Sunday, September 27, 2026

കള്ളക്കടൽ

കള്ളക്കടൽ  



കഴിഞ്ഞ ദിവസം രാവിലെ ഗേറ്റിൽ നിന്നും പത്രമെടുക്കാൻ പോയപ്പോൾ പാലുകാരൻ പവിത്രൻ ചേട്ടൻ പാലുമായി എത്തി. ചേട്ടനുമായി വിശേഷം പറഞ്ഞു നിൽക്കുമ്പോൾ റോഡിലൂടെ ബൈക്കിൽ കുറച്ചു പയ്യന്മാർ പടിഞ്ഞാറേക്ക് പാഞ്ഞു പോകുന്നത് കണ്ടു. ഫിഷ് ലാന്റിങ് സെന്ററിൽ മീൻ വാങ്ങാൻ പോകുന്നതായിരിക്കും. പക്ഷെ ഇത്രയും നേരത്തെ? വള്ളങ്ങൾ മീനുമായി വരാൻ സമയം ആകുന്നതേ ഉള്ളൂ. ചില ദിവസങ്ങളിൽ ഞാനും പോകാറുണ്ട്. ഈ പയ്യന്മാരെ പക്ഷെ ഇവിടെയൊന്നും കണ്ടിട്ടില്ല.!. എന്റെ മനസിലെ ചിന്തകൾ അറിഞ്ഞിട്ടായിരിക്കും, പവിത്രൻ ചേട്ടൻ ഇലക്ട്രിക് സ്കൂട്ടർ മുന്നോട്ട് എടുത്തുകൊണ്ട്  പറഞ്ഞു.

"കള്ളക്കടൽ കാണാൻ പോകുന്നതാ. രാവിലെ മുതൽ കുറെയെണ്ണം പോകുന്നത് കണ്ടു."

അപ്പോഴാണ് കഴിഞ്ഞ ദിവസം രാത്രി ഏഷ്യൻ ഗെയിംസ് ഹൈലൈറ്റ്സ് കണ്ടുകൊണ്ടിരിക്കുമ്പോൾ മൊബൈൽ, ഷോക്കടിക്കുമ്പോൾ ഉണ്ടാകുന്ന പോലെ വിറവലോടെ വൃത്തികെട്ട ഒരു ശബ്ദം പുറപ്പെടുവിച്ച സംഭവം ഓർത്തത്. റിങ് ടോണുമല്ല, മെസേജ് അലെർട്ടുമല്ല, അലാറമുമല്ല. പിന്നെ ഈ അസമയത്ത് ഇതെന്ത് കുന്തമാണെന്നോർത്ത് മൊബൈൽ എടുത്തുനോക്കിയപ്പോഴാണ് കള്ളക്കടൽ അലർട്ട് ആണെന്ന് കണ്ടത്. രണ്ടു ദിവസം കേരള കടൽ തീരത്ത് കള്ളക്കടൽ പ്രതിഭാസം ഉണ്ടാകാൻ സാധ്യത ഉണ്ടത്രേ. മെസേജ് വിട്ടിരിക്കുന്നത് ചില്ലറക്കാരല്ല. സുനാമി മുന്നറിയിപ്പ് ഒക്കെ നൽകുന്ന കേന്ദ്ര ഏജൻസിയായ ഇൻകോയിസ് ഇൻ അസോസിയേഷൻ വിത്ത് കേരളാ ദുരന്ത നിവാരണ അതോറിറ്റി. അത്ര പ്രാധാന്യമുള്ള ദുരന്തമുന്നറിയിപ്പ് കിട്ടിയ സന്തോഷത്തിൽ കൊച്ചുവെളുപ്പാൻകാലത്ത് കാണാൻ പോകുന്നവന്മാരാണ് ആ പോയത്. ആ ദുരന്തങ്ങളെ കണ്ടതോടെ എന്റെ മനസ്സിൽ 22 വർഷം മുൻപ് ഉണ്ടായ സുനാമിയുടെ ഓർമ്മകൾ അലയടിച്ചെത്തി. 

കൂട്ടുകാരുമായി കുന്തളിച്ച് നടന്ന കാലം. ക്രിസ്‌മസ്‌ എന്നും ആഘോഷങ്ങളുടെ രാവാണ്. കൂട്ടുകാരുമായി കരോളിനൊക്കെ പോയിരുന്ന കാലത്തിൽ നിന്നും വട്ടംകൂടിയിരുന്ന് ചിക്കനും ചുട്ട് ലഹരിയും നുണഞ്ഞ് നേരം വെളുപ്പിക്കുന്ന കാലത്തിലേക്ക് ഞങ്ങൾ കടന്നിരുന്നു. അത്തരം ആഘോഷങ്ങൾ മിക്കവാറും ഞങ്ങളിൽ ആരുടെയെങ്കിലും പറമ്പിലായിരിക്കും. തലയ്ക്കൊരു അമല് കിട്ടിക്കഴിഞ്ഞാൽ പിന്നെ വരുന്ന എല്ലാ കരോളുകാരുടെയും കൂടെ തുള്ളിയും ടേപ്പ് റിക്കാർഡറിൽ ഉച്ചത്തിൽ പാട്ട് വെച്ച് 90 കിഡ്സ് ന്റെ ഡിജെ ആഘോഷിച്ചും സമയം കളയും.  പള്ളിയിൽ പാതിരാകുർബാനയുടെ മണി മുഴങ്ങിക്കഴിയുമ്പോൾ എല്ലാവരുകൂടെ നേരെ കടപ്പുറത്തേക്ക് പോകും. പിന്നുള്ള ആഘോഷം അറബിക്കടലിനെ സാക്ഷിയാക്കി. അപ്പോഴേക്കും കൂട്ടത്തിൽ ദുർബലർ ഓരോരുത്തരായി വാളുവെച്ച് കീഴടങ്ങി തുടങ്ങിയിരിക്കും. അങ്ങനെ ആ രാത്രിയിലും ആഘോഷമെല്ലാം കഴിഞ്ഞ് വീടണയുമ്പോൾ തിരുപ്പിറവിയുടെ ആഘോഷമെല്ലാം കഴിഞ്ഞ് പള്ളിയും പൂട്ടി കപ്യാർ അന്തോണി ചേട്ടൻ വരെ ഉറക്കം പിടിച്ചിരുന്നു.


