Thursday, July 16, 2026

വായനാനുഭവം - ഉഷ്ണമേഖല - കാക്കനാടൻ (Book Review - Ushnamekhala by Kakkanadan)

വായനാനുഭവം - ഉഷ്ണമേഖല - കാക്കനാടൻ 



മലയാള സാഹിത്യത്തിലെ മഹാരഥന്മാരിലൊരാളായ ശ്രീ ജോർജ് വർഗീസ് എന്ന കാക്കനാടന്റെ ശ്രദ്ധേയമായ കൃതിയാണ് ഉഷ്ണമേഖല. 1969 ലാണ് ഈ കൃതി പുറത്തിറങ്ങുന്നത്. കാലംതെറ്റിയുള്ള എന്റെ വായനകളുടെ ഇടയിലേക്ക് ആ കൃതിയും കടന്നുവരുകയുണ്ടായി. കേരളത്തിലെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉദയകാലഘട്ടവും പാർട്ടിക്ക് സംഭവിച്ച അപചയവും മൂല്യച്യുതിയുമാണ് നോവലിന്റെ പശ്ചാത്തലം. കേരളസംസ്ഥാനം രൂപീകരിക്കപ്പെടുന്നതിന് മുൻപ് ആരംഭിക്കുന്ന കഥ അവസാനിക്കുന്നത് കേരളത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടി ഭരണത്തിലേറിയ കാലഘട്ടത്തിലാണ്. 


ദാരിദ്ര്യവും അസമത്വവും കൊടികുത്തിവാണിരുന്ന ഒരു സമൂഹത്തിൽ സാധാരണക്കാരന് ഒരു ആശ്രയവും പ്രതീക്ഷയുമായിരുന്നു കമ്മ്യുണിസ്റ്റ് പാർട്ടി. ഭരണകൂടത്തിന്റെ നിരന്തരമായ വേട്ടയാടലുകളിൽ നിന്നും പാർട്ടി നേതാക്കന്മാരെ ജീവൻ ബലികൊടുത്തും അവർ സംരക്ഷിച്ച് നിർത്തിയതിന്റെ കാരണവും ആ പ്രതീക്ഷ തന്നെയായിരുന്നു. ഈ നേതാക്കൾ നമുക്ക് അല്ലെങ്കിൽ നമ്മുടെ വരും തലമുറയ്ക്ക് സമത്വസുന്ദരമായ ഒരു ജീവിതാന്തരീക്ഷം ഒരുക്കിക്കൊടുക്കും എന്ന പ്രതീക്ഷയിൽ അവർ സ്വന്തം ജീവിതം ബലികൊടുത്തും പാർട്ടിയെ വളർത്തി. ആ പ്രതീക്ഷ പാർട്ടിക്ക് പാലിക്കാനായോ എന്നതാണ് നോവലിൽ പരാമർശിക്കുന്നത്. 


ആദര്ശധീരനായ ഒരു കമ്മ്യുണിസ്റ്റ് ആയിരുന്നു ശിവൻ. സ്വന്തം കുടുംബത്തേക്കാളേറെ പാർട്ടിയെ സ്നേഹിച്ചവൻ. സ്വന്തം അച്ഛന്റെ ചിത കൊളുത്താൻ പറ്റാതെ ഒളിവിൽ പോകേണ്ടി വന്നതിൽ വിഷമമില്ലാത്ത, പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്തം അതിന്റെ വരുംവരായ്കകൾ വിലയിരുത്തി നടപ്പിലാക്കിയ സഖാവ്. ഒടുവിൽ സ്വന്തം കുടുംബത്തിനായി പാർട്ടിയിൽ നിന്നും മാറിനിൽക്കേണ്ടി വരുമ്പോഴും ഉള്ളിലെ സാമൂഹ്യബോധവും പാർട്ടി ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടിയതിന്റെ കുറ്റബോധത്തിൽ നീറിയുള്ള ജീവിതം. ഒടുക്കം എല്ലാം വ്യർത്ഥമായിരുന്നു എന്ന തിരിച്ചറിവ്. നായകൻറെ മാനസിക സംഘർഷങ്ങൾ മനോഹരമായിത്തന്നെ നോവലിൽ വർണ്ണിച്ചിട്ടുണ്ട്. 


ആദ്യമേ സൂചിപ്പിച്ചതുപോലെ കാലംതെറ്റിയുള്ള ഒരു വായനയായിരുന്നു ഉഷ്ണമേഖല. എങ്കിലും ഒരു ഘട്ടത്തിൽ പോലും ബോറടിപ്പിക്കാതെ ആദ്യാവസാനം പിടിച്ചിരുത്തുന്ന കഴിവ് തന്നെയാണ് കാക്കനാടനെ മലയാള സാഹിത്യത്തിലെ മഹാരഥന്മാരിൽ ഒരാളാക്കി മാറ്റുന്നത്. 

