Thursday, June 23, 2022

വായനാനുഭവം - തരകൻസ് ഗ്രന്ഥവരി


മലയാള സാഹിത്യവേദിയിൽ അടുത്തകാലത്ത് കോളിളക്കം സൃഷ്‌ടിച്ച കൃതി ആയിരുന്നു ശ്രീ. ബെന്യാമിൻ രചിച്ച 'തരകൻസ് ഗ്രന്ഥവരി'. ഒട്ടേറെ പ്രത്യേകതകളും വിവാദങ്ങളും ഈ കൃതിയുമായി ബന്ധപ്പെട്ടുള്ളതിനാൽ ഈ വായനാദിനത്തിൽ വായിച്ചു തുടങ്ങുവാൻ തീരുമാനിച്ചത് മേൽപ്പടി പുസ്‌തകമായിരുന്നു. ആദ്യമേ ഒരു മുൻ‌കൂർ ജാമ്യം എടുത്തുകൊള്ളട്ടെ, ഞാൻ ഒരു പുസ്തക ആസ്വാദകൻ ആണ്, നിരൂപകൻ അല്ല. അതുപോലെ ഇതൊരു നിരൂപണവുമല്ല പതിവുപോലെ എനിക്ക് ഈ പുസ്തകത്തിൽ നിന്നും ലഭിച്ച വായനാനുഭവം മാത്രമാണ്. 

ആദ്യമേതന്നെ ഈ പുസ്‌തകവുമായി ബന്ധപ്പെട്ട് ചില പ്രത്യേകതകളും വിവാദങ്ങളുമൊക്കെ ഉണ്ടെന്ന് പ്രതിപാദിച്ചതിനാൽ അതിനെക്കുറിച്ച് കേട്ടിട്ടില്ലാത്തവർക്കായി ഒന്ന് വിശദീകരിക്കുന്നു. സാഹിത്യചരിത്രത്തിൽ ആദ്യമായി ആയിരക്കണക്കിന് രീതിയിൽ പാരായണക്രമം സാധ്യമാകുന്ന പുസ്‌തകം, വായനക്കാരൻറെ യുക്തിക്കനുസരിച്ച് വായിക്കാവുന്ന പുസ്‌തകം. പേജ് നമ്പരോ അദ്ധ്യായങ്ങളുടെ ക്രമമോ രേഖപ്പെടുത്താതെ 120 കാർഡുകൾ. ഡി സി ബുക്‌സും പ്രിയ എഴുത്തുകാരൻ ശ്രീ ബെന്യാമിനും ചേർന്ന് അവതരിപ്പിക്കുന്ന സാഹിത്യ പരീക്ഷണം. വായനാദിനത്തിൽ ആരംഭം കുറിക്കാൻ ഇതിലും മികച്ചൊരു പുസ്തകമില്ലെന്ന് ഞാൻ ഉറപ്പിച്ചു. ഇത്രയുമാണ് ആദ്യം പറഞ്ഞ പ്രത്യേകതകൾ. അതിൻറെ വിശകലനം വായനാനുഭവത്തിൽ ചുവടെ ചേർക്കാം. 

ഇനി ഈ പുസ്തകത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിലേക്കൊന്ന് കണ്ണോടിക്കാം. മേൽപ്പറഞ്ഞ പുസ്‌തകം ആദ്യ എഡിഷൻ കളക്റ്റേഴ്സ് എഡിഷൻ ആയിട്ടാണ് പ്രസിദ്ധീകരിച്ചത്. പ്രീ ബുക്ക് ചെയ്‌തവർക്ക് മാത്രം ലഭിക്കുന്ന ലിമിറ്റഡ് എഡിഷൻ. ഓടിപ്പോയി കടയിൽ നിന്നും മേടിക്കാൻ സാധിക്കില്ലെന്ന് അർത്ഥം. മേൽപ്പറഞ്ഞ പ്രത്യേകതകൾ അറിയുമ്പോൾ ഒരു ചരിത്ര സംഭവത്തിൽ പങ്കാളിയായെന്ന ചാരിതാർഥ്യത്തോടെ തൻറെ പുസ്‌തക കളക്ഷനിൽ ഒരു മുതൽക്കൂട്ട് എന്നരീതിയിൽ വാങ്ങിക്കുന്നവർക്ക്, അല്ലെങ്കിൽ പ്രിയ എഴുത്തുകാരൻ ശ്രീ ബെന്യാമിൻ തൻറെ അടുത്ത രചന സ്വന്തം കയ്യൊപ്പോടുകൂടി ലിമിറ്റഡ് എഡിഷനായി ഇറക്കുന്നു എന്നറിഞ്ഞ് അതിൻറെ സവിശേഷതകളെക്കുറിച്ച് അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും സാരമില്ലെന്ന് കരുതി മേടിക്കുന്ന ആരാധകർക്ക്, തുടങ്ങി വില എന്നത് ഒരിക്കലും ഇതിനൊരു മാനദണ്ഡമായി കണക്കാക്കാത്തവരെ ഉദ്ദേശിച്ച് മാത്രമാണ് അങ്ങനെ ഒരു എഡിഷൻ 799 രൂപയ്ക്ക് ഇറക്കിയിട്ടുള്ളത്. അത്തരക്കാരെ ഈ പുസ്തകപ്പെട്ടി നിരാശരാക്കിയിട്ടില്ല എന്ന് മാത്രമല്ല അവർ ആവേശഭരിതരായിട്ടാണ് അതിനെ സ്വീകരിച്ചിട്ടുള്ളതെന്ന് പല പല വീഡിയോകളിൽ അവർ പോസ്റ്റ് ചെയ്‌തതായി കണ്ടിട്ടുണ്ട്. അധികം താമസിയാതെ 399 രൂപയ്ക്ക് പുസ്തകരൂപത്തിൽ ഹാർഡ് ബൗണ്ട് എഡിഷൻ പുറത്തിറങ്ങുന്നു എന്ന് കേട്ടതോടെയാണ് വിവാദങ്ങൾ പല പല കമന്റുകളായി ഉരുത്തിരിഞ്ഞു കണ്ടത്. ആദ്യം മേടിച്ചവർ മണ്ടന്മാർ ആണോ എന്നതായിരുന്നു അവരുടെ പ്രധാന ചോദ്യം. ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ ആളുകളുടെ പരിവേദനം ആയി മാത്രമേ അതിനെ കാണാൻ കഴിയൂ എന്ന് പറയുമ്പോൾ തന്നെ ഇങ്ങനെ പിന്നാലെ സാധാരണക്കാർക്കുള്ള പതിപ്പുകൾ വരുന്നുണ്ട് എന്നത് പ്രസാധകർ സൂചിപ്പിച്ചില്ല എന്ന വാദത്തിൽ കഴമ്പില്ലാതില്ല എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. ഇനിയൊരിക്കലും വായിക്കാൻ കിട്ടിയേക്കില്ല എന്ന് കരുതിമാത്രം പ്രീ ബുക്ക് ചെയ്‌ത ചിലർക്കെങ്കിലും മാറിനിൽക്കുവാൻ സാധിച്ചേനെ എന്ന് മാത്രമല്ല ഈ ലിമിറ്റഡ് എഡിഷൻ കിട്ടാഞ്ഞതിൽ വിഷമിക്കുന്ന ചില ഫാൻ ബോയ്‌സിന് അതിനുള്ള അവസരവും ലഭിച്ചേനെ. (അങ്ങനെ തെറ്റിദ്ധാരണ മൂലം വിഷമിക്കുന്നവർക്ക്  നൽകാൻ അവസരമുണ്ടെന്ന് ഗ്രന്ഥകർത്താവിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കണ്ടിരുന്നു)

