Monday, January 22, 2024

വായനാനുഭവം - ഹനനം - ഡോ.നിഖിലേഷ് മേനോൻ (Book Review - Hananam by Nikhilesh Menon)


2023 ൽ വായിക്കണം എന്ന് ആഗ്രഹിച്ച് 2024 തുടക്കത്തിൽ വായിച്ചുതീർത്ത പുസ്‌തകമാണ്‌ ഡോ.നിഖിലേഷ് മേനോൻ രചിച്ച ക്രൈം ത്രില്ലർ വിഭാഗത്തിൽപ്പെടുത്താവുന്ന നോവൽ ഹനനം. ആരോഗ്യവകുപ്പിൽ കോവിഡ് കാലഘട്ടത്തിലൊക്കെ ശ്രദ്ധേയമായ സേവനങ്ങൾ നൽകിയ ഡോക്ടറാണ് ഡോ.നിഖിലേഷ് മേനോൻ. അദ്ദേഹം ഒരു ക്രൈം വിഭാഗത്തിലെ ഒരു നോവലുമായി എത്തുമ്പോൾ പ്രസവാനന്തരം സ്ത്രീകളിലുണ്ടാകുന്ന ബേബി ബ്ലൂസ് എന്ന മാനസികാവസ്ഥയെ ചുറ്റിപ്പറ്റിയാണ് കഥാതന്തുവിനെ വികസിപ്പിച്ചിരിക്കുന്നത്. ഹനനം എന്ന വാക്കിന് ഉപദ്രവം, പീഡനം എന്നൊക്കെയാണ് അർത്ഥം. പുസ്തകത്തിൻറെ പുറംചട്ടയിൽ പൊക്കിൾക്കൊടിയോടുകൂടിയ ഭ്രൂണാവസ്ഥയിലുള്ള ഒരു കുഞ്ഞിൻറെ ചിത്രമാണ് നൽകിയിരിക്കുന്നത്. ഇതുരണ്ടും കൂടി കൂട്ടിആലോചിച്ചുകഴിഞ്ഞപ്പോൾ അബോർഷൻ, അതിനെത്തുടർന്നുള്ള എന്തെങ്കിലും സംഭവവികാസങ്ങൾ ആയിരിക്കും പ്രതിപാദ്യം എന്നോർത്ത് മേടിക്കുവാൻ ഒന്ന് മടിച്ചിരുന്നു. 2022 അവസാനകാലഘട്ടത്തിൽ ഈ നോവലിനെക്കുറിച്ച് കുറേ നല്ല അഭിപ്രായങ്ങൾ കേട്ടതിനെത്തുടർന്നാണ് 2023 വായിക്കുവാനുള്ള പുസ്തകങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. 

വായനാനുഭവം ആദ്യമേ പറയാം. നിരാശപ്പെടുത്തിയില്ല. ഒരു സാദാ ക്രൈം ത്രില്ലർ. അത്ര ഭീകരമായ സംഭവവികാസങ്ങളോ ട്വിസ്റ്റുകളോ ഇല്ല. പക്ഷെ അവതരിപ്പിച്ചിരിക്കുന്ന രീതി പുതുമയുള്ളതാണ്. ശരിക്കും രണ്ട് നോവലുകൾ വായിക്കുന്ന ഒരു പ്രതീതി ലഭിക്കും. രണ്ട് ക്രൈം ത്രില്ലറുകൾ. രണ്ടിലും അത്യാവശ്യം സസ്‌പെൻസ് നിലനിർത്തിതന്നെ പാരലലായി മുന്നോട്ട് കൊണ്ടുപോകാൻ നോവലിസ്റ്റിനായിട്ടുണ്ട്. അദ്ദേഹത്തിൻറെ മൂന്നാമത്തെ കൃതി ആണ് ഹനനം. ആദ്യ കൃതികളും ക്രൈം ത്രില്ലർ വിഭാഗത്തിൽ തന്നെ ഉള്ളവയാണ്. വായിച്ചിട്ടില്ലാത്തതിനാൽ അടുത്ത വായനയിൽ ആ പുസ്തകങ്ങളും പരിഗണിക്കണം. നവയുഗ ക്രൈം ത്രില്ലറുകളിൽ നോവലിസ്റ്റുകൾക്ക് ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന് തോന്നുന്നു. ടെക്നോളജിയിലുള്ള കുതിച്ചുചാട്ടവും ഫോറൻസിക് സാധ്യതകളുമൊക്കെ കൃത്യമായ അപഗ്രഥനം നടത്തേണ്ടിവരും. ക്രൈം നടത്തുന്ന രീതിയിൽ വ്യത്യസ്തത ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. അവസാന നിമിഷം വരെ സസ്‌പെൻസ് നിലനിർത്തേണ്ടിവരും. തീർച്ചയായും ഈ കാര്യങ്ങളിലൊക്കെ കൃത്യമായ മുന്നൊരുക്കങ്ങൾ ഡോ. നിഖിലേഷ് മേനോൻ നടത്തിയിട്ടുള്ളതായിക്കാണാം. പ്രത്യേകിച്ചും അദ്ദേഹത്തിൻറെ കോർ ഏരിയ ആയ മെഡിക്കൽ സാധ്യതകളിൽ. 

