Wednesday, June 9, 2021

ഇൻഫെർണോ - പുസ്തകനിരൂപണം


ലോകപ്രശസ്ത എഴുത്തുകാരൻ ഡാൻ ബ്രൗണിൻറെ റോബർട്ട് ലാങ്ടൺ ശ്രേണിയിൽ പുറത്തിറങ്ങിയ മൂന്നാമത്തെ പുസ്തകമാണ് ഇൻഫെർണോ. അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ ഹിസ്റ്ററി ഓഫ് ആർട്ട്സ് ആൻഡ് സിംബൽസ് പ്രൊഫസർ ആയ, ചിത്രങ്ങളും ചിഹ്നങ്ങളും വിശകലം ചെയ്യാൻ വിദഗ്ദനായ റോബർട്ട് ലാങ്‌ടൺ എന്ന കഥാപാത്രത്തെ നായകനാക്കി 2000 ത്തിലാണ് ഡാൻ ബ്രൗൺ ആദ്യമായി ഒരു പുസ്തകം, "എയ്‌ഞ്ചൽസ് ആൻഡ് ഡെമോൺസ്" പുറത്തിറക്കുന്നത്. എന്നാൽ ആ പുസ്തകത്തിൻറെയും ഡാൻ ബ്രൗണിൻറെ തന്നെയും തലവര മാറ്റിക്കുറിക്കപ്പെടുന്നത് രണ്ടാമത്തെ പുസ്തകമായ "ദി ഡാവിഞ്ചി കോഡ്" 2003 ഇൽ പുറത്തിറങ്ങുന്നതോടെയാണ്. വിവാദങ്ങളുടെ ചുവടുപിടിച്ച് ലോകമാസകലം ശ്രദ്ധ നേടപ്പെട്ട ഡാവിഞ്ചി കോഡ് വായിച്ചവരൊക്കെ നായകനായ പ്രൊഫസർ റോബർട്ട് ലാങ്‌ടണിന്റെയും ഡാൻ ബ്രൗണിന്റെയും ആരാധകരായി മാറി. ആ വിജയങ്ങളുടെ ചുവടുപിടിച്ച് 2009 ഇൽ "ദി ലോസ്റ്റ് സിംബൽ", 2013 ഇൽ "ഇൻഫെർണോ", 2017 ഇൽ "ഒറിജിൻ" എന്നീ പുസ്തകങ്ങൾ കൂടി പുറത്തിറങ്ങി. ഓരോന്നും ലോകമാസകലമുള്ള ബെസ്റ്റ് സെല്ലർ പട്ടികകളിൽ സ്ഥാനവും പിടിച്ചു. ഡാവിഞ്ചി കോഡ്, എയ്‌ഞ്ചൽസ് ആൻഡ് ഡെമോൺസ്, ഇൻഫെർണോ എന്നീ കൃതികൾ പിന്നീട് സുപ്രസിദ്ധ ഹോളിവുഡ് നടൻ ടോം ഹാങ്ക്സ് നായകനായി സിനിമകളായി പുറത്തിറങ്ങി. ഒരു സിനിമാ ചിത്രീകരണത്തിന് ആവശ്യമായ ചെറിയ ഭേദഗതികൾ ദർശിക്കാമെങ്കിലും ബ്ലോക്ക് ബസ്റ്റർ ഹിറ്റുകൾ ആയിരുന്നു ആ സിനിമകളും. റോബർട്ട് ലാങ്‌ടണിനെ നായകനാക്കി പന്ത്രണ്ടോളം കഥകൾ തൻറെ മനസിലുണ്ടെന്ന് ഡാൻ ബ്രൗൺ ഒരു അഭിമുഖത്തിൽ പറഞ്ഞത് വളരെ ആഹ്ലാദത്തോടെയും ഒട്ടേറെ പ്രതീക്ഷയോടെയുമാണ് ലോകമെമ്പാടുമുള്ള ലാങ്‌ടൺ ആരാധകർ ശ്രവിച്ചത്. 

