Thursday, February 18, 2016

ദൈവമേ, മിന്നിച്ചേക്കണേ!!!

പ്ലസ് ടു പരീക്ഷ എല്ലാം കഴിഞ്ഞ് വീട്ടിലേക്കു പോകുമ്പോൾ ഇനി എങ്ങനെ അറുമാദിക്കണം? ഏതൊക്കെ സിനിമ, എവിടെ നിന്നും കണ്ടു തുടങ്ങണം? എന്ന ഭാരിച്ച ചില ആലോചനകൾ അല്ലാതെ ഇനി എന്ത് പഠിക്കണം? ഏതു ജോലിക്ക് ശ്രമിക്കണം എന്ന് തുടങ്ങിയ നിസ്സാര  പ്രശ്നങ്ങൾ ഒന്നും എന്റെ മനസ്സിൽ ഇല്ലായിരുന്നു. തൽക്കാലം പ്ലസ് ടു പരീക്ഷ ഒന്നു പാസ്സായിക്കോട്ടേ (അതിന്റെ പാട് നമുക്കല്ലേ അറിയൂ) എന്ന് കരുതി മനസ്സിനെ ചുമ്മാ ഓരോ വിഷയം എടുത്തിട്ടു വെറുപ്പിക്കാൻ തോന്നിയില്ല. അപ്പോളത്തെ ഒരു നാട്ടുനടപ്പ് അനുസരിച്ച് പ്ലസ് ടു പാസ്സായ കുട്ടി എൻട്രൻസ്‌ എഴുതിയിരിക്കണം. അതിപ്പോ എഞ്ചിനീയറിംഗ് വേണോ മെഡിക്കൽ വേണോ അതോ രണ്ടും എഴുതണോ എന്നൊക്കെ പിന്നീട് തീരുമാനിക്കേണ്ട കാര്യങ്ങൾ ആണ്. കണക്കും കൂടെ ഉൾപ്പെട്ട സയൻസ് ബാച്ച് ആയിരുന്നകൊണ്ട് എനിക്ക് രണ്ട് എക്സാമും എഴുതാം. എന്നാലും എനിക്ക് എഞ്ചിനീയറിംഗ് മതി. വേറൊന്നും കൊണ്ടല്ല, ഡോക്ടറെറ്റ് എനിക്ക് ഇഷ്ടമല്ല. ഈ ഓപ്പറേഷനും ചോരയും ഒന്നും നമ്മൾക്ക് പറ്റിയ പണി അല്ലെന്നേ. തന്നെയുമല്ല എപ്പോൾ രോഗി വന്നാലും ഡോക്ടർക്ക് ജോലിക്ക് കയറണമല്ലോ. എഞ്ചിനീയറിംഗ് ആകുമ്പോൾ ആ വക പ്രശ്നങ്ങൾ ഒന്നുമില്ല. സിവിൽ എഞ്ചിനീയറിംഗ് വേണ്ട. കുഞ്ഞായിരിക്കുമ്പോൾ മമ്മൂട്ടിയുടെ "സന്ദർഭം" സിനിമ ടി വി യിൽ കണ്ടപ്പോൾ എടുത്ത തീരുമാനം ആണ്. മാറ്റാൻ പറ്റില്ല. (അതിൽ എഞ്ചിനീയർ ആയ മമ്മൂട്ടി, കെട്ടിടത്തിൽ നിന്നും താഴെ വീണു മരിക്കുന്ന ഒരു സീൻ ഉണ്ട്). ഇലട്രോണിക്സ് ആണത്രേ ഇപ്പോളത്തെ താരം. അപ്പോൾ അതുതന്നെ എടുത്തേക്കാം. ഇനി അതെങ്ങാനും കിട്ടിയില്ലെങ്കിൽ മതി കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്. കമ്പ്യൂട്ടറിന്റെ പണിയല്ലേ, എപ്പോളാ പൂട്ടിപ്പോണത് എന്ന് പറയാൻ പറ്റില്ലല്ലോ. അങ്ങനെ മനസ്സിൽ ഭാവിയെ പറ്റി വ്യെക്തവും ശക്തവും ആയ കാഴ്ച്ചപ്പാടുകളും നേരത്തെ എടുത്തു വെച്ചിരുന്നു. ചുമ്മാ. എപ്പളാ, ആരാ ജോലിയും കൊണ്ടുവരുന്നതെന്ന് പറയാൻ പറ്റില്ലല്ലോ. ഇനി നമ്മളായിട്ട് തയ്യാറായില്ല എന്ന് വേണ്ട.

"എന്താ ഇന്ദുചൂടന്റെ ഫ്യൂച്ചർ പ്ലാൻ?" എന്ന വീട്ടുകാരുടെ ചോദ്യത്തിന് മുൻപിൽ വിനീത വിധേയനായി ഞാൻ എന്റെ പദ്ധതികൾ അവതരിപ്പിച്ചു. കൊള്ളാം, അങ്ങനെ ആണെങ്കിൽ ഉടനേ കോച്ചിംഗിനു ചേരണമെന്ന് വീട്ടുകാർ. എന്തിന്? ഇതൊക്കെ എഴുതിയെടുക്കാൻ എന്റെ സാധാ ബുദ്ധി പോരേ എന്ന് ചോദിക്കാൻ തുടങ്ങിയപ്പോളാണ് മനസ്സിൽ അടുത്ത ലഡ്ഡു പൊട്ടിയത്. ക്ലാസ്സ് കട്ട് ചെയ്തു സിനിമ കാണാൻ പോകണം എന്ന ചിരകാല ആഗ്രഹം ഇതാ പൂവണിയാൻ പോകുന്നു. ഇത്രയും നാൾ വീടിന്റെ അടുത്തുള്ള സ്കൂളുകളിൽ പഠിച്ച കൊണ്ട് ആ ഒരു ഭാഗ്യം ഇതുവരെ ഉണ്ടായിട്ടില്ല. ഇതിപ്പോ ഭാഗ്യദേവത ഇതാ ഓട്ടോ പിടിച്ച് ഇങ്ങോട്ട് വന്നിരിക്കുന്നു. അങ്ങനെ "എല്ലാരും പോകുന്ജോ കുറിഞ്ഞിമലയിലേ, ഈ ഞാനും പോകുന്ജോ കുറിഞ്ഞിമലയിലേ" എന്ന മട്ടിൽ ഞാനും എൻട്രൻസ്‌ പഠിക്കണം എന്ന ആഗ്രഹവുമായി ടൌണിലെ ഒരു പ്രശസ്ത സ്ഥാപനത്തിൽ പോയി ചേർന്നു.

