Tuesday, March 21, 2023

വായനാനുഭവം - സൂസന്നയുടെ ഗ്രന്ഥപ്പുര (അജയ് പി മങ്ങാട്ട്)



ശ്രീ അജയ് പി മങ്ങാട്ടിന്റെതായി ഞാൻ വായിച്ച നോവൽ മൂന്ന് കല്ലുകൾ ആയിരുന്നു. അദ്ദേഹത്തിൻറെ ആദ്യ നോവലായ സൂസന്നയുടെ ഗ്രന്ഥപ്പുര ദൗർഭാഗ്യവശാൽ രണ്ടാമതായാണ് വായിക്കുന്നത്. സങ്കീർണ്ണമായ മനുഷ്യമനസും അതിനേക്കാൾ സങ്കീർണ്ണമായ ബന്ധങ്ങളുമാണ് സൂസന്നയുടെ ഗ്രന്ഥപ്പുരയിലെ പ്രതിപാദ്യവിഷയം. ഗ്രന്ഥകാരന്റേതായി ആദ്യം വായിച്ച പുസ്തകമായ മൂന്ന് കല്ലുകളിലെയും ഈ പുസ്തകത്തിലെയും കഥകൾ തമ്മിൽ താരതമ്യം ചെയ്‌താൽ ചില സാമ്യങ്ങൾ കണ്ടെത്താൻ സാധിക്കും. രണ്ടിലും മനസിന്റെയും മനുഷ്യബന്ധങ്ങളുടെയും സങ്കീർണ്ണതകൾ തേടിയുള്ള അന്വേഷണം തന്നെയാണ് പ്രതിപാദ്യം. രണ്ടിലെയും പ്രാധാനകഥാപാത്രങ്ങൾ അവർ അനുഭവിക്കുന്ന പലവിധ പ്രശ്‌നങ്ങളാൽ ഉള്ളിലേക്ക് ഒതുങ്ങിക്കൂടാൻ പ്രേരിപ്പിക്കപ്പെടുന്ന ആളുകളാണ്. 

മൂന്ന് കല്ലുകളേക്കാൾ സുഖമുള്ളൊരു വായനാനുഭവം നൽകാൻ സൂസന്നയുടെ ഗ്രന്ഥപ്പുരയ്ക്ക് സാധിച്ചു. രണ്ടുപുസ്‌തകങ്ങളും വായനക്കാരനെ അവൻറെ വഴിക്ക് അഴിഞ്ഞാടാൻ അനുവദിക്കാതെ ശ്രദ്ധയോടെയുള്ളൊരു വായന ആവശ്യപ്പെടുന്നുണ്ട്.  


മികച്ചൊരു വായനക്കാരൻനോട് അവൻ വായിക്കുന്ന പുസ്തകങ്ങളിലെ കഥാപാത്രങ്ങളും അവയുടെ രചയിതാക്കളും അവനോട് സംവദിക്കുന്നു. അഗാധമായ വായന അവനെ എഴുത്തിൻറെ ലോകത്തിലേക്ക് ക്ഷണിക്കുന്നു. വായിച്ച പുസ്തകങ്ങളിൽ നിന്നുമുള്ള അനുഭവങ്ങളും രചയിതാക്കൾ അവരുടെ വരികളിലൂടെ പറഞ്ഞുകൊടുത്ത അനുഭവങ്ങളും എഴുതുന്ന കൃതിയെ നല്ലൊരു സാഹിത്യസൃഷ്ടിയാക്കുവാൻ അവനെ സഹായിക്കും. അജയ് പി മങ്ങാടിന്റെ ആദ്യ കൃതി വായിച്ചുകഴിഞ്ഞപ്പോൾ തോന്നിയത് അത്തരം ഒരു സൃഷ്ടിയുടെ ജനനമായിട്ടാണ്. ലോകോത്തരമായ ഒട്ടനവധി സാഹിത്യസൃഷ്ടികളുടെയും സാഹിത്യകാരന്മാരുടെയും സാന്നിധ്യത്താൽ സമ്പന്നമാണ് സൂസന്നയുടെ ഗ്രന്ഥപ്പുര. പുസ്തകരചയിതാവിൻറെ ആഴത്തിലുള്ള വായനയും അവ സന്ദർഭോചിതമായി ഗ്രന്ഥപ്പുരയിൽ അടുക്കിവെച്ചിരിക്കുന്ന രചനാവൈഭവവും ശരിക്കും അത്ഭുതപ്പെടുത്തും.