ബഹുഭൂരിപക്ഷം ഡാൻ ബ്രൗൺ വായനക്കാരെയുംപോലെ ഞാനും ഡാവിഞ്ചി കോഡ് എന്ന പുസ്തകം വായിച്ചുകൊണ്ടാണ് ആരംഭിച്ചത്. അതും ആ പുസ്തകം ഇറങ്ങി വളരെ നാളുകൾ കഴിഞ്ഞ്. ഒട്ടും താമസിയാതെ തന്നെ എയ്‌ഞ്ചൽസ് ആൻഡ് ഡെമോൺസ് എന്ന പുസ്തകവും തപ്പിപ്പിടിച്ച് വായിച്ചുതീർത്തു. മൂന്നാമത്തെ പുസ്തകമായ ലോസ്റ്റ് സിംബൽ കിട്ടിയില്ല. അതിനാൽ പിന്നാലെ ഇറങ്ങിയ ഇൻഫെർണോ ആണ് അടുത്തതായി വായിച്ചത്. ഉള്ളത് പറഞ്ഞാൽ ആദ്യ രണ്ടു പുസ്തകം പോലെ അത്ര ദഹിച്ചില്ല എന്നത് ആദ്യമേ പറയാം.  പക്ഷെ ഈ കോവിഡ് കാലത്ത് ചിന്തിക്കുമ്പോൾ 2013 ഇൽ പുറത്തിറങ്ങിയ ആ പുസ്തകം ഒട്ടേറെ പ്രത്യേകതകൾ ഉള്ളതാണെന്ന് തോന്നുന്നു. ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി, മറ്റെന്തിനേക്കാളും ജനപ്പെരുപ്പം ആണെന്ന് കരുതുന്ന, അസാമാന്യ പ്രതിഭാശാലിയായ ഒരു വില്ലൻ അതിന് പരിഹാരമായി ലോകം ഇന്നോളം കണ്ടിട്ടില്ലാത്ത ഒരു വൈറസിനെ ജനിപ്പിക്കുന്നതും വായുവിലൂടെ അതിനെ പടർത്തുന്നതുമാണ് പുസ്‌തകത്തിന്റെ ഇതിവൃത്തം എന്നത് തന്നെയാണ് ആ ഒരു ചിന്തയ്ക്ക് നിദാനം. ചൈനയിലുള്ള ഏതെങ്കിലും ഈ ചിന്താഗതിക്കാരൻറെ കൈ വിട്ടുപോയ പരീക്ഷണം വല്ലതും ആയിരിക്കുമോ ഇന്ന് നമ്മൾ അനുഭവിക്കുന്ന ഈ കൊറോണ വൈറസ്?. 

റോബർട്ട് ലാങ്‌ടണിന്റെ ഞാൻ വായിച്ച മുൻ പുസ്തകങ്ങളുമായി താരതമ്യം ചെയ്തുനോക്കുമ്പോൾ ഒട്ടേറെ പൊതുവായുള്ള കാര്യങ്ങൾ കാണുവാൻ സാധിക്കും. 24 മണിക്കൂറിനുള്ളിലാണ് ഈ കഥയും നടക്കുന്നത്. അതിനുള്ളിൽ വിവിധ രാജ്യങ്ങൾ കഥയ്ക്ക് പശ്ചാത്തലമാകുന്നു. യഥാർത്ഥത്തിൽ നിലനിൽക്കുന്ന സംഘടനകൾ കഥയിൽ പ്രത്യക്ഷപ്പെടുന്നു. മൂന്ന് പുസ്തകങ്ങളിലും കഥയിൽ വ്യക്തമായ സ്വാധീനമുള്ള സ്ത്രീ കഥാപാത്രങ്ങൾ ആദ്യാവസാനം നായകനൊപ്പം സഞ്ചരിക്കുന്നു. കൂടാതെ എനിക്ക് ഈ പുസ്തകങ്ങൾ വായിച്ചപ്പോൾ അനുഭവപ്പെട്ട മറ്റൊരു പൊതുകാര്യം, ധാരാളം അധ്യായങ്ങളുടെ സാന്നിധ്യം. അതിൽ മിക്കവാറും അധ്യായങ്ങൾ വമ്പൻ സസ്‌പെൻസിൽ കൊണ്ടുചെന്ന് നിർത്തും. അത് എന്താണെന്ന് അറിയാൻ വായനക്കാരൻ അടുത്ത അധ്യായങ്ങൾ ആവേശത്തോടെ വായിച്ചുതീർക്കും. എന്നാൽ തുടർന്നുള്ള നാലോ അഞ്ചോ അധ്യായങ്ങൾ സ്ഥലവർണ്ണനകളും മനസിലെ ചിന്തകളുമൊക്കെ വിശദീകരിച്ച്, ഇപ്പോൾ പറയും ഇപ്പോൾ പറയും എന്ന രീതിയിൽ വലിച്ചു നീട്ടും. തൊട്ടു പിന്നാലെ അടുത്ത സസ്‌പെൻസ് എത്തും. അവസാന ഭാഗം ആകുമ്പോളേക്കും ട്വിസ്റ്റുകളുടെ ചാകരയായിരിക്കും. ഇൻഫെർണോയിലെ ട്വിസ്റ്റുകൾ അൽപ്പം കൂടിപ്പോയോ എന്നൊരു സംശയം തോന്നാതിരുന്നില്ല. ആരാണ് വേട്ടക്കാരൻ, ആരാണ് വേട്ടയാടപ്പെടുന്നത് എന്നൊക്കെ മനസിലാക്കി വരുമ്പോളേക്കും ഇത്രയും മിനക്കെട്ടിരുന്ന് വായിച്ച വായനക്കാരനല്ലേ ശരിക്കും വേട്ടയാടപ്പെട്ടത് എന്ന തോന്നൽ ഉണ്ടായാൽ കുറ്റം പറയാൻ പറ്റില്ല. ക്ളൈമാക്‌സ് അത്ര ദഹിച്ചില്ലെങ്കിലും മറ്റ് രണ്ടു പുസ്തകങ്ങളും പോലെ മനോഹരമായ ഒരു വായനാ അനുഭവം തന്നെയായിരുന്നു ഇൻഫെർണോ തന്നത്. പതിവുപോലെ ഒട്ടേറെ പുതിയകാര്യങ്ങൾ മനസിലാക്കാനും ഇറ്റലിയുടെ നല്ലൊരു ചിത്രം മനസിലുണ്ടാക്കാനും ആ പുസ്തകം സഹായിച്ചു. ലാങ്‌ടൺ സീരീസിലെ അടുത്ത പുസ്തകത്തിലേക്ക് എത്രയും പെട്ടെന്ന് പോകണമെന്നും ആ സീരീസ് ഉടനെയൊന്നും തീരരുതേ എന്നും എന്നെപ്പോലെ വായനക്കാർക്ക് ഈ പുസ്തകം വായിച്ചുകഴിയുമ്പോൾ തോന്നുന്നു എങ്കിൽ അത് തന്നെയാണ് ഏറ്റവും വലിയ ഫീഡ്ബാക്ക്.  

