Tuesday, October 25, 2022

വായനാനുഭവം - അറ്റുപോകാത്ത ഓർമ്മകൾ


എനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമകളായിരുന്നു കിരീടവും തന്മാത്രയും തനിയാവർത്തനവുമെങ്കിലും ഒരിക്കൽപ്പോലും ആ സിനിമകൾ ഒരിക്കൽക്കൂടി കാണണം എന്ന് തോന്നിയിട്ടില്ല. നാളുകളോളം മനസിനെ അസ്വസ്ഥമാക്കുന്ന അനുഭവം കാണികളിൽ ഉളവാക്കുന്നു എന്നതുതന്നെയായിരുന്നു ആ സിനിമകളുടെ വിജയവും. ശ്രീ ടി.ജെ ജോസഫ് എഴുതിയ അറ്റുപോകാത്ത ഓർമ്മകൾ എന്ന ആത്മകഥ മേടിച്ച് കുറേനാൾ കയ്യിൽ വെച്ചിട്ടും അത് വായിക്കാൻ ഒരു മടി തോന്നിയതും ആ അനുഭവം ഓർത്തുതന്നെ ആയിരുന്നു. നമുക്കേവർക്കും ചിരപരിചിതനാണ് ശ്രീ ടി.ജെ ജോസഫ്. കേരളസമൂഹത്തിനാകെ അപമാനമായ കൈവെട്ട് കേസിലെ ഇരയാണ് അദ്ദേഹം. 2010 ഇൽ തൊടുപുഴ ന്യൂമാൻ കോളേജിലെ വിവാദമായ വിവാദമായ ചോദ്യപ്പേപ്പർ കേസിൽ ചോദ്യം തയ്യാറാക്കിയ വ്യക്തി എന്ന നിലയിലാണ് അദ്ദേഹത്തെക്കുറിച്ച് ആദ്യമായി കേൾക്കുന്നത്. ദുരിതങ്ങളിൽ അദ്ദേഹത്തിൻറെ തോളോട് ചേർന്ന് നിന്നിരുന്ന പ്രിയങ്കരിയായ ഭാര്യ 2014 ഇൽ ആത്മഹത്യ വാർത്തയാണ് ഈ പുസ്‌തകവുമായി ബന്ധപ്പെട്ടല്ലാതെ അദ്ദേഹത്തെക്കുറിച്ച് അവസാനമായി കേൾക്കുന്നത്. 

2010 ഇൽ ചോദ്യപ്പേപ്പർ വിവാദവുമായി ബന്ധപ്പെട്ട ചോദ്യം വായിച്ചപ്പോൾ മനസ്സിൽ അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ടുണ്ട്. അനാവശ്യമായി ഒരു മതവിഭാഗത്തെ ചൊറിയുന്നതിൽ എന്ത് മനഃസംതൃപ്തിയാണ് ഇവനൊക്കെ കിട്ടുന്നതെന്ന് മനസിലോർത്തുകൊണ്ടാണ് അന്ന് അടുത്ത വാർത്തയിലേക്ക് കണ്ണോടിച്ചത്. ആ ചോദ്യത്തിലെ വിവാദമായ സംഭാഷണം അദ്ദേഹം സ്വന്തമായി ഉണ്ടാക്കിയതല്ല, പി.ടി.കുഞ്ഞുമുഹമ്മദ് എഴുതിയ ഒരു പുസ്‌തകത്തിലെ വരികൾ കടമെടുത്തതാണെന്ന് എന്ന് വായിച്ചറിഞ്ഞതോടെ ഓഹ് ഇത്രേയുള്ളോ, അല്ലാതെ ചുമ്മാ ഇങ്ങനെ ഒരു ചോദ്യപ്പേപ്പറിൽ എഴുതിവെക്കേണ്ട കാര്യം ഇല്ലല്ലോ എന്നോർത്ത് ആ അധ്യായം ക്ലോസ് ചെയ്‌തു. അതിനാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തകാര്യവും മറ്റും വാർത്തയിൽ വന്നപ്പോൾ അത്ര പ്രാധാന്യം കൊടുത്തില്ല. പിന്നീടാണ് അദ്ദേഹത്തിൻറെ കൈകൾ വെട്ടിയെറിഞ്ഞു എന്ന ഭീകരവാർത്ത കേൾക്കുന്നത്. അത്രയും ക്രൂരമായ ഒരു ശിക്ഷ ഒരു അധ്യാപകന് നൽകിയെന്ന വാർത്ത വളരെയധികം വിഷമിപ്പിച്ചിരുന്നു. പിന്നീട് ഭാര്യയുടെ ആത്മഹത്യയെക്കുറിച്ച് കേട്ടപ്പോൾ ദുരന്തങ്ങളുടെ സഹയാത്രികനായ ആ ആധ്യാപകനെക്കുറിച്ചോർത്ത് സഹതാപം തോന്നി. ഈ ദുരന്തങ്ങൾ അറിയാവുന്നത് കൊണ്ടാണ് അദ്ദേഹത്തിന്റെ ആത്മകഥ വായിക്കാൻ ഒരു വിമുഖത ആദ്യം തോന്നിയത്. 

