി വെച്ചിരുന്ന ഗ്രന്ഥശാലയുടെ മുകളിൽ കോണി കയറി ചെന്ന് പുസ്തകങ്ങൾ എടുക്കുമ്പോൾ കാൽ വഴുതി വീണാണ് ഹുമയൂൺ ചക്രവർത്തി മരിച്ചത് എന്ന് കേട്ടിട്ടുണ്ട്. അതും ഓർത്തുകൊണ്ട് ആ മുറിയിൽ നിൽക്കുമ്പോൾ മുഗൾ സാമ്രാജ്യത്തിലെ രണ്ടാമത്തെ ചക്രവർത്തിയുടെ മരണം നമുക്ക് മനസ്സിൽ കാണാൻ സാധിക്കും.

അക്ബർ ജോധാഭായിക്ക് നിർമ്മിച്ച് നൽകിയ കൊട്ടാരം. 

ജഹാംഗീറിൻറെ ബാത്ത് ടബ് 

ജോധാഭായിക്ക് പ്രാർത്ഥിക്കാൻ കൊട്ടാരത്തിൽ ഉണ്ടായിരുന്ന ഹൈന്ദവ ആരാധന സ്ഥലം.

കൊട്ടാരത്തിൻറെ നടുമുറ്റത്ത് നിന്നുള്ള കാഴ്ച. ഈ മട്ടുപ്പാവിൽ നിന്നും താഴെ നടക്കുന്ന നൃത്തം ആസ്വദിച്ചിരുന്നു.

മട്ടുപ്പാവിന് താഴെയുള്ള മണ്ഡപങ്ങൾ. വവ്വാലുകൾ താവളം ആക്കിയ ആ സ്ഥലം ക്യാമറ ഫ്ലാഷ് ലൈറ്റിൽ കണ്ടത് 

രാജ്ഞി വിശ്രമിച്ചിരുന്ന മട്ടുപ്പാവ് 

അവിടെ നിന്നും പുറകുവശത്തേക്ക് ഇറങ്ങുമ്പോൾ കാണുന്നത് കോട്ടയുടെ പിൻഭാഗമാണ്. അതി മനോഹരമാണ് അവിടെ നിന്നുള്ള കാഴ്ചകൾ. ദൂരെയായി ഒഴുകുന്ന യമുനാ നദി. അതിൻറെ കരയിൽ വെണ്ണക്കല്ലിൽ തീർത്ത താജ്മഹൽ. ആ മനോഹരമായ കാഴ്ചകൾക്ക് ശേഷം സമീപത്തായി നിൽക്കുന്ന ഒരു മാർബിൾ കൊട്ടാരത്തിലേക്ക് പ്രവേശിക്കാം. ചെങ്കല്ലിൽ തീർത്ത മറ്റ് ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായ ആ വെള്ള കൊട്ടാരം പ്രതീക്ഷിച്ചത് പോലെ ഷാജഹാൻ പണികഴിപ്പിച്ചത് തന്നെ ആയിരുന്നു. മൗസമ്മാൻ ബുർജ് എന്ന ആ കൊട്ടാരത്തിലാണ് ഷാജഹാനെ പിന്നീട് അദ്ദേഹത്തിൻറെ മകൻ ഔറംഗസേബ് വീട്ട് തടവിൽ പാർപ്പിച്ചിരുന്നത്. ആ മുറിയിൽ നിന്ന് നോക്കുമ്പോൾ കാണുന്ന താജ്മഹലിൻറെ സൗന്ദര്യം ഒരു പക്ഷെ അതിൻറെ അടുത്ത് പോയി കണ്ടാലും കിട്ടില്ല എന്ന് പറയാം. അങ്ങനെ തൻറെ പ്രിയതമയുടെ ഓർമ്മയ്ക്കായി പണികഴിപ്പിച്ച താജ്മഹൽ കണ്ടുകൊണ്ട് ആ കൊട്ടാരത്തിൽ വച്ചാണ് മുഗൾ ശില്പകലയുടെ രാജകുമാരൻ അന്തരിച്ചത്.


ആഗ്രാകോട്ടയുടെ പിൻഭാഗത്ത് നിന്നുള്ള കാഴ്ച. ദൂരെ താജ്മഹൽ 

ഷാജഹാനെ ഔറംഗസേബ് തടവിൽ പാർപ്പിച്ചിരുന്ന മുറി.
ഷാജഹാൻറെ തടവറയിൽ നിന്നുള്ള താജ്മഹലിൻറെ ദൃശ്യം.

ആ കൊട്ടാരവുമായി ബന്ധപ്പെട്ട് തന്നെ അടുത്തായി ഒരു ഓപ്പൺ ടെറസ് ദർബാർ കാണാം. ആഗ്ര കോട്ടയിലെ ദിവാൻ ഇ ഖാസ് ആണ് അത്. പ്രൗഢമായ ഒരു സദസ് ആയിരുന്നു അത്. യമുനയിൽ നിന്നുള്ള കാറ്റേറ്റ് തുറസായ ഒരു ദർബാർ. അവിടെ നിന്നും നോക്കിയാൽ കാണുന്ന താജ്മഹൽ. അടുത്തായി രാജ കുടുംബങ്ങൾ പ്രത്യേകിച്ചും സ്ത്രീകൾ താമസിക്കുന്ന മുറികളും അവരുടെ ഒരുക്കങ്ങൾക്കായി നിർമ്മിച്ച ശിഷ് മഹൽ എന്നൊരു കൊട്ടാരവും ഉണ്ട്. അതിലേക്കുള്ള പ്രവേശനം ഇപ്പോൾ നിഷേധിച്ചിരിക്കുകയാണ്. സിറിയയിൽ നിന്നും വരുത്തിയ കണ്ണാടികൾ കൊണ്ട് സമ്പന്നമാണ് അതിൻറെ ഉൾഭാഗം എന്ന് അറിയാൻ കഴിഞ്ഞു. അവിടെ നിന്നും താഴേക്ക് ഇറങ്ങുമ്പോൾ ആഗ്രയിലെ പൊതു ദർബാർ ആയിരുന്ന ദിവാൻ ഇ ആം കാണാം. അവസാന ഭാഗങ്ങൾ എത്തിയപ്പോളേക്കും സമയം അവസാനിച്ചു കഴിഞ്ഞിരുന്നു. ശരിക്കും അര ദിവസം എങ്കിലും പൂർണ്ണമായി നടന്ന് കാണാൻ ഉള്ളതൊക്കെ ആഗ്ര കോട്ടയിൽ ഉണ്ടെന്നു പറയാം. പക്ഷെ അതിൻറെ ഒട്ടേറെ ഭാഗങ്ങൾ മനുഷ്യർ കടക്കാത്തതിനാൽ വവ്വാലുകളും പക്ഷികളും കയ്യടക്കി അവയുടെ വിസർജ്ജ്യത്തിൻറെ നാറ്റം മൂലം അടുക്കാൻ പറ്റാത്ത അവസ്ഥയിലാണ്.

ദിവാൻ ഇ ഖാസിൽ നിന്നുള്ള നടുമുറ്റത്തിന്റെ ദൃശ്യം 
 
ആളുകൾ കൂടി നിൽക്കുന്ന സ്ഥലത്താണ് ദിവാൻ ഇ ഖാസ് എന്ന ദർബാർ നടന്നിരുന്നത് 

ദിവാൻ-ഇ-ആമിൽ സുൽത്താൻ ഇരുന്നിരുന്ന സ്ഥലം.

ദിവാൻ-ഇ-ആമിൻറെ പുറത്ത് നിന്നുള്ള കാഴ്ച്ച 

അങ്ങനെ ആഗ്രയിലെ പ്രധാന രണ്ട് ചരിത്ര സ്മാരകങ്ങൾ കണ്ടതിന്റെ സന്തോഷത്തിൽ ഞങ്ങൾ തിരികെ ദില്ലിയിലേക്ക് യാത്രയ്ക്കായി വണ്ടിയിൽ കയറി. തിരികെ പോകുമ്പോൾ കയറിയ സ്ഥലത്ത് തന്നെ ഗൈഡ് ചേട്ടൻ ഇറങ്ങി. ഒരു സ്മാരകത്തിന് 500 രൂപ വച്ച് ആയിരം രൂപ ആയിരുന്നു അദ്ദേഹത്തിൻറെ ചാർജ്ജ്.