Thursday, May 27, 2021

മഞ്ഞവെയിൽ മരണങ്ങൾ - പുസ്തക നിരൂപണം


ലോക്ക് ഡൗണും ടൗട്ട ചുഴലിക്കാറ്റ് കൊണ്ടുവന്ന മഴയും എന്നെ വീടിനുള്ളിൽ ഒതുങ്ങിക്കൂടാൻ നിർബന്ധിച്ചപ്പോൾ ഉണ്ടായ വിരസതയിൽ നിന്ന് ഒഴിവാകാനാണ് ഓഫീസിലെ സുഹൃത്തിൻറെ കയ്യിൽ നിന്നും ശ്രീ ബെന്ന്യാമിൻ എഴുതിയ മഞ്ഞവെയിൽ മരണങ്ങൾ എന്ന പുസ്തകം വാങ്ങിക്കുന്നത്. അതുൾപ്പെടെ കുറച്ച് പുസ്‌തകങ്ങൾ മേടിക്കണം എന്ന് വിചാരിച്ചപ്പോളാണ് ലോക്ക് ഡൌൺ അവതരിച്ചതും പുസ്തക കടകൾ അടച്ചുപൂട്ടപ്പെട്ടതും. 

വായിച്ച് തീർത്തിട്ട് പ്രത്യേകിച്ച് വേറെ ബുക്കുകൾ  കൈവശം ഇല്ലാതിരുന്നതിനാൽ പതിയെ, ആസ്വദിച്ച് വായിച്ച് തീർത്താൽ മതിയെന്നായിരുന്നു മനസ്സിൽ വിചാരിച്ചിരുന്നത്. ബെന്ന്യാമിൻറെ സൂപ്പർഹിറ്റ് നോവൽ ആടുജീവിതം പോലെ ഒറ്റയിരുപ്പിന് വായിച്ച് തീർക്കാൻ മാത്രം ഈ കൃതി ഉണ്ടാകും എന്ന് മനസാ വാചാ കർമ്മണാ നിരൂപിച്ചിരുന്നില്ല. ആടുജീവിതം ഒരെഴുത്തുകാരൻറെ ജീവിതത്തിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന  ആകസ്‌മിക വസന്തം മാത്രമാണെന്നും, അതിൽ പറയുന്നതുപോലെ ആ കഥ കഥാകാരനെ തേടിയെത്തുകയായിരുന്നു എന്നും അതിനാൽ തന്നെ അദ്ദേഹത്തിൻറെ തുടർന്നുള്ള രചനകളിൽ ആ പകിട്ട് പ്രതീക്ഷിക്കേണ്ടതില്ല തുടങ്ങിയ മുൻവിധികൾ ധാരാളമായി മനസിലുണ്ടായിരുന്നു. 

