Wednesday, October 6, 2010

ഒരുമ ഉണ്ടെങ്കില്‍.........

ഒരുമ ഉണ്ടെങ്കില്‍ എന്താ ആകാന്‍ പാടില്ലാത്തത്,

ഒരു പൂങ്കുല തന്നെ തേന്‍ ഉണ്ണാന്‍ ധാരാളം......



ഒരു കമ്പ് തന്നെ ഈ മുളകുകള്‍ക്ക് ധാരാളം........


ഈ ചെറിയ സ്ഥലം തന്നെ ഈ പൂവുകള്‍ക്ക് ധാരാളം..........


Wednesday, June 16, 2010

കന്യാകുമാരിയിലെ കവിത...

ഓഫീസിലെ ജോലി തിരക്കുകളില്‍ നിന്നും, മലയാളിയുടെ അലസതയെ തഴുകി ഉണര്‍ത്തുന്ന ഇടവപ്പാതി മഴയില്‍ നിന്നും ഒരു ചെറിയ ഒളിച്ചോട്ടം. കേരളത്തിന്റെ നഷ്ട സൌന്ദര്യം ആയ പദ്മനാഭപുരം കൊട്ടാരവും കന്യാകുമാരിയും ഉള്ളപ്പോള്‍ പറ്റിയ വേറെ സ്ഥലം തേടി സമയം കളയേണ്ട കാര്യം ഇല്ലല്ലോ. മനസ് അറിഞ്ഞ പോലെ, പ്രകൃതിയുടെ അനുഗ്രഹാശിസുകളോടെ ഒരു യാത്ര. തെക്കന്‍ കേരളം ഇടവപ്പാതിയില്‍ കുതിരുംബോളും വഴി നീളെ വെയില്‍ ചൊരിഞ്ഞു പ്രകൃതി തന്റെ ഭാഗം ഭംഗിയാക്കി.


കേരളീയ വസ്തു വിദ്യയുടെ നേര്‍ കാഴ്ച ആണ് നാനൂറു വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കം ഉള്ള കൊട്ടാരമുത്തച്ഛന്‍. മാര്‍ത്താണ്ഡ വര്‍മയിലും, ധര്‍മ രാജയിലും വര്‍ണിച്ചിരിക്കുന്ന ചരിത്ര മുഹൂര്തങ്ങള്‍ക്ക് കൊട്ടാരം ആണ് സാക്ഷ്യം വഹിച്ചത്.









കേരം തിങ്ങുന്ന ഈ കൊട്ടാര വളപ്പ് ഇപ്പോളും കേരള സര്‍ക്കാരിന്റെ മേല്‍ നോട്ടത്തില്‍ ആണ്.





കോട മഞ്ഞു ഇറങ്ങുന്ന സഹ്യന്റെ ദൃശ്യം ഈ കൊട്ടാരത്തില്‍ ഇരുന്നു ആസ്വദിക്കുന്നത് തന്നെ മനസിന്‌ കുളിര്‍മ നല്‍കും.



അസ്തമനം കാണാന്‍ കൃത്യ സമയത്ത് തന്നെ കന്യാകുമാരിയില്‍ ഹാജര്‍.


തിരുവള്ളുവരുടെ ഈ ഭീമാകാരന്‍ പ്രതിമയുടെ മുകളിലൂടെ ആണ് സുനാമി തിരകള്‍ ചീറി അടുത്തത് എന്നോര്‍ത്തപ്പോള്‍ അവിശ്വസനീയത കലര്‍ന്ന ഒരു ഉള്‍ക്കിടിലം.


ആളൊഴിഞ്ഞ വിവേകാനന്ദ പാറയുടെ ഒരു ദൃശ്യം (തിരുവള്ളുവര്‍ പ്രതിമയില്‍ നിന്നും)



അസ്തമന സൂര്യനെയും സഞ്ചാരികളെയും യാത്രയാക്കി വിഷമിക്കാന്‍ ഒരുങ്ങുന്ന വിവേകാനന്ദ പാറയും വള്ളുവര്‍ പ്രതിമയും...........നല്ലൊരു നാളെക്കായി.....

Thursday, January 21, 2010

മാറ്റത്തിന്റെ കാറ്റ് (Wind of Change)കൊണ്ട് തോറ്റു.

മാറ്റത്തിന്റെ കാറ്റ് മനുഷ്യര്‍ക്ക്‌ മാത്രം അല്ല. തെങ്ങുകള്‍ക്കും ഉണ്ട്. ഈ കാറ്റിന്റെ ശല്യം കൂടുതലായി അനുഭവിക്കുന്നത് കടപ്പുറത്ത് നില്‍ക്കുന്ന തെങ്ങുകള്‍ ആണ്. എന്നാല്‍ ഒരു വെറൈറ്റി ആയിക്കോട്ടെ എന്ന് പൊള്ളേത്തൈ കടപ്പുറത്തെ ദുര്‍ബലന്‍ തെങ്ങിന് തോന്നിയതില്‍ തെറ്റൊന്നും പറയാന്‍ പറ്റില്ല. എല്ലാവരും നേരെ മുകളിലോട്ടല്ലേ വളരുന്നത്‌? കുറച്ചു ഇനി സൈഡിലോട്ടു വളര്‍ന്നു നോക്കാം.







Tuesday, January 12, 2010

എന്റെ യാത്രകള്‍ 2- തിണ്ണ മിടുക്ക്.

ഹൈ സ്കൂള്‍ പഠനം ആയപ്പോള്‍ തന്നെ ആലപ്പുഴ - ചേര്‍ത്തല യാത്രകള്‍ എനിക്ക് മടുത്തു തുടങ്ങിയിരുന്നു. ആദ്യമൊക്കെ ഒറ്റയ്ക്ക് ടൌണില്‍ പോകുന്നത് വലിയ സംഭവം ആയി ഞാന്‍ കണ്ടിരുന്നെങ്കിലും ക്ലാസ്സിലെ കൂതറ കൊലാപ്പി ജോഷി ഒറ്റയ്ക്ക് ടൌണ്‍ കഴിഞ്ഞുള്ള പുന്നപ്ര പള്ളിയില്‍ ധ്യാനം കൂടി വന്നിട്ട് ക്ലാസ്സില്‍ എല്ലാവര്ക്കും നേര്ച്ച വിതരണം ചെയ്യണ കണ്ടപ്പോള്‍ അക്കരെ അക്കരെ സിനിമയില്‍ ശ്രീനിവാസന്‍ പാര്‍വതിക്ക് പിറന്നാള്‍ സമ്മാനം കൊടുക്കാന്‍ പോയ അവസ്ഥ ആണ് എനിക്ക് തോന്നിയത്. അത് തന്നെയും അല്ല വഴിചിലവ് എന്ന പേരില്‍ വീട്ടില്‍ നിന്നും സാമാന്യം നല്ല ഒരു തുകയും വസൂലാക്കി ടൌണില്‍ പോകുന്ന എനിക്ക് അത്യാവശ്യം നല്ല അബദ്ധങ്ങളും പറ്റി തുടങ്ങിയിരുന്നു. പോക്കറ്റില്‍ ആവശ്യത്തില്‍ അധികം പണവും തലക്കകത്ത് ആവശ്യത്തില്‍ അധികം ബോധം ഇല്ലായ്മയും ആയി ആലപ്പുഴ ടൌണില്‍ തേരാ പ്പാരാ അലയുമായിരുന്ന എന്നെ ഉധേശിച്ചല്ലേ വിജി തമ്പി "നഗരങ്ങളില്‍ പോയി രാപ്പാര്‍ക്കാം" എന്ന സിനിമ എടുത്തത്‌ എന്ന് എനിക്ക് പലപ്പോളും തോന്നിയിരുന്നു.


പൊള്ളേത്തൈയില്‍ ഞാന്‍ ആളൊരു സംഭവം ആയിരുന്നെങ്കിലും പൊള്ളേത്തൈ വിട്ടു ഞാന്‍ നടത്തിയ ചില പര്യടനങ്ങള്‍ അസറുദ്ദീന്‍ ക്യാപ്ടന്‍ ആയ പഴയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിദേശ പര്യടനങ്ങലെക്കാള്‍ ദയനീയം ആയിരുന്നു. യൂറിക്ക പരീക്ഷയില്‍ പങ്കെടുക്കാന്‍ പുറക്കാട് സ്കൂളില്‍ പോയതായിരുന്നു അതില്‍ ആദ്യത്തേത് . രണ്ടു ദിവസം ആയിരുന്നു ക്യാമ്പ്‌. ഞങ്ങള്‍ ഗുണ്ടകള്‍ പരിചയം ഇല്ലാത്ത സ്ഥലങ്ങളില്‍ പോകുമ്പോള്‍ അത്ത്യാവശ്യം ടൂള്‍സും കൂടെ കൊണ്ടു പോകാറുണ്ട്. അങ്ങനെ ഞാനും എന്റെ പ്രധാന ആയുധം പോക്കറ്റില്‍ കരുതി. നെയില്‍ കട്ടരുടെ പുറകില്‍ ഉള്ള കത്തി. നാട്ടില്‍ വെച്ചു ഒരിക്കല്‍ മാത്രമെ എനിക്ക് എന്റെ ആയുധം നിവര്ത്തെണ്ടി വന്നിട്ടുള്ളൂ. സ്കൂളില്‍ യുവജനോത്സവം കാണാന്‍ വന്ന കാട്ടൂര്‍ സ്കൂളിലെ ഒരു റൌഡി എന്റെ സീറ്റ് കയ്യേറിയപ്പോള്‍ ആയിരുന്നു അത്. ഭീമന്‍ രഘു ചെയ്യുന്ന പോലെ കത്തി എടുത്തു ഒന്നു കവിളില്‍ ചൊറിഞ്ഞു. റൌഡി ഫ്ലാറ്റ്. അതിന് ശേഷം ആണ് ആ നെയില്‍ കട്ടര്‍ എന്റെ പ്രധാന ആയുധം ആയി മാറിയത്. യൂറിക്ക ക്യാമ്പിന്റെ ആദ്യ ദിവസം രാത്രി വീഡിയോ പ്രദര്‍ശനം ഉണ്ട്. കൊള്ളാവുന്ന ഒരു കസേര ഞാന്‍ കണ്ടു വെച്ചിരുന്നു. അത്താഴം മോന്തി ചെന്നപ്പോള്‍ പ്രദര്‍ശനം തുടങ്ങിയിരുന്നു. കസേരയുടെ അടുത്ത് ചെന്നപ്പോള്‍ അതാ ഒരു പയല്‍ അതില്‍ കാലിന്മേല്‍ കാലും കയറ്റി സുഘിച്ചു ഇരിക്കുന്നു. ഇരുട്ടായ കൊണ്ടു മുഘത്ത്‌ നിന്നും രണ്ടു കണ്ണുകള്‍ മാത്രമെ കാണുന്നുള്ളൂ. എന്നാലും എനിക്ക് ആളെ പിടി കിട്ടി. കരുമാടി സ്കൂളില്‍ നിന്നും വന്ന ഒരു കരുമാടി കുട്ടന്‍. രാവിലെ പ്രൊജക്റ്റ്‌ അവതരിപ്പിക്കുന്ന നേരത്ത് ചില വരട്ടു ചോദ്യങ്ങള്‍ ചോദിച്ചു എന്നെ വിരട്ടാന്‍ നോക്കിയ അവനെ ഞാന്‍ നോട്ടം ഇട്ടു വെച്ചതായിരുന്നു. ഇതു തന്നെ പറ്റിയ തക്കം . നമ്മുടെ റേഞ്ച് ഒന്നു മനസിലാക്കി കൊടുത്തേക്കാം എന്ന് കരുതി പതുക്കെ പോക്കറ്റില്‍ നിന്നും കത്തി എടുത്തു കരുമാടിയുടെ അടുത്തേക്ക് ചെന്നു. ടിവി യില്‍ മുഴുകി ഇരുന്ന അവന്റെ അടുത്തേക്ക് ഒന്നു കുനിഞ്ഞത് മാത്രം ഉണ്ട് ഒരു ഓര്‍മ. പിന്നെ ജഗതി മീശ മാധവനില്‍ പറയുന്ന പോലെ ഒരു അജ്ഞാത ശക്തി വന്നു നിരങ്ങിയിട്ടു പോയ പോലെ. കരുമാടിക്കുട്ടന്‍ കരോട്ടെ പഠിച്ചിരുന്നു എന്നും അവന്‍ എന്റെ കാലേല്‍ വാരി നിലത്തു അടിച്ചതായിരുന്നെന്നും മനസിലാക്കി വന്നപ്പോളേക്കും സിനിമാ കഴിഞ്ഞിരുന്നു. അന്നത്തെ ഒരു വാശിക്ക് ആണ് നാട്ടില്‍ വന്ന ഉടനെ ചന്തയിലെ കുട്ടി ആശാന്റെ അടുത്ത് കരോട്ടെ പഠിക്കാന്‍ പോയത്. എന്നെ കണ്ടതും ആശാന്റെ മുഘത്ത്‌ മൂന്നാറിലെ റിസോര്‍ട്ട് കണ്ട JCB ഡ്രൈവറുടെ പോലത്തെ ഒരു ചിരി മിന്നി മറഞ്ഞത് ഞാന്‍ കണ്ടില്ലാ. എന്റെ കാല ദോഷം. പിന്നെ അവിടെ നടന്നത് ഒക്കെ പുറത്ത് പറഞ്ഞാല്‍ പെറ്റ തള്ള സഹിക്കൂല്ലാ. അങ്ങേരു എന്റെ നാലു അടി എണ്‍പത് കിലോ ബോഡിയില്‍ ഒരു താജ് മഹല്‍ പണിയാന്‍ തന്നെ തുടങ്ങി. അന്ന് വീട്ടില്‍ എത്തിയതു ഇഴഞ്ഞണോ അതോ നടന്നാണോ എന്ന് തറപ്പിച്ചു പറയാന്‍ പറ്റാത്ത ഒരു പരുവത്തില്‍ ആയിരുന്നു. ഞാനും എന്റെ പത്ത് തലമുറയില്‍ പെട്ട ആരും മേലാല്‍ കരോട്ടെ പഠിക്കില്ല എന്ന ശപദവും അതിനിടയില്‍ ഞാനെടുത്തിരുന്നു. ഇന്നും ടിവിയില്‍ ബോയിംഗ് ബോയിംഗ് എന്ന ചിത്രത്തില്‍ മോഹന്‍ ലാല്‍ ചിക്കന്‍ മസാല ഉണ്ടാക്കുന്ന സീന്‍ കാണുമ്പോള്‍ ഞാന്‍ അറിയാതെ കുട്ടി ആശാനെ ഓര്‍ത്തു പോകും. ആ മാതിരി ചെയ്തതല്ലേ പഹയന്‍ എന്നെ ചെയ്തത്.