Monday, January 1, 2024

വായനാനുഭവം - ദി ഡിവോഷൻ ഓഫ് സസ്‌പെക്ട് എക്‌സ് - കീഗോ ഹിഗാഷിനോ (Book Review: The Devotion of Suspect X by Keigo Higashino)



2023 ൽ വായിച്ച മനോഹരമായൊരു സസ്‌പെൻസ് ത്രില്ലർ നോവൽ ആണ് കീഗോ ഹിഗാഷിനോ എന്ന ജാപ്പനീസ് എഴുത്തുകാരൻ രചിച്ച ദി ഡിവോഷൻ ഓഫ് സസ്‌പെക്ട് എക്‌സ്. ലോകമെമ്പാടുമായി ഏറ്റവുമധികം വായിക്കപ്പെട്ട ജാപ്പനീസ് ത്രില്ലറാണ് ദി ഡിവോഷൻ ഓഫ് സസ്‌പെക്ട് എക്‌സ്. 2005 ലാണ് ഈ ജാപ്പനീസ് കൃതി പുറത്തിറങ്ങുന്നത്. 2011 ൽ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങുകയും തുടർന്ന് ലോകമെമ്പാടും വിവിധ ഭാഷകളിലായി ഈ കൃതി വിവർത്തനം ചെയ്യപ്പെടുകയും ചെയ്‌തു. തുടർന്ന് ഒട്ടേറെ സിനിമകളും ഈ കഥയെ അടിസ്ഥാനമാക്കി പുറത്തിറങ്ങുകയുണ്ടായി. അതിൽ 2017 ൽ അതേ പേരിൽ പുറത്തിറങ്ങിയ ചൈനീസ് സിനിമയും 'സസ്‌പെക്ട് എക്‌സ്' എന്ന പേരിൽ 2008 ൽ പുറത്തിറങ്ങിയ ജാപ്പനീസ് ചിത്രവും 2012 ൽ പുറത്തിറങ്ങിയ കൊറിയൻ ചിത്രം 'പെർഫെക്റ്റ് നമ്പരും' ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട ഹിറ്റുകളാണ്. 

തികച്ചും യാദൃശ്ചികമായാണ് ഈ പുസ്തകം ഞാൻ വായിച്ചതെങ്കിലും 2023 ഡിസംബർ മാസത്തിൽ മലയാളത്തിൽ സംവിധായകൻ ജിത്തു ജോസഫ് സംവിധാനം ചെയ്ത 'നേര്' എന്ന സിനിമ ഹിറ്റ് ചാർട്ടിലേക്ക് കയറിയതോടെ സിനിമ ഗ്രൂപ്പുകളിൽ ഈ സിനിമകളുടെ പേരും പരാമർശിക്കപ്പെട്ടു കേൾക്കുകയുണ്ടായി. തെറ്റിദ്ധരിക്കേണ്ട. നേര് സിനിമയുമായി ഈ നോവലിന് പുലബന്ധം പോലുമില്ല. ഈയടുത്ത് ഏതെങ്കിലും ചിത്രം ഹിറ്റ് ആകുമ്പോൾ അതിൻറെ മൂലകഥ ഏതെങ്കിലും കൊറിയൻ അല്ലെങ്കിൽ ഹോളിവുഡ് ചിത്രത്തിൽ നിന്ന് ചൂണ്ടിയതാണ് എന്ന ആരോപണവുമായി എന്തെങ്കിലും പറഞ്ഞിറക്കുക എന്നതൊരു പതിവായി മാറുകയാണ്. ഒരു മലയാളി സ്വന്തമായി അങ്ങനെ ഒരു ക്ലാസിക് ഉണ്ടാക്കാൻ മാത്രം കഴിവുള്ളവനാണെന്ന് സമ്മതിക്കാൻ എന്തോ ബുദ്ധിമുട്ടുള്ള ഒരുകൂട്ടം ബുദ്ധിജീവികൾ. നേര് സിനിമയെ കീറിമുറിച്ച് ബുദ്ധിമുട്ടിയപ്പോഴാണ് ഏതോ ഒരു ബുദ്ധിജീവിക്ക് ആ കണ്ടെത്തൽ നടത്താൻ സാധിച്ചത്. "ഈ പറയുന്ന ജീത്തു ജോസഫ് ഇത്ര ശ്രദ്ധിക്കപ്പെട്ടത് ദൃശ്യം സിനിമയോടെയല്ലേ? ആ സിനിമ കൊറിയൻ ചിത്രം പെർഫെക്റ്റ് നമ്പരിന്റെ അടിച്ചുമാറ്റലാണ്, ജാപ്പനീസ് ചിത്രം സസ്‌പെക്ട് എക്‌സ് ൻറെ അടിച്ചുമാറ്റലാണ്". അങ്ങനെയാണ് ആ പേര് ഈയടുത്ത് പരാമർശിക്കപ്പെട്ടത്. 