Monday, July 13, 2026

വായനാനുഭവം - ചന്ദ്രോത്സവം - ബീയാർ പ്രസാദ് (Book Review - Chandrolsavam by Beeyar Prasad)

വായനാനുഭവം - ചന്ദ്രോത്സവം - ബീയാർ പ്രസാദ് 



അപ്രതീക്ഷിതമായി ലഭിച്ച മികച്ചൊരു വായനാനുഭവം അതാണ് അടുത്തകാലത്ത് നമ്മളിൽ നിന്നും വിടവാങ്ങിയ അനുഗ്രഹീത എഴുത്തുകാരൻ ശ്രീ. ബീയാർ പ്രസാദ് എഴുതിയ ചന്ദ്രോത്സവം എന്ന നോവൽ. സഞ്ചാരം ചാനലിലൂടെയാണ് ശ്രീ. ബീയാർ പ്രസാദ് നെ ആദ്യമായി അറിയുന്നത്. പിന്നീട് കിളിച്ചുണ്ടൻ മാമ്പഴം, വെട്ടം, ജലോത്സവം തുടങ്ങി സിനിമകളേക്കാൾ ഹിറ്റായ പാട്ടുകൾ ഉള്ള ചിത്രങ്ങളുടെ ഗാനരചയിതാവ് എന്ന പേരിൽ അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കിക്കണ്ടു. അദ്ദേഹത്തിന്റെ മരണശേഷമാണ് അദ്ദേഹം രചിച്ച ചന്ദ്രോത്സവം എന്ന നോവലിനെ കുറിച്ച് കേൾക്കുന്നത്. കവി എന്ന പേരിൽ അറിയപ്പെട്ട, ശുദ്ധ സാഹിത്യകാരന്റെ നോവൽ, അതും സംസ്കൃത നാടകങ്ങളുടെ ഇതിവൃത്തമായിരുന്ന ദേവദാസി കാലഘട്ടത്തിലെ കഥ. ദഹിക്കാൻ പാടായിരിക്കും എന്ന മുൻവിധി കാരണം ആദ്യം അത് പരിഗണിച്ചില്ല. മികച്ചൊരു സാഹിത്യാസ്വാദകനായ സുഹൃത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് അവസാനം വായനയ്ക്ക് തിരഞ്ഞെടുത്തത്. പക്ഷെ തികച്ചും അത്ഭുതപ്പെടുത്തിയ ഒരു വായനാനുഭവം ആയിരുന്നു എന്ന് പറയാതെ വയ്യ. 

നോവലിന്റെ പുറംതാളിൽ എഴുതിയിട്ടുണ്ട്, മോഹൻലാൽ, പ്രിയദർശൻ തുടങ്ങിയവർ ഇത് സിനിമയാക്കുവാൻ ആഗ്രഹിച്ചിരുന്നു. അല്ലെങ്കിൽ ഇത് ഒരു സിനിമയായി നിർമ്മിക്കാൻ രചിച്ച കഥയാണ്. കാലതാമസം നേരിടുന്നതിനാൽ അദ്ദേഹം അത് നോവലായി പ്രസിദ്ധീകരിക്കുകയായിരുന്നു. ശരിക്കും ഒരു സിനിമ കാണുന്നത് പോലെ ആസ്വദിക്കാൻ പറ്റുന്നതാണീ നോവൽ. 1996 ൽ പുറത്തിറങ്ങിയ കാമസൂത്ര പോലെ ഇറോട്ടിക് കണ്ടന്റ് ന് അപ്പുറം ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന സിനിമയായി മാറേണ്ടതായിരുന്നു ചന്ദ്രോത്സവവും. 