കേരളത്തിൽ ഏറ്റവും കൂടുതൽ ശാഖകൾ ഉണ്ടെന്ന്, കേരളത്തിൽ ഏറ്റവും കൂടുതൽ പരസ്യം ഇറക്കുന്ന, ആ സ്ഥാപനത്തിൽ ചെന്നു കയറിയപ്പോൾ ഒരു നാടൻ ട്യൂറ്റൊറിയൽ കോളേജിൽ ചെന്നു കയറിയ ഒരു ഫീലിംഗ് ആയിരുന്നു. കുട്ടികളുടെ എണ്ണം അനുസരിച്ച് എത്ര വേണമെങ്കിലും വലുതാക്കാവുന്ന, ബോർഡുകൾ കൊണ്ട് വേർതിരിച്ച ക്ലാസ് റൂമുകൾ, സർക്കാർ സ്കൂളുകളിൽ കാണുന്ന പോലത്തെ ബഞ്ചും ഡസ്ക്കുകളും, എന്നെപ്പോലെ പരസ്യം കണ്ട് ആകൃഷ്ടരായ കുറച്ചു സാധാരണക്കാർ, രണ്ടു വർഷമായി അവിടെത്തന്നെ പഠിച്ചു കൊണ്ടിരിക്കുന്ന ഒന്ന് രണ്ടു ലോങ്ങ്‌ ടേം വിദ്യാർഥികൾ, പിന്നെ അധ്യാപനത്തിൽ നിന്നും വിരമിച്ച ശേഷം വിശ്രമ വേളകൾ ആനന്ദകരമാക്കാൻ എന്ട്രൻസ് പഠിപ്പിക്കാൻ ഇറങ്ങിത്തിരിച്ച കുറച്ചു അധ്യാപകർ. ഇത്രയും ആയിരുന്നു അവിടുത്തെ മൊത്തത്തിലുള്ള ഒരു സെറ്റപ്പ്. പഴയ സിനിമാ പരസ്യം വരുന്ന പോലത്തെ പേപ്പറിൽ അച്ചടിച്ച സ്റ്റഡി മെറ്റീരിയൽ കൂടെ ആയതോടെ എല്ലാം പൂർത്തിയായി. ഇതിനെല്ലാം പുറമേ ആയിരുന്നു അധ്യാപകരുടെയും ലോങ്ങ്‌ ടേം വിദ്യാർഥികളുടെയും പുച്ഛം. ഇന്ത്യയിൽ വേൾഡ് കപ്പ്‌ കളിക്കാൻ വരുന്ന ഹോളണ്ട്, യു എ ഇ തുടങ്ങിയ രാജ്യങ്ങളിലെ കളിക്കാരെ നോക്കി കാണുന്ന ഇന്ത്യൻ കാണികളെപ്പോലെ ആയിരുന്നു അവർ ക്രാഷ് കോഴ്സ് എന്ന് ഓമനപ്പേരിട്ട് വിളിച്ചിരുന്ന ഞങ്ങൾ പുതുക്കക്കാരെ കണ്ടിരുന്നത്. ക്ലാസ് തുടങ്ങിയാൽ സാറന്മാർ അവന്മാരോട് എന്തൊക്കെയോ ചോദിക്കും അവന്മാര് തിരിച്ചും എന്തൊക്കെയോ പറയും. രണ്ടുകൂട്ടരും ചിരിക്കും, ഞങ്ങൾ കാളകേയ ഭാഷ കേട്ട പോലെ കുന്തം വിഴുങ്ങി ഇരിക്കും. എന്തായാലും മൂന്നു ദിവസം തികച്ച് ആ കലാ പരുപാടികൾ ആസ്വദിക്കാൻ എനിക്ക് സാധിച്ചില്ല. കൃത്യം മൂന്നാം പക്കം നഗരത്തിൽ തന്നെയുള്ള അടുത്ത പ്രമുഘ സ്ഥാപനത്തിൽ ചെന്ന് ഞാൻ പേന വെച്ചു കീഴടങ്ങി.