ഇനി നമുക്ക് പ്രധാന ഐറ്റത്തിലേക്ക് കടക്കാം. വായനാനുഭവം. മനോഹരമായി തയ്യാറാക്കിയ ഒരു പെട്ടിയിൽ ഗ്രന്ഥകാരന്റെ കയ്യൊപ്പോടുകൂടി ഉള്ളടക്കം ചെയ്‌ത 120 കാർഡുകൾ. ഉള്ളടക്കം ചെയ്തിട്ടുള്ള കാർഡുകൾ എല്ലാം ഉണ്ട് എന്ന് ഉറപ്പിക്കുന്നതിനായി എല്ലാ അധ്യായങ്ങളുടെയും പേരെഴുതിയ ഒരു കാർഡ് കൂടെയുണ്ട്. എങ്ങനെ എവിടെനിന്ന് വായിച്ചു തുടങ്ങണമെന്ന് യാതൊരു നിർദ്ദേശവും ഇല്ല. എല്ലാം വായനക്കാരൻറെ സ്വാതന്ത്ര്യം. കുറച്ചുതാളുകൾ വായിച്ചുകഴിഞ്ഞപ്പോൾ തോന്നി ഒരു നോവൽ, പേജ് നമ്പർ ഇടാതെ കുത്തിക്കെട്ട് അഴിച്ചുകളഞ്ഞ് വായിച്ചോളൂ എന്ന് പറഞ്ഞു തന്നതായിരിക്കുമെന്ന്. 50-60 താളുകൾ കഴിഞ്ഞപ്പോൾ എന്തോ എവിടെയോ ഉരുത്തിരിഞ്ഞു വരുന്നത് പോലെ തോന്നി. ഇപ്പോൾ വായിക്കുന്നതിൻറെ അടുത്ത താൾ എന്താണെന്ന് ബാക്കിയുള്ള താളുകൾ പരതാൻ ആരംഭിച്ചു. കുറച്ചൊക്കെ വിജയിച്ചു. എന്തായാലും ഒരു കാര്യം അപ്പോഴേ മനസിലായി. വെറും പുസ്തകവായന അല്ല, ഒരു പസിൽ ഗെയിം കൂടെ ഇതിലുണ്ടെന്ന്. ഗെയിം കളിക്കാൻ പണ്ടേ ഇഷ്ടമല്ലാത്തതിനാൽ ഒരു വട്ടം വായന പൂർത്തിയാക്കിയിട്ട് രണ്ടാമത് ആ അനുഭവം വെച്ച് ഒരു ഓർഡർ ആക്കിനോക്കാം എന്ന് വിചാരിച്ച് ആദ്യറൗണ്ട് വായന പൂർത്തിയാക്കി. അതിൽ നിന്നും താഴെപ്പറയുന്ന നിഗമനങ്ങളിൽ ഞാൻ എത്തിച്ചേർന്നു.

* കേരളത്തെ ഞെട്ടിച്ച ഒരു കൊലപാതകമാണ് നോവലിൻറെ പശ്ചാത്തലം ആണ് ഇക്കുറി ശ്രീ ബെന്യാമിൻ തിരഞ്ഞെടുത്തിരിക്കുന്നത്.

* എന്നാൽ ഇതൊരു കുറ്റാന്വേഷണ സസ്‌പെൻസ് ത്രില്ലർ അല്ല.