തൊടുപുഴ ന്യൂമാൻ കോളേജിലെ ജോസഫ് സാർ എന്ന മലയാളം വകുപ്പ് മേധാവിയുടെ സാധാരണ ഒരു ദിവസത്തിൽ നിന്നാണ് പുസ്തകം തുടങ്ങുന്നത്. അതിവേഗം അദ്ദേഹത്തിൻറെ ജീവിതം അസാധാരണമായ രീതിയിലേക്ക് മാറുന്നത് തുടർന്നുള്ള പേജുകളിൽ വായിക്കാം. സമൂഹത്തിലെ ബഹുമാന്യനായ വകുപ്പ് മേധാവിയിൽ നിന്നും പ്രത്യേകിച്ച് തെറ്റുകളൊന്നും ചെയ്യാതെ കുറ്റവാളിയായി ഒളിജീവിതത്തിലേക്കും പോലീസ് കസ്റ്റഡിയിലേക്കും ജയിലിലേക്കുമൊക്കെ മാറുന്നത് അവിശ്വസനീയമായ രീതിയിലാണ്. അദ്ദേഹത്തിന് സംഭവിച്ച ദുരന്തങ്ങൾ അറിയാമായിരുന്നതിനാൽ ഓരോ പേജ് വായിക്കുമ്പോഴും അടുത്ത പേജിലാണോ ആ ദുരന്തം ഉണ്ടാകുന്നതെന്ന് ഞാൻ ഇടയ്ക്കിടെ മറിച്ച് നോക്കിക്കൊണ്ടിരുന്നു. ഒരുതരം മരവിപ്പോട് കൂടിയല്ലാതെ അദ്ദേഹത്തിന് സംഭവിച്ച ദുരന്തങ്ങൾ വിവരിക്കുന്ന ആത്മകഥയിലെ ആദ്യഭാഗം വായിച്ച് തീർക്കാൻ സാധിക്കില്ല. പ്രബുദ്ധമായ ഒരു സമൂഹത്തിൽ ജീവിക്കുന്നു എന്ന് അഹങ്കരിക്കുമ്പോഴും മനപ്പൂർവ്വമല്ലാത്ത ഒരു അക്ഷരപ്പിശക് മതി എൻറെയും ആരുടേയും ജീവിതം ഇതുപോലൊക്കെ അസാധാരണമാകാൻ എന്ന സത്യം ഓരോ പേജ് വായിക്കുമ്പോഴും മുന്നിൽ തെളിഞ്ഞുവന്നുകൊണ്ടിരുന്നു. 

കൈവെട്ടിയ മതഭ്രാന്തന്മാരോട് അദ്ദേഹം ക്ഷമിക്കുന്നുണ്ട്, പക്ഷെ അദ്ദേഹത്തെ അതിലേറെ ബാധിച്ചത് അദ്ദേഹത്തെ വേദനിപ്പിച്ചത് വർഷങ്ങളോളം സ്വന്തമെന്നപോലെ കൊണ്ടുനടന്ന സ്ഥാപനത്തിലെ മേധാവികളിൽ നിന്നും ഉണ്ടായ ദുരനുഭവങ്ങളാണ് എന്ന് ഓരോ വരിയിലും അദ്ദേഹം പറയാതെ പറയുന്നുണ്ട്. അർഹതപ്പെട്ട ആനുകൂല്യങ്ങളോടെ, അഭിമാനത്തോടെ വിരമിക്കാനുള്ള അവസരം തല്ലിക്കെടുത്തിയ മാനേജ്‌മെൻറ് തന്നെയാണ് തൻറെ ഭാര്യയുടെ മനസ്സിൽ അവശേഷിച്ചിരുന്ന അവസാന പ്രതീക്ഷയും തല്ലിക്കെടുത്തി വിഷാദരോഗത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്നത്. 

ചോദ്യപ്പേപ്പർ വിവാദം ഉണ്ടാക്കിയ അധ്യാപകന്റെ കൈ ഭീകരമായി വെട്ടി വലിച്ചെറിയുന്ന അക്രമികൾ മുന്നോട്ട് വെക്കുന്ന സന്ദേശം വ്യക്തമാണ്. ഞങ്ങളുടെ മതത്തിൽ തൊട്ട് കളിക്കുന്നവരുടെ അവസ്ഥ ഇതാണ്. രാഷ്‌ട്രീയ കൊലപാതകങ്ങളും ആക്രമണങ്ങളും ഇതുപോലെ ഭീകരമാകുന്നതിന്റെ കാരണവും മറ്റൊന്നല്ല. അങ്ങനെ ശത്രുക്കളെ പേടിപ്പിച്ച് അതുവഴിയാണ് അനുയായികളെയും സാമ്പത്തിക സഹായങ്ങളും രാഷ്ട്രീയ/മത/തീവ്രവാദ സംഘടനകൾ ലഭ്യമാക്കുന്നത്. ഒരു മുൻപരിചയവുമില്ലാത്ത ഒരു ദുർബലൻറെ നേരെ കണ്ണിൽച്ചോരയില്ലാത്ത ആക്രമണം നടത്താൻ അവരെ പ്രേരിപ്പിക്കുന്നതും മറ്റൊന്നല്ല. ഏറെക്കുറെ അതുപോലെ ഒരു സ്വാർത്ഥലാഭത്തിനാണ് അദ്ദേഹത്തിൻറെ സ്വന്തം മാനേജ്‌മെന്റും അദ്ദേഹത്തിന് അർഹമായ ജോലിയെ വെട്ടി വികൃതമാക്കിയത്. ഒരു മതത്തിൻറെ വക്താക്കളായ തങ്ങൾ നടത്തുന്ന സ്ഥാപനത്തിൽ മറ്റൊരു മതവിഭാഗത്തിന് വേദനയുളവാക്കുന്ന ഒരു സംഭവം നടക്കുമ്പോൾ തുടർന്ന് ആ വിഭാഗത്തിലെ കുട്ടികൾ തങ്ങളുടെ സ്ഥാപനത്തിൽ പഠിക്കാൻ വന്നില്ലെങ്കിൽ സംഭവിക്കുന്ന സാമ്പത്തിക നഷ്ടം നികത്താൻ അവർ അവരുടെ പ്രിയങ്കരനായ വകുപ്പ് മേധാവിയെ ബലികൊടുക്കുന്നു. 

