Tuesday, August 23, 2022

വായനാനുഭവം - ഫ്രാൻസിസ് ഇട്ടിക്കോര


സമീപകാലത്ത് ഇത്രയും ആഗ്രഹിച്ച് വായിച്ച മറ്റൊരു പുസ്‌തകം ഉണ്ടായിരുന്നില്ല. ഇതുവരെ ആയിട്ടും ഫ്രാൻസിസ് ഇട്ടിക്കോര വായിച്ചിട്ടില്ല എന്നത് ഒരു കുറച്ചിലായിത്തന്നെ തോന്നിത്തുടങ്ങിയപ്പോഴാണ് ആ പുസ്‌തകം ഞാൻ വായിക്കുന്നത്. അപ്പോഴേക്കും ശ്രീ ടി ഡി രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോര എന്ന മാസ്റ്റർപീസ് പുറത്തിറങ്ങിയിട്ട് കൃത്യം 13 വർഷം പൂർത്തിയായിരുന്നു. ഇരുപത്തിമൂന്നാമത്തെ പതിപ്പായിരുന്നു ഞാൻ വായിച്ചത് എന്നതിൽ നിന്നും ആ പുസ്‌തകത്തിന്റെ ജനപ്രീതിയെക്കുറിച്ച് വ്യക്തമായ ധാരണകൾ ലഭിച്ചിരുന്നു. ഇനി ആ പുസ്‌തകത്തിന്റെ വായനാനുഭവങ്ങളിലേക്ക് കടക്കാം.

ആദ്യം കൃതിയുടെ പോസിറ്റിവ് വശങ്ങളിലേക്ക്. മലയാളത്തിൽ ഇതുവരെ കണ്ടുശീലിച്ചിട്ടില്ലാത്ത ഇട്ടിക്കോരയുടെ രചനാശൈലി അത്ഭുതപ്പെടുത്തി. തുടക്കത്തിൽത്തന്നെ വായനക്കാരെ ഞെട്ടിക്കുകയും പിടിച്ചിരുത്തുകയും ചെയ്യുന്ന അവതരണം. ആധികാരികമായി തയ്യാറാക്കപ്പെട്ട ഒരു കെട്ടുകഥ. മലയാളത്തിലെ മികച്ച എഴുത്തുകാരിൽ ഒരാളായി ശ്രീ. ടി ഡി രാമകൃഷ്ണനെ നിസംശയം പരിചയപ്പെടുത്താൻ സഹായിക്കുന്ന ഗ്രന്ഥം. ഈ ഒരു പുസ്തകരചനയ്ക്കായി അദ്ദേഹം നടത്തിയിട്ടുള്ള പഠനങ്ങളെ മനസാ സ്മരിക്കാതെ വയ്യ. മലയാളത്തിൽ കണ്ടുശീലിച്ചിട്ടില്ലാത്ത കാനിബോളിസം പോലുള്ള വയലൻസും റേപ്പ് ഉൾപ്പെട്ട ലൈംഗികതയും ഒരു ട്രെൻഡ് സെറ്റർ ആകുന്ന ലക്ഷണമുണ്ട്. ഡാൻ ബ്രൗണിനെ പോലുള്ള വിദേശ എഴുത്തുകാർക്ക് മാത്രമല്ല നമ്മൾ മലയാളികൾക്കും മിത്തും മിസ്റ്ററിയും അടങ്ങിയ ഉപജാപസിദ്ധാന്തങ്ങൾ എഴുതിഫലിപ്പിക്കാൻ പറ്റും എന്ന് തോന്നിപ്പിക്കുന്ന ഒരു കൃതി. 

