Monday, July 14, 2025

വായനാനുഭവം - മാൽഗുഡിയിലെ നരഭോജി (Book Review - Malgudiyile Narabhoji by R K Narayan)

വായനാനുഭവം - മാൽഗുഡിയിലെ നരഭോജി  



സുപ്രസിദ്ധ ആംഗ്ലോ ഇന്ത്യൻ എഴുത്തുകാരൻ ശ്രീ ആർ.കെ നാരായൺ എഴുതിയ മാൽഗുഡിയിലെ നരഭോജി എന്ന നോവലിന്റെ വിശേഷങ്ങളാണ് ഇക്കുറി. ആർ.കെ നാരായൺ എന്ന പേര് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് വരുന്ന സ്ഥലമാണ് മാൽഗുഡി. കർണ്ണാടകത്തിലെ മാൽഗുഡി എന്നത് അദ്ദേഹം സൃഷ്ടിച്ച ഒരു അത്ഭുത സാങ്കൽപ്പിക പ്രദേശമാണ്. ആ പ്രദേശത്തിനെ അടിസ്ഥാനമാക്കി പതിനാലോളം നോവലുകളും അതിലേറെ കഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു നോവലാണ് മാൽഗുഡിയിലെ നരഭോജി. 

അത്ഭുതകരമായ ഒരു രചനയാണ്‌ ശ്രീ ആർ കെ നാരായണിന്റെത് . അദ്ദേഹത്തിന്റേതായ ഒരു സാമ്രാജ്യം - മാൽഗുഡി - സൃഷ്ടിക്കുന്നു. അവിടെ അദ്ദേഹം ഇതിഹാസങ്ങൾ രചിക്കുന്നു. സത്യവും മിഥ്യയും തിരിച്ചറിയാൻ പറ്റാത്ത ചുഴിയിലകപ്പെട്ടതുപോലെ വായനക്കാർ വട്ടം ചുറ്റുന്നു. ആ മാൽഗുഡിയിലെ സാധാരണക്കാരനായ ഒരു പ്രസ് ഉടമയുടെ കഥയാണ് മാൽഗുഡിയിലെ നരഭോജി. നടരാജ്. അദ്ദേഹവും കുടുംബവും പ്രസും അവിടെ വരുന്ന സുഹൃത്തുക്കളും കസ്റ്റമേഴ്സും പിന്നെ ജീവനക്കാരനായ ശാസ്ത്രിയും. ഇതാണ് അദ്ദേഹത്തിന്റെ ലോകം. ഏതൊരു ഇന്ത്യക്കാരനും മനസിലാക്കാൻ, അല്ലെങ്കിൽ ഉൾക്കണ്ണിൽ കാണുവാൻ സാധിക്കുന്ന ഒരു ലോകം. അവിടേക്ക് ഒരാൾ കടന്നു വരുന്നു. അയാളുടെ കടന്നുവരാളോടെ നടരാജന്റെ ജീവിതത്തിലും മാൽഗുഡിയിലും ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ഇതിവൃത്തം. ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന രചനാ രീതി. 


കാലംതെറ്റിയുള്ള വായനയായിരുന്നെങ്കിലും കാലാതീതമായ ഒരു കൃതി ആയതിനാൽ ആസ്വാദനത്തിന് കുറവുകളൊന്നും സംഭവിച്ചില്ല. കുറച്ച് ദിവസത്തേക്ക് മാൽഗുഡിയിൽ ഒന്ന് പോയി വന്ന പ്രതീതി ജനിപ്പിച്ച നോവൽ. 2019 ൽ മലയാളം പരിഭാഷ തയ്യാറാക്കിയത് ശ്രീ സൈനു കുര്യൻ ജോർജ് ആണ്. ഡിസി ബുക്ക്സ് ആയിരുന്നു പ്രസാധകർ.

Wednesday, July 9, 2025

വായനാനുഭവം - കാലം - എം.ടി വാസുദേവൻ നായർ (Book review - Kaalam by MT Vasudevan Nair)

വായനാനുഭവം - കാലം - എം.ടി വാസുദേവൻ നായർ  



എം.ടി വാസുദേവൻ നായരുടേതായി ഒരു നോവൽ വായിക്കുന്നത് കുറെ നാളുകൾക്ക് ശേഷമാണ്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി - കാലം ആണ് ആ നോവൽ. 1969 ൽ പുറത്തിറങ്ങിയ നോവലിന്റെ 2023 ൽ ഇറങ്ങിയ മുപ്പത്തിയെട്ടാമത്‌ പതിപ്പായിരുന്നു ഞാൻ വായിച്ചത്. കറന്റ് ബുക്ക്സ് പ്രസിദ്ധീകരിച്ച നോവലിന്റെ പ്രസാധകക്കുറിപ്പിൽ അവർ പറയുന്നത് മലയാളത്തിൽ ആധുനിക സാഹിത്യത്തിന് തുടക്കം കുറിച്ച ആദ്യ 'ഇന്ത്യൻ നോവൽ" ആണ് കാലം എന്നാണ്. സത്യം പറഞ്ഞാൽ എനിക്ക് അങ്ങനെ ഒരു തോന്നൽ ഉണ്ടായില്ല. ഏത് രീതിയിൽ ആണ് ഇത് ഒരു ഇന്ത്യൻ നോവൽ എന്ന് വിശേഷിപ്പിച്ചതെന്നും മനസിലായില്ല. വർഷങ്ങൾക്ക് ശേഷം ഒരു എം ടി നോവൽ വായിക്കുമ്പോൾ മനസ്സിൽ പഴയ അസുരവിത്തും നാലുകെട്ടും അതിലെ നായകന്മാരും ഓർമ്മയിൽ വന്നു. ഒരു പക്ഷെ ആ കാലഘട്ടത്തിൽ ഇതൊരു ആധുനികതയുടെ തുടക്കം ആയിരുന്നിരിക്കാം. എന്നിരിക്കിലും കാലവും എം ടി യുടെ സ്വത്വ പ്രതിസന്ധി നേരിടുന്ന നായകന്മാരുള്ള മറ്റ് നോവലുകളിൽ നിന്നും വ്യത്യാസമൊന്നും തോന്നാതിരുന്നത് എന്റെ പരിമിതി ആയിരിക്കാം.


കാലം സേതുവിൻറെ കഥയാണ്. ക്ഷയിച്ച ഒരു നായർ തറവാട്ടിലെ പുതു തലമുറക്കാരനാണ് സേതുവും. സേതുവിന്റെ ചിന്തകളെയും പ്രതിസന്ധികളെയും അതിമനോഹരമായി ഈ നോവലിൽ വർണ്ണിച്ചിരിക്കുന്നു. പലപ്പോഴും എന്റെയും ഉള്ളിലുള്ള അന്തർമുഖതകൾ തന്നെയല്ലേ ഈ നായകനും പ്രകടിപ്പിക്കുന്നതെന്ന് തോന്നിപ്പിക്കുന്ന അവതരണം. സേതുവിനെ ചുറ്റിപ്പറ്റിയുള്ള കഥാപാത്രങ്ങളാണ് മറ്റുള്ളവർ. ക്ഷയോന്മുഖമായ പശ്ചാത്തലത്തിൽ നിന്നും വരുന്നതിനാൽ ഉന്നതമായൊരു ജീവിതം മുന്നിൽക്കണ്ടുകൊണ്ട് സേതു സഞ്ചരിക്കുമ്പോൾ ആ പാതയിലൂടെ വായനക്കാരനും സഞ്ചരിക്കുന്നു. വിദ്യാർത്ഥിയായിരിക്കുമ്പോൾ അനുഭവിക്കുന്ന ദാരിദ്ര്യവും ജോലിയിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന പരീക്ഷണങ്ങളും ഒടുക്കം താൻ നേടിയതൊക്കെയും പരാജയങ്ങളായിരുന്നെന്ന തിരിച്ചറിവും എത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.


എം ടി യുടെ രചനാ വൈഭവം പിടിച്ചുലച്ചുകളഞ്ഞെങ്കിലും കാലം തെറ്റിയുള്ള വായനയായിരുന്നു കാലം എന്ന് എനിക്ക് തോന്നാതിരുന്നില്ല. അസുരവിത്ത്, നാലുകെട്ട് ഒക്കെ വായിച്ച സമയത്ത് ഈ നോവൽ വായിച്ചിരുന്നെങ്കിൽ ഒരുപക്ഷെ ഒത്തിരിയേറെ എനിക്ക് ഈ നോവലിനെക്കുറിച്ച് പറയാനുണ്ടാകുമായിരുന്നു എന്ന് തോന്നിപ്പോയി.