Thursday, November 3, 2022

വായനാനുഭവം - മാമ ആഫ്രിക്ക


ശ്രീ ടി.ഡി രാമകൃഷ്ണൻ ആഫ്രിക്കയിലെ ഉഗാണ്ടയെ പശ്ചാത്തലമാക്കി എഴുതിയ കൃതിയാണ് മാമ ആഫ്രിക്ക. 2019 ലാണ് ആദ്യപതിപ്പ് പുറത്തിറങ്ങുന്നത്. സ്വതന്ത്രമായ വായനയിൽ മികച്ച രീതിയിൽ ആസ്വദിക്കാൻ പറ്റുന്ന നോവലാണ് അത്. സ്വതസിദ്ധമായ ശൈലിയിൽ ഉഗാണ്ടയെ കണ്മുന്നിൽ കാണുന്നത് പോലെ വിവരിക്കുകയും അവിടുത്തെ ആചാരങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചുമെല്ലാം അഗാധമായ പഠനം ഈ നോവലിൻറെ പിന്നിലുണ്ടെന്ന് ഓരോ വരിയിൽ നിന്നും വായിച്ചറിയാം. മികച്ച കയ്യടക്കത്തോടെ ഒട്ടും ബോറടിയില്ലാതെ വായിച്ചു തീർക്കാവുന്ന രീതിയിൽ ടി ഡി കഥ അവതരിപ്പിക്കുന്നു.


ഉഗാണ്ട എന്ന രാജ്യത്തെക്കുറിച്ച് കേൾക്കുമ്പോൾ ഒരു ശരാശരി മലയാളിയുടെ മനസിലേക്ക് വരുന്നത് ഇദി അമീൻ എന്ന ഏകാധിപതി ആയിരിക്കും. മാമ ആഫ്രിക്കയിൽ ശ്രദ്ധേയമായ കഥാപാത്രമായി അദ്ദേഹം അവതരിപ്പിക്കപ്പെടുന്നുണ്ട്. എന്ന് മാത്രമല്ല ഒരു ആഫ്രിക്കൻ രാജ്യത്ത്, ഇദി അമീനെപ്പോലെ ഒരു ക്രൂരനായ ഏകാധിപതി ഭരിക്കുന്ന രാജ്യത്ത് അകപ്പെട്ടുപോകുന്ന പ്രവാസികളായ ഇന്ത്യക്കാരുടെ അവസ്ഥ മനോഹരമായി ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. 


മൂന്ന് തലമുറ മുൻപ് ആഫ്രിക്കയിൽ എത്തിച്ചേർന്ന മലയാളി കുടുംബത്തിൽ ജനിച്ച താര വിശ്വനാഥ് എന്ന എഴുത്തുകാരിയിലൂടെയാണ് മാമ ആഫ്രിക്ക അവതരിപ്പിച്ചിട്ടുള്ളത്. അപ്പൂപ്പൻ ആഫ്രിക്കയിലെ റെയിൽവേയുടെ പണിക്കായി എത്തിച്ചേർന്ന് ഉഗാണ്ടയിൽ ഒരു മസായി യുവതിയെ കല്യാണം കഴിച്ച് താമസിക്കുന്നതോടെയാണ് താരയുടെ ആഫ്രിക്കൻ ബന്ധം ആരംഭിക്കുന്നത്. അച്ഛൻ ഒന്നോ രണ്ടോ തവണ കേരളത്തിൽ പോയിട്ടുണ്ടെങ്കിലും താര കേരളത്തിൽ പോയിട്ടേയില്ല. എങ്കിലും നാടിനോടും ഭാഷയോടും സ്നേഹമുള്ള മാതാപിതാക്കളിലൂടെ മലയാളത്തിലേക്ക് അടുക്കുന്ന താര തൻറെ മനസിലുള്ളതെല്ലാം മലയാളത്തിലാണ് എഴുതുന്നത്. രാമായണം പോലെ അപ്പൂപ്പനും അച്ഛനും വഴി കൈമുതലായുള്ള പുസ്തകങ്ങൾ അല്ലാതെ മലയാള സാഹിത്യത്തെക്കുറിച്ച് ഒന്നും അറിയില്ലാത്തതിനാൽ മലയാളത്തിൽ എഴുതുന്നവ ആഫ്രിക്കൻ ഭാഷയായ സ്വാഹിലിയിലേക്കും ഇംഗ്ലീഷിലേക്കും പരിഭാഷപ്പെടുത്തിയാണ് അവർ പ്രസിദ്ധീകരിക്കുന്നത്. സുന്ദരിയായ താരയ്ക്ക് ഉഗാണ്ടയിൽ വച്ച് സംഭവിക്കുന്ന അവിശ്വസനീയമായ അനുഭവങ്ങളാണ് അവർ സ്വന്തം കൃതികളായി പുറത്തിറക്കുന്നത്. താരയുടെ ആ അവിശ്വസനീയമായ അനുഭവങ്ങൾ ടി ഡി നമ്മൾക്ക് വിശ്വസനീയമായ ഒരു നോവലിൻറെ രൂപത്തിലാക്കി നൽകിയതാണ് മാമ ആഫ്രിക്ക എന്ന് ചുരുക്കി പറയാം.