ഇനി കഥയിലേക്ക് കടക്കാം. പണ്ട് ചരിത്ര ക്ലാസുകളിൽ വാസ്‌കോ ഡ ഗാമ ഇന്ത്യയെ കണ്ടെത്തിയെന്നും കേരളക്കരയിലെത്തിയ സായിപ്പ് ഈ നാട്ടിലെ സമ്പന്നതയെയും സംസ്‌കാരത്തെയും കണ്ട് കണ്ണുമിഴിച്ചു നിന്നുപോയി എന്നുമൊക്കെ വായിച്ചപ്പോൾ തോന്നിയ ഒരു സംശയമുണ്ട്. എന്തുകൊണ്ട് അത്ര സമ്പന്നരായിരുന്ന മലയാളികൾ ആരും കപ്പലോടിച്ച് മറ്റ് രാജ്യങ്ങൾ തിരഞ്ഞ് പോയില്ല എന്നത്. എന്നാൽ അങ്ങനെ മലയാളികൾ കപ്പലോടിച്ച് പോയിട്ടുണ്ട്. പോയിട്ടുണ്ട് എന്ന് മാത്രമല്ല യൂറോപ്പിൽ നമ്മുടെ സ്വകാര്യ അഹങ്കാരം ആയ കുരുമുളകും മറ്റും വിറ്റ് പണവും സ്വാധീനവും ആവോളം നേടിയിട്ടുമുണ്ട്. അങ്ങനെ ഒരാളാണ് കുന്നുംകുളംകാരനായ ഫ്രാൻസിസ് ഇട്ടിക്കോര എന്ന കോരപ്പാപ്പൻ. കോരപ്പാപ്പനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളാണ് കഥയുടെ നട്ടെല്ല്. കച്ചവടത്തിലും കണക്കിലും കാമത്തിലും അഗ്രഗണ്യനായ കോരപ്പാപ്പൻ ഇറ്റലിയിലെ വരേണ്യവർഗത്തിനിടയിൽ വ്യക്തമായ സ്വാധീനം ഉള്ള ആളായിരുന്നു. വിവിധ രാജ്യങ്ങളിലായി 18 ഭാര്യമാരും 79 മക്കളും ഉണ്ടായിരുന്ന അദ്ദേഹത്തിൻറെ പിൻഗാമികൾ പതിനെട്ടാംകൂറ്റുകാർ എന്ന നിഗൂഢ സംഘമായി തുടരുന്നു. പാപ്പന്റെ ഒരു വിദേശ ബന്ധത്തിൽ ഉണ്ടായ സേവ്യർ ഇട്ടിക്കോര എന്ന അമേരിക്കക്കാരൻ കേരളത്തിലേക്ക് വരാൻ തയ്യാറെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് കഥ പുരോഗമിക്കുന്നത്. 

നമ്മുടെ ഇടയിൽ നാം അറിയാതെ പ്രവർത്തിക്കുന്ന ഇല്യൂമിനാട്ടി പോലുള്ള നിഗൂഢ സംഘങ്ങൾ എന്നും സാഹിത്യലോകത്തും സിനിമകളിലും ഒരു മിനിമം ഗ്യാരണ്ടി സൃഷ്ടിക്കുന്ന മസാലക്കൂട്ടാണ്‌.  അത്തരം ഒരു നിഗൂഢ സംഘമായ പതിനെട്ടാംകൂറ്റുകാർ ഫ്രാൻസിസ് ഇട്ടിക്കോരയെ ജനപ്രിയമാക്കുന്നതിൽ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്.പ്രഗത്ഭരായ പല മാത്തമാറ്റിഷ്യന്മാരും സാക്ഷാൽ ഡാവിൻസിയും മൈക്കൽ ആഞ്ചലോയുമൊക്കെ ഈ മിത്തിൽ ഇടംപിടിക്കുന്നു. പ്രത്യേകിച്ചും പുരാതന റോമൻ ഗണിതശാസ്ത്രജ്ഞ ഹൈപ്പേഷ്യ കുറേ അധ്യായങ്ങളിൽ പരാമർശിക്കപ്പെടുന്നുണ്ട്. പുട്ടിന് പീരയെന്നപോലെ അതിസുന്ദരികളായ സ്ത്രീ കഥാപാത്രങ്ങളും വ്യത്യസ്ത ലൈംഗിക പരാക്രമങ്ങളും കടന്നുവരുന്നുണ്ട്. 