* കൊല്ലപ്പെട്ട ചെറുപ്പക്കാരൻറെ കുടുംബചരിത്രത്തിലേക്ക്, അതിലൂടെ തിരുവിതാംകൂർ ചരിത്രത്തിൽ മാത്തു തരകൻ എന്നയാൾ ചെലുത്തിയ സ്വാധീനത്തിലേക്ക് കഥ സഞ്ചരിക്കുന്നു.

* വർത്തമാനകാലത്തെയും ഭൂതകാലത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി സ്വർണ്ണത്തിൽ തീർത്ത രണ്ടു ചെവികളെ മനോഹരമായി നോവലിസ്റ്റ് തുന്നിച്ചേർത്തിരിക്കുന്നു.

* ഓരോ താളിനും സ്വാതന്ത്ര്യം നൽകുക എന്ന ഉദ്ദേശത്തോടു കൂടി ആയിരിക്കണം ആ ചെവികൾ മേടിക്കാൻ ചെല്ലുന്ന കഥാകാരനെയും  കൂട്ടുകാരനെയും കഥയിൽ തിരുകിക്കയറ്റിയിട്ടുള്ളത്. 

* ഞാൻ മനസിലാക്കിയ കഥാഗതി ആണെങ്കിൽ 120 താളുകൾ ആവശ്യം ഉണ്ടായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

* പരീക്ഷണത്തിന് മുതിരാതെ നേർപാതയിലുള്ള ഒരു പുസ്‌തകമായിരുന്നു ഇതെങ്കിൽ ഒരുപക്ഷെ മാത്തു തരകന്റെ കഥയും ജോജു തരകന്റെ കൊലപാതകവുമൊക്കെ ചേർത്ത് കുറേക്കൂടി മനോഹരമായ രചന ആക്കാമായിരുന്നു.

* വീണ്ടും വീണ്ടും വായിക്കുന്തോറും പണ്ട് സ്‌കൂളിൽ ഇംഗ്ലീഷ് സെക്കൻറ് പരീക്ഷയ്ക്ക് ഔട്ട് ലൈൻ സ്റ്റോറി ഉണ്ടാക്കുന്നതുപോലെ ഒരു വ്യക്തത വരുത്താൻ സാധിക്കുമെങ്കിലും ബെന്യാമിൻറെ ഞാൻ വായിച്ച ഇതരകൃതികൾ പോലെ മനോഹരമാകാൻ പോകുന്നില്ല എന്ന കാര്യത്തിൽ വ്യക്തത ആദ്യവായനയിൽ തന്നെ ലഭിക്കും.

* ഇപ്പോൾ പുറത്തിറങ്ങാൻ പോകുന്ന ഹാർഡ് ബൗണ്ട് എഡിഷൻ കൂടി വായിച്ചെങ്കിലേ നോവലിസ്റ്റ് ശരിക്കും ഉദ്ദേശിച്ച രീതിയിൽ ഈ പസിൽ പൂരിപ്പിക്കാൻ സാധിക്കൂ എന്ന് തോന്നുന്നു. അങ്ങനെ ചിന്തിക്കുന്ന 799 രൂപ മുടക്കിയ ആരാധകർ ഒരു 399 രൂപ കൂടി മുടക്കാൻ അമാന്തിക്കില്ല എന്ന് വിചാരിക്കാം. 

* ഏത് ഗെയിം കിട്ടിയാലും അതിൻറെ ചീറ്റ് കോഡ് തപ്പിയിരുന്ന ഞാൻ രണ്ടാമത് എന്തായാലും ഈ പസിൽ കളിക്കുന്നില്ല. എന്നെങ്കിലും ഹാർഡ് ബൗണ്ട് എഡിഷൻ കിട്ടുമ്പോൾ അത് വായിച്ച് നിർവൃതി അടഞ്ഞോളാം. 

ഇന്നത്തെ മലയാളം എഴുത്തുകാരിൽ പ്രൊഫഷണലിസം ഏറ്റവും കൂടുതൽ പ്രകടിപ്പിക്കുന്ന എഴുത്തുകാരൻ തന്നെയാണ് ശ്രീ ബെന്യാമിൻ. ധാരാളം പുതു എഴുത്തുകാരുമായി ചേർന്ന് 'പുഴ മീനുകളെ കൊല്ലുന്ന വിധം' എന്ന പരീക്ഷണം അദ്ദേഹം മുൻപ് നടത്തിയിട്ടുണ്ട്. ഒരു സസ്‌പെൻസ് കഥയുടെ ക്ലൈമാക്സ് വായനക്കാർക്ക് ഊഹിക്കാനും അതിലൂടെ ഭാവനയെ വളർത്താനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ഇന്ന് ഈ പുസ്തകം വായിച്ചുകഴിഞ്ഞപ്പോൾ അദ്ദേഹത്തിനെ ഹൃദയത്തിൻറെ ഭാഷയിൽ അഭിനന്ദിക്കുകയാണ്. ഇതുപോലൊരു പരീക്ഷണം നവയുഗ മലയാളം ആസ്വാദകർക്ക് മുന്നിലേക്ക് നൽകുവാൻ ധൈര്യം കാണിച്ചതിന്. രണ്ടാമത് ഹാർഡ് ബൗണ്ട് എഡിഷൻ പുസ്തകം ഇറക്കാനിടയായ സാഹചര്യം അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വിശദമാക്കിയതിൽ നിന്നും മനസിലാക്കാം. പുസ്‌തക പ്രസാധനം എന്നത് സിനിമ പോലെ കുറെ ആളുകളുടെ ജീവനോപാധി കൂടെയാണെന്ന് മനസിലാക്കുന്നു. പരീക്ഷണാർത്ഥം മോഹൻലാലിനെയും മമ്മൂട്ടിയെയും വെച്ച് ഒരു സിനിമ തിയേറ്ററിൽ ഇറക്കി ഒരു മാസത്തിന് ശേഷം അത് OTT ആയി ഇറക്കുമ്പോൾ ഇത് മുൻപേ പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾ തിയേറ്ററിൽ പോകില്ലായിരുന്നല്ലോ എന്ന് പറയുന്നത് പോലെ ആ വിവാദങ്ങളെ തള്ളിക്കളയാം. 'പുഴ മീനുകളെ കൊല്ലുന്ന വിധ'ത്തിൽ ക്ലൈമാക്സ് മാത്രമായിരുന്നു വായനക്കാരന് ചിന്തിക്കേണ്ടിയിരുന്നെങ്കിൽ ഇവിടെ 120 താളുകൾക്കിടയിൽ ഓരോ തവണയും വായനക്കാരന് അവയെ തമ്മിൽ കൂട്ടിയോജിപ്പിക്കുവാൻ ഭാവന ഉപയോഗിക്കേണ്ടി വരും. പരീക്ഷണങ്ങൾ തുടരുന്നു എന്നതാണ് പ്രൊഫഷണലിസത്തിന്റെ ഏറ്റവും വലിയ ലക്ഷണം. കായികരംഗത്തും സിനിമാ മേഖലയിലും ഒക്കെ കണ്ടുവരുന്ന, പരാജയങ്ങൾക്കിടയിലും പ്രതീക്ഷയുടെ വിത്ത് വിതറുന്ന ആ പ്രൊഫഷണൽ സമീപനം മലയാള സാഹിത്യലോകത്തിനും നൽകിയ എഴുത്തുകാരനും അതിന് മുൻകൈ എടുത്ത ഡി സി ബൂക്സിനും ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ നേർന്നുകൊണ്ട് നിർത്തുന്നു.