മലയാള ചലച്ചിത്രലോകം കണ്ട ഏറ്റവും മികച്ച സസ്‌പെൻസ് ത്രില്ലറുകളിൽ മുൻ നിരയിൽ തന്നെയുള്ള ചിത്രങ്ങളാണ് ദൃശ്യവും, ദൃശ്യം 2 വും. അതുവരെയുണ്ടായിരുന്ന ത്രില്ലറുകളിൽ നിന്നും ആ സിനിമകളെ വ്യത്യസ്തമാക്കിയ പ്രധാന പോയിൻറ്, നായകൻ കുറ്റകൃത്യത്തിലെ പ്രതിയുടെ സ്ഥാനത്താണ് എന്നതാണ്. കുറ്റം അന്വേഷിക്കുന്നതിലുള്ള ത്രില്ലല്ല പ്രേക്ഷകർ ആസ്വദിക്കുന്നത്, മറിച്ച് കുറ്റം സമർത്ഥമായി മറയ്ക്കപ്പെടുന്നതാണ് ഇവിടെ കാണുന്നത്. ഈ ഒരു സാമ്യം മാത്രമാണ് ദൃശ്യവും സസ്‌പെക്ട് എക്‌സും തമ്മിലുള്ള ആകെയുള്ള ബന്ധം. സുകുമാരക്കുറുപ്പ് കേസിന് ശേഷം എവിടെ ആരെങ്കിലും ഇൻഷുറൻസ് തുകയ്ക്കായി കൊലപാതകം നടത്തിയാലും അതെല്ലാം ചാക്കോ വധക്കേസിൻറെ കോപ്പിയടിയാണ് എന്ന് പറയുന്നതുപോലുള്ള ലോജിക് പോലും മേൽപ്പറഞ്ഞ താരതമ്യത്തിലില്ല എന്ന് നോവൽ വായിക്കുമ്പോൾ മനസിലാകും. കാരണം ഈ നോവലിൻറെ പേര് പോലെ ഇതിലെ പ്രധാന ഇതിവൃത്തം ഒരാളുടെ അഗാധമായ പ്രണയമാണ്, ആ ആൾ ആകട്ടെ ഒരു കുറ്റകൃത്യം ചെയ്തതായി സംശയിക്കപ്പെടുന്ന ആളാണ്. ആ ആൾ ആരാണ്? ആരോടാണ് അയാളുടെ പ്രണയം? അയാൾ ഏത് കുറ്റകൃത്യത്തിനാണ് സംശയിക്കപ്പെടുന്നത്? എന്തുകൊണ്ട്? ശരിക്കും അയാൾ കുറ്റവാളിയാണോ? ഇതൊക്കെയാണ് ആ നോവലിനെ ഇത്ര ജനകീയമാക്കിയത്. മേൽപ്പറഞ്ഞ ബുദ്ധിജീവികളെപ്പോലെ ഞാൻ ഈ നോവലിൽ നിന്നുമുള്ള ചോദ്യങ്ങൾക്ക് ദൃശ്യം സിനിമയുമായി താരതമ്യം ചെയ്ത് ഉത്തരം പറയാം. അത് വായിച്ചിട്ട് നിങ്ങൾക്ക് തീരുമാനിക്കാം ഇതൊരു കോപ്പിയടി ആണോ അല്ലയോ എന്ന്. 