അതോടൊപ്പം മറ്റൊരു കാര്യവും ജോസഫ് സാർ സൂചിപ്പിക്കുന്നുണ്ട്. തിടുക്കപ്പെട്ട് ജോലിയിൽ നിന്നും പിരിച്ചുവിട്ട ശേഷം മാനേജ്‌മെൻറ് പകരം ആളെ നിയമിക്കുന്നുണ്ട്. ലക്ഷങ്ങൾ വാങ്ങിച്ചിട്ടാകാം ആ നിയമനം. പിന്നീട് ജോസഫ് സാറിൻറെ പിരിച്ചുവിടൽ അസാധുവാക്കപ്പെട്ടാൽ അത്രയും കാലയളവിൽ സർക്കാരിൽ നിന്നും പകരം നിയമിച്ച അധ്യാപകന് മേടിച്ചുനൽകിയ ശമ്പളം മാനേജ്‌മെൻറ് തിരിച്ചടക്കണം.അതിനാൽ ഏത് വിധേനയും ആ ഗുരുനാഥന് ഒരവസരവും നൽകാതിരിക്കാൻ അവർ ശ്രമിക്കുന്നുണ്ട്. കുത്തഴിഞ്ഞ രീതിയിൽ നിയമനം നടത്തുന്നതിന് പ്രൈവറ്റ് സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്ന സർക്കാർ കെടുകാര്യസ്ഥതയെ പരോക്ഷമായെങ്കിലും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അവിടെയും പ്രധാന വില്ലൻ ന്യൂനപക്ഷ/മത പ്രീണനങ്ങൾ തന്നെ. പ്രൈവറ്റ് മാനേജ്‌മെൻറ് സ്ഥാപനങ്ങൾ 99 ശതമാനവും മത/ജാതീയ സംഘടനകളുടെ കയ്യിലായതിനാൽ അവരെ പിണക്കാൻ സർക്കാരുകൾ മടിക്കും. 

മനസിനെ ആർദ്രമാക്കുന്ന, ഒട്ടേറെ ചോദ്യങ്ങൾ നമ്മുടെ മനസ്സിൽ ഉയർത്തുന്ന, മലയാളി എന്ന നിലയിൽ നമ്മളിൽ കുറ്റബോധം ജനിപ്പിക്കുന്ന ഒന്നാം ഭാഗം കൂടാതെ ടിപ്പിക്കൽ ആത്മകഥാംശമുള്ള രണ്ടാം ഭാഗവും ചേർന്നതാണ് അറ്റുപോകാത്ത ഓർമ്മകൾ എന്ന പുസ്‌തകം. ജോസഫ് സാറിൻറെ ജീവിതത്തിലെ പ്രധാനസംഭവങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ മനോഹരമായി അദ്ദേഹം വിവരിച്ചിരിക്കുന്നു. മലയാളം വിഭാഗം മേധാവി ആയിരുന്നതിനാലാകണം പിഴവുകൾ കൂടാതുള്ള മനോഹരമായ ഒരു രചനയാണ്‌ അറ്റുപോകാത്ത ഓർമ്മകളുടേത്. 

അനുഭവങ്ങൾ ആണ് യഥാർത്ഥ ഗുരുനാഥർ. ആ അർത്ഥത്തിൽ ഗുരുനാഥരാൽ അനുഗ്രഹീതമായ ശ്രീ ജോസഫ് സാറിന് മനുഷ്യമനഃസാക്ഷിയെ നേർവഴി കാട്ടുവാൻ ഉതകുന്ന ഒട്ടേറെ രചനകൾ ആ അറ്റുപോകാത്ത കൈവിരലുകളാൽ എഴുതി നൽകുവാൻ സാധിക്കും. സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

Wednesday, October 5, 2022

തകഴി സ്‌മാരകം, അമ്പലപ്പുഴ



ഈ നവരാത്രി ദിനത്തിൽ സന്ദർശിച്ചത് ഏറ്റവും അനുഗ്രഹീതമായ ഒരു സ്ഥലമായിരുന്നു. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാഹിത്യപുരസ്‌ക്കാരമായ ജ്ഞാനപീഠം, മലയാളത്തിലെ ഏറ്റവും ഉയർന്ന സാഹിത്യപുരസ്‌ക്കാരമായ എഴുത്തച്ഛൻ പുരസ്‌കാരം, ഇന്ത്യയിലെ മൂന്നാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പദ്മഭൂഷൺ തുടങ്ങി സ്‌കൂൾ കാലഘട്ടംമുതൽ കേട്ടിരുന്ന പുരസ്‌ക്കാരങ്ങളൊക്കെ നേരിൽ കൺനിറയെ കണ്ടു. തൊട്ട് വണങ്ങി. ഇതൊക്കെ ഏതാനും കിലോമീറ്ററുകൾ മാത്രം അകലെ ഉണ്ടായിരുന്നിട്ടും എന്തേ ഇതുവരെ അത്രടം വരെ ഒന്നും  പോയില്ല എന്നോർത്ത് പരിതപിച്ചു. ഒരു പക്ഷെ ഈ നവരാത്രി ദിനത്തിൽത്തന്നെ ആ പുണ്യഭൂവിൽ സന്ദർശനം നടത്തണമെന്നത് ഒരു നിയോഗമായിരിക്കും എന്നോർത്ത് ആശ്വസിച്ചു. അതേ വേറെ എവിടെയുമില്ല, ആലപ്പുഴയുടെ സ്വന്തം കാരണവർ, കേരളാ മോപ്പസാങ്, തകഴി ശിവശങ്കരപ്പിള്ളയുടെ കുടുംബവീടായ ശങ്കരമംഗലത്ത് ഇപ്പോൾ കേരളാ പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് നടത്തുന്ന തകഴി സ്മാരകത്തെക്കുറിച്ചാണ് ഞാൻ  പറഞ്ഞുവരുന്നത്.

