Sunday, February 26, 2023

പുസ്തക പരിചയം - പോരാ പോരാ (MORE)

സമീപകാലത്ത് ഏറ്റവും കൂടുതൽ സമയമെടുത്ത് വായിച്ച പുസ്‌തകമാണ്‌ ടർക്കിഷ് എഴുത്തുകാരനായ ഹകൻ ഗുണ്ടായ് രചിച്ച 'മോർ' എന്ന നോവലിൻറെ മലയാളം പരിഭാഷയായ 'പോരാ പോരാ'. സമയം എടുത്തു എന്ന് പറഞ്ഞാൽ പോരാ ശരിക്കും സമയം എടുത്തു. ഈ പുസ്‌തകം എനിക്ക് തന്ന സുഹൃത്ത് അന്ന് കുറച്ച് കാന്താരി മുളകിൻതൈകൾ കൂടെ കൂടെ തന്നിരുന്നു. ആ മുളക് തൈകൾ വീട്ടിൽ കൊണ്ടുവന്ന് നട്ട്, അതിൽ നിന്നും കാന്താരി പറിച്ചു തുടങ്ങിയപ്പോഴും ആ പുസ്‌തകം വായിച്ചു തീർന്നിട്ടില്ലായിരുന്നു. ഇതിൽ ഒട്ടും അതിശയോക്തിയില്ല. എനിക്ക് വായിക്കുന്നതിന് ഒരു രീതിയുണ്ട്. ഈ പുസ്‌തകം വായിച്ചു തുടങ്ങിയതോടെ അതൊക്കെ എവിടെയോ പോയിമറഞ്ഞു. ഒരു പേജ് വായിച്ചുതീർക്കും മുന്നേ ഉറങ്ങിപ്പോയ ദിവസങ്ങളുമുണ്ട്. അത്ര ബോറൻ പുസ്‌തകമാണോ? പിന്നെന്തിന് കഷ്ടപ്പെട്ട് വായിക്കുന്നു എന്നൊക്കെ ചോദിച്ചാൽ അതിനുള്ള മറുപടിയാണ് ഈ പുസ്‌തകപരിചയം. 

ആദ്യം തന്നെ എന്തുകൊണ്ട് കടിച്ചുപിടിച്ച് ഈ പുസ്‌തകം വായിക്കാൻ ശ്രമിച്ചു എന്നതിനുള്ള മറുപടി പറയാം. അതായത് ഈ പുസ്തകത്തിന്റെ പോസിറ്റിവ് ആയ വശം. വളരെ വ്യത്യസ്തമായ ഒരു പ്രമേയം, ഇരുത്തി ചിന്തിപ്പിക്കുന്ന വരികൾ, പലപ്പോഴും അനുഭവപ്പെടുന്ന നമ്മുടെ ജീവിതവുമായുള്ള സാദൃശ്യം, അത് മനുഷ്യരുടെ കുടിലതയുടെ, സ്വാർത്ഥതയുടെ, ക്രൂരതയുടെ പൊതുസ്വഭാവമാണല്ലോ എന്ന തിരിച്ചറിവ് ഇതൊക്കെ എത്ര കഷ്ടപ്പെട്ടും ഈ പുസ്‌തകം വായിച്ചുതീർക്കാൻ എന്നെ പ്രേരിപ്പിച്ചു.

മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത മനുഷ്യക്കടത്ത് നടത്തുന്ന ഒരു വ്യക്തിയാണ് നായകൻ. നായകൻ എന്നല്ല, അയാളുടെ ചിന്തകളിലൂടെയാണ് പുസ്‌തകം മുന്നോട്ട് പോകുന്നത്. ടർക്കി എന്ന രാജ്യത്തിന് ഒരു പ്രത്യേകതയുണ്ട്. ആ രാജ്യത്തിൻറെ പകുതി ഏഷ്യയിലും പകുതി യുറോപ്പിലുമാണ്. ഏഷ്യയ്ക്കും യുറോപ്പിനും ഇടയിലുള്ള രാജ്യം. അതിനാൽ തന്നെ യുദ്ധത്താലും തീവ്രവാദത്താലും പൊറുതിമുട്ടിയ അഫ്ഗാനിസ്ഥാൻ, ഇറാഖ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ജീവനുംകൊണ്ട് ഓടിവരുന്ന ആയിരങ്ങൾ അവരുടെ അവസാന പ്രതീക്ഷയായ യൂറോപ്പിലേക്ക് പലായനം ചെയ്യുന്നത് ടർക്കിയിലൂടെയാണ്. അനധികൃതമായി കുടിയേറ്റം നടത്തുന്ന ആ മനുഷ്യരുടെ അവസ്ഥയെ ചൂഷണം ചെയ്ത് ജീവിക്കുന്ന ധാരാളം മനുഷ്യക്കടത്തുകാർ ആ രാജ്യത്തുണ്ട്. ഒരു തുക കൈപ്പറ്റി ഇറാൻ അതിർത്തിയിൽ നിന്നും "ചരക്ക്" എടുത്ത് രാജ്യം കടത്തി ബോട്ടിൽ കയറ്റി വിടുകയാണ് അവർ ചെയ്യുന്നത്. അനധികൃതമായിട്ടായതിനാൽ ചരക്കിനു സംഭവിക്കുന്ന കുഴപ്പങ്ങൾക്ക് അവർ ഉത്തരവാദികൾ ആയിരിക്കില്ല. സൗകര്യപ്രദമായ സമയം നോക്കി ചരക്ക് ബോട്ടിൽ കയറ്റുന്നതിന് മുൻപ് ദിവസങ്ങളോളം അധികാരികളുടെ കണ്ണിൽപ്പെടാതെ അവരെ ആ രാജ്യത്ത് സൂക്ഷിക്കേണ്ടിവരും. അതിനായി തടവറകൾ പോലെ ഇടുങ്ങിയ ഭൂഗർഭ മുറികൾ കടത്തുകാർ തയ്യാറാക്കിയിട്ടുണ്ടാകും. ഭാഷ അറിയാത്ത ആ ആളുകളെ എത്ര ദിവസം താമസിപ്പിക്കേണ്ടിവരുമെന്ന് ഒരു നിശ്ചയവും കാണില്ല. അതിനാൽ റേഷൻ പോലെ ചുരുങ്ങിയ അളവിൽ ഭക്ഷണവും വെള്ളവും ആ ജീവികൾക്ക് വിതരണം ചെയ്യും. അത് മതിയാകാതെ വരുമ്പോൾ അവർ ടർക്കി ഭാഷയിൽ ഒരു വാക്ക് പറയാൻ നിർബന്ധിതരാകും. "മോർ" അഥവാ "പോരാ പോരാ" ഇനിയും വേണം എന്ന വാക്ക്. എന്ത് ആവശ്യം ഉണ്ടെങ്കിലും ടർക്കി ഭാഷയിൽ പറയാൻ അവർക്ക് ഒരു വാക്ക് മാത്രമേ അറിയാവുള്ളൂ. "മോർ". പലർക്കും അതിൻറെ അർത്ഥം പോലുമറിയാതെ രക്ഷിക്കണേ എന്ന അർത്ഥത്തിൽ വരെ ആ വാക്ക് പുലമ്പും. 

