Monday, September 30, 2019

ഡൽഹി ഡേയ്സ് 2 : ഇൻഡ്യ ഗേറ്റ്

ഡേ 1: ഡൽഹി യാത്ര, ഇൻഡ്യ ഗേറ്റ്


വ്യാഴാഴ്ച വെളുപ്പിനേ എഴുന്നേറ്റ് കുളിയും ജപവും ഒക്കെ കഴിഞ്ഞ് ആറ് മണിക്ക് മുന്നേ ഞങ്ങൾ വീട്ടിൽ നിന്നും കാറിൽ നെടുമ്പാശ്ശേരിയിലേക്ക് യാത്ര ആരംഭിച്ചു. എത്ര വെളുപ്പിനെ യാത്ര പോണമെങ്കിലും അമ്മ അതിന് മുന്നേ തന്നെ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി തരും. പണ്ട് ഞാൻ വെളുപ്പിനെ തിരുവനന്തപുരത്ത് അഞ്ച് മണിക്ക് പോകുന്ന സമയത്തേ ഉള്ള പതിവ് ആണത്. (അന്നൊക്കെ ഉച്ചയ്ക്കുള്ള ചോറും കൂടി പൊതിഞ്ഞ് തന്നു വിടുമായിരുന്നു). അങ്ങനെ രാവിലെ തന്നെ ചൂട് ദോശയും തേങ്ങാ ചട്നിയും കട്ടൻ ചായയും കുടിച്ചിട്ട് ആണ് ഇറങ്ങിയത്. നിയക്കുട്ടി ഒന്നും കഴിച്ചില്ല. തിരക്ക് ഒട്ടും ഇല്ലാതിരുന്നതിനാൽ ഏഴര ആയപ്പോൾ തന്നെ ഞങ്ങൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി. കാർ അവിടെ തന്നെ പാർക്ക് ചെയ്തിട്ട് പോകാൻ ആണ് തീരുമാനിച്ചത്. ദിവസം 250 രൂപ ആണ് നിരക്ക്. തിരിച്ച് ഞങ്ങൾ വരുന്നത് തിങ്കൾ വൈകിട്ട് ആയതിനാൽ അഞ്ച് ദിവസത്തേക്ക് 1250 രൂപ മുൻ‌കൂർ ആയി നൽകി വണ്ടി പാർക്ക് ചെയ്തു. എന്തുകൊണ്ടും ലാഭകരമായ ഒരു ഏർപ്പാട് ആണ് അത് എന്ന് തോന്നി. വണ്ടി വിളിച്ച് പോയാൽ അതിൽ കൂടുതൽ ആവുകയും ചെയ്യും അതേപോലെ തിരിച്ചു പോകാനും വണ്ടി വിളിക്കേണ്ടി വരും. 

എട്ട് മണിക്ക് മുന്നേ ഞങ്ങൾ വിമാനത്താവളത്തിന്റെ ഉള്ളിൽ കടന്നു. ഇന്ത്യയുടെ ഉള്ളിൽ തന്നെ ഉള്ള യാത്ര ആയതിനാൽ മൊബൈലിൽ ഉള്ള ടിക്കറ്റ് കൂടാതെ ആധാർ കാർഡ് മാത്രം മതിയാകും യാത്രാ രേഖകളായി. എയർ ഇന്ത്യയുടെ വെബ് സൈറ്റിൽ വെബ് ചെക്ക് ഇൻ എന്നൊരു ഓപ്ഷൻ ഉണ്ട്. അത് ഉപയോഗിച്ച് യാത്രാ സമയത്തിന് 48 മണിക്കൂർ മുന്നേ നമുക്ക് ചെക്ക് ഇൻ ചെയ്യാം. വീട്ടുകാരുമായി പോകുമ്പോൾ വിൻഡോ സീറ്റ് ഉറപ്പാക്കുന്നതിൽ റിസ്ക് എടുക്കാൻ വയ്യാത്തതിനാൽ ഞാൻ നേരത്തെ അത് ചെയ്തുവച്ചു. വളരെ സിംപിൾ ആയി ചെയ്യാവുന്ന കാര്യം ആണ് അത്. ഗൂഗിൾ ക്രോം ബ്രൗസറിൽ ചെയ്യാൻ ബുദ്ധിമുട്ട് ആയതിനാൽ ഇന്റർനെറ്റ് എക്സ്പ്ലോറർ ബ്രൗസർ വെച്ചാണ് ചെയ്തത്. ഞങ്ങളുടെ കയ്യിൽ ഒരു ചെക്ക് ഇൻ ലഗ്ഗേജ് ഉണ്ടായിരുന്നതിനാൽ അത് കൗണ്ടറിൽ കൊണ്ടുപോയി ചെക്കിൻ ചെയ്തു വിട്ടു. 

വളരെ നേരത്തെ തന്നെ എത്തിയതിനാൽ വിമാനത്താവളം മൊത്തം നടന്നു കണ്ടു. മുൻപ് ഒരിക്കൽ അവിടെ നിന്നും യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോൾ മൊത്തം മാറിയിരിക്കുന്നു. ജീവസുറ്റ കുറെ കേരളാ കലാരൂപങ്ങൾ ഒക്കെ നിരത്തി മനോഹരം ആക്കിയിട്ടുണ്ട്. സെക്യൂരിറ്റി ചെക്കിനും കഴിഞ്ഞ് നേരത്തെ പോയി ഗേറ്റിന്റെ അടുത്ത് സീറ്റ് പിടിച്ചു.