നടന്ന് ഈ സ്ഥലങ്ങൾ കണ്ടുകഴിഞ്ഞപ്പോൾ എല്ലാവരും ആകെ ക്ഷീണിച്ചു കഴിഞ്ഞിരുന്നു. ഇനി മൂന്ന് മൂന്നര മണിക്കൂർ എടുക്കും താമസസ്ഥലത്ത് എത്താൻ. ഇപ്പോൾ സമയം ആറര ആയിരിക്കുന്നു. എന്തായാലും പത്ത് മണി കഴിയും അവിടെ എത്തുമ്പോൾ. എത്ര താമസിച്ചാലും അവിടെ എത്തുമ്പോൾ ഞങ്ങളെ കാത്ത് ഡിന്നർ ഒരുക്കി ഒരാൾ ഇന്ന് കാത്തിരിപ്പുണ്ട് എന്ന് ആന്റി വിളിച്ച് പറഞ്ഞതിനാൽ പുറത്ത് നിന്നും ഒന്നും കഴിക്കണ്ട എന്ന് തീരുമാനിച്ചു. ഷാനി ആന്റിയുടെ അടുത്ത സുഹൃത്തും അടുത്ത കോംപ്ലക്സിൽ താമസിക്കുന്ന ആളുമായ സിൽവ ചേച്ചിയാണ് കക്ഷി. ആലപ്പുഴ കൈനകരി സ്വദേശിനിയായ സിൽവ ചേച്ചി ഡൽഹിയിൽ സ്കൂൾ ഹെൽത്ത് നേഴ്സ് ആയി ജോലി നോക്കുന്നു. ഞങ്ങൾ ചെല്ലും എന്ന് പറഞ്ഞപ്പോൾ മുതൽ ആലപ്പുഴക്കാരായ നാട്ടുകാരെ ഒന്ന് കാണണം എന്ന് പറഞ്ഞ് എപ്പോളും ആന്റിയുടെ വീട്ടിൽ വരാറുണ്ടായിരുന്നു ചേച്ചി. പക്ഷെ ഞങ്ങൾ ഡൽഹിയിൽ കാലുകുത്തിയ നിമിഷം മുതൽ കറക്കം ആയതിനാൽ ഇതുവരെ നേരിൽ കാണാൻ സാധിച്ചില്ല. അതിനിടയ്ക്ക് സംസാരത്തിൽ ചേച്ചിക്ക് എൻറെ നാടായ പൊള്ളേത്തൈയിൽ ബന്ധുക്കൾ ഉണ്ടെന്ന് പറഞ്ഞതായി അറിഞ്ഞു. അതാരപ്പാ എന്ന് അന്വേഷിച്ച് ഫേസ്ബുക് മുഖേന ഒന്ന് പരതിയപ്പോളാണ് ഞങ്ങളുടെ കുടുംബ സുഹൃത്തായ പാലക്കാട്ടിൽ രാജൻ ചേട്ടൻറെ അനന്തിരക്കാരി ആണ് സിൽവ ചേച്ചി എന്ന് അറിഞ്ഞത്. നാട്ടിലെ പ്രിയപ്പെട്ട അനുക്കുട്ടൻ ചേട്ടന്റെയും ബോസ് ചേട്ടന്റെയും ഒക്കെ കസിൻ. അങ്ങനെ നിമിഷങ്ങൾ കൊണ്ട് ഫേസ്ബുക് വഴി ഞങ്ങൾ പരിചയക്കാരും ആയി കഴിഞ്ഞിരുന്നു. എന്നാലും ഇന്ന് സിൽവ ചേച്ചി ഡിന്നർ തരാമെന്ന് പറഞ്ഞപ്പോൾ ഒരു വൈക്ലബ്യം തോന്നി. എന്തായാലും പത്ത് മണി കഴിയും അവിടെ എത്തുമ്പോൾ. അതിന് ശേഷം ഒക്കെ ഒരു വീട്ടിൽ വിരുന്ന് ചെല്ലുക എന്നൊക്കെ പറഞ്ഞാൽ എങ്ങനാ എന്ന് ഓർത്തിട്ടായിരുന്നു അത്. അതൊന്നും സാരമില്ല എത്ര രാത്രി ആയാലും വന്നേ തീരൂ. ഇല്ലെങ്കിൽ ഉണ്ടാക്കിയ സാധനങ്ങൾ ഒക്കെ രാവിലെ നിങ്ങളെക്കൊണ്ട് തീറ്റിക്കും എന്ന ഭീഷണി കേട്ടപ്പോൾ വൈക്ലബ്യം ഒക്കെ അങ്ങ് മാറി. പത്തര ആയി ഞങ്ങൾ താമസസ്ഥലത്ത് എത്തിയപ്പോൾ. പ്രസാദ് ചേട്ടന് നന്ദി പറഞ്ഞ് യാത്രയാക്കിയ ശേഷം ഞങ്ങൾ ഷാനി ആന്റിയുടെ വീട്ടിൽ എത്തി. മോൾ ഉറങ്ങിയിരുന്നു. അവിടെ ചെന്ന് ആന്റിയെയും അങ്കിളിനെയും കൂട്ടി ഞങ്ങൾ സിൽവ ചേച്ചിയുടെ അപ്പാർട്ട്മെന്റിലേക്ക് നടന്നു. അടുത്ത് തന്നെയാണ് അവരുടെ കോംപ്ലക്സ്. മൂന്നാമത്തെ നിലയിൽ ഏറെക്കുറെ ഷാനി ആന്റിയുടെ പോലത്തെ ഒരു അപ്പാർട്ട്മെൻറ്. സിൽവ ചേച്ചിയും ഭർത്താവ് ദേവദാസ് ചേട്ടനും ഞങ്ങളെ കാത്ത് ഭക്ഷണം ഒരുക്കി ഇരിപ്പുണ്ടായിരുന്നു. അത്ഭുതം തോന്നി, ആദ്യമായി കാണുന്ന ഞങ്ങൾക്കായി അവർ ഒരുക്കിവെച്ച സ്നേഹവും വിരുന്നും കണ്ടപ്പോൾ. തൂവെള്ള ചോറും, ചിക്കൻ കറിയും ദാൽ കറിയും മീൻ വറുത്തതും അച്ചാറുകളും ഒക്കെയായി ആകെ തിന്ന് പടമായി . മേമ്പൊടിയായി പായസവും കൂടെ ആയതോടെ കുശാൽ ആയി. കുറെ നേരം സംസാരിച്ച് ഇരുന്നതിന് ശേഷമാണ് ഞങ്ങൾ അവിടെ നിന്നും പടിയിറങ്ങിയത്. ആദ്യമായി ആണ് അവരെ കാണുന്നത് എന്ന കാര്യം പോലും അവിടെ ചെന്ന് നിമിഷങ്ങൾക്കുള്ളിൽ മനസ്സിൽ നിന്നും മാഞ്ഞു പോയി എന്നതാണ് വാസ്തവം. മറക്കാനാവാത്ത ഒരു അനുഭവം ആയിരുന്നു രാത്രി പതിനൊന്നിന് ശേഷം ഉള്ള ആ പരിചയപ്പെടലും സ്‌നേഹവിരുന്നും.

സിൽവ ചേച്ചിയുടെ വീട്ടിൽ വച്ച് ഒരു സെൽഫി. പുറകിൽ സിൽവ ചേച്ചി, നിയ, നിമ്മി, ഷാനി ആന്റി, വിജയൻ അങ്കിൾ, ചിത്ര, കണ്ണൻ, ദേവദാസ് ചേട്ടൻ 
തിരികെ ഞങ്ങൾ റൂം എത്തിയപ്പോൾ സമയം പന്ത്രണ്ട് കഴിഞ്ഞിരുന്നു. ഇനി ഒരു പകൽ കൂടി മാത്രമേ ഡൽഹിയിൽ അവശേഷിക്കുന്നുള്ളൂ. നാളെ ചെറിയ ഷോപ്പിംഗ് നടത്തണം. ഇനിയും കാണാൻ ഉള്ള സ്ഥലങ്ങൾ പറ്റിയാൽ കാണണം. എന്തായാലും നാളെ കാഴ്ച കാണാൻ ഇല്ലെന്ന് കണ്ണൻ പറഞ്ഞതിനാൽ തനിയെ ഒന്ന് കറങ്ങാൻ ഞങ്ങൾ തീരുമാനിച്ചു. ആ വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ.

                                                                                                      (തുടരും)

Sunday, October 6, 2019

ഡൽഹി ഡേയ്സ് 8 : താജ്മഹൽ

ഡേ 3: താജ്മഹൽ


ഞങ്ങളുടെ ഡ്രൈവർ പ്രസാദ് ചേട്ടൻ ആണെങ്കിൽ മഥുരയിൽ നിന്ന് ആഗ്രയിലേക്കുള്ള എക്സ്പ്രസ് ഹൈവേയിലേക്ക് കയറിയപ്പോൾ മുതൽ വണ്ടി ഒരു 80-90 കിലോമീറ്റർ സ്പീഡിൽ പിടിപ്പിച്ച് ഒരു കയ്യിൽ മൊബൈലും പിടിച്ച് ഫുൾ ബിസിനസ് ഡീലിങ്സ് ആണ്. ആറുവരിയിൽ നീണ്ടുകിടക്കുന്ന ആ പാതയിലെ അനുവദനീയമായ വേഗ പരിധി 100 കിലോമീറ്റർ ആണ്. സ്പീഡ് ക്യാമറകൾ ഇല്ലതാനും. ഓരോ വണ്ടികൾ ഞങ്ങളെ ഓവർടേക് ചെയ്ത് പാഞ്ഞു പോകുന്നതും നോക്കി ഞാൻ പ്രസാദ് ചേട്ടനെ നോക്കുന്നത് കണ്ടപ്പോൾ പുള്ളിക്കാരൻ എന്താ വണ്ടി ഓടിക്കുന്നുണ്ടോ എന്നൊരു ചോദ്യം. അത് കേൾക്കാൻ കാത്തിരുന്നപോലെ ഞാൻ വണ്ടി ഒതുക്കാൻ പറഞ്ഞു. പുള്ളിയും ഹാപ്പി ഞാനും ഹാപ്പി. സ്വസ്ഥമായി ഇരുന്ന് ഫോണിൽ ട്രിപ്പുകൾ അറേഞ്ച് ചെയ്യാൻ പറ്റിയതിന്റെ സന്തോഷം പ്രസാദ് ചേട്ടന്, ഒരിക്കലും സാധിക്കില്ല എന്ന് കരുതിയ എക്സ്പ്രസ് ഹൈവേയിലൂടെയുള്ള വണ്ടിയോടിക്കൽ സാധിച്ചതിന്റെ സന്തോഷം എനിക്കും.. ആ സന്തോഷത്തിൽ വണ്ടി അങ്ങ് നൂറിന് മുകളിലേക്ക് പറന്നു. പെട്ടെന്ന് സ്ഥലത്ത് എത്തിയാൽ അത്രയും കൂടുതൽ സ്ഥലങ്ങൾ കാണാമല്ലോ എന്നൊരു ചിന്തയും ഉണ്ടായിരുന്നു എൻറെ മനസ്സിൽ.

യമുന എക്സ്പ്രസ് ഹൈവേയിലൂടെ ഒരു പറപ്പിക്കൽ 
അങ്ങനെ വളരെ പെട്ടെന്ന് തന്നെ ഞങ്ങൾ ആഗ്ര എത്തി യമുനാ എക്സ്പ്രസ് വേ യോട് വിടപറഞ്ഞു. വണ്ടിയുടെ നിയന്ത്രണം വീണ്ടും പ്രസാദ് ചേട്ടനെ ഏൽപ്പിച്ച് ഞാൻ സൈഡിലേക്ക് മാറി. ഉച്ച സമയം ആയി. താജ്മഹലിൽ കയറിയാൽ ഇറങ്ങാൻ താമസിച്ചാലോ എന്നോർത്ത് ആദ്യം ഭക്ഷണം കഴിക്കാം. എന്നിട്ടാകാം സന്ദർശനം എന്ന് തീരുമാനിച്ചു. അങ്ങനെ ആഗ്രയിൽ പ്രസാദ് ചേട്ടൻ സ്ഥിരം കയറാറുള്ള ഹോട്ടലിൽ ഉച്ച ഭക്ഷണത്തിന് ഇറങ്ങി. ഇതും പുള്ളി ആദ്യം ഞങ്ങളെ കൊണ്ടുപോയ പോലത്തെ ഒരു ഹോട്ടൽ ആയിരുന്നു. ഇത് നോൺ വെജ് ആണെന്നുള്ള വ്യത്യാസം മാത്രം. വേറെ ഒരു മേശയുടെ മുന്നിൽ മാത്രം ആളുള്ളൂ. ഞങ്ങൾ ചെന്നതോടെ അവരും പോയി. ഓർഡർ കൊടുത്ത് കുറേ സമയം കഴിഞ്ഞാണ് വിഭവങ്ങൾ മുന്നിൽ എത്തിയത്. ടേസ്റ്റ് സാധാരണം ആയിരുന്നു. ബില്ല് പക്ഷെ മാരകം ആയിരുന്നു താനും. ഇറങ്ങാൻ നേരം നിമ്മി എന്നോട് ബില്ല് ഒന്ന് ശരിക്ക് കൂട്ടി നോക്കണം എന്ന് പറഞ്ഞതിനാൽ കൂട്ടി നോക്കിയിരുന്നു. പറഞ്ഞ സാധനങ്ങൾ എല്ലാം ബില്ലിൽ ഉണ്ട്. മെനുവിൽ ഉള്ള വില തന്നെ എഴുതിയിട്ടും ഉണ്ട്. കൂട്ടി നോക്കിയപ്പോൾ തുക കൃത്യവുമാണ്. വണ്ടിയിൽ കയറിക്കഴിഞ്ഞ് പറയുമ്പോൾ ആണ് ഈ കൂട്ടിക്കിട്ടിയ തുക അല്ലല്ലോ അവർ മേടിച്ചത് എന്ന് മനസിലായത്. കൂട്ടിയതിന് താഴെ GST  ഒക്കെ എഴുതിയതിന് ശേഷം ഒരു കണക്കിലും പെടാതെ ഒരു 250 രൂപ എഴുതിയിരിക്കുന്നു. അതാണെങ്കിൽ ആരും ശ്രദ്ധിക്കാതെയിരിക്കാൻ വലിയൊരു സീൽ ചെയ്ത് മറച്ചിട്ടുമുണ്ട്. അങ്ങനെ ആദ്യമായി ഒരു ചെറിയ പണി കിട്ടി എന്ന് മനസിലായി.