Monday, June 20, 2022

പുസ്തകനിരൂപണം - നിശബ്‌ദ സഞ്ചാരങ്ങൾ


നീൽ ആംസ്‌ട്രോങ് ചന്ദ്രനിൽ കാലുകുത്തുമ്പോൾ അവിടെ ചായക്കട നടത്തുന്ന ഒരു നായരേട്ടനെ കാണുകയുണ്ടായി. ലോകത്തിൻറെ മുക്കിലും മൂലയിലും വരെ കടന്നുചെന്നിട്ടുള്ള മലയാളികളെക്കുറിച്ച് പറഞ്ഞുകേൾക്കുന്ന ഒരു ക്ളീഷേ കോമഡി ആണത്. മലയാളികളുടെ പ്രവാസജീവിതവുമായി ബന്ധപ്പെട്ട് ധാരാളം പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. അതിനാൽത്തന്നെ അക്കപ്പോരിൻറെ ഇരുപത് നസ്രാണി വർഷങ്ങൾ, മാന്തളിരിലെ ഇരുപത് കമ്മ്യുണിസ്റ്റ് വർഷങ്ങൾ എന്നിവയ്ക്ക് ശേഷം ഇരുപത് പ്രവാസിവർഷങ്ങൾ എന്ന കൃതിയെപ്പറ്റി ആ കൃതികളുടെ കർത്താവായ ശ്രീ ബെന്യാമിൻ പരാമർശിച്ചപ്പോൾ ഒട്ടൊരു കൗതുകം തോന്നി. ഇന്നും ബഹുഭൂരിപക്ഷം മലയാളികളുടെ ഇടയിൽ പ്രവാസിയായ നജീബിൻറെ കഥ പറഞ്ഞ എഴുത്തുകാരൻ എന്ന ലേബലിൽ തന്നെയാണ് അദ്ദേഹം അറിയപ്പെടുന്നത്. എല്ലാത്തിലുമുപരി അനേകവർഷം വിദേശത്ത് താമസിച്ച ഇപ്പോഴും പ്രവാസി ബന്ധങ്ങളുള്ള ബെന്യാമിൻ അത്തരം ഒരു കൃതി എഴുതുമ്പോൾ ഒരു മിനിമം ഗ്യാരന്റി ഇപ്പോഴേ ഉറപ്പിക്കാം. അപ്പോഴാണ് പ്രവാസജീവിതം ആസ്‌പദമാക്കി 'നിശബ്‌ദ സഞ്ചാരങ്ങൾ' എന്നൊരു കൃതി അദ്ദേഹത്തിൻറെ തൂലികയിൽ നിന്നും വിരിഞ്ഞിറങ്ങുന്നത്.

പുരുഷകേന്ദ്രീകൃതമായ ഒരു യാത്രയല്ല ഇതിൽ എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ലോകത്തിൻറെ മുക്കിലും മൂലയിലും മലയാളി വനിതകൾ ഒരുപക്ഷെ അറിയപ്പെടുന്നത് ആതുരസേവനത്തിൻറെ പേരിൽ തന്നെ ആയിരിക്കും. അതെ. ലോകത്തിൻറെ അതിരുകളോളം തനിച്ച് പാലായനം നടത്തുകയും, സ്വന്തമായ ഇടം അവിടെ സ്ഥാപിക്കുകയും, കുടുംബത്തെ കരകയറ്റുകയും ചെയ്‌തിട്ടുള്ള, ചെയ്‌തുകൊണ്ടിരിക്കുന്ന മലയാളി നഴ്‌സുമാർക്ക് സമർപ്പിച്ചുകൊണ്ടാണ് ഈ കൃതി രചിച്ചിരിക്കുന്നത്‌. നഴ്‌സുമാരുടെ ഈ കുടിയേറ്റം ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല. ആ വേരുകൾ ചികയുകയാണ് ഈ നോവലിൽ. 