നെടുമ്പാശ്ശേരിയിലെ കേരളാ കലാരൂപങ്ങൾ 

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കണ്ട കൃഷ്ണൻറെ കഥകളിരൂപത്തിനൊപ്പം നിയക്കുട്ടി 

കൃത്യസമയത്ത് തന്നെ ബോർഡിങ് ആരംഭിച്ചു. അങ്ങനെ ഒൻപത് അര കഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾ കയറിയ എയർ ഇന്ത്യയുടെ എയർബസ് 320 വിമാനം ചലിച്ചു തുടങ്ങി. നിയക്കുട്ടി വിൻഡോ സീറ്റിൽ ആകാംക്ഷയോടെ കാഴ്ചകൾ കണ്ടിരുന്നു. അടുത്തായി നിമ്മിയും. അറ്റത്താണെങ്കിലും എത്തി വലിഞ്ഞ് കാഴ്ചകൾ നോക്കിക്കൊണ്ട് ഞാനും. വിമാനം പൊങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഭക്ഷണം എത്തി. ആദ്യമായി ആകാശത്ത് നിന്നും ലഭിച്ച ഭക്ഷണം നിമ്മിയും നിയക്കുട്ടിയും ആസ്വദിച്ച് കഴിച്ചു. എനിക്ക് പിന്നെ ആകാശത്തിലാണെങ്കിലും ജലത്തിലാണെങ്കിലും ഭക്ഷണം ഒരു വീക്നസ് തന്നെ ആയത് കൊണ്ട് പ്രത്യേകിച്ച് പറയുന്നില്ല. കുറെ നേരം കാഴ്ച കണ്ടിരുന്നു കഴിഞ്ഞപ്പോൾ നിയക്കുട്ടി മടുത്ത് തുടങ്ങി. ആ തക്കം നോക്കി ഞാൻ വിൻഡോ സീറ്റിലേക്ക് ചാടി. തൂവെള്ള മേഘക്കെട്ടുകൾ ഭൂമിയെ മറച്ച് പരവതാനി വിരിച്ച പോലെ ഉണ്ടായിരുന്നു എങ്കിലും ഞാൻ പ്രതീക്ഷയോടെ താഴേക്ക് നോക്കിയിരുന്നു. ഈ വിമാനം യാത്ര ചെയ്യുന്ന പാത ഡിസ്പ്ലേ ചെയ്തിരുന്നെങ്കിൽ എന്ന് തോന്നി. കേരളം കഴിഞ്ഞപ്പോൾ തന്നെ അത് മനസിലായി. ആ പച്ചപ്പും വീടുകളുടെ ബാഹുല്യവും ഒക്കെ മാറി ചുവപ്പ് നിറത്തിൽ തരിശ് ഭൂമികൾ കണ്ടു തുടങ്ങി. ആൾപ്പാർപ്പ് കുറഞ്ഞ ഭൂപ്രദേശങ്ങൾ. പാറക്കെട്ടുകൾ, തമിഴ്‌നാട്ടിൽ കാണുന്ന തരാം കുറ്റിച്ചെടികൾ. ഇന്ത്യയുടെ മധ്യഭാഗത്തേക്കാണ് യാത്ര, പണ്ട് ഭൂമിശാസ്ത്ര ക്ലാസുകളിൽ പഠിച്ച നദികളും വിന്ധ്യാ സത്പുരാ പർവ്വതങ്ങളും അവയുടെ നടുവിലൂടെ ഒഴുകുന്ന നർമ്മദയും ഒക്കെ കാണും എന്ന് ഞാൻ ഓർത്തു. എവിടെ? ഏത് സംസ്ഥാനത്തിന് മുകളിലൂടെ ആണ് പറക്കുന്നത് എന്ന് പോലും അറിയാൻ പറ്റുന്നില്ല. മൊത്തം മേഘങ്ങൾ മാത്രം. അല്ലാത്തപ്പോൾ കുറെ തരിശ് ഭൂമിയും. 

കൃത്യസമയത്ത് തന്നെ വിമാനം ദില്ലിയിൽ ലാൻഡ് ചെയ്തു. മൂന്ന് മണിക്കൂർ മാത്രം എടുത്ത പറക്കൽ. ലഗ്ഗേജ് വരാൻ ശകലം താമസിച്ചു എന്നതൊഴിച്ചാൽ ബുദ്ധിമുട്ട് ഒട്ടും ഇല്ലായിരുന്നു. നല്ല നിലവാരം പുലർത്തിയ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഭാര്യയും കുട്ടിയുമായി ആദ്യ യാത്ര നടത്താൻ സാധിച്ചതിൽ സന്തോഷം തോന്നി. സിംഗപ്പൂരും ഹോങ്കോങ്ങും പോലുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളോട് കിടപിടിക്കുന്ന രീതിയിലാണ് ഇന്ദിരാഗാന്ധി വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്. ഇന്റർനാഷണൽ ഏരിയയിൽ ഞങ്ങൾ കടന്നില്ലെങ്കിൽ കൂടി മൊത്തത്തിൽ സംഭവം ജോർ ആയിരുന്നു.

