Sunday, September 30, 2018

കുട്ടനാടൻ ബ്ലോഗ് 2

ജലത്താൽ ചുറ്റപ്പെട്ട കുട്ടനാട്ടിലെ പ്രധാന ഗതാഗതമാർഗ്ഗം ജലഗതാഗതം തന്നെയാണ്. കുറെയേറെ സ്ഥലങ്ങളിൽ ഇപ്പോൾ റോഡ് വഴി എത്തിച്ചേരാൻ സാധിക്കും എങ്കിലും ഒരു സൈക്കിൾ പോലും കടന്നുചെല്ലാത്ത വളരെയേറെ സ്ഥലങ്ങൾ കുട്ടനാട്ടിലുണ്ട്. കേരള ജലഗതാഗതവകുപ്പിൻറെ ബോട്ട് സർവീസുകൾ ആണ് കുട്ടനാട്ടിലെ പ്രധാന യാത്രാ ഉപാധി. ആലപ്പുഴയാണ് ജലഗതാഗതവിഭാഗത്തിൻറെ ആസ്ഥാനം. ഒരു നാടിൻറെ ഒട്ടാകെയുള്ള ആശ്രയമായി കുട്ടനാടൻ കായൽപ്പരപ്പുകളെ കീറിമുറിച്ച് നീങ്ങുന്ന ആ ജലകേസരികളെയും അവയുടെ സാരഥികളെയും നമുക്കൊന്ന് പരിചയപ്പെടാം.

കാര്യം നമ്മുടെ കെ എസ് ആർ ടി സി യുടെ ജലത്തിലെ പതിപ്പ് ആണ് എന്ന് പറയാമെങ്കിലും ഒട്ടേറെ പ്രത്യേകതകൾ ഉണ്ട് കേരള ജലഗതാഗത വകുപ്പ് നടത്തുന്ന ഈ ബോട്ട് സർവീസുകൾക്ക്. പ്രൈവറ്റ് ബസുകളെ പോലെ പ്രൈവറ്റ് ബോട്ടുകളുമായി മത്സരിക്കേണ്ട ആവശ്യം ഇവയ്ക്കില്ല. കുട്ടനാട്ടിലെ സാധാരണക്കാരൻറെ യാത്ര ഈ ബോട്ടുകളുടെ കുത്തകയാണ്. ലോകത്തിലെ ഏറ്റവും ചിലവുകുറഞ്ഞ യാത്രാമാർഗ്ഗം ജലഗതാഗതം ആണ്. അത് പോലെ തന്നെ താരതമ്യേന കുറഞ്ഞ യാത്രാ നിരക്കുകളാണ് ഈ ബോട്ടുകളിൽ. കരയിലെ വാഹനങ്ങളുടെ വേഗത പ്രതീക്ഷിക്കുകയും വേണ്ട. എങ്കിലും ഇപ്പോൾ പുതുതായി വന്ന ഇരുമ്പ് ബോട്ടുകളേക്കാൾ വേഗതയിൽ കേമൻ തടികൊണ്ടുള്ള പഴയ ബോട്ടുകളാണ്. ശബ്ദവും അവയ്ക്ക് താരതമ്യേന കുറവാണ്. കൊല്ലം, കോട്ടയം ദീർഘദൂര സർവീസുകൾ ഉൾപ്പെടെ അമ്പതോളം സർവീസുകളാണ് കുട്ടനാടുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ നിന്നും നടത്തുന്നത്. സാധാരണ ബോട്ടുകൾ കൂടാതെ, സൂപ്പർഫാസ്റ്റ്, എക്സ്പ്രസ് ബോട്ടുകളും ഉണ്ട്. സ്റ്റോപ്പുകളിൽ കുറവ് ഉണ്ടെങ്കിലും വേഗതയിൽ അത്ര വ്യത്യാസം കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ഓർഡിനറി ബസുകൾ പോലെ വരില്ല. ടിക്കറ്റ് നിരക്കിൽ വ്യത്യാസം ഉണ്ട്. രാവിലെ 5.30 മുതൽ രാത്രി 9.30 വരെയാണ് ബോട്ട് സർവീസുകൾ. കോട്ടയം വരെ 29 കിലോമീറ്റർ ഉള്ള സർവീസ് രണ്ടു മണിക്കൂറിൽ കൂടുതൽ എടുക്കും എങ്കിലും കുട്ടനാടിനെ കണ്ടുകൊണ്ടുള്ള ആ യാത്രയ്ക്ക് 17 രൂപയേ ചിലവ് വരുന്നുള്ളൂ. ഇതേ യാത്ര ആലപ്പുഴയിൽ നിന്നും ഒരു പ്രൈവറ്റ് ബോട്ടിൽ ആണെങ്കിൽ കുറഞ്ഞത് 2000 രൂപയും (മണിക്കൂറിന് അഞ്ഞൂറ് രൂപ നിരക്കിൽ പോയി വരാൻ ഉള്ള ചാർജ്ജ്) ഹൗസ് ബോട്ടിനാണെങ്കിൽ കുറഞ്ഞത് 5000 രൂപയും ആകുന്നതാണ്. കാണുന്ന കാഴ്ചകൾ ഒന്ന് തന്നെ. 