ആദ്യമേ 'സ്വതന്ത്രമായ വായനയിൽ ഒരു കുറവും തോന്നാതെ വായിക്കാൻ സാധിക്കുന്ന നോവൽ' എന്ന് പറഞ്ഞതിൻറെ കാരണം ടി ഡി യുടെ മറ്റ് നോവലുകൾ വായിച്ചവർക്ക് കുറെയൊക്കെ ആവർത്തനം പലസ്ഥലങ്ങളിലും അനുഭവപ്പെട്ടേക്കാം. ഈ പുസ്തകത്തിന് ശേഷം ടി ഡി എഴുതിയ അന്ധർ ബധിരർ മൂകർ എന്ന കൃതിയായിരുന്നു  അദ്ദേഹത്തിന്റേതായി ഞാൻ ആദ്യം വായിച്ച പുസ്‌തകം. അതിൽ പറയുന്നുണ്ട് അതിലെ നായികയായ ഫാത്തിമ നിലോഫർ ഭട്ട് നെ ടി ഡി യുടെ അടുത്തേക്ക് പറഞ്ഞു വിടുന്നത് താരാ വിശ്വനാഥ് ആണെന്ന്. അവിടെ നിലോഫർ ഭട്ട് പറയുന്നത് പോലെയാണ് ഇവിടെ താര പറയുന്നത്. വ്യത്യസ്തമായ ഒരു ശൈലി ആയിരുന്നെങ്കിലും രണ്ടിലും അത് ആവർത്തിക്കുന്നുണ്ട്. ആവർത്തനങ്ങൾ അതിൽ ഒതുങ്ങുന്നില്ല സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയിലെ പട്ടാളത്തലവൻ സിംഹത്തിനെ പലപ്പോഴും ഇദി അമീനെക്കുറിച്ച് വായിക്കുമ്പോൾ ഓർമ്മ വരും. നിലോഫർ ഭട്ടും കുടുംബവും നടത്തുന്ന പലായനവും താരയുടെ കുടുംബവുമായുള്ള പലായനവും ഏറെക്കുറെ ഒരേ പാറ്റേണിൽ ആണ് കുറെ സഞ്ചരിക്കുന്നത്. 


ടി ഡി യുടെ നാല് കൃതികൾ വായിച്ചുകഴിഞ്ഞപ്പോൾ ശ്രദ്ധിച്ച മറ്റൊരു കാര്യം രസകരമാണ്. നായികമാർക്ക് ഒടുക്കത്തെ സൗന്ദര്യമാണ്. അത് കാരണം അവർക്കുണ്ടാകുന്ന അനുഭവങ്ങളാണ് മിക്കതിലും പ്രധാന പ്രമേയം. ദേവനായകി തൻറെ സൗന്ദര്യം ആയുധമാക്കിയവൾ ആയിരുന്നു. ഫാത്തിമ നിലോഫറിന് സൗന്ദര്യം ഒരു ബാധ്യത ആയിരുന്നു. ഇവിടെ താരയിലേക്ക് എത്തുമ്പോൾ സൗന്ദര്യം ഒരു അവസരമായി മാറുന്നു. അതി സുന്ദരികളായ ഇട്ടിക്കോരയിലെ പെണ്ണുങ്ങളെക്കുറിച്ച് പറയുന്നില്ല. മറ്റുള്ളതിൽ നിന്നും വ്യത്യസ്തമായി പുരുഷ കേന്ദ്രീകൃത നോവൽ ആയതിനാൽ പെണ്ണുങ്ങൾക്ക് നിലത്ത് നിൽക്കാനേ സമയമില്ലാത്ത അവസ്ഥയാണ്. 