ഞങ്ങൾ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 
ഡൽഹി വിമാനത്താവളത്തിൽ 
ഞങ്ങൾ പുറത്തിറങ്ങിയപ്പോളേക്കും ഒരു മലയാളി ചേട്ടൻറെ ടാക്സിയുമായി കണ്ണനും ചിത്രയും എത്തി. ഡൽഹി മലയാളിയായ ഗോപിച്ചേട്ടൻ പഴയൊരു പട്ടാളക്കാരനാണ്. എഴുപതുകളുടെ അവസാനം ഡൽഹിയിൽ താമസം തുടങ്ങിയ ഗോപിച്ചേട്ടന് ഡൽഹിയുടെ മുക്കും മൂലയും വളരെ പരിചിതമാണ്. അതിനേക്കാൾ ഉപരി ഡൽഹിയിലെ ട്രാഫിക്കിൽ എങ്ങനെ വണ്ടി ഓടിക്കണമെന്ന് വ്യക്തമായി അറിയാവുന്ന ആളുമാണ്. ആദ്യം ഒന്ന് പകച്ചെങ്കിലും കുറച്ചു നേരം പുള്ളിയുടെ കൂടെ കാറിൽ ഇരുന്ന് റോഡിലെ വാഹനങ്ങൾ നോക്കിയപ്പോൾ തന്നെ ഡൽഹി ട്രാഫിക്കിനെ കുറിച്ച് ഒരു ഏകദേശ ധാരണ ലഭിച്ചു. വളരെ മികച്ച ഗതാഗത സൗകര്യങ്ങളാണ് ദില്ലിയിൽ കാണാൻ കഴിഞ്ഞത്. ആറും എട്ടും ലൈനുകളുള്ള റോഡുകൾ, അന്താരാഷ്ട്ര നിലവാരമുള്ള ഓവർ ബ്രിഡ്ജുകൾ. തീർന്നു. ട്രാഫിക്കിനെ കുറിച്ചുള്ള നല്ല വശങ്ങൾ അത്ര മാത്രം.  ഈ റോഡുകളിൽ എല്ലാം നിറഞ്ഞ്, തോന്നിയ പോലെ ഓടുന്ന വണ്ടികൾ, ട്രാഫിക് നിയമങ്ങൾ കേട്ടിട്ട് പോലും ഇല്ലെന്ന് തോന്നി.  (വെറുതെ അല്ല കേന്ദ്രസർക്കാർ എടുത്താൽ പൊങ്ങാത്ത ട്രാഫിക് ചാർജുകൾ കൊണ്ട് വന്നത്. അവരുടെ മൂക്കിന്റെ താഴെ ആണല്ലോ ഇതൊക്കെ നടക്കുന്നത്. രസം എന്താന്ന് വെച്ചാൽ ഡൽഹിയിൽ പുതിയ ട്രാഫിക് ഫൈൻ നിരക്ക് ആണ് ഇപ്പോൾ. എന്നിട്ട് ആണ് ഈ പരുവം). ബൈ റോഡിൽ നിന്നും ആറുവരി പാതയിലേക്ക് അരക്കിലോമീറ്റർ പോകാതെ നേരെ റിവേഴ്‌സ് ഗിയറിൽ പുറകോട്ട് ഓടിച്ചു കയറ്റുന്നതൊക്കെ സർവ്വ സാധാരണം. റോഡിൽ ഉള്ളതിൽ 98 ശതമാനം വണ്ടികളും തട്ടുകയോ ഉരയുകയോ ചെയ്ത പാട് ഉള്ളതാണ് എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തി ഇല്ല.

ഞങ്ങൾക്ക് പ്രത്യേകിച്ച് ഇന്ന് പ്ലാനുകൾ ഇല്ല എന്ന് പറഞ്ഞപ്പോൾ ഗോപിച്ചേട്ടൻ തന്നെ ഒരു പ്ലാൻ മുന്നോട്ട് വച്ചു. ആദ്യം ഭരണ സിരാകേന്ദ്രമായ പാർലമെൻറ് മന്ദിരവും രാഷ്‌ട്രപതി ഭവനുമൊക്കെ സ്ഥിതിചെയ്യുന്ന രാജ്പഥ് റോഡിലേക്ക് പോകാം. വണ്ടിയിൽ ഇരുന്നു തന്നെ രാഷ്‌ട്രപതി ഭവൻ കണ്ടു. മുകളിലെ കൊടിമരത്തിൽ ദേശീയപതാക കാണാതിരുന്നതിൽ നിന്നും രാഷ്‌ട്രപതി ഇന്ത്യയിൽ ഇല്ല എന്ന് മനസിലായി. കഴിഞ്ഞ ദിവസം അദ്ദേഹം ഐസ് ലൻറ് സന്ദർശിക്കുന്ന വാർത്ത പത്രത്തിൽ കണ്ടത് ഓർമ്മ വന്നു. രാഷ്‌ട്രപതി ഭവനെ ഒന്ന് ചുറ്റി, ഗോപിച്ചേട്ടൻ വണ്ടി ഇന്ത്യാ ഗേറ്റിന് അഭിമുഖമായി കൊണ്ടുചെന്ന് നിർത്തി. ഞങ്ങൾ അവിടെ ഇറങ്ങി ഒന്ന് രണ്ട് ഫോട്ടോ എടുത്തിട്ട് പോരാം എന്ന് വെച്ചു.