ചിത്രം 1. ആലപ്പുഴ ബോട്ട് ജെട്ടിയിലേക്ക് വരുന്ന തടി ബോട്ട് 


ചിത്രം 1എ. പുതിയ മോഡൽ തടി ബോട്ട് 

ഇവന്മാരാണ് കുട്ടനാട്ടുകാരെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന യാനങ്ങൾ. വേഗതയിലും യാത്രാസുഖത്തിലും കേമൻ ഈ തടി ബോട്ടുകൾ തന്നെ. കാണാൻ പഴഞ്ചൻ ആണെങ്കിലും ആള് പുലിയാണ്. കുട്ടനാട്ടിലെ പച്ച ജലാശയങ്ങളിലൂടെ ഇവൻറെ വരവ് ഒരു പ്രത്യേക ചന്തം തന്നെയാണ്. അൻപത് മുതൽ നൂറ് വരെയാണ് ഇവൻറെ കപ്പാസിറ്റി. 



ചിത്രം 2. കുട്ടനാടൻ കായൽപ്പരപ്പിനെ കീറിമുറിച്ച് മുന്നേറുന്ന ഇരുമ്പ് ബോട്ട് 


ചിത്രം 3. പ്രളയകാലത്ത് നൂറുകണക്കിന് ആളുകളെ വഹിച്ച് പോകുന്ന ഇരുമ്പ് ബോട്ട് 

ഇരുമ്പുകൊണ്ടുള്ള ഇവന്മാർ പുതുക്കക്കാരാണ്. ഇരുമ്പിൻറെ ഭാരവും കൂടെ താങ്ങേണ്ടത് കൊണ്ടായിരിക്കും താരതമ്യേന പതുക്കെയാണ് ഇവയുടെ സഞ്ചാരം. എന്നാലും കരുത്ത് കൂടുതൽ തോന്നിക്കുന്ന ഈ ബോട്ടുകളിൽ പ്രളയകാലത്ത് നൂറ്റമ്പതിന് മുകളിൽ ആളുകളെ വരെ രക്ഷപ്പെടുത്തിയിരുന്നു. 


ചിത്രം 4. സീ കുട്ടനാട് ബോട്ട് 


ചിത്രം 4എ. സീ കുട്ടനാട് 

ടൂറിസം കൂടെ ഉദ്ദേശിച്ച് ആരംഭിച്ചതാണ് സീ കുട്ടനാട് സർവീസുകൾ. മുകളിൽ ടൂറിസ്റ്റുകൾക്ക് ഇരിക്കാനുള്ള അപ്പർ ഡസ്ക് ആണ് ഇതിൻറെ പ്രത്യേകത. മുകളിൽ പ്രീമിയം റേറ്റ് ആണ്. കൊല്ലത്തേക്കുള്ള സർവീസ് കൂടാതെ കുട്ടനാട് കൈനകരി ഭാഗത്തേക്കും രാവിലെ സീ കുട്ടനാട് സർവീസ് ഉണ്ട്. കുട്ടനാടിനെ ഒന്ന് നന്നായിക്കാണാൻ ഈ സർവീസ് വളരെ യോജിച്ചതാണ്. കൊല്ലം സർവീസ് ധാരാളം സമയം എടുക്കും എന്നതിനാൽ ഇപ്പോൾ അധികം ആരും കയറാറില്ല. എന്നാൽ കൈനകരി സർവീസിൽ കയറാൻ വിദേശികൾ ഉൾപ്പെടെയുള്ള ടൂറിസ്റ്റുകൾ മുന്നോട്ട് വരുന്നുണ്ട്. 

ഇനി ഈ ബോട്ടുകളിലെ ജീവനക്കാരെ കൂടെ പരിചയപ്പെടാം. അഞ്ച് ജീവനക്കാരാണ് ഒരു യാത്രാ ബോട്ടിൽ ഉണ്ടാവുക. 


ചിത്രം 5. ബോട്ടിൻറെ മുകളിൽ ഇരുന്നു നിയന്ത്രിക്കുന്ന സ്രാങ്ക് 

ഏറ്റവും മുകളിൽ രാജാവിനെ പോലെ ഇരിക്കുന്ന ഈ മച്ചാൻ ആണ് സ്രാങ്ക്. ബോട്ടിനെ നിയന്ത്രിക്കുക എന്നതാണ് ജോലി. സഞ്ചാരമാർഗ്ഗം അനുസരിച്ച് ബോട്ടിനെ നയിക്കുക, ബോട്ടുജെട്ടിയിലെ ബോട്ട് കയറാൻ ഉള്ള ആളുകളെ നോക്കി അടുപ്പിക്കുക, സൈറൺ മുഴക്കുക ഒക്കെ ഈ ചങ്ങായി ചെയ്യും. സംഭവം ഏറ്റവും മുകളിൽ രാജകീയ പ്രൗഢി ഒക്കെ ആണെങ്കിലും ഒറ്റയ്ക്ക് അറുബോറൻ ഇരുപ്പാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വെയിൽ ആകുമ്പോൾ തീ പോലത്തെ ചൂടും ചുറ്റിനും നിന്നും നീരാവിയും കൂടെ ആകുമ്പോൾ പൂർത്തിയാകും. ആധുനിക ബോട്ടുകളിൽ ബോട്ടിൻറെ മുന്നിലായാണ് സ്രാങ്കിൻറെ സ്ഥാനം 