ആലപ്പുഴയിലെ പ്രശസ്‌തമായ അമ്പലപ്പുഴ ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ നിന്നും കേവലം അഞ്ച് കിലോമീറ്റർ മാത്രം അടുത്താണ് തകഴി സ്‌മാരകം നിലകൊള്ളുന്നത്. ശങ്കരമംഗലം തറവാടിൻറെ നാല് മുറികളിലായാണ് തകഴി മ്യൂസിയം ഒരുക്കിയിരിക്കുന്നത്. അദ്ദേഹത്തിന് ലഭിച്ച പുരസ്‌കാരങ്ങളും  അദ്ദേഹത്തിൻറെ അവസാനകാലത്തെ ആശ്രയമായിരുന്ന ഊന്നുവടികളും, വസ്‌ത്രങ്ങളും, കണ്ണടയും ടൈപ്പ് റൈറ്ററും മറ്റ് വസ്തുക്കളുമാണ് അവിടെ ഒരുക്കിയിരിക്കുന്നത്. അദ്ദേഹത്തിൻറെ കൃതികളും കാണാം. ആ മഹാനായ എഴുത്തുകാരൻറെ ചാരുകസേരയും കട്ടിലും സന്ദർശിക്കുമ്പോൾ അകക്കണ്ണിൽ ആ കാരണവർ അതിൽ ഇരിക്കുന്നതായി കാണാൻ സാധിക്കും. പഴമയുടെ മണം നിറഞ്ഞുനിൽക്കുന്ന ആ മുറിയിൽ നിന്നും അത് ആസ്വദിക്കുന്നത് വല്ലാത്ത ഒരു അനുഭവം തന്നെയാണ്. വീടിൻറെ തെക്ക് ഭാഗത്തായി അദ്ദേഹത്തിൻറെ ഒരു പൂർണ്ണകായ വെങ്കല പ്രതിമയും അടക്കം ചെയ്‌ത മണ്ഡപവുമുണ്ട്.




ഈ പറഞ്ഞതിനുമൊക്കെ അപ്പുറം മറ്റ് പലതും അദ്ദേഹത്തിൻറെ കൃതികൾ വായിച്ച് വളർന്ന ഒരു ആരാധകന് കാണാൻ സാധിക്കും. കുട്ടനാടിൻ്റെ, ആലപ്പുഴയുടെ ഒരു കാലഘട്ടത്തെ ഇത്രയും മനോഹരമായി വരുംതലമുറയ്ക്കായി എഴുതിവെച്ച മറ്റൊരാളില്ല. ആലപ്പുഴയിലെ ഓഫീസിലേക്ക് പോകുന്ന വഴികളിൽ പലപ്പോഴും ഇതല്ലേ ചുടലമുത്തു നടന്നിരുന്ന വഴി എന്ന് മനസിൽ തോന്നാറുണ്ട്. തോട്ടിയുടെ മകനിൽ പറഞ്ഞിരിക്കുന്ന പലസ്ഥലങ്ങളും ഇന്ന് കാണുമ്പോൾ അന്നത്തെ അവസ്ഥയിൽ മനസ്സിൽ കാണിച്ചുതരാൻ ഒരിക്കൽ വായിച്ച അദ്ദേഹത്തിൻറെ വാക്കുകൾക്ക് സാധിക്കുന്നത് അത്ഭുതകരമാണ്. രണ്ടിടങ്ങഴിയും ഏണിപ്പടിയും ചെമ്മീനുമൊക്കെ എത്ര വ്യത്യസ്തമായ ജീവിതങ്ങളാണ് അദ്ദേഹം നമ്മുടെ ഇടയിൽ നിന്നും തിരഞ്ഞെടുത്ത് മലയാളികളുടെ മനസിലേക്ക് പ്രതിഷ്ഠിക്കുന്നത് എന്നത് എന്നും അത്ഭുതപ്പെടുത്തിയിരുന്നു. ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാൻ സാധിക്കാത്ത സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങൾ പുതുതലമുറയ്ക്ക് മനസിലാക്കാൻ ഒരുപക്ഷെ തകഴിയുടെ രചനകളേക്കാൾ മികച്ച റഫറൻസുകൾ തിരക്കേണ്ടതില്ല. ആ കഥാപാത്രങ്ങൾക്ക് ജന്മം നൽകിയ ആ അതുല്യപ്രതിഭയെ ഒരിക്കൽ നേരിൽ കാണുവാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. നാട്ടിലെ ഒരു ഗ്രൻഥശാലയുടെ ഉദ്‌ഘാടനത്തിനായി എത്തിയതായിരുന്നു അദ്ദേഹം. മൂന്നിലോ നാലിലോ പഠിക്കുന്ന പ്രായമായിരുന്നതിനാൽ ആടിനെന്ത് അങ്ങാടിമരുന്ന് എന്നപോലെ ഏത് തകഴി എന്ന മട്ടിൽ ഉദ്‌ഘാടനച്ചടങ്ങിന് ശേഷം നടക്കാനിരിക്കുന്ന ഗാനമേളയ്ക്കായി അക്ഷമയോടെ സ്റ്റേജിന് മുന്നിലെ ചൊരിമണലിൽ ഇരുന്നത് മാത്രമാണ് ഓർമ. അദ്ദേഹത്തിൻറെ ഓർമ്മകൾ നിറഞ്ഞുനിൽക്കുന്ന ആ വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ ഒരിക്കൽക്കൂടി അദ്ദേഹത്തെ കാണുവാനും ആ കാലുകളിൽതൊട്ട് അനുഗ്രഹം മേടിക്കാനും മനസ് വളരെയേറെ കൊതിച്ചു.