രാഷ്‌ട്രപതി ഭവൻ. കാറിൽ നിന്നുള്ള കാഴ്ച്ച. രാജ്പഥിന്റെ എതിർവശം.
ഏതാനും മീറ്ററുകൾക്ക് മാത്രം അകലെ എഡ്വിൻ ല്യൂട്ടിൻസ് നിർമ്മിച്ച ആ മനോഹര നിർമ്മിതി, രാഷ്ട്രപതി ഭവൻ. തൊട്ട് മുന്നിലായി വലിയ കോട്ടകൾ പോലെ ആഭ്യന്തര വകുപ്പിൻറെയും ധനകാര്യ വകുപ്പിന്റെയും കാര്യാലയങ്ങൾ. അതിൻറെ ഉള്ളിലൂടെ അകത്തേക്ക് നീണ്ടു കിടക്കുന്ന റോഡ് രാഷ്ട്രപതി ഭവനിലേക്കാണ്. എന്നാൽ അങ്ങോട്ട് പ്രവേശിക്കാൻ മുൻപേ അനുമതി ഒക്കെ നേടേണ്ടതുണ്ട്. തന്നെയുമല്ല ഇന്ത്യയിലെ തന്നെ ഏറ്റവും സുരക്ഷ പ്രാധാന്യമുള്ള സ്ഥലമാണ്. ചുമ്മാ ചെന്ന് കേറി കൊടുത്താൽ പിന്നെ ലേലു അല്ലു ലേലു അല്ലു പറഞ്ഞു നിൽക്കാനേ പറ്റൂ. എന്തായാലും വാഹനങ്ങൾ അധികം ഇല്ലാത്ത റോഡിൻറെ മധ്യഭാഗത്ത് പോയി രാഷ്‌ട്രപതി ഭവന്റെ ഒരു ലോങ്ങ് ഷോട്ട് എടുക്കാം എന്ന് വിചാരിച്ച ഞാൻ തീർത്തും നിരാശനായി. റൈസിന ഹിൽസ് എന്ന ചെറിയൊരു കുന്നിന്റെ ഒരു ചെരുവിലായിട്ടാണ് രാഷ്‌ട്രപതി ഭവൻ നിർമ്മിച്ചിരിക്കുന്നത്. അതിൻറെ എതിർ വശത്തുള്ള ചരിവിലാണ് ഞാൻ നിൽക്കുന്നത്. അതായത് കുന്നിൻറെ മധ്യഭാഗത്താണ് ആഭ്യന്തര-ധനകാര്യ മന്ത്രാലയങ്ങൾ നിലകൊള്ളുന്നത്. നല്ല ഉയരമുള്ള രാഷ്‌ട്രപതി ഭവന്റെ ഏറ്റവും മുകളിലുള്ള മീനാരം മാത്രം ചെറുതായി കണ്ട് തൃപ്തിയടഞ്ഞു. വലത്ത് വശത്തായി പാർലമെൻറ് മന്ദിരം നിലകൊള്ളുന്നു. ബൃഹത്തായ ആ കെട്ടിടവും ചെറിയ ഒരു ഭാഗം മാത്രമേ അവിടെ നിന്നും നോക്കിയാൽ കാണാൻ സാധിക്കൂ.

രാജ്പഥ് സൈഡിൽ നിന്നുള്ള കാഴ്ച്ച. ഇടത് വശത്ത് ആഭ്യന്തര മന്ത്രാലയം, വലത് വശം ധനകാര്യ മന്ത്രാലയം.
അധികനേരം അവിടെ കിടന്ന് കറങ്ങുന്നതിൽ വലിയ ഗുണമൊന്നും ഇല്ലെന്ന് തോന്നിയതിനാൽ കാറിൽ കയറി ഇന്ത്യാ ഗേറ്റ് കാണാൻ പോയി. ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന രാജ്പഥ് എന്ന രാജപാതയിലൂടെ എന്റെ ആദ്യ യാത്ര. 71 വർഷങ്ങൾക്ക് മുൻപ് മഹാത്മാ ഗാന്ധിയുടെ നിശ്ചല ശരീരവും വഹിച്ചുള്ള വിലാപയാത്ര കടന്നുപോയപ്പോൾ ഇന്ത്യ മൊത്തം കണ്ണീരണിഞ്ഞ് തടിച്ചുകൂടിയ നിരത്തുവക്ക്.

രാജ്പഥിലൂടെ. മുന്നിൽ ഇന്ത്യാഗേറ്റ് 
ഇന്ത്യാ ഗേറ്റിന് മുൻപിലായി ഗോപിച്ചേട്ടൻ വണ്ടി നിർത്തി. കണ്ടു കഴിഞ്ഞ് അവിടെ വന്നാൽ മതി എന്ന് പറഞ്ഞ് പുള്ളി അവിടെ വെയിറ്റ് ചെയ്തു. ഡൽഹിയിൽ ഞങ്ങൾ ആദ്യമായി സന്ദർശിക്കാൻ പോകുന്ന നിർമ്മിതി. ഇന്ത്യാ ഗേറ്റ്. പ്രതീക്ഷിച്ചത് പോലെ പോയിട്ട് സാധാരണ ഗുരുവായൂർ അമ്പലത്തിൽ ഒക്കെ കാണുന്ന പോലുള്ള ചെറിയ സെക്യൂരിറ്റി മാത്രമേ അവിടെ കണ്ടുള്ളൂ. സെക്യൂരിറ്റിയെ കടന്നു ചെന്നാൽ അവിടെ ഫോട്ടോഗ്രാഫർമാരുടെ തിരക്കാണ്. വരുന്ന ഓരോ സഞ്ചാരിയുടെയും ഒപ്പം, ഇന്ത്യാഗേറ്റ് പശ്ചാത്തലമാക്കി വിവിധ ഫോട്ടോകൾ കാണിച്ച്, അതേപോലെ ഫോട്ടോ എടുത്ത് തരാമെന്നു പറഞ്ഞു മൂന്നോ നാലോ ആളുകൾ ക്യാമറയും തൂക്കി വരും. സഞ്ചാരികളേക്കാൾ കൂടുതൽ ഫോട്ടോഗ്രാഫർമാർ. അവരുടെ ശല്യം ഒഴിവാക്കിയാൽ ഇന്ത്യാഗേറ്റ് എന്ന നിർമ്മിതി നമുക്ക് ആസ്വദിക്കാം. ഒന്നാം ലോകമഹായുദ്ധത്തിലും ഇൻഡോ അഫ്ഗാൻ യുദ്ധത്തിലുമായി വീരചരമം പ്രാപിച്ച 70,000 ഇന്ത്യൻ സൈനികരുടെ ഓർമ്മയ്ക്കായി നിർമ്മിക്കപ്പെട്ട ആ മഹദ് നിർമ്മിതിയിൽ 13,300 സൈനികരുടെ പേരുകൾ ആലേഖനം ചെയ്തിട്ടുണ്ട്. ആ ഗേറ്റിന്റെ മദ്ധ്യത്തിലായി 1971 ലെ ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിൻറെ സ്മാരകമായ അമർ ജവാൻ ജ്യോതി നിലകൊള്ളുന്നു. ആ സ്മൃതി മണ്ഡപത്തിലാണ് റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രി പുഷ്പചക്രം അർപ്പിക്കുന്നത്. എഡ്‌വിൻ ല്യൂട്ടിൻസ് രൂപകൽപ്പന ചെയ്ത ഇന്ത്യാഗേറ്റും പരിസരവും ചുറ്റിനടന്ന് കാണാൻ മാത്രം ഉണ്ട്. വൈകുന്നേരങ്ങളിൽ നല്ല ദീപാലങ്കാരവും മറ്റും ആസ്വദിച്ച് അടുത്തുള്ള ഉദ്യാനങ്ങളിൽ വിശ്രമിക്കാം. എന്തായാലും ദില്ലി സന്ദർശനം നടത്തുന്നവർ ആദ്യം തന്നെ കണ്ട് തുടങ്ങേണ്ടത് ഇന്ത്യാഗേറ്റ് തന്നെ ആണെന്നാണ് എൻറെ ഒരു അനുഭവം. ഇടയ്‌ക്കോ അവസാനമോ ആണ് അവിടെ പോകുന്നതെങ്കിൽ ആ പ്രധാന നിർമ്മിതിയെ ആ പ്രാധാന്യത്തോടെ ആസ്വദിക്കുവാൻ സാധിക്കണം എന്നില്ല.