ഊണ് കഴിച്ചിറങ്ങിയപ്പോളേക്കും ഞങ്ങളെക്കാത്ത് അയാൾ പുറത്ത് നിൽപ്പുണ്ടായിരുന്നു. പ്രസാദ് ചേട്ടൻ ഏർപ്പാടാക്കിയ ഗൈഡ്. ബംഗാൾ സ്വദേശിയായ വിമൽ ബാനർജി. താജ്മഹലിൽ നല്ല തിരക്ക് ഉണ്ടാകുമെന്നും ടിക്കറ്റ് എടുക്കുന്നതിനൊക്കെ ഗൈഡ് ഉണ്ടെങ്കിലേ നടക്കൂ, ക്യാമറ ഉണ്ടെങ്കിലും അവിടെയുള്ള പ്രൊഫഷണൽ ഫോട്ടോ ഗ്രാഫർമാരോട് പറഞ്ഞ് എല്ലാവരും കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം. അത് അവർ നിങ്ങളുടെ മൊബൈലിൽ കയറ്റിത്തരും എന്നൊക്കെ പ്രസാദ് ചേട്ടൻ മുന്നേ ഒരു ക്ലാസ് എടുത്തിരുന്നു. ഹോട്ടലിൽ നിന്നും തേപ്പ് കിട്ടിയതോടെ ഇനി അത്രയ്ക്ക് പുള്ളിയുടെ സെറ്റപ്പുകൾ സ്വീകരിക്കേണ്ട എന്ന് ഞങ്ങൾ മനസാ തീരുമാനിച്ചിരുന്നു. എന്തായാലും വിളിച്ചു വരുത്തിയ ഗൈഡിനെ കൂടെ കൊണ്ടുപോകാൻ തന്നെ തീരുമാനിച്ചു. ഒരു സ്ഥലത്ത് വണ്ടി നിർത്തിയിട്ട് താജ്മഹൽ പരിസ്ഥിതി ലോല പ്രദേശം ആയതിനാൽ അങ്ങോട്ട് ടാക്സി വണ്ടികൾ കടത്തിവിടില്ല എന്ന് പറഞ്ഞതിനാൽ ഒരു ഇലക്ട്രിക് ഓട്ടോയിലാണ് ഞങ്ങൾ അടുത്തേക്ക് പോയത്.

താജ്മഹലിൻറെ കിഴക്കേ ഗേറ്റ് വഴിയാണ് ഞങ്ങൾ അകത്തേക്ക് കടന്നത്. നല്ല തിരക്ക് ഉണ്ടായിരുന്നു. ക്യൂ ഒന്നും നമുക്ക് ബാധകമല്ല എന്ന മട്ടിൽ നമ്മുടെ ഗൈഡ് ചേട്ടൻ നേരെ മുന്നിലേക്ക് ചെന്ന് എല്ലാവർക്കും ടിക്കറ്റ് വാങ്ങിച്ചു തന്നു. പുള്ളിയെ വിളിച്ചത് നന്നായി എന്ന് തോന്നിയ ഏക സന്ദർഭം ആയിരുന്നു അത്. സെക്യൂരിറ്റി പരിശോധന കഴിഞ്ഞ് കോംബൗണ്ടിന് അകത്തേക്ക് പ്രവേശിക്കുമ്പോൾ നാം കാണുന്നത് ഗ്രേറ്റ് ഗേറ്റ് അഥവാ ദർവാസാ-ഇ-റൗസ എന്ന പേരുള്ള വലിയൊരു കവാടം ആണ്. അതിനു മുന്നിലായി അത്യാവശ്യം നല്ല ആൾത്തിരക്കും ഉണ്ടായിരുന്നു. അടുത്തേക്ക് ചെന്നപ്പോളാണ് അത് ആൾത്തിരക്ക് അല്ല, കൂട്ടം കൂടി നിൽക്കുന്ന ഫോട്ടോഗ്രാഫർമാർ ആണെന്ന് മനസിലായത്. അവർ വന്ന് നമ്മളെ ഒട്ടി തുടങ്ങും. താജ്മഹൽ വെച്ച് വിവിധ രീതിയിൽ അവർ എടുത്ത ചിത്രങ്ങൾ കാണിക്കും. അതേപോലെയൊക്കെ നമ്മൾക്കും എടുത്ത് തരാം, കൂടെ വരാം, മൊബൈലിൽ ട്രാൻസ്ഫർ ചെയ്ത് തരാം എന്നൊക്കെ പറഞ്ഞ് വിടാതെ കൂടും. ഞാൻ കയ്യിൽ ഉണ്ടായിരുന്ന ക്യാമറ ഉയർത്തിക്കാട്ടി ഞാനും ഫോട്ടോഗ്രാഫർ ആണെന്ന് പറഞ്ഞ് ഒഴിവാക്കി വിട്ടുകൊണ്ടിരുന്നു. പ്രസാദ് ചേട്ടൻറെ ടൂർ പാക്കേജിൽ സ്ഥിരം കൂടാറുള്ള ഫോട്ടോഗ്രാഫർമാർ ആണെന്ന് തോന്നുന്നു. ഒന്ന് രണ്ട് പേർ ചെന്ന് ഗൈഡ് ചേട്ടനോട് കയ്യും കലാശവും കാണിക്കുന്നുണ്ടായിരുന്നു. ഇപ്പോൾ ശരിയാക്കിത്തരാം എന്നും പറഞ്ഞ് പുള്ളി എന്നോട് വന്ന് പ്രൊഫഷണൽ ഫോട്ടോഗ്രാഫേഴ്സ് ആണ് സാർ, ഭാവിയിൽ നിങ്ങൾക്ക് ഓർത്തിരിക്കാവുന്ന രീതിയിൽ ചിത്രങ്ങൾ എടുത്ത് തരും എന്നും പറഞ്ഞ് ഒന്ന് റെക്കമെൻറ് ചെയ്ത് നോക്കി. ഞാൻ ക്യാമറ കാണിച്ച് പുള്ളിയോട് ഞാനും നാട്ടിൽ പ്രൊഫഷണൽ ഫോട്ടോഗ്രാഫർ തന്നെ ആണ്. കാണാൻ ഒരു ലുക്ക് ഇല്ലെന്നേ ഉള്ളൂ. ഭയങ്കര സംഭവം ആണെന്നൊക്കെ വെച്ച് കാച്ചി. അതോടെ ചേട്ടൻ ആ ശ്രമം ഉപേക്ഷിച്ച് ക്യാമറക്കാരെ പൊയ്ക്കോ പൊയ്ക്കോ എന്ന് കാണിച്ച് അകറ്റി.

ഈസ്റ്റ് ഗേറ്റ് കടന്ന് ചെല്ലുമ്പോൾ കാണുന്ന ഗ്രേറ്റ് ഗേറ്റിൻറെ ദൃശ്യം 
താജ്മഹലിലേക്കുള്ള പ്രവേശനം ആരംഭിക്കുന്നത് ആ ഗ്രേറ്റ് ഗേറ്റ് മുതലാണ്. അവിടം മുതൽ നമുക്ക് ആ മനോഹര നിർമ്മിതി ദൃശ്യമായി തുടങ്ങും. താജ്മഹലിനെ ഇന്ത്യക്കാർക്ക് പരിചയപ്പെടുത്തിക്കൊടുക്കേണ്ട കാര്യം ഇല്ല. ആധുനിക കാലത്തെ ഏഴ് ലോകാത്ഭുതങ്ങളിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ നിർമ്മിതി. ഷാജഹാൻ ചക്രവർത്തി തൻറെ പത്നി മുംതാസ് മഹൽ മരിച്ചപ്പോൾ ഓർമ്മയ്ക്കായി പണികഴിപ്പിച്ച വെണ്ണക്കൽ മന്ദിരം. ഇതൊക്കെ ഏതൊരു കുട്ടിക്കും അറിയാവുന്ന കാര്യങ്ങളാണ്. എനിക്കും ഏറെക്കുറെ അങ്ങനെയൊക്കെ തന്നെയാണ് അവിടെ ചെല്ലുമ്പോൾ ഉണ്ടായിരുന്ന വിവരങ്ങൾ. എന്നാലും വായിച്ചറിഞ്ഞ കുറച്ചു കാര്യങ്ങൾ സൂചിപ്പിച്ചിട്ട് നേരിൽ കണ്ട കാര്യങ്ങളിലേക്ക് കടക്കാം.

നിർമ്മിതിയുടെ രാജകുമാരൻ എന്നറിയപ്പെട്ടിരുന്ന ഷാജഹാന് മൂന്ന് പത്നിമാർ ആണ് ഉണ്ടായിരുന്നത്. അതിൽ പേർഷ്യയിൽ നിന്നുള്ള സുന്ദരി ആയിരുന്നു അർജുമന്ദ് ബാനു ബീഗം എന്ന പേരുള്ള പിൽക്കാലത്ത് മുംതാസ് മഹൽ എന്നറിയപ്പെട്ട അദ്ദേഹത്തിൻറെ രാജ്ഞി. പതിന്നാലാം പ്രസവത്തോട് അനുബന്ധിച്ച് ഉണ്ടായിരുന്ന രക്തസ്രാവത്തെ തുടർന്നാണ് മുംതാസ് മരിക്കുന്നത്. ആ സമയത്ത് ഡക്കാൻ മേഖലയിൽ യുദ്ധത്തിലായിരുന്ന ഷാജഹാൻ ഭാര്യയുടെ സമീപം ഓടിയെത്തുകയുണ്ടായി. മറ്റ് ഭാര്യമാരേക്കാൾ ബുദ്ധിയും സൗന്ദര്യവും ഉണ്ടായിരുന്ന മുംതാസിനോട് ഷാജഹാന് പ്രത്യേകമായ ഇഷ്ടം ഉണ്ടായിരുന്നു. മരിച്ച പത്നിക്കായി ഒരു സ്മാരകം പണികഴിപ്പിക്കണം എന്ന് തീരുമാനിച്ച അദ്ദേഹം ആദ്യം മുംതാസിനെ അടക്കിയത് താപ്തി നദീ തീരത്തുള്ള സൈനബാദ് എന്ന സ്ഥലത്താണ്. അദ്ദേഹത്തിൻറെ പ്രിയങ്കരനായ ശില്പി ഉസ്താദ് അഹമ്മദ് ലാഹോറിയുടെ നേതൃത്വത്തിൽ ഇരുപതിനായിരത്തോളം തൊഴിലാളികൾ രാപ്പകൽ ഇരുപത്തിരണ്ട് വർഷം അദ്ധ്വാനിച്ചാണ് ഈ നിർമ്മിതി പൂർത്തിയാക്കിയത്. ചുറ്റിനുമുള്ള നിർമ്മിതികൾ പൂർത്തിയാക്കാൻ വീണ്ടും അഞ്ച് വർഷം വേണ്ടിവന്നു. രാജസ്ഥാൻ, പേർഷ്യ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള മുന്തിയ ഇനം വെണ്ണക്കൽ മാർബിളുകളാണ് പണിക്കായി ഉപയോഗിച്ചത്. ആ കാലത്ത് 32 കോടി രൂപയുടെ ചിലവാണ് ചരിത്രകാരന്മാർ താജ്മഹലിന്റെ നിർമ്മിതിക്ക് കണക്കാക്കിയിട്ടുള്ളത്. 1652 ഇൽ പണികഴിപ്പിച്ച ഈ മഹാത്ഭുതം 1983 മുതൽ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

