Tuesday, December 29, 2009

മര്‍ത്ത്യജന്മം ക്ഷണഭംഗുരം



ഓണം, ക്രിസ്മസ്, ആഘോഷങ്ങള്‍ ഏതും ആയിക്കൊള്ളട്ടെ നീ പോലും അറിയാതെ നീ ഞങ്ങളുടെ ഭാഗം ആയി മാറുകയായിരുന്നു.






കൂട്ടുകാരും ഒത്തുള്ള നിമിഷങ്ങള്‍ നീ ഏറ്റവും ആസ്വദിക്കുന്ന നിമിഷങ്ങള്‍ ആണെന്ന് നീ നമ്മള്‍ അവസാനം കണ്ടപ്പോളും പറഞ്ഞു. അതുകൊണ്ട് തന്നെ ആണോ നീ ഈ ലോക വാസം വെടിയാന്‍ കൂട്ടുകാരുമായുള്ള നിമിഷം തന്നെ തിരഞ്ഞെടുത്തത്??നിശ്ചലം ആയ നിന്റെ ശരീരം ഞങ്ങളെ ഏല്‍പ്പിച്ചു നിന്റെ ആത്മാവ് പോകുമ്പോള്‍ നീ എന്തെ ഞങ്ങളെ പറ്റി ഓര്‍ത്തില്ലാ??മനസ്സില്‍ നിന്റെ ആ ചിരിക്കുന്ന മുഖം മാത്രം സൂക്ഷിക്കുന്ന ഞങ്ങള്ക്ക് ഒരിക്കലും ഒരു ആദരാഞ്ജലി നിനക്കു തരാന്‍ ആകില്ല സുഹൃത്തേ.





രണ്ടു ദിവസം മുന്പ് രാത്രി വരെ കൂടെ ക്രിസ്മസ് ആഘോഷിച്ചു പിരിഞ്ഞ ഞങ്ങളുടെ പ്രിയ സ്നേഹിതന്‍, ബിജു സാര്‍, ഈ പോസ്റ്റ് ഞാന്‍ എഴുതുമ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ ആണ്. കഴിഞ്ഞ ശനിയാഴ്ച ടൂര്‍ പോയ സമയത്തു പോത്തുണ്ടി ഡാമില്‍ നിന്നും വീണു ഉണ്ടായ അപകടത്തില്‍ അദ്ദേഹം ഞങ്ങളെ വിട്ടു പോയി.

Thursday, December 10, 2009

പരിശുദ്ധ വെള്ളരിക്ക.

അങ്ങനെ ഡിസംബര്‍ വന്നെത്തി. വൃശ്ചിക കുളിരും ധനുവത്തിലെ മഞ്ഞും ഒത്തു വരുന്ന ഈ മാസം പൊള്ളേത്തൈക്കാരെ സംബന്ധിച്ച് വളരെ പ്രത്യേകതകള്‍ നിറഞ്ഞതാണ്‌. മണ്ഡല കാലം, ക്രിസ്മസ്, പിന്നെ പൊള്ളേത്തൈയുടെ തിലക കുറി ആയ പൊള്ളേത്തൈ പള്ളിയിലെ പെരുന്നാള്‍, പൊള്ളേത്തൈ സ്കൂളിലെ പത്തു ദിവസത്തെ അവധി അങ്ങനെ പലതു കൊണ്ടും. എനിക്കാണെങ്കിലോ ഒട്ടനവധി കൌതുകങ്ങളും ആയിട്ടാണ് ഈ മാസം വരുന്നതു. രാവിലെ നിര്‍മാല്യം തൊഴാന്‍ പോകണ്ടതു കാരണം വെളുപ്പിനെ എഴുന്നേല്‍ക്കണം. വീടിനു പുറത്തേക്ക് ഇറങ്ങിയാല്‍ നല്ല തണുപ്പും. കുളിക്കാന്‍ കുളക്കരയില്‍ പോയി കുറെ നേരം ആലോചിച്ചു നില്‍ക്കണം. നാല് കിലോമീറ്റര്‍ അകലെയുള്ള നാഷണല്‍ ഹൈവയില്‍ കൂടെ പാണ്ടി ലോറികള്‍ പോകുന്ന ഒച്ച വളരെ കൃത്യമായിട്ട്‌ കേള്‍ക്കാം. അത് പോലെ തന്നെ അഞ്ചു കിലോമീറ്റര്‍ അപ്പുറത്ത് ഉള്ള മാരാരിക്കുളം റെയില്‍വേ സ്റ്റേഷനില്‍ സിഗ്നല്‍ കാത്തു കിടക്കുന്ന ട്രെയിന്‍ ഹോണ്‍ അടിക്കുന്ന കേട്ടാല്‍, അപ്പുറത്തെ വാവച്ചന്‍ ചേട്ടന്റെ വീട്ടില്‍ നിന്നാണ് വരുന്നതു എന്നെ തോന്നൂ. മാരാരിക്കുളം അമ്പലത്തില്‍ നിന്നും, പ്രീതി കുളങ്ങര അമ്പലത്തില്‍ നിന്നും, കോര്തുശ്ശേരി അമ്പലത്തില്‍ നിന്നും സുബ്ബ ലക്ഷ്മിയുടെ കൌസല്യാ സുപ്രഭാതം വാശിക്ക് കാതിലേക്ക് എത്തിക്കൊണ്ടിരിക്കും.പകലൊക്കെ ഈ ഒച്ചകള്‍ എവിടെ പോണോ എന്തോ? കുളിക്കാന്‍ കുളത്തിലേക്ക്‌ ഇറങ്ങുമ്പോള്‍ ആണ് അടുത്ത കൌതുകം. ഈ തണുപ്പിലും കുളത്തിലെ വെള്ളത്തിന്‌ ഒരു ഇളം ചൂടു ഉണ്ടാകും.വീട്ടിലെ കുളത്തില്‍ മാത്രം അല്ല നാട്ടിലെ സകല അമ്പല കുളത്തിലും ഈ പ്രതിഭാസം ഉണ്ടെന്നു പിന്നീട് അറിഞ്ഞു. ഡിസംബറിന്റെ ഓരോ ലീലാ വിലാസങ്ങളെ!!!.


ഞാന്‍ ആദ്യം പറയാന്‍ പഠിച്ച ഇംഗ്ലീഷ് വാക്കുകളില്‍ ഒന്നു ആയിരുന്നു 'Mighty' എന്നത്. സ്കൂള്‍ ഗ്രൌണ്ടിലെ ചേട്ടന്മാരുടെ ക്ലബ്ബിന്റെ പേരു ആയിരുന്നു അത്. 'മൈറ്റി കോര്‍ട്ട്' എന്നായിരുന്നു സ്കൂള്‍ ഗ്രൌണ്ട് അറിയപ്പെട്ടിരുന്നത്. അത് പറഞ്ഞു പറഞ്ഞു മൈറ്റി കോട്ട എന്ന് ആയി തീര്ന്നു. എല്ലാ ദിവസവും വൈകിട്ട് നേരെ കോട്ടയിലേക്ക് വിടും. (ഏഷ്യാഡ് വോളി ബോള്‍ മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി കളിച്ച ഏഷ്യാഡ് ഉദയന്‍ ചേട്ടന്‍ ഒക്കെ ആ കോര്‍ട്ടില്‍ കളിച്ചു തെളിഞ്ഞവരായിരുന്നു) ചേട്ടന്മാര്‍ കളിയ്ക്കാന്‍ വരുന്നതിനു മുന്പ് ഞങ്ങളുടെ കുട്ടി പട്ടാളം ഉത്തളങ്ങ ബാറ്റും പത്തല്‍ സ്ടംപും ഒക്കെ ആയി ക്രിക്കറ്റ് കളിയ്ക്കാന്‍ ഇറങ്ങും. കഷ്ട്ടിച്ചു ഒരു കളി കളിയ്ക്കാന്‍ ഉള്ള അവസരം കിട്ടിയേക്കും. അത് കഴിയുമ്പോള്‍ ചേട്ടന്മാര്‍ വന്നു സ്ടുംപ് ഊരും. പിന്നെ എല്ലാം നിരന്നു ഇരുന്നു കളി കാണും.കൂട്ടത്തില്‍ നന്നായി കളിക്കുന്ന കുട്ടനെയും, കാഴ്ചപ്പാടിനെയും ഒക്കെ ചേട്ടന്മാര്‍ കളിയ്ക്കാന്‍ കൂട്ടും. നമുക്കു മണ്ണില്‍ റണ്‍സ് എഴുതല്‍ ആണ് പണി. അതെങ്ങാന്‍ തെറ്റിയാല്‍ ചിലപ്പോള്‍ ബോളിനു ഏറിയും കിട്ടും.