അമർ ജവാൻ ജ്യോതി 

ഇന്ത്യാഗേറ്റിന്‌ സമീപത്തുള്ള ഉദ്യാനം 
                                                                                                                  (തുടരും)

Sunday, September 29, 2019

ഡൽഹി ഡേയ്സ് 1: ബിഹൈൻഡ് ദി സീൻസ്

ഡേ:  0 : ബിഹൈൻഡ് ദി സീൻസ് 




തികച്ചും അവിചാരിതമായി ഈ ഓണം അവധിക്കാലത്ത് എൻറെ ഒരു ചിരകാലസ്വപ്നം പൂവണിഞ്ഞു. ശരിക്കും പറഞ്ഞാൽ ഒന്നല്ല അതിലേറെ സ്വപ്‌നങ്ങൾ ആണ് പൂവണിയപ്പെട്ടത് എന്ന് പറയാം. നമ്മുടെ തലസ്ഥാന നഗരമായ ഡൽഹി സന്ദർശിക്കണം എന്ന സ്വപനമാണ് ഈ അവധിക്കാലത്ത് പൂവണിഞ്ഞത്. തലസ്ഥാന നഗരം എന്നതിനേക്കാൾ ചരിത്രം ഉറങ്ങുന്ന ഡൽഹി എന്നതായിരുന്നു എൻറെ ലക്ഷ്യസ്ഥാനം. കുഞ്ഞുന്നാളുകളിലെ ചരിത്ര ക്ലാസുകളിൽ വായിച്ചു തള്ളിയ ചക്രവർത്തിമാരുടെയും സാമ്രാജ്യങ്ങളുടെയും പോരാട്ടങ്ങളുടെയും നാട്. അത് കാണുക എന്നത് ഒരു സ്വപ്നം തന്നെ ആയിരുന്നു. ഭാര്യയും കുട്ടിയുമായി ഒരു വിമാനയാത്ര എന്നതായിരുന്നു ഇതോടൊപ്പം പൂവണിഞ്ഞ മറ്റൊരു സ്വപ്നം. 

ഞാൻ ആദ്യമേ പറഞ്ഞില്ലേ തികച്ചും അവിചാരിതമായി ആണ് ഈ യാത്ര ഒത്തുവന്നത് എന്ന്. പണ്ടേ എനിക്ക് പോകണം പോകണം എന്ന് ആഗ്രഹമുള്ള സ്ഥലമായിരുന്നു ഡൽഹി എങ്കിലും അങ്ങോട്ട് പോകുന്നതിന് പല പല ഘടകങ്ങൾ മുന്നിൽ തടസമായി വന്നിട്ടുണ്ട്. ജോലിയിൽ നിന്നും ലീവ് എടുക്കൽ ആണ് ഒന്നാമത്തെ ഘടകം. ഒരിക്കൽ ടിക്കറ്റ് എടുക്കാൻ വരെ തുനിഞ്ഞതാണ്. അന്ന് ടിക്കറ്റിന്റെ തുക കണ്ട്, "ഇതിനേക്കാൾ ഭേദം വല്ല മലേഷ്യയോ തായ്‌ലാൻഡോ പോകുന്നതാണ്. അതാകുമ്പോൾ ഒരു വിദേശ രാജ്യം സന്ദർശിക്കുന്ന മെച്ചം ഉണ്ട് താനും" എന്ന് ചിന്തിച്ച് ആ പരുപാടി ഉപേക്ഷിച്ചിട്ടുണ്ട്. ഇപ്പ്രാവശ്യത്തെ ഓണത്തിന് അടുപ്പിച്ച് കുറെ ദിവസം അവധി വന്നപ്പോളും ഒരു ദീർഘ യാത്ര മനസ്സിൽ വന്നില്ല. പതിവ് പോലെ ഇടുക്കിയോ തമിഴ് നാടോ ഒരു കറക്കം എന്നേ കരുതിയിരുന്നുള്ളൂ. അപ്പോളാണ് കസിൻ കണ്ണൻ, ഭാര്യ ചിത്രയുമായി ഓസ്‌ട്രേലിയയിൽ നിന്നും ഒരു മാസത്തെ അവധിക്ക് നാട്ടിൽ ലാൻഡ് ചെയ്തത്. അവർ കുറച്ചു ദിവസത്തേക്ക് ഡൽഹിയിൽ പോകാൻ തീരുമാനിച്ച് ടിക്കറ്റ് ഒക്കെ എടുത്താണ് വന്നിരിക്കുന്നത്. ചിത്രയുടെ ആന്റി ഡൽഹിയിൽ ഉണ്ടെന്നുള്ളതും കണ്ണൻ ദീർഘനാൾ ഡൽഹിയിൽ താമസിച്ചിട്ടും ഇതുവരെ ചിത്ര ഡൽഹി കണ്ടിട്ടില്ല എന്നതുമായിരുന്നു അവരുടെ യാത്രയുടെ പിന്നിലുള്ള കാരണങ്ങൾ. വീട്ടിൽ വന്ന് കണ്ണൻ എന്നോട് അവരുടെ ഈ പ്ലാൻ പറഞ്ഞു കഴിഞ്ഞപ്പോൾ "നീ മുൻപേ പറഞ്ഞിരുന്നെങ്കിൽ ഞങ്ങളും കൂടെ വരാമായിരുന്നു" എന്ന ഡയലോഗ് ഒരു ഫോർമാലിറ്റിക്ക് വെച്ച് അലക്കിയത്. 