താജ്മഹലിനെ കുറിച്ച് ധാരാളം കഥകൾ പ്രചാരത്തിലുണ്ട്. പകൽ വെയിലിൽ അതിൻറെ നിറം മാറി മാറി വരുന്നതായി തോന്നാറുണ്ട്. ഒരു സ്ത്രീയുടെ മനസിലെ മൂഡ് മാറി വരുന്നത് പോലെയാണ് അത് എന്നതാണ് അതിൽ യാഥാർഥ്യമായ ഒരു കഥ. ഏറ്റവും പ്രചാരത്തിലുള്ള രണ്ടാമത്തെ കഥ, താജ്മഹൽ നിർമ്മിച്ച ശിൽപ്പിയുടെയും അനുയായികളുടെയും കരം ഷാജഹാൻ ഛേദിച്ചു കളഞ്ഞതായുള്ളതാണ്. ഇനി അതുപോലൊരു നിർമ്മിതി അവർ ഉണ്ടാക്കാതെയിരിക്കാൻ ആണത്രേ അങ്ങനെ ഒരു കടുംകൈ അദ്ദേഹം ചെയ്തത്. തികച്ചും തെറ്റായ ഒരു കഥയാണ് അത്. നല്ല രീതിയിൽ തന്നെ പാരിതോഷികം ഷാജഹാൻ പണിക്കർക്ക് നൽകുകയുണ്ടായി എന്ന് മാത്രമല്ല പ്രധാന ശിൽപ്പി ഉസ്താദ് അഹമ്മദ് ലാഹോറി അദ്ദേഹത്തിൻറെ സദസ്സിലെ പ്രമുഖ സാന്നിധ്യം കൂടെ ആയിരുന്നു. പ്രധാനമന്ത്രിയെ പോലൊരു സ്ഥാനം അദ്ദേഹത്തിന് ഷാജഹാൻ നൽകിയിരുന്നു. മൂന്നാമത്തെ കഥ, യമുനാ നദിക്ക് അക്കരെ ഒരു കറുത്ത താജ്മഹൽ തനിക്കായി നിർമ്മിക്കാൻ ഷാജഹാൻ ആഗ്രഹിച്ചിരുന്നു എന്നതാണ്. താജ്മഹലിൽ നിന്നും അക്കരെയിലേക്ക് നോക്കുമ്പോൾ അങ്ങനെ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഫൗണ്ടേഷൻ കിട്ടിയപോലെ ഒരു നിർമ്മിതി അവിടെ കാണാം. പണി ഇടയ്ക്ക് നിർത്തിയതാണെന്ന് പറഞ്ഞാൽ വിശ്വസിക്കാതെ തരമില്ല. എന്നാൽ അത് യഥാർത്ഥത്തിൽ താജ് മഹൽ കോംപ്ലക്‌സിന്റെ ഭാഗമായ മെഹ്താബ് ബാഗ് അഥവാ മൂൺലൈറ്റ് ഗാർഡൻ ആണ് അത്. യമുനാ നദിയിലെ വെള്ളപ്പൊക്കത്തിൽ തകർച്ച നേരിട്ട ഒരു ഭാഗം. മരണ സമയത്ത് ഓടിയെത്തിയ ഷാജഹാനോട് മുംതാസ് രണ്ട് കാര്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഒന്ന് തനിക്കായി ഒരു സ്മാരകം പണിയണം, രണ്ട് ഷാജഹാൻ ഇനി കല്യാണം കഴിക്കരുത് എന്നതാണ് ഞങ്ങളുടെ ഗൈഡ് പറഞ്ഞുതന്ന വേറൊരു കഥ. അതും സത്യമല്ല. മുംതാസിൻറെ മരണശേഷം ഷാജഹാൻ എട്ട് കല്യാണങ്ങൾ കൂടി കഴിച്ചു എന്നതാണ് ചരിത്രം!!.

ഇതൊക്കെ ചരിത്രത്തിലും കഥകളിലും പറഞ്ഞ കാര്യങ്ങൾ. നേരിൽ ചെല്ലുമ്പോൾ നമ്മളെ ആദ്യം തന്നെ ആകർഷിക്കുന്നത് ആ സ്മാരകത്തിൻറെ വലുപ്പമാണ്. മലയാളികളിൽ ഭൂരിഭാഗവും കുത്തബ് മീനാറിനെക്കാൾ ഉയരം താജ്മഹലിന് ഉണ്ടെന്ന് അറിഞ്ഞത് ജയറാമിൻറെ വൺ മാൻ ഷോ എന്ന സിനിമയിൽ കൂടെ ആണെന്ന് തോന്നുന്നു. ഉയരം മാത്രമല്ല സമീപത്ത് നിൽക്കുന്ന ആളുകളുടെ വലുപ്പവുമായി താരതമ്യം ചെയ്ത് നോക്കുമ്പോളാണ് ആ നിർമ്മിതിയുടെ വലുപ്പം ശരിക്കും മനസിലാകുന്നത്. ദർവാസാ-ഇ-റൗസയുടെ അകത്തേക്ക് പ്രവേശിക്കുമ്പോൾ നമ്മുടെ ശ്രദ്ധയാകർഷിക്കുന്നത് മുകളിൽ തൂങ്ങിക്കിടക്കുന്ന മരതക രൂപത്തിലുള്ള ഒരു വലിയ പച്ച വിളക്ക് ആണ്. ആ വിളക്കിന് പിന്നിൽ ഒരു കഥയുണ്ട്. ബ്രിട്ടീഷുകൾ താജ്മഹൽ കൈവശപ്പെടുത്തിയപ്പോൾ പട്ടാളക്കാർ അതിന് കുറച്ച് കേടുപാടുകൾ വരുത്തി. എന്നാൽ വൈസ്രോയി ആയിരുന്ന കഴ്‌സൺ പ്രഭു ഇതറിഞ്ഞ് കുറ്റക്കാർക്കെതിരെ നടപടി എടുക്കുകയും കേടുപാടുകൾ പരിഹരിക്കുകയും ചെയ്തു. ചെയ്തുപോയ തെറ്റിനുള്ള പ്രായശ്ചിത്തമായി കഴ്‌സൺ പ്രഭു നൽകിയതാണ് ആ വിളക്ക്.

താജ്മഹലിൻറെ സിമട്രി കാണിക്കുന്ന രേഖാചിത്രം.
1. മൂൺ ലൈറ്റ് ഗാർഡൻ
2. യമുനാ നദിക്ക് ഇക്കരെയുള്ള താജ് മഹലും ഇരുവശത്തും ഉള്ള നിർമ്മിതികളും
3. ഗാർഡൻ
4. ഗ്രേറ്റ് ഗേറ്റ് 
അവിടെ നിന്ന് അങ്ങോട്ട് സിമട്രിയുടെ ഒരു കളിയാണ്. സിമട്രി എന്ന് പറഞ്ഞാൽ ഗ്രേറ്റ് ഗേറ്റിന്റെ നേരെ നടുക്ക് നിന്നും ഒരു വര വരച്ചാൽ താജ് മഹൽ കഴിഞ്ഞ് മൂൺ ലൈറ്റ് ഗാർഡൻ വരെയുള്ള മുഴുവൻ കോംപ്ലക്‌സും നോക്കിയാൽ വരയുടെ രണ്ട് വശവും ഒരേ പോലെ വരും. ഈ കാര്യത്തിൽ മുഗൾ സുൽത്താന്മാർ കട്ട കണിശക്കാർ ആയിരുന്നു എന്ന് തോന്നും. പ്രത്യേകിച്ച് ഈ ഷാജഹാൻ. മനോഹരമായ ഒരു ഉദ്യാനമാണ് ഗേറ്റ് മുതൽ താജ്മഹൽ വരെ. കൃത്രിമ ജലാശയങ്ങളും വെട്ടിയൊതുക്കിയ മരങ്ങളുമൊക്കെയായി നല്ല രീതിയിൽ അത് പാലിച്ച് പോരുന്നു. ചിത്രങ്ങളിൽ ഈ ജലാശയങ്ങളിൽ താജ്മഹൽ പ്രതിബിംബിച്ച് കാണുന്നത് രസകരമാണെങ്കിലും നേരിൽ കാണുമ്പോൾ അങ്ങനെ ഒരു റിഫ്‌ളക്‌ഷൻ ഒന്നും അവിടെ കാണാൻ സാധിച്ചില്ല. ആ ഉദ്യാനത്തിലൂടെ നടന്ന് താജ്മഹലിൻറെ അടുത്ത് എത്തിക്കഴിഞ്ഞാൽ നമ്മൾ അവിടെ നിന്നും കാലിലെ ചെരുപ്പ് പൊതിഞ്ഞ് കെട്ടാൻ കവർ വാങ്ങി കാലിൽ ഇടണം. അകത്ത് അഴുക്ക് ആകാതെയിരിക്കാൻ ആണ് ആ നടപടി. പടികൾ കയറി വേണം താജ്മഹലിന്റെ തിരുമുറ്റത്ത് എത്താൻ. അതായത് രണ്ട് രണ്ടര മീറ്റർ ഉയരത്തിൽ കയറി ചെല്ലുമ്പോൾ ആണ് മുഖ്യ കവാടത്തിൽ എത്തുന്നത്. ഭീമാകാരമായ വാതിലിന് ചുറ്റിനും വിവിധ രത്നക്കല്ലുകളിൽ ഖുർആൻ വചനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. ആ കാണുന്നത് രത്ന കല്ലുകൾ ആണെന്ന് മനസിലാകുന്നത് അത്രയും അടുത്ത് എത്തിക്കഴിഞ്ഞ് മാത്രമാണ്. അകത്തേക്ക് കയറുമ്പോൾ നമ്മുടെ ശ്രദ്ധ നടുക്ക് സ്ഥിതിചെയ്യുന്ന മുംതാസ്, ഷാജഹാൻ ഖബറിടങ്ങളാണ്. യഥാർത്ഥ ഖബറിടം അവിടെ നിന്നും മീറ്ററുകൾ താഴെ ആണെന്നതാണ് സത്യം. രത്നക്കല്ലുകൾ ഉപയോഗിച്ച് ഖബറിടങ്ങളിൽ ഖുർആൻ വചനങ്ങൾ എഴുതിയിരിക്കുന്നത് കാണാം.

ഗ്രേറ്റ് ഗേറ്റിന് ചേർന്നുള്ള മണ്ഡപം.

യമുനയുടെ അക്കരെ കാട് പിടിച്ച നിലയിലുള്ള മൂൺ ലൈറ്റ് ഗാർഡൻ 

ഒരു കവാടം 

കിഴക്ക് വശത്തുള്ള മുസ്ലിം പള്ളി 

ദൂരെയായി കാണുന്ന ആഗ്ര കോട്ട. 
പുറത്തേക്ക് ഇറങ്ങിയാൽ ആ മനോഹര നിർമ്മിതി ചുറ്റിനടന്ന് കാണാൻ മാത്രം ഉണ്ട്. നാല് മൂലകളിലായി വലിയ മീനാരങ്ങൾ നിർമ്മിച്ചിരിക്കുന്നു. എങ്ങാനും മറിഞ്ഞു വീഴുന്ന അവസ്ഥ ഉണ്ടായാൽ ഖബറിടത്തിന് കേടുപാട് ഉണ്ടാകാത്ത രീതിയിൽ പുറത്തേക്ക് ഒരു ചരിവോടെയാണ് അവ നിർമ്മിച്ചിരിക്കുന്നത്. പുറത്ത് തണൽ നോക്കി പടികളിൽ കയറി ഇരിക്കാൻ നല്ല രസമാണ്. മാർബിളിന്റെ തണുപ്പും യമുനയിൽ നിന്നും വരുന്ന കാറ്റും. എത്ര നേരം വേണമെങ്കിലും അവിടെ ഇരിക്കാം. തെക്ക് വശത്തായി വിശാലമായി യമുന ഒഴുകുന്നു. കിഴക്ക് ദൂരെയായി ആഗ്ര കോട്ട കാണാം. ആ കോട്ടയിൽ ആയിരുന്നു മുഗൾ രാജാക്കന്മാർ താമസിച്ചിരുന്നത്. അവിടെ നിന്നും ഷാജഹാൻ വഞ്ചിയിൽ എന്നും താജ്മഹൽ സന്ദർശിക്കാൻ വരുമായിരുന്നത്രെ.