മാന്തളിരിലെ ഒരു പ്രവാസികുടുംബത്തിൽ നിന്നാണ് നായകൻ. നഴ്‌സിംഗ് എന്ന തൊഴിലിനോടുള്ള കാഴ്ച്ചപ്പാടും അതിലുണ്ടാകുന്ന മാറ്റങ്ങളും കുടുംബത്തിലെ ബന്ധുക്കളായ നഴ്‌സ്‌മാരുടെ അനുഭവങ്ങളുമാണ് പ്രധാനമായി പ്രതിപാദിക്കപ്പെടുന്നത്. മൂന്ന് തലമുറയ്ക്ക് മുൻപ് കുടുംബത്തെ ദാരിദ്ര്യത്തിൽ നിന്നും രക്ഷിക്കുന്നതിനായി ധൈര്യപൂർവ്വം കടൽകടക്കുന്ന മറിയാമ്മ എന്ന നഴ്‌സിനെക്കുറിച്ച് നായകൻ അറിയുന്നതും പിന്നീട് അവർക്ക് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. 

സമീപകാലത്ത് നടക്കുന്ന രീതിയിൽ കോവിഡും ലോക്ക് ഡൗണുമൊക്കെ പരാമർശിക്കപ്പെടുന്നുണ്ടെങ്കിലും മഞ്ഞവെയിൽ മരണങ്ങൾ, മുല്ലപ്പൂ നിറമുള്ള പകലുകൾ തുടങ്ങിയവ പോലെ റിയലിസ്റ്റിക് ആയി തോന്നിപ്പിക്കുന്ന ആ സവിശേഷ ബെന്യാമിൻ ടച്ച് അത്ര ഫീൽ ചെയ്‌തില്ല. മുൻ മാന്തളിർ കഥകളിൽ നിന്നും അത്ര അപരിചിതമല്ലാത്ത കുടുംബ പശ്ചാത്തലങ്ങൾ, പ്രവചനാത്മകമായ ക്ലൈമാക്സ്, അതിലേക്ക് എത്തുന്ന യാദൃശ്ചികതകളിൽ അനുഭവപ്പെടുന്ന മുൻ കൃതികളിലെ സാദൃശ്യം എന്നിവയൊക്കെ പോരായ്‌മകളായി ചൂണ്ടിക്കാണിക്കുവാൻ സാധിക്കുമെങ്കിലും ഒരിക്കലും ബോറടിക്കാതെ വായനക്കാരന് പുസ്‌തകം ആസ്വദിക്കാൻ സാധിക്കുമെന്നത് അടിവരയിട്ട് പറയാം. 

ഒരിടത്തും രേഖപ്പെടുത്താതെ പോയ് മറഞ്ഞ മലയാളി നഴ്‌സുമാരുടെ ജീവിതം ആസ്‌പദമാക്കി ഈ കോവിഡ് കാലത്ത് ഒരു പുസ്‌തകം പുറത്തിറക്കിയതിന് ഗ്രന്ഥാകർത്താവിന് ഒരായിരം അഭിനന്ദനങ്ങൾ. അവരുടെ ത്യാഗവും കഷ്ടപ്പാടുകളും കുടുംബസ്‌നേഹവും നാളിതുവരെയായി ഒരിടത്തും രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്ന നീതികേടിൽ നിന്നും ഈ കൃതി തീർച്ചയായും മലയാളികളെ രക്ഷിക്കും. കാരണം നമ്മുടെ നാട് ഇന്ന് കൈവരിച്ചിട്ടുള്ള പുരോഗതിയിൽ അവർക്കുള്ള പങ്ക് ഒരിക്കലും തള്ളിക്കളയാൻ സാധിക്കില്ലായെന്നത് തന്നെ. സാധാരണക്കാർക്ക് നഴ്‌സ്മാരോടുള്ള, പ്രത്യേകിച്ചും വിദേശങ്ങളിൽ ജോലിചെയ്യുന്ന മലയാളി നഴ്‌സ്മാരോടുള്ള കാഴ്ച്ചപ്പാട് മാറ്റിമറിക്കാൻ ഈ ഹൃദയസ്പർശിയായ അവതരണത്തിന് സാധിക്കുമെന്നത് തന്നെയാണ് നിശബ്ദ സഞ്ചാരങ്ങളെ വേറിട്ടൊരു ഗ്രന്ഥമായി അനുഭവപ്പെടാൻ കാരണം. 

Friday, June 10, 2022

പുസ്തകനിരൂപണം - പണ്ട് പണ്ട് പണ്ട്



തിരുവനന്തപുരത്തിനും മധ്യകേരളത്തിനും മലപ്പുറത്തിനും വടക്കൻ കേരളത്തിനുമൊക്കെ മലയാളം സംസാരിക്കുന്നതിന് ഓരോ രീതി(സ്ലാങ്)കളുണ്ടെങ്കിലും സ്ലാങിൻറെ കാര്യത്തിൽ തൃശൂർ സ്ലാങ് ഒരുപടി മുന്നിൽ നിൽക്കുമെന്നാണ് എൻറെയൊരു ഇത്. മറ്റ് ഏത് നാട്ടിലും ഒരു വർഷം താമസിച്ചാലും നമ്മുടെ സ്വതസിദ്ധമായ സ്ലാങിനെ കീഴടക്കി അവരുടെ സ്ലാങ് ആക്കിമാറ്റാൻ അൽപ്പം പ്രയാസപ്പെടുമെങ്കിലും തൃശൂർ പോകുമ്പോൾ ഏതെങ്കിലും രണ്ടുപേരോട് വണ്ടി നിർത്തി വഴി ചോദിക്കേണ്ടിവന്നാൽ മൂന്നാമത്തെയാളോട് നമ്മൾ സംസാരിക്കുന്നത് തൃശൂർ സ്ലാങ്ങിൽ ആയിരിക്കും.