കണ്ണനൊക്കെ വീട്ടിൽ നിന്നും പോയി കഴിഞ്ഞു ഞാൻ പതിവ് പോലെ കമ്പ്യൂട്ടറും കുത്തി ഇരുന്നപ്പോൾ ഭാര്യ ഒരു കസേരയും എടുത്ത് അടുത്ത് വന്നിരുന്നു. 

"മുൻപേ പറഞ്ഞിരുന്നെങ്കിൽ നമുക്കും പോകാമായിരുന്നല്ലേ?"

"എവിടെ?"

"ഡൽഹിയിൽ....അവരുടെ കൂടെ....അതാകുമ്പോൾ കണ്ണന് സ്ഥലം ഒക്കെ അറിയാല്ലോ"

"ഓ അത് ഞാൻ ചുമ്മാ ആ ഫ്ലോയിൽ പറഞ്ഞതാ....നടപടി ആകണ കേസൊന്നുമല്ല"  ഞാൻ കമ്പ്യൂട്ടറിലേക്ക് ഊളിയിട്ടു. 

ഒന്ന് രണ്ട് മിനിറ്റ് നേരത്തെ നിശബ്ദത. 

"ടിക്കറ്റ് ഉണ്ടെങ്കിൽ നമുക്കും പോകാം അല്ലേ"

"എങ്ങനേ?" ഞാൻ കമ്പ്യൂട്ടറിൽ നിന്നും കണ്ണെടുത്തു.

"അല്ല. ഇപ്പോൾ ആകുമ്പോൾ അവധി ഉള്ളത് കൊണ്ട് ലീവ് എടുക്കേണ്ടല്ലോ"

"ഒന്ന് പോയേ...പണ്ട് ടിക്കറ്റ് നോക്കിയത് ഓർമ്മ ഉണ്ടല്ലോ...ഒരാൾക്ക് എങ്ങനെ പോയാലും എണ്ണായിരം രൂപ എങ്കിലും ആകും ഒരു സൈഡ് തന്നെ. അങ്ങനെ നോക്കിയാൽ തന്നെ കുറഞ്ഞത് പത്ത് അമ്പതിനായിരം രൂപ വിമാനക്കൂലി മാത്രം !!!അത് തന്നെയുമല്ല ഓണം സീസൺ ആയത്കൊണ്ട് ടിക്കറ്റ് ഒക്കെ ഫുൾ ആയിരിക്കും.

വീണ്ടും നിശബ്ദത. ഇച്ഛാഭംഗത്തോടെ ഇരിക്കുന്ന വാമഭാഗത്തെ ഒന്ന് സമാധാനിപ്പിക്കാൻ ഉടനെ ഞാൻ ഗൂഗിൾ എടുത്ത് കൊച്ചി-ഡൽഹി വിമാന നിരക്ക് സെർച്ച് ചെയ്തു. റേറ്റ് കണ്ട് ഞെട്ടുമ്പോൾ ഈ ഇച്ഛാ ഭംഗം ഒക്കെ അങ്ങ് മാറിക്കോളും. അല്ല പിന്നെ 

റേറ്റ് കണ്ടപ്പോൾ ഞെട്ടിയത് ഞാൻ ആയിരുന്നു. 8000 പ്രതീക്ഷിച്ച സ്ഥാനത്ത് 6000 അടുത്ത് മാത്രം. അതോടെ എനിക്ക് ആവേശമായി. കണ്ണൻ ഒക്കെ യാത്ര ചെയ്യുന്നത് തിരുവോണ നാളിൽ പോയി അടുത്ത ഞായറാഴ്ച മടങ്ങുന്ന രീതിയിൽ ആയിരുന്നു. ഞാൻ ആ ദിവസം മൊത്തത്തിൽ ഒരു ദിവസം മുന്നോട്ട് തള്ളി നീക്കി. അവിട്ടതിന് പോയി അടുത്ത തിങ്കൾ മടക്കം. എൻറെ ഊഹം തെറ്റിയില്ല. രണ്ട് പ്രധാന അവധി ദിനങ്ങൾ മാറി കിട്ടിയതോടെ ടിക്കറ്റ് നിരക്ക് അയ്യായിരത്തിലെത്തി. അപ്രതീക്ഷിതമായി ലോട്ടറി അടിച്ച പോലെ ഞാൻ ഭാര്യയെ നോക്കി. 

"ബുക്ക് ചെയ്യട്ടെ"

"ശരിക്കും??"

"ഇപ്പോൾ ഇല്ലെങ്കിൽ ഇനി ഇല്ല"

"എന്നാൽ കൊടുക്ക്...കണ്ണനോട് ഒന്ന് വിളിച്ച് ചോദിക്കണോ?"