അവസാനമായി എനിക്ക് അനുഭവപ്പെട്ട നെഗറ്റീവ് വശങ്ങൾ പറയാം. ഇട്ടിക്കോരയെ അവതരിപ്പിച്ചിരിക്കുന്നത് ഇഷ്ടപ്പെട്ടെങ്കിലും കുറച്ചൊക്കെ ഓവറായി തോന്നി. മനോഹരമായി ഭൂരിഭാഗവും എഴുതിയിട്ടുള്ള നോവലിൻറെ അവസാനം എടുപിടിയിൽ അവസാനിപ്പിക്കുന്നത് പോലെയായിപ്പോയി. ഗണിതചരിത്രവും ഗണിതശാസ്ത്രജ്ഞരെയുമൊക്കെ കുറച്ചധികം വിവരിച്ചത് അൽപ്പം കുറച്ചിരുന്നെങ്കിൽ പുസ്‌തകം വേറൊരു ലെവൽ ആയി മാറുമായിരുന്നു. ആ ഭാഗങ്ങൾ ബോറടിപ്പിച്ചു എന്ന് പറയാതെ വയ്യ. ലോകത്തിൽ നടന്നിട്ടുള്ള ഒട്ടുമിക്ക സംഭവങ്ങളും ഇട്ടിക്കോരയിൽ പ്രതിപാദിക്കണം എന്നൊരു ഉദ്ദേശത്തോടെ വിവരിക്കപ്പെട്ടത് പോലെ തോന്നി. മിക്ക സംഭവങ്ങളും എന്തിനാണ് ഇതിൽ പ്രതിപാദിച്ചതെന്ന് സത്യം പറഞ്ഞാൽ മുഴുവൻ വായിച്ചു തീർന്നപ്പോഴും മനസിലായില്ല. 

അവസാനവാക്ക് : ഒട്ടേറെ പ്രതീക്ഷിച്ച് ചെന്നത് കൊണ്ടായിരിക്കും അത്രയ്ക്ക് അങ്ങ് ഏശിയില്ല. വിവരിക്കപ്പെട്ട ഒട്ടേറെ സംഭവങ്ങൾ എല്ലാംകൂടി മനസിലാക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ച ദഹനക്കേട് ആയിട്ട് കൂട്ടിയാൽ മതി. അത് എൻറെ മാത്രം കുഴപ്പമാകാം. ടി ഡി രാമകൃഷ്ണൻ നിരാശപ്പെടുത്തിയില്ല. മലയാളത്തിന് ഒട്ടേറെ വ്യത്യസ്ത രചനകൾ ആ തൂലികയിൽ നിന്നും പ്രതീക്ഷിക്കാം.

Sunday, August 21, 2022

വായനാനുഭവം - അന്ധർ ബധിരർ മൂകർ


ശ്രീ ടി ഡി രാമകൃഷ്ണൻ എഴുതിയ അന്ധർ ബധിരർ മൂകർ എന്ന കൃതിയായിരുന്നു അദ്ദേഹത്തിന്റേതായി ഞാൻ ആദ്യമായി വായിക്കുന്ന പുസ്‌തകം എന്ന മുൻ‌കൂർ ജാമ്യത്തോടെ ആ പുസ്‌തകവുമായി ബന്ധപ്പെട്ട എൻറെ വായനാനുഭവം ഇവിടെ കുറിക്കുന്നു. 

