ഏഷ്യാനെറ്റിലെ സഞ്ചാരം പ്രോഗ്രാമില്‍ ജപ്പാന് വിശേഷങ്ങള്‍ സന്തോഷ് ജോര്‍ജ് കുളങ്ങര വിവരിക്കുന്ന കണ്ടപ്പോള്‍ എപ്പോളെങ്കിലും ആ സ്ഥലങ്ങള്‍ ഒന്ന് നേരില്‍ കാണാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് മനസ്സില്‍ ആഗ്രഹിച്ചു പോയിരുന്നു. ജോലിയുടെ ഭാഗം ആയി ജപ്പാനിലേക്ക് സിങ്കപ്പൂര്‍ എയര്‍ ലൈന്‍സിന്റെ സില്‍ക്ക് എയറില്‍ പറക്കുമ്പോള്‍ അത് ഇത്ര ഉടന്‍ സാധിക്കും എന്ന് കരുതിയില്ല. ഒരു മാസം ആണ് എനിക്ക് ജപ്പാനില്‍ ജോലി ചെയ്യേണ്ടത്. ഈ ചെറിയ സമയത്തിനിടക്കു പറ്റുന്ന പോലെ ജപ്പാന് ഒന്ന് അറിയാന്‍ ശ്രമിക്കണം എന്ന് കേറുമ്പോള്‍ തന്നെ മനസ്സില്‍ കരുതിയിരുന്നു.
ഉദയ സൂര്യന്റെ നാട്ടില്‍ ഞാന്‍ കാല് കുത്തുമ്പോള്‍ സമയം വൈകിട്ട് അഞ്ചു മണി കഴിഞ്ഞിരുന്നു. നരിത്ത എയര്‍ പോര്‍ട്ടിനു മുകളില്‍ അസ്തമന സൂര്യന്റെ പ്രകാശം ആയിരുന്നു. ഇന്ത്യന്‍ സമയത്തെക്കാള്‍ മൂന്നര മണിക്കൂര്‍ മുന്പില് ആണ് ജപ്പാന്. നാട്ടില്‍ സമയം ഉച്ച രണ്ടു മണി ആയിക്കാണും. നരിത്തയില് നിന്നും രണ്ടര മണിക്കൂര്‍ യാത്ര ഉണ്ട് എനിക്ക് എത്തേണ്ട കസ്തയിലെക്ക് . katsuta എന്നാണ് സ്ഥലത്തിന്റെ പേര് "കസ്ത" എന്ന് വായിക്കും. അങ്ങോട്ടുള്ള ബസിന്റെ സമയം എല്ലാം നേരത്തെ തന്നെ നോക്കി വെച്ചിരുന്നു. അര മണിക്കൂര്‍ ഇടവിട്ട് ബസ് ഉണ്ട്. സമയം എല്ലാം അവരുടെ കൃത്യ നിഷ്ടയെ സൂചിപ്പിക്കുന്ന തരത്തില്‍ ആയിരുന്നു. 6.32, 7.12 എന്നിങ്ങനെ. സമയം പറഞ്ഞാല്‍ പറഞ്ഞതാണെന്ന് നേരത്തെ തന്നെ കേട്ടിരുന്നു. അത് പോലെ തന്നെ ബസ് കൃത്യം 7.10 നു എത്തി. സാധനങ്ങളും ആള്‍ക്കാരെയും കയറ്റി 7.12 നു തന്നെ യാത്ര തുടങ്ങി. ജപ്പാനിലെ ചിലവിനെ കുറിച്ച് ഒരു ഏകദേശ രൂപം ബസ് ടിക്കറ്റ് എടുതപ്പോലെ കിട്ടി. നൂറു കിലോമീറ്റര്‍ അപ്പുറത്തേക്ക് പോകാന്‍ മൂവായിരത്തി ഇരുന്നൂറു യെന്‍ ആണ്. ബസ് എടുത്തു രണ്ടു സ്റ്റോപ്പ് കഴിഞ്ഞപ്പോള്‍ തന്നെ ബസ് കാലിയായി. ഞാനും ഡ്രൈവറും മാത്രം. ഞാന്‍ പുള്ളിയുടെ പുറകിലെ സീറ്റില്‍ പോയി ഇരുന്നു വിശാലമായി കാഴ്ച കാണാന്‍ തുടങ്ങി. പേര് അറിയാത്ത നഗരങ്ങളില്‍ കൂടെ ബസ് ഒഴുകുകയാണ്. റോഡില്‍ തിരക്ക് കുറവാണ്. എന്നാലും കാര്യവും കാരണവും കൂടാതെ ഇടയ്ക്കു ഇടയ്ക്കു ബസ് ട്രാഫിക് സിഗ്നല്‍ അനുസരിച്ച് നിര്‍ത്തുന്നുണ്ട്. ചില സിഗ്നലില്‍ കിടക്കാന്‍ ചിലപ്പോള്‍ എല്ലാ റോഡിലും കൂടെ ഞാന്‍ കയറിയ ബസ് മാത്രമേ കാണുകയുള്ളൂ.