"എന്ത് ചോദിക്കാൻ...നമ്മളും വരുന്നുണ്ടെന്ന് പറഞ്ഞേക്ക്"

അങ്ങനെ ടിക്കറ്റ് ബുക്ക്ഡ്. 

എല്ലാത്തിനും അതിന്റേതായ ഒരു സമയമുണ്ട് ദാസാ എന്നാണല്ലോ? പലപ്പോഴായി വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് സ്വന്തം കാശ് മുടക്കി ടിക്കറ്റ് മേടിക്കുന്നത്. അതും കുടുംബ സമേതം.  അങ്ങനെ യാത്രയ്ക്കായി ദിനങ്ങൾ എണ്ണിത്തുടങ്ങി. ഈ യാത്ര എന്തായാലും ഒരു വിനോദ യാത്ര എന്നതിനേക്കാൾ ഇതുവരെ കാണാത്ത, അനുഭവിക്കാത്ത ഒരു ദേശത്തേക്ക്, ഒരു സംസ്കാരത്തിലേക്ക് ഉള്ള യാത്രയായി കണ്ട് അതിനെ അടുത്തറിയണം എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു (കടപ്പാട് സന്തോഷ് ജോർജ്ജ് കുളങ്ങരയ്ക്ക്). ദില്ലിയിൽ എത്തിയാൽ കാണേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കൽ ആയിരുന്നു ആദ്യം. അതിനായി കുറെ വെബ് സൈറ്റുകൾ കയറിയിറങ്ങി ലിസ്റ്റ് ഉണ്ടാക്കി, അത് കണ്ണനുമായി ചർച്ച ചെയ്ത് പ്രാക്റ്റിക്കൽ വശങ്ങൾ ആലോചിച്ചു. അപ്പോളാണ് കണ്ണൻ അതിൽ മിക്ക സ്ഥലങ്ങളും ഇതുവരെ കണ്ടിട്ടില്ല എന്ന് മനസിലായത്. അപ്പോൾ പിന്നെ പരമാവധി കവർ ചെയ്യുന്ന രീതിയിൽ ഒരു പ്ലാൻ ഉണ്ടാക്കാം എന്ന് തീരുമാനിച്ച് അടുത്ത ഘട്ടത്തിലേക്ക് കടന്നു. അവിടെ നിന്നും കഴിക്കേണ്ട സ്‌പെഷ്യൽ ഫുഡ് എന്തൊക്കെ എന്നതായി. പഴയ ദില്ലിയിലെ സ്ട്രീറ്റ് ഫുഡ് ഭയങ്കര പ്രസിദ്ധം ആണെന്ന് കേട്ടിട്ടുണ്ട്. ഒന്ന് രണ്ട് കടകളുടെ പേരൊക്കെ നോക്കി വെച്ചു. ഷോപ്പിംഗ് നടത്താൻ പറ്റിയ സ്ഥലങ്ങൾ കൂടെ തപ്പിക്കഴിഞ്ഞതോടെ മാനസികമായി ഞങ്ങൾ യാത്രയ്ക്ക് തയ്യാറായി കഴിഞ്ഞു. 

ഡൽഹിയെ കുറിച്ച് ഒരു യാത്രാ വിവരണം ആണോ ഉദ്ദേശം എന്ന് ചോദിച്ചാൽ ആണെന്നോ അല്ലെന്നോ പറയാൻ പറ്റില്ല. എം മുകുന്ദൻ തുടങ്ങി കേരള സാഹിത്യത്തിലെ പ്രഗത്ഭരും നവയുഗ ബ്ലോഗർ മാരും വരെ അതി മനോഹരമായി വിവരിച്ചിട്ടുള്ളതാണ് ഡൽഹിയെ. ഇത് എൻറെ യാത്രാ അനുഭവങ്ങളാണ്. ഒരു ഓന്തിനെ പല നിറങ്ങളിൽ ആളുകൾ കാണുന്ന പോലെ പലപ്പോഴും പല രീതിയിൽ ആയിരിക്കും ഒരു സ്ഥലത്തിനെ ഒരാൾക്ക് അനുഭവേദ്യമാകുന്നത്. അതിൽ അഞ്ച് ദിവസങ്ങളിലായി ഞാൻ കണ്ട ഡൽഹി എന്ന അനുഭവമാണ് ഇവിടെ കുറിക്കുന്നത്.