ചിത്രം 6. ബോട്ടിൻറെ നടുക്ക് ഭാഗത്ത് സൈഡിൽ ഇരിക്കുന്ന ഡ്രൈവർ 

സംഭവം സ്റ്റിയറിങ് ഒക്കെ പിടിച്ച് ഇരിക്കും എങ്കിലും സ്രാങ്ക് അല്ല ബോട്ട് ഡ്രൈവ് ചെയ്യുന്നത്. അതിനാണ് ഡ്രൈവർ എന്ന പേരിൽ ഈ മച്ചാനെ ഇരുത്തിയേക്കുന്നത്.സ്രാങ്ക് നിർദ്ദേശിക്കുന്നത് അനുസരിച്ച് ആക്സിലേറ്റർ, ഗിയർ, ബ്രേക്ക് ഇവ പ്രവർത്തിപ്പിക്കുക എന്നതാണ് ഈ ഡ്രൈവറുടെ ജോലി. അത് പറഞ്ഞപ്പോൾ ആണ് ഓർത്തത് നേരത്തെ പറഞ്ഞ ബ്രേക്ക് എന്ന സംഭവം ഈ ബോട്ടിൽ ഇല്ല. അല്ലെങ്കിലും വെള്ളത്തിൽ എന്ത് എടുത്തിട്ട് ബ്രേക്ക് ചവുട്ടാനാണ്. അവിടെ റിവേഴ്‌സ് ഗിയർ ആണുള്ളത്. മുന്നോട്ട്, പിന്നോട്ട്, പിന്നെ ന്യൂട്രൽ ഇത് മൂന്നും കൊണ്ട് ഡ്രൈവർ വണ്ടിയെ എത്തിക്കേണ്ടടുത്ത് കൃത്യമായി എത്തിക്കും. അക്ഷരാർത്ഥത്തിൽ ഒരു ഞാണിന്മേൽ കളിയാണ് സ്രാങ്കും ഡ്രൈവറും ചേർന്നുള്ള ഈ ബോട്ട് ഓടിക്കൽ എന്ന് പറയാം. ആ ഞാണിൻറെ ഒരറ്റത്ത് ഒരു മണി കെട്ടിത്തൂക്കിയിരിക്കും. സ്രാങ്ക് ഒരു ബോട്ട്ജെട്ടിയിൽ ആളെ കണ്ടാൽ ഞാണിൽ പിടിച്ച് വലിച്ച് ഒരു മണി അടിക്കും. ഡ്രൈവർ ഉടനെ ആക്‌സിലേറ്ററിൽ നിന്നും ലിവർ ന്യൂട്രലിൽ ആക്കും.സ്രാങ്ക് വളയം തിരിച്ച് ബോട്ടുജെട്ടിയിലേക്ക് ബോട്ടിനെ നയിക്കും. ന്യൂട്രലിൽ ആയതിനാൽ അതുവരെ വന്ന വേഗതയിൽ പതിയെ ബോട്ട് ജെട്ടിയിലേക്ക് ഒഴുകി നീങ്ങും. വേഗത ശകലം കൂടുതൽ ആണെങ്കിൽസ്രാങ്ക് രണ്ട് മണി അടിക്കും. അപ്പോൾ ഡ്രൈവർ വണ്ടി റിവേഴ്‌സ് ഗിയറിൽ ഇട്ട് ഒന്ന് മൂപ്പിക്കും. ബോട്ടിൻറെ മുന്നോട്ടുള്ള വേഗത നിൽക്കും. ഇത് പോലെ തന്നെ ഒന്നും രണ്ടും മണികൾ വെച്ച് തന്നെ ബോട്ടിനെ ജെട്ടിയിൽ നിന്നും മുന്നോട്ടും പായിക്കും. ഇവരുടെ ഈ ഞാണിന്മേൽ കളി ഒന്ന് പാളിയാൽ ബോട്ട് ചിലപ്പോൾ ബോട്ട് ജെട്ടിയിലോ അടുത്ത വീട്ടിലോ പോയി നിൽക്കും. വളവുകളിൽ ഒക്കെ ആണ് ഈ കോമ്പിനേഷൻ നന്നായി പ്രവർത്തിക്കേണ്ടി വരുന്നത്. വെള്ളപ്പൊക്ക സമയത്ത് ബോട്ട് സാധാരണയിലും രണ്ട്-മൂന്ന് അടി ഉയരത്തിൽ പോകേണ്ടിവരുമ്പോൾ താഴ്ന്നു നിൽക്കുന്ന മരക്കൊമ്പുകളിൽസ്രാങ്ക് കുടുങ്ങിപ്പോയ രസകരമായ കഥകളും ബോട്ട് ജീവനക്കാർക്ക് പറയാനുണ്ട്.