"ദിതാണ് ഞങ്ങ പറഞ്ഞ കോച്ചിംഗ്" എന്ന് പറഞ്ഞ പോലെ, അവിടുത്തെ മൊത്തത്തിൽ ഉള്ള അന്തരീക്ഷം എന്നെ ഹഡാദാകർഷിച്ചു . വിശാലമായ ക്ലാസ് റൂം, എ സി ലൈബ്രറി, പിന്നെ ജില്ലയിലെ എണ്ണം പറഞ്ഞ പെൺകിടാങ്ങൾ. എങ്ങനെ ആകർഷിക്കാതിരിക്കും?. പക്ഷെ ഒന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോളേക്കും ഈ എണ്ണം പറഞ്ഞ പെൺകിടാങ്ങൾ മാത്രമല്ല ജില്ലയിലെ എണ്ണം പറഞ്ഞ ബുദ്ധിജീവികളും കൂടെ അവിടെ പഠിക്കുന്നുണ്ടെന്നും, എൻട്രൻസ്‌ എന്നു പറയുന്നത് 'കേരളാ' മാത്രമല്ല ഐ ഐ റ്റി, ഓൾ ഇന്ത്യ തുടങ്ങി വിഷം കൂടിയ ഐറ്റംസ്  വേറെ ഉണ്ടെന്നും, അവന്മാരൊക്കെ പ്രധാനമായും അതിനെ ലക്ഷ്യം വെച്ചാണ് അവിടെ തയ്യാറെടുത്തുകൊണ്ടിരിക്കുന്നതെന്നും എനിക്ക് മനസ്സിലായിത്തുടങ്ങി. ഐ റ്റി ഐ, ഐ റ്റി സി എന്നൊക്കെ അല്ലാണ്ട് ഐ ഐ റ്റി എന്ന സാധനത്തെപ്പറ്റി ഞാൻ കേട്ടിട്ടുപോലും ഇല്ലായിരുന്നു. അല്ല, കേട്ടിട്ടും വല്യ കാര്യം ഒന്നും ഇല്ലായിരുന്നു. സാധാ എൻട്രൻസിന് ഒരു ശരി ഉത്തരം തിരഞ്ഞെടുത്താൽ മതിയെങ്കിൽ ഇവിടെ ഒന്നിൽ കൂടുതൽ ശരി ഉത്തരങ്ങൾ തിരഞ്ഞെടുക്കണമത്രേ. നാണം കേട്ട ഏർപ്പാട്. എന്റെ പട്ടി ചെയ്യും.

എന്തായാലും ചേർന്നു. ഇനിയും മാറണമെന്ന് പറഞ്ഞാൽ വീട്ടുകാർ കാലിൽ വാരി നിലത്തടിക്കും. അത്കൊണ്ട് രണ്ടും കൽപ്പിച്ചു കുറച്ചുനാൾ ക്ലാസ്സിലൊക്കെ മുടങ്ങാതെ കയറി നോക്കി. നോ രക്ഷ!. കോച്ചിങ്ങിന്റെ ഭാഷ എല്ലായിടത്തും "കാളകേയ" തന്നെ എന്ന ദുഃഖ സത്യം ഞാൻ മനസ്സിലാക്കി. ഉച്ച കഴിഞ്ഞുള്ള ക്ലാസ്സുകളുടെ അവസ്ഥ അതിലും ഭീകരമായിരുന്നു. പ്രണയിക്കുന്ന കമിതാക്കളെ പിരിക്കുന്നതിലും പാടുള്ള പണിയാണ് ഉറക്കം വന്നിരിക്കുന്ന കൺ പോളകളെ തമ്മിൽ അകറ്റുന്നത്.  ഈ ഐ ഐ റ്റി ഭീകരന്മാരുടെ ആക്രോശങ്ങളും കൊലവിളികളും കേട്ട് മനസ്സുമടുത്ത് ഇരിക്കുമ്പോളാണ് അടുത്ത ഐറ്റം അവതരിക്കുന്നത്. ടെസ്റ്റ്‌ പേപ്പർ. ഊര് തെണ്ടിയുടെ ഓട്ട കീശയിൽ എന്തുണ്ട് എഴുതാൻ? അവസാനം കറക്കി കുത്തിന്റെ ബാലപാഠങ്ങൾ പറഞ്ഞു തന്ന ഏതോ ഒരു ഊളനെ മനസ്സിൽ ധ്യാനിച്ചു ദർബാർ രാഗത്തിൽ ഒരു കുത്തങ്ങു കുത്തി. പേപ്പർ നോക്കി മുഴുമിക്കാൻ പോയില്ല ഗുരു. എന്നെ ചേർത്ത് പിടിച്ചു സ്നേഹപൂർവ്വം ഉപദേശിച്ചു. "കോച്ചിംഗ് സെൻററിന് ചീത്തപ്പേര് ഉണ്ടാക്കരുത്". പിന്നെ സിരകളിൽ നാണക്കേടും കൺകളിൽ ഉറക്കക്ഷീണവുമായി ദിവസങ്ങൾ ഒരുപാട്.

ഈ കഷ്ടപ്പാടുകളിൽ നിന്നൊക്കെ രക്ഷപ്പെടാനുള്ള ഒരു വഴി താമസിയാതെ എന്റെ മുന്നിൽ ലൈബ്രറിയുടെ രൂപത്തിൽ തെളിഞ്ഞു വന്നു. അവിടാകുമ്പോൾ സാറന്മാരുടെ ശല്യവും ഇല്ല, നല്ല എ സി യും ഉണ്ട്, തല വെച്ച് ഉറങ്ങാൻ നല്ല ഘടാ ഘടിയൻമാരായ ബുക്കുകൾ. എല്ലാം കൊണ്ടും പറ്റിയ സെറ്റപ്പ്. പക്ഷേ കോമ്പറ്റീഷൻ അവിടെയും കനത്തതായിരുന്നു. എന്നെക്കാളും അത്യാവശ്യക്കാരുടെ ഇടിയായിരുന്നു അവിടെ, ഉറങ്ങാൻ!!. ഒരുദിവസം അവിടെ ഇരുന്ന് ഉറങ്ങിപ്പോയ എന്നെ ലൈബ്രറി പൂട്ടാൻ വന്ന മാനേജർ ആയിരുന്നു എഴുന്നേൽപ്പിച്ചു വിട്ടത്. ഇപ്പ്രാവശ്യവും നൂറു ശതമാനം തികയ്ക്കാൻ നീയൊന്നും സമ്മതിക്കില്ലല്ലേ എന്ന ഭാവം ആയിരുന്നു അങ്ങേരുടെ മുഘത്തപ്പോൾ.