താജ്മഹലിന്റെ കിഴക്ക് വശത്തായി ഒരു വലിയ മുസ്ലിം പള്ളിയുണ്ട്. അതിൻറെ സിമട്രി വരുത്തുന്നതിനായി പടിഞ്ഞാറ് ഭാഗത്തായി അതേപോലെ തന്നെ ഒരു നിർമ്മിതി ഉണ്ട്. അത് പക്ഷെ ഗസ്റ്റ് ഹൗസ് ആയാണ് ഉപയോഗിച്ചിരുന്നത്. യമുനയുടെ അക്കരെയായി മൂൺ ലൈറ്റ് ഗാർഡന്റെ അവശിഷ്ടങ്ങൾ കാണാം. ഇപ്പോൾ കാട് പിടിച്ച പോലെ ആണ് അതിന്റെ കിടപ്പ്. കുറെ സമയം അവിടെ വിശ്രമിച്ചതിന് ശേഷം ഞങ്ങൾ താഴേക്ക് ഇറങ്ങി. നല്ല വെയിൽ ഉണ്ടായിരുന്നു. ഉദ്യാനത്തിന്റെ പടിഞ്ഞാറേ അതിരിലൂടെ ഞങ്ങൾ തിരികെ നടന്നു. ഷാജഹാൻറെ കാലത്ത് ഇരുവശങ്ങളിലും ഒരേ പോലുള്ള ചെടികൾ വരെ വേണമായിരുന്നു എന്ന് നിഷ്കർഷിച്ചിരുന്നത്രെ. നടുക്കുള്ള കൃത്രിമ ജലാശയങ്ങളിൽ വെള്ളം വളരെ കുറവായിരുന്നു.

പുറത്തിറങ്ങി ഇലക്ട്രിക് ഓട്ടോകളുടെ അടുക്കലേക്ക് ചെന്നപ്പോൾ പതിവില്ലാതെ മഴ പെയ്യാൻ തുടങ്ങി. അവിടെ ഉള്ള എല്ലാവരും അത് ആസ്വദിച്ച് നനയുന്നുണ്ടായിരുന്നു. ഇവിടെ എന്നും മഴ ആയതിനാൽ ആകണം ഞങ്ങൾക്ക് അലമ്പാകുമോ എന്നൊരു പേടിയാണ് തോന്നിയത്. ഭാഗ്യത്തിന് മഴ വന്നപോലെ പോയി. ഞങ്ങൾ ഓട്ടോയിൽ പ്രസാദ് ചേട്ടൻ വണ്ടി പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തേക്കും.

                                                                                                  (തുടരും)

Saturday, October 5, 2019

ഡൽഹി ഡേയ്സ് 7 : മഥുര

ഡേ 3 : മഥുരരാവിലെ ആറ് മണിക്ക് തന്നെ ഞങ്ങൾ ആഗ്രയിലേക്ക് യാത്ര ആരംഭിച്ചു. ഈയടുത്ത് സുജിത്ത് ഭക്തന്റെ INB ട്രിപ്പിൽ കണ്ട ഡൽഹി ആഗ്രാ എക്സ്പ്രസ് ഹൈവേ ആയ യമുനാ എക്സ്പ്രസ് വേ യിലൂടെയാണ് ഞങ്ങളുടെ യാത്രയുടെ ഭൂരിഭാഗവും. മലയാളികളുടെ ഒരിക്കലും നടക്കാത്ത സ്വപ്നമാണ് ഇതുപോലെ ഒരു എക്സ്പ്രസ് ഹൈവേ സ്വന്തമായി ലഭിക്കണം എന്നുള്ളത്. 230 ഓളം കിലോമീറ്റർ ആണ് രോഹിണി മുതൽ ആഗ്ര വരെയുള്ള ദൂരം. ഈ അതി ദൂര പാത ഉള്ളതിനാൽ ആ ദൂരം താണ്ടാൻ മൂന്നര മണിക്കൂർ മതിയാകും. ആലപ്പുഴ നിന്നും 150 കിലോമീറ്റർ അകലെയുള്ള കഴക്കൂട്ടത്തേക്ക് എത്താൻ നാല് മണിക്കൂർ വരെ ഡ്രൈവ് ചെയ്ത് ആ ജോലി തന്നെ വേണ്ടാ എന്ന് വെച്ച എന്നെപ്പോലുള്ളവർക്ക് എക്സ്പ്രസ് ഹൈവേ കണ്ടാൽ കൊതി തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. 

ഡൽഹിയിൽ നിന്നും അതിർത്തി കടന്ന് ഐ റ്റി നഗരമായ നോയിഡ പിന്നിട്ടാണ് ആഗ്രയിലേക്ക് പോകുന്നത്. അതി വിശാലമായ ആറുവരി പാത. ഒരു ദിവസത്തേക്ക് ഞങ്ങൾക്ക് എടുക്കേണ്ടി വന്നത് 650 രൂപയുടെ ടോൾ ആണ്. സമയലാഭം ആലോചിക്കുമ്പോൾ അതൊരു നഷ്ടമേ അല്ല. ഇന്ധന ലാഭം വേറെ. ഇടയ്ക്ക് ടോൾ ഗേറ്റുകളും അതിനോട് അടുത്തായി പെട്രോൾ പമ്പുകളും റസ്റ്റോറന്റുകളും നല്ല നിലവാരമുള്ള ടോയ്‌ലറ്റുകളും ഉണ്ടാകും. ഷാനിയാന്റി വീട്ടിൽ നിന്നും ഇഡ്ഡലിയും ചട്നിയും തന്നു വിട്ടതിനാൽ പുറത്ത് നിന്നും രാവിലെ കഴിക്കേണ്ടി വന്നില്ല. ആദ്യം ഞങ്ങൾ കൃഷ്ണ ജന്മഭൂമിയായ മഥുര കാണാനാണ് തീരുമാനിച്ചത്. അമ്പലങ്ങൾ സന്ദർശിക്കുക എന്നത് ഒരു വീക്നസ് ആയതിനാൽ ഹിന്ദുക്കളുടെ പ്രധാന ദൈവമായ ശ്രീകൃഷ്ണന്റെ ജന്മസ്ഥലം എന്ന് ഓർത്തപ്പോൾ മനസ്സിൽ ഒട്ടേറെ ചിത്രങ്ങൾ കടന്നുപോയി. അമർ ചിത്രകഥകളിലും രാമാനന്ദ് സാഗറിൻറെ സീരിയലിലുകളിലും കണ്ടിട്ടുള്ളത് പോലെ ആകുമോ യഥാർത്ഥത്തിൽ? അങ്ങനെ കുറേ ചിന്തകൾ. ഞാൻ അങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ വണ്ടി മഥുരയിലേക്ക് പോകാനായി എക്സ്പ്രസ് ഹൈവേയിൽ നിന്നും ഇറങ്ങി സാധാരണ റോഡിലൂടെ യാത്ര ആരംഭിച്ചുകഴിഞ്ഞിരുന്നു. ചോളപ്പാടങ്ങൾ നിറഞ്ഞ ഗ്രാമ വീഥികളിലൂടെ കുറച്ചു ദൂരം ചെന്നപ്പോൾ യമുനാ നദി കണ്ടുതുടങ്ങി. ആദ്യമായി ശബരിമല പോയപ്പോൾ വണ്ടിയിലിരുന്ന് പമ്പ നദി കണ്ട പോലത്തെ ഒരു തോന്നൽ മനസ്സിൽ വന്നു. മോളെ വിളിച്ച് കാളിയൻ ഉണ്ടായിരുന്ന നദി ആണെന്നും ഇതിൽ വെച്ചാണ് കൃഷ്ണൻ കാളിയമർദ്ദനം നടത്തിയത് എന്നും ഒക്കെ പറഞ്ഞു കൊടുത്തു. മുന്നോട്ട് പോകുന്തോറും പരിസരം ഒക്കെ ആകെ വൃത്തികെട്ടതായി തുടങ്ങി. വഴി നീളെ കന്നുകാലികളും പട്ടികളും പന്നികളും. അഴുക്ക് നിറഞ്ഞ പാതയോരങ്ങൾ. കൃഷ്ണൻ ജനിച്ചത് ഒരു കർഷക സാമ്രാജ്യത്തിലും വളർന്നത് ഒരു ഗ്രാമത്തിലും ആയതിനാൽ ആ ഒരു കാലഘട്ടം വിട്ട് പോകാൻ ഒരു മടി പോലെ. എന്നാൽ പുതിയ കെട്ടിടങ്ങളും വണ്ടികളും ഒക്കെ കൂടെ ആകുമ്പോൾ ആകെ ഒരു രസക്കേട്. മഥുര ടെംപിൾ കോംപ്ലക്‌സിന്റെ പാർക്കിങ്ങിൽ വണ്ടി ഇട്ടതിന് ശേഷം അമ്പലങ്ങൾ സന്ദർശിക്കാൻ ഞങ്ങൾ അങ്ങോട്ട് നടന്നു പോയി.

അമ്പലത്തിലേക്കുള്ള കവാടം 
പവിത്രകുണ്ഡ് എന്ന വലിയൊരു കുളത്തിന്റെ സൈഡിലൂടെയാണ് പ്രധാന കവാടത്തിലേക്ക് നമ്മൾ എത്തുന്നത്. ഗൈഡ് ശല്യം ഉണ്ടാകും എന്ന് പ്രസാദ് ചേട്ടൻ പറഞ്ഞതിനാൽ അങ്ങനെ വന്നവരെ ആദ്യമേ തന്നെ ഒഴിവാക്കി. കുറി വരച്ചു തരാനും മണി കെട്ടിത്തരാനുമൊക്കെയായി കുറെ പേർ വഴി നീളെ ഉണ്ടായിരുന്നു. ചെറിയൊരു സെക്യൂരിറ്റി പരിശോധന കഴിഞ്ഞ് മുന്നോട്ട് ചെല്ലുമ്പോൾ കല്ല് പാകിയ ചെറിയൊരു മുറ്റത്തെത്തും വലത്ത് വശത്താണ് പ്രധാന ക്ഷേത്രം. നേരെ നടക്കുമ്പോൾ ഭാഗവത ഭവൻ എന്നൊരു അമ്പലം ഉണ്ട്. അതിൽ കയറിക്കഴിഞ്ഞ് മറ്റൊരു പ്രധാന ഭാഗമായ ഗർഭ ഗൃഹം എന്ന ഭാഗത്തേക്ക് നടന്നു. മഥുരയിലെ രാജാവായിരുന്ന കംസൻ തൻറെ പെങ്ങളുടെ എട്ടാമത്തെ മകൻ തന്നെ വധിക്കുമെന്ന സ്റ്റാറ്റസ് മെസേജ് വായിച്ചു കഴിഞ്ഞപ്പോൾ പെങ്ങളെയും അളിയനെയും കാരാഗൃഹത്തിൽ അടച്ചെന്നും അങ്ങനെ കാരാഗൃഹത്തിൽ വച്ച് ഒരു അഷ്ടമി നാളിൽ ശ്രീകൃഷ്ണൻ ജനിച്ചു എന്നും ആണല്ലോ ഐതിഹ്യം. അങ്ങനെ കൃഷ്ണൻ ജനിച്ച കാരാഗൃഹം എന്ന രീതിയിലാണ് ഗർഭ ഗൃഹം എന്ന അമ്പലഭാഗം നിർമ്മിച്ചിരിക്കുന്നത്. ചുമ്മാ കണ്ട് പോരാം എന്നല്ലാതെ ശ്രീകൃഷ്ണൻ ജനിച്ച സ്ഥലം എന്ന രീതിയിൽ ഭക്തി ഉളവാക്കുന്ന ഒന്നും അവിടെ തോന്നിയില്ല. അല്ലെങ്കിലും ജീവിച്ചിരുന്ന കാലഘട്ടം പോലും നിർവചിക്കപ്പെട്ടിട്ടില്ലാത്ത കൃഷ്ണൻ ജനിച്ച യഥാർത്ഥ കാരാഗൃഹം പ്രതീക്ഷിച്ച് ആണ് ഞാൻ പോയതെങ്കിൽ അത് എൻറെ മാത്രം കുഴപ്പം ആണ്.