ടർക്കിയിലെ ഒരു മനുഷ്യക്കടത്തുകാരൻറെ മകനാണ് നായകനായ ഗാസ. ഒൻപതാമത്തെ വയസിലാണ് അവനെ അച്ഛൻ ജോലിക്ക് കൂട്ടുന്നത്. മറ്റൊരാളെ പണിക്ക് വെച്ചാൽ ലാഭത്തിൽ ഉണ്ടാകുന്ന കുറവ് ഇല്ലാതാക്കാനാണ് ഗാസയെ അച്ഛൻ പണിക്ക് ഇറക്കുന്നത്. പഠിക്കാൻ മിടുക്കനായിരുന്ന ഗാസ അച്ഛൻ കാണിക്കുന്ന അവഗണനയും മറ്റ് സാഹചര്യങ്ങളും കാരണം ക്രൂരത നിറഞ്ഞ ഒരു സാഡിസ്റ്റ് ആയി മാറുന്നു. വീടിനോട് ചേർന്നുള്ള അറയിൽ താമസിപ്പിക്കുന്ന കുടിയേറ്റക്കാരിൽ ക്രൂരമായ പല പരീക്ഷണങ്ങളും അവൻ നടത്തുന്നു. അവരുടെ സാഹചര്യങ്ങളെ ക്രൂരമായി ചൂഷണം ചെയ്ത് രസിക്കുന്നു. നരകത്തിൽ നിന്നും വരുന്ന ജനങ്ങളെ സ്വർഗ്ഗത്തിലേക്ക് എത്തിക്കുന്ന ദൗത്യമാണ് തങ്ങളുടേതെന്ന് അവൻ കരുതുന്നു. സ്വർഗ്ഗത്തിലും നരകത്തിലും വിശ്വാസമില്ലാത്ത അവന് അറിയാമായിരുന്നു നരകതുല്യവുമായ പ്രദേശങ്ങളിൽ നിന്നും കയ്യിൽ കിട്ടിയതുമായി ഓടിവരുന്ന പാവങ്ങൾ ഒരിടത്ത് സ്വർഗം അവരെ കാത്തിരിക്കുന്നു എന്നതിൽ വിശ്വസിക്കുമെന്ന്. ആ വിശ്വാസം ചൂഷണം ചെയ്യുക തന്നെയായിരുന്നു ഗാസ. 

വളരെ മികച്ചൊരു വിഷയമാണ് പുസ്‌തകം മുന്നോട്ട് വെക്കുന്നത്. അതി വിദഗ്ദ്ധമായിത്തന്നെ അവതരിപ്പിക്കുന്നുമുണ്ട്. പിന്നെന്താണ് ഇത് വായിക്കാൻ പ്രയാസം എന്നതിനുള്ള മറുപടി പുസ്തകത്തിന്റെ വലുപ്പം 424 പേജാണ്. ഒരു 200  250 പേജിൽ വെടിപ്പായി തീർക്കാമായിരുന്നു എന്ന് തോന്നുന്നു. ഗാസയുടെ മാനസിക വിഭ്രാന്തികൾ വലിച്ച് നീട്ടി ഒരു 200 പേജെങ്കിലും അധികം ആക്കിയിട്ടുള്ളത് പോലെ തോന്നി. ഏറ്റവും ബുദ്ധിമുട്ടിച്ച കാര്യം ഇതിൽ അദ്ധ്യായങ്ങൾ തിരിച്ചിട്ടില്ല എന്നതാണ്. വായിച്ചാലും വായിച്ചാലും ഒരു അധ്യായം തീർത്താൽ കിട്ടുന്ന ആശ്വാസം പോലും കിട്ടില്ലായെന്നർത്ഥം. ഇത് തികച്ചും വ്യക്തിപരമായ ഒരു ആസ്വാദനത്തിൻറെ കാര്യം ആയതിനാൽ ഈ ബുദ്ധിമുട്ടിപ്പിച്ച കാര്യം പോസിറ്റീവ് ആയി അനുഭവപ്പെടുന്ന ആളുകളും ഉണ്ടാകാം. 

2023 ഇൽ ആദ്യമായി ഞാൻ വായിച്ചുതീർത്ത ഹകൻ ഗുണ്ടായ് എഴുതിയ മോർ എന്ന പുസ്‌തകത്തെക്കുറിച്ച് പറയുമ്പോൾ അത് മലയാളത്തിൽ പോരാ പോരാ എന്ന പേരിൽ തർജ്ജിമ ചെയ്ത രമാ മേനോനെക്കുറിച്ച് പ്രതിപാദിക്കാതിരിക്കാനാവില്ല. പുസ്‌തകത്തിന്റെ ആത്മാവ് ഒട്ടും നഷ്ടമാക്കാത്ത വിവർത്തനം തന്നെയെന്ന് പറയാം. പോസിറ്റിവും നെഗറ്റിവും ഒരുപോലെ തോന്നിയതിനാൽ പുസ്തകത്തെക്കുറിച്ചുള്ള അവസാന വാക്കിൽ പറയാനുള്ളത്, എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു, വായിക്കണോ വേണ്ടയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം.