Thursday, February 6, 2020

ലണ്ടനിലേക്ക് ഒരു റോഡ് യാത്ര - പുസ്തക നിരൂപണം



വർഷങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ 2014 ഇൽ ഏറെ ജനശ്രദ്ധ നേടിയ വാർത്ത ആയിരുന്നു സംവിധായകൻ ശ്രീ ലാൽ ജോസും രണ്ട് സുഹൃത്തുക്കളുമായി റോഡ് മാർഗം ലണ്ടനിലേക്ക് പുറപ്പെടുന്നു എന്നത്. ഇതുവരെ മലയാളികൾ ആരും കൈവച്ചിട്ടില്ലാത്ത ഒരു സാഹസിക യാത്ര ആയിരുന്നു അത്. കുറെ ദിവസങ്ങളോളം അതിനെ കുറിച്ച് വാർത്തകൾ ഉണ്ടായിരുന്നു. തിരികെ എത്തും എന്ന് ഉറപ്പില്ലാത്തതിനാൽ വിൽപ്പത്രം ഒക്കെ എഴുതി വെച്ചിട്ടാണ് അവർ യാത്ര തുടങ്ങുന്നത്. കൊച്ചിയിൽ നിന്നും യാത്ര ഫ്‌ളാഗ്ഓഫ് ചെയ്യാൻ മലയാളത്തിലെ പ്രമുഖ ചലച്ചിത്ര താരങ്ങൾ സന്നിഹിതരായിരുന്നു എന്നൊക്കെ ആയിരുന്നു വാർത്തകൾ. അവരുടെ ആ യാത്രയെ കുറിച്ച് ഭാവിയിൽ എന്തെങ്കിലും പുസ്തകങ്ങളോ ഡോക്യൂമെന്ററികളോ ഉണ്ടാകുമെങ്കിൽ അത് കാണണം എന്ന് അന്നേ തോന്നിയിരുന്നു. അത്രയേറെ സംഭവ ബഹുലം ആയിരിക്കും ആ യാത്ര എന്ന് അന്നേ തോന്നി. പിന്നീട് അവരെക്കുറിച്ച് വാർത്തകൾ ഒന്നും കേട്ടില്ല. ഈ യാത്ര പോയതിൽ ലാൽ ജോസിനെ അല്ലാതെ മറ്റ് രണ്ടുപേരെ കുറിച്ചും കേട്ടിട്ട് പോലും ഇല്ലായിരുന്നു. കുറച്ചു നാൾ കഴിഞ്ഞ് അവർ തമ്മിൽ വഴക്കിട്ട് ഒരാൾ പിരിഞ്ഞു പോയി, യാത്ര കുളമായി എന്നൊക്കെ കേട്ടപ്പോൾ വിഷമം തോന്നി. അതോടെ ആ യാത്ര വിസ്മൃതിയിലേക്ക് മറയപ്പെടുകയും ചെയ്തു.

പിന്നീട് 2019 ഇൽ കേരള സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച യാത്രരചനയ്ക്ക് അവാർഡ് നേടിയത് ശ്രീ ബൈജു എൻ നായർ എഴുതിയ ലണ്ടനിലേക്ക് ഒരു റോഡ് യാത്ര എന്ന കൃതിക്ക് ആയിരുന്നു. അപ്പോളാണ് ഞാൻ ആ പഴയ യാത്രയെ കുറിച്ച് വീണ്ടും ഓർക്കുന്നത്. എന്തായാലും ആ കൃതി വായിച്ചിട്ട് തന്നെ കാര്യം എന്നും പറഞ്ഞിറങ്ങി. കയ്യോടെ പുസ്തകം കരസ്ഥമാക്കി, അത് വായിക്കാൻ ഇരിക്കുമ്പോൾ ഒട്ടേറെ പ്രതീക്ഷകൾ ഉണ്ടായിരുന്നു. ഇതുവരെ മലയാളികൾ കടന്നു ചെന്നിട്ടില്ലാത്ത ഒരു സാഹസിക യാത്ര, പ്രശസ്ത സംവിധായകൻ ശ്രീ ലാൽ ജോസിൻറെ സാന്നിധ്യം, സർവ്വോപരി ഇടയ്ക്ക് വെച്ച് തമ്മിൽ ഉണ്ടായ ഭിന്നതയും വേർപിരിയലും, പിന്നീട് അത് എങ്ങനെ അവസാനിച്ചു എന്ന് അറിയാനുള്ള ആകാംക്ഷ അങ്ങനെ പലതും ഉള്ളതിനാൽ വളരെ ആവേശത്തോടെയാണ് വായിച്ചു തുടങ്ങിയത്. ഇത്രയേറെ പ്രതീക്ഷകളോടെ ഞാൻ വായിക്കുന്ന ആദ്യ യാത്രാ വിവരണ ഗ്രന്ഥം ആവാം ഈ പുസ്തകം. ഒരു സസ്പൻസ് ത്രില്ലർ നോവൽ വായിക്കാൻ ഇരിക്കുന്ന പോലൊരു ഫീൽ.