അങ്ങനെ കാത്തു കാത്തിരുന്ന ആ ദിവസം സമാഗതമായി. എൻട്രൻസ്‌ എക്സാം. ആകെ നൂറ്റി ഇരുപതു ചോദ്യങ്ങൾ. ഞാൻ എത്ര ആഞ്ഞു പിടിച്ചിട്ടും മുപ്പതിനു മുകളിലേക്ക് പോകുന്നില്ല. ചുമ്മാ അടുത്തിരിക്കുന്നവൻമാരുടെ പേപ്പറിലേക്ക് നോക്കിയ ഞാൻ ഞെട്ടിപ്പോയി. അവാർഡ്‌ പടം കാണാൻ തിയേറ്ററിൽ ആളിരിക്കുന്ന പോലെ ആണ് എന്റെ ഉത്തരക്കടലാസ് എങ്കിൽ കഴിഞ്ഞ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ത്രീ ഡി തുണ്ട് പടം ലവ് കാണാൻ ആളിരിക്കുന്ന പോലെ ആയിരുന്നു എല്ലാവരുടെയും. എന്തായാലും ഒരു തീരുമാനം ആയ സ്ഥിതിക്ക് ബാക്കി കുറച്ചു ഭാഗ്യം കൂടെ പരീക്ഷിച്ചേക്കാമെന്നു തീരുമാനിച്ചു. സമയവും ബാക്കി. കുത്തിയിരുന്ന് കറുപ്പിച്ചു. ബെല്ലടിച്ചപ്പോളേക്കും എന്റെ പേപ്പറും ഏകദേശം ഹൗസ് ഫുൾ ആയി മാറിയിരുന്നു. പരീക്ഷയും കഴിഞ്ഞ് വീട്ടിലേക്കുള്ള ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ റോഡ്‌ അരികിലുള്ള അമ്പലത്തിൽ കൂടെ ഒന്ന് പ്രാർഥിച്ചേക്കാമെന്നു കരുതി. എന്തായാലും മൊത്തം ഭാഗ്യ പരീക്ഷണം ആണ്. ഇനി എല്ലാം ഭഗവാന്റെ കയ്യിലല്ലേ. നേർച്ചയും ഇട്ടേക്കാം എന്ന് കരുതി പോക്കറ്റിൽ നിന്നും പേഴ്സ് എടുത്തപ്പോളെക്കും പുറകിൽ നിന്നൊരു സ്വരം. "സാറേ, നാളത്തെ കേരള. ഒരെണ്ണം എടുക്കട്ടെ?". പിന്നേ അതിലും വലിയ ഭാഗ്യപരീക്ഷണം ആണ് ചേട്ടാ, ജീവിതം വെച്ചുള്ള കളിയാ എന്നൊക്കെ പറഞ്ഞ് ഒഴിവാക്കാൻ നോക്കിയപ്പോളാണ് അയാളെ ഞാൻ കാണുന്നത്. പൊരി വെയിലിൽ നിരങ്ങി വന്ന് ഭാഗ്യം വിൽക്കാൻ ശ്രമിക്കുന്ന ആ സാധു മനുഷ്യന്റെ മുഘത്തെ ദൈന്യത കണ്ടപ്പോൾ ഒരു ടിക്കറ്റ് എടുത്തേക്കാമെന്ന് തോന്നി. അത്രയും നേരത്തെ ആ മനുഷ്യന് വീട്ടിൽ പോകാമല്ലോ. അങ്ങനെ നാളത്തേക്കുള്ള ആ ലോട്ടറി ടിക്കറ്റും വാങ്ങി ഞാൻ അമ്പലത്തിൽ പോയി നേർച്ചയിട്ടു മനസ്സുരുകി പ്രാർഥിച്ചു . "ദൈവമേ, ഭാഗ്യ പരീക്ഷണം ആണ്. മിന്നിച്ചേക്കണേ". നമ്മുടെ പ്രാർത്ഥന അല്ലെ? ദൈവത്തിനു അങ്ങനെ എളുപ്പം തള്ളിക്കളയാൻ പറ്റില്ലല്ലോ. പുള്ളി കേട്ടു. അക്ഷരം പടി അനുഗ്രഹിച്ചു. ചെറിയൊരു മിസ് അണ്ടർസ്റ്റാൻഡിംഗ് പറ്റിപ്പോയെന്നെ ഉള്ളൂ. വലത്ത് കയ്യിൽ പിടിച്ചിരുന്ന എൻട്രൻസ്‌ ചോദ്യ പേപ്പറിന് കിട്ടേണ്ട നൂറിൽ താഴെ ഉള്ള റാങ്ക്, പത്തു രൂപയുടെ രൂപത്തിൽ ഭാഗ്യക്കുറിക്കും, ഭാഗ്യക്കുറിക്ക് കിട്ടേണ്ട അഞ്ചക്ക സമ്മാനം റാങ്കിന്റെ രൂപത്തിൽ എൻട്രൻസ്‌ പരീക്ഷയ്ക്കും കിട്ടി. എന്തായാലും ഇത്രയും പിള്ളേരൊക്കെ ഈ നാട്ടിൽ എൻട്രൻസ്‌ പരീക്ഷ എഴുതാറുണ്ടെന്നു റാങ്ക് കണ്ടപ്പോൾ ആണ് മനസ്സിലായത്‌.