ദേവന്റെ ദാസിയായി സമൂഹത്തിൽ ഉന്നത ഗണത്തിൽ വിരാജിച്ചിരുന്ന ഗണികകളുടെ ജീവിതമാണ് നോവലിന്റെ ഇതിവൃത്തം. സകല കലകളിലും അഗ്രഗണ്യകളായിരുന്ന കാമശാസ്ത്രം അരച്ചുകലക്കിക്കുടിച്ച അവരുടെ ഇടയിലേക്ക് ചോരശാസ്ത്രം പഠിച്ച ഒരു തസ്കരൻ കടന്നുവരുന്നു. ദേവദാസി കുലത്തിന്റെ അഭിമാനമായ മഹോത്സവമാണ് ചന്ദ്രോത്സവം. ഒരു ഗണിക എങ്ങനാണ് ദേവതുല്യയായി മാറുന്നതെന്നും അവരുടെ സൗന്ദര്യം വർണ്ണിച്ചുള്ള രചനകൾ എങ്ങനാണ് ഉദയം കൊള്ളുന്നതെന്നും നമുക്ക് നോവൽ മനസ്സിലാക്കിത്തരും. കൊച്ചി രാജ്യത്താണ് കഥ നടക്കുന്നത്. പോർച്ചുഗീസുകാർ ആദ്യമായി കേരളത്തിൽ വന്ന കാലഘട്ടമാണ് പ്രതിപാദ്യം. കൊച്ചി രാജാവിൽ നിന്നും പ്രത്യേക പദവി അനുവദിച്ചുകിട്ടിയ പുത്തൂര് തറവാട്ടിലെ ചാരുമതിയുടെയും അവരുടെ മകൾ മേദിനീ വെണ്ണിലാവ് എന്ന ഭൂലോക സുന്ദരിയുടെയും കഥ. ദേവദാസികൾ കാരണം ജീവിതം തകർന്ന് തസ്കരനായി മാറേണ്ടി വന്ന മണിശേഖരൻ എന്ന നായകൻ മേദിനീ വെണ്ണിലാവിന്റെ ജീവിതത്തെ മാറ്റിക്കുറിക്കുന്നു. പിന്നീട് അവരുടെ പ്രണയം. അതിന് പശ്ചാത്തലമാകുന്ന ചന്ദ്രോത്സവം. എല്ലാംകൊണ്ടും ഒരു സൂപ്പർഹിറ്റ് സിനിമ ആസ്വദിക്കുന്നത് പോലെ ആസ്വദിക്കാവുന്ന ഒരു നോവൽ.

സിനിമ ആസ്വദിക്കുന്നത് പോലെ ആസ്വദിച്ചതിനാൽ ക്ലൈമാക്സ് അല്പം ക്രിഞ്ച് ആയിപ്പോയെന്ന് ഒരു പോരായ്മ തോന്നി. 1995 കാലഘട്ടത്തിൽ എഴുതിയ നോവൽ ആയതിനാൽ അക്കാലത്ത് ഇത് സൂപ്പർ ക്ലൈമാക്സ് ആയിരുന്നേനെ എന്നതിൽ സംശയമൊന്നുമില്ല. 

എങ്ങനെ നോക്കിയാലും എല്ലാ രീതിയിലും മികച്ചൊരു വായനാനുഭവം തന്നെയാണ് ചന്ദ്രോത്സവം.


Wednesday, June 24, 2026

വായനാനുഭവം - 9mm ബെരേറ്റ - വിനോദ് കൃഷ്ണ (Book Review : 9mm Bareta by Vinod Krishna)

വായനാനുഭവം - 9mm ബെരേറ്റ - വിനോദ് കൃഷ്ണ  



ഗാന്ധിവധം പശ്ചാത്തലമാക്കി ഒരു നോവൽ. അതാണ് ശ്രീ വിനോദ് കൃഷ്ണ എഴുതിയ "9mm ബെരേറ്റ". പൂർണ്ണമായും ഒരു രാഷ്ട്രീയ നോവലാണ് 9mm ബെരേറ്റ. പക്ഷെ ഒരു പുതിയ നോവലിസ്റ്റിൽ നിന്നും പ്രതീക്ഷിക്കാവുന്നതിന്റെ പതിന്മടങ്ങാണ് ഈ നോവലിൽ ശ്രീ വിനോദ് കൃഷ്ണ നൽകിയിരിക്കുന്നത്. ഒരേ സമയം ചിന്തിപ്പിക്കുകയും അസ്വസ്ഥമാക്കുകയും ചെയ്യിക്കുന്ന നോവൽ. സമീപകാലത്ത് ഇത്തരത്തിൽ ഒരെണ്ണം വായിച്ചിട്ടില്ലെന്ന് പറയാം. രാഷ്ട്രീയ നോവലായതുകൊണ്ടുതന്നെ ഈ നോവൽ മുന്നോട്ടുവെക്കുന്ന പ്രമേയത്തെ എതിർക്കുന്നവർ ഉണ്ടാകാം. പക്ഷെ രാഷ്ട്രീയത്തിനതീതമായി ഒരു മലയാളി/ഭാരതീയൻ വായിച്ചിരിക്കേണ്ട ഒരു നോവലാണെന്ന തോന്നലാണ് എനിക്ക് അത് വായിച്ചപ്പോൾ തോന്നിയത്. 