പവിത്ര കുണ്ഡ് 
അതിനെ കുറിച്ച് അറിയാൻ ആ അമ്പലത്തിൻറെ ചരിത്രം പരിശോധിച്ചാൽ ഐതിഹ്യ പ്രകാരം ശ്രീകൃഷ്ണൻറെ പേരക്കിടാവായ വജ്രനാഭനാണ് ആദ്യമായി അവിടെ ഒരു അമ്പലം പണികഴിപ്പിച്ചത്. അവിടം മുതലിങ്ങോട്ട് ധാരാളം ആക്രമണങ്ങൾക്ക് ഇരയാകേണ്ടി വന്ന സ്ഥലമാണ് മഥുര. കൃഷ്ണൻ ജീവിച്ചിരിക്കുമ്പോൾ തന്നെ ജരാസന്ധൻ എന്ന രാജാവ് മഥുരയെ ആക്രമിച്ചെന്നും രാജ്യം വിട്ട് ഗുജറാത്ത് തീരത്ത് ദ്വാരക എന്ന പ്രദേശത്തേക്ക് കൃഷ്ണൻ രാജ്യവാസികളുമായി താമസം തുടങ്ങിയെന്നും പറയുന്നുണ്ട്. അത് എന്തായാലും പിന്നീട് വന്ന ഭരണാധികാരികൾ അവിടെ കൃഷ്ണൻ ജനിച്ച സ്ഥലം ആയതിനാൽ അമ്പലങ്ങൾ പണിയുകയും ആക്രമിക്കപ്പെടുകയും ചെയ്തതായി ചരിത്രം ഉണ്ട്. മുസ്ലിം ഭരണം ആരംഭിക്കുന്ന അവസരത്തിൽ പേർഷ്യൻ ഭരണാധികാരിയായിരുന്ന മുഹമ്മദ് ഗസനി മഥുര ആക്രമിക്കുകയും കൊള്ളയടിച്ച സ്വർണ്ണവും രത്നങ്ങളും ഇരുന്നൂറോളം ഒട്ടകങ്ങളുടെ പുറത്താണ് കൊണ്ടുപോയതെന്നും പഴയ ശിലാലിഖിതങ്ങളിൽ നിന്നും വായിക്കപ്പെട്ടിട്ടുണ്ട്. ഡൽഹി ഭരിക്കുന്ന സമയത്ത് ഔറംഗസേബ് ഇവിടെ ഉണ്ടായിരുന്ന ക്ഷേത്രം തകർത്ത് ഒരു ഈദ്ഗാഹ് പണികഴിപ്പിക്കുകയും ചെയ്തു. ആ മന്ദിരം ഇന്നും പിന്നീട് പുനർ നിർമ്മിക്കപ്പെട്ട അമ്പല സമുച്ചയത്തോട് ചേർന്ന് തന്നെ കാണാം. ഞാൻ ഭാഗവത് ഭവന്റെ അടുത്ത് നിന്നും നോക്കിയപ്പോൾ ഈ പള്ളിയുടെ മീനാരങ്ങൾ കണ്ടപ്പോൾ അമ്പലത്തിൻറെ മീനാരത്തിന് മുസ്ലിം പള്ളിയുടെ രൂപം ആണല്ലോ എന്നാണ് ഓർത്തത്. പിന്നീടാണ് അത് വേറെ കെട്ടിടം ആണെന്ന് മനസിലായത്.

ഗർഭഗൃഹം കഴിഞ്ഞാലാണ് അവിടുള്ള പ്രധാന ക്ഷേത്രമായ കേശവദേവ ടെംപിളിലേക്ക് പ്രവേശിക്കുന്നത്. വാസുദേവൻറെ ഒരു പ്രധാന പ്രതിഷ്ഠയും സമീപത്തായി സാധാരണ എല്ലാ ഹിന്ദു ക്ഷേത്രങ്ങളിലും കണ്ടുവരാറുള്ള ഉപദേവതമാരും ആ ക്ഷേത്രത്തിന് ഉള്ളിലുണ്ട്. മനോഹരമായി സൂക്ഷിച്ചിരിക്കുന്ന ആ അമ്പലം രാമകൃഷ്ണ ഡാൽമിയ എന്നൊരു ധനികൻ 1958 ഇൽ പണികഴിപ്പിച്ചതാണ്. മഥുരയുടെ ഭരണം ബ്രിട്ടീഷുകാരുടെ കീഴിൽ വന്ന സമയത്ത് അലഹബാദ് ഹൈകോർട്ടിൽ ഹിന്ദുക്കളും മുസ്ലിങ്ങളും ആ സ്ഥലത്തിൻറെ പേരിൽ കേസ് നടത്തുകയും അവസാനം അവിടെ ക്ഷേത്രം പണിയാൻ കോടതി വിധിക്കുകയുമായിരുന്നു. പിന്നീട് അവിടെ ക്ഷേത്രം പണിയാൻ മദൻ മോഹൻ മാളവ്യയുടെ നേതൃത്വത്തിൽ ധനികരായ ഡാൽമിയ കുടുംബത്തെ സമീപിക്കുകയും അങ്ങനെ ഈ അമ്പലം അവർ പണികഴിപ്പിക്കുകയുമാണ് ഉണ്ടായത്.

(ഈ കേശവദേവ ടെമ്പിളിന്റെ ഒരു മിനിയേച്ചർ എന്ന രീതിയിലാണ് വിജയൻ അങ്കിളിൻറെ വീടിൻറെ അടുത്തായുള്ള അമ്പലവും നിർമ്മിച്ചിരിക്കുന്നതെന്ന് മനസിലായി. ആ അമ്പലത്തിൻറെ ഭാഗമായുള്ള അപ്പാർട്ട്മെന്റിൽ ആണ് ഞങ്ങൾ താമസിക്കുന്നത്)

മഥുര വഴിയാണ് താജ്മഹൽ പോകുന്നത് എന്ന് അറിഞ്ഞപ്പോൾ മാത്രമാണ് ശ്രീകൃഷ്ണ ജന്മ ഭൂമിയായ മഥുരയും കാണാൻ സാധിക്കും എന്ന് മനസിലായത്. അതായത് അത്ര പ്ലാൻഡ് ആയുള്ള ഒരു സന്ദർശനം അല്ലായിരുന്നു അത്. അതിനാൽ തന്നെ വൃന്ദാവൻ എന്ന 11 കിലോമീറ്റർ അകലെയുള്ള സ്ഥലം ഞങ്ങൾക്ക് വിട്ടുകളയേണ്ടി വന്നു. (അങ്ങനെ ഒരു സ്ഥലം കൂടെ ഉണ്ടായിരുന്നു എന്ന് മനസിലായത് തിരികെ ചെന്നപ്പോൾ ആന്റി വൃന്ദാവൻ കണ്ടായിരുന്നോ? എന്ന് ചോദിച്ചപ്പോൾ ആയിരുന്നു എന്നതാണ് സത്യം) മഥുരയെക്കാൾ സുന്ദരവും രാധാ-കൃഷ്ണ ഐതിഹ്യത്തിലെ കുറെ പ്രധാന നിമിഷങ്ങൾ നടന്ന സ്ഥലവും കൃഷ്ണ ബലറാം മന്ദിർ എന്ന അമ്പലവും അടങ്ങുന്നതാണ് വൃന്ദാവൻ. എന്തായാലും അപ്രതീക്ഷിതമായി സപ്തപുരി എന്നറിയപ്പെടുന്ന ഹിന്ദു മത വിശ്വാസത്തിലെ ഏഴ് മഹദ് തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ മഥുരയെങ്കിലും സന്ദർശിക്കാൻ സാധിച്ചല്ലോ എന്ന സന്തോഷത്തോടെയാണ് ഞങ്ങൾ അവിടെ നിന്നും ആഗ്രയിലേക്ക് യാത്ര തുടർന്നത്.  (രാമജന്മ ഭൂമിയായ അയോദ്ധ്യ, ഹരിദ്വാർ, വാരണാസി, കാഞ്ചീപുരം, ഉജ്ജയിനി, ദ്വാരക എന്നിവയാണ് സപ്തപുരിയിൽ പെടുന്ന മറ്റ് പുണ്യസ്ഥലങ്ങൾ). ആഗ്രാ വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ.


(സെക്യൂരിറ്റി പ്രശ്നങ്ങൾ ഉള്ളതിനാൽ ക്യാമറയും മൊബൈലും ഒക്കെ വണ്ടിയിൽ വച്ചിട്ടാണ് ഞങ്ങൾ അമ്പലത്തിലേക്ക് പോയത്. അതിനാൽ ചിത്രങ്ങളും വിവരങ്ങളും ഗൂഗിൾ തന്നതാണ്)
                                                                                                                     (തുടരും)