മ്യൂസിയം കഴിഞ്ഞുള്ള വീടിൻറെ പ്രധാനഭാഗങ്ങൾ പൂട്ടിയിട്ട നിലയിലാണ്. എങ്കിലും തുറന്നുകിടക്കുന്ന ജനൽപ്പാളികളിലൂടെ അകത്തേക്ക് നോക്കുമ്പോൾ കാണുന്നത് അവസാനകാലത്ത് അദ്ദേഹവും പ്രിയപത്‌നി കാത്ത യുമായി ഒരു ക്ഷേത്രപരിസരത്ത് നിൽക്കുന്ന ഫോട്ടോയാണ്. സാഹിത്യാരാധകർക്ക് ചിരപരിചിതയാണ് തകഴിയുടെ വാമഭാഗമായ കാത്ത. പണ്ട് തകഴിയിൽ ജോലിചെയ്തിരുന്ന അച്ഛൻ പറഞ്ഞുകേട്ടിട്ടുണ്ട് റോഡിലൂടെ പോകുമ്പോൾ അകത്ത് തകഴി "കാത്തേ" എന്ന് വിളിക്കുന്നത് കേൾക്കാമായിരുന്നെന്ന്. തകഴിയും കാത്തയും മാത്രമായി ജീവിച്ച,  "കാത്തേ" എന്നുള്ള വിളികൾ മുഴങ്ങിയിരുന്ന ആ മുറികൾ ഇന്ന് ശൂന്യമായിക്കാണുമ്പോൾ കണ്ണുകൾ അറിയാതെ ഈറനായി.

സ്മാരകത്തിലേക്ക് പ്രവേശനം സൗജന്യമാണ്. ആ അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്ന തകഴിയുടെ കഥാപാത്രങ്ങളെയും കഥാപശ്ചാത്തലങ്ങളെയും കൂടി പരിചയപ്പെടുത്തുന്ന രീതിയിൽ മൾട്ടി മീഡിയ സഹായത്തോടെ ഒരുക്കിയിരുന്നെങ്കിൽ ചെറിയ പ്രവേശന ഫീസ് ഏർപ്പെടുത്തിയാലും അമൂല്യമായ ഒരു സന്ദർശനം ആയി എല്ലാവർക്കും അനുഭവപ്പെടും. കടപ്പുറത്തെ തെങ്ങിൻതോപ്പിൽ നിൽക്കുന്ന കറുത്തമ്മയും പരീക്കുട്ടിയും (മധുവും ഷീലയുമല്ല), പശ്ചാത്തലത്തിൽ കടലിൻറെ ഇരമ്പം, കുട്ടനാടൻ തേക്ക് പാട്ടിൻറെ പശ്ചാത്തലത്തിൽ ഞാറ് നടുന്ന കോരൻ, അങ്ങനെ നമ്മുടെ വരും തലമുറയ്ക്ക് തകഴിഅപ്പൂപ്പനെയും അദ്ദേഹത്തിലൂടെ മലയാളമനസുകളിൽ ജന്മംകൊണ്ട ഒട്ടനവധി കഥാപാത്രങ്ങളെയും മനസിലാക്കുവാനും ഉതകുന്ന ഒരു സ്ഥലമായി തകഴി മ്യൂസിയം ഭാവിയിൽ മാറട്ടെ എന്ന് ആഗ്രഹിക്കുന്നു.