ക്രിസ്മസ് ആയാല്‍ പിന്നെ കരോളിനു ഉള്ള തയ്യാറെടുപ്പ് ആണ്. ക്യാപ്ടന്‍ ആയ കാഴ്ചപ്പാട് സജി ആണ് എല്ലാം ചെയ്യുന്നത്. നമ്മള്‍ സഹായിച്ചാല്‍ മതി. കരോളിനു കൊണ്ടു നടക്കാന്‍ പറ്റിയ ഒരു പുല്‍ക്കൂട്‌ ഉണ്ടാക്കല്‍ ആണ് പ്രധാന പണി. TV യുടെ കൂടിന്റെ അത്രയും ഉള്ള ഒരെണ്ണം ആണ് ഉണ്ടാക്കണ്ടത്. ഓക്ക് എന്ന ചെടിയുടെ കമ്പ് ആണ് ഉപയോഗിക്കുന്നത്. അത് കാണാന്‍ കരിമ്പ്‌ പോലെ ഇരിക്കും എങ്കിലും തരിമ്പു പോലും ഗുണമില്ലെന്ന് ചവച്ചു നോക്കിയപ്പോള്‍ മനസിലായി. ഭാരം ഇല്ല എന്നതാണ് അതിന്റെ പ്രധാന ഗുണം.കൂട്ടില്‍ വെക്കാന്‍ ഒരു കൊച്ചു ഉണ്ണിയേശുവിനെയും മാതാവിനെയും പിതാവിനെയുംബിനോയിയുടെ വീട്ടില്‍ നിന്നും ഒപ്പിച്ചു. ആള്‍ക്കാര്‍ക്ക് ഉണ്ണിയേശുവിനെ കാണാന്‍ നാല് റേഡിയോ ബാറ്ററി പുറകില്‍ അടുക്കി വെച്ചു കാഴ്ചപ്പാട് പുല്ക്കൂടില്‍ ഒരു ടോര്‍ച്ചു ബള്‍ബും കത്തിച്ചു വെച്ചു.ചുമ്മാതല്ല അവന് കാഴ്ചപ്പാട് എന്ന് പേരു വീണത്‌.


ഇനി ആണ് പ്രധാന പണി. ഒരു കാരണവശാലും എന്നെ വീട്ടില്‍ നിന്നും കരോളിനു വിടില്ല. അമ്പലത്തില്‍ ഉത്സവത്തിന്‌ പരുപാടി കാണാന്‍ എന്നെ വിളിക്കാന്‍ വന്നതിന്റെ ഓര്‍മ ഉള്ള കൊണ്ടു കാഴ്ചപ്പാടും കുട്ടനും എന്നെ വിളിക്കാന്‍ വരില്ല എന്ന് തറപ്പിച്ചു പറഞ്ഞു. പിന്നെ ഉള്ളത് അകന്ന ബന്ധുവും തൊട്ടു അടുത്ത വീട്ടിലെ സാനു കുട്ടനാണു. എന്നെക്കാളും അഞ്ചു വയസു മൂത്ത സാനുവിനെ വീട്ടുകാര്‍ക്ക് വിശ്വാസം ആണ്. പക്ഷെ എന്നെ അത്രയ്ക്ക് വിശ്വാസം ഇല്ല. അവസാനം സാനു നോക്കി കൊള്ളാം എന്ന ഉറപ്പില്‍ എന്നെ വിടാം എന്ന് അമ്മ സമ്മതിച്ചു. കാത്തു കാത്തിരുന്ന ഓണ്‍ സൈറ്റ് ഓഫര്‍ കിട്ടിയ സോഫ്റ്റ്‌വെയര്‍ എന്ജിനീയരുടെ സന്തോഷം ആയിരുന്നു എനിക്കപ്പോള്‍.


മഞ്ഞു പ്രമാണിച്ച് രണ്ടു ഷര്‍ട്ടും ഒരു തുകര്‍ത്തും ഒക്കെ ആയിട്ടാണ് ഞാന്‍ ആറുമണിക്ക് വീട്ടില്‍ നിന്നും ഇറങ്ങിയത്‌. ക്രിസ്മസ് പപ്പാ ആയി ഇത്തംബി സുമേഷ് ആണ് വരുന്നതു. പാട്ടു പാടാന്‍ ആയി ക്ലബ്ബിലെ ആസ്ഥാന ഗായകന്‍ ആയി സ്വയം സ്ഥാനമേറ്റ ചേട്ടായി ഉണ്ട്. കണ്ണുകളുടെ അസാധാരണം ആയ വലുപ്പം കാരണം കണ്ണപ്പന്‍ എന്ന പേരു കൂടെ ഉള്ള ചേട്ടായി ആളൊരു രസികന്‍ ആണ്. എന്നൊക്കെ അവന്‍ പാട്ടു പാടിയിട്ടുണ്ടോ അന്നൊക്കെ അവന്‍ ആരുടെ എങ്കിലും കൈ വാങ്ങിച്ചിട്ടുണ്ട്. ഓണാഘോഷ പരുപാടിയുടെ ഭാഗമായി നാട്ടുകാരുടെ കണ്ണിലുണ്ണിയും സകല കലാ വല്ലഭനും ആയ ചട്ടുകാലന്‍ ചാണ്ടിചേട്ടന്‍ ഓട്ടം തുള്ളല്‍ കളിച്ചപ്പോള്‍ ഏറ്റു പാടാന്‍ വിളിച്ചത് ഇവനെ ആയിരുന്നു. "അതുകൊണ്ടരിശം തീരാഞ്ഞവനാ കിണ്ടിയെടുത്തു കുളത്തിലെറിഞ്ഞു " എന്ന് ചാണ്ടിച്ചന്‍ പാടിയത് ചേട്ടായി ഏറ്റു പാടിയപ്പോള്‍ കിണ്ടിയുടെ കി ക്ക് പകരം കു എന്ന് ആയി പോയി. കാണികള്‍ ചിരിക്കുന്നത് തന്റെ കൊപ്രാന്തു കണ്ടിട്ടാണെന്ന് ഓര്ത്തു ചാണ്ടിച്ചന്‍ സന്തോഷിച്ചു. അവസാനം "പുരയിടമാകെ മണ്ടി നടന്നു" എന്ന വരി, പുരയിടമാകെ ഞോണ്ടി നടന്നു എന്നാക്കിയത് ചാണ്ടിച്ചന്‍ ശരിക്കും കേട്ടു. ഇതു എന്നെ ഉധേശിച്ചാണ്, എന്നെ മാത്രം ഉധേശിച്ചാണ് എന്ന് ജഗതിയെ പോലെ ആക്രോശിച്ചു കൊണ്ടു തന്റെ ചട്ടുകാല്‍ വീശി ചാണ്ടിച്ചന്‍ കൊടുത്ത അടി അവര്‍ രണ്ടു പേരും മറന്നാലും നാട്ടുകാര്‍ മറക്കില്ല. എല്ലാവരും എത്തിയിട്ടും പപ്പാഞ്ഞി സുമേഷ് മാത്രം വന്നിട്ടില്ല. കുറെ കഴിഞ്ഞപ്പോള്‍ അമ്മച്ചിയുടെ ഒരു പഴയ ചുവപ്പ് നൈറ്റിയും ചുരുട്ടിക്കൊണ്ട് അവന്‍ എത്തി. വീട്ടില്‍ നിന്നും പപ്പാഞ്ഞി വേഷത്തില്‍ ഇറങ്ങിയപ്പോള്‍ അവന്റെ വീട്ടിലെ തന്നെ പട്ടി ഓടിച്ചിട്ട്‌ പോലും. പിന്നെ വീട്ടില്‍ കേറി അത് ഊരി കൊണ്ടാണ് പോന്നതെന്ന്. പിന്നെ എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു. എല്ലാവരും റെഡി ആയി. പപ്പാഞ്ഞിയുടെ നൈറ്റിയുടെ മണം അടിച്ചപ്പോള്‍ തന്നെ എല്ലാവര്ക്കും പട്ടി ഒടിച്ചിട്ട കാര്യം മനസിലായി. മനുഷ്യരായ ഞങ്ങള്ക്ക് സഹിക്കാന്‍ പറ്റണില്ല പിന്നല്ലേ ഘ്രാണ ശക്തി കൂടുതല്‍ ഉള്ള പട്ടി.