എത്ര താമസിച്ച് കിടന്നാലും പിറ്റേന്ന് രാവിലെ ആറരയ്ക്ക് ഞാൻ അലാറം വെച്ച് എഴുന്നേൽക്കും. സ്റ്റഡി ലീവാണെങ്കിലും നാട്ടിൽ വന്നാൽ പുസ്തകം കൈകൊണ്ട് തൊടുന്ന പതിവില്ല. ഇത് അതിനല്ല. ഡിസംബർ 26 ഇന്ത്യ ആസ്‌ട്രേലിയ ബോക്സിങ് ഡേ ക്രിക്കറ്റ് മത്സരം ആരംഭിക്കുന്ന ദിവസം. സച്ചിനും സെവാഗും ദ്രാവിഡും ഗാംഗുലിയും കുംബ്ലെയും  ലക്ഷ്മണുമൊക്കെയുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീം പോണ്ടിങ്ങും ഗിൽക്രിസ്റ്റും ഹെയ്ഡനും മക്ഗ്രാത്തും വോണുമൊക്കെയുള്ള ആസ്ട്രേലിയയോട് ഏറ്റുമുട്ടുമ്പോൾ ക്രിക്കറ്റ് രക്തത്തിലലിഞ്ഞ ഒരു 90 കിഡിനും കിടന്നുറങ്ങാൻ സാധിക്കില്ല. തലേന്നത്തെ ആഘോഷത്തിന്റെ കെട്ട് വിട്ടിട്ടില്ല. വന്ന് ടിവി ഓണാക്കി. സ്റ്റാർ സ്പോർട്സ് വെക്കണം. ഓൺ ആക്കുമ്പോൾ വരുന്ന ചാനൽ ഏഷ്യനെറ്റ് ന്യൂസ് ആണ്. ചാനൽ മാറ്റാൻ തുനിഞ്ഞപ്പോൾ എന്തൊക്കെയോ ന്യൂസ് എഴുതിക്കാണിക്കുന്നു. "തമിഴ്‌നാട്ടിൽ കടൽ കയറി ചെന്നൈയിൽ മറീന ബീച്ചിൽ നടക്കാൻ പോയവരെ കാണുന്നില്ല." "വേളാങ്കണ്ണി പള്ളിയിൽ തിരമാല അടിച്ചുകയറി പള്ളിയിൽ മലയാളികൾ ഉൾപ്പെടെ കുടുങ്ങിക്കിടക്കുന്നു" കേരളാ തീരത്തും തിരമാല അടിച്ച് കൊല്ലത്ത് ആളുകൾ ഒഴുകിപ്പോയി. ലോകം നടുങ്ങിയ സുനാമിയുടെ വാർത്തകളുടെ തുടക്കമായിരുന്നു അത്. 

സംഭവബഹുലമായിരുന്നു ആ ദിവസം. വാർത്തകളിൽ നിന്നും സംഭവത്തിന്റെ ഭീകരത മനസ്സിലാക്കിയ ഞാൻ സൈക്കിളെടുത്ത് നേരെ കടപ്പുറത്തുള്ള ഷിബുവിന്റെ വീട്ടിലേക്ക് പാഞ്ഞു. (അന്ന് വിളിച്ചു തിരക്കാൻ എല്ലാവരുടെ കയ്യിലും മൊബൈൽ എത്തിയിട്ടില്ല). രാവിലെ അപ്രതീക്ഷിതമായി തിരമാല കരയിലേക്ക് അടിച്ചുകയറിയത്രേ. കരയിൽ നിരന്നുകിടന്നിരുന്ന വള്ളങ്ങൾ ഒഴുകിപ്പോകാൻ തുടങ്ങിയപ്പോൾ കണ്ടവർ ഉച്ചത്തിൽ അലറിവിളിച്ചുകൊണ്ട് അത് പിടിച്ചു കെട്ടിയിടാൻ ഓടിയെത്തി. പക്ഷെ തലേന്നത്തെ ആഘോഷങ്ങളുടെ ക്ഷീണത്തില്‍ കിടക്കുന്ന ചേട്ടന്മാര്‍ എവിടുന്നു കേള്‍ക്കാന്‍. അവസാനം സമീപത്തെ വീടുകളില്‍ രാവിലെ കറിക്ക് അരച്ചുകൊണ്ട് നിന്ന ചേച്ചിമാര്‍ ആണ് ഓടി വന്നു ഒഴുകി പോകാന്‍ തുടങ്ങിയ വള്ളങ്ങള്‍ പിടിച്ചു വെച്ചത്. സുനാമിയുടെ ഒരു സൗമ്യരൂപമാണ് തങ്ങളുടെ മുന്നിലെന്ന് മനസിലായില്ലെങ്കില്‍ക്കൂടെ അവര്‍ അന്ന് കാണിച്ച ആ ധൈര്യം കാരണം കുറെ കുടുംബങ്ങളുടെ ഉപജീവനമാർഗം നഷ്ടപ്പെട്ടില്ല. ഷിബുവുമായി ഞാന്‍ കടപ്പുറത്ത് ചെന്നപ്പോള്‍ പ്രത്യേകിച്ച് ഒന്നും കാണാന്‍ കഴിഞ്ഞില്ല. കടല്‍തീരം മൊത്തത്തില്‍ നനഞ്ഞ പോലെ തോന്നി. അവിടെ മുഴുവന്‍ കടല്‍ ജലം ആയിരുന്നെന്നു അപ്പോള്‍ അവിടെ ഉണ്ടായിരുന്നവര്‍ പറഞ്ഞു അറിഞ്ഞു. ഇന്നലെ ഞങ്ങള്‍ ക്രിസ്മസ് ആഘോഷിച്ച സ്ഥലം നനഞ്ഞു കിടക്കുന്നത് ചെറിയ ഉള്‍ക്കിടിലത്തോടെ ആണ് കണ്ടത്. ആഘോഷം കഴിഞ്ഞു വലിച്ചു എറിഞ്ഞ കുപ്പിക്കൊപ്പം കഷ്ട്ടപെട്ടു വെച്ച വാളും സുനാമി കൊണ്ട് പോയി എന്നറിഞ്ഞതോടെ എന്റെ ഉള്ളില്‍ ഒരു സുനാമി അടിച്ചു. 