ആലപ്പുഴ എന്ന ഇട്ടാവട്ടത്തു നിന്നും പുറത്തേക്ക് പോയില്ലെങ്കിലും രണ്ടുദിവസമായി എൻറെ സംസാരത്തിൽ ചെറിയൊരു പ്രാഞ്ചിയേട്ടൻ ശൈലി കടന്നുകൂടിയിട്ടുണ്ടോ എന്ന് വീട്ടുകാർക്കൊരു സംശയം. "ഒന്ന് പോയേരാ ", "ന്തൂട്ട്?", "ഞാല്ല്യാട്ടാ" തുടങ്ങി നിഷ്‌കളങ്കമായ തൃശൂർ ശൈലി അവസരത്തിലും അനവസരത്തിലുമൊക്കെ എടുത്ത് പ്രയോഗിക്കാൻ തുടങ്ങിയത് കേട്ട് മടുത്ത അവർ അങ്ങനെ സംശയിച്ചില്ലെങ്കിലേ അതിശയമുള്ളൂ. :ന്താപ്പോ ഈ ഗെഡിക്ക് സംഭവിച്ചേ" എന്നൊന്ന് ആലോചിച്ചപ്പോഴുള്ള ഫ്ലാഷ്ബാക്കിലാണ് നമ്മുടെ കഥാനായകൻറെ ഇൻട്രോ. ഇവിടെ നായകൻ ഒരു വ്യക്തിയല്ല, ഒരു പ്രസ്ഥാനം എഴുതിയ പുസ്തകമാകുന്നു.

ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്ന സമയത്ത് എല്ലാവർഷവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിവസമാണ് കമ്പനിയുടെ ഫൌണ്ടേഷൻ ഡേ. നെസ്റ്റിൽ ആയിരുന്നപ്പോൾ നെസ്റ്റ് നൈറ്റ് എന്നപേരിലും ക്വസ്റ്റ് ആയപ്പോൾ ക്വസ്റ്റ് നൈറ്റ് എന്നപേരിലും ആ ആഘോഷങ്ങൾ നടന്നുപോന്നു. എച്ച് ആർ പറയുന്ന ഡ്രസ്സ് കോഡിൽ തിളങ്ങി വരുന്ന സുന്ദരികളെപ്പോലെ, കേരളത്തിലെ പ്രഗത്ഭരായ ഷെഫുമാർ തയ്യാറാക്കുന്ന ഫൈവ് സ്റ്റാർ ഡിന്നറുകൾ പോലെ ആ ദിവസം ആകർഷകമാക്കിയിരുന്ന ഒരു സംഭവമായിരുന്നു മഹേഷേട്ടൻ രചന, സംവിധാനം നിർവഹിച്ച് തട്ടിൽ കയറ്റുന്ന സ്‌കിറ്റുകൾ. ജോഷി ട്വന്റി 20 സിനിമ ഇറക്കിയതുപോലെ കമ്പനിയിലെ പ്രമുഖരെയെല്ലാം അണിനിരത്തി ഏവർക്കും ആവോളം ചിരിക്കാനുള്ള വക നൽകിയിരുന്ന ആ സ്‌കിറ്റുകളും അതെഴുതിയിരുന്ന മഹേഷേട്ടനും ഒരത്ഭുതം തന്നെയായിരുന്നു. 

പിന്നീട് ഫേസ്ബുക്കിലൂടെ അദ്ദേഹം അതിലും മികച്ച നർമ്മ രചനകൾ വിളമ്പിയപ്പോൾ അഭിമാനത്തോടെ അത് ഷെയർ ചെയ്യുകയും "ന്റെ കൂട്ടുകാരൻ എഴുതിയതാ" എന്ന ആമുഖത്തോടെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ കോപ്പി പേസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ആ ചുള്ളൻ ഒരു പുസ്തകം ഇറക്കുവാൻ പോകുന്നു എന്ന് കേട്ടപ്പോൾ മുതൽ എഴുതിയിട്ടിരുന്നതാണ് മേൽപ്പറഞ്ഞതത്രയും. ഇനി പറയാൻ പോകുന്നത് പുസ്‌തകം വായിച്ച അനുഭവമാണ്. "പണ്ട് പണ്ട് പണ്ട്."  

കുട്ടീഷ്‌ണനും, ആംബ്രോസേട്ടനുമൊക്കെ ഓരോ ഉപമകളിലൂടെ തകർക്കുമ്പോൾ ഞാൻ കുലുങ്ങിക്കുലുങ്ങി ചിരിക്കുന്നത് കണ്ട് ഭാര്യയും മോളുമൊക്കെ "ഇതെന്നാ പറ്റി?" എന്നാലോചിച്ച് അന്തംവിട്ടു. അവരോട് സമയം കിട്ടുമ്പോൾ ഈ പുസ്തകം ഒന്ന് വായിച്ചുനോക്കാൻ റെക്കമെൻറ് ചെയ്‌തു. "കഥകളാണോ?" എന്നായിരുന്നു മോളുടെ സംശയം. "കഥകൾ ആണോ എന്ന് ചോദിച്ചാൽ കഥകൾ തന്നെ എന്ന് പറയാം. പക്ഷെ ഞാൻ ഇത് കൺമുന്നിൽ കണ്ടതുപോലെയാണ് അനുഭവിച്ചറിഞ്ഞത്. അതുകൊണ്ടാണ് മുൻപ് വായിച്ചതായിരുന്നിട്ടും ഇപ്പോഴും ഇതുപോലെ ചിരിച്ച് ആസ്വദിക്കാൻ സാധിച്ചത്."