Monday, February 8, 2016

അർത്തുങ്കലെ പള്ളിയിൽ ചെന്നിട്ട്......കുഞ്ഞുനാളിലെ നിറമുള്ള ഓർമകളിൽ നിറഞ്ഞു നിൽക്കുന്ന  അനുഭവം ആയിരുന്നു അർത്തുങ്കൽ പള്ളിയിലെ പെരുന്നാൾ. ഞങ്ങളുടെ  വീട്ടിൽ നിന്നും ഏകദേശം പത്തു കിലോ മീറ്റർ വടക്ക് ഭാഗത്തായിട്ടാണ് ചരിത്ര പ്രസിദ്ധമായ ഈ പള്ളി നിലകൊള്ളുന്നത്. എല്ലാ വർഷവും ജനുവരി 20 നാണ് അവിടുത്തെ പ്രധാന പെരുന്നാൾ കൊണ്ടാടുന്നത്. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഈ പെരുന്നാൾ "മകരം പെരുന്നാൾ"എന്നും വിളിക്കപെടുന്നുണ്ട്. പെരുന്നാളിന് കൊടി കയറുന്ന ജനുവരി പത്താം തിയതി വൈകിട്ട് നാലു മണിക്ക് പള്ളി അങ്കണത്തിൽ കതിനാ വെടി മുഴക്കുന്ന  ചടങ്ങ് ഉണ്ട്. ഈ വെടി ശബ്ദം കേൾക്കുന്നവർ ഉച്ചത്തിൽ കൂവും. ഈ കൂവൽ  ആൾക്കാർ എല്ലാം അത് ഏറ്റു പിടിച്ച് തുടർന്ന് കൂവും. അങ്ങനെ ആ പെരുന്നാൾ വിളംബരം നിമിഷ നേരത്തിനുള്ളിൽ നാട് മുഴുവൻ പരക്കും. മിനിറ്റുകൾക്കുള്ളിൽ പത്തു കിലോ മീറ്റർ അപ്പുറത്തുള്ള ഞങ്ങളെ പിന്നിടുന്ന ആ കൂവൽ, പന്തളം കൊട്ടാരത്തിൽ വസിക്കുന്ന അർത്തുങ്കൽ വെളുത്തച്ചന്റെ സുഹൃത്ത് അയ്യപ്പൻറെ ചെവിയിൽ വരെ എത്തണം എന്നാണ് ഐതിഹ്യം. വെളുത്തച്ഛന്റെയും അയ്യപ്പന്റെയും സൌഹൃദത്തെ പറ്റി വഴിയെ പറയാം. കുട്ടിക്കാലത്ത് ഞങ്ങൾ എല്ലാ വർഷവും കൊതിയോടെ കാത്തിരുന്ന ഒരു അവസരം കൂടെ ആയിരുന്നു ഈ കൂവൽ വിളംബരം. സ്കൂൾ കഴിഞ്ഞു വീട്ടിലോ വഴിയിലോ ആയിരിക്കും ആ സമയത്ത്. ദൂരെ വടക്ക് ഭാഗത്തുനിന്നും വലിയ ഒരു ഇരമ്പൽ അടുത്തുവരുന്നത്‌ കേൾക്കാം. ആദ്യം തേനീച്ചയുടെ മൂളൽ പോലെയും പിന്നെ കടൽ ഇരമ്പം പോലെയും തോന്നുന്ന അത്, മഴ പെയ്തു അടുത്തേക്ക് വരുന്നതു പോലെ പെട്ടെന്ന് പാഞ്ഞു എത്തും. എവിടെ ആണെങ്കിലും ദൂരെ നിന്നും വരുന്ന ആ ഇരമ്പൽ കേട്ട്, പരമാവധി ഉച്ചത്തിൽ കൂവാറുണ്ടായിരുന്നു. ഒരു കൂവൽ ആണ് കണക്ക് എങ്കിലും രണ്ടും മൂന്നും ഒക്കെ കൂവി കിട്ടിയ അവസരം ആഘോഷിക്കും. ഇന്നിപ്പോൾ കുട്ടികൾ ഒക്കെ ആ സമയത്ത് ട്യൂഷനും മറ്റും ആയി തിരക്കിൽ ആയതോടെ കൂവൽ വിളംബരം ഏതാണ്ട് നിലച്ച പോലെ ആയി. തന്നെയുമല്ല ഒരു പ്രധാന പെരുന്നാൾ തുടങ്ങുമ്പോൾ കൂവി ആണോ ആഘോഷിക്കുന്നെ? എന്നൊക്കെ ഇന്നത്തെ തലമുറ ഒരു വൈക്ക്ലബ്യത്തോടെ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. പെരുന്നാൾ തുടങ്ങുന്നത് ടി വി വാർത്തയിലും, പത്രത്തിലും ഒക്കെ ആയി മാത്രം അറിയാൻ തുടങ്ങി. പാവം അയ്യപ്പൻ!!.ഇതൊക്കെ കാണാറുണ്ടോ എന്തോ?
ജനുവരി പതിനെട്ടിന് സെബസ്റ്റ്യാനോസ് പുണ്യാളന്റെ തിരു സ്വരൂപം പുറത്ത് ദർശനത്തിനായി ഇറക്കുന്നതോടെ പള്ളിയിൽ തിരക്ക് അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തും. നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും നാനാ ജാതി മതസ്ഥർ അർത്തുങ്കലേക്ക് ഒഴുകിയെത്തും. അടൂർ ഗോപാലകൃഷ്ണന്റെ പടം പോലെ കിടന്നിരുന്ന ഞങ്ങളുടെ തീരദേശ റോഡ്‌, ഷാജി കൈലാസ് പടം പോലെ ഫുൾ ബിസ്സി ആയി മാറുന്ന നാളുകൾ ആണത്. സാധാരണ കാണുന്ന പ്രൈവറ്റ് ബസ്സുകൾ കൂടാതെ ആലപ്പുഴ നിന്നും KSRTC ബസ്സുകളും അപ്പോൾ ആ റോഡിൽ വിരുന്നിനെത്തും. അന്നൊക്കെ പള്ളിയിൽ പോകാൻ ആ ബസ്സുകൾ മതി എന്നും പറഞ്ഞു എപ്പോളും പോകാറുള്ള പ്രൈവറ്റ് ബസ്സുകളെ പുശ്ചിച്ചു ബസ് സ്റ്റോപ്പിൽ KSRTC ബസ്സുകൾക്കായി കാത്തു നിൽക്കാറുണ്ടായിരുന്നു. ആലപ്പുഴ, അമ്പലപ്പുഴ തുടങ്ങിയ ദൂര ദേശങ്ങളിൽ നിന്നും കാൽ നടയായി ധാരാളം ആളുകൾ കടപ്പുറത്ത് കൂടെ പള്ളിയിലേക്ക് നടന്നു പോകാറുണ്ട്. അതുകാരണം ധാരാളം ചായ കടകളും മറ്റും കടപ്പുറത്ത് ആ ദിവസങ്ങളിൽ പൊട്ടി മുളക്കും. അങ്ങനെ നടക്കുന്ന ആളുകൾക്ക് അർത്തുങ്കൽ ആയി എന്ന് മനസിലാകാനായി ഒരു കുരിശ് അർത്തുങ്കൽ കടപ്പുറത്ത് വെച്ചിട്ടുണ്ട്. ഇപ്പോൾ അതുപോലത്തെ കുരിശുകൾ കടപ്പുറത്ത് ധാരാളമായി കണ്ടു വരാറുണ്ട് എങ്കിലും അർത്തുങ്കൽ കടപ്പുറത്തെ തിരക്കും ഉത്സവ പ്രതീതിയും ഒക്കെ കൊണ്ട് സ്ഥലം മനസിലാക്കാൻ എളുപ്പമാണ്. കടപ്പുറത്തു നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരം ഉണ്ട് പള്ളിയിലേക്ക്. കടപ്പുറത്തേക്ക് തിരു സ്വരൂപവും വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം ആണ് പെരുന്നാൾ ദിവസത്തെ ഒരു പ്രധാന ചടങ്ങ്. ജനലക്ഷങ്ങൾ പങ്കെടുക്കുന്ന ആ പ്രദക്ഷിണത്തിന്റെ സമയത്ത് ആകാശത്ത് ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ട് അനുഗമിക്കാറുണ്ട്. രോഗ ശാന്തി തേടി ധാരാളം വിശ്വാസികൾ കടപ്പുറത്ത് നിന്നും പള്ളിയിലേക്ക് ശയന പ്രദക്ഷിണവും, മുട്ടിൽ നിരങ്ങലും ഒക്കെ നടത്താറുണ്ട്‌. പുണ്യാളന് അമ്പും വില്ലും സമർപ്പണം, നേർച്ച സമർപ്പണം, അടിമ കൊടുക്കൽ തുടങ്ങിയവ ആണ് മറ്റു പ്രധാന വഴിപാടുകൾ. 2009 ഇൽ ഒന്നര ലക്ഷത്തോളം അമ്പും വില്ലും സമർപ്പണം ഉണ്ടായിരുന്നു എന്നാണ് പള്ളിയുടെ വെബ്‌ സൈറ്റിൽ നിന്നും മനസിലായത്. അതിൽ നിന്നും തന്നെ ആ തിരക്ക് ഒന്ന് ഊഹിക്കാവുന്നതാണ്. ജനുവരി 20 ന് പ്രധാന പെരുന്നാളിന് ശേഷവും എട്ടു ദിവസം കൂടി തിരുനാൾ ആഘോഷങ്ങൾ തുടരും. എട്ടാം പെരുന്നാൾ എന്ന പേരിൽ 27 നാണ് പെരുന്നാൾ സമാപിക്കുന്നത്. വിശുദ്ധന്റെ തിരുസ്വരൂപം നാല്പ്പത് ദിവസത്തോളം പൊതു ദർശനത്തിന് ഉണ്ടായിരിക്കും.