ഉച്ചയോടു കൂടി രംഗം മുഴുവന്‍ മാറി. ഇനിയും സുനാമി ഉണ്ടാകാന്‍ പോകുന്നു എന്ന വാര്‍ത്ത‍ ടി വി യില്‍ തുടര്‍ച്ചയായി വന്നു തുടങ്ങി. കലവൂരുള്ള ബീവറേജസില്‍ അന്ന് ഉണ്ടായ പോലൊരു റിക്കാർഡ് വിൽപ്പന പിന്നീട് ഒരു ഉത്സവ നാളിലും ഉണ്ടായിട്ടില്ല. ലോകം അവസാനിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ മിച്ചം ഇരുന്ന കാശിനും കുപ്പി മേടിക്കാനുള്ള നെട്ടോട്ടം. ഇനി കുടിക്കാന്‍ പറ്റിയില്ലെങ്കിലോ!. കടലിനോട് ചേർന്ന് വീടുള്ളവർ എല്ലാം കിഴക്കുള്ള ബന്ധുവീടുകളിലേക്ക് മാറിത്തുടങ്ങി. കയ്യിൽ കിട്ടിയതൊക്കെ വാരിക്കെട്ടി അഭ്യാർത്ഥികളെപ്പോലെ ഒരു ജനത കിട്ടിയ വണ്ടികളിലും നടന്നും സുരക്ഷിതമായ വീടുകൾ തേടി പോകുന്ന കാഴ്ച ഭീകരമായിരുന്നു. തോട്ടപ്പള്ളി പാലത്തിന് മുകളിൽ വെള്ളം കയറിയതിനാൽ അതുവഴി ഗതാഗതം നിരോധിച്ചതോടെ തണ്ണീർമുക്കം ബണ്ടിലും എസി റോഡിലും വാഹനങ്ങൾ നിറഞ്ഞു. വണ്ടിയുള്ളവരൊക്കെ ആലപ്പുഴ വിട്ട് കിഴക്കൻ ജില്ലകളിലേക്ക് പായുന്ന തിരക്ക്. വൈകുന്നേരം ആയതോടെ ആളുകൾ ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് പോലീസ് ജീപ്പിൽ മൈക്ക് കെട്ടി റോന്ത് ചുറ്റൽ ആരംഭിച്ചു. സ്ത്രീകളും കുട്ടികളും പള്ളിയിലും ആണുങ്ങൾ റോഡിലും തടിച്ചുകൂടി. തീരദേശ റോഡിന് പടിഞ്ഞാറുള്ള വീടുകളിൽ നിന്നും എല്ലാവരും മാറിനിൽക്കണമെന്ന് നിർദ്ദേശം വന്നതോടെ പരിചയക്കാരൊക്കെ ഞങ്ങളുടെ വീട്ടിലും എത്തി. 


സെന്റ് ജൂഡ് ബസ് അന്ന് പാർക്ക് ചെയ്തിരുന്നത് ഡ്രൈവർ ബിജുവിന്റെ അടുത്തായിരുന്നു. കിലോമീറ്ററുകൾ കടൽ കയറാൻ സാധ്യതയുണ്ടെന്ന് കേട്ടതോടെ എല്ലാവരും ആശങ്കയിലായി. ഞങ്ങളുടെ വീടും പള്ളിയും ഒന്നും സുരക്ഷിതമല്ല. ആളുകളെ 4 കിലോമീറ്റർ അപ്പുറത്തുള്ള കലവൂരിലേക്ക് മാറ്റണമെന്ന് അറിയിപ്പ് വന്നതോടെ ബിജു ബസ് എടുത്തു. പെണ്ണുങ്ങളും കുട്ടികളുമായി സെന്റ് ജൂഡ് കലവൂരിലേക്ക് നിർത്താതെ ട്രിപ്പടിച്ചു. അഞ്ചെട്ട് ട്രിപ്പ് ആയതോടെ വെപ്രാളം മൂലം ഗ്യാസ് കയറിയ ബിജുവിന് ഒരു സോഡാ നാരങ്ങാ കൊടുക്കാൻ പാതിരായ്ക്ക് കട തുറന്ന് നാരങ്ങാ പിഴിഞ്ഞ യോഹന്നാച്ചൻ ഉപ്പ് തീർന്ന കാര്യം അപ്പോഴാണ് ഓർത്തത്. 

"യോനാച്ചാ, ഉപ്പ് വേണ്ട, ഉപ്പുവെള്ളം കുറെ കുടിക്കാനുള്ളതാ" ബിജു അത് തമാശയായി പറഞ്ഞതല്ലായിരുന്നു. 