Sunday, October 2, 2022

പൊന്നിയിൻ സെൽവൻ - പുസ്‌തകവും സിനിമയും


തമിഴ് സാഹിത്യത്തിലെ ഇതിഹാസതുല്യമായ കൃതിയാണ് ശ്രീ. കൽക്കി കൃഷ്ണമൂർത്തി അദ്ദേഹത്തിന്റെ കൽക്കി എന്ന മാസികയിൽ 1950 മുതൽ 1954 വരെയുള്ള കാലയളവുകളിൽ പ്രസിദ്ധീകരിച്ച പൊന്നിയൻ സെൽവൻ. തമിഴ് ചരിത്രത്തിലെ എന്നല്ല ദക്ഷിണേന്ത്യയിലെത്തന്നെ ഏറ്റവും പ്രഗത്ഭനായ രാജാവ്, ചോള രാജവംശത്തിലെ രാജരാജ ചോളൻ ഒന്നാമൻ എന്ന അരുൾമൊഴി വർമ്മന്റെ വിളിപ്പേരാണ് പൊന്നിയൻ സെൽവൻ അഥവാ പൊന്നിയുടെ  (കാവേരിയുടെ) മകൻ. തഞ്ചാവൂരിലെ പ്രഗത്ഭമായ ബൃഹദീശ്വരക്ഷേത്രം നിർമ്മിച്ച രാജാവ് എന്ന നിലയിൽ നമുക്കേവർക്കും പരിചിതനാണ് രാജരാജ ചോളൻ. ചോള സാമ്രാജ്യത്തിൻറെ പ്രശസ്‌തി അതിൻറെ ഉന്നതിയിലേക്ക് എത്തുന്നകാലത്ത് സംഭവിച്ച ചില സംഭവങ്ങളാണ് പുസ്തകത്തിൻറെ ഇതിവൃത്തം. യഥാർത്ഥ തമിഴ് കൃതിയിൽ 2210 പേജുകൾ ഉണ്ടായിരുന്നു. അതിൻറെ സ്വതന്ത്രമായ ഒരു വിവർത്തനമാണ് ശ്രീ. ജി. സുബ്രഹ്മണ്യൻ മലയാളത്തിൽ ഡി സി ബുക്‌സിലൂടെ പുറത്തിറക്കിയിട്ടുള്ളത്. രസകരമാണ് ശ്രീ. സുബ്രഹ്മണ്യത്തിൻറെ പരിഭാഷ. ഒട്ടേറെ കഥാപാത്രങ്ങളും തമിഴ്‌നാട്ടിലെയും ശ്രീലങ്കയിലെയും കുറെ സ്ഥലങ്ങളും ഉൾപ്പെട്ട, വേണമെങ്കിൽ ബോറടിപ്പിച്ചേക്കാവുന്നതും ആശയക്കുഴപ്പത്തിലാക്കാവുന്നതുമായ കൃതിയെ കൊച്ചുകുട്ടികൾക്ക് കഥപറഞ്ഞു നൽകുന്നതുപോലെ ലളിതമായി അദ്ദേഹം എഴുതിയിരിക്കുന്നു. തമിഴിൽ നിന്നും മലയാളത്തിലേക്ക് എത്തുമ്പോൾ പുസ്തകത്തിൻറെ വലുപ്പം 1200 പേജുകളായി ചുരുങ്ങുന്നു. അഞ്ച് ഭാഗങ്ങളായിട്ടാണ് പുസ്‌തകം രചിച്ചിരിക്കുന്നത്. ഡിസി ബുക്ക്‌സ് അത് രണ്ട് പുസ്‌തകങ്ങളായിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്.


ഇനി പുസ്തകത്തിൻറെ ഇതിവൃത്തത്തിലേക്ക് നോക്കാം. സുന്ദരചോള ചക്രവർത്തിയുടെ ഭരണകാലം. അദ്ദേഹത്തിൻറെ മൂത്തപുത്രനായ ആദിത്യകരികാലൻ ആണ് യുവരാജാവ്. ആദിത്യനെ കൂടാതെ അരുൾമൊഴിവർമ്മൻ എന്നൊരു മകനും കുന്തവ എന്നൊരു മകളും ചക്രവർത്തിക്കുണ്ട്. വിശാലമായി വളർന്നുകൊണ്ടിരുന്ന ചോളരാജവംശത്തിൻറെ ഏറ്റവും നിർണ്ണായകമായ ഏടായിരുന്നു ചോളാ-പാണ്ഡ്യ യുദ്ധം. അവസാന പാണ്ഡ്യരാജാവായ വീരപാണ്ഢ്യനെ യുദ്ധത്തിൽ വധിച്ച വീരനാണ് ആദിത്യകരികാലൻ. ശ്രീലങ്കയിലേക്കും ഭരണം വ്യാപിപ്പിച്ച ചോള വംശത്തിനായി അവിടെ പടനയിക്കുന്ന വീരനായാണ് പൊന്നിയിൻ സെൽവൻ എന്ന അരുൾമൊഴിവർമ്മനെ ആദ്യമായി അവതരിപ്പിക്കുന്നത്. ചക്രവർത്തി രോഗശയ്യയിലായതോടെ അധികാരം വേറൊരാൾക്ക് നൽകുന്നതിനായി സാമന്ത രാജാക്കന്മാർ പഴുവേട്ടരയന്മാർ എന്ന സേനാനായകന്മാരായ സഹോദരന്മാരുടെ നേതൃത്വത്തിൽ നീക്കം തുടങ്ങുന്നു. ചോളവംശത്തോടും രാജകുമാരന്മാരോടും ആത്മാർത്ഥമായ കൂറ് പുലർത്തുന്ന വല്ലവരായൻ വന്ദ്യദേവൻ ആണ് നായികാപ്രാധാന്യമുള്ള മറ്റൊരു കഥാപാത്രം. ഇത്രയും പറയുമ്പോൾ നമുക്ക് നമ്മുടെ മാർത്താണ്ഡവർമ്മയേയും എട്ടുവീട്ടിൽ പിള്ളമാരെയും അനന്തപത്മനാഭൻ പടത്തലവനെയുമൊക്കെ ഓർമ്മയിൽ വരാം. മാർത്താണ്ഡവർമ്മയിൽ നിന്നും പൊന്നിയിൻ സെൽവനെ വ്യത്യസ്തമാക്കുന്നത് വേറൊന്നാണ്. സാമന്തരാജാക്കന്മാർ അങ്ങനെ ഒരു ആലോചന കൊണ്ടുവന്നുവെങ്കിലും അവരല്ല യഥാർത്ഥ വില്ലന്മാർ. പാണ്ഡ്യരാജാവിൻറെ കൊലയ്ക്ക് പ്രതികാരം ചെയ്യാൻ വരുന്ന പാണ്ഢ്യരാജാവിൻറെ കിങ്കരന്മാരാണ് ഇവിടെ ആ വേഷം കൈകാര്യം ചെയ്യുന്നത്. ജീവൻ കൊടുത്തും ചോളസാമ്രാജ്യത്തിനെ സംരക്ഷിക്കും എന്ന് പ്രതിജ്ഞ ചെയ്‌ത വലിയ പഴുവേട്ടരയൻ എന്ന പടത്തലവന്റെ മനസിനെ ഭരിക്കുന്ന ഭാര്യയായി കടന്നുവരുന്ന സുന്ദരിയായ പഴവൂർ റാണിയെപ്പറ്റി പറയാതെ പൊന്നിയൻ സെൽവൻ പൂർത്തിയാകില്ല. അതീവ സുന്ദരിയും ദുരൂഹതകൾ നിറഞ്ഞവളുമായ ആ കഥാപാത്രം കഥയിൽ അത്രയും നിർണ്ണായകമായ ഇടപെടലുകൾ നടത്തുന്നുണ്ട്. 