ചിത്രം 7. ബോട്ട് ജെട്ടിയിലേക്ക് ബോട്ട് വലിച്ച് അടുപ്പിക്കുന്ന ലാസ്കർമാർ 

ഇനി പരിചയപ്പെടുത്താനുള്ളത് ഈ രണ്ട് ചേട്ടന്മാരെയാണ്. ഇവരാണ് ലാസ്കർമാർ. ബസിലെ കിളിയെ പോലെ ഓൾ റൗണ്ടർമാരാണ് ഇവർ. ബോട്ട് ജെട്ടിയോട് വേഗത കുറഞ്ഞ് അടുക്കുമ്പോൾ ചാടി ഇറങ്ങി വടം ഉപയോഗിച്ച് ബോട്ടിനെ പിടിച്ചു നിർത്തുക, (ബസുകളിലെ പോലെയല്ല, പ്രായമായവർക്കും ശാരീരിക ബുദ്ധിമുട്ടുള്ളവർക്കുമൊക്കെ ഇവരുടെ സേവനം അത്യന്താപേക്ഷിതം ആണ്) ബോട്ട് സർവീസ് പോയിന്റിൽ എത്തുമ്പോൾ മുളകൊണ്ട് ബോട്ടിനെ കുത്തി തുഴഞ്ഞ് തിരിക്കുക എന്നിവ കൂടാതെ ഏറ്റവും ബുദ്ധിമുട്ടുള്ള പണിയാണ് ബോട്ടിൻറെ പങ്കയിൽ തുണിയോ, പ്ലാസ്റ്റിക്കോ, പായലോ ചുറ്റിയാൽ ബോട്ട് നിർത്തിയിട്ട് വെള്ളത്തിൽ മുങ്ങി അത് എടുത്ത് മാറ്റുക എന്നത്. ഈ പ്രളയത്തിന് ശേഷം ജലാശയങ്ങളിൽ തുണികളും മറ്റും ധാരാളം ഉള്ളതിനാൽ പങ്കായിൽ തുണി ചുറ്റി ബോട്ട് നിർത്തിയിടേണ്ടി വരുന്നതും ലാസ്കർമാർ ഒരു കത്തിയുമായി ബോട്ടിൻറെ അടിയിലേക്ക് മുങ്ങിപ്പോയി അത് മാറ്റുന്നതും സാധാരണമാണ്. മലിനമായ ജലത്തിൽ ഒരു റോപ്പിൻറെ മാത്രം വിശ്വാസത്തിലാണ് ഇവരുടെ ഈ സ്‌പെഷ്യൽ ഡ്യൂട്ടി. (ഇപ്പോൾ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചത് പോലെ എന്നാണാവോ ലാസ്കർ ജോലിയിൽ സ്ത്രീകൾ ജോലിക്ക് പ്രവേശിച്ച് തുടങ്ങുന്നത്???) സർവീസ് ഇങ്ങനെ നിർത്തിയിടേണ്ടിവരുന്നതിനാൽ ബോട്ടുകൾ കൃത്യസമയം തെറ്റി സർവീസ് നടത്തേണ്ടി വരുന്നതും , മുടങ്ങുന്നതും സർവ്വസാധാരണമായിരിക്കുന്നു.


ചിത്രം 8. ബോട്ടിൻറെ പങ്കയിൽ കുടുങ്ങിയ തുണി മുങ്ങിച്ചെന്ന് മാറ്റുന്ന ലാസ്കർ സ്റ്റാഫ് 

ഇവരെ കൂടാതെ ടിക്കറ്റ് നൽകാൻ കണ്ടക്ടറും കൂടെ കൂടുമ്പോൾ നമ്മുടെ ബോട്ട് ക്രൂ പൂർണ്ണമാകുന്നു. ബോട്ട് മാസ്റ്റർ എന്നാണ് അദ്ദേഹത്തിൻറെ ഔദ്യോഗിക നാമം. കാര്യം കുട്ടനാടൻ ബ്ലോഗ് എന്ന് പറഞ്ഞിട്ട് ഇത് മുഴുവൻ കേരള വാട്ടർ ട്രാൻസ്‌പോർട്ട് വകുപ്പിനെ കുറിച്ച് ആണല്ലോ എന്ന് ചോദിച്ചാൽ ഈ ബോട്ട് ചേട്ടന്മാരെക്കുറിച്ച് പറയാതെ കുട്ടനാടൻ ബ്ലോഗ് അപൂർണ്ണം ആണ്. കുട്ടനാടൻ വിശേഷങ്ങൾ ഇനിയും തുടരും

Wednesday, September 26, 2018

പുസ്തക നിരൂപണം : തൃക്കോട്ടൂർ പെരുമ


തക്ഷൻകുന്ന് സ്വരൂപം എന്ന പുസ്തകത്തിന് ശേഷം തികച്ചും യാദൃശ്ചികം ആയി ഞാൻ വായിച്ച പുസ്തകം ആണ് ശ്രീ യു എ ഖാദർ എഴുതിയ തൃക്കോട്ടൂർ പെരുമ. 1982 ഇൽ ആദ്യ പതിപ്പ് ഇറക്കിയ ഈ കൃതിക്ക് 1984 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിക്കുകയുണ്ടായി.തുടർച്ചയായി രണ്ട് അക്കാദമി അവാർഡ് കൃതികൾ വായിക്കുക, അത് രണ്ടും ഓരോ ദേശത്തെ കുറിക്കുന്ന പുസ്തകങ്ങൾ ആകുക, കഥാ പശ്ചാത്തലം എനിക്ക് നേരിട്ട് അനുഭവിക്കാനായിട്ടില്ലാത്ത വടക്കൻ കേരളം ആവുക എന്നിവ എനിക്ക് കൗതുകം ആയി തോന്നി. തക്ഷൻകുന്ന് സ്വരൂപവും ആയുള്ള സാമ്യങ്ങൾ ഈ പറഞ്ഞതോടെ തീർന്നു. മലയാള സാഹിത്യത്തിൽ ഇതുവരെ ഞാൻ വായിച്ചിട്ടില്ലാത്ത ഒരു രീതിയാണ് യു എ ഖാദർ തൃക്കോട്ടൂർ പെരുമയിൽ കാണിച്ചു തന്നത്.