അവസാനം പറഞ്ഞ കാര്യങ്ങളൊന്നും നോവലിൻറെ ആസ്വാദനത്തെ ഒട്ടും ബാധിക്കുന്ന കാര്യങ്ങളായി അനുഭവപ്പെടില്ല. മറിച്ച് ആവശ്യമായ ഘടകങ്ങളായേ എനിക്ക് അനുഭവപ്പെട്ടിട്ടുള്ളൂ. ഒരു ചലച്ചിത്രത്തിലെന്നത് പോലെ മിക്ക സംഭവങ്ങളും കൺമുന്നിൽ ആസ്വദിച്ച് കാണുന്നത് പോലെ വായനക്കാരന് അനുഭവപ്പെടുന്നത് ടി ഡി യുടെ കഠിനപ്രയത്നത്തിന്റെ ഫലം തന്നെയാണ്. ഓരോ പുസ്‌തകങ്ങൾ വായിച്ചുകഴിയുമ്പോഴും വായനക്കാരൻ എന്ന നിലയിൽ പ്രതീക്ഷിക്കുന്നതിൻറെ അപ്പുറം അടുത്ത പുസ്തകത്തിൽ നൽകാൻ സാധിക്കുന്ന മലയാളത്തിലെ പുതിയ എഴുത്തുകാരിൽ ഏറ്റവും കേമൻ ടി ഡി രാമകൃഷ്‌ണൻ തന്നെയെന്ന് പറയുവാൻ സാധിക്കും. 

Wednesday, November 2, 2022

വായനാനുഭവം - സുഗന്ധി എന്ന ആണ്ടാൾ ദേവനായകി


ഫ്രാൻസിസ് ഇട്ടിക്കോരയ്ക്ക് ശേഷം ശ്രീ. ടി.ഡി രാമകൃഷ്ണൻ എഴുതിയ മറ്റൊരു മാസ്റ്റർപീസ് നോവലാണ് സുഗന്ധി എന്ന ആണ്ടാൾ ദേവനായകി. ഫ്രാൻസിസ് ഇട്ടിക്കോരയുടെ രചയിതാവ് എന്ന ലേബലിലാണ് അറിയപ്പെടുന്നതെങ്കിലും അതിനേക്കാൾ ഏറെ മികച്ചൊരു കൃതിയാണ് ആണ്ടാൾ ദേവനായകി. രണ്ടും മലയാളസാഹിത്യത്തിന് ഏറെക്കുറെ അപരിചിതമായിരുന്നു ഡാൻ ബ്രൗണിന്റെത് പോലുള്ള ഒരു രചനാരീതി തന്നെയാണ് അവലംബിച്ചിരിക്കുന്നത്. മിത്തും യാഥാർഥ്യവും ഇടകലർത്തിയുള്ള ഈ കൃതികളിൽ ഇട്ടിക്കോര വായിക്കുമ്പോൾ അനുഭവപ്പെട്ടത് പോലുള്ള ഒരു ബോറടി ദേവനായകി വായിച്ചപ്പോൾ തോന്നിയില്ല എന്നതിനാലാണ് മേൽപ്പറഞ്ഞ അഭിപ്രായം പറഞ്ഞത്. ടി ഡി ക്ക് വയലാർ അവാർഡും കേരളം സാഹിത്യ അക്കാദമി അവാർഡും നേടിക്കൊടുത്ത ഈ കൃതി തീർച്ചയായും അദ്ദേഹത്തിന് കൂടുതൽ ബഹുമതികൾ ഇനിയും നേടിക്കൊടുക്കും. 

പുസ്തകത്തിലേക്ക് കടക്കുമ്പോൾ ഇട്ടിക്കോരയിലെപ്പോലെതന്നെ രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന സംഭവങ്ങളാണ് ഇതിലും എന്ന് കാണാം. ഇക്കുറി പശ്ചാത്തലമാകുന്നത് നമ്മുടെ സമീപരാജ്യമായ ശ്രീലങ്കയാണ്‌. പുസ്തകത്തിൻറെ തുടക്കത്തിൽ ഗ്രന്ഥകാരൻ പറയുന്നൊരു കാര്യം പ്രസക്തമാണ്. തിരുവനന്തപുരത്ത് നിന്നും എറണാകുളം വരെ വരുന്ന അകലമേ നമുക്ക് ശ്രീലങ്കയുമായുള്ളൂ. ഗൾഫ് ഒരു സാധ്യതയായി മലയാളിക്ക് മുന്നിലേക്ക് അവതരിക്കുന്നതിന് മുൻപ് കേരളത്തിൽ നിന്നും ധാരാളം ആളുകൾ തൊഴിൽ തേടി ആ രാജ്യത്തേക്ക് പോയിട്ടുമുണ്ട്. എങ്കിലും അവിടെ നടന്ന ഭീകരമായ വംശീയയുദ്ധത്തോട് ഏറെക്കുറെ നിസംഗമായാണ് നമ്മൾ പ്രതികരിച്ചത്. ആ ഭീകരതയോടുള്ള പ്രതികരണമായാണ് ഈ കൃതിയുടെ പശ്ചാത്തലമായി ശ്രീലങ്ക തിരഞ്ഞെടുക്കാൻ കാരണം. അതിമനോഹരമായാണ് ടി ഡി ശ്രീലങ്കയെ വിവരിച്ചിരിക്കുന്നത്. യാത്രാവിവരണം വായിക്കുന്നത് പോലെ നമുക്ക് ആ സ്ഥലങ്ങളെ മനസ്സിൽ കാണാൻ സാധിക്കും. അന്ധർ ബധിരർ മൂകർ എന്ന പുസ്‌തകത്തിൽ കാശ്മീരിനെയും മാമ ആഫ്രിക്കയിൽ ഉഗാണ്ടയെയും ടി ഡി ഇതുപോലെ വിവരിക്കുന്നുണ്ട്. 