ഇനി അല്പ്പം ചരിത്രത്തിലേക്ക് നോക്കാം. കഥ നടക്കുന്നത് അഞ്ചു പതിറ്റാണ്ടുകൾക്ക് മുന്പാണ്. അന്ന് ആ പ്രദേശം "മൂത്തേടത്" രാജ്യത്തിന്റെ തലസ്ഥാനമായ "മൂത്തേടത്തുങ്കൽ" എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് ആ പേര് ലോപിച്ച് "ഇടത്തുങ്കൽ" എന്നും, കാല ക്രമേണ അത് അർത്തുങ്കൽ എന്നും ആയി മാറി എന്നും ആണ് പറയപ്പെടുന്നത്‌. അന്ന് ആ പ്രദേശത്ത് ധാരാളം ആളുകൾ ക്രിസ്തുമതം സ്വീകരിച്ചു മതം മാറിയതിനാൽ അന്നത്തെ പോർച്ചുഗീസ് മിഷനറിമാർ അവിടത്തെ രാജാവിനോട് ഒരു പള്ളി സ്ഥാപിക്കാൻ ഉള്ള അനുവാദം ചോദിച്ചു. 1581 ഇൽ രാജാവ് അനുവാദം കൊടുക്കുകയും, സമീപവാസികളായ ഹിന്ദുക്കളുടെ കൂടെ സഹായത്തോടെ ഒരു പള്ളി, തടിയും ഓലയും ഉപയോഗിച്ച്  ചെയ്തു. സെന്റ്‌ ആൺഡ്രൂസ് പുണ്യാളന്റെ പേരിൽ നിർമ്മിച്ച ആ പള്ളി ആണ് ഇന്ന് കാണുന്ന അർത്തുങ്കൽ പള്ളിയുടെ പൂർവികൻ. ഇപ്പോളും പള്ളി അറിയപ്പെടുന്നത് ആ വിശുദ്ധന്റെ നാമധേയത്തിൽ തന്നെ ആണ്. ഫാദർ ഗാസ്പർ പയസ് ആയിരുന്നു പള്ളി നിർമ്മിക്കാൻ മേൽനോട്ടം നൽകിയ ആദ്യ വികാരി.