ശരിക്കും സൂസന്നയുടെ കഥയല്ല ഈ നോവൽ പറയുന്നത്. പുസ്തകങ്ങളുടെ ലോകത്ത് ജീവിക്കുന്ന അലി എന്നയാളുടെ കഥയാണ്. പുസ്തകങ്ങളുമായി ബന്ധപ്പെട്ട് അലി കണ്ടുമുട്ടുന്ന കഥാപാത്രങ്ങളും അവരുമായി അവൻ സ്ഥാപിക്കുന്ന ബന്ധങ്ങളുമാണ് നോവൽ പറയുന്നത്. എങ്കിലും ഒരു ഗ്രന്ഥപ്പുരയിലെന്നതുപോലെ ലോക ക്ലാസിക്കുകൾ അതിമനോഹരമായി ഈ പുസ്തകത്തിലുടനീളം അടുക്കിവെച്ചിരിക്കുന്നത് കാണാം. വായനയെ ജീവനായിക്കാണുന്ന ഒരുപറ്റം ആളുകൾ. കമ്പം സഭ പോലെ വായനാനുഭവങ്ങൾ പങ്കുവെച്ച് ഒരുമിച്ചുകൂടുന്ന വിവിധതരക്കാരായ ആളുകൾ. അവരിലൂടെയെല്ലാം വായനയെ എങ്ങനെ സമീപിക്കണമെന്നതും സാഹിത്യസൃഷ്ടികളുടെ ഉദയത്തെക്കുറിച്ചുമൊക്കെ നോവലിസ്റ്റ് വിവരിക്കുന്നുണ്ട്. 


അജയ് പി മങ്ങാട് ൻറെ രണ്ടു കൃതികളും വായിച്ചുകഴിഞ്ഞപ്പോൾ ഈ നോവലുകളെക്കുറിച്ച് ആരോഗ്യകരമായ ഒരു ചർച്ച നടത്താൻ സാധിച്ചെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകൾ പോലെ ഞാൻ മനസിലാക്കുന്നത് ആയിരിക്കണമെന്നില്ല വേറൊരാൾ വായിച്ചെടുക്കുന്ന അർത്ഥതലങ്ങൾ. അവ പങ്കുവെക്കുന്നത് രസകരമായിരിക്കും. നൻപകൽ നേരത്ത് മയക്കം, ചുരുളി തുടങ്ങിയ സിനിമകളെക്കുറിച്ചൊക്കെ സോഷ്യൽ മീഡിയകളിൽ വന്ന റിവ്യൂകൾ വായിച്ചപ്പോഴാണ് ഇതിന് ഇങ്ങനെയും അർത്ഥം ഉണ്ടോ എന്ന് ആലോചിക്കുന്നത് (ആ അർത്ഥങ്ങൾ സംവിധായകൻ പോലും മനസ്സിൽ കണ്ടിട്ടുണ്ടോ എന്ന് സംശയമുണ്ട്)


വ്യത്യസ്തമായൊരു വായനാനുഭവം തന്നെയായിരുന്നു സൂസന്നയുടെ ഗ്രന്ഥപ്പുര നൽകിയതെന്ന് നിസംശ്ശയം പറയാം. ഇനിയുള്ള എൻറെ വായനകളെ ഈ പുസ്‌തകം സ്വാധീനിക്കുമെന്നും തോന്നുന്നു. ഒരു പുനർവായന കൂടി വേണമെന്നും എനിക്ക് തോന്നുന്നു. കാരണം രചയിതാവ് പറഞ്ഞ ഒട്ടേറെ കാര്യങ്ങൾ ഒരു വായനക്കാരൻ എന്ന നിലയിൽ ഗുണകരമാണെന്ന് തോന്നിയിരുന്നു. മികച്ചൊരു വായനക്കാരൻ തൻറെ അനുഭവത്തിൽ നിന്നും നൽകുന്ന ഉപദേശങ്ങളായാണ് ഒരു എളിയ വായനക്കാരനായ, ഇനിയും വായനയെ വേണ്ടത്ര ഗൗരവത്തോടെ സമീപിക്കാത്ത എനിക്ക് അനുഭവപ്പെട്ടത്. 


അവസാന വാക്ക് : വായനയെ സ്നേഹിക്കുന്നവർക്ക് ധൈര്യപൂർവ്വം സമീപിക്കാവുന്ന ഗ്രൻഥശാലയാണ് സൂസന്നയുടെ  ഗ്രൻഥശാല.

Sunday, March 12, 2023

വായനാനുഭവം - മൂന്ന് കല്ലുകൾ



2023 ഇൽ വളരെ പ്രതീക്ഷയോടെ വായിച്ച പുസ്തകങ്ങളിലൊന്നായിരുന്നു ശ്രീ.അജയ് പി മങ്ങാട് എഴുതിയ മൂന്ന് കല്ലുകൾ എന്ന നോവൽ. എനിക്കത്ര പഥ്യമല്ലാത്ത നോൺ ലീനിയറായ രചനയാണ്‌ മൂന്ന് കല്ലുകളിൽ ഉള്ളത്. അതിനാൽത്തന്നെ ഞാൻ പുലർത്തിയ പ്രതീക്ഷയോട് പൂർണ്ണമായും തൃപ്തി നൽകിയ വായനാനുഭവമായിരുന്നു ആ നോവലിൽ നിന്നും ലഭിച്ചതെന്ന് പറയാൻ സാധിക്കില്ല. വായനക്കാരനെ അധികം മിനക്കെടുത്താതെ നേരെ വാ നേരെ പോ എന്ന രീതിയിൽ പറയുന്ന കഥകളെ ഇഷ്ടപ്പെടുന്ന ഒരു മടിയൻ വായനക്കാരൻ ആയതിനാലാവാം എനിക്ക് ആ ഒരു അനുഭവം ഉണ്ടായത്. ഒരുപക്ഷെ എഴുതിയതിൽ കൂടുതൽ എഴുതാൻ ഉണ്ടാകുമെന്നും അത് വായനക്കാരൻ അവൻറെ ഭാവനയിൽ പൂരിപ്പിച്ചുകൊള്ളട്ടെ എന്ന രീതിയിൽ എഴുതുന്ന ആധുനിക നോവലുകളിൽ ഉൾപ്പെടുത്താവുന്ന കൃതിയാണ് മൂന്ന് കല്ലുകൾ. ശ്രദ്ധയോടെയുള്ള വായന ആവശ്യപ്പെടുന്ന പുസ്‌തകം. ശ്രദ്ധയില്ലാതെ വായിച്ചാൽ ഇതിപ്പോൾ ഇവിടെ എന്താ സംഭവിച്ചത്? ഇവന്മാരൊക്കെ ആരാ? അപ്പോൾ നേരത്തെ പറഞ്ഞവന്മാരും ഇവന്മാരുമായിട്ട് എന്താ ബന്ധം എന്നൊക്കെ തോന്നിയാൽ കുറ്റം പറയാൻ സാധിക്കില്ല. 

കഥയേക്കാൾ ഒരുപിടി കഥാപാത്രങ്ങളെ മനസ്സിൽ അവശേഷിപ്പിച്ചുകൊണ്ടാണ് പുസ്തകം അവസാനിക്കുന്നത് എന്നതാണ് ഈ പുസ്‌തകത്തിന്റെ ഏറ്റവും വലിയ വിജയം. ഒരു പ്രൂഫ് റീഡറായ കറുപ്പൻ, കറുപ്പൻ എന്ന പേരുകാരനായ പിതാവുള്ള മാധവൻ, അവരെ ബന്ധിപ്പിക്കുന്ന കബീർ എന്നിവരിലൂടെയാണ് കോഴിക്കോട് പശ്ചാത്തലമായ കഥ വികസിക്കുന്നത്. കഥ അല്ല കഥകൾ. കറുപ്പനെ ചുറ്റിപ്പറ്റി ഒരു കഥയുണ്ട്, മാധവനെ ചുറ്റിപ്പറ്റി അവൻറെ കഥയുണ്ട്, ആ കഥയിൽ ചോര, കാക്ക, രാധ, റഷീദ, ഏക, ഊറായി എന്നിങ്ങനെ കഥാപാത്രങ്ങളുണ്ട്, പശ്ചാത്തലമായി മലയോരഗ്രാമമായ ഇരുട്ടുകാനവും മലമുണ്ടയുമുണ്ട്. ഇവരെല്ലാവരെയും കുറിച്ച് വായനക്കാരനെ ചിന്തിക്കാൻ നോവൽ പ്രാപ്തരാക്കുന്നുണ്ട്. 

വ്യത്യസ്തമായ ഒരു ആഖ്യാനശൈലികൊണ്ട് ശ്രദ്ധേയമാകുന്ന നോവലാണ് മൂന്ന് കല്ലുകൾ എന്ന് നിസംശ്ശയം പറയാം. ആ കൃതിക്ക് എങ്ങനെ ആ പേര് വന്നു എന്നതിനെക്കുറിച്ചുപോലും വായനക്കാരന് അവന്റേതായ രീതിയിൽ നിഗമനങ്ങളിലെത്താം. മൂന്ന് കല്ലുകളെക്കുറിച്ച് നോവലിൽ പരാമർശിക്കുന്നുണ്ട്. പക്ഷെ നോവലിന് തന്നെ പ്രതിപാദ്യം ആകുവാൻ മാത്രം എന്താണ് അതിന് പ്രാധാന്യം എന്ന് ചിന്തിച്ചുകൊണ്ട് നോവലിലേക്ക് നോക്കിയാൽ ആ കല്ലുകൾ വരാനുള്ള സാഹചര്യം, അതുമായി ബന്ധപ്പെടുന്ന ചോര, ചോരയുമായി ബന്ധപ്പെടുന്ന മാധവൻ, മാധവനുമായി ബന്ധപ്പെടുന്ന കബീർ, കബീറുമായി ബന്ധപ്പെടുന്ന കറുപ്പൻ എന്നിങ്ങനെ പലരിലേക്കും ആ കല്ലുകളുടെ ഭാരം കടക്കുന്നതായി കാണാം. അടുത്തകാലത്തിറങ്ങിയ മമ്മൂട്ടി ചിത്രം 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രം കണ്ടതിന് ശേഷം ആസ്വാദകർ സ്വന്തമായി പല നിഗമനങ്ങളിലേക്ക് എത്തിയതുപോലെ ഈ നോവലിൽ നിന്നും അത്തരം ഒരനുഭവം ലഭിക്കും. അത് തന്നെയാണ് ആ സിനിമയുടെയും നോവലിന്റെയും വിജയം. ചുമ്മാ വായിച്ചു തള്ളിക്കളയാവുന്ന നോവൽ അല്ല മൂന്ന് കല്ലുകൾ എന്ന് ചുരുക്കം. 

Monday, March 6, 2023

പുസ്തക പരിചയം - ദി ബ്രെയിൻ ഗെയിം


ഒട്ടേറെ നാളുകൾക്ക് ശേഷമാണ് ഒരു കുറ്റാന്വേഷണ നോവൽ വായിക്കുന്നത്. സമകാലിക എഴുത്തുകാരിൽ ശ്രദ്ധേയയും സർവ്വോപരി എൻറെ നാട്ടുകാരിയുമായ ശ്രീമതി മായ കിരൺ എഴുതിയ "ദി ബ്രെയിൻ ഗെയിം" ഇത്രയും നാളത്തെ കാത്തിരുപ്പ് വെറുതെയായില്ല എന്ന് തെളിയിച്ചു. ഒറ്റവാക്കിൽ പറഞ്ഞാൽ ഗംഭീരവായനാനുഭവം. 

കുട്ടിക്കാലത്ത് ഷെർലക് ഹോംസ് കൃതികൾ വായിച്ചുകൊണ്ടാണ് കുറ്റാന്വേഷണ പുസ്തകങ്ങളിലേക്ക് ഇറങ്ങുന്നത്. ആവേശത്തോടെ അദ്ദേഹത്തിൻറെ സമ്പൂർണ്ണ കൃതികൾ വായിച്ചു തീർത്തു. രണ്ടും മൂന്നും ആവർത്തി വായിച്ച കൃതികളും ഇല്ലാതില്ല. ഫോറൻസിക്കും പോസ്റ്റ് മോർട്ടവുമൊക്കെ വരുന്നതിന് മുന്നേയുള്ള കാലത്ത് നിരീക്ഷണത്തിലൂടെ കേസുകൾ തെളിയിച്ചിരുന്ന ഹോംസിനെ അത്ഭുതത്തോടെയാണ് കണ്ടിരുന്നത്. ഒരു മൃതദേഹത്തിൽ കാണപ്പെടുന്ന പരുക്ക് മരണത്തിന് മുൻപ് സംഭവിച്ചതാണോ അതോ മരണത്തിന് ശേഷം സംഭവിച്ചതാണോ എന്നറിയാൻ മൃതദേഹത്തെ തല്ലി പരീക്ഷണം നടത്തിയ ഹോംസിൻറെ കാലത്തുനിന്നും അജഗജാന്തരം മാറിയിട്ടുണ്ട് ആധുനിക കുറ്റാന്വേഷണ നോവലുകൾ. ആ മാറ്റം അടിമുടി രേഖപ്പെടുത്തുന്ന നോവലാണ് ബ്രെയിൻ ഗെയിം. 

സോഷ്യൽ മീഡിയ ആണ് കൃതിയിലെ സംഭവങ്ങളുടെ പ്രധാന പശ്ചാത്തലം എന്നതിൽ തുടങ്ങുന്നു ആ ആധുനികതയുടെ കടന്നുകയറ്റം. ആർതർ കോനൻ ഡോയലിന്റെയും അഗതാ ക്രിസ്റ്റിയുടെയും ലോകത്ത് നിന്നും നേരെ കൊച്ചിയിൽ നടക്കുന്നൊരു ബ്രെയിൻ ഗെയിമിലേക്ക് ലാൻഡ് ചെയ്തപ്പോൾ ഉണ്ടായ ഒരു അങ്കലാപ്പ് കുറയാൻ കുറച്ചൊക്കെ സഹായിച്ചത് സമീപകാലത്ത് കണ്ട ഡിറ്റക്ടീവ് സിനിമകളാണ്. ശരിക്കും ഒരു സിനിമ കാണുന്നത് പോലെ ബ്രെയിൻ ഗെയിം നമുക്ക് ആസ്വദിക്കാം. ഏറെക്കുറെ നാല് മണിക്കൂർ മാത്രമാണ് 206 പേജുള്ള ആ നോവൽ വായിച്ചുതീർക്കാൻ വേണ്ടിവന്നത്. ഓരോ അദ്ധ്യായം വായിക്കുമ്പോഴും അടുത്തതായി എന്ത് സംഭവിക്കുമെന്നുള്ള ആകാംക്ഷ നമ്മെ ഇരുത്തി വായിപ്പിക്കും. സസ്പെൻസുകൾ മാലപ്പടക്കം പോലെ പൊട്ടിത്തുടങ്ങിയ അവസാന ഭാഗത്ത് ചെറിയ കൺഫ്യൂഷൻ ഉണ്ടായതൊഴിച്ചാൽ ഒരു നെഗറ്റിവും പറയാനില്ലാത്ത കൃതിയാണ് "ദി ബ്രെയിൻ ഗെയിം".

കുറ്റാന്വേഷണ നോവലിൻറെ ഉള്ളടക്കത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് അതിൻറെ തുടർന്നുള്ള ആസ്വാദനത്തെ ബാധിക്കുമെന്നതിനാൽ കഥയെക്കുറിച്ച് കൂടുതൽ പറയാനില്ല. കൊച്ചി നഗരത്തിൽ നടക്കുന്ന കൊലപാതക പരമ്പര, അത് അന്വേഷിക്കുന്ന സമർത്ഥനായ പോലീസ് ഓഫീസർ, അതി ബുദ്ധിമാനായ കുറ്റവാളി ഇങ്ങനെ ഒരു ത്രെഡ് പുതുമയോടെ അവതരിപ്പിച്ചിരിക്കുന്നു.

നോവലിസ്റ്റിൻറെ ഇതേ കാറ്റഗറിയിൽ ഇറങ്ങിയ പുതിയ നോവൽ "ഇൻസിഷൻ" നല്ല അഭിപ്രായത്തോടെ മുന്നേറുന്നുണ്ട്. ബ്രെയിൻ ഗെയിം നൽകിയ വായനാ സുഖം തീർച്ചയായും ആ നോവൽ വായിക്കാനും പ്രേരിപ്പിക്കും. അതേപോലെ സയൻസ് ഫിക്ഷൻ കാറ്റഗറിയിൽ രചിച്ച "പ്ലാനറ്റ് 9" എന്ന പുസ്തകവും തീർച്ചയായും വായിച്ചിരിക്കും. കാരണം വേറൊരു മേഖലയിൽ ജോലിചെയ്യുന്ന ആളായിരുന്നിട്ടും കുറ്റാന്വേഷണ നോവലായ ബ്രെയിൻ ഗെയിം ഉദ്യോഗഭരിതമാക്കാൻ എഴുത്തുകാരി നടത്തിയിട്ടുള്ള കഠിനാധ്വാനം ഓരോ വരിയിലും നമുക്ക് വായിച്ചറിയാം. തീർച്ചയായും അതേ എഫോർട്ടോ അതിലേറെയോ ഞാൻ വായിക്കാനുള്ള പുസ്തകങ്ങളിലും ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ഇത്രയും നാളായിട്ടും കായിപ്പുറംകാരിയായ മായ കിരൺ എഴുതിയ പുസ്തകങ്ങൾ വായിച്ചില്ലെന്ന കുറ്റബോധം ആ വായനയെ എത്രയും നേരത്തേയാക്കും. എന്തായാലും ഒരുകാര്യം ഉറപ്പാണ് മലയാള കുറ്റാന്വേഷണ സാഹിത്യശാഖയ്ക്ക് മികച്ചൊരു എഴുത്തുകാരിയെ ലഭിച്ചിരിക്കുന്നു എന്ന ബെന്യാമിൻറെ വാക്കുകൾ വെറുതെയല്ല. അഭിനന്ദനങ്ങൾ