ഓട്ടോയുള്ള സാലപ്പൻ ചേട്ടൻ ഓട്ടോയിൽ ഭാര്യയേയും കുട്ടികളെയും ഒപ്പം ആടിനെയും പട്ടിയെയും കൂടി കുത്തി നിറച്ച് ആധാരവും തുണികളുമായി കലവൂർക്ക് പാഞ്ഞപ്പോൾ വീട്ടിൽ കിടപ്പിലായ അപ്പൻ മാത്രം അവശേഷിച്ച കാര്യം സാലപ്പൻ ചേട്ടൻ എന്ന മൃഗസ്നേഹിയെ പുകഴ്ത്തിയവർ അറിഞ്ഞിരുന്നില്ല. 

ആണുങ്ങൾ റോഡിൽ തടിച്ചുകൂടി നിൽക്കുമ്പോൾ ടോർച്ചുമായി കടപ്പുറത്തേക്ക് സുനാമികാണാൻ പടിഞ്ഞാറേക്ക് വെച്ചുപിടിച്ച ധീരന്മാരെ പോലീസുകാർ പച്ചതെറിപറഞ്ഞ് പായിച്ചു. രാത്രി സുനാമി വരുമ്പോൾ കാണാൻ ടോർച്ച് കരുതിയവന്മാരുടെ ഒരു കരുതൽ!. 


ആ രാത്രി ഉറക്കമില്ലാത്ത രാത്രിയായിരുന്നു. സ്വന്തം വീടും നാടും സുരക്ഷിതമല്ലെന്ന് അറിഞ്ഞാൽ ആർക്ക് ഉറങ്ങാൻ സാധിക്കും. വീട്ടിൽ വന്നവരുമായി സംസാരിച്ചിരിക്കുമ്പോൾ അപ്പുറത്ത് പള്ളിയിൽ കൂടിയിരിക്കുന്നവരുടെ പ്രാർത്ഥനകൾ വീട്ടിൽ കേൾക്കാമായിരുന്നു. അങ്ങനെ പ്രാർത്ഥനകളുമായി ആ രാത്രി ഒരുവിധത്തിൽ തള്ളി നീക്കി. പൊള്ളേത്തൈയിൽ കുഴപ്പങ്ങളുണ്ടാക്കിയില്ലെങ്കിലും കേരള തീരത്ത് ധാരാളം പേർക്ക് ആ സുനാമിയിൽ ജീവൻ നഷ്ടപ്പെട്ടിരുന്നു. 


ആ ഓർമ്മകൾ ഉള്ളതിനാൽ കടലിൽ നിന്നും വരുന്ന ഒരു ഭീഷണിയും നിസാരമായി കാണാൻ സാധിക്കില്ല. എല്ലാ മൺസൂൺ കാലത്തും കേരള തീരത്ത് കടൽക്ഷോഭം ഉണ്ടാകാറുണ്ട്. വീടുകളും മൽസ്യബന്ധന ഉപകാരണങ്ങളുമൊക്കെ നശിക്കാറുമുണ്ട്. കടൽത്തീരത്തിനപ്പുറത്തേക്ക് അതിന്റെ ഭീഷണി കടന്നുചെല്ലാറില്ല. അപ്പോഴാണ് സുനാമിയുടെ വരവ്. കടൽത്തീരത്ത് നിന്നും കിലോമീറ്ററുകൾ വരെ കടൽ കടന്നു ചെല്ലുമെന്നും എല്ലാം നശിപ്പിക്കുമെന്നുമുള്ള അറിവ് ചെറിയ ഭീഷണിയല്ല ഞങ്ങൾക്ക് ഉണ്ടാക്കിയത്. അതിനിടയിലേക്കാണ് പുതിയൊരവതാരമായി കള്ളക്കടൽ കടന്നുവരുന്നത്. കടൽ പെട്ടെന്ന് ക്ഷോഭിക്കുകയും വലിയ തിരമാലകൾ ഉണ്ടാകുകയും ചെയ്യുന്ന പ്രതിഭാസമാണ് കള്ളക്കടൽ. “കള്ളക്കടൽ” എന്ന പേര് വന്നത് സാധാരണ കടൽ ശാന്തമായിരിക്കുമ്പോൾ തന്നെ പെട്ടെന്ന് കടൽ പ്രക്ഷുബ്ധമാകുന്നതിനാലാണ്. അതിനാൽത്തന്നെ ഗൗരവത്തോടെ കാണേണ്ട മുന്നറിയിപ്പ് തന്നെയാണ് കള്ളക്കടൽ മുന്നറിയിപ്പ് (ഇത് ടൈപ്പ് ചെയ്തു തീരുന്നതിന് മുന്നേ ആറാട്ടുപുഴയിൽ കടൽ കയറി റോഡ് ബ്ലോക്ക് ആയ വാർത്തയും വീഡിയോകളും വൈറൽ ആയിട്ടുണ്ട്)

Sunday, August 16, 2026

വായനാനുഭവം - പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം - ഗബ്രിയേൽ ഗാർസിയ മാർക്കസ് (Book Review - Chronicles of a death foretold by Gabriel Garcia Marques)

വായനാനുഭവം - പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം - ഗബ്രിയേൽ ഗാർസിയ മാർക്കസ് 



ലോകത്ത് ഏറ്റവും കൂടുതൽ വായിക്കപ്പെട്ടിട്ടുള്ള എഴുത്തുകാരിൽ ഒരാളായ ഗബ്രിയേൽ ഗാർസിയ മാർക്കസ് എഴുതിയ ചെറിയൊരു നോവലാണ് പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം. വെറും 111 പേജുകൾ മാത്രമുള്ള ഒരു ചെറിയൊരു നോവൽ. കൊളംബിയയുടെ വടക്കൻ തീരത്തുള്ള ഒരു പട്ടണത്തിൽ നടക്കുന്ന കൊലപാതകമാണ് നോവലിന്റെ ഇതിവൃത്തം. 