1584 ഇൽ അന്നത്തെ വികാരി ആയിരുന്ന ഫാദർ ജേക്കൊമ ഫെനിഷ്യൊ പള്ളിയെ പുതുക്കി പണിതു. ജന പ്രിയൻ ആയിരുന്ന ആ വികാരി ആണ് പിന്നീട് അർത്തുങ്കൽ വെളുത്തച്ഛൻ എന്ന പേരിൽ പ്രസിദ്ധനായത്‌. നല്ലൊരു വൈദ്യനും അത്ഭുത സിദ്ധികൾ പ്രദർശിപ്പിചിരുന്നവനും ആയ വെളുത്തച്ഛൻ, കളരി അഭ്യാസങ്ങൾ പഠിക്കാൻ ആയി സമീപ ഗ്രാമം ആയ മുഹമ്മയിൽ ഒരു കളരിയിൽ പഠിക്കാൻ ചേർന്ന സമയത്ത് തന്നെ ആണ് പന്തള രാജാവിന്റെ അടുത്ത് നിന്നും കളരി പഠിക്കാനായി അയ്യപ്പനും അവിടെ എത്തിച്ചേർന്നത്. അവിടെ വെച്ചാണ് അവർ തമ്മിൽ സൌഹൃദം പൊട്ടി മുളക്കുന്നത്. ആ സൌഹൃദത്തിന്റെ ഓർമ്മക്കായി ആയിരക്കണക്കിന് അയ്യപ്പഭക്തന്മാർ ശബരിമല ദർശനം കഴിഞ്ഞ് അർത്തുങ്കൽ വെളുത്തച്ഛനെ കാണാനായി എത്താറുണ്ട്. അതിനു ശേഷം മാത്രമേ മാല ഊരി വ്രതം മുറിക്കാവൂ എന്നൊരു വിശ്വാസവും നിലവിലുണ്ട്. അങ്ങനെ വരുന്ന ഭക്തർക്ക് കുളിച്ചു മാല ഊരി വ്രതം മുറിക്കാനുള്ള അവസരം പള്ളിയിൽ തന്നെ ഒരുക്കിയിട്ടുണ്ട്. മത സൌഹാർദ്ദത്തിന്റെ മകുടോദാഹരണമായിട്ടാണ്  വെളുത്തച്ഛൻ-അയ്യപ്പൻ സൌഹൃദത്തെ കാണുന്നത്.1632-ഇൽ വെളുത്തച്ഛൻ കാലം ചെയ്ത ശേഷമാണ് പടിഞ്ഞാറേക്ക് ദർശനം ആയ രീതിയിൽ ഒരു പള്ളി പണി കഴിപ്പിച്ചത്. 1647 ഇലാണ് ഇറ്റലിയിലെ മിലാനിൽ നിർമ്മിച്ച വിശുദ്ധ സെബസ്റ്റ്യാനോസ് പുണ്യാളന്റെ തിരു സ്വരൂപം അർത്തുങ്കൽ പള്ളിയിൽ സ്ഥാപിക്കപ്പെട്ടത്‌. അക്കാലത്തു നിർമ്മിച്ച ആ പഴയ പള്ളി ഇപ്പോളും കേടുപാടുകൾ കൂടാതെ സമീപത്തായി സംരക്ഷിച്ചു പോരുന്നുണ്ട്. ഈ പള്ളിയിൽ വെച്ചാണ് 1829 ഇൽ വിശുദ്ധ ചാവറ കുര്യാക്കോസ് അച്ഛൻ പൌരോഹത്യം സ്വീകരിച്ചത്. അദ്ദേഹത്തിന്റെ സേവനങ്ങളാൽ പള്ളി കൂടുതൽ അനുഗ്രഹീതമായി. ഇപ്പോൾ കാണുന്ന പുതിയ പള്ളിയുടെ പണി ആരംഭിച്ചത് 1910 ഓടു കൂടിയാണ്. പൂർണ്ണമായും കരിങ്കല്ലിൽ ആണ് ഇതിന്റെ പണി തീർത്തിരിക്കുന്നത്. 1967 ഇൽ ദേവാലയം ആശിർവദിക്കപ്പെട്ടു. 2010 ഇൽ ഈ ദേവാലയം ബസലിക്ക ആയി പ്രഘ്യാപിക്കപ്പെട്ടു. ആലപ്പുഴ ജില്ലയിലെ ആദ്യത്തെയും, കേരളത്തിലെ ഏഴാമത്തെയും ബസലിക്ക ആണ് അർത്തുങ്കൽ ബസലിക്ക. പള്ളിയിൽ സ്ഥാപിച്ചിരിക്കുന്ന പഞ്ചലോഹ നിർമ്മിതമായ മണി അതിന്റെ പഴമ കൊണ്ടും ശബ്ദ ഗാംഭീര്യം കൊണ്ടും വളരെ പ്രശസ്തമാണ്. പണ്ടുകാലങ്ങളിൽ ആ മണിയുടെ മുഴക്കം കിലോമീറ്ററുകൾ അപ്പുറത്തുള്ള ചേർത്തല ചന്തയിൽ വരെ കേൾക്കാമായിരുന്നത്രേ.