"അപ്പോൾ ഇത് മുൻപ് വായിച്ചതാണോ? എന്നിട്ടാണോ ഇങ്ങനെ ചിരിക്കുന്നത്?" ഭാര്യയ്ക്ക് അതിശയം.

മിക്കവയും മഹേഷേട്ടൻറെ ഫേസ്ബുക് രചനകളാണ്. അവിടെ വച്ച് വായിച്ച് ചിരിച്ചിട്ടുണ്ട്. എന്ന് വെച്ച് ഇപ്പോൾ വായിക്കുമ്പോൾ പുതുമ ഒട്ടും നഷ്ടപ്പെടാതെ ചിരിപ്പിക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ ഈ പുസ്തകത്തിന്റെ റേഞ്ച് പ്രത്യേകിച്ച് പറഞ്ഞു തരേണ്ടതില്ലല്ലോ?

തൃശൂർ ഭാഷ പോലെ നിഷ്‌കളങ്കമായ ഫലിതം. മഹേഷേട്ടന് ആശംസകൾ. ഇനിയും ഇനിയും പ്രതീക്ഷിക്കുന്നു. മഹേഷേട്ടൻറെ മാസ്റ്റർ പീസ് പുരാണങ്ങൾ ആയതിനാലും ഒറ്റ പുരാണകഥ പോലും ഈ പുസ്തകത്തിൽ ഇല്ലാതിരുന്നതിനാലും മഹേഷ് പുരാണങ്ങൾ ഒരു ചിരി ഇതിഹാസമായി സമീപകാല ഭാവിയിൽ ഇറങ്ങിയേക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് നിർത്തുന്നു.

Tuesday, June 7, 2022

പുസ്തകനിരൂപണം - ആഗസ്റ്റ് 17


ലോകത്തിൻറെ ഗതിയെ സ്വാധീനിച്ച ചരിത്രസംഭവങ്ങൾ നമുക്ക് ഏവർക്കും പരിചിതമായിരിക്കും. ഇന്ത്യയിലേക്ക് മുഹമ്മദ് ഗോറിയും വാസ്‌കോ ഡ ഗാമ എത്തിയതും ഇന്ത്യയിലെ ഓരോ രാജവംശങ്ങൾ ഉദയംകൊണ്ടതും അസ്തമിച്ചതും ഇന്ത്യ വിദേശ ഭരണത്തിന് കീഴിലാകുന്നതും സ്വാതന്ത്ര്യം നേടുന്നതും ലോകയുദ്ധങ്ങളുമൊക്കെ കൊച്ചുകുട്ടികൾ വരെ ആവേശത്തോടെ വായിച്ചുപോകുന്ന ചരിത്ര സംഭവങ്ങളാണ്.

ഈ ചരിത്രത്തെ വേറൊരു രീതിയിൽ കീഴ്‌മേൽ മറിച്ചുകൊണ്ട് ഒരു എഴുത്തുകാരൻ ഭാവനയിൽ കാണുന്നു. അങ്ങനെയാണ് പ്രതിചരിത്രങ്ങൾ (Alternate History) ഉണ്ടാവുന്നത്. അത്തരം പുസ്തകങ്ങളും സിനിമകളും ധാരാളമുണ്ട്. ഹിറ്റ്ലർ രണ്ടാം ലോകമഹായുദ്ധം ജയിച്ച് ലോകം ഭരിക്കുന്ന കാലഘട്ടമാണ് 1994 ഇൽ പുറത്തിറങ്ങിയ ഫാദർലാൻറ് എന്ന ചിത്രത്തിനാധാരം. മലയാളത്തിൽ അത്തരം രചനകൾ അധികമായി പുറത്തിറങ്ങിയിട്ടില്ല. ആ കാറ്റഗറിയിൽ ശ്രദ്ധതേടിയ ഒരു പുസ്തകമാണ് മീശ എന്ന നോവലിലൂടെ പ്രശസ്തനായ ശ്രീ എസ്. ഹരീഷ് എഴുതിയ ആഗസ്റ്റ് 17 എന്ന നോവൽ.

തിരുവിതാംകൂർ എന്ന നാട്ടുരാജ്യം ദിവാൻ സർ സി.പി യുടെ നേതൃത്വത്തിൽ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിൻറെ കീഴിൽ ഇന്ത്യൻ യൂണിയനിൽ ചേരാതെ സ്വതന്ത്ര രാജ്യമായി മാറുന്നു. സ്വാതന്ത്ര്യാനന്തരം തിരുവിതാംകൂർ രാജ്യം നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും അതിനെ നേരിടുന്നതുമൊക്കെയാണ് ഇതിവൃത്തം. രാജ്യത്തിൻറെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ശത്രു രാജ്യമായി ഇന്ത്യ, ഇന്ത്യൻ സൈന്യവും നേവിയും ജാഗ്രതയോടെ കാത്തുസൂക്ഷിക്കുന്ന രാജ്യ അതിർത്തിയായ കൊച്ചി, മഹാരാജാവിനെ കൊല്ലാൻ ശ്രമിച്ച് പരാജയപ്പെട്ട വിപ്ലവകാരിയായ KSC മണി തുടങ്ങി വളരെ വ്യത്യസ്തവും വിചിത്രവും കൗതുകകരവുമായ ഭാവനാലോകമാണ് ശ്രീ ഹരീഷിൻറെ ആഗസ്റ്റ് 17.  