കണ്ണനും ഭാര്യയും താമസിക്കുന്നത് അവരുടെ ആന്റിയുടെ വീട്ടിൽ ആണെന്ന് പറഞ്ഞു. രോഹിണി സെക്റ്ററിൽ റിതാല എന്ന സ്ഥലത്താണ് ആന്റിയും കുടുംബവും താമസിക്കുന്നത്. ഞങ്ങൾക്ക് സ്ഥലങ്ങൾ കാണുന്നതിനായി ഒരു മലയാളിയുടെ വണ്ടി പറഞ്ഞിട്ടുണ്ടെന്ന് അവർ അറിയിച്ചു. ഒരു ദിവസം അതായത് വെള്ളിയാഴ്ച ഡൽഹി ടൂറും അടുത്ത ദിവസം, ശനിയാഴ്ച ആഗ്ര യാത്രയുമാണ് ആ വണ്ടിക്കാരനോട് ഏർപ്പാടാക്കിയിരിക്കുന്നത് എന്ന് അറിയാൻ കഴിഞ്ഞു. അപ്പോൾ ഇനി ചെല്ലുന്ന ദിവസവും തിരിച്ചു വരുന്ന ദിവസവും കൂടാതെ ഞായറാഴ്ച മാത്രമാണ് ഉള്ളത്. ഡൽഹി ടൂറിൽ കാണാൻ കഴിയാത്ത സ്ഥലങ്ങൾ ആ സമയം കൊണ്ട് തീർക്കണം എന്ന് ഉറപ്പിച്ചു. റിതാല എന്ന സ്ഥലം ഡൽഹി മെട്രോ റെഡ് ലൈൻ അവസാന സ്റ്റേഷൻ ആണെന്ന് അറിഞ്ഞപ്പോൾ ഒരു ഐഡിയ മനസ്സിൽ കത്തി. എയർപോർട്ടിൽ നിന്നും ഒരു മെട്രോ ലൈൻ ഉണ്ട്. അങ്ങനെ രണ്ട് ലൈൻ മാറി കയറിയാൽ സുഖമായി ഈ പറഞ്ഞ സ്ഥലത്ത് എത്തും. ടാക്സി വഴി എടുക്കുന്ന സമയവും മെട്രോ വഴി എത്താൻ എടുക്കുന്ന സമയവും ഏറെക്കുറെ ഒരുപോലെ ആണെന്നതും പണ്ട് ജപ്പാനിൽ വച്ച് ടോക്യോ മെട്രോയിൽ ഇതുപോലെ ലൈനുകൾ മാറി കയറിയ അനുഭവം വീട്ടുകാർക്കും വിവരിച്ച് കൊടുക്കാം എന്നൊക്കെ ഓർത്തപ്പോൾ ഞാൻ അത് അങ്ങ് മനസ്സിൽ ഉറപ്പിച്ചു. കണ്ണനോട് എന്റെ ഈ പ്ലാൻ പറഞ്ഞപ്പോൾ തന്നെ അവൻ ചോദിച്ചു

"അണ്ണാ അത് വേണോ?"

"വേണം. അതാകുമ്പോൾ സുഖമായി റിതാല വരാം. വരുന്ന വഴി മെട്രോയിൽ ഇരുന്ന് ഡൽഹി ഒക്കെ നന്നായി കാണുകയും ചെയ്യാലോ. അവിടെ വന്നിട്ട് നമുക്ക് എങ്ങോട്ടെങ്കിലും കറങ്ങാൻ പോകാം."

"അതല്ല അണ്ണാ. ഈ ഡൽഹി മെട്രോ എന്ന് പറയുന്നത് ജപ്പാനിലെ പോലെ അല്ല. നല്ല തിരക്ക് ആയിരിക്കും. പിന്നെ ആൾക്കാരൊക്കെ ഒരുമാതിരി കച്ചറ ആണ് അണ്ണാ. ലൈൻ മാറി കയറാൻ ഒക്കെ നല്ല പാട് പെടും"

"ശരിയാണ് ഏട്ടാ, നമുക്ക് വല്ല ടാക്സി വിളിച്ചും പോകാം. ഈ ലഗ്ഗേജ് ഒക്കെ ആയി ട്രെയിനിൽ പോകാം എന്ന് പറഞ്ഞാൽ..." നിമ്മിക്കും കണ്ണൻ പറയുന്നതിൽ എന്തോ കാര്യം ഉണ്ടെന്ന് കത്തി തുടങ്ങി.

"അതാ അണ്ണാ നല്ലത്. ഞാൻ ഒരു പ്ലാൻ പറയാം. നിങ്ങൾ വരുന്ന സമയം നോക്കി ഞങ്ങൾ ഒരു കാറിൽ അങ്ങോട്ട് വരാം. എന്നിട്ട് നേരെ പോയി ഇന്ത്യ ഗേറ്റ് ഒക്കെ കണ്ട് പോകാം"

ആ ഐറ്റം കൊള്ളാമല്ലോ എന്ന് എനിക്കും തോന്നി. അങ്ങനെ മെട്രോ പരുപാടി ഡ്രോപ്പ്ഡ്.

കണ്ണനും ഭാര്യയും നേരത്തെ തന്നെ ടിക്കറ്റ് എടുത്തിരുന്നതിനാൽ അവർ തിരുവോണദിവസം സദ്യ കഴിഞ്ഞ് യാത്ര തിരിച്ചു. വീട്ടിൽ സമൃദ്ധമായ ഓണാഘോഷവും കഴിഞ്ഞു ഞങ്ങൾ നേരത്തെ കട്ടിലിൽ സ്ഥാനം പിടിച്ചു. നാളെ, അതായത് വ്യാഴാഴ്ച, അവിട്ടത്തിന്റെ അന്ന് രാവിലെ 10 മണിക്കാണ്‌ ഫ്ലൈറ്റ്. രണ്ട് മണിക്കൂർ എടുക്കും വീട്ടിൽ നിന്നും നെടുമ്പാശ്ശേരിയിൽ എത്താൻ. ഡൊമസ്റ്റിക് ഫ്ലൈറ്റ് ആയതിനാൽ യാത്രാ സമയത്തിന് രണ്ട് മണിക്കൂർ മുന്നേ എങ്കിലും വിമാനത്താവളത്തിൽ എത്തണം. അങ്ങനെ നോക്കിയാൽ കുറഞ്ഞത് 6 മണിക്ക് എങ്കിലും യാത്ര തുടങ്ങണം. അതിനാൽ ഉറക്കം വരാത്ത മനസുമായി കട്ടിലിൽ നാളത്തെ യാത്രയെയും ആലോചിച്ച് ഞാൻ കിടന്നു. സമീപത്ത് ആദ്യമായി നടത്താൻ പോകുന്ന വിമാന യാത്രയുടെ ടെൻഷനുമായി നിദ്രയെ ധ്യാനിച്ച് ഭാര്യയും മകളും.

                                                                                           (തുടരും)

(ചിത്രത്തിന് കടപ്പാട് ഗൂഗിളിനോട്)