ആലപ്പുഴ- ചേർത്തല തീരദേശ പാതയുടെ അരികിലായാണ്‌ ഈ പള്ളി സ്ഥിതി ചെയ്യുന്നത്. NH 47 നു സമാന്തരം ആയി കിടക്കുന്ന ഈ റോഡിൽ എത്തിയാൽ പള്ളിയിലേക്കുള്ള യാത്ര വളരെ എളുപ്പമാണ്. ആലപ്പുഴ നിന്നും ചേർത്തല നിന്നും ധാരാളം ബസ് സർവീസുകൾ ഇപ്പോൾ ആ റോഡിൽ ഉണ്ട്. NH ലൂടെ ആലപ്പുഴ നിന്നും വരുന്നവർക്ക് കണിച്ചുകുളങ്ങര നിന്നോ, അത് കഴിഞ്ഞുള്ള പതിനൊന്നാം മൈൽ നിന്നോ ഇടത്തേക്ക് പോകുന്ന റോഡിലൂടെ തീരദേശ പാതയിൽ എത്താവുന്നതാണ്. അടുത്തുള്ള റെയിൽവെ സ്റ്റെഷൻ, ചേർത്തല ആണ്.

ഓ.ടോ : ചിത്രങ്ങൾക്ക് കടപ്പാട് സാക്ഷാൽ ഗൂഗിളിനോട്. വിവരങ്ങൾക്ക് കടപ്പാട് വിക്കി പീഡിയയ്ക്കും പള്ളി വെബ്‌ സൈറ്റിനും.

Wednesday, February 3, 2016

ഇടവേളക്ക് ശേഷം

യാത്ര ഇഷ്ടപ്പെടാത്തവർ ആയി അധികം ആളുകൾ ഉണ്ടാകും എന്ന് തോന്നുന്നില്ല. സ്ഥിരം കാണുന്ന കാഴ്ചകളിൽ നിന്നും വെത്യസ്ഥമായ കാഴ്ചകൾ തേടി അലയാൻ കൊതിക്കുന്ന സ്വഭാവം മനുഷ്യസഹജം ആണ്. എന്നാൽ സാമ്പത്തികവും, ചുമതലകളുടെ ഭാരവും, ആരോഗ്യവും  നമ്മളെ പിന്തിരിപ്പിക്കാറാണ് പതിവ്. അത് കൊണ്ട് തന്നെ യാത്രികരുടെ അനുഭവക്കുറിപ്പുകൾ എന്നും എവിടെയും വായനക്കാരെയും പ്രേക്ഷകരെയും ആകർഷിച്ചിട്ടുണ്ട്. നമ്മുടെ തന്നെ, എസ് കെ പൊറ്റക്കാട്‌ മുതൽ സന്തോഷ്‌ ജോർജ് കുളങ്ങര വരെ ഉദാഹരണങ്ങൾ. സഞ്ചാരം ഡി വി ഡി കളുടെ പ്രചാരം തന്നെ വല്ലാതെ അത്ഭുതപ്പെടുത്തി എന്ന് അദ്ദേഹം ഒരു ചർച്ചയിൽ പറഞ്ഞത് ഓര്ക്കുന്നു. ആ ഒരു ധൈര്യത്തിൽ ആണത്രേ അദ്ദേഹം ഒരു ചാനൽ തന്നെ തുടങ്ങിയത്. മലയാളം ബ്ലോഗ്ഗിങ്ങിന്റെ ഒരു സുവർണ്ണ കാലഘട്ടത്തിന്റെ സ്വാധീനത്തിൽ ഒരു ബ്ലോഗ്ഗർ ആകാൻ ഇറങ്ങിത്തിരിച്ച എനിക്ക് പിന്നീട് അതിൽ തുടർന്ന് പോകാൻ സാധിച്ചില്ല. ജോലിത്തിരക്കും പ്രാരാബ്ധങ്ങളും ഒക്കെ ഒരു കാരണമായി പറയാം. എങ്കിലും ഒരു അവസരം കിട്ടിയപ്പോൾ വീണ്ടും ഇതിൽ എന്റെ ചെറിയ ചെറിയ യാത്രാ വിശേഷങ്ങൾ പങ്കുവെച്ചു തുടങ്ങാമെന്ന് വിചാരിക്കുന്നു. എന്തരാകുമോ എന്തോ?

ഇത്രേം നാളത്തെ ഒരു ഇത് വെച്ച് നോക്കിയാൽ, ഒരു യാത്ര പോയി എന്ന് പറയണമെങ്കിൽ അത് ആ യാത്രക്ക് വേണ്ടി തന്നെ ആകണം. അല്ലാതെ കല്യാണം കൂടാൻ പോകുന്ന വഴിക്കും, ജോലിയുടെ ഭാഗമായിട്ടും ഒക്കെ പോകുന്ന വഴിക്ക് ഓരോ സ്ഥലങ്ങൾ കാണുന്നത് ഒരിക്കലും പൂർണ്ണം ആകണമെന്നില്ല. ആ കണക്കിന് നോക്കിയാൽ ഞാൻ നടത്തിയ യാത്രകൾ വിരലിൽ എണ്ണാൻ പോലും ഇല്ല.

ജീവിതം തന്നെ ഒരു യാത്ര ആണല്ലോ!!!വേറെ എന്തെങ്കിലും കുറിക്കണം എന്നുണ്ടെങ്കിൽ അത് ഈ പേരിൽ ഒതുക്കാം. അല്ല പിന്നെ.