'സാമൂഹ്യപ്രതിബദ്ധതയുള്ളവനാകണം ഒരു സാഹിത്യകാരൻ'. നാട്ടിൽ ഒച്ചപ്പാട് ഉണ്ടാക്കുന്ന ഏതൊരു വാർത്തയോട് ചേർന്നും ഇതുപോലുള്ള ഒരു ആവശ്യം ആരെങ്കിലും ഉന്നയിച്ച് കേൾക്കാറുണ്ട്. സാഹിത്യകാരൻ ആയിപ്പോയി എന്ന ഒറ്റക്കാരണത്താൽ എല്ലാ വിഷയത്തെക്കുറിച്ചും ആധികാരികമായി പ്രതികരിക്കുവാൻ സാധിക്കുന്ന ഒരാളായി ഒരാൾ മാറും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്നാൽ ഏത് വിഷയത്തെക്കുറിച്ചും ഏതൊരാൾക്കും എഴുതാനുള്ള സ്വാതന്ത്ര്യം നമ്മുടെ സമൂഹം അനുവദിച്ചുനൽകിയിട്ടുണ്ട്. ആ സ്വാതന്ത്ര്യത്തിൻറെ മകുടോദാഹരണമാണ് ശ്രീ.ടി.ഡി.രാമകൃഷ്ണൻ എഴുതിയിട്ടുള്ള 'അന്ധർ ബധിരർ മൂകർ'. 

ജനാധിപത്യരാജ്യമായ ഇന്ത്യയിൽ ഒരു നിയമം മൂലം ഒരു സമൂഹം അനുഭവിക്കേണ്ടി വരുന്ന അവസ്ഥയെയാണ് നോവലിൻറെ പേര് അർത്ഥമാക്കുന്നത്. ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇതാണ് ഇതാണ് എന്ന് ജവഹർലാൽ നെഹ്‌റു വിശേഷിപ്പിച്ച കാശ്മീരിന് പ്രത്യേക അധികാരം നൽകിയ ഭരണഘടനാ ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിനെ തുടർന്ന് കാശ്മീരി ജനത അനുഭവിക്കുന്ന പ്രതിസന്ധികളാണ് നോവലിൻറെ ഇതിവൃത്തം. ഇന്ത്യയിലെത്തന്നെ ഏറ്റവും മനോഹരമായ ആ ഭൂപ്രദേശം സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവും കൂടുതൽ സംഘർഷങ്ങളിലൂടെ കടന്നുപോയിട്ടുള്ള മേഖല കൂടിയാണ്. സംഘർഷങ്ങളും തീവ്രവാദികളും പട്ടാളക്കാരും നിരന്തരം ജീവിതത്തിൽ പ്രതിസന്ധികൾ തീർക്കുമ്പോൾ സ്വാഭാവികമായും അതിന് ഏറ്റവും കൂടുതൽ വിലകൊടുക്കേണ്ടി വരുന്നത് ലോകത്തിലെത്തന്നെ ഏറ്റവും സുന്ദരികൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാശ്മീരി പെണ്ണുങ്ങൾ തന്നെയാണ്.

ഫാത്തിമ നിലോഫർ ഭട്ട് എന്ന കാശ്മീരി പെൺകൊടി പറയുന്നതായാണ് നോവലിൻറെ അവതരണം. അതിമനോഹരമായിത്തന്നെ നോവലിസ്റ്റ് ഒരു പരകായപ്രവേശം നടത്തിയിരിക്കുന്നു. ഒരു ഘട്ടത്തിൽ ആശ്ചര്യത്തോടെ  മാത്രമേ  ഇത് ശരിക്കും നിലോഫർ ഭട്ട് അല്ല ടി.ഡി.രാമകൃഷ്ണൻ ആണ് എഴുതിയത് എന്ന് മനസിലോർക്കൂ. ഒരു കാശ്മീർ നിവാസി പറയുന്നത് പോലെ കൺമുന്നിൽ ദിവസവും കാണുന്ന സ്ഥലങ്ങൾ എന്നപോലെ കാശ്മീരിനെ മനോഹരമായി വിവരിച്ചിരിക്കുന്നു. 