ഈ മുൻവിധികളെ മൊത്തത്തിൽ തകർത്തെറിയുന്നതായിരുന്നു മഞ്ഞവെയിൽ മരണങ്ങൾ എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. കേരളത്തിൽ തുടങ്ങി പ്രധാന ലൊക്കേഷനായ ഡീഗോ ഗാർഷ്യ എന്ന ദ്വീപ് രാജ്യത്തേക്ക് പടർന്നുകയറിയ കഥ ഒരു ത്രില്ലർ ആണെന്ന് അപ്പോൾ മാത്രമായിരുന്നു ഞാൻ മനസിലാക്കിയത്. ഓരോ അദ്ധ്യായവും എന്നിലെ വായനക്കാരനെ അങ്ങേയറ്റം സസ്‌പെൻസിൽ നിർത്തിയ ഇതുപോലെ ഒരു പുസ്തകം വേറെയില്ല എന്ന് അടിവരയിട്ട് സമ്മതിക്കാം. കഥാപാത്രമാകുന്ന എഴുത്തുകാരനും, മുൻപ് കേട്ടിട്ടുള്ള ബ്ലോഗർ നട്ടപ്രാന്തൻ തുടങ്ങിയവരുടെ സാന്നിധ്യവും ഇത് ശരിക്കും നടന്ന സംഭവമാണോ എന്ന ചിന്തയായിരുന്നു ആദ്യന്തം പിടിച്ചിരുത്തിയ മറ്റൊരു സംഗതി. പി എസ് സി ക്ലാസുകളിൽ കേട്ടിരുന്ന ഉദയംപേരൂർ സുന്നഹദോഹ് തുടങ്ങിയ സംഗതികളും ഡീഗോ ഗാർഷ്യ എന്ന ദ്വീപ് പ്രധാന പശ്ചാത്തലമായതും സത്യമേതാ മിഥ്യ ഏതാ എന്നുള്ള സംശയങ്ങൾ കൂട്ടി. ഇന്ത്യയുടെ അടുത്തായി ഇന്ത്യൻ മഹാസമുദ്രത്തിൽ അമേരിക്കൻ സൈനിക സാന്നിധ്യം എന്ന പേരിൽ ആണ് ആ ദ്വീപിനെ കുറിച്ച് കേട്ടത്. പക്ഷെ കഥയിലെ ഡീഗോ ഗാർഷ്യയിൽ അങ്ങനെ അമേരിക്കൻ സാന്നിധ്യം ഒന്നും പറയുന്നില്ല. പകരം മലയാളികളും തമിഴരും ശ്രീലങ്കൻ വംശജരും ഒക്കെ ധാരാളമായി താമസിക്കുന്ന, സുപ്രധാന പദവികൾ വഹിക്കുന്ന ഒരു പ്രദേശം ആയാണ് ചിത്രീകരിക്കുന്നത്. അതിനാൽ തന്നെ നോവൽ വായന ഇടയ്ക്ക് വെച്ച് നിർത്തി ഗൂഗിളിൽ ആ ദ്വീപിനെ കുറിച്ചും, അതിൻറെ ചരിത്രത്തിൽ ഇന്ത്യയിൽ നിന്ന് കുടിയേറിയവരുടെ പ്രാധാന്യത്തെക്കുറിച്ചുമൊക്കെ തിരഞ്ഞെങ്കിൽ അത് തീർച്ചയായും ആ റിയലിസ്റ്റിക് എഴുത്തിൻറെ വിജയമാണ്. (ഈ ഗൂഗിൾ തിരച്ചിലുകൾ വളരെ രസകരമായ അനുഭവം ആയിരുന്നു. ഇത് ചെയ്ത ആയിരങ്ങളിൽ ഒരുവൻ മാത്രമാണെന്ന് എനിക്ക് അപ്പോൾ മനസിലായി. 2010 സെപ്റ്റംബറിൽ നിധിൻ അന്ത്രപ്പേർ എന്നൊരാൾ എഴുതിയ ഒരു ബ്ലോഗിലാണ് ഈ അന്വേഷണം എന്നെ ചെന്നെത്തിച്ചത്. 2011 ആഗസ്റ്റിൽ ബെന്ന്യാമിൻറെ മഞ്ഞവെയിൽ മരണങ്ങൾ ഇറങ്ങിയതിന് ശേഷം നൂറുകണക്കിന് ആളുകളാണ് അതുവരെ അധികമാരും ശ്രദ്ധിക്കാതെ കിടന്ന ബ്ലോഗിൽ കമൻറുകൾ ഇടുന്നത്. എല്ലാവർക്കും അറിയേണ്ടത് കഥാ നായകൻ ക്രിസ്റ്റി അന്ത്രപ്പേർ എന്നയാളിനെ കുറിച്ചാണ്. അങ്ങനെ ഒരാൾ ആ കുടുംബത്തിൽ ഇല്ലെന്നും കുടുംബ ചരിത്രം താമസിയാതെ പുറത്തിറക്കുമെന്നും നിധിൻ പറയുന്നുണ്ട്. പലരും ഡീഗോ ഗാർഷ്യയുമായി അന്ത്രപ്പേർ കുടുംബത്തിനുള്ള ബന്ധത്തിനെക്കുറിച്ചും ചോദിച്ചിട്ടുണ്ട്. അതും ഫിക്ഷൻ തന്നെ ആണെന്ന് ആർക്കും ദഹിക്കുന്നില്ല. ഇതൊക്കെ ഉള്ളതാണെന്നും ക്രിസ്റ്റി ഇപ്പോളും എവിടെയോ ഉണ്ട് എന്നും വിശ്വസിക്കാൻ ആണ് എന്നെപ്പോലെ മിക്കവരും ആഗ്രഹിക്കുന്നതെന്ന് ആ കമന്റുകളിൽ നിന്നും മനസിലായി. ബെന്ന്യാമിനോടുള്ള ആരാധന അതൊക്കെ കണ്ടപ്പോൾ കൂടിക്കൂടി വന്നു).