അങ്ങനെ നോക്കുമ്പോൾ ഈ പുസ്തകവും ബൈജു എൻ നായർ എന്ന എഴുത്തുകാരനും നിരാശപ്പെടുത്തി എന്ന് പറയാതെ വയ്യ. യാത്രയുടെ മുന്നൊരുക്കങ്ങൾ ഒക്കെ നല്ല രീതിയിൽ അവതരിപ്പിച്ചു. എങ്ങനെ ഈ യാത്ര ഉണ്ടായി എന്നത്. തികച്ചും അപരിചിതരായ മൂന്ന് യാത്രികർ എങ്ങനെ ഒരു ചരിത്ര യാത്രയ്ക്കായി ഒരുമിച്ചു എന്നതൊക്കെ വിശദമാക്കിയപ്പോൾ പ്രതീക്ഷ അസ്ഥാനത്തായില്ലലോ എന്നോർത്തു. പിന്നീടങ്ങോട്ട് അടിച്ചു പറത്തി ഒരു വിടലാണ് ബൈജു അണ്ണൻ. കൊച്ചി മുതൽ റഷ്യ വരെ അവർ ഒരുമിച്ച് യാത്ര ചെയ്ത സ്ഥലങ്ങളിൽ അവർക്ക് താമസിക്കേണ്ടി വന്ന സ്ഥലങ്ങളെ കുറിച്ച് ചെറുതായി ഒന്ന് പറഞ്ഞു പോകും എന്നല്ലാണ്ട് യാത്രയിലെ രസങ്ങളെയോ അനുഭവങ്ങളെയോ ഒന്നും പരാമർശിച്ചു കണ്ടില്ല. ഇവർ തമ്മിലുള്ള അടി എങ്ങനെ ഉണ്ടായി എന്ന് അറിയാനായി ഞാനും വെച്ച് വായിച്ചു വിട്ടത് കൊണ്ട് അത്തരം കുറവുകൾ ഒന്നും ആ സമയത്ത് ശ്രദ്ധിക്കാൻ പോയില്ല. ഇവർ തമ്മിലുണ്ടായ അഭിപ്രായഭിന്നതയെ കുറിച്ച് അധികം ഒന്നും വിശദീകരിക്കാതെ ആ അധ്യായവും കടന്നു പോയി. പിന്നീട് അദ്ദേഹം ലണ്ടനിലേക്ക് നടത്തിയ യാത്ര ശരിക്കും ബോറടിപ്പിച്ചു എന്ന് തന്നെ പറയാം. സഞ്ചാരം പരുപാടി ഒക്കെ കാണുന്ന ആളുകൾ ആണെങ്കിൽ ഇപ്പോളത്തെ ട്രെൻഡിങ് വാക്കായ "ആവർത്തന വിരസത" തോന്നിയാൽ കുറ്റം പറയാൻ സാധിക്കില്ല. ഇത് പോലൊരു യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അധികമൊന്നും ഈ പുസ്തകത്തിൽ നിന്നും ലഭിക്കില്ല. ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ അവശേഷിപ്പിച്ചാണ് ബുക്ക് വായിച്ച് തീർത്തത്. ബൈജു ആണ് വാഹനം വാങ്ങിയത് എന്ന് പറയുന്നുണ്ട്. അപ്പോൾ അദ്ദേഹം ഇല്ലാതെ ആ കാറുമായി മറ്റ് രണ്ടുപേർക്ക് എങ്ങനെ യാത്ര തുടരാൻ സാധിച്ചു? പിരിഞ്ഞതിന് ശേഷം പല സ്ഥലങ്ങളിലും കറങ്ങിയ ബൈജു അവസാനം ലണ്ടനിൽ എത്തുമ്പോൾ റോഡ് മാർഗം ലണ്ടനിൽ എത്തുന്ന ആദ്യ മലയാളി ആയി എന്ന് പറയുന്നുണ്ട്. അപ്പോൾ കാർ ഓടിച്ച് യാത്ര തുടർന്ന സഹയാത്രികർ ലണ്ടനിൽ എത്തിയില്ലേ? വാഹനം എങ്ങനെ തിരിച്ചെത്തിച്ചു (അതും ഓണർ ഇല്ലാതെ)?

ഇങ്ങനെ ഓടിച്ചിട്ട് ഒരു പുസ്തകം എഴുതി തീർക്കുന്നതിനേക്കാൾ കുറെ കൂടി സമയമെടുത്ത് വിശദമായ ഒരു യാത്രാ വിവരണം അദ്ദേഹത്തിന് എഴുതാമായിരുന്നു. റോഡ് മാർഗം ലണ്ടനിലെത്തിയ ആദ്യ മലയാളി എന്ന റെക്കോർഡ് സ്വന്തമാക്കിയത് പോലെത്തന്നെ ഈ യാത്രയെ കുറിച്ച് മറ്റ് സഹയാത്രികർക്ക് മുന്നേ പുസ്തകം പുറത്തിറക്കണമെന്നും അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകണം. മഹായാത്രയുടെ ഭാഗമായി ഇന്ത്യ എന്ന മഹാ രാജ്യത്തിലൂടെ നടത്തിയ യാത്ര അതിൽ പരാമർശിച്ചിട്ട് പോലുമില്ല എന്നതിൽ ചുരുക്കാം എൻറെ നിരാശ. എന്തായാലും ലാൽ ജോസ് സാറിനെ സമ്മതിക്കണം. വെട്ടൊന്ന് മുറി രണ്ട് എന്ന രീതിയിൽ ഈഗോ വെച്ച് സൂക്ഷിക്കുന്ന രണ്ട് മഹദ് വ്യക്തികളുമായി ഇത്രയും ദിവസങ്ങളിൽ ഒരു കാറിനുള്ളിൽ കഴിഞ്ഞുകൂടിയതിന്.