Saturday, July 30, 2022

വായനാനുഭവം - റാം കെയറോഫ് ആനന്ദി

 


എൻറെ സ്വന്തം നാട്ടുകാരനും സർവ്വോപരി ഞാൻ പഠിച്ച പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥിയുമായിരുന്ന ശ്രീ അഖിൽ പി ധർമ്മജൻ രചിച്ച റാം കെയറോഫ് ആനന്ദി എന്ന നോവലിലേക്ക് സത്യത്തിൽ ഞാൻ എത്തിച്ചേർന്നത് വളരെ വൈകിയാണ്. ശരിക്കും പറഞ്ഞാൽ ഞാൻ അത് വായിക്കുന്ന സമയത്താണ് ആ കൃതിയുടെ ഏഴാം പതിപ്പ് പുറത്തിറങ്ങുന്നത്. ഇത്രനാളും ഞാൻ ഈ മുറ്റത്തെ മുല്ലയെ അറിഞ്ഞില്ലല്ലോ എന്നൊരു വിഷമം ആയിരുന്നു വായിച്ചു തീർന്നപ്പോൾ മനസ്സിൽ അവശേഷിച്ചത്. 


തുടക്കത്തിൽ തന്നെ അഖിൽ പറയുന്നുണ്ട് ഇതൊരു സിനിമാറ്റിക് നോവൽ ആണെന്ന്. അക്ഷരാർത്ഥത്തിൽ എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ആദ്യത്തെ ഒന്നോ രണ്ടോ പേജുകൾ വായിക്കുമ്പോൾ തന്നെ മനസിലാകും. ഒരു സിനിമ കാണുന്നത് പോലെ ആസ്വദിക്കാവുന്ന ഒരു നോവൽ. വളരെ വ്യത്യസ്‌തമായ ഒരു അനുഭവം തന്നെ ആയിരുന്നു അത്. ഒരു സിനിമയെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കുന്നത് മറ്റുള്ളവർക്ക് അത് ആസ്വദിക്കുന്നതിൽ ബുദ്ധിമുട്ട് സൃഷ്ടിക്കും എന്നതിനാൽ കഥയെക്കുറിച്ച് ഒന്നും പ്രതിപാദിക്കുന്നില്ല.


അടുത്തിടയ്ക്ക് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം സിനിമ കണ്ടതിന് ശേഷം ആയിരുന്നു ഈ പുസ്തകം വായിച്ചതെന്നതിനാൽ ആദ്യമൊക്കെ ആ സിനിമയിലെ രംഗങ്ങളും പശ്ചാത്തലങ്ങളും മനസിലേക്ക് വന്നു. പക്ഷെ പെട്ടെന്നങ്ങോട്ട് കഥാഗതി നമ്മളെ തമിഴ്‌നാട്ടിലേക്ക് വലിച്ചുകൊണ്ട് പോകും, മുൻപ് കണ്ട ഒരു സിനിമയിലേക്കും ആലോചിക്കുവാൻ അവസരം നൽകാതെതന്നെ. നല്ല അടക്കത്തോടെ കഥയെ വർണ്ണിച്ചിരിക്കുന്ന അഖിലിന് അഭിനന്ദനങ്ങൾ. വായിച്ചു തീർന്നുകഴിഞ്ഞാലും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങളും കഥാ പശ്ചാത്തലങ്ങളും. ബെന്യാമിൻറെ ചില കൃതികളിൽ കണ്ടിട്ടുള്ളത് പോലെ റിയലിസ്റ്റിക് ആയ കഥാപശ്ചാത്തലം ഒരുക്കുവാൻ നോവലിസ്റ്റ് വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്. അത് ഒരിക്കലും ഒരു ഏച്ചുകെട്ടലായി മാറാതെ മനോഹരമായി കഥയിൽ തുന്നിച്ചേർക്കാൻ അഖിലിനായി എന്നത് വളരെ ശ്രദ്ധേയമാണ്. 


അഖിലിൻറെ മറ്റുപുസ്തകങ്ങൾ ഇതുവരെ വായിച്ചിട്ടില്ല എന്നത് അൽപ്പം കുറ്റബോധത്തോടുകൂടി തന്നെ സമ്മതിക്കുന്നു. പക്ഷെ തന്റെ മറ്റ് പുസ്തകങ്ങളിലേക്ക് വായനക്കാരനെ വലിച്ചടുപ്പിക്കുന്ന ഒരു പ്രത്യേക ആകർഷണീയത റാം കെയറോഫ് ആനന്ദിയിൽ അനുഭവിക്കാൻ സാധിച്ചു. ഇനിയും ഒരുപാട് നല്ല നല്ല രചനകൾ അഖിലിൽ നിന്നും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.