Friday, October 4, 2019

ഡൽഹി ഡേയ്സ് 6 : രാജ് ഘട്ട്, ചെങ്കോട്ട

ഡേ 2: രാജ് ഘട്ട്, ചെങ്കോട്ടഇന്ദിരാഗാന്ധി മെമ്മോറിയൽ കഴിഞ്ഞ് ഞങ്ങൾ നേരെ പോയത് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സമാധി സ്ഥലമായ രാജ് ഘട്ട് കാണാൻ ആയിരുന്നു. പ്രതീക്ഷിച്ചതിൽ നിന്നും വിഭിന്നമായി വളരെ വലിയ ഒരു പാർക്കിലാണ് ഞങ്ങൾ പ്രവേശിച്ചത്. അവിടെ പ്രധാന വഴിയുടെ ഇരു വശങ്ങളിലുമായി ധാരാളം പ്രശസ്തരുടെ അന്ത്യവിശ്രമസ്ഥലങ്ങൾ. ഒരു PSC ക്ലാസിൽ കയറിയ പ്രതീതി. ആദ്യം ചരൺ സിങ്ങിൻറെ അന്ത്യ വിശ്രമസ്ഥലമായ കിസാൻ ഘട്ട് ആണ് കാണുന്നത്. തുടർന്ന് ജഗ്ജീവൻ റാമിൻറെ സമത സ്ഥൽ തുടങ്ങി ഒട്ടനവധി സമാധി സ്ഥലങ്ങൾ. സമയം അധികം ഇല്ലാത്തതിനാലും ഇന്ന് തന്നെ ചെങ്കോട്ട കൂടെ കാണണം എന്ന് ഉള്ളതിനാലും വേറെ ആരെയും പോയി ശല്യപ്പെടുത്താൻ തോന്നിയില്ല. എല്ലാവർക്കും വേണ്ടി മഹാത്മാ ഗാന്ധിയെ പോയി കാണാം എന്ന് വിചാരിച്ചു. പുള്ളിക്കാരന് ആണെങ്കിൽ ഇതൊക്കെ നല്ല ശീലം ആണല്ലോ.ഗാന്ധിജിക്ക് പ്രിയപ്പെട്ട രഘുപതി രാഘവ രാജാറാം മുഴങ്ങുന്ന ആ സമാധിയിൽ അത്യാവശ്യം തിരക്ക് ഉണ്ടായിരുന്നു. പ്രത്യേകിച്ച് കാവൽക്കാർ അധികം ഇല്ലാഞ്ഞതിനാൽ ആളുകൾ തലങ്ങും വിലങ്ങും നിന്ന് ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. ഭാഗ്യത്തിന് ആരും ആ സമാധിയിൽ കയറി ഇരുന്നും അതിൽ കയറി നിന്നും "റോക്കിങ് വിത്ത് മഹാത്മാ" എന്നും പറഞ്ഞ് ഫോട്ടോ എടുക്കുന്നില്ല. ഒരാൾ തൻറെ മോനെ സമാധിയുടെ അടുക്കൽ നിർത്തി ഒരു ഫോട്ടോ എടുക്കുന്നത് കണ്ടപ്പോളേക്കും എവിടെ നിന്നോ ഒരു പോലീസുകാരൻ വന്ന് ബാരിയർ ബെൽറ്റ് വലിച്ചിട്ട് അകത്തേക്ക് കയറുന്നത് തടഞ്ഞു. ഞങ്ങൾ പതുക്കെ സമാധിയെ വലംവെച്ചുകൊണ്ടിരിക്കുമ്പോൾ മുന്നിൽ നടന്ന അമ്മൂമ്മ എന്നോട് പതുക്കെ എത്ര മണിയായി എന്ന് തിരക്കി. ഞാൻ സമയം പറഞ്ഞപ്പോൾ അവർ അൽപ്പം കൂടെ എന്നോട് അടുത്തിട്ട് ഇത് എന്താ സംഭവം എന്ന് സമാധിയെ ചൂണ്ടി ഒരു ചോദ്യം!!. ചോദ്യം കേട്ട് കിളിപോയ ഞാൻ അവരോട് ഇതാണ് മഹാത്മാ ഗാന്ധിയുടെ സമാധി എന്ന് പറഞ്ഞുകൊടുത്തു. അപ്പോൾ അവർ ആശ്ചര്യത്തോടെ എന്നോട് അപ്പോൾ ഇൻഡ്യാഗേറ്റിന്റെ താഴെ ഉള്ളതല്ലേ ഗാന്ധിജിയുടെ സമാധി എന്ന് ഒരു ചോദ്യം. എൻറെ അടുത്ത കിളിയും പറന്നു പോയി. ഞാൻ പറഞ്ഞു അത് അമർ ജവാൻ ജ്യോതിയാണ്. അത് ആരുടെ സമാധിയാണ് മോനെ എന്ന് അവർ ചോദിക്കും മുന്നേ പതിയെ അവിടെ നിന്നും സ്കൂട്ട് ആയി. വിശാലമായ ഉദ്യാനത്തിൽ അവിടം സന്ദർശിച്ച വിവിധ രാജ്യ നേതാക്കന്മാർ നട്ട മരങ്ങളും മറ്റും എവിടെ നോക്കിയാലും കാണാമായിരുന്നു.

മഹാത്മാഗാന്ധിയുടെ സമാധി ഒന്ന് കണ്ട് വണങ്ങണം എന്ന ആഗ്രഹവും നടന്നതിനാൽ ഞങ്ങൾ അടുത്ത , ഇന്നത്തെ അവസാന സന്ദർശന ഉദ്യമമായ ചെങ്കോട്ട കാണാനായി വണ്ടി കയറി. ഓൾഡ് ഡൽഹിയിൽ സ്ഥിതിചെയ്യുന്ന അത്യുജ്ജ്വലമായ ഒരു നിർമ്മിതിയാണ് ചെങ്കോട്ട. സ്വാതന്ത്ര്യ ദിനത്തിൽ നമ്മുടെ പ്രധാനമന്ത്രി പതാക ഉയർത്തി, രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചരിത്ര പ്രധാന്യമുള്ള നിർമ്മിതി. ചെങ്കോട്ടയുടെ പിൻഭാഗത്തായിട്ടാണ് ഞങ്ങൾ ചെന്ന് ഇറങ്ങിയത്. നാലര വരെയേ അകത്തേക്ക് ആളെ കയറ്റൂ എന്ന് കേട്ടതിനാൽ തിരക്കിട്ട് ടിക്കറ്റ് എടുത്തു. പ്രധാന കവാടമായ ലാഹോർ ഗേറ്റ് വരെ ഏകദേശം ഒരു കിലോമീറ്റർ ദൂരമുണ്ട്. നടന്ന് അവിടെ വരെ പോകണം എന്നുണ്ടെങ്കിലും സമയം പോകും എന്ന ഒറ്റക്കാര്യം കൊണ്ട് അവിടെ നിന്നുള്ള ഇലക്ട്രിക് ഓട്ടോയിൽ കയറി ലാഹോർ ഗേറ്റിൻറെ അടുത്ത് ഇറങ്ങി. ഈ ലാഹോർ ഗേറ്റിൽ ആണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്തുന്നത്. അങ്ങനെ ആ ചരിത്ര കവാടത്തിലൂടെ ഞങ്ങൾ അകത്തേക്ക് കയറി.

ലാഹോർ ഗേറ്റിന് മുകളിൽ പാറുന്ന ത്രിവർണ്ണ പതാക 
നിർമ്മിതികളുടെ രാജകുമാരൻ എന്നറിയപ്പെട്ടിരുന്ന മുഗൾ ചക്രവർത്തി ഷാജഹാൻ നിർമ്മിച്ച പ്രധാനപ്പെട്ട നിർമ്മിതി തന്നെയാണ് ചെങ്കോട്ട. മുഗൾ സാമ്രാജ്യ തലസ്ഥാനം ആഗ്രയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റുന്നതിൻറെ ഭാഗമായി 1648 ഇൽ ആണ് ചുവന്ന കല്ലിൽ കോട്ട പണികഴിപ്പിച്ചത്. അദ്ദേഹത്തിന് പ്രിയങ്കരനായ, താജ് മഹൽ നിർമ്മിച്ച ശിൽപ്പി അഹമ്മദ് ലാഹോറി തന്നെയാണ് ഈ കോട്ടയുടെയും നിർമ്മാണത്തിന് പിന്നിൽ. ചുറ്റും അഗാധമായ കിടങ്ങുകളും അതിൽ യമുനാ നദിയിൽ നിന്നുള്ള വെള്ളവും ഒക്കെയായി ആ കാലഘട്ടങ്ങളിൽ ആവശ്യമായിരുന്ന എല്ലാ സുരക്ഷാ സംവിധാനങ്ങളും ഈ കോട്ടയിൽ ഉണ്ടായിരുന്നു. ഷാജഹാന് ശേഷം വന്ന മുഗൾ രാജാക്കന്മാർ ഭരിച്ചിരുന്നതും ഈ കോട്ടയിൽ നിന്നും തന്നെയായിരുന്നു. നിരവധി ആക്രമണങ്ങളെ നേരിട്ട ഈ കോട്ടയ്ക്ക് ആദ്യമായി നല്ല നാശനഷ്ടം വരുത്തിയത് പേർഷ്യക്കാരനായ നാദിർഷാ ആണ്. അന്നത്തെ ദുർബലനായ മുഗൾ രാജാവ് മുഹമ്മദ് ഷായെ പരാജയപ്പെടുത്തി കോട്ട കൊള്ളയടിച്ച നാദിർഷാ മുഗളരുടെ അഭിമാനം ആയിരുന്ന മയൂരസിംഹാസനവും ഒട്ടേറെ വിലപിടിപ്പുള്ള വസ്തുക്കളും കവർന്നുകൊണ്ടാണ് പോയത്. പിന്നീട് 1857 ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം ബ്രിട്ടീഷുകാർ കയ്യടക്കിയ കോട്ടയിൽ മിച്ചം ഉണ്ടായിരുന്നതെല്ലാം അവർ തൂത്തു പെറുക്കി കൊണ്ടുപോയി. ഒട്ടേറെ നിർമ്മിതികൾ നശിപ്പിക്കുകയും ചെയ്തു. സുഭാഷ് ചന്ദ്രബോസിൻറെ INA സൈനികരെ വിചാരണ ചെയ്തത് ഈ കോട്ടയിൽ വച്ചാണ്. ഇവിടെ ഉണ്ടായിരുന്ന മിക്ക വിലപിടിപ്പുള്ള വസ്തുക്കളും ഇപ്പോൾ ഇംഗ്ലണ്ടിലുള്ള വിവിധ മ്യൂസിയങ്ങളിൽ ആയി സ്ഥാനം പിടിച്ചിരിക്കുകയാണ്.

ലാഹോർ ഗേറ്റ് കടന്നു ചെല്ലുമ്പോൾ ആദ്യം കാണുന്നത് ച്ഛട്ട ചൗക്ക് എന്ന മുഗൾ കാലഘട്ടം മുതൽ നിലനിന്നിരുന്ന മാർക്കറ്റ് ആണ്. ഈ മാർക്കറ്റിൽ നിന്നാണ് അന്നത്തെ കൊട്ടാരസ്ത്രീകൾ ആവശ്യത്തിനുള്ള തുണിത്തരങ്ങളും ആഭരണങ്ങളും വാങ്ങിയിരുന്നത്. വിശാലമായ ഒരു മൈതാനത്തേക്കാണ് ആ മാർക്കറ്റ് കടക്കുമ്പോൾ നാം എത്തുന്നത്. നൗബത് ഘാന എന്ന പേരിൽ അറിയപ്പെടുന്ന ഒരു നിർമ്മിതിയും അതിനപ്പുറത്തായി ഫൗണ്ടൻ ഷോ നടക്കുന്ന കൃത്രിമ കുളങ്ങളുമാണ് അവിടെ ഉള്ളത്. ഡ്രം ഹൗസ് എന്നറിയപ്പെടുന്ന ഈ നൗബത് ഘാനയിൽ ആയിരുന്നു പണ്ട് ദിവസവും സംഗീത മേളകൾ നടത്തപ്പെട്ടിരുന്നത്.

ച്ഛട്ട ചൗക്ക്- ഞങ്ങൾ മടങ്ങുന്ന സമയത്ത് 
നൗബത് ഘാന
അത് കടന്നു ചെല്ലുമ്പോളാണ് ചരിത്രപ്രസിദ്ധമായ ദിവാൻ-ഇ-ആം എന്ന കൊട്ടാരഭാഗത്തേക്ക് എത്തുന്നത്. ഷാജഹാൻ തുടങ്ങിയ മുഗൾ രാജാക്കന്മാർ ജനങ്ങളുമായി നേരിൽ സംവദിച്ചിരുന്നത് ഈ സ്ഥലത്ത് വെച്ചാണ്. ചിത്രങ്ങളിൽ കണ്ടിട്ടുള്ള, ചരിത്ര പുസ്തകങ്ങളിൽ വായിച്ചിട്ടുള്ള ആ ദർബാറിൽ നിന്നുകൊണ്ട് നമുക്ക് ആ കാലഘട്ടത്തെ ഓർത്തെടുക്കാം. പ്രൗഢമായ സദസ്സിൽ എഴുന്നള്ളിയിരിക്കുന്ന ഇന്ത്യയുടെ ചക്രവർത്തി. മുന്നിൽ മന്ത്രിമാരും മറ്റ് പ്രമുഖരും. ആയുധ ധാരികളായ ഭടന്മാർ. സദസ്സിനെ സന്തോഷിപ്പിക്കാൻ സംഗീതജ്ഞരും നർത്തകരും, ചക്രവർത്തിയെ കണ്ട് പരാതി പറയാൻ വന്ന സാധാരണക്കാർ. അതൊക്കെ അവിടെ നിൽക്കുമ്പോൾ മുന്നിൽ തെളിഞ്ഞു വരും.