സ്വന്തമായി അസ്തിത്വം ഉള്ള ഒരു ഭൂപ്രദേശം രാഷ്ട്രീയമായ കാരണങ്ങളാൽ അവരുടെ സ്വാതന്ത്ര്യം നഷ്ടപ്പെട്ട് ദുരിതങ്ങളിൽ നിന്നും ദുരിതങ്ങളിലേക്ക് കൂപ്പുകുത്തുന്നത് വായനയുടെ ഓരോ ഘട്ടത്തിലും അനുഭവിച്ചറിയാൻ സാധിക്കുന്നു. ദൗർഭാഗ്യവശാൽ അവരുടെ സ്വാതന്ത്ര്യം തച്ചുതകർക്കുന്ന വില്ലൻ കഥാപാത്രമായി ഇന്ത്യയും നമ്മുടെ സൈനികരും കടന്നുവരുന്നതിൻറെ അസ്‌കിത മാറ്റിനിർത്തി വായിച്ചാൽ കൈറ്റ് റണ്ണർ പോലെ മനോഹരമായ ഒരു കൃതി തന്നെയാണ് 'അന്ധർ ബധിരർ മൂകർ'. നായരും സിക്കുകാരനും കാശ്മീരിയും ഉൾപ്പെട്ട ഇന്ത്യൻ സൈനികരാൽ മാനഭംഗം ചെയ്യപ്പെട്ട് അതിൽ ആരുടെയോ ഒരാളുടെ മകളായി പിറക്കേണ്ടിവരുന്ന കാശ്മീരി പെൺകൊടിയാണ് നായികയായ ഫാത്തിമ നിലോഫർ ഭട്ട്. പ്രതിക്ഷേധക്കാരെ തുരത്താൻ ഇന്ത്യൻ സൈന്യം നടത്തുന്ന പെല്ലറ്റ് ആക്രമണത്തിൽ കണ്ണിനു തകരാർ സംഭവിച്ച പുത്രനെയും അവൻറെ സഹോദരനെയും പ്രായമായ അമ്മയെയും  കൂട്ടി നടത്തുന്ന പലായനം പലപ്പോഴും മനസിനെ ആർദ്രമാക്കും. ഇന്ത്യയുടെ കയ്യിൽ നിന്നും കശ്മീർ ജനതയെ റാഞ്ചിയെടുക്കാൻ തക്കംപാർത്തിരിക്കുന്ന താലിബാൻ പോലുള്ള ഭീകരസംഘടനകളെയും വിഘടനവാദികൾക്ക് വളംവെച്ചു കൊടുക്കുന്ന പാകിസ്ഥാനെയും ഇതിൽ കാണാം. ഇന്ത്യൻ സൈനികർ ഇല്ലെങ്കിൽ കശ്മീർ താഴ്വരയുടെ അവസ്ഥ എന്ത് എന്നതും കൃതിയിൽ വ്യക്തമാണ്. കശ്മീർ വിഷയം പൊക്കിപ്പിടിച്ചുള്ള ഒരു രാഷ്ട്രീയ നോവൽ ആയി മാറാതെ കൃതി ഒരുക്കിയതിന് ശ്രീ. രാമകൃഷ്ണൻ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.

ഒറ്റയിരുപ്പിന് വായിച്ചുതീർക്കാവുന്ന ഒരു ചെറിയ നോവൽ ആണ് 'അന്ധർ ബധിരർ മൂകർ'. അങ്ങനെ ഒരു വായനയെ സഹായിക്കുന്ന ഒഴുക്കുള്ള, ആകാംക്ഷ നിലനിർത്തിക്കൊണ്ടുള്ള രചന തന്നെയാണ് രചയിതാവ് സ്വീകരിച്ചിട്ടുള്ളതും. വായനയുടെ ലോകത്ത് വലിയ അനുഭവം ഇല്ലാത്തതിനാൽ നമ്മുടെ മലയാളത്തിൽ നിന്ന് ഇതുപോലെ ഭരണകൂടത്തെയും സൈനികരെയും വിമർശനാത്മകമായി പ്രതിനായകപക്ഷത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു മുഖ്യധാരാ നോവൽ എന്നെ ശരിക്കും അത്ഭുതപ്പെടുത്തി എന്നത് സമ്മതിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു.