Wednesday, February 21, 2024

ഭ്രമയുഗം, പ്രേമലു - തിയേറ്റർ എക്സ്പീരിയൻസ്


കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴ വെച്ച് കണ്ട രണ്ട് സിനിമാ അനുഭവങ്ങൾ പങ്കുവെക്കാം. ഇത് ആ സിനിമകളുടെ റിവ്യൂ അല്ലെന്ന് ആദ്യമേ തന്നെ പറയട്ടെ. തിയേറ്റർ എക്സ്പീരിയൻസ് മാത്രമായിരുന്നു ആയിരുന്നു പറയാൻ ഉദ്ദേശിച്ചത്. പക്ഷെ സിനിമകളെ കുറിച്ചും രണ്ടു വാക്ക് പറയുവാൻ പ്രേരിപ്പിക്കുന്ന തലത്തിലെ സിനിമകൾ ആയിരുന്നതിനാൽ അവയെക്കുറിച്ചും പറയാം 

ആദ്യം കണ്ടത് മമ്മൂട്ടിയുടെ ഭ്രമയുഗം ആയിരുന്നു.

ഭ്രമയുഗം 

സംവിധാനം : രാഹുൽ സദാശിവൻ 

ദൈർഘ്യം : 2 മണിക്കൂർ 20 മിനിറ്റ്

തിയേറ്റർ : പങ്കജ് ആലപ്പുഴ 

കാണാൻ പ്രേരിപ്പിച്ച ഘടകം : സോഷ്യൽ മീഡിയയിലുള്ള മ്യാരക പ്രചാരണം. സിനിഫൈൽ ഗ്രൂപ്പിലൊക്കെ കയറിയാൽ ഭ്രമയുഗം റിവ്യൂസ് തട്ടി നടക്കാൻ മേലാത്ത അവസ്ഥ. അങ്ങനെയുള്ള ഹൈപ്പിൽ വീഴാത്തതാണെങ്കിലും ബ്ലാക്ക് ആൻഡ് വൈറ്റ് ലുള്ള ഒരു സിനിമ തിയേറ്ററിൽ കാണുന്ന അനുഭവം ഓർത്തപ്പോൾ പോയേക്കാമെന്ന് വിചാരിച്ചു. പ്രേമലു, അന്വേഷിപ്പിൻ കണ്ടെത്തും എന്നീ ചിത്രങ്ങൾ കൂടി നല്ല അഭിപ്രായം നേടി മുന്നേറിയതോടെ ഏതെങ്കിലും ഒരെണ്ണം തിയേറ്ററിൽ പോയി കാണാമെന്ന് തീരുമാനിച്ചപ്പോൾ നറുക്ക് വീണത് ഭ്രമയുഗത്തിന്. 

സിനിമയെക്കുറിച്ചുള്ള അഭിപ്രായം : തിയേറ്ററിൽ പോയി കാണുവാനുള്ള തീരുമാനം ഏറ്റവും ഉചിതമായിരുന്നു എന്ന് തോന്നിപ്പിച്ച സിനിമ. ആകെ മൂന്ന് പ്രധാന കഥാപാത്രങ്ങൾ മാത്രമേ ഉള്ളൂ എങ്കിലും ഈ മൂന്ന് പേരിൽ ആർക്ക് വേണമെങ്കിലും മികച്ച നടനുള്ള അവാർഡ് ഇത്തവണ ലഭിച്ചാൽ അത്ഭുതപ്പെടാനില്ലാത്ത വിധമുള്ള അഭിനയം. അഭിനയകുലപതി മമ്മൂട്ടിയോട് യുവതാരങ്ങളായ സിദ്ധാർഥ് ഭരതനും അർജുൻ അശോകനും കട്ടയ്ക്ക് മത്സരിച്ച് അഭിനയിക്കുന്നത് കാണാൻ തന്നെയുണ്ട്. പേടിക്കാൻ വേണ്ടി ഈ സിനിമ കാണാൻ പോകേണ്ട എന്ന് സംവിധായകൻ തന്നെ പറഞ്ഞിരുന്നതിനാൽ അങ്ങനെ ഒരു മൂഡിലല്ല പോയത്. അദ്ദേഹത്തിൻറെ  മുൻചിത്രമായ ഭൂതകാലത്തിൻറെ അത്ര പേടിപ്പിക്കുന്ന ചേരുവകകൾ കണ്ടതുമില്ല. ഫുൾ ബ്ലാക്ക് ആൻഡ് വൈറ്റിൽ ആക്കാതെ കാടും പുഴയുമൊക്കെ കളറിൽ ആക്കിയിരുന്നെകിൽ കളറായേനെ എന്നൊരു അഭിപ്രായമുണ്ട്. എങ്കിലും ബ്ലാക്ക് ആൻഡ് വൈറ്റ് തീം ചിത്രത്തിന് ചേരുന്നുണ്ട്. നമ്മളെ സംബന്ധിച്ച് നസീറിൻറെ കാലത്തിന് മുൻപുള്ളതെല്ലാം ബ്ലാക്ക് ആൻഡ് വൈറ്റ് ആയിരുന്നല്ലോ. അപ്പോൾ പതിനേഴാം നൂറ്റാണ്ടിലെ കഥ കളറിൽ ആയിരുന്നെങ്കിൽ അതും കുറ്റമായി ചൂണ്ടിക്കാണിച്ചേനെ. ആർട്ട് വർക്ക് ഇത്ര എറിച്ചുനിൽക്കുന്നതും ബ്ലാക്ക് ആൻഡ് വൈറ്റ് ആയതിനാലാണെന്ന് തോന്നി. സൂക്ഷ്മമായി കുറ്റവും കുറവും കണ്ടുപിടിക്കാൻ നിൽക്കുന്നവർ വിയർക്കും. 

തിയേറ്റർ എക്സ്പീരിയൻസ് : ആദ്യമായി ആലപ്പുഴയിൽ സിനിമ കാണാൻ പോയ തിയേറ്ററായ പങ്കജിലേക്ക് കല്യാണത്തിന് ശേഷം ആദ്യമായാണ് സിനിമ കാണാൻ പോകുന്നത്. സ്ഥിരം പോകുന്ന തിയേറ്റർ അല്ലാത്തതിനാൽ പോകുന്ന വഴി ഫാമിലിക്ക് ആ തിയേറ്ററിനെക്കുറിച്ച് നല്ല ബിൽഡപ്പ് ഒക്കെ കൊടുത്തുകൊണ്ടാണ് പോയത്. ആലപ്പുഴയിലെ ഏറ്റവും വലിയ തിയേറ്റർ. തിരുവനന്തപുരത്ത് ബാഹുബലി കാണാൻപോയ ഏരീസ്പ്ലസ് തിയേറ്ററിനോട് കിടപിടിക്കുന്ന ഐറ്റം. പുതിയ തിയേറ്ററുകളിൽ കൊള്ളുന്ന ആകെ ആളുകൾ പങ്കജിലെ ബാൽക്കണിയിൽ മാത്രം കൊള്ളും. മണിച്ചിത്രത്താഴും, ജുറാസിക് പാർക്കും അനിയത്തിപ്രാവും ഓ ഫാബിയുമൊക്കെ കണ്ട നൊസ്റ്റാൾജിക് ആയ തിയേറ്റർ. സർവ്വോപരി നാഷണൽ ഹൈവേയോട് ചേർന്നായതിനാൽ എത്തിച്ചേരാനും ഏറ്റവും എളുപ്പം. പറഞ്ഞു പറഞ്ഞ് തിയേറ്ററിന്റെ ഗേറ്റിൻറെ അകത്തേക്ക് വണ്ടി കയറിയപ്പോൾ മുതൽ തുടങ്ങി റിയൽ എക്സ്പീരിയൻസ്. കേട്ടതെല്ലാം പൊയ്, കാണപ്പൊറത് നിജം. ഫസ്റ്റ് ഇൻ ലാസ്റ്റ് ഔട്ട് എന്ന രീതിയിൽ പാർക്കിങ് ഉള്ള ആലപ്പുഴയിലെ ഏക തിയേറ്റർ അതാണെന്ന് അപ്പോഴാണ് ഓർത്തത്. വണ്ടികൾ അടുക്കി അടുക്കി പാർക്ക് ചെയ്യിക്കും. അവസാനം വന്ന വണ്ടികൾ പോയി തീർന്നാലേ ആദ്യം വന്ന വണ്ടികൾക്ക് പോകാൻ പറ്റൂ. ഇടയ്ക്ക് എന്തെങ്കിലും അത്യാവശ്യം വന്ന് വണ്ടി എടുത്ത് പോകാമെന്ന് വെച്ചാൽ നടന്നത് തന്നെ. വണ്ടിയും കൊണ്ട് വരുന്നവരോട് എന്തോ വൈരാഗ്യം ഉണ്ടെന്ന് തോന്നിപ്പിച്ച ഒരാളായിരുന്നു സെക്യൂരിറ്റി വേഷത്തിൽ വണ്ടികളെ അടുക്കിയിടാൻ സഹായിച്ചിരുന്നത്. ഇടുങ്ങിയതും പുറകിലേക്ക് ചാരാൻ സമ്മതിക്കാതെ ബലം പിടിച്ചിരിക്കുന്ന കസേരകൾ കൂടിയായതോടെ പൂർത്തിയായി. കാലിന് അധികം നീളമില്ലാത്ത ഫാമിലി ആയിരുന്നിട്ടും മുന്നിലെ കസേരകളിൽ മുട്ട് മുട്ടിയുരുമ്മി ഇരിക്കാം. ചെറിയൊരു ആശ്വാസം തേടി ഇന്റർവെൽ ആയപ്പോൾ ചാടി പുറത്തിറങ്ങി. സ്‌നാക്‌സ് കൗണ്ടറിൽ ചെന്നപ്പോൾ അതിലും ദയനീയം. പണ്ട് വന്നപ്പോൾ എങ്ങനായിരുന്നോ അതുപോലെ തന്നെ ഇന്നും. പ്ലാസ്റ്റിക് കവറുകളിൽ നിറച്ച പൊട്ടറ്റോ, കപ്പ ചിപ്സ്, സാധാ പോപ്‌കോൺ, ഇതുവരെ കേട്ടിട്ടുപോലുമില്ലാത്ത ബ്രാൻഡ് ജ്യൂസ്. കൗണ്ടർ നടത്താൻ ക്വോട്ടേഷൻ എടുത്ത ആളോട് കലിപ്പുള്ള കുറച്ച് ജീവനക്കാർ. മീൻകാരും ഉത്സവപ്പറമ്പിലെ കപ്പലണ്ടിക്കാരും വരെ ഓൺലൈൻ ട്രാൻസാക്ഷൻ നടത്തുന്ന ഈ കാലത്ത് അവർ ഗൂഗിൾ പേ എന്ന് കേട്ടിട്ട് പോലുമില്ല. 90 രൂപയ്ക്ക് സാധനം മേടിച്ചിട്ട് 100 കൊടുത്തപ്പോൾ ചില്ലറ ഇല്ലെന്ന് പറഞ്ഞ് മാറ്റി നിർത്തി. ചില്ലറ കിട്ടി അകത്ത് ചെന്നപ്പോൾ പടം തുടങ്ങിക്കഴിഞ്ഞിരുന്നു. ബ്ലാക്ക് ഷേഡിൽ കുറ്റാക്കൂരിരുട്ട് കാണിച്ചിരുന്നത് കൊണ്ട് അകത്ത് നല്ല ഇരുട്ട്. നീലിമല കയറുന്നതുപോലെ തപ്പിത്തടഞ്ഞ് സീറ്റിൽ എത്തിയപ്പോഴേക്കും മടുത്തിരുന്നു. ഇതൊക്കെ പറഞ്ഞത് കുറ്റമായിട്ടല്ല. നല്ല രീതിയിൽ നടത്തിയിരുന്നെങ്കിൽ ശരിക്കും ഏരീസ് പ്ലസ് നോട് കിടപിടിക്കുന്ന തിയേറ്റർ ആക്കാൻ പറ്റിയ എല്ലാ സംവിധാനവുമുള്ള ആലപ്പുഴയിലെ ഏക തിയേറ്റർ ഇങ്ങനൊക്കെ നടത്തുന്നത് കണ്ട വിഷമം പങ്കുവെച്ചതാണ്.

രണ്ടാമത് കണ്ട ചിത്രം പ്രേമലു 

പ്രേമലു

സംവിധാനം : ഗിരീഷ് എ ഡി  

ദൈർഘ്യം : 2 മണിക്കൂർ 36 മിനിറ്റ്

തിയേറ്റർ : പാൻ തിയേറ്റർ ആലപ്പുഴ 

കാണാൻ പ്രേരിപ്പിച്ച ഘടകം : ഭാര്യയുടെയും മകളുടെയും നിർബന്ധം. സത്യത്തിൽ തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ തുടങ്ങിയ പടങ്ങൾ പോലാണെന്നൊക്കെ കേട്ടതുകൊണ്ട് OTT വരുമ്പോൾ കാണാമെന്ന് കരുതിയിരുന്നതാണ്.  

സിനിമയെക്കുറിച്ചുള്ള അഭിപ്രായം : തിയേറ്ററിൽ പോയി കണ്ടില്ലായിരുന്നെങ്കിൽ വൻ നഷ്ടമായേനെ. അടുത്തകാലത്ത് നന്നായി ആസ്വദിച്ച് കണ്ട സിനിമ. യൂത്തിനും, മനസ്സിൽ യുവത്വം സൂക്ഷിക്കുന്ന എന്നെപ്പോലെയുള്ളവർക്കും വൺ വേ പ്രണയങ്ങൾ കൊണ്ടുനടന്ന സിംഗിൾ പശങ്കകൾക്കും ശരിക്കും സുഖിക്കും. ബാക്കിയുള്ളവർക്കും ഇഷ്ടപ്പെടാതിരിക്കില്ല. മ്യാരക കോമഡി ഒന്നുമല്ല. പക്ഷെ ഒരു റൊമാന്റിക് കോമഡി എന്ന രീതിയിൽ നന്നായി ആസ്വദിക്കാം. ഏറ്റവും പോസിറ്റിവ് പ്രധാന കഥാപാത്രങ്ങളുടെ കാസ്റ്റിങ്, ഹൈദരാബാദ് നൽകിയ ഫ്രഷ് എക്സ്പീരിയൻസ്. 

തിയേറ്റർ എക്സ്പീരിയൻസ് : പങ്കജ് ബാൽക്കണി ടിക്കറ്റ് ചാർജ്ജ് 130 രൂപ, പാൻ ഗോൾഡ് ടിക്കറ്റ് ചാർജ്ജ് 180 രൂപ. 50 രൂപ കൂടുതൽ ആണെന്നല്ല, ആ സീറ്റിൽ പോയി ചാരി കിടക്കുമ്പോഴുള്ള റിലാക്‌സേഷൻ ആണ് മനസ്സിൽ നിൽക്കുന്നത്. പങ്കജിലെ പോപ്‌കോൺ (സാധാ) 50 രൂപ, പാൻ പോപ്‌കോൺ മീഡിയം ബോക്സ്  (മൂന്ന് ഫ്ലേവറുകളിൽ) 150 രൂപ. നൂറ് രൂപയുടെ വ്യത്യാസം അത് കഴിച്ചുതന്നെ അനുഭവിക്കണം. (ഉള്ളത് പറയണമല്ലോ, പങ്കജിൽ പുറത്തുനിന്നു എന്തും മേടിച്ചുകൊണ്ട് അകത്തു കയറാം. പക്ഷെ പാനിൽ പുറത്ത് നിന്നും ഒരു ചോക്ലേറ്റ് പ്ലം അകത്തേക്ക് കയറ്റാൻ അനുവദിക്കില്ല. അവരുടെ പ്രധാന വരുമാനം തന്നെ സ്നാക്ക്സ് ആണെന്ന് തോന്നും. അത് ശരിയാണെന്ന് തോന്നുന്ന രീതിയിൽ സീറ്റുകളിൽ വന്നു ധാരാളം ഓർഡറുകൾ വിതരണം ചെയ്യുന്നത് കാണാം. കൗണ്ടറിൽ പോയി ഇടിപിടിക്കേണ്ട കാര്യമില്ല. കുടുംബവുമായി ഒരു ദിവസം റിലാക്‌സ് ചെയ്യാൻ പുറത്തിറങ്ങിന്നവർ ആഗ്രഹിക്കുന്ന ആമ്പിയൻസ് നൽകാൻ ഏറെക്കുറെ പാൻ തിയേറ്ററിന് സാധിക്കുന്നുണ്ട്. എപ്പോൾ വേണമെങ്കിലും എടുത്തുകൊണ്ട് പോകാൻ പറ്റുന്ന രീതിയിലെ പാർക്കിങ്, സ്റ്റാഫിന്റെ നല്ല പെരുമാറ്റം.