എന്നാലും 2 മിനിറ്റ് സിഗ്നല്‍ വീഴാന്‍ കത്ത് കിടന്നിട്ടു ബസ് യാത്ര തുടരും. പറഞ്ഞ അതെ സമയത്ത് ബസ് എന്നെ കസ്തയില് എത്തിച്ചു. എന്നെ കാത്തു കമ്പനിയിലെ കൂട്ടുകാരന് നില്‍പ്പുണ്ടായിരുന്നു. സമയം അപ്പോള്‍ പത്തു കഴിഞ്ഞു. റോഡുകള്‍ വിജനം ആണ്. താമസിക്കേണ്ട അപര്ത്മെന്റിലെക്ക് കുറച്ചു കൂടെ പോണം. ലഗ്ഗെജു ഉള്ള കൊണ്ട് പോകാന്‍ ടാക്സി വിളിച്ചു. ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള താമസ സ്ഥലത്ത് വണ്ടി ഇറങ്ങിയിട്ട് 950 യെന്‍ എണ്ണി കൊടുക്കുമ്പോള്‍ മനസ്സില്‍ ആദ്യമായി കേരളത്തിലെ ഓട്ടോ ചേട്ടന്മാരെ മിസ്സ് ചെയ്തു. റൂമില്‍ നേരത്തെ തന്നെ ഉള്ള കൂട്ടുകാര്‍ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. ചോറും മീന്‍ കറിയും കൂട്ടി ഭേഷായി തട്ടി. ചോറ് ഒരുമാതിരി അമ്പലത്തിലെ നിവേദ്യ ചോര്‍ പോലെ തോന്നി. നല്ല പശപ്പു ഉള്ള അരി ആണ് ജപ്പാനില്‍. എല്ലാ വിധ സൌകര്യങ്ങളും ഉള്ള റൂം തന്നെ ആണ് കിട്ടിയത്. ഓടി വന്നു നെറ്റ് കണക്ട് ചെയ്യാന്‍ നോക്കിയപ്പോള്‍ ലാപ്ടോപ്പിന്റെ പ്ലുഗ് കുത്താന്‍ പറ്റില്ല. ചതുരത്തിലുള്ള പ്ലുഗ് പോയിന്റ് ആണ് ഇവിടെ മുഴുവന്‍ ഉള്ളത്. റൂമില്‍ അത്യാവശ്യം ചൂട് ഉണ്ടായിരുന്നു.എസി പഴയ കാലതുള്ളത് ആണെന്ന് അതിന്റെ കളര്‍ സൂചിപ്പിച്ചു. അതിന്റെ റിമോട്ടില്‍ ആണേല്‍ ഒരു ഇംഗ്ലീഷ് അക്ഷരം പോലും ഇല്ല. എനിക്കാണേല്‍ ജാപ്പനീസ് ABCD പോലും അറിയില്ല. പോരുമ്പോള്‍ അത്യാവശ്യം കുറച്ചു ജാപ്പനീസ് വാക്കുകള്‍ എഴുതിക്കൊണ്ട് പോന്നിട്ടുണ്ട്. ഗുഡ് മോര്‍ണിംഗ്, Thank you, എനിക്ക് ജാപ്പനീസ് അറിയില്ല എന്നിങ്ങനെ കുറച്ചു അത്യാവശ്യം വാക്കുകള്‍. രാത്രി ചൂട് കാരണം എനിക്ക് എഴുന്നേല്‍ക്കേണ്ടി വന്നു. എസി ഞാന്‍ കരുതിയ പോലെ ജപ്പന്കാരെ പറയിപ്പിക്കാന്‍ ഉള്ളത് ആണെന്ന് തോന്നുന്നു. സാധനം ഇടയ്ക്കു ഓഫ് ആയി പോയി. പിന്നെയും ഓണ്‍ ചെയ്തിട്ടു കിടന്നുറങ്ങി. പണ്ട് ജപ്പാനില്‍ എ സി മൂന്നു മണിക്കൂര്‍ കഴിഞ്ഞാല്‍ ഓഫ് ചെയ്യണം എന്നൊരു നിയമം ഉണ്ടായിരുന്നത്രേ. ഇവന് ആ കാലത്ത് ഉണ്ടായവന് ആണെന്ന് തോന്നുന്നു.
ഓഫീസിലേക്ക് റൂമില്‍ നിന്നും പത്തു മിനുട്ട് നടപ്പുണ്ട്. രാവിലെ എട്ടു മണി ആണെങ്കിലും നാട്ടില്‍ ഉച്ചക്ക് പന്ത്രണ്ടു മണിക്കുള്ള ചൂട് ഉണ്ട്. സൂര്യന് നാല് മണിക്ക് ഉദിക്കുന്ന കൊണ്ടുള്ള ഗുണം. ഓഫീസിലേക്കുള്ള നടപ്പ് നല്ല രസകരം ആയി തോന്നി. ഞങ്ങള്‍ ആലപ്പുഴക്കാരും ജപ്പാന്‍കാരും ബുദ്ധിയുടെ കാര്യത്തില്‍ മാത്രം അല്ല, വേറെയും രണ്ടു സമാനതകള്‍ ഉണ്ട്. ഒന്ന് കടലിന്റെ സാമീപ്യം. പിന്നെ സൈക്കിള്‍ ന്റെ ഉപയോഗം. ജപ്പാനിലെ സാധാരണക്കാരന് മാത്രമല്ല ഒരു മാതിരിപ്പെട്ട എല്ലാവരും സൈക്കിള്‍ ആണ് യാത്രകള്‍ക്ക് ഉപയോഗിക്കുന്നത്. കേരളത്തില്‍ ഇപ്പോളും സൈക്കിള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് ആലപ്പുഴക്കാര് തന്നെ ആണ്. അവിടെ ഒരു സിനിമ ഹിറ്റ് ആണോ എന്ന് അറിയാന്‍ തിയേറ്ററിന്റെ വാതുക്കല് ഉള്ള സൈക്കിള്‍ എണ്ണം എടുത്താല്‍ മതിയെന്ന് ഞങ്ങള്‍ തമാശക്ക് പറയാറുണ്ട്. ജപ്പാന് ജനതയുടെ ജീവിതത്തിന്റെ ഭാഗം ആണ് അവരുടെ വിനയം. വഴിയില്‍ കാണുന്ന ഓരോ ആളും തല കുനിച്ചു വിഷ് ചെയ്താണ് പോകുന്നത്. ജാപ്പനീസ് ഉപചാര വാക്കുകളും പറയും. ഞാനും പഠിച്ച പോലെ "ഒഹായോ ഗോസായിമാസു" "കൊന്നിചിവാ" എന്നൊക്കെ സമയം പോലെ പറഞ്ഞു കുമ്പിടും. വീട്ടില്‍ നിന്നും ഓഫീസിലേക്ക് എത്തുന്നതിനു ഇടയില്‍ മൂന്നോ നാലോ ട്രാഫിക് സിഗ്നല്‍സ് ഉണ്ട്. സിഗ്നലില്‍ കിടക്കുന്ന വണ്ടിയിലെ ഡ്രൈവ് ചെയ്യുന്നവരും നമ്മളെ വിഷ് ചെയ്യുന്നുട്. റോഡുകള്‍ ഒക്കെ നല്ല വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. ആകെ ഉള്ള കുഴപ്പം എന്ന് വെച്ചാല്‍ ആര്‍ക്കും ഇംഗ്ലീഷ് ഒരു അക്ഷരം പോലും അറിയില്ലാ. നാട്ടിലെ ചെത്തല പട്ടികള്‍ ഏറി കിട്ടുമ്പോള്‍ കരയുന്ന പോലെ "ഹൈ " എന്ന് എപ്പോളും പറയുന്ന കേള്‍ക്കാം. യെസ് എന്നാണ് അതിന്റെ അര്‍ഥം.
ഓഫീസിലേക്ക് ഉള്ള ആ നടപ്പിനിടയില്‍ ഒരു കാര്യം മനസിലായി. ജപ്പാനിലേക്ക് പോകുമ്പോള്‍ അത് ഒരു ഇലക്ട്രോണിക് കണ്ട്രി, ടെക്നോളജി അതിന്റെ മാക്സിമം ഉപയോഗിക്കുന്ന രാജ്യം എന്നൊക്കെ ആയിരുന്നു മനസ്സില്‍. പക്ഷെ ജപ്പാന്‍കാര്‍ ടെക്നോളജിയെക്കാള്‍ കൃഷിക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്നവര് ആണെന്ന് ചെന്ന ഉടനെ മനസിലായി. വീടുകള്‍ക്ക് ഇടയില്‍ ഉള്ള ചെറിയ സ്ഥലങ്ങളില്‍ വരെ അവര്‍ മനോഹരം ആയി കൃഷി ഇറക്കിയിരിക്കുന്നു. പയര്‍ വര്‍ഗങ്ങളും, പച്ചക്കറികളും ഒക്കെ ധാരാളം. അത് പോലെ തന്നെ മാലിന്യ സംസ്കരണവും മാതൃക ആക്കാവുന്ന രീതിയില്‍ തന്നെ. ആഴ്ചയില്‍ രണ്ടു ദിവസം, ചൊവ്വയും വെള്ളിയും മാത്രമേ മാലിന്യങ്ങള്‍ നിര്‍ധിഷ്ട്ട സ്ഥലങ്ങളില്‍ നിക്ഷേപിക്കാവൂ. കത്തിക്കാവുന്ന മാലിന്യങ്ങളും പ്ലാസ്റ്റിക് പോലെ ഉള്ള മാലിന്യങ്ങളും വേറെ വേറെ കവറുകളില്‍ വേണം വീടുകളില്‍ നിന്നും നിക്ഷേപിക്കാന്‍. ആ കവരുകള്ക്ക് പോലും ഓരോ കളര്‍ ഉണ്ടാകും. അത് ഓരോ കോര്‍പ്പരേഷന്‍ അനുസരിച്ച് മാറി കൊണ്ടിരിക്കും. വെള്ളിയാഴ്ചകളില്‍ ഓഫീസിലേക്ക് പോകുമ്പോള്‍ മനസിനെ ആകര്‍ഷിക്കുന്ന ഒരു കാഴ്ച കാണാം. എഴുപതു വയസിനു മുകളില്‍ ഉള്ള ഒരു പറ്റം വൃദ്ധര്‍, മിക്കതും നല്ല പ്രായം ഉള്ളവര്‍ തന്നെ. കയ്യില്‍ ഒരു പച്ച കവറും പിടിച്ചു നിരത്തുകളില്‍ നിന്നും മാലിന്യങ്ങള്‍ വാരി മാറ്റുന്നു. ബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ജപ്പാന്‍കാര്‍ മിക്കവാറും ഭാര്യാ ഭര്ത്താക്കന്മാര് ഒരുമിച്ചാണ് നിരത്തില്‍ ഇറങ്ങുന്നത്. മറ്റുള്ളവര്‍ക്ക് മാതൃക ആയി ഈ പ്രായമായ വൃദ്ധര്‍ നടത്തുന്ന വൃത്തിയാക്കല്‍ ശരിക്കും എന്റെ മനസിനെ ആകര്‍ഷിച്ചു. രണ്ടാം ലോകമഹായുദ്ധ സമയത്ത് അവരുടെ രാജ്യം നേരിട്ട ദുരിതം ആ മനസുകളില്‍ ഇപ്പോളും മാറാതെ കിടപ്പുണ്ടാകും അതാകും അവരെ ഈ പുണ്യ പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത്. പക്ഷെ ദുഖ കരമായ ഒരു കാര്യം കൂട്ടുകാരില്‍ നിന്നും മനസിലായത് ജപ്പാനിലെ പുതു തലമുറ ഈ മാതൃകകള്‍ ഒന്നും കാണുന്നില്ല എന്നുള്ളതാണ്. അവര്‍ പൊതുവേ കിട്ടിയ സൌകര്യങ്ങള്‍ വിനിയോഗിക്കുന്നതിലും, McDonald, KFC കഫെ കളില്‍ സമയം കൊല്ലുനതിലും ആണത്രേ താല്‍പ്പര്യം. പിന്നെ കമ്പ്യൂട്ടര്‍ ഗെയിംകളിക്കുന്നതിലും.
ഒരു മാസം ജപ്പാനില്‍ ജോലി ചെയ്യാന്‍ സാധിച്ചപ്പോള്‍ അവരുടെ ജോലിയോടുള്ള സമീപനം ഏറെക്കുറെ മനസിലാക്കാന്‍ പറ്റി എന്നാണ് എന്റെ വിശ്വാസം. ഓഫീസുകളില്‍ ആത്മാര്‍ത്ഥതയുടെ മൂര്‍ത്തീ ഭാവം ആണ് ജപ്പാന്‍കാര്‍. ഒരു സമയം പോലും വെറുതെ കളയാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലാ. അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം ഇവര്‍ എ സി യുടെ തണുപ്പില്‍ ഇരിക്കുംബോളും വെള്ളം കുടിക്കാന്‍ മിനക്കെടാറില്ല. നാട്ടില്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് ടോയ് ലെട്ടിലേക്ക് ഹെല്‍ത്ത് വാക്ക് ശീലിച്ച എനിക്ക് ആദ്യം ഇവന്മാരുടെ ഈ തപസു കണ്ടു അത്ഭുതം ആയിരുന്നു. പിന്നെ ഇവര്‍ ഇങ്ങനെ ഇരിക്കുമ്പോള്‍ ഞാന്‍ മാത്രം ഇടയ്ക്കു ഇടയ്ക്കു എങ്ങനെ എഴുന്നേറ്റു പോകുന്നതെങ്ങനാ എന്നതായി ചിന്ത. അവസാനം ആയപ്പോള്‍ എനിക്കും വെള്ളം കുടീം ഒന്നിന് പോക്കും ഇല്ലാതായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. നാട്ടിലെ കമ്പ്യൂട്ടെരില്‍ ഒരു മണിക്കൂര്‍ ഇടവിട്ട് സെറ്റ് ചെയ്തിട്ടുള്ള ടൈമര്‍ ഇനി വേസ്റ്റ് ആകുമോ എന്തോ?
ഉച്ചക്ക് കഴിക്കാന്‍ പോയപ്പോള്‍ ആയിരുന്നു അതിലും രസം. കാന്റീനില്‍ കുറെ അമ്മൂമ്മമാര് മാത്രമേ കഴിക്കാന്‍ ഉണ്ടായിരുന്നുള്ളൂ. എല്ലാം 70 കഴിഞ്ഞ ആള്ക്കാര്. അവിടുത്തെ ക്ലീനിംഗ് ജോലികള്‍ അവര്‍ ആണ് നോക്കുന്നത്. ഒരുമിച്ചിരുന്നു തമാശകള്‍ ഒക്കെ പറഞ്ഞു പൊട്ടിച്ചിരിച്ചു ആസ്വദിച്ചാണ് ഭക്ഷണം കഴിക്കുന്നത്. ഞങ്ങള്‍ കഴിക്കാന്‍ ചെന്ന് ചോറ്റു പത്രം തുറന്നതും എല്ലാരുടെയും ശ്രദ്ധ ഞങ്ങളുടെ നേര്‍ക്കായി. എരിവും മസാലകളും ഉപയോഗിക്കാത്ത അവര്‍ക്ക് ഞങ്ങളുടെ പാത്രത്തില്‍ നിന്നും വരുന്ന അച്ചാറിന്റെയും മസാലയുടെയും മണം അടിച്ചതും എല്ലാം കൂടെ ഞങ്ങളുടെ ചുറ്റിനും കൂടി. തമ്മില്‍ എന്തൊക്കെയോ പറഞ്ഞോണ്ട് മുട്ടന്‍ ചിരി. ജാപ്പനീസില്‍ എന്തൊക്കെയോ കമന്റ്സ് ഇറക്കി വിടുന്നുണ്ട്. ഗതി കെട്ടു ഞങ്ങളും തിരിച്ചു മലയാളത്തില്‍ കമന്റ് അടി തുടങ്ങി. അവര്‍ ഒരു രക്ഷേം ഇല്ല. തേന്മാവിന് കൊമ്പത്ത് സിനിമയില്‍ മോഹന്‍ ലാലിനെ പറ്റി ആ കാട്ടുവാസികള്‍ കമന്റ് അടിക്കുന്നതാണ് സത്യത്തില്‍ എനിക്ക് ഓര്മ വന്നു. ചുമ്മാ സമയം മിനക്കെടുത്താതെ എഴുന്നേറ്റു പോ അമ്മച്ചീ എന്നൊക്കെ ഞങ്ങളും തട്ടി വിട്ടു. അവരുടെ പൊട്ടിച്ചിരികളില്‍ ആ കെട്ടിടം കുലുങ്ങുന്നുണ്ടോ എന്ന് ഞങ്ങള്‍ ശരിക്കും ഭയപ്പെട്ടു. എണ്‍പത് വയസ് അടുത്തായെങ്കിലും അവര്‍ ആസ്വദിക്കുന്ന പോലെ ജീവിതം ആസ്വദിക്കാന്‍ നമുക്ക് പോലും പറ്റുന്നില്ല എന്നുള്ളതാണ് സത്യം. അവരുടെ ആ ചിരിക്കും ഉണ്ടായിരുന്നു ജപ്പാന്‍കാരുടെ സ്ഥായിയായ നിഷ്കളങ്കം.
ആദ്യം കിട്ടിയ അവധി ദിവസം തന്നെ ഞാന്‍ ടോക്യോക്ക് പോകാന്‍ തീരുമാനിച്ചു. ലോകത്തിലെ ഏറ്റവും തിരക്കേറിയ ആ നഗരത്തില്‍ പോകുമ്പോള്‍ മനസ്സില്‍ ഒരു പരിഭ്രമം ഉണ്ടായിരുന്നു. പ്രത്യേകിച്ചും ജപ്പന്കാര്ക്ക് ഇംഗ്ലീഷ് ഭാഷയില്‍ ഉള്ള പ്രാവീണ്യം കൂടെ ഓര്‍ക്കുമ്പോള്‍. ആ വിശേഷം അടുത്ത പോസ്റ്റില്‍ എഴുതാം...