പട്ടണത്തിൽ താമസിക്കുന്ന സാന്റിയാഗോ നാസർ എന്ന അറബ് വംശജൻ സമീപ വാസികളായ രണ്ട് ഇരട്ട സഹോദരന്മാരാൽ ക്രൂരമായി കൊലചെയ്യപ്പെടുന്നു. അതിന് മുന്നേ ദിവസമായിരുന്നു ഇരട്ടകളുടെ സഹോദരിയെ ആ പട്ടണത്തിൽ വന്നു താമസിക്കുന്ന ഒരു ധനികയുവാവ് വിവാഹം ചെയ്തത്. പട്ടണം കണ്ടിട്ടില്ലാത്ത വിധം ആഡംബരമായൊരു വിവാഹമായിരുന്നു അത്. ആ ആഘോഷം തീരുന്നതിന് മുന്നേ വധുവിനെ വരൻ വീട്ടിൽ കൊണ്ടുവന്ന് ആക്കുന്നു. കാരണം അവൾ കന്യക അല്ലായിരുന്നു. വീട്ടുകാരുടെ ചോദ്യം ചെയ്യലിൽ അതിന് കാരണമായി  അവൾ പറയുന്നത് സാന്റിയാഗോയുടെ പേര് ആയിരുന്നു. കുടുംബത്തിന് ഉണ്ടായ മാനഹാനിക്ക് പകരം ചോദിക്കാൻ പോയ സഹോദരർ തങ്ങൾ അവനെ കൊല്ലാൻ പോവുകയാണെന്ന വിവരം എല്ലാവരോടും വിളിച്ചു പറയുന്നു. മിക്കവരും അത് മദ്യലഹരിയിലുള്ള പുലമ്പലായി കരുതി, ചിലർ സാന്റിയാഗോയ്ക്ക് മുന്നറിയിപ്പ് നൽകണമെന്ന് കരുതി. ചിലർ കരുതി സാന്റിയാഗോ അറിഞ്ഞുകാണുമെന്ന്. എന്തായാലും ആ പട്ടണത്തിൽ സാന്റിയാഗോ ഒഴിച്ച് ബാക്കി ആരും ആ സംഭവം അറിഞ്ഞില്ല. അവൻ അറിഞ്ഞപ്പോഴേക്കും വളരെ താമസിച്ചു പോയി. കൊലയാളികളിൽ നിന്നും രക്ഷപ്പെടാൻ വീട്ടിലേക്ക് ഓടിയ അവന്റെ മുന്നിൽ വീടിന്റെ വാതിൽ അടഞ്ഞു കിടന്നു. കൊലവിളി അറിഞ്ഞ അമ്മ കരുതിയത് മകൻ അകത്ത് ഉണ്ടാകുമെന്നാണ്. മകനെ രക്ഷിക്കാൻ ആണവർ വാതിലടച്ചിട്ടത്. അതി ക്രൂരമായി സാന്റിയാഗോ കൊല ചെയ്യപ്പെടുന്നു. 


ഇത്രയും കാര്യങ്ങളാണ് നോവലിൽ വിശദീകരിച്ചിരിക്കുന്നത്. ഉള്ളത് പറഞ്ഞാൽ എന്റെ കപ്പിലെ കോഫി അല്ല ഈ ലാറ്റിനമേരിക്കൻ നോവലുകൾ. കോളറക്കാലത്തെ പ്രണയവും ഏകാന്തതയുടെ നൂറ് വർഷങ്ങളും എന്തിനേറെ ആൽക്കെമിസ്റ്റ് പോലും എനിക്ക് അത്ര ദഹിച്ചിട്ടില്ല. എന്തുകൊണ്ട് ഇത് ഇത്രയധികം വിറ്റഴിക്കപ്പെടുന്ന എന്നതിലാണ് സത്യത്തിൽ എന്റെ അത്ഭുതം. എനിക്ക് തോന്നിയത് ഇത് എന്റെ കുഴപ്പം തന്നെ ആണെന്നാണ്. പിന്നീട് ഒരു കാരണം ഞാൻ വായിച്ച മലയാളം പതിപ്പുകളുടേതാകാം. അത്ര വെറുപ്പിക്കൽ തർജ്ജിമ ആയി പലപ്പോഴും ഇവയെല്ലാം അനുഭവപ്പെട്ടു. ഇതൊന്നും നേരിട്ട് തർജ്ജിമ ചെയ്യപ്പെട്ടവയല്ലല്ലോ. ഒറിജിനൽ ഭാഷയിൽ നിന്നും ഇംഗ്ലീഷിലേക്കും അതിൽ നിന്നും മലയാളത്തിലേക്കും തർജ്ജിമ ചെയ്തത് കൊണ്ടാവാം ആ ഒരു പോരായ്മ വന്നത്. 


ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ച നോവലിന്റെ വില 130 രൂപ.  