ജോർജുകുട്ടി ആണ് നായകൻ. നായകൻ ക്രൈം ചെയ്യുന്നില്ല. പക്ഷെ ജോർജ്ജുകുട്ടിക്ക് പ്രിയപ്പെട്ടവർ ഒരു ക്രൈം ചെയ്യുന്നുണ്ട്. തികച്ചും യാദൃശ്ചികമായി, അല്ലെങ്കിൽ ഒരു വില്ലനെപ്പോലെ കടന്നുവന്ന ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയെ അവർക്ക് കൊല്ലേണ്ടിവരുന്നുണ്ട്. പ്രിയപ്പെട്ടവർക്ക് വേണ്ടി ജോർജുകുട്ടി ആ കുറ്റം ഒളിപ്പിക്കുന്നു. എങ്ങനെ ഒളിപ്പിച്ചു എന്ന സത്യം ജോർജുകുട്ടിക്ക് മാത്രം അറിയാവുന്ന രഹസ്യമാണ്. തൻറെ പ്രിയപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ അദ്ദേഹം കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. തിയതികൾ മാറ്റിമറിച്ച്, ധ്യാനം കൂടാൻ പോയി ആ ദിവസം പുനഃ സൃഷ്ടിക്കുകവരെ ചെയ്യുന്നുണ്ട്. സമർത്ഥരായ പോലീസ് ഉദ്യോഗസ്ഥർ  ജോർജുകുട്ടിയുടെ പിന്നാലെതന്നെയുണ്ട്. പക്ഷെ അവർ വിജയിക്കുന്നില്ല. എന്തായിരിക്കാം സംഭവിച്ചത് എന്ന് അനുമാനിക്കാൻ അവർക്ക് സാധിക്കുന്നുണ്ട്. ക്രൈം ആ കുടുംബത്തിൽ നടന്നിട്ടുണ്ട് എന്ന് അവർക്ക് ഉറപ്പുമുണ്ട്. പക്ഷെ തെളിവുകളില്ലാതെ അവർ നിസ്സഹായരാണ്. അല്ലെങ്കിൽ ജോർജുകുട്ടി അവരെ നിസ്സഹായരാക്കിയിരിക്കുകയാണ്. വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതെല്ലാം നമ്മുടെ നോവലിലെ നായകനായ ഇഷിഗാമി ചെയ്യുന്നുണ്ട്. പക്ഷെ ഇപ്പോഴും ഞാൻ പറയുന്നു ദൃശ്യം വേറെ സസ്‌പെക്ട് എക്‌സ് വേറെ. ജോർജുകുട്ടിയുടെ അച്ഛനായി വരും ഇതിലെ ഇഷിഗാമി. തനി ജാപ്പനീസ് രാവണൻ. തിയതികൾ മാറ്റിമറിക്കാൻ കാണിക്കുന്ന ഗിമിക്കുകളല്ല സത്യത്തിൽ ദൃശ്യത്തിൻറെ വിജയം. ഇപ്പോൾ പിടി വീഴും എന്ന് പ്രേക്ഷകർ ഉറപ്പിച്ചിരിക്കുന്ന സമയത്ത് നായകൻ നേടുന്ന ഒരു വിജയമുണ്ട്. ഒരുതരത്തിലുമുള്ള ഊഹാപോഹങ്ങൾക്ക് പോലും ഇടനൽകാതെ തനി ക്രിമിനൽ മൈൻഡിൽ രൂപംകൊടുക്കുന്ന ആ ട്വിസ്റ്റുകളാണ് സിനിമകളുടെ ഹൈലൈറ്റ്. അജ്ജാതി ഒരു കഠോര ട്വിസ്റ്റ് നോവലിലുമുണ്ട്. സസ്‌പെൻസ് - ത്രില്ലർ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന പുസ്തകമാണ് ദി ഡിവോഷൻ ഓഫ് സസ്‌പെക്ട് എക്‌സ്. 

ദൃശ്യം സിനിമ കണ്ടു എന്നത് ഈ വായനാനുഭവത്തെയും ബാധിക്കില്ല, ഈ നോവൽ വായിച്ചു എന്നത് ചലച്ചിത്രാനുഭവത്തെയും ബാധിക്കില്ല. അങ്ങനെ ഒരു വാദം കേട്ടപ്പോൾ ഈ വായനാനുഭവം എഴുതണം എന്ന് തോന്നി. ശ്രീമതി. ലക്ഷ്‌മി മോഹനാണ് മലയാളത്തിലേക്ക് വിവർത്തനം നടത്തിയിരിക്കുന്നത്. ജാപ്പനീസ് ഒറിജിനൽ കൃതിയിൽ നിന്നല്ലാതെ ഇംഗ്ലീഷ് വിവർത്തനത്തിൽ നിന്നും മലയാളത്തിലേക്ക് മാറ്റിയിരിക്കുന്നതിനാൽ ചില പ്രയോഗങ്ങളൊക്കെ അരോചകമായിത്തോന്നി. പക്ഷെ അതൊരിക്കലും വായനയെ ബാധിച്ചില്ല. 

അവസാനവാക്ക് : നിരാശപ്പെടുത്താത്ത നല്ലൊരു വായനാനുഭവം