ഒരു ദേശത്തിൻറെ കൃതി ആണ് തൃക്കോട്ടൂർ പെരുമ. തൃക്കോട്ടൂർ എന്ന വടക്കൻ മലബാറിലെ ഒരു ഗ്രാമത്തിലെ സംഭവ വികാസങ്ങൾ. ഇത് ഒരു കഥ അല്ല. പല പല കഥകൾ, തൃക്കോട്ടൂരിലെ സംഭവങ്ങൾ, അതിൻ്റെ വിവരണമാണ് ഈ പുസ്തകം. നാല് ഭാഗങ്ങളിലായി പതിനൊന്ന് പഴങ്കഥകളാണ് തൃക്കോട്ടൂർ എന്ന ചരടിൽ കോർത്ത് ശ്രീ ഖാദർ എഴുതിയിരിക്കുന്നത്. ആ പഴങ്കഥകളിൽ നമുക്ക് ഒരു വടക്കൻ മലബാർ ഗ്രാമത്തിൻറെ ജീവിതം തൊട്ടറിയാം, അവരുടെ ആ കാലഘട്ടത്തെ അടുത്തറിയാം, ആ വിശ്വാസങ്ങളിൽ പങ്കു ചേരാം. 

തൃക്കോട്ടൂരിനെയും അവിടുത്തെ പ്രമാണിമാരെയും അവർക്ക് ആ സമൂഹത്തിൽ ഉണ്ടായിരുന്ന നിലയും വിലയും സ്വാധീനവും കയ്യൂക്കും കാണിച്ചുതരുന്നതാണ് ഒന്നാമത്തെ ഭാഗത്തിലെ കഥകൾ. ഇവ ആ കാലഘട്ടത്തിലെ കേരളത്തിലെ ഏതൊരു ഗ്രാമത്തിലെയും കാഴ്ചകൾ തന്നെ അല്ലെ എന്ന് സംശയിക്കത്തക്ക വിധത്തിൽ ആണ് നമുക്ക് അനുഭവേദ്യമാക്കി തരുന്നത്. തുടർന്നുള്ള ഭാഗങ്ങളിൽ ആ ഗ്രാമത്തിൻറെ ചൂടും ചൂരും നേരും നെറികേടുകളും കാണിക്കുന്ന ഒരുപിടി കഥാപാത്രങ്ങളെ നമുക്ക് ദർശിക്കാം. പെണ്ണിനും മദ്യത്തിനും വിശ്വാസത്തിനും പ്രണയത്തിനും ഒരു കാലഘട്ടത്തിൽ കേരള സമൂഹത്തിൽ ഉണ്ടായിരുന്ന സ്വാധീനം വിവരിക്കുന്നതാണ് തൃക്കോട്ടൂർ പെരുമയിലെ ഓരോ കഥകളും.

പരസ്പര ബന്ധമില്ലാത്ത കുറെ കഥകളെ കോർത്തിണക്കിയ ഒട്ടനവധി ചിത്രങ്ങൾ കേരള കഫേക്ക് ശേഷം പുറത്തിറങ്ങുകയുണ്ടായി. അതേ പോലെ കുറെ കഥകളായാണ് എനിക്ക് ഈ നോവൽ അനുഭവപ്പെട്ടത്. തൃക്കോട്ടൂർ എന്ന ഗ്രാമം ആണ് പശ്ചാത്തലം എന്ന് മാത്രം. പതിനൊന്ന് കഥകൾ, അതിൽ ഒന്ന് രണ്ടെണ്ണം ചെറുതായി ബോറടിപ്പിച്ചു എന്ന് സമ്മതിക്കാതിരിക്കാൻ പറ്റില്ല. എങ്കിലും വായിക്കുന്ന ഓരോ കഥയെയും മനസ്സിൽ കാണിച്ചുതരാൻ യു എ ഖാദറിന് സാധിച്ചു.  കഥാപാത്രങ്ങളെ വായിക്കുമ്പോൾ വിധേയനിലെ മമ്മൂട്ടിയുടെ ഭാസ്ക്കര പട്ടേലരും  മാണിക്യത്തിലെ അഹമ്മദ് ഹാജിയും ഗസലിൽ നാസർ അവതരിപ്പിച്ച തങ്ങളും ഒക്കെ മനസ്സിൽ വന്നു. ഈ ചിത്രങ്ങൾ എല്ലാം ഈ പുസ്തകം ഇറങ്ങി വർഷങ്ങൾ  കഴിഞ്ഞാണ് ഇറങ്ങിയത് എന്നത് മറ്റൊരു കാര്യം.