ചരിത്രവും മിത്തും ഇടകലരുന്ന ആദ്യ കഥയിലാണ് ദേവനായകി എന്ന കേന്ദ്രകഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. കേരളചരിത്രത്തിൽ പരാമർശിക്കുന്ന കാന്തള്ളൂർ രാജ്യത്ത് നിന്നാണ് അവളുടെ കഥ തുടങ്ങുന്നത്. അതീവ സുന്ദരിയായ ദേവനായകി തൻറെ സൗന്ദര്യത്തിൻറെ വില തിരിച്ചറിയുന്നതും അത് പ്രധാന ആയുധമാക്കി മുന്നേറുന്നതുമാണ് ആദ്യ കഥ. അധികാരത്തിന്റെയും ചതിയുടെയും പ്രണയത്തിന്റെയും വടംവലികൾക്കിടയിലൂടെ അവളുടെ പ്രയാണം ചോള രാജാക്കന്മാരിലൂടെ ശ്രീലങ്കയിലേക്ക് എത്തുന്നു. ഒടുക്കം ഒരു അമാനുഷിക ശക്തിയായി പരിണമിക്കുന്ന ഒരു മിത്ത് അഥവാ കെട്ടുകഥയായി പരിണമിക്കുന്ന ദേവനായകിയെ ചരിത്രത്തിൻറെ കൂട്ടുപിടിച്ച് സത്യമേതാ മിഥ്യയേതാ എന്ന ചിന്തയിലേക്ക് ഉയർത്തുന്നതിന് ടി ഡി ക്ക് സാധിച്ചിട്ടുണ്ട്.

തമിഴ് യുദ്ധാനന്തര ശ്രീലങ്കയിലേക്ക് അവരുടെ അതിഥിയായി ചെല്ലുന്ന പീറ്റർ എന്ന എഴുത്തുകാരനിലൂടെയാണ് രണ്ടാമത്തെ കഥ മുന്നോട്ട് പോകുന്നത്.രണ്ട്  കഥകളും തമ്മിൽ ബന്ധിപ്പിക്കുന്നതും പീറ്ററാണ്. യുദ്ധകാലത്ത് ശ്രീലങ്കയിലെ സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾ അവിശ്വസനീയമാംവണ്ണം ഇവിടെ വിവരിക്കുന്നുണ്ട്. സ്ത്രീകളോടുള്ള പരാക്രമത്തിൽ പുലികളും സിംഹളരും ഒരേപോലെയാണെന്ന് കാണാൻ സാധിക്കും. ആ പീഡനങ്ങൾക്ക് ഇരയാകേണ്ടിവന്ന രജനി തിരിനാഗമ എന്ന ആക്ടിവിസ്റ്റും ഇതിൽ കഥാപാത്രമാകുന്നുണ്ട്. പുലി പ്രഭാകരൻറെ കാലത്ത് പരിചയപ്പെട്ട സുഗന്ധി എന്ന തമിഴ് ഈഴ പോരാളിയെത്തേടി പീറ്റർ നടത്തുന്ന യാത്രകളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. 

ഒട്ടും ബോറടിപ്പിക്കാതെ ഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ തോന്നുന്ന കൃതിയാണ് സുഗന്ധി എന്ന ആണ്ടാൾ ദേവനായകി. ഇട്ടിക്കോരയിലെ പോലെ ഭീകരമല്ലെങ്കിലും രതിയും വയലൻസും പുട്ടിന് പീരപോലെ വിതറിയിട്ടുണ്ട്. പീരയില്ലാത്ത പുട്ട് പുട്ടിന് സ്വാദ് കുറയുമെന്നത് പോലെ അത് കൃതിയുടെആസ്വാദ്യതയ്ക്ക് ഒരു കുറവും വരുത്തിയിട്ടില്ലെന്ന് പറയാം. ലോകസാഹിത്യത്തിലെ ഡാൻ ബ്രൗണിനെ പോലെ ടി ഡി മലയാള സാഹിത്യത്തിൽ തന്റേതായ വ്യക്തിമുദ്രസ്ഥാപിക്കുമെന്ന് വ്യക്തമാക്കുന്ന കൃതി. ഇനിയും ഇതുപോലുള്ള കൃതികൾക്കായി കാത്തിരിക്കുന്നു.