നാട്ടുകാര്‍ അധികം അറിയാതെ പോയ എന്റെ മറ്റൊരു വിദേശ പര്യടനം ആണ് എട്ടാം ക്ലാസ്സ് അവധിക്കു ഞാന്‍ നടത്തിയ കായംകുളം യാത്ര. കായംകുളത് ഉള്ള വല്യമ്മച്ചിയുടെ വീട്ടില്‍ അവധിക്കാലം നില്ക്കാന്‍ പോണത് ഒരു രസം ഉള്ള ഏര്‍പ്പാട് തന്നെ ആയിരുന്നു. ഈ സംഭവം നടക്കുന്ന വരെ. കടലിനും കായലിനും ഇടക്കുള്ള ചെറിയ സ്ഥലം ആണ് കള്ളിക്കാട് എന്ന ആ ഗ്രാമം. കടലിലെ മീനും കായലിലെ മീനും താറാവും കോഴിയും ഒക്കെ കൂടി ഏതെടുക്കും മാതാവേ എന്ന് ചോദിച്ചു പോകുന്ന അവസ്ഥ. അടുത്ത വീടുകളില്‍ ഒക്കെ തന്നെ കായലില്‍ ചീന വല ഇട്ടിട്ടുണ്ടാകും. രാവിലെയും രാത്രിയും അത് പൊക്കും. ആ സമയത്ത് അവിടെ ഹാജര്‍ ആയാല്‍ നല്ല പിടക്കുന്ന കരിമീന്‍ കിട്ടും. അതും പിന്നെ ചൂണ്ട ഇടലും ഒക്കെ ആയിരുന്നു പ്രധാന സമയം കൊല്ലികള്‍. പിന്നെ ഉള്ള ഒരു വിനോദം ആണ് ഞണ്ട് പിടുത്തം. കായലില്‍ നിന്നും വീടിന്റെ അടുത്ത് കൂടെ പോകുന്ന തോടുകളില്‍ നല്ല മുഴുത്ത ഞണ്ട് കാണും. അത് പിടിക്കാന്‍ മിടുക്കന്മാരായ അവിടത്തെ കുറച്ചു വിദ്വാന്മാരും ഉണ്ടായിരുന്നു. ഞണ്ടിനെ കാണിച്ചു കൊടുക്കുക എന്നത് മാത്രം ആണ് നമ്മുടെ ജോലി. ഒരിക്കല്‍ മാത്രം പിടിച്ച ഞണ്ടുകളെ സൂക്ഷിക്കാന്‍ എന്നെ ഏല്‍പ്പിച്ചു. ജീവനോടെ കിട്ടിയ ഞണ്ടിനെ കളിപ്പിച്ചു കളിപ്പിച്ചു അവസാനം കയ്യിലെ ചെറുവിരല്‍ ഞണ്ട് ഇറുക്കി നീല കളറില്‍ ആയതോടെ ആ പരുപാടി ഞാന്‍ നിര്‍ത്തി. രാവിലെ വള്ള കടവില്‍ കുളിക്കാന്‍ പൊക്കും ഒരു രസം ഉള്ള ഏര്‍പ്പാട് തന്നെ ആയിരുന്നു. സമ പ്രായത്തില്‍ ഉള്ള കുറെ കുരുപ്പുകള്‍ കൂടെ അവിടെ ഉണ്ടാകും. പിന്നെ ഒരു കുഴപ്പം എന്ന് വെച്ചാല്‍ സൂക്ഷിച്ചും കണ്ടും ഒക്കെ വേണം കുളി. നാട്ടിലെ മിക്ക കക്കൂസും കായലില്‍ ആയ കാരണം മുങ്ങി പൊങ്ങുമ്പോള്‍ ചിലപ്പോള്‍ തലയില്‍ ഒരു കുടുമ ഒക്കെ ആയി ഒരു പഴശ്ശി രാജാ ലുക്ക്‌ ഉണ്ടാകാന്‍ ചാന്‍സ് ഉണ്ട്. കുള കടവിനോട് ചേര്ന്നു അവിടത്തെ കുരുപ്പുകള്‍ എല്ലാം കൂടെ ഒരു ചെറിയ ചീന വല സെറ്റ് അപ്പ്‌ ചെയ്തിട്ടുണ്ട്. കുളിക്കാന്‍ വന്നു കഴിഞ്ഞാല്‍ ആദ്യം അത് പൊക്കി അതിലെ മീന്‍ പിടിച്ചു കുടത്തില്‍ ഇട്ടു വെച്ചിട്ടാണ് പിന്നെ കുളി. ഒരു ദിവസം ഞാന്‍ നേരത്തെ സ്ഥലം പിടിച്ചു. ആരും വന്നിട്ടില്ല. കുറച്ചു നേരം ചീന വലയുടെ അടുത്തൊക്കെ പോയി നോക്കി. എന്തോ മീന്‍ ഉണ്ടെന്നു മനസ് പറയുന്നു. പൊക്കി നോക്കിയാലോ. ജീവിതത്തില്‍ ഇനി ഇതു പോലെ ഒരു ചാന്‍സ് കിട്ടി എന്ന് വരില്ല. മീന്‍ ഉണ്ടെങ്കില്‍ ഇനി നാട്ടില്‍ ഒക്കെ ചെന്നു ഗമയില്‍ തട്ടാം, കായലില്‍ നിന്നും സ്രാവിനെ പിടിച്ചെന്നു പറയണോ അതോ ചൂരയെ പിടിച്ചെന്നു പറയണോ? എന്തായാലും പൊക്കുക തന്നെ. പിന്നെ കൂടുതല്‍ ഒന്നും ആലോചിച്ചില്ല. വലിച്ചു പൊക്കി. വലയില്‍ എന്തോ ഉണ്ട്. ആമ ആണെന്ന് തോന്നുന്നു. ശകുനം മുടക്കി. ഇവനൊന്നും വേറെ ഒരു പണിയും ഇല്ലേ. അപ്പോളാണ് മനസിലായത് ആമ അല്ല വല കുറ്റിയില്‍ കുരുങ്ങിയത് ആണ്. സാരം ഇല്ല. വേറെ മീന്‍ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കുംബോലാണ് പുറകില്‍ നിന്നും ഒരു വിളി. "ഡാ. നീ വല പൊക്കും അല്ലെ. ". ഞാന്‍ വിടുമോ? തിരിച്ചു കാച്ചി. "വല അല്ലെ ചേട്ടാ, തുണി അല്ലല്ലോ പൊക്കിയത്." .അതും പറഞ്ഞു ആഞ്ഞു വലിച്ചു. വല കീറിയോ എന്നൊരു സംശയം. പിന്നെ കൈ കൊണ്ടാണാ കാല് കൊണ്ടാണാ എന്നൊരു പിടിയും ഇല്ലായിരുന്നു. അവന്മാര്‍ എല്ലാം കൂടെ എന്നെ കായലില്‍ ഇട്ടു വലിച്ചു. ഏതായാലും അന്ന് ഞാന്‍ വലിയ ഒരു പാഠം പഠിച്ചു. കടലിലെ വെള്ളത്തിനു മാത്രം അല്ല കായലിലെ വെള്ളത്തിനും നല്ല ഉപ്പ് രുചി ആണ്.