അവസാന വാക്ക്: വായിച്ചിരിക്കേണ്ട പുസ്തകം 

Monday, September 10, 2018

കുട്ടനാടൻ ബ്ലോഗ് 1

ആലപ്പുഴ ബോട്ട് ജെട്ടിയിൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിനാൽ ബോട്ടുകൾ ഇപ്പോൾ കുറച്ചു മാറിയുള്ള മാതാ ജെട്ടിയിൽ നിന്നാണ് സർവീസ് നടത്തുന്നത് എന്ന എൻറെ ഫേസ്ബുക് പോസ്റ്റ് കണ്ടപ്പോൾ കുറെ സുഹൃത്തുക്കൾ എന്നോട് അപ്പോൾ കുട്ടനാട്ടിലെ വെള്ളമൊക്കെ ഇറങ്ങി അല്ലേ എന്ന് ചോദിക്കുകയുണ്ടായി. ഞാൻ പറഞ്ഞു "ഹേയ്! അവിടെ ഇപ്പോളും ഓഫീസിലെ പടിയുടെ ഒപ്പം വെള്ളം നിൽപ്പുണ്ട്. അത് മോട്ടോർ വെച്ച് പമ്പ് ചെയ്തു കളഞ്ഞാലേ കുറയൂ". ഇത് കേട്ട മിക്കവർക്കും ഒന്നും മനസിലായില്ല. ഒരു സ്ഥലത്ത് വെള്ളം ഇല്ലാത്തതിനാൽ ബോട്ട് സർവീസ് മുടങ്ങുക. നാലോ അഞ്ചോ കിലോമീറ്റർ അകലെ വീടുകളുടെ പടിയോളം വെള്ളം നിറഞ്ഞു നിൽക്കുക!. അത് മനസിലാകണമെങ്കിൽ ആദ്യം കുട്ടനാട് എന്ന സ്ഥലത്തിൻറെ പ്രത്യേകതകൾ അറിയണം. എങ്കിൽ മാത്രമേ അവിടെ ഇപ്പോൾ ഉണ്ടായ ദുരന്തത്തെയും അത് അവരെ എത്ര ബാധിച്ചു എന്നതിനെയും, ആ ജനത ഇനി നേരിടാൻ പോകുന്ന അതിജീവനത്തെയും കുറിച്ച് മനസിലാകൂ.

ചിത്രം 1 . കുട്ടനാടിൻ്റെ ഭൂപടം 

കുട്ടനാടിനെ കുറിച്ച് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് "ഇന്ത്യയിലെ ഏറ്റവും താഴ്ച ഉള്ള സ്ഥലം", "സമുദ്ര നിരപ്പിനേക്കാൾ താഴ്ന്ന ഭൂപ്രദേശം" എന്നൊക്കെ. എങ്ങനെയാണ് കടലിനോട് ചേർന്ന് കിടക്കുന്ന ആലപ്പുഴയിൽ സമുദ്രനിരപ്പിനേക്കാൾ അര മീറ്റർ മുതൽ രണ്ടു മീറ്റർ വരെ താഴ്ന്ന ഒരു ഭൂപ്രദേശം നിലനിൽക്കുന്നത് എന്ന് നോക്കാം. ഇന്ത്യയിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ട് കായലിൻറെ സംഭാവനയാണ് കുട്ടനാട് എന്ന പ്രദേശം എന്ന് ചുരുക്കി പറയാം. പമ്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ എന്നീ നദികൾ വേമ്പനാട്ട് കായലിൽ വന്നു ചേരുന്ന മേഖലകളിലാണ് കുട്ടനാട് എന്ന പേരിൽ ഈ ഭൂപ്രദേശം വ്യാപിച്ചു  കിടക്കുന്നത്. കുട്ടനാടിനെ പമ്പയുടെ ദാനം എന്നും വിളിക്കാറുണ്ട്. ഈ നദികൾ കിഴക്കൻ മലകളിൽ നിന്നും ഒഴുക്കിക്കൊണ്ടുവരുന്ന എക്കൽ മണ്ണാണ് കുട്ടനാടിനെ ഫലഭൂയിഷ്ഠമാക്കുന്നത്. പരശുരാമൻ ചുമ്മാ മഴു വലിച്ചെറിഞ്ഞപ്പോൾ കടൽ മാറുകയും അവിടെ കേരളം എന്ന കരപ്രദേശം രൂപം കൊള്ളുകയുമായിരുന്നു എന്നാണല്ലോ ഐതിഹ്യം. ഏതാണ്ട് അതുപോലെ തന്നെ കായലിൽ നിന്നും വീണ്ടെടുത്തതാണ് കുട്ടനാട് എന്ന പ്രദേശത്തെ. അത് പക്ഷെ പരശുരാമൻ ചെയ്ത പോലെ മഴു എറിഞ്ഞല്ല എന്ന് മാത്രം. ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാൻ പോലുമാകാത്ത അത്ര കഠിനമായ മനുഷ്യ അധ്വാനത്തിലൂടെ കായലിൻറെ അടിത്തട്ടിൽ നിന്നും ചെളി (ചെള്ള) കുത്തി, വലിയ തെങ്ങിൻ തടികൾ വള്ളത്തിൽ കൊണ്ടുപോയി കായലിൽ നാട്ടി, അതിൽ ചെളി നിറച്ച് ബണ്ട് ഉണ്ടാക്കി, (അതിനെ കുട്ടനാടൻ ഭാഷയിൽ മട എന്ന് വിളിക്കുന്നു), ആ ബണ്ടിന്റെ ഉള്ളിലെ വെള്ളം ചക്രം ചവുട്ടി പറ്റിച്ച് അതിൽ ആണ് കുട്ടനാട്ടുകാർ കൃഷി ഇറക്കിയത്. ആ നിലങ്ങളെ കായൽ നിലങ്ങൾ എന്ന് പൊതുവെ വിളിക്കുന്നു. ചെളിയുടെ ഉറപ്പിൽ ഒരു നാടിന് മുഴുവൻ ആവശ്യമായ നെല്ല് അവിടെ വിളവെടുക്കാൻ സാധിച്ചിരുന്നു. ഒന്നും രണ്ടുമല്ല ഏകദേശം 900 ചതുരശ്ര കിലോമീറ്ററോളം സ്ഥലമാണ് പൊതുവെ കുട്ടനാട് എന്ന പേരിൽ ആലപ്പുഴ, കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നത്. ബണ്ട് കെട്ടി തടഞ്ഞു നിർത്തിയിരിക്കുന്നതിനാൽ കൃഷി നടക്കുന്ന പാടത്തിൻറെ കര (മട)യ്ക്ക് അപ്പുറം കായൽ ജലം ഒരാൾ പൊക്കത്തിൽ നിറഞ്ഞു നിൽക്കുമ്പോളും പാടത്തിൽ പുതുനെൽവിത്തുകൾ നാമ്പിട്ട് നിൽക്കുന്ന കാഴ്ച കുട്ടനാടിൻറെ മാത്രം പ്രത്യേകത ആണ്. നോക്കെത്താ ദൂരത്തോളം പടർന്നു കിടക്കുന്ന ഈ പാടശേഖരങ്ങൾ തന്നെയാണ് കുട്ടനാട്ടിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന ഒരു ഘടകം. ഈ ബണ്ടുകളിൽ അല്ലെങ്കിൽ അതിനോട് ചേർന്ന് തന്നെയാണ് കുട്ടനാട്ടിലെ വീടുകൾ, തെങ്ങ്, മരങ്ങൾ എന്നിവ സ്ഥിതിചെയ്യുന്നത്. അതായത് ചില സ്ഥലങ്ങളിൽ മീറ്ററുകളോളം വീതിയുള്ള ഒരു കര പ്രദേശമായി മാറിയിരിക്കുകയാണ് ഇന്ന് ഭൂരിഭാഗം ബണ്ടുകളും. എങ്കിലും മഴക്കാലത്തു കിലോമീറ്ററുകളോളം ചുറ്റിവളഞ്ഞു വ്യാപിച്ചു കിടക്കുന്ന ഈ ബണ്ടിലെ ബലക്ഷയം ഉള്ള ഭാഗം തകരുകയും, കായൽ ജലം അണപൊട്ടിച്ചു വിട്ടപോലെ അകത്തുള്ള പാടശേഖരത്തിലേക്ക് കുത്തി ഒഴുകുകയും ചെയ്യാറുണ്ട്. "മട വീഴൽ" എന്നാണ് അതിന് പൊതുവെ പറയുന്നത്. ആ സമയത്ത് ആ പാടശേഖരത്തിന് ചുറ്റും താമസിക്കുന്ന ആൾക്കാരുടെ വീടുകളിൽ വെള്ളം കയറുകയും അവർ അടുത്തുള്ള മടവീഴാത്ത സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്ത് താമസിക്കുകയും ചെയ്യാറുണ്ട്. മട കുത്തി കയറിയ വെള്ളം പമ്പ് ചെയ്ത് കളയും വരെ ആണ് ഈ ക്യാമ്പുകൾ നിലനിൽക്കുന്നത്. ഒരു മട കെട്ടാൻ ഇപ്പോൾ അഞ്ചു മുതൽ പതിനഞ്ച് ലക്ഷം വരെ ചിലവ് ഉണ്ടാകാറുണ്ട്. ആധുനിക സൗകര്യങ്ങളായ ജെ സി ബി, ആധുനിക മോട്ടോറുകൾ എന്നിവ ഉള്ളതിനാൽ ഇപ്പോൾ മട കെട്ടി, വെള്ളം പുറംതള്ളുന്നതിന് ഒരാഴ്ച മുതൽ രണ്ടാഴ്ച വരെ സമയം മതിയാകും (പാടശേഖരത്തിൻറെ വലുപ്പം അനുസരിച്ച് വ്യത്യാസപ്പെടാം)

ചിത്രം 2 . കുട്ടനാടൻ പാടം. ജലനിരപ്പുമായുള്ള വ്യത്യാസം 

ചിത്രം 3. മട കെട്ടൽ 

ചിത്രം 4. ജെസിബി യും ഡ്രഡ്ജറും ഉപയോഗിച്ചുള്ള മട കെട്ടൽ 

ചിത്രം 5. കായലിൽ നിന്നും ചെളി കുത്തി വള്ളത്തിൽ നിറക്കുന്ന കർഷകൻ 


ചിത്രം 6. പരമ്പരാഗത ചക്രം ഉപയോഗിച്ച് വെള്ളം പുറത്തേക്ക് ഒഴുക്കുന്നു.
ചിത്രം 7. ആധുനിക പമ്പിങ് സിസ്റ്റം 