ചരിത്രത്തെ ഒത്തിരി ഇഷ്ടമുള്ളതുകൊണ്ട് പൊന്നിയൻ സെൽവൻ പുസ്‌തകം വളരെ നന്നായി ഇഷ്ടപ്പെട്ടിരുന്നു. തഞ്ചാവൂരിൽ വെച്ച്  സന്ദർശിച്ച ചോളന്മാരുടെ കൊട്ടാരവും അവർ നിർമ്മിച്ച ക്ഷേത്രങ്ങളും മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നുണ്ട്. (ആ വിശേഷങ്ങൾ ഇവിടെ വായിക്കാം https://kalikalavaibhavam.blogspot.com/2017/04/1-thanjavur-travelogue.html ) എങ്കിലും പൊന്നിയൻ സെൽവൻ വായിച്ചുകഴിഞ്ഞതോടെ അതിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങൾ പ്രത്യേകിച്ചും കാഞ്ചിപുരം-ചിദംബരം-തഞ്ചാവൂർ-കുംഭകോണം-രാമേശ്വരം-മധുര ചേർത്ത് ഒരു യാത്ര നടത്തണം എന്ന ആഗ്രഹം മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. ചോള ചരിത്രത്തിലെ ഒരു ഏട് മാത്രമാണ് ഈ കൃതി. അതിൽ ഉത്തരം കിട്ടാത്ത ഒട്ടേറെ ചോദ്യങ്ങൾ അതേപോലെ നിലനിർത്തിക്കൊണ്ടാണ് കൽക്കി പുസ്‌തകം അവസാനിപ്പിക്കുന്നത്. അതിനാൽത്തന്നെ നമുക്ക് ഇനിയും കുറേകൂടി വേണം എന്നപോലെ ഒരു ആഗ്രഹം 1200 പേജ് വായിച്ചുകഴിഞ്ഞാലും മനസ്സിൽ നിലനിൽക്കും. ആദ്യമായി പ്രസിദ്ധീകരിച്ച കാലഘട്ടത്തിൽ വായനക്കാർ നിരന്തരം ഈ ആവശ്യം ഉന്നയിച്ചതിനെ തുടർന്ന് അദ്ദേഹം ചോദ്യങ്ങൾക്ക് മറുപടിയായി ഉത്തര രൂപത്തിൽ അതിനൊക്കെ മറുപടി നൽകിയിട്ടുണ്ട്. എന്നിട്ട് ഒരു ഉപദേശവും ""മൂന്ന് വർഷം കൊണ്ടാണ് ഞാൻ ഇത് എഴുതി തീർത്തത്. എന്നിട്ടും ചിലർ പറയുന്നു ഞാൻ പെട്ടെന്ന് തീർത്തുകളഞ്ഞെന്ന്. ഇനി എഴുതാൻ ആണെങ്കിൽ ഇതുപോലെ നാലോ അഞ്ചോ പുസ്തകങ്ങൾ എന്നേക്കാൾ മികച്ച രീതിൽ ഇതിൻറെ തുടർച്ചയായി എഴുതാം. അങ്ങനെ നമ്മുടെ സാഹിത്യത്തിന് സംഭാവനകൾ നൽകട്ടെ". ഇതുപോലെ ഒരു പുസ്തകത്തിനായി അദ്ദേഹം നടത്തിയ ഗവേഷണങ്ങളെയും കഠിനാധ്വാനത്തെയും നമിക്കുന്നു.