രണ്ട് അന്വേഷണങ്ങൾ ആണ് നോവലിൽ പരാമർശിക്കുന്നത്. പ്രധാനമായും നായകൻ ക്രിസ്റ്റി അന്ത്രപ്പേർ, തനിക്ക് ചുറ്റും നടക്കുന്ന ദുരൂഹതകളെ കുറിച്ച് നടത്തുന്ന അന്വേഷണം, രണ്ടാമത് കഥാകാരൻ ശ്രീ ബെന്ന്യാമിനും സുഹൃത്തുക്കളും ക്രിസ്റ്റിയെ കുറിച്ച് നടത്തുന്ന അന്വേഷണം. ഇതിൽ ആദ്യത്തേത് ഏറെക്കുറെ പൂർണ്ണമാക്കുന്നുണ്ട്. എന്നാൽ രണ്ടാമത്തേത് ഈയടുത്ത് കണ്ട മാർട്ടിൻ പ്രക്കാട്ട് സിനിമ നായാട്ടിൻറെ ക്ലൈമാക്സ് പോലെ ബാക്കി വായനക്കാരന് പൂരിപ്പിക്കാൻ വിട്ടാണ് നിർത്തുന്നത്. സത്യം പറഞ്ഞാൽ അതൊരു ബ്രില്ലിയൻസ് ആണെന്ന് വായനക്കാർ നടത്തുന്ന ഞാൻ നടത്തിയ പോലെയുള്ള അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു. 

ഈ നോവലിൽ ഒരിടത്ത് പറയുന്നുണ്ട് ഒരു നോവലിന്റെ ആദ്യ അഞ്ച് പേജുകൾ വായിക്കുമ്പോൾ വായനക്കാരന് തീരുമാനിക്കാം അതിനെ എങ്ങനെ തുടർന്ന് പരിഗണിക്കണമെന്ന്. ആ രീതിയിൽ നോക്കിയാൽ ആദ്യ അഞ്ച് താളുകൾ മഞ്ഞവെയിൽ മരണങ്ങൾ വായിച്ചു കഴിയുമ്പോൾ നമുക്ക് ഒരു അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങും, എത്രയും വേഗം തുടർന്ന് എന്ന് സംഭവിക്കും എന്ന് അറിയാനുള്ള ആകാംക്ഷ കുത്തിവെക്കുന്ന അസ്വസ്ഥത. അത് നോവൽ ഒറ്റയിരുപ്പിന് വായിച്ചു തീർക്കാനും അതിനു ശേഷം ക്രിസ്റ്റിയെ കുറിച്ചോർത്ത് ആശങ്കപ്പെടാനും വരെ വായനക്കാരനെ എത്തിക്കുന്നു. ആടുജീവിതത്തിലെ നജീബ് യഥാർത്ഥം ആയിരുന്നത് പോലെ ഒരിക്കൽ ക്രിസ്റ്റി അന്ത്രപ്പേരുമായി ശ്രീ ബെന്ന്യാമിൻ പ്രത്യക്ഷപ്പെടും എന്ന് വിശ്വസിച്ചുകൊണ്ട് ഞാൻ നിർത്തുന്നു.