ഇനി ഇപ്പോൾ കുട്ടനാട്ടിൽ സംഭവിച്ച ദുരന്തം എന്താണെന്നു നോക്കാം. ജൂലൈ പകുതിയോടെ ഉണ്ടായ വെള്ളപ്പൊക്കത്തിൽ കുട്ടനാട്ടിലെ മിക്കവാറും പ്രദേശങ്ങളിൽ മട വീണു. ആയിരക്കണക്കിന് വീടുകളിൽ വെള്ളം കയറുകയും നൂറോളം ക്യാമ്പുകൾ കുട്ടനാടൻ പ്രദേശങ്ങളിൽ തുടങ്ങുകയും ചെയ്തു. ഇത് മിക്ക മഴക്കാലത്തും സംഭവിക്കാറുള്ളതായതിനാൽ അവർ പതുക്കെ അതിൽ നിന്നും കരകയറിത്തുടങ്ങി. ആഗസ്റ്റ് രണ്ടാം ശനിയാഴ്ച്ച നടത്തുന്ന നെഹ്‌റു ട്രോഫി വള്ളംകളി കുട്ടനാടിൻറെ പൂരം തന്നെ ആണ്. അതിനുള്ള തയ്യാറെടുപ്പുകൾ ഒരു വശത്ത്, മടകെട്ടിയ സ്ഥലങ്ങളിൽ നിന്നും പമ്പിങ് മറുവശത്ത്. അങ്ങനെ പോകുമ്പോളാണ് കർക്കിടകം അവസാന ദിനങ്ങളിലെ കൊടും പ്രളയവും ഡാം തുറക്കലും ഒക്കെ ഉണ്ടാകുന്നത്. കുട്ടനാട്ടിൽ ജലം പെട്ടെന്ന് തന്നെ ഒഴുകിയെത്തി. ചിങ്ങം ഒന്നാം തിയതി ആയപ്പൊളേക്കും കായൽ കരകവിഞ്ഞ് മടയുടെ മുകളിലൂടെ പാടങ്ങളിലേക്ക് കുതിച്ചൊഴുകി. ചിങ്ങം മൂന്ന് ആയപ്പൊളേക്കും ബണ്ടുകൾക്ക് മുകളിൽ രണ്ട്‌ മുതൽ അഞ്ച് അടി വരെ ജലനിരപ്പ് ഉയർന്നു. കുട്ടനാട്ടിൽ മുങ്ങാത്തതായി ഒരു പാടശേഖരവും ഒരു വീടും ബാക്കിയില്ല എന്ന അവസ്ഥയായി. അതോടെയാണ് ചരിത്രത്തിൽ ഇടംപിടിച്ച ഒഴിപ്പിക്കൽ കുട്ടനാട്ടിൽ അരങ്ങേറിയത്. ഒരു നാട്ടിലെ മുഴുവൻ ജനത്തെയും രണ്ടു ദിവസം കൊണ്ട് സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറ്റി. ഇപ്പോൾ വെള്ളം ഇറങ്ങിത്തുടങ്ങി. കായലുകളിൽ ജലം തോട്ടപ്പള്ളി സ്പിൽ വേ വഴിയും തണ്ണീർമുക്കം ബണ്ട് വഴിയും കടലിലേക്ക് ഒഴുകി മാറി. കരകവിഞ്ഞു പാടശേഖരങ്ങളിൽ കയറിയ വെള്ളം ഇപ്പോളും അതേപോലെ കിടക്കുന്നു. മടവീണ പാടങ്ങളിൽ ജലം പുറത്തെ കായലിന്റെ ലെവലിൽ നിൽക്കുമ്പോൾ മട വീഴാത്ത സ്ഥലങ്ങളിൽ അകത്ത് നിറഞ്ഞും പുറത്ത് കുറഞ്ഞും നിൽക്കുന്ന അവസ്ഥ. ഇപ്പോൾ യുദ്ധകാല അടിസ്ഥാനത്തിൽ മട കെട്ടലും  പമ്പിങ്ങും നടക്കുന്നു. ഒന്ന് രണ്ട് ആഴ്ചകൾക്കുള്ളിൽ ജലം മുഴുവൻ പറ്റിച്ചു തീർക്കണം എന്നാണ് ലക്ഷ്യം. തുലാം പകുതിയോടെ വീണ്ടും കൃഷി ഇറക്കാൻ സാധിക്കണം എന്നാണ് ബഹുമാനപ്പെട്ട കൃഷി മന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. എല്ലാം അത് പോലെ നടക്കട്ടെ. പ്രതീക്ഷയുടെ നാമ്പുകൾ വീണ്ടും തലപൊക്കട്ടെ. 

വാൽക്കഷ്ണം: കുട്ടനാട് പോലൊരു ഭൂമി ഇവിടെ ഇല്ലായിരുന്നെങ്കിൽ, ഒഴുകി വന്ന പ്രളയജലത്തെ സ്വീകരിക്കാൻ കുട്ടനാടിൻറെ പാടങ്ങൾ കൊയ്യാറായ നെല്ലുകളെ ബലികൊടുത്ത് കൈ നീട്ടിയില്ലായിരുന്നെങ്കിൽ, ആലപ്പുഴ എന്ന പട്ടണം തന്നെ ഇന്ന് ഉണ്ടാകുമായിരുന്നോ എന്ന് സംശയമാണ്.