ആദ്യം പള്ളി മുറ്റത്തുള്ള ഉണ്ണി സാറിന്റെ വീട്ടില്‍ കയറി തുടങ്ങാം എന്ന് വെച്ചു നേരെ അങ്ങോട്ട് വിട്ടു. പുല്‍ക്കൂട്‌ മുന്‍പില്‍ കൊണ്ടു വെച്ചു ഗായക സംഘം പാടും പപ്പഞ്ഞിയും കൂടെ ഉള്ളവരും തുള്ളും. അതാണ്‌ ഞങ്ങളുടെ കരോള്‍.മൊത്തം പത്തു പന്ത്രണ്ടു പേര്‍ ഉണ്ട്. വീട്ടുകാര്‍ ഒക്കെ എത്തി. തൊണ്ട ഒക്കെ ശരിയാക്കി ചേട്ടായി പാടി തുടങ്ങി.

" ഉണ്ണി പിറന്നെ, ഉണ്ണി പിറന്നെ,
ശാന്ത രാത്രി ശിവ രാത്രി"

ഉണ്ണി സാര്‍ അപ്പോള്‍ തന്നെ അകത്തേക്ക് വലിഞ്ഞു. കോറസ് ഏറ്റു പാടി. ഞാന്‍ ആദ്യം ഈ "ശിവ രാത്രി" കേട്ടു അമ്പരന്നെങ്കിലും കൂടെ ആഞ്ഞു പാടി. ചേട്ടായി അടുത്ത വരിയിലേക്ക് പോയി.

"താരകം തെങ്ങില്‍ തങ്ങി
ആട്ടിടയര്‍ വലഞ്ഞു
തേജസ് മുന്നില്‍ കണ്ടു
അവര്‍ ദേവനില്‍ വന്നടിഞ്ഞു"

ഒന്നും മനസിലായില്ലെങ്കിലും കോറസ് ഏറ്റു പാടി. പപ്പഞ്ഞിയും കൂട്ടരും തകര്‍ത്താടി. പെട്ടെന്ന് എന്താണ് സംഭവിച്ചത് എന്ന് എനിക്ക് മനസിലായില്ല. നിക്കെടാ കൊച്ചു കഴുവേരികളെ എന്നും പറഞ്ഞോണ്ട് ഉണ്ണി സാറിന്റെ അമ്മച്ചി മറിയാമ്മ ചേച്ചി കയ്യില്‍ ചട്ടകവും ആയി പുറത്തേക്ക് വരുന്നതും, നൈറ്റി മടക്കി കുത്തി കൊണ്ടു പപ്പഞ്ഞി പായുന്നതും മാത്രം ഉണ്ടെനിക്ക് ഓര്‍മ. ബോതം വരുമ്പോള്‍ ഞാന്‍ പള്ളി മുറ്റത്ത്‌ ആണ്.
" താരകം തന്നെ നോക്കി, ആട്ടിടയര്‍ നടന്നു. തേജസ് മുന്നില്‍ കണ്ടു അവര്‍ ദേവനെ വന്നു കണ്ടു" എന്നത് ചേട്ടായിയുടെ വായില്‍ നിന്നും വന്നത് കേട്ടപ്പോള്‍ സത്യാ ക്രിസ്ത്യാനി ആയ മറിയാമ്മ ചേടത്തിക്ക് സഹിച്ചില്ല. ഗണപതിക്ക്‌ വെച്ചത് തന്നെ മറിയാമ്മ ചേടത്തി കൊണ്ടു പോയല്ലോ എന്നോര്‍ത്തപ്പോള്‍ കാഴ്ചപ്പാടിന് സഹിച്ചില്ല. അവന്‍ ഉടനെ മതില്‍ ചാടി അകത്തു ചെന്നു. ഉണ്ണി സര്‍ വെച്ചിരുന്ന പുല്‍ കൂടില്‍ നിന്നും രണ്ടു ആട്ടിന്‍ കുട്ടികളെ എടുത്തോണ്ട് പോന്നു.


കരോളിന്റെ ആദ്യ പകുതി വളരെ ഭംഗിയായി മുന്നോട്ടു പോയി. രണ്ടാമത്തെ പകുതി ആയപ്പോലെക്കും പള്ളിയില്‍ പാതിരാ കുര്‍ബാന കഴിഞ്ഞിരുന്നു. അങ്ങനെ സോളമന്‍ ചേട്ടന്റെ വീടിന്റെ മുന്നില്‍ എത്തി. വീട്ടില്‍ ചെല്ലണം എങ്കില്‍ ഒരു തോട് കടക്കണം. സാമാന്യം വലിയ തോട് ആണ്. ഒരു തെങ്ങിന്‍ തടി ആണ് പാലം. പിടിച്ചു നടക്കാന്‍ ഒരു കയറും കെട്ടിയിട്ടുണ്ട്. എല്ലാവരും കടന്നു. ഇനി പുല്‍ക്കൂട്‌ അപ്പുറത്ത് എത്തിക്കണം. കാഴ്ചപ്പാടും സാനുവും കൂടെ അതും പിടിച്ചു നടുക്കെത്തി. തെങ്ങിന്‍ തടി ഉരുണ്ടതാണോ അതോ കയറില്‍ ഉള്ള ബാലന്‍സ് പോയതാണോ എന്ന് മനസിലാക്കാന്‍ പറ്റും മുന്പേ എല്ലാം കൂടെ തോട്ടില്‍ വീണു കഴിഞ്ഞിരുന്നു. ഉടനെ എല്ലാം വെള്ളത്തില്‍ ചാടി പുല്‍ക്കൂടും എല്ലാം കരക്ക്‌ കയറ്റി. ബാറ്ററി നനഞ്ഞു പോയി, മാതാവും പിതാവും കുഴപ്പം ഇല്ലാതെ കിട്ടി. ഉണ്ണിയും ആടുകളെയും കാണാന്‍ ഇല്ല. എല്ലാവരും ടെസ്പ് ആയി. പെട്ടെന്ന് കാഴ്ചപ്പാടിന് അടുത്ത വെളിപാടുണ്ടായി. എന്തായാലും കൂട്ടില്‍ ഇപ്പോള്‍ വെട്ടം ഇല്ല അത് കൊണ്ടു ഉണ്ണിയെ ആരും കാണാന്‍ പോകുന്നില്ല. പകരം ഉണ്ണിയുടെ അത്രയും ഉള്ള ഒരു വെള്ളരി കുരുന്നു എടുത്തു തോര്‍ത്തില്‍ പൊതിഞ്ഞു വെക്കാം. എല്ലാവര്ക്കും അത് കൊള്ളാം എന്ന് തോന്നി. ഉടനെ തന്നെ സോളമന്‍ ചേട്ടന്റെ തന്നെ പറമ്പില്‍ കയറി ഉണ്ണിയുടെ പാകത്തിന് ഒരു വെള്ളരി എടുത്തു പൊതിഞ്ഞു മാതാവിന്റെം പിതാവിന്റെം ഇടയ്ക്ക് വെച്ചു. സൂപ്പര്‍. ആര് കണ്ടാലും തിരിച്ചറിയില്ല. വാട്ട്‌ ആണ്‍ ഐഡിയ. സന്തോഷത്തില്‍ എല്ലാവന്മാരും സോളമന്‍ ചേട്ടന്റെ വെള്ളരി തോട്ടം ഒരു ലെവല്‍ ആക്കി. ഉണ്ണി വെള്ളരിയും ആയി നാല് അഞ്ചു വീട് കൂടെ കയറി. എല്ലാം ഓക്കേ. വീട്ടുകാരും ഹാപ്പി ഞങ്ങളും ഹാപ്പി. അങ്ങനെ ഞങ്ങള്‍ എക്സ്ഐസ് ജോണ്‍ ചേട്ടന്റെ വീട്ടില്‍ എത്തി. അവിടത്തെ അമ്മച്ചി വാതത്തിന്റെ അസ്കിത ഉള്ളത് കാരണം പാതിരാ കുര്‍ബാനയ്ക്ക് പോകാന്‍ പറ്റാത്തതിന്റെ ക്ഷീണം വീട്ടുകാരോട് തീര്ത്തു കൊണ്ടു നില്‍ക്കുമ്പോള്‍ ആണ് ഞങ്ങള്‍ അങ്ങോട്ട് ചെല്ലുന്നത്. ഞങ്ങളെ കണ്ടു ജോണ്‍ സാര്‍ അമ്മച്ചിയോട്‌ "ദേ അമ്മച്ചിക്ക് കാണാന്‍ ഉണ്ണി ഈശോ ഇങ്ങോട്ട് വന്നിരിക്കുന്നു. സമാധാനം ആയല്ലോ. എടാ പിള്ളേരെ ആ പുല്‍ കൂട് ഇങ്ങോട്ട് നീക്കി വെച്ചേ. അമ്മച്ചി ഒന്നു കാണട്ടെ" എന്ന് ഞങ്ങളോടും പറഞ്ഞു. ഞങ്ങള്ക്ക് തരാന്‍ കാശ് എടുക്കാന്‍ അകത്തേക്ക് പോയ ജോണ്‍ സാര്‍, എന്റെ കര്‍ത്താവേ ഞാനിനി എന്തൊക്കെ കാണേണ്ടി വരുവേ എന്ന് പറഞ്ഞുള്ള അമ്മച്ചിയുടെ നിലവിളി കേട്ടു പുറത്തേക്ക് വരുമ്പോളേക്കും പുല്‍ക്കൂടും അവിടെ വെച്ചിട്ട് ഞങ്ങള്‍ പൊള്ളേത്തൈ ഗ്രൗണ്ടില്‍ എത്തിയിരുന്നു.
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍.

Monday, November 9, 2009

എന്റെ യാത്രകള്‍ 1- ഒരു യാത്രികന്റെ ജനനം.

യാത്ര. കുട്ടിക്കാലം മുതലേ എനിക്ക് തീറ്റി പോലെ താത്പര്യം തോന്നിയിരുന്ന ഒന്നാണ് അതും. എങ്ങനെ ആണ് അത് എന്റെ മനസ്സില്‍ കേറി പറ്റിയത് എന്ന് ചോദിച്ചാല്‍ കുറെ ഉണ്ട് പറയാന്‍. ആദ്യ കാലത്തൊക്കെ പൊള്ളേത്തൈ എന്ന ഇട്ട വട്ടത്തില്‍ തികച്ചും സംത്രിപ്തന്‍ ആയിരുന്നു ഞാന്‍ . അത് കൊണ്ടു തന്നെ അമ്മയും അച്ഛനും വല്ലപ്പോളും ചേച്ചിയെയും കൂട്ടി ആലപ്പുഴയും ചേര്‍ത്തലയും ഒക്കെ പോകുന്നത് വല്യ കാര്യം ആക്കി എടുത്തിരുന്നില്ല. അത്രേം സ്വാതന്ത്ര്യം കിട്ടിയല്ലോ എന്നോര്‍ത്തു അത് പരമാവധി ഉപയോഗപ്പെടുത്താനുള്ള തത്രപാടില്‍ ആയിരുന്നു ഞാന്‍. കന്നിനെ കയറൂരി വിട്ട പോലെ ഞാന്‍ പൊള്ളേത്തൈയുടെ വിരിമാറിലൂടെ വിരാജിച്ചു നടക്കും. യാത്ര പോയവര്‍ തിരിച്ചു വരുമ്പോള്‍ പാവം അല്ലേ, വീട്ടില്‍ ഒറ്റയ്ക്ക് നിന്നതല്ലേ എന്നൊക്കെ ഓര്ത്തു കാഡ്ബരീസും ഡയറി മില്‍ക്കും ഒക്കെ കൊണ്ടു വന്നപ്പോളാണ് പൊള്ളേത്തൈ സിറ്റിക്ക് പുറത്തു അതി വിശാലം ആയ സാമ്രാജ്യം എനിക്കായി കാത്തിരുപ്പുണ്ട് എന്ന സത്യം ആദ്യമായി ഞാന്‍ മനസിലാക്കിയത്. സേവി ചേട്ടന്റെ മുറുക്കാന്‍ കടയില്‍ നിന്നും പതിനഞ്ചു പൈസക്ക്‌ ഗ്യാസ് മിട്ടായിയും ഓറഞ്ച് മിട്ടായിയും തിന്നു ശീലിച്ച എനിക്ക് പെന്‍സില്‍ ബോക്സ്‌ പോലെ ഇരിക്കുന്ന ആ മിട്ടയികള്‍ വല്ലാത്ത ഒരു അനുഭൂതി തന്നെ ആണ് തന്നത്. ഇനി ഇവര്‍ പോകുമ്പോള്‍ കൂടെ പോകണം എന്നും തീരുമാനിച്ചു.


കെ എസ് എഫ്‌ ഇ യില്‍ ചിട്ടിപ്പണം അടക്കാന്‍ അമ്മ എല്ലാ മാസവും ആലപ്പുഴ പോകും. അങ്ങനെ അടുത്ത തവണ പോകുമ്പോള്‍ എന്നേം കൊണ്ടു പോകണം എന്ന അടിയന്തിര പ്രമേയം ഞാന്‍ മുന്നോട്ടു വെച്ചു. ഇനി ഇവനെ നിര്‍ത്തീട്ടു പോയാല്‍ ഞാന്‍ വല്ല അമ്പലത്തിലും ഭജന ഇരിക്കാന്‍ പോകും. എന്നെ കൊണ്ടു വയ്യ നാട്ടുകാരുടെ തെറി കേള്‍ക്കാന്‍ എന്ന പ്രസംഗത്തോടെ അമ്മൂമ്മ എനിക്കുള്ള പിന്തുണ പ്രഗ്യാപിച്ചു. അല്ല അമ്മൂമ്മയെ പറഞ്ഞിട്ട് കാര്യം ഇല്ല. ഒരു തവണ അമ്മ ആലപ്പുഴയില്‍ നിന്നും വരുമ്പോള്‍ വീടിനു മുന്നില്‍ സാമാന്യം തരക്കേടില്ലാത്ത ആള്‍ക്കൂട്ടം. പൊള്ളേത്തൈ പള്ളിയിലെ ബുധനാഴ്ച നൊവേന ഇനി വീട്ടിലോട്ടെങ്ങാനും മാറ്റിയോ എന്ന് ആണ് ആദ്യം അമ്മ ഓര്‍ത്തത്‌. താടിക്ക് കയ്യും കൊടുത്തു ഇരിക്കുന്ന അമ്മൂമ്മയെ കണ്ടപ്പോള്‍ പിന്നെ ആദിയായി.ഇനി എനിക്കെങ്ങാനും???പിന്നെ ആണ് മനസിലായത്, കൂടിയവരില്‍ പകുതി ആള്‍ക്കാര്‍ പരാതിക്കാരും ബാക്കി ഉള്ളവര്‍ എനിക്കുള്ള ശിക്ഷണ നടപടി കണ്ടു സായൂജ്യം അടയാനും വന്നവരും ആണെന്ന്. എല്ലാവരുടേം വായില്‍ ഇരിക്കുന്ന കേട്ടു കലി കയറി ശിക്ഷിക്കാന്‍ തീപ്പെട്ടി മരത്തിന്റെ കമ്പും പറിച്ചു വന്ന അമ്മ ആദ്യം ചമ്മി, ശിക്ഷ കാണാന്‍ വന്നവര്‍ പിന്നെ ചമ്മി. കാരണം ഞാന്‍ അപ്പോള്‍ രണ്ടു ഫാര്‍ലോങ്ങ്‌ അപ്പുറത്തുള്ള അമ്പല പറമ്പില്‍ പൊരിഞ്ഞ ഇന്ത്യ പാക്‌ യുദ്ധത്തില്‍ ആയിരുന്നു. യുദ്ധം ചെയ്തു ക്ഷീണിച്ചു വന്ന എന്നോട് വല്ലാത്ത പണി തന്നെ ആയിപ്പോയി അമ്മ കാണിച്ചത്. റാംബോ സിനിമയില്‍ സ്ടാലനോട് പോലും അവന്റെ മേലധികാരികള്‍ ഇതിലും നന്നായി പെരുമാറും എന്ന് തോന്നിപ്പോകും. അങ്ങനെ ഉള്ള അനുഭവങ്ങള്‍ ഉള്ള കൊണ്ടു എന്റെ പ്രമേയം പാസാക്കാന്‍ അമ്മ തീരുമാനിച്ചു.


സേവി ചേട്ടന്റെ മുറുക്കാന്‍, മിട്ടായി കടയും കുമാരന്‍ ചേട്ടന്റെ പച്ചക്കറി കടയും മണിയന്‍ ചേട്ടന്റെ ചായ കടയും കൊടി കുത്തി വാഴുന്ന ഞങ്ങളുടെ പൊള്ളേത്തൈ സിറ്റിയില്‍ നിന്നും ആലപ്പുഴയില്‍ എത്തിയ എനിക്ക് അതൊരു മെട്രോ പൊളിട്ടന്‍ സിറ്റി ആയി തന്നെ തോന്നി. അക്കരെ അക്കരെ സിനിമയില്‍ ശ്രീനിവാസന്‍ കണ്ണും മിഴിച്ചു നിന്നപോലെ ഞാന്‍ ഓരോ ബെക്കരിയുടെയും വാതുക്കല്‍ അന്തം വിട്ടു നിന്നു. മണിയന്‍ ചേട്ടന്റെ കടയിലെ ഗാന്ധിജി കടിച്ച ബോണ്ടയും സര്‍ക്കാര്‍ ഓഫീസില്‍ ഫയല്‍ അടുക്കി വെച്ച പോലെ ഇരിക്കുന്ന മടക്കു ബോളിയും (ഓരോ ആഴ്ച കഴിയുമ്പോളും അന്റാര്‍ട്ടിക്കയില്‍ നിന്നും മഞ്ഞു പാളി പൊട്ടി വീഴുന്ന പോലെ ഓരോ പാളികള്‍ അടര്‍ന്നു വീണു കൊണ്ടിരിക്കും) ആയിരുന്നു എന്നെ സംബന്ധിച്ച് ബേക്കറി സാധനങ്ങള്‍. അത് കൊണ്ടു തന്നെ ആലപ്പുഴയുലെ ബെക്കരിയില്‍ കയറിയ ഞാന്‍ ഏതെടുക്കും മാതാവേ എന്ന അവസ്ഥയില്‍ ആയിരുന്നു. "ദൈവമേ ഓറഞ്ച് ഇടിയപ്പമോ?? "എന്ന് ഞാന്‍ ജിലെബിയെ നോക്കി അല്ഭുതപ്പെട്ടത്‌ അല്പം ഉച്ചത്തില്‍ ആയി പോയെന്ന് അമ്മ എന്റെ വായ് പൊത്തി പിടിച്ചു പുറത്തേക്ക് കൊണ്ടു പോയപ്പോള്‍ മനസിലായി.


ആലപ്പുഴ - ചേര്‍ത്തല യാത്ര കൊണ്ടു ഉണ്ടായിരുന്ന മറ്റൊരു നേട്ടം ആണ് ചിത്ര കഥകള്‍. ബാലരമയും പൂമ്പാറ്റയും വീട്ടില്‍ സ്ഥിരമായി വരുത്താറുണ്ട്. പിന്നെ ഉള്ളത് ബാലാ മംഗളവും അമര്‍ ചിത്ര കഥകളും ആണ്. ഓരോ ബാലരമയിലും പുതിയ അമര്‍ ചിത്ര കഥകളെ പറ്റി കണ്ടാല്‍ പിന്നെ അത് കിട്ടാതെ യാതൊരു സമാധാനവും ഇല്ല. പിന്നെ അടുത്ത തവണ ടൌണില്‍ പോയാല്‍ അതാണ്‌ ടാര്‍ജറ്റ്‌. ബാലരമയും പൂമ്പാറ്റയും വരുത്തുന്ന കൊണ്ടു, വേറെ കഥ പുസ്തകങ്ങള്‍ എളുപ്പം വാങ്ങി തരില്ല. അപ്പോള്‍ പതുക്കെ സാമൂഹ്യപാഠം പുസ്തകം ഒക്കെ എടുത്തു കാണിക്കും. "കണ്ടാ, ഇയാളുടെ കഥയാണ് ആ പുസ്തകത്തില്‍. അത് വായിച്ചാല്‍ നന്നായി പരീക്ഷ എഴുതാം". അങ്ങനെ എന്തെങ്കിലും ഒക്കെ പറഞ്ഞു സാധനം വാങ്ങിപ്പിക്കും. അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ബാലരമ, ചിത്രകഥ ആയി നെപ്പോളിയന്‍ ഇറക്കുന്നത്‌. വായിച്ച കൂട്ടുകാര്‍ വന്നു കഥ പറഞ്ഞു. നിറയെ യുദ്ധവും ഒക്കെ ഉണ്ടത്രേ. എനിക്കാണേല്‍ അത് കിട്ടാഞ്ഞിട്ടു ഒരു സമാധാനവും ഇല്ല. അവസാനം ചേര്‍ത്തലയില്‍ അമ്മ കശുവണ്ടിയും പാക്കും കൊടുക്കാന്‍ പോയ കൂട്ടത്തില്‍ ഞാനും കൂടെ പോയി. പതിവിലും കൂടുതല്‍ പൈസ കിട്ടിയതിനാല്‍ അമ്മ ഹാപ്പി. ഞാന്‍ പതുക്കെ നെപ്പോളിയന്റെ കാര്യം പറഞ്ഞു. അമ്മ ഉടനെ പൈസ തന്നിട്ട് വാങ്ങിചോളന്‍ പറഞ്ഞു . നേരെ അടുത്തുള്ള കടയിലേക്ക് ഓടി. ബസ്സ് സ്ടാന്റിനു അടുത്തുള്ള കടയാണ്. ഞാന്‍ ചെല്ലുമ്പോള്‍ കടയില്‍ വേറെ ഒന്നു രണ്ടു പേരു കൂടെ ഉണ്ട്. കടക്കാരന്‍ മിക്സിയില്‍ ജൂസ് അടിച്ച് കൊണ്ടു നിക്കുവാണ്. ഞാന്‍ ചെന്നു കടക്കാരനോട് ചോദിച്ചു.

"ചേട്ടാ, നെപ്പോളിയന്‍ ഉണ്ടോ??"
"അയ്യോ മോനേ അങ്ങേരു മരിച്ചിട്ട് കുറെ നാളായല്ലോ" എന്നിട്ട് മുഘതൊരു വിഷാദ ഭാവവും. കടയിലുള്ളവര്‍ എന്നെ ആക്കി ചിരി തുടങ്ങി. എനിക്കാണേല്‍ ചൊറിഞ്ഞു വന്നു തുടങ്ങി. പൊള്ളേത്തൈക്കാരുടെ മാനം പോകാതെ നോക്കണമല്ലോ. ഗ്രൌണ്ടിലെ ചേട്ടന്മാരെ മനസ്സില്‍ ധ്യാനിച്ചു ഞാന്‍ കാച്ചി.

" ചേട്ടാ, ഞാന്‍ ചേട്ടന്റെ അച്ഛന്റെ കാര്യം അല്ല തിരക്കിയത്. കഥ പുസ്തകമാ" . മിക്സിയില്‍ നിന്നും ഷോക്ക്‌ അടിച്ച പോലെയുള്ള ആ ചേട്ടന്റെ നില്‍പ്പ് ഇപ്പോളും എന്റെ മനസ്സില്‍ ഉണ്ട്.

കഥാപുസ്തകം വാങ്ങാന്‍ പോയ മകന്‍ മണിച്ചിത്ര താഴില്‍ ഇന്നസെന്റ് വരുന്നപോലെ പുറകോട്ടും നോക്കി സ്പീഡില്‍ വരുന്ന കണ്ടപ്പോളേ എന്തോ പന്തികേട്‌ അമ്മക്ക് തോന്നിക്കാണും. എന്തായാലും അതിന് ശേഷം ഇതു വരെ ചേര്‍ത്തല പോയി കഥ പുസ്തകം തിരക്കിയിട്ടില്ല.

Monday, October 19, 2009

പാതിരാമണല്‍ ദ്വീപ്‌

കഴിഞ്ഞ ആഴ്ച വീട്ടില്‍ പോയപ്പോള്‍ പതിവു തരികിടകള്‍ക്ക് വെത്യസ്തമായി എന്തെങ്കിലും ഒപ്പിക്കണം എന്ന് വിചാരിച്ചു. അങ്ങനെ വീട്ടില്‍ നിന്നും എട്ടു കിലോ മീറ്റര്‍ ദൂരെ ഉള്ള മുഹമ്മ ബോട്ട് ജെട്ടിയില്‍ എത്തിയത്. ജീനും ഷിബുവും പ്രശാന്തും കൂടെ ഉണ്ടായിരുന്നു. ചുമ്മാ കുമരകം മുഹമ്മ ബോട്ടില്‍ കേറി കാറ്റും കൊണ്ടു പോകാം എന്ന് വിചാരിച്ചു ചെന്നപ്പോള്‍ ബോട്ട് അക്കരയ്ക്കു പോയി. ഇനി അര മണിക്കൂര്‍ കഴിയണം. അത് വരെ എങ്ങനെ സമയം കളയാം എന്ന് ആലോചിച്ചു നില്‍ക്കുമ്പോള്‍ ആണ് അടുത്തുള്ള പാതിരാ മണല്‍ ദ്വീപ്‌ കാണുന്നത്. കുറെ നാളായിട്ട് അവിടെ പോണം പോണം എന്ന് വിചാരിക്കുമെന്കിലും പോകാന്‍ പറ്റിയിട്ടില്ല. അങ്ങനെ അടുത്ത് കിടന്ന ഒരു ബോട്ട് ചേട്ടനോട് ചാര്‍ജ് തിരക്കി. നമ്മളെ കണ്ടു ഏതോ വിദേശ കാപ്പിരികളും (അങ്ങനെയൊക്കെ തോന്നുന്ന വേഷം ആയിരുന്നു) ആണെന്ന് തോന്നിയ കൊണ്ടായിരിക്കും പുള്ളി ആ പാട്ടയുടെ വില മൊത്തത്തില്‍ പറഞ്ഞു. എന്തായാലും ഇറങ്ങി. ഇനി പോയിട്ട് തന്നെ കാര്യം എന്ന് പറഞ്ഞു അടുത്തുള്ള കസിന്‍ ചേട്ടനെ വിളിച്ചു. പുള്ളിക്കാരന്‍ പരിചയത്തില്‍ ഉള്ള ഒരു വള്ളക്കാരനെ ഏര്‍പ്പാടാക്കി തന്നു. അങ്ങേരു കടത്തു നടത്തുന്ന ആള്‍ അല്ല. കായലില്‍ കക്ക വാറന്‍ പോകുന്ന ആള്‍ ആണ്. അങ്ങനെ ആ ചെറിയ വള്ളത്തില്‍ ഒരു കിലോ മീറ്റര്‍ നടുക്കുള്ള പാതിരാ മണല്‍ ദ്വീപിലേക്ക് ഞങ്ങള്‍ യാത്രയായി. കാറ്റത്ത്‌ കായലില്‍ ചെറിയ വള്ളത്തില്‍ ഉള്ള യാത്ര നല്ല രസം ഉണ്ടായിരുന്ന കൊണ്ടു ധൈര്യം കൂടിയ ഞങ്ങള്‍ തറ ടിക്കറ്റ്‌ എടുത്തു നിലത്തു ഇരുന്നാണ് പോയത്. പിന്നെ ഒരു തമാശക്ക് അര്‍ജുനന്റെ പത്തു പേരും മുദ്രാ വാക്യം വിളി പോലെ ചൊല്ലി കൊണ്ടിരുന്നു. ഇതൊന്നും പേടി കൊണ്ടു അല്ലായിരുന്നു കേട്ടോ.





പാതിരാ മണല്‍. മുഹമ്മ കുമരകം ബോട്ട് യാത്ര ചെയ്തിട്ടുള്ളവരും തണ്ണീര്‍മുക്കം ബണ്ടിലൂടെ യാത്ര ചെയ്യുന്നവരും കണ്ടിട്ടുള്ള മനോഹരമായ കൊച്ചു ദ്വീപ്‌. ആലപ്പുഴ കോട്ടയം ജില്ല കളുടെ നടുക്ക് ആണ് അത്. ആലപ്പുഴയില്‍ വനം ഇല്ല എന്ന് പറയുന്ന കൊണ്ടു, അത് കോട്ടയത്തിനു അവകാശപ്പെട്ട സ്ഥലം ആണെന്ന് മനസിലാക്കാം. ശവലിയാര്‍ അന്ത്രപ്പര്‍ എന്ന ആളുടെ സ്വന്തം ആയിരുന്ന ആ ദ്വീപില്‍ പത്തോളം കുടുംബങ്ങള്‍ താമസിച്ചിരുന്നു. ഇപ്പോള്‍ അവരെ എല്ലാം കരയിലേക്ക് മാറ്റി താമസിപ്പിച്ചതിനാല് വിജനം ‍ആണ് ആ സ്ഥലം. സൈബീരിയന്‍ കൊക്ക് ഉള്പ്പെടെ ഉള്ള ദേശാടന കിളികളുടെ പ്രിയപ്പെട്ട സ്ഥലം ആണ് ഇതു.

















ഇപ്പോള്‍ ഈ സ്ഥലം സര്‍ക്കാര്‍ അധീനതയില്‍ ആണ്. കഴിഞ്ഞ വര്ഷം ഈ ദ്വീപ്‌ സ്വകാര്യ റിസോര്‍ട്ട് പണിയാന്‍ താജ് ഗ്രൂപ്പിന് പാട്ടത്തിനു കൊടുത്തു. ഈ സൌന്ദര്യവും ഏകാന്തതയും ആ ദ്വീപിനു നഷ്ട്ടപ്പെടാന്‍ അധിക സമയം വേണ്ടി വരില്ല എന്ന് തോന്നുന്നു.

Monday, October 12, 2009

ഉടായിപ്പ് പോലീസും ഗതി കെട്ട കള്ളനും

ഞാന്‍ സ്കൂളില്‍ ചേര്‍ന്ന സമയത്തു പൊള്ളേത്തൈ സ്കൂളിലെ എല്‍ പി, യു പി ക്ലാസുകാരുടെ ഔദ്യോഗിക കായിക വിനോദം ആയിരുന്നു കള്ളനും പോലീസും കളി. ഒന്നാം ക്ലാസ് തുടങ്ങി അധികം താമസിയാതെ തന്നെ ഞങ്ങളുടെ ക്ലാസുകാരും ഒരു ഫ്രാഞ്ചെസ്സി തുടങ്ങി. ഉപ്പുമാങ്ങാ ഭരണി പോലെ ഇരുന്നിരുന്ന എനിക്ക് കള്ളനും പോലീസും കളിയില്‍ എന്താ കാര്യം എന്ന് ചില അസൂയ്യക്കാര്‍ ചോദിച്ചേക്കാം. ഒന്നുകില്‍ ഓടിച്ചിട്ട്‌ കള്ളനെ പിടിക്കണം അല്ലെങ്കില്‍ പോലീസിന്റെ കയ്യില്‍ പെടാതെ ഓടി രക്ഷപ്പെടണം. അന്നത്തെ ഒരു ശാരീരിക അവസ്ഥ വെച്ചു എനിക്ക് ഇതു രണ്ടും പറ്റില്ലായിരുന്ന കൊണ്ടു അവരെ കുറ്റം പറയാനും പറ്റില്ല. പക്ഷെ കളിയില്‍ എനിക്കായിരുന്നു ഏറ്റവും കൂടുതല്‍ മാര്‍ക്കെറ്റ്‌. പ്രധാനമായും മൂന്നു കാരണങ്ങള്‍ ആണ് അതിനുള്ളത്. ഒന്നു എന്റെ ശരീരം തന്നെ. പട്ടണപ്രവേശവും എം എന്‍ ബാലകൃഷ്ണനും ഒക്കെ നിറഞ്ഞു നില്ക്കുന്ന സമയം. ആ മണ്ടന്മാരുടെ വിചാരം ഈ തടി മുഴുവന്‍ ബലം ആണെന്നായിരുന്നു. ബലൂണില്‍ വെള്ളം നിറച്ച പോലെ ആണെന്നുള്ള സത്യം എനിക്കല്ലേ അറിയാവൂ. എന്നാലും കിട്ടിയ അവസരം ഞാന്‍ വിട്ടു കൊടുത്തില്ല. ഇന്നലെ മസില് പിസിച്ചു നോക്കിയപ്പോള്‍ ഷര്‍ട്ടിന്റെ കൈ കീറിപ്പോയി, ഇപ്പോള്‍ മസില് കാരണം വിരല് കൊണ്ടു പല്ലു തേക്കുവാന്‍ പറ്റുന്നില്ല എന്നൊക്കെ പറഞ്ഞു ഞാന്‍ ഫീല്‍ഡില്‍ പിടിച്ചു നിന്നു. രണ്ടാമത്തെയും മൂന്നാമത്തെയും കാരണങള്‍, സ്കൂളിന് മതില്‍ ഇല്ല എന്നുള്ളതും എന്റെ വീട് ആണ് സ്കൂളിന്റെ ഏറ്റവും അടുത്തുള്ളത് എന്നതും ആയിരുന്നു. കള്ളന്മാര്‍ക്ക് എവിടെ വേണേലും ഒളിക്കാം. ക്ലാസ്സില്‍ കേറുന്നതിനുള്ള ബെല്‍ അടിക്കുന്നതിനു മുന്പ് സുല്ലിട്ടു തിരിച്ചു വന്നാല്‍ മതി. വീട് അടുത്തായ കൊണ്ടു അവിടെ എന്നെ പോലെ അറിയാവുന്ന ആരും ഇല്ല. എല്ലാ ഒളി സംകേതങ്ങളും എനിക്കറിയാം. അങ്ങനെ മൊത്തത്തില്‍ എനിക്കൊരു കൊള്ള തലവന്‍/ഇന്‍സ്പെക്ടര്‍ റോള്‍ ആയിരുന്നു. അധികം അനങ്ങണ്ട. നിര്‍ദേശങ്ങള്‍ കൊടുത്താല്‍ മതി. വേറെ ഒരു ഗുണം എന്ന് വെച്ചാല്‍ ഈ രണ്ടു റോള്‍ ആണേലും തോക്ക് കൈവശം വെക്കാം. പ്രധാനമായും മൂന്നു വിധത്തില്‍ ഉള്ള തോക്ക് ആണ് ഉള്ളത്. മടക്കിയിട്ടു കല്ലിട്ടു വെടി വെക്കുന്നത്, പൊട്ടാസ് വെച്ചു പൊട്ടിക്കുന്നത്, പിന്നെ വെള്ളംചീറ്റി തെറിപ്പിക്കുന്നത്. പള്ളിയിലെ പെരുന്നാള്‍ ആണ് പ്രധാനമായും ആയുധങ്ങള്‍ സംഭരിക്കുന്ന സമയം.

ഇരുപതാം നൂറ്റാണ്ട് സിനിമ ഇറങ്ങിയ സമയത്തു ഡീലക്സ് നോട്ടു ബുക്കിന്റെ പുറം പേജില്‍ മോഹന്‍ ലാല്‍ ഒരു തോക്കും പിടിച്ചു നില്ക്കുന്ന ഒരു പടം ഉണ്ടായിരുന്നു. എന്റെ അന്നത്തെ ഒരു ചിരകാല അഭിലാഷം ആയിരുന്നു ആ ചെറിയ തോക്ക് ഒരെണ്ണം ഒപ്പിക്കണം എന്നുള്ളത്. ആലപ്പുഴ ചിരപ്പിനു പോയപ്പോള്‍ ആണ് ഞാന്‍ ആ തോക്ക് കടയില്‍ കാണുന്നത്. കളര്‍ പച്ച ആണെന്നെ ഉള്ളൂ.(ലാലിന്റെ കയ്യില്‍ ഉള്ള തോക്ക് കറുപ്പാണ് ). ഞാന്‍ കടക്കാരനോട് കറുപ്പ് തോക്കുണ്ടോ എന്ന് ചോദിച്ചു. പെട്ടെന്ന് മനസിലാകാന്‍ ആ സിനിമയില്‍ മോഹന്‍ ലാലിന്റെ കയ്യില്‍ ഉണ്ടായിരുന്നത് എന്നും കൂടെ പറഞ്ഞു. അപ്പോള്‍ അയാള്‍ മുഘത് പരമാവധി വിഷമം വരുത്തി പറഞ്ഞു. "കറുപ്പ് കളറില്‍ ഉണ്ടായിരുന്നതാണ് സിനിമക്കു കൊണ്ടു പോയത്. ഇതു അതിന്റെ പച്ച. ഇനി കറുപ്പ് ഇറക്കാന്‍ സിനിമാക്കാര്‍ സമ്മതിക്കില്ല".എനിക്ക് അതൊട്ടും വിശ്വാസം വന്നില്ല. അപ്പോള്‍ അയാള്‍ വിശദീകരിച്ചു തന്നു. സിനിമയില്‍ മോഹന്‍ലാല്‍ സുരേഷ് ഗോപിയെ വെടിവേക്കുന്നത് ഇതില്‍ ചുവപ്പ് കളര്‍ വെള്ളം നിറച്ചിട്ടാ. ഇതൊക്കെ അല്ലെ സിനിമയിലെ നമ്പരുകള്‍. അയാള്‍ അതില്‍ വെള്ളം നിറച്ചു ചീട്ടിച്ചു കാണിച്ചു. ശെരിയാണ് കളര്‍ ഇല്ലെന്നെ ഉള്ളൂ. അങ്ങനെ അഭിമാനത്തോടെ അയാള്‍ പറഞ്ഞ വില കൊടുത്തു ആ തോക്കും മേടിച്ചു സാഗര്‍ ഏലിയാസ്‌ ജാക്കി ആയി ഞാന്‍ വീട്ടിലെത്തി. തോക്കിന്റെ വില കേട്ട അച്ഛന്‍ എന്റെ ബമ്പര്‍ ജാക്കി ലിവറിനു അടിച്ച് തകര്‍ത്തില്ലെന്നെ ഉള്ളൂ. അന്ന് രാത്രി ഞാന്‍ നാളെ സ്കൂളില്‍ നടത്താന്‍ പോകുന്ന പരക്രമത്തെ ക്കുറിച്ചും അത് കണ്ടു എല്ലാവരും ഞെട്ടുന്നതും കണ്ടാണ്‌ ഞാന്‍ ഉറങ്ങിയത്. നേരം വെളുത്തപ്പോള്‍ തന്നെ എനിക്ക് ഒരു ബുദ്ധി തോന്നി. പുറത്തേക്ക് ചീറ്റുന്ന വെള്ളത്തിന്‌ ചോരയുടെ നിറം കൂടെ ഉണ്ടെങ്കില്‍ കാര്യം കുശാലായി. ഒരു ഇഷ്ട്ടിക ഉറച്ചു എടുത്താല്‍ മതിയാകും. പക്ഷെ ഇഷ്ട്ടിക വേണമെങ്കില്‍ ഇനി വീട് പൊളിക്കണം. അത് ബുദ്ധിമുട്ടാകും എന്ന കൊണ്ടു തല്ക്കാലം അല്‍പ്പം മുളകുപൊടി കലക്കി തോക്കില്‍ ഒഴിച്ച് കൊണ്ടു പോയി. ഇന്റര്‍വെല്‍ സമയം ആയി. കള്ളന്മാരുടെ ഇടയിലേക്ക് ഇരുപതാം നൂറ്റാണ്ടിലെ തോക്കുമായി ഞാന്‍ ചാടി വീണു. കൊള്ള തലവന്മാരായ പ്രദീപിന്റെം ജോഷീടെം നേരെ സ്റ്റൈലില്‍ ഒരു വെടി. രണ്ടുപേരും അയ്യോ അമ്മേ.എന്നൊക്കെ വിളിച്ചു കരഞ്ഞു. എല്ലാവരും ഞെട്ടിപ്പോയി. വെള്ള യുനോഫോരം ഷര്‍ട്ടില്‍ ഒക്കെ ചുവപ്പ് കളര്‍. അവന്മാര്‍ മുഖം പൊത്തി അലറുന്നു. ആഹ എന്തൊരു ഒറിജിനാലിറ്റി . എനിക്കങ്ങു ബോധിച്ചു. സഹ പോലീസുകാര്‍ ഒക്കെ എന്നെ അഭിനന്ദിച്ചു. മറ്റവന്മാര്‍ ആണേല്‍ മുടിഞ്ഞ നിലവിളി. പെട്ടെന്നാണ് ഒരു കാര്യം ഓര്‍ത്തത്‌. ദൈവമേ ഇവന്മാരുടെ കണ്ണില്‍ എങ്ങാനും മുളകുപൊടി പോയോ?. പിന്നെ നടന്നതെല്ലാം വളരെ പെട്ടെന്നായിരുന്നു. തൊണ്ടിയോടെ എന്നെ സാറന്മാര്‍ പൊക്കി. ആ ഒരു സംഭവത്തോടെ സ്കൂളില്‍ മാരകായുധങ്ങള്‍ കൊണ്ടു വരുന്നതു നിരോധിച്ചു. അങ്ങനെ പൊള്ളേത്തൈ സ്കൂളിലെ നിയമങ്ങളില്‍ ഒട്ടുമിക്കതും എഴുതപ്പെട്ടത് ഞാന്‍ കാരണം ആയിരുന്നു.

ഇങ്ങനെ ഒക്കെ ആണെങ്കിലും നേരിട്ടു ഇതുവരെ ഒരു കള്ളനെ കാണാന്‍ ഉള്ള അവസരം പൊള്ളേത്തൈ നിവാസികള്‍ക്ക് ഉണ്ടായിട്ടില്ലയിരുന്നു. ഞങ്ങളുടെ ക്രമ സമാധാന നിലയിലെ മെച്ചമാണോ അതോ സാമ്പത്തിക നിലയുടെ കുഴപ്പം ആണോ എന്ന് ചോദിച്ചേക്കരുത്. ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്താണ് ആ സംഭവം ഉണ്ടാകുന്നത്. വെളുപ്പിന് നാള് മണിക്ക് വള്ളം ഇറക്കാന്‍ കടപ്പുരത്തെക്ക്‌ പോയ ജെയിക്കന്‍ ചേട്ടന്‍ ആണ് ആദ്യം കാണുന്നത്. എന്റെ വീടും കടലും തമ്മില്‍ അര കിലോ മീറ്റര്‍ വെത്യസമേ ഉള്ളൂ എങ്കിലും അവിടെ എത്താന്‍ മൂന്നു ചെറിയ പാലം കടക്കണം. പുള്ളിക്കാരന്‍ രാവിലെ തുഴയും തോളത്തു വെച്ചു പടിഞ്ഞാറോട്ട് ആഞ്ഞു നടക്കുകയായിരുന്നു. ഇന്നു ഒരു ആയിരം രൂപയുടെ പണി ഉണ്ടെങ്കില്‍ അത് എങ്ങനെ തീര്‍ക്കണം എന്ന് ആലോചിച്ചു മൂന്നാമത്തെ പാലം ഇറങ്ങി വളവു തിരിഞ്ഞ ജെയിക്കന്‍ ചേട്ടന്‍ ഞെട്ടിപ്പോയി. മുന്‍പില്‍ അതാ ഒരു ജിംഗാമി. നല്ല ശരീരം. കറുപ്പ് നിറം. അരയില്‍ ഒരു കറുപ്പ് മുണ്ട്. മേത്ത് ആസകലം എണ്ണ പുരട്ടിയിരിക്കുന്നു. രണ്ടുപേരും പരസ്പരം ഒരു മിനുറ്റ്‌ അന്യോന്യം നോക്കി നിന്നു. ജെയിക്കന്‍ ചേട്ടന്‍ പട്ടാളക്കാര്‍ തിരിഞ്ഞു നടക്കുന്ന പോലെ നേരെ തിരിഞ്ഞു കിഴക്കോട്ടും കള്ളന്‍ വാണം വിട്ടപോലെ പടിഞ്ഞാറോട്ടും ഓടി. വീട്ടില്‍ ചെന്നു കയറിയ ജെയിക്കന്‍ ചേട്ടന്‍ കട്ടിലില്‍ കിടന്നിട്ടു പൊങ്ങിയത് പത്താം ദിവസം ആണ്.