ശരിക്കും ഒരു എഴുത്തുകാരൻറെ ഭാവനാ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് ഈ കൃതിയിലുടനീളം കാണാൻ സാധിക്കുന്നത്. നമുക്ക് ചിരപരിചിതരായ ഒട്ടുമിക്ക പ്രമുഖ നേതാക്കളെയും എഴുത്തുകാരെയും തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളായി ഇതിൽ കാണാൻ സാധിക്കും. വെറുതെ വ്യത്യസ്തമായ ഒരു ചിന്ത എന്ന രീതിയിൽ തട്ടിക്കൂട്ടാതെ ഇങ്ങനെയൊക്കെ സംഭവിക്കുമായിരുന്നു എന്ന് വായനക്കാരനെക്കൊണ്ട് സമ്മതിപ്പിക്കുന്ന രീതിയിൽ ആ പ്രതിചരിത്രത്തെ മുന്നോട്ട് നയിക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്. അതിനായി ശ്രീ ഹരീഷ് നടത്തിയ കഠിനാദ്ധ്വാനത്തെ അഭിനന്ദിക്കാതെ തരമില്ല. ഒരു ചരിത്രപുസ്തകം എന്നരീതിയിൽ തന്നെ അവതരിപ്പിക്കുവാനും ആ കാലഘട്ടത്തെ മികച്ച കയ്യടക്കത്തോടെ അവതരിപ്പിക്കുവാനും നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്.

തിരുവിതാംകൂർ രാജ്യത്തിൻറെ വിനീതദാസനായ ഒരു ഏജന്റിലൂടെയാണ് കഥയുടെ വികാസം. അദ്ദേഹത്തിൻറെ അനുഭവങ്ങളിലൂടെയും ചിന്തകളിലൂടെയുമാണ് തിരുവിതാംകൂർ എന്ന സ്വതന്ത്ര രാജ്യത്തിനെ നമ്മൾ കാണുന്നത്. സ്വന്തം പേര് പോലും പ്രസക്തമല്ലാത്ത രീതിയിൽ രാജ്യത്തിനായി സേവനമനുഷ്ടിക്കുന്ന നായകൻ. യഥാർത്ഥത്തിൽ നമുക്ക് മുന്നിലുള്ള പല ചരിത്രസംഭവങ്ങളിലും അദ്ദേഹത്തിന് പങ്കുള്ളതായി കാണാൻ സാധിക്കും. എല്ലാം രാജ്യത്തിനായി സമർപ്പിച്ച് മനോനില തന്നെ തകരാറിവുകയും താൻ ചെയ്‌ത കാര്യങ്ങളൊക്കെ ഒരിടത്തും രേഖപ്പെടുത്തപ്പെടുന്നില്ലെന്ന വസ്തുത തിരിച്ചറിയുകയും സ്വന്തം അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്നതും ഒരു മനോഹരമായിത്തന്നെ വിവരിച്ചിട്ടുണ്ടെങ്കിലും, ശ്രദ്ധ മുഖ്യപ്രമേയമായ തിരുവിതാംകൂർ ചരിത്രത്തിൽ കിടന്നു കറങ്ങുന്നതിനാൽ അർഹിക്കുന്ന പരിഗണന നൽകുവാൻ വായനക്കാരൻ എന്ന നിലയിൽ എനിക്ക് സാധിച്ചില്ല.

സമീപകാലത്ത് വായിച്ചതിൽ വ്യത്യസ്തമായ പ്രമേയമായിരുന്നു എന്നത് മാറ്റിനിർത്തിയാൽ വായനക്കാരനെ ആ ആസ്വാദനതലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിന് ഗ്രന്ഥകാരന്റെ ഈ സ്വാതന്ത്ര്യപ്രഖ്യാപനത്തിന് സാധിച്ചിട്ടില്ല എന്ന് എൻറെ വായനാനുഭവത്തിന്റെ വെളിച്ചത്തിൽ നിരാശയോടെ പറയേണ്ടിയിരിക്കുന്നു. പുസ്തകത്തിൻറെ വലിപ്പം തന്നെയാണ് പ്രധാന പ്രശ്‌നം. മുന്നൂറ്റി അൻപതോളം പേജുകളുള്ള ഈ പുസ്തകം പലപ്പോഴും തീരാൻ ഇനി എത്ര പേജുകൾ ഉണ്ട് എന്ന് ഇടയ്ക്കിടയ്ക്ക് നോക്കുവാൻ പ്രേരിപ്പിക്കുന്നു. സ്വതവേ സങ്കീർണ്ണമായ പ്രമേയത്തെ കഥാപാത്രങ്ങളുടെ മാനസിക വിഭ്രാന്തികൾ വരച്ചുകാട്ടി കൂടുതൽ സങ്കീർണ്ണമാക്കിയത് പോലെ തോന്നി. ആവശ്യമില്ലാത്ത(തെന്ന് എനിക്ക് തോന്നിയ) കുറേ ഭാഗങ്ങൾ ഒഴിവാക്കിയിരുന്നെങ്കിൽ മലയാള സാഹിത്യചരിത്രത്തിലെ തന്നെ വേറിട്ടൊരു സൃഷ്ടിയായി ആഗസ്റ്റ് 17 ന് മാറുവാൻ സാധിച്ചേനേയെന്ന് നിസംശയം പറയുവാൻ സാധിക്കും.