ഈ കൃതി സിനിമയാക്കുവാൻ 1958 മുതൽ ശ്രമം നടക്കുന്നു. ആദ്യകാലത്ത് MGR മുതൽ കമലഹാസൻ വരെ ഇതിനായി പരിശ്രമിച്ചിട്ടുണ്ട്. ഇതുപോലെ ഒട്ടേറെ കഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള ഒരു ബിഗ് ബജറ്റ് ചിത്രം ആയതുകൊണ്ടാവാം അത് നടക്കാൻ തമിഴ് സിനിമയിലെ ഏറ്റവും പ്രഗത്ഭനായ സംവിധായകൻ ശ്രീ മണിരത്നം തന്നെ അവതരിക്കേണ്ടി വന്നു, അതൊന്ന് സിനിമയാക്കുവാൻ. രണ്ടു ഭാഗങ്ങളായാണ് സിനിമ റിലീസ് ചെയ്യുന്നത്. രണ്ടായിരത്തിൽ പരം പേജുകളുള്ള ഒരു കൃതിയെ 5-6 മണിക്കൂർ കൊണ്ട് പറഞ്ഞു തീർക്കണം എങ്കിൽ അസാമാന്യ കഴിവ് തന്നെ വേണ്ടിവരും. തന്നെയുമല്ല വലിയൊരു താരനിരയെ അണിനിരത്തി എടുക്കുന്ന ചിത്രം ആയതിനാൽ കാണുവാൻ വരുന്നവരെ പരമാവധി തൃപ്തിപ്പെടുത്താൻ സാധിക്കണം. എല്ലാവരും ചരിത്രകുതുകികൾ ആവണമെന്നില്ല. ഇഷ്ടതാരത്തിന്റെ വ്യത്യസ്തമായ വേഷം കാണാൻ വരുന്ന ഫാൻസും ഉണ്ടാകും. എല്ലാറ്റിലും ഉപരി വാണിജ്യപരമായ വിജയത്തിനായി ചിലതൊക്കെ ഒഴിവാക്കണം ചിലത് കൂട്ടിച്ചേർക്കണം. വായിച്ച പുസ്തകത്തിലെ കഥാപാത്രങ്ങളെ ഇഷ്ടതാരങ്ങൾ അവതരിപ്പിക്കുന്ന കൗതുകം കാരണം വളരെ പ്രതീക്ഷയോടെയാണ് ഒന്നാം ഭാഗം കാണുവാൻ പോയത്. സത്യസന്ധമായി പറഞ്ഞാൽ കഥാപാത്രങ്ങൾ പുസ്തകത്തിൽ നിന്നും ഇറങ്ങിവന്നത് പോലെ ഭൂരിഭാഗവും ആസ്വദിക്കാൻ പറ്റി. സിനിമയ്ക്കായി വരുത്തിയ മാറ്റങ്ങളിൽ അവസാന ഭാഗത്തുള്ള തിരുത്തലുകൾ അത്ര സുഖിച്ചില്ല. വായനയെ മാറ്റിനിർത്തി ചിത്രത്തെക്കുറിച്ച് പറഞ്ഞാൽ നല്ല സിനിമ. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു


മിക്കവരും ഈ സിനിമയെ ബാഹുബലിയുമായി താരതമ്യം ചെയ്യുന്നതായി കണ്ടു. രണ്ടും തമ്മിലുള്ള വ്യത്യാസം ബാഹുബലി ഒരു കെട്ടുകഥയാണ്. സിനിമയ്‌ക്കായി അതിൽ എന്ത് രസക്കൂട്ടും ചേർക്കാം. അതുപോലല്ല തമിഴ് ജനത ഹൃദയത്തിൽ കൊണ്ടുനടക്കുന്ന അവരുടെ ചരിത്രം സിനിമയാക്കുമ്പോൾ. എങ്കിലും ഒരു പക്ഷെ മണിരത്നത്തിന് മാത്രം സാധിക്കുന്ന രീതിയിൽ അദ്ദേഹം ഒട്ടും ബോറടിപ്പിക്കാതെ അദ്ദേഹത്തിൻറെ ഭാഗം ചെയ്തിട്ടുണ്ട്. കാസ്റ്റിങ് ഒരു രക്ഷയുമില്ല. പ്രത്യേകിച്ചും ജയറാം, കാർത്തി, , ഐശ്വര്യ ലക്ഷ്‌മി, ഐശ്വര്യാ റായ് എന്നിവരെ അല്ലാതെ വേറെ ആരെയും ആ കഥാപാത്രങ്ങൾക്ക് പകരമായി ചിന്തിക്കാൻ വയ്യ. ബോംബെ, റോജ ചിത്രങ്ങളിലൂടെ കുട്ടിക്കാലത്ത് മധുരമായ ഒട്ടേറെ ഗാനങ്ങൾ സമ്മാനിച്ച മണിരത്നം-എ ആർ റഹ്‌മാൻ കൂട്ടുകെട്ടിന് അത്ര മധുരം ഇപ്പോൾ തോന്നിയില്ല. ഐശ്വര്യാ റായിക്ക് ഈ പ്രായത്തിലും എന്താ സൗന്ദര്യം. അതിമോഹിനിയായ നന്ദിനിയെ അവതരിപ്പിക്കുവാൻ ഇന്നും ഇന്ത്യയിൽ (ലോകത്തിൽ) അവർ മാത്രമേ ഉള്ളൂ എന്നത് അത്ഭുതം തന്നെ. പീരിയോഡിക്കൽ സിനിമയ്ക്ക് അനുയോജ്യമായ രീതിയിൽ അവതരിപ്പിക്കപ്പെട്ട  ലൊക്കേഷനുകൾ അതീവ മനോഹരമായിരുന്നു. ആകെ കല്ലുകടിയായി തോന്നിയത് മലയാളം ഡബ്ബിങ് ആയിരുന്നു. പ്രത്യേകിച്ചും ഐശ്വര്യാ റായിക്ക് ഭാഗ്യലക്ഷ്‌മിയുടെ ശബ്‌ദം ഒട്ടും ചേരാത്തത് പോലെ തോന്നി. 


കഥയെക്കുറിച്ച് കൂടുതലൊന്നും പറയാത്തത് ഇനി ഒരു ഭാഗം വരാനുള്ളത് കൊണ്ട് സ്പോയിലർ ആക്കുവാൻ താത്പര്യമില്ലാത്തതിനാലാണ്. സിനിമ അവസാനിക്കുന്നത് പോലെ ട്വിസ്റ്റ് ഓട് ട്വിസ്റ്റ് ആണ് ഇനിയുള്ള ഭാഗം. ഈ താരങ്ങളുടെയെല്ലാം ആരാധകരെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ മണിരത്നം എങ്ങനെ പടം അവസാനിപ്പിക്കും എന്നറിയാനുള്ള ആകാംക്ഷയിൽ അടുത്ത ഭാഗം വരുന്നത് വരെ ഇനി കാത്തിരിക്കാം.