"അപ്പാ, പെടുക്കണം" എന്നും പറഞ്ഞു ചിണുങുന്ന മകന്‍ ജോസൂട്ടനേം എടുത്തു കൊണ്ടാണ് ലോനപ്പന്‍ ചേട്ടന്‍ നട്ട പാതിരാക്ക്‌ പുറത്തിറങ്ങിയത്. മകനെ വാതുക്കല്‍ നിര്ത്തി തല നിവര്‍ത്തി നോക്കിയ ലോനപ്പേട്ടന്‍ കണ്ടത് മുറ്റത്ത്‌ നിക്കുന്ന കള്ളനെ ആണ്.വേഷം പഴയത് തന്നെ.പിന്നെ ആലോചിച്ചില്ല പുള്ളിക്കാരന്‍ നേരെ ചാടി വീടിന്റെ അകത്തു കേറി വാതിലിന്റെ രണ്ടു കുറ്റിയും ഇട്ടു . ജോസൂട്ടന്‍ പെടുതിട്ടു തിരിഞ്ഞു നോക്കുമ്പോള്‍ പുറകില്‍ അപ്പനുമില്ല മുന്‍പില്‍ കള്ളനുമില്ല. അവസാനം കൊച്ചിന്റെ കരച്ചില്‍ കേട്ടാണ് ലോനപ്പന്‍ ചേട്ടന്റെ ഭാര്യ വാതില്‍ തുറന്നു കൊച്ചിനെ അകത്തു കയറ്റിയത്.

ഇങ്ങനെ നാട്ടുകാരേം പേടിപ്പിച്ചു നടന്നാല്‍ ശരിയാകില്ല എന്ന് തോന്നിയ കൊണ്ടായിരിക്കണം കള്ളന്‍ നാട്ടിലെ ഒരുമാതിരി വലിയ വീടായ കടവില്‍ വീട്ടില്‍ കയറാന്‍ തീരുമാനിച്ചത്. പഴയ മോഡല്‍ വീടാണ്. അത് കൊണ്ടു ഓടു പൊക്കി കേറാന്‍ എളുപ്പം ആണ്. പിന്നെ മച്ചും കാണും. നാട്ടില്‍ ആകെ ഉള്ള ഒരു കാറ് മുതലാളി ആണ് കടവിലെ പിള്ള സാര്‍. എട്ടു മണി ആയി എന്ന് പള്ളിയിലെ കപ്പ്യാര്‍ അറിയുന്നത് പുള്ളിക്കാരന്‍ തന്റെ പ്രീമിയര്‍ പത്മിനി റൈസ് ചെയ്യുന്ന ഒച്ച കേട്ടാണ്‌. അത് കേട്ടാണ് പുള്ളി എട്ടുമണിക്കുള്ള പള്ളി മണി അടിക്കുന്നത്. അങ്ങനെ കള്ളന്‍ കടവില്‍ വീട്ടില്‍ കയറാന്‍ തീരുമാനിച്ചു. തെക്കേ മുറിയില്‍ ആണ് പിള്ളയും പെണ്ണുമ്പിള്ളയും കിടക്കുന്നതെന്നും ആ മുറിയില്‍ ആണ് അലമാര എന്നും കള്ളന്‍ മനസിലാക്കിയിരുന്നു.

രാത്രി കള്ളന്‍ തെക്കേ മുറിയുടെ മുകളിലെ ഓടു പൊക്കി പതുക്കെ താഴേക്ക്‌ ഇറങ്ങി. മച്ചിന്റെ മുകളില്‍ കാന് കുത്തിയതും കാലിന്റെ അടിയില്‍ നിന്നും എന്തോ വഴുതി പോയ പോലെ. ഒപ്പം ഒരു സീല്‍ക്കാരവും കാലില്‍ ഒരു കൊത്തും. കള്ളന്‍ ഉടനെ കയ്യില്‍ കരുതിയിരുന്ന ചെറിയ ടോര്‍ച്ചു എടുത്തു തെളിച്ചു നോക്കി. കടിയും കഴിഞ്ഞു പാട്ടും പാടി പോകുന്നു ഒരു മൂര്‍ഘന്‍. കള്ളന്റെ കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ തോന്നി. എന്ത് ചെയ്യും എന്നൊരു പിടിയും ഇല്ല. ആലോചിച്ചു നില്ക്കാന്‍ സമയവും ഇല്ല. കള്ളന്‍ നേരെ തെക്കേ മുറിയിലോട്ട് ഇറങ്ങി. ഉറങ്ങിക്കിടക്കുന്ന പിള്ള ചേട്ടനെ തോണ്ടി വിളിച്ചു. ഉറക്കത്തില്‍ ജഗതി നോക്കുന്ന പോലെ പിള്ള പതുക്കെ തിരിഞ്ഞു നോക്കി. പെട്ടെന്ന് മനസിലാകാന്‍ കള്ളന്‍ മുഖത്തേയ്ക്ക് ടോര്‍ച്ച്‌ അടിച്ച് വെച്ചിട്ട് പറഞ്ഞു. "ചേട്ടാ കള്ളനാ." കീയോ എന്നൊരു ഞരക്കം മാത്രം പുറപ്പെടുവിച്ചു കൊണ്ടു പിള്ള ചേട്ടന്‍ ചരിഞ്ഞു. കള്ളന്‍ വീണ്ടും തോണ്ടാന്‍ തുടങ്ങി. ഒച്ച കേട്ടാണ് പിള്ളയുടെ ഭാര്യ സുമതി ചേച്ചി കണ്ണ് തുറക്കുന്നത്. ചേച്ചിയെ കണ്ടു കള്ളന്‍ വീണ്ടും പരിചയപ്പെടുത്തി. "ചേച്ചീ കള്ളനാ.പാമ്പ് കടിച്ചു. രക്ഷിക്കണം" ചേച്ചി തന്റെ കണവനേയും കള്ളനെയും മാറി മാറി നോക്കി. പിന്നെ നാടു നടുങ്ങുമാര്‍ ഉച്ചത്തില്‍ അലറി. "അയ്യോ കള്ളന്‍ കയറിയേ. ഓടി വായോ" കള്ളന്‍ വിട്ടു കൊടുക്കുമോ. അവനും അലറി. "അയ്യോ പാമ്പ് കടിച്ചേ. ഞാനിപ്പം ചാകുമേ" ആറ്റ് നോറ്റ് കിട്ടിയ കള്ളനെ തല്ലണോ അതോ രക്ഷിക്കാനോ എന്നറിയാതെ നാട്ടുകാര്‍ അന്തം വിട്ടു നിന്നു. അവസാനം കള്ളനെ ആശുപത്രിയില്‍ കൊണ്ടു പോകാം എന്ന് തീരുമാനിച്ചു. കള്ളനെ പൊക്കി കാറിലിട്ടു. അത്യാവശ്യം ആണെന്ന് പറഞ്ഞാല്‍ പദ്മിനി ഓടില്ലല്ലോ ? അവസാനം പാതിരാത്രി അരകിലോ മീറ്റര്‍ കാറും തള്ളികൊണ്ട് നാട്ടുകാര്‍ ഓടി. ആശുപത്രിയില്‍ കള്ളന്റെ ചെലവ് പിള്ള സാര്‍ ഏറ്റു. അങ്ങനെ നാട്ടില്‍ എത്തിയ കടിഞ്ഞൂല്‍ കള്ളനെ ഇതു പോലെ സ്വീകരിച്ച നാട്ടുകാര്‍ വേറെ എവിടെ ഉണ്ടാകും