വായനാനുഭവം - മരണവംശം - പി.വി ഷാജികുമാർ (Book Review - Maranavamsham by P V Shajikumar)

വായനാനുഭവം - മരണവംശം - പി.വി ഷാജികുമാർ



കേരളത്തിന്റെ വടക്കേ അതിർത്തി ഗ്രാമമായ ഏർക്കാന എന്ന പ്രദേശത്തെ ആളുകളുടെ ജീവിതവും പകയും പ്രതികാരവുമൊക്കെ അണിനിരത്തി ശ്രീ പി.വി ഷാജികുമാർ  എഴുതിയ നോവലാണ് 'മരണവംശം'. തലമുറകളായി കൈമാറി പോകുന്ന കുടിപ്പക. വാളെടുത്തവൻ വാളാൽ തീരുമെന്ന ലോകതത്ത്വം. ഇതാണ് നോവലിന്റെ ഉള്ളടക്കമെന്ന് ചുരുക്കി പറയാം. 


സമീപകാലത്ത് തന്നെ ഇറങ്ങിയ ശ്രീ കെ.എൻ പ്രശാന്ത് എഴുതിയ പൊനം എന്ന നോവലിനും ഇതേ കഥാപശ്ചാത്തലവും ഇതിവൃത്തവുമായതിനാൽ ഒറ്റവാക്കിൽ കേട്ടാൽ അതുതാൻ അല്ലയോ ഇത് എന്ന് വർണ്ണ്യത്തിൽ ആശങ്കയുണ്ടായേക്കാം. എന്നാൽ ഈ സാമ്യങ്ങൾ മാറ്റിനിർത്തി വ്യത്യസ്തമായ കഥകളാണ് ഈ നോവലിസ്റ്റുകൾ അവതരിപ്പിച്ചിട്ടുള്ളത്. ഏർക്കാനയിലെ മൂന്ന് തലമുറകളുടെ കഥയാണ് മരണവംശം പറയുന്നത്. കാട് വെട്ടിത്തെളിച്ച് പൊനം കൃഷി ചെയ്തു ജീവിതം പുലർത്തുന്ന പച്ചയായ മനുഷ്യരുടെ കഥ. അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും റാക്കും കോഴിപ്പോരും അവതരിപ്പിച്ച് തുടങ്ങുന്ന കഥ പെണ്ണിലേക്കും കാമനയിലേക്കും കടക്കുന്നതോടെ സ്വാഭാവികമായും പകയും പ്രതികാരവും കൂടെ കടന്നുവരുന്നു. അടൂർ ഗോപാലകൃഷ്ണന്റെ മമ്മൂട്ടി ചിത്രം വിധേയനും ഭാസ്ക്കരപ്പട്ടേലരെയും ഓർമ്മിപ്പിക്കുന്ന ജന്മിമാർ. സഹോദരങ്ങളുടെ മക്കളായി പിറന്നവർ തമ്മിൽ ഉരുത്തിരിഞ്ഞുണ്ടാകുന്ന പകയിലേക്ക് രാഷ്ട്രീയം എണ്ണകോരിയൊഴിക്കുന്നതോടെ ഗ്രാമത്തിന്റെ ഗതിയെത്തന്നെ മാറ്റിമറിക്കുന്നു. 


ആണുങ്ങൾ തമ്മിലുള്ള പകയുടെ ഇടയിൽ എരിഞ്ഞടങ്ങാൻ വിധിക്കപ്പെട്ട ഒട്ടനവധി സ്ത്രീ കഥാപാത്രങ്ങളെ നോവലിലുടനീളം കാണാം. പ്രത്യേകിച്ചും തമ്മിൽ അന്യോന്യം വാളെടുത്തു നിൽക്കുന്ന പേരക്കിടാങ്ങളുള്ള കുഞ്ഞമ്മാർ. ഭാസ്‌ക്കരനെ പ്രണയിച്ച നളിനി. തുടങ്ങി പുരുഷ കേന്ദ്രീകൃതമായ കഥയാണെങ്കിലും വായനക്കാരന്റെ മനസ്സിനെ സ്പർശിക്കുന്ന ഒട്ടനവധി സ്ത്രീ കഥാപാത്രങ്ങളെ കാണാം. 


കന്നഡ കലർന്ന മലയാളം ആണ് കഥയിലുടനീളം. കഥാ പശ്ചാത്തലവും ആചാരങ്ങളുമൊക്കെ വടക്കേ മലബാറിലെ ആയതിനാൽ പലപ്പോഴും എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ താഴെ നൽകിയിട്ടുള്ള വിവരണങ്ങൾ വായിക്കേണ്ടതായി വരുന്നുണ്ട്. പക്ഷെ ആ ഭാഷയും പ്രയോഗങ്ങളും പ്രാദേശികമായ ഒരു സൗന്ദര്യം നോവലിന് നൽകുന്നുണ്ടെന്ന് പറയാതെ വയ്യ.


കുടിപ്പക, പ്രതികാരം തുടങ്ങിയവ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും മേടിക്കാവുന്ന നോവലാണ് മരണവംശം. എല്ലാവർക്കും ദഹിക്കണമെന്നുമില്ല. 


മാതൃഭൂമി ബുക്ക്സ് 2024 ജൂണിൽ പ്രസിദ്ധീകരിച്ച നോവലിന്റെ 2025 ജനുവരിയിൽ പുറത്തിറങ്ങിയ പത്താമത്തെ പതിപ്പാണ് ഞാൻ വായിച്ചത്. നോവലിന്റെ സ്വീകാര്യത അത് സൂചിപ്പിക്കുന്നു. 318 പേജുകളുള്ള പുസ്തകത്തിന്റെ വില 420 രൂപ. 