ദിവാൻ-ഇ-ആം

ദിവാൻ-ഇ-ആമിലെ സുൽത്താന്റെ ഇരിപ്പിടം 
ദിവാൻ-ഈ-ആമിന് പുറകിലായി ആണ് രാജകുടുംബങ്ങൾ വസിച്ചിരുന്ന ഭാഗങ്ങൾ. ഞങ്ങൾ സന്ദർശനത്തിന് എത്തിയ സമയം നന്നേ വൈകിയതിനാൽ മ്യൂസിയം ഉൾപ്പെടെയുള്ള ഭാഗങ്ങൾ അടച്ചുകഴിഞ്ഞിരുന്നു. എന്നാലും കിട്ടിയ തക്കത്തിന് ഓടി നടന്ന്. അതേ, ശരിക്കും ഓടി നടന്ന് തന്നെയാണ് ഞാൻ കണ്ടത്. അതൊന്നും നല്ല രീതിയിൽ ആസ്വദിക്കാൻ പറ്റാഞ്ഞതിൽ സങ്കടം ഉണ്ട്. ധാരാളം ഉദ്യാനങ്ങൾ ചെങ്കോട്ടയ്ക്കുള്ളിൽ ഉണ്ട്. അതേപോലെ തന്നെ ചരിത്രപരമായി നല്ല പ്രാധാന്യം ഉള്ള ഒട്ടേറെ നിർമ്മിതികളും. ഒരു ദിവസം ഉണ്ടെങ്കിൽ നന്നായി അതൊക്കെ ആസ്വദിച്ച് കണ്ടുതീർക്കാം. പക്ഷെ അതിലുള്ള ഒരു കുഴപ്പം എന്താണെന്നു വച്ചാൽ ഉച്ച സമയത്തൊന്നും അവിടെക്കൂടെ നടക്കാൻ സാധിക്കില്ല. നല്ല വെയിൽ ആയിരിക്കും. ഞങ്ങൾ വെയിൽ മാറി കഴിഞ്ഞ് എത്തിയത് കൊണ്ട് ആ ബുദ്ധിമുട്ട് അനുഭവിച്ചില്ല എന്ന് മാത്രം.

ചെങ്കോട്ടയിൽ പ്രധാന ഭാഗങ്ങൾ അടയാളപ്പെടുത്തിയ ശിലാ ഫലകം.
അങ്ങനെ ഓടി നടന്നു കണ്ടതിൽ പ്രധാനപ്പെട്ടതാണ് ദിവാൻ-ഈ-ഖാസ്. ദിവാൻ-ഈ-ആം പൊതു ജനങ്ങളുമായി സംവദിക്കാൻ ആയിരുന്നെങ്കിൽ ദിവാൻ-ഈ-ഖാസ് മന്ത്രിസഭ പോലെ പ്രാധാന്യമേറിയ സംഭാഷണങ്ങളുടെ വേദി ആയിരുന്നു. വെള്ള മാർബിളും വിലപിടിപ്പുള്ള രത്നങ്ങളും ധാരാളമായി ഉപയോഗിച്ച് നിർമ്മിച്ച ആ ദർബാറിൽ ആയിരുന്നു മയൂര സിംഹാസനം ഉണ്ടായിരുന്നത് എന്ന് ചരിത്ര രേഖകൾ പറയുന്നു. ഷാജഹാൻറെ കാലത്തെ പ്രസിദ്ധമായ ആ വരികൾ "ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതാണ്, ഇതാണ്, ഇതാണ്" എന്നത് ദിവാൻ-ഈ-ഖാസിൻറെ ചുവരുകളിൽ ആലേഖനം ചെയ്തിരിക്കുന്നു.

ദിവാൻ-ഇ-ഖാസ് 
അതിനോട് ചേർന്ന് തന്നെ ഹമാം എന്ന രാജകീയ കുളിമുറി, മോത്തി മഹൽ എന്ന, ഔറംഗസീബ് പണി കഴിപ്പിച്ച പള്ളി, ഹയാത് ബക്ഷ് ബാഗ് എന്ന ഉദ്യാനം എന്നിവ നിലകൊള്ളുന്നു. ഹയാത് ബക്ഷ് ബാഗ് ഉദ്യാനത്തിൽ കിഴക്ക് പടിഞ്ഞാറ് നോക്കി നിൽക്കുന്ന രീതിയിൽ രണ്ട് മണ്ഡപങ്ങൾ ഉണ്ട്. അതിന് നടുക്കായി അവസാന മുഗൾ രാജാവായ ബഹാദൂർ ഷാ പണികഴിപ്പിച്ച ഒരു ചുവന്ന മണ്ഡപവും സ്ഥിതിചെയ്യുന്നു. ഇതെല്ലാം അടുത്തുകൂടെ ഓടി ഒന്ന് കണ്ടു എന്ന് മാത്രം. എന്നാലും പാകിസ്ഥാൻ ഉൾപ്പെടുന്ന ഇന്ത്യയുടെ ഭൂരിഭാഗവും അടക്കി ഭരിച്ച ഒരു കാലത്തെ ലോകത്തിലെ ഏറ്റവും ശക്തരായ ഭരണാധികാരികൾ നടന്ന ഭൂമിയിലൂടെയാണല്ലോ ഇപ്പോൾ ഞാൻ നടക്കുന്നത് എന്ന തോന്നൽ തന്നെ ഒരു പ്രത്യേക അനുഭവം ഉളവാക്കുന്നതായിരുന്നു. ഞങ്ങൾ പുറത്തേക്ക് നടക്കുമ്പോൾ പിന്നിടുന്ന സ്ഥലങ്ങൾ ചങ്ങലകൾ കൊണ്ട് ബന്ധിച്ച് ഇന്നത്തെ സന്ദർശനം അവസാനിപ്പിക്കുന്നുണ്ടായിരുന്നു.

മോത്തി മഹൽ 
ഹയാത് ബക്ഷ് ബാഗ് ഉദ്യാനത്തിലെ ഇരട്ട മണ്ഡപങ്ങളിൽ ഒന്ന് 
ചെങ്കോട്ടയിൽ നിന്നും നോക്കിയാൽ കാണുന്ന ദൂരത്താണ് ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം പള്ളിയായ ഡൽഹി ജുമാ മസ്ജിദ് നിലകൊള്ളുന്നത്. അതിൻറെ സമീപത്തായിട്ടാണ് ഡൽഹിയിലെ പ്രസിദ്ധമായ സ്ട്രീറ്റ് ഫുഡ്സ് ലഭിക്കുന്ന സ്ഥലം. ഹോ ഞാൻ കാത്തു കാത്തിരുന്ന നിമിഷം ഇതാ സമാഗതമായിരിക്കുന്നു. സൈറ്റ് നോക്കി അവിടെ ഉള്ളതിൽ പ്രസിദ്ധമായ കരീം റസ്റ്റോറന്റിൽ പോകാമെന്ന് തീരുമാനിച്ചു. പ്രസാദ് ചേട്ടൻ എന്തായാലും ഇക്കുറി എതിരഭിപ്രായം ഒന്നും പറഞ്ഞില്ല. കരീം റസ്റ്റോറന്റിനെ കുറിച്ച് പുള്ളിക്കും നല്ല അഭിപ്രായം തന്നെ. ദില്ലിയിൽ അവർക്ക് കുറെ ഫ്രാഞ്ചെസികൾ ഉണ്ടെങ്കിലും ആദ്യത്തേതും ഒറിജിനലും ഇവിടെയുള്ളതാണത്രേ. നല്ല തിരക്കാണ് ആ തെരുവിൽ. ഒരു വശത്ത് ജുമാ മസ്ജിദ് കോംപ്ലക്സ് ആണ്. മറുവശത്ത് ഹോട്ടലുകളുടെ തിരക്ക്. കോഴി ജീവനോടെയും ഇറച്ചിയായും പൊരിച്ച കോഴിയേയും പല പല രൂപത്തിൽ കടകളുടെ പ്രവേശന കവാടങ്ങളുടെ സമീപം പ്രദർശിപ്പിച്ചിരിക്കുന്നു. വണ്ടി കൊണ്ടുപോകാനും ഞങ്ങളെ നിർത്തി അതിൽ നിന്നും ഇറക്കാനും പ്രസാദ് ചേട്ടൻ നന്നേ പാടുപെട്ടു.

അങ്ങനെ കൊതിച്ച് കൊതിച്ച് മുഗൾ ഭക്ഷണം കഴിക്കാൻ ഞങ്ങൾ ചെന്ന് കയറിയ ഈ കരീം റസ്റ്റോറന്റ് പണ്ട് മുഗൾ രാജാക്കന്മാരുടെ പാചകക്കാരായിരുന്നത്രെ. ശോ സമ്മതിക്കണം!!. അവരോട് വിശദമായി ചോദിച്ച് വിഭവങ്ങൾ ഓർഡർ ചെയ്തു. അളവൊക്കെ എങ്ങനെ ഉണ്ടാകും എന്നറിയാത്തതിനാൽ കുറച്ച് ആണ് ആദ്യമേ പറഞ്ഞത്. ഞാൻ എന്തായാലും ഒരു സ്‌പെഷ്യൽ ബിരിയാണി പറഞ്ഞു. പണ്ട് ശ്രീരാമൻ, രാവണ യുദ്ധം ഒക്കെ കഴിഞ്ഞപ്പോൾ സഹായിക്കാൻ ചെന്ന കുരങ്ങന്മാർക്ക് ഒരു വരം കൊടുത്തു. അവർ ഏത് ഫലം എടുത്ത് കഴിച്ചാലും അതിന് നല്ല ടേസ്റ്റ് ആയിരിക്കട്ടെ എന്ന്. എനിക്കും ഏതാണ്ട് അതേപോലെ വല്ല വരവും കിട്ടിയിട്ടാണോ എന്നറിയില്ല, നോൺ വെജ് എന്ത് കഴിച്ചാലും മുടിഞ്ഞ ടേസ്റ്റ് ആയി തോന്നും. അതിനാൽ തന്നെ അഭിപ്രായം പറയാൻ ഞാൻ മോശമാണ്. എന്തായാലും ബിരിയാണി അടിപൊളിതന്നെ ആയിരുന്നു. നീളമുള്ള അരി, മസാല കുറവ്, കുഴിമന്തിയുടെ പോലത്തെ ടേസ്റ്റ് എന്ന് പറയാം. ബാക്കിയുള്ളവർ റുമാലി റൊട്ടിയും കബാബ് പോലുള്ള ചിക്കൻ ബുറായും, കറികളായി കറാച്ചി ചിക്കൻ, ചിക്കൻ ജഹാംഗീരി എന്നിവയുമാണ് പറഞ്ഞത്. ഇതിൽ കറാച്ചി അത്ര പോരായിരുന്നു എന്നാണ് ഞങ്ങളുടെ പൊതുവെയുള്ള അഭിപ്രായം. ബാക്കിയെല്ലാം അടിപൊളി തന്നെ.

അങ്ങനെ മനസും വയറും നിറഞ്ഞ രണ്ടാം ദിനം അവസാനിപ്പിച്ച് ഞങ്ങൾ വീട്ടിലേക്ക് മടങ്ങി. നാളെ കൃഷ്ണ ജന്മഭൂമിയായ മഥുരയും താജ് മഹൽ ഉൾപ്പെടുന്ന ആഗ്രാ യാത്രയുമാണ്. പ്രസാദ് ചേട്ടൻ വെളുപ്പിനേ എത്തും. അതിനാൽ ചെന്ന ഉടൻ തന്നെ ഉറക്കത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങി. ആഗ്രാ വിശേഷങ്ങൾ അടുത്ത ദിനം തുടരും.

                                                                                  (തുടരും)