Saturday, August 8, 2026

പുസ്തകപരിചയം - കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ - ടി.ഡി.രാമകൃഷ്ണൻ (Book Review - Korappappanu Sthuthiyayirikkatte by T D Ramakrishnan)

പുസ്തകപരിചയം - കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ - ടി.ഡി.രാമകൃഷ്ണൻ  



ടി.ഡി.രാമകൃഷ്ണന്റെ സൂപ്പർഹിറ്റ് ആയ നോവൽ "ഫ്രാൻസിസ് ഇട്ടിക്കോര" യുടെ രണ്ടാം ഭാഗമാണ് 2026 ൽ ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ച "കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ". മുൻപ് ഫ്രാൻസിസ് ഇട്ടിക്കോര വായിച്ചപ്പോൾ എനിക്ക് തോന്നിയ നല്ല വശങ്ങളും പോരായ്മകളും മുൻപ് ഒരു ബ്ലോഗിൽ പരാമർശിച്ചിട്ടുണ്ട്. ഇട്ടിക്കോര അവസാനിച്ച് വർഷങ്ങൾക്ക് ശേഷം നടക്കുന്ന അതും 2020 ന് ശേഷം നടക്കുന്ന കാര്യങ്ങളാണ് കോരപ്പാപ്പനിൽ പരാമർശിച്ചിരിക്കുന്നത്. 


സോഷ്യൽ മീഡിയയും ഇന്റർനെറ്റും നോവൽ ആവശ്യങ്ങൾക്ക് ഏറ്റവും ബുദ്ധിപരമായി ഉപയോഗിക്കുന്ന മലയാളം എഴുത്തുകാരനാണ് ശ്രീ ടി.ഡി.രാമകൃഷ്ണനെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പുതിയ നോവലും ആ വിശ്വാസത്തിന് അടിത്തറയിടുന്നു. ജെൻസികളുടെ ജീവിതവും ശൈലികളും നന്നായി നോവലിൽ അവതരിപ്പിച്ചിട്ടുണ്ട്. അവരുടെ ഇടയിൽ പ്രചുരപ്രചാരം നേടിയ കെ പോപ്പിലെ വരികൾ വരെ പലയിടത്തും ഉദ്ധരിച്ചിട്ടുണ്ട്. 


നോവലിനെക്കുറിച്ച് പറയുവാനാണെങ്കിൽ ആദ്യഭാഗം വായിച്ചവർക്കുള്ളതാണ് രണ്ടാം ഭാഗമായ കോരപ്പാപ്പൻ. ഇട്ടിക്കോരയെ വായിക്കാതെ കോരപ്പാപ്പന് വായിക്കാൻ പോയാൽ ഒട്ടും ദഹിക്കണമെന്നില്ല. കോരപ്പാപ്പന്റെ ഉയർത്തെഴുന്നേൽപ്പും പതിനെട്ടാംകൂറ്റുകാർ അതിനെ എങ്ങനെ സ്വീകരിക്കുന്നു എന്നുള്ളതുമാണ് ഇതിവൃത്തം. ആദ്യഭാഗം പോലെ വയലൻസിനും ലൈംഗികതയ്ക്കും കുറവൊന്നുമില്ല. ആദ്യഭാഗത്തിൽ വെറുപ്പിച്ച കണക്കിന്റെ അതിപ്രസരം ഒഴിവാക്കിയതിനാലാവാം കുറച്ചുകൂടി എൻഗേജിങ് ആയി തോന്നി. തികച്ചും സിനിമാറ്റിക് ആയ അവതരണം. ചിലതൊക്കെ വായിക്കുമ്പോൾ നമ്മുക്ക് ടി.ജി രവിയെപ്പോലുള്ള ചില മലയാളം സിനിമ നടന്മാരെ ഓർമ്മവരുക പോലും ചെയ്യും. 


ആദ്യഭാഗത്തിന് ഒരു പോരായ്മയായി എനിക്ക് തോന്നിയത് പെട്ടെന്ന് കഥ അവസാനിപ്പിച്ചു എന്നതായിരുന്നു. അതിനേക്കാൾ വളരെ മോശമായ രീതിയിലാണ് കോരപ്പാപ്പന്റെ കഥ അവസാനിപ്പിച്ചിരിക്കുന്നതെന്ന് പറയാതെ വയ്യ. 422 പേജുകളാണ് നോവലിനുള്ളത്. അതി ഗംഭീരമായി വായിച്ചുപോരുന്ന നോവൽ ഏകദേശം 400 പേജിനോട് അടുക്കുമ്പോൾ നമ്മുടെ മനസ്സിൽ ഒരു ടെൻഷൻ ഉടലെടുക്കാൻ തുടങ്ങും, ഇനിയുള്ള പേജുകൾ മതിയാകുമോ ഇതിന്റെ ക്ലൈമാക്സ് വർണ്ണിക്കുവാൻ എന്ന്. ഓരോ പേജ് കഴിയുന്തോറും ആ ആകാംക്ഷ കൂടിക്കൂടി വരും. 420 പേജ് ആയപ്പോൾ പോലും എനിക്ക് ഒരു പിടിയും കിട്ടിയില്ല രണ്ട് പേജുകൾ വെച്ച് ഇത് എങ്ങനെ നോവലിസ്റ്റ് അവസാനിപ്പിക്കുമെന്ന്. ആ ആശങ്ക വെറുതെയായില്ല. ഇനി ഒരു പേപ്പർ കൂടുതൽ എടുത്താൽ ഞങ്ങൾ പ്രസിദ്ധീകരിക്കില്ലെന്ന് ഡിസി ഭീഷണിപ്പെടുത്തിയെന്ന് തോന്നുന്നപോലെ കഥ അങ്ങോട്ട് അവസാനിപ്പിച്ചു. അതുവരെ ഓരോ ചെറിയ സംഭവങ്ങളും സിനിമയിൽ കാണുന്നത് പോലെ വർണ്ണിച്ചിരുന്ന ആൾ, ക്ലൈമാക്സ് "അവസാനം വില്ലന്മാരെ എല്ലാം നായകനും കൂട്ടുകാരും കൂടി അടിച്ചു പഞ്ചറാക്കി വിജയിച്ചു" എന്ന് പറയുംപോലെ കഥ അവസാനിപ്പിച്ചു.


ആ ഒരു പോരായ്മയൊഴിച്ചാൽ നല്ലൊരു വായനാനുഭവം തന്നെയായിരുന്നു കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ. നല്ല റിയലിസ്റ്റിക്കായി അവതരണം. എഴുത്തിന്റെ പാതയിൽ മിനിമം ഗ്യാരന്റിയുള്ള ഒരു നിലവാരം സൂക്ഷിക്കുന്ന എഴുത്തുകാരനാണ് ശ്രീ, ടി.ഡി. രാമകൃഷ്ണൻ. ആ ഒരു വിശ്വാസം കാത്തുസൂക്ഷിക്കാൻ കോരപ്പാപ്പനിലൂടെ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 

Thursday, July 16, 2026

വായനാനുഭവം - ഉഷ്ണമേഖല - കാക്കനാടൻ (Book Review - Ushnamekhala by Kakkanadan)

വായനാനുഭവം - ഉഷ്ണമേഖല - കാക്കനാടൻ 



മലയാള സാഹിത്യത്തിലെ മഹാരഥന്മാരിലൊരാളായ ശ്രീ ജോർജ് വർഗീസ് എന്ന കാക്കനാടന്റെ ശ്രദ്ധേയമായ കൃതിയാണ് ഉഷ്ണമേഖല. 1969 ലാണ് ഈ കൃതി പുറത്തിറങ്ങുന്നത്. കാലംതെറ്റിയുള്ള എന്റെ വായനകളുടെ ഇടയിലേക്ക് ആ കൃതിയും കടന്നുവരുകയുണ്ടായി. കേരളത്തിലെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉദയകാലഘട്ടവും പാർട്ടിക്ക് സംഭവിച്ച അപചയവും മൂല്യച്യുതിയുമാണ് നോവലിന്റെ പശ്ചാത്തലം. കേരളസംസ്ഥാനം രൂപീകരിക്കപ്പെടുന്നതിന് മുൻപ് ആരംഭിക്കുന്ന കഥ അവസാനിക്കുന്നത് കേരളത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടി ഭരണത്തിലേറിയ കാലഘട്ടത്തിലാണ്. 


ദാരിദ്ര്യവും അസമത്വവും കൊടികുത്തിവാണിരുന്ന ഒരു സമൂഹത്തിൽ സാധാരണക്കാരന് ഒരു ആശ്രയവും പ്രതീക്ഷയുമായിരുന്നു കമ്മ്യുണിസ്റ്റ് പാർട്ടി. ഭരണകൂടത്തിന്റെ നിരന്തരമായ വേട്ടയാടലുകളിൽ നിന്നും പാർട്ടി നേതാക്കന്മാരെ ജീവൻ ബലികൊടുത്തും അവർ സംരക്ഷിച്ച് നിർത്തിയതിന്റെ കാരണവും ആ പ്രതീക്ഷ തന്നെയായിരുന്നു. ഈ നേതാക്കൾ നമുക്ക് അല്ലെങ്കിൽ നമ്മുടെ വരും തലമുറയ്ക്ക് സമത്വസുന്ദരമായ ഒരു ജീവിതാന്തരീക്ഷം ഒരുക്കിക്കൊടുക്കും എന്ന പ്രതീക്ഷയിൽ അവർ സ്വന്തം ജീവിതം ബലികൊടുത്തും പാർട്ടിയെ വളർത്തി. ആ പ്രതീക്ഷ പാർട്ടിക്ക് പാലിക്കാനായോ എന്നതാണ് നോവലിൽ പരാമർശിക്കുന്നത്. 


ആദര്ശധീരനായ ഒരു കമ്മ്യുണിസ്റ്റ് ആയിരുന്നു ശിവൻ. സ്വന്തം കുടുംബത്തേക്കാളേറെ പാർട്ടിയെ സ്നേഹിച്ചവൻ. സ്വന്തം അച്ഛന്റെ ചിത കൊളുത്താൻ പറ്റാതെ ഒളിവിൽ പോകേണ്ടി വന്നതിൽ വിഷമമില്ലാത്ത, പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്തം അതിന്റെ വരുംവരായ്കകൾ വിലയിരുത്തി നടപ്പിലാക്കിയ സഖാവ്. ഒടുവിൽ സ്വന്തം കുടുംബത്തിനായി പാർട്ടിയിൽ നിന്നും മാറിനിൽക്കേണ്ടി വരുമ്പോഴും ഉള്ളിലെ സാമൂഹ്യബോധവും പാർട്ടി ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടിയതിന്റെ കുറ്റബോധത്തിൽ നീറിയുള്ള ജീവിതം. ഒടുക്കം എല്ലാം വ്യർത്ഥമായിരുന്നു എന്ന തിരിച്ചറിവ്. നായകൻറെ മാനസിക സംഘർഷങ്ങൾ മനോഹരമായിത്തന്നെ നോവലിൽ വർണ്ണിച്ചിട്ടുണ്ട്. 


ആദ്യമേ സൂചിപ്പിച്ചതുപോലെ കാലംതെറ്റിയുള്ള ഒരു വായനയായിരുന്നു ഉഷ്ണമേഖല. എങ്കിലും ഒരു ഘട്ടത്തിൽ പോലും ബോറടിപ്പിക്കാതെ ആദ്യാവസാനം പിടിച്ചിരുത്തുന്ന കഴിവ് തന്നെയാണ് കാക്കനാടനെ മലയാള സാഹിത്യത്തിലെ മഹാരഥന്മാരിൽ ഒരാളാക്കി മാറ്റുന്നത്.