കുഞ്ഞുനാളിൽ ഗാന്ധി അപ്പൂപ്പനെക്കുറിച്ച് പഠിച്ച് അറിഞ്ഞു തുടങ്ങിയപ്പോൾ ഏറെ ചിന്തിപ്പിച്ച ഒരു കാര്യമായിരുന്നു ഗാന്ധിവധം. ഗാന്ധിയെപ്പോലെ ഒരു മഹാത്മാവിനെ എങ്ങനെ? എന്തിന്? വധിച്ചു. അതും ഒരു ഇന്ത്യക്കാരൻ. നാഥുറാം വിനായക് ഗോഡ്‌സെ എന്ന മതഭ്രാന്തനാണ് ഗാന്ധിയെ വെടിവെച്ചുകൊന്നതെന്ന് അന്ന് പഠിച്ചു. മതഭ്രാന്തൻ എന്നാൽ എന്താണെന്ന് അന്ന് മനസ്സിലായില്ല. എന്തോ ഒരു ഭ്രാന്തൻ ആണെന്ന് മാത്രം മനസ്സിലാക്കി. പിന്നീട് ഗാന്ധിവധത്തിന് പിന്നിലുള്ള രാഷ്ട്രീയത്തെക്കുറിച്ച് ഏറെ വായിച്ചിട്ടുണ്ട്. ധാരാളം സിനിമകൾ കണ്ടിട്ടുണ്ട്. ഏകപക്ഷീയമായി എതിർക്കപ്പെടേണ്ട ഒരു ക്രൂരകൃത്യമാണ് നടന്നതെങ്കിലും അതിനെ ന്യായീകരിക്കുന്നതും ഗോഡ്‌സെയെ ആരാധിക്കുന്നതും ഒരൽപം ആശങ്കയോടെ കാണാൻ തുടങ്ങി. ഗാന്ധി വധത്തെയും അതിന്റെ പശ്ചാത്തലത്തെയും ഒരു സിനിമയിൽ കാണുന്ന തന്മയത്വത്തോടെ നോവലിൽ അവതരിപ്പിച്ചിരിക്കുന്നു. സ്വാതന്ത്രഭാരതത്തിലെ ആദ്യ തീവ്രവാദികളുടെ ജീവിതവും ആധുനിക കാലത്ത് ആ മനസ്ഥിതിയുള്ള മതഭ്രാന്തരുടെ ജീവിതവും ഇടകലർത്തിയുള്ള ഒരു അവതരണമാണ് നോവലിൽ. 


ആരാണ് ഗോഡ്‌സെ? ആരാണ് നാരായൺ ആപ്‌തെ? എന്ന് ഇത്രയും സിനിമാറ്റിക് ആയി ഒരിടത്തും അവതരിപ്പിച്ചു കണ്ടിട്ടില്ല. ഇതിൽ ഭാവന അഥവാ ഫിക്ഷൻ ഉണ്ടെന്ന് സങ്കല്പിക്കാനേ സാധിക്കാത്ത രീതിയിൽ, അവരുടെ കൂടെ സഞ്ചരിച്ച ഒരാൾ കണ്ടറിഞ്ഞ കാര്യങ്ങൾ എന്നപോലെയാണ് നോവലിലെ അവതരണം. അവരുമായി ബന്ധപ്പെട്ടുള്ള ഓരോ ആളുകളെയും സ്ഥലങ്ങളെയും വസ്തുക്കളെയും വിശദമായി അവതരിപ്പിക്കുന്നതിനായി നോവലിസ്റ്റ് നടത്തിയ കഠിനാദ്ധ്വാനത്തിന്റെ ഫലം ഓരോ വരിയിലും വായിച്ചറിയാം. ഗോഡ്സെയ്ക്കും ആപ്തെക്കും സമാന്തരമായി ആധുനിക ഇന്ത്യയിൽ നടക്കുന്ന സംഭവങ്ങളെ കോർത്തിണക്കി രണ്ട് യുവാക്കളുടെ കഥയും പറഞ്ഞുപോകുന്നുണ്ട്. ഇതിൽ ഗോഡ്സെയെയും ആപ്തെയെയും കേന്ദ്രീകരിച്ചാണ് കഥ. അവരാണ് നായകർ, അവരുടെ ചിന്തകളും അവരുടെ ശരിയുമാണ് നോവലിൽ. ഒരിടത്തും അവരെ കുറ്റക്കാരായി, വില്ലന്മാരായി അവതരിപ്പിക്കുന്നില്ല. പക്ഷെ നമ്മൾ ഓരോ പേജിലും അസ്വസ്ഥരാകും. അതിനുള്ളതെല്ലാം നോവലിസ്റ്റ് കരുതിവെച്ചിട്ടുണ്ട്. 

ആമുഖത്തിൽ നോവലിസ്റ്റ് പറയുന്നുണ്ട്. ആധുനിക ഇന്ത്യ നേരിടുന്ന മഹാവിപത്ത് ഔദ്യോഗികമായ ബോധമലിനീകരണമാണ്. ഈ രാഷ്ട്രീയ കാലാവസ്ഥയിൽ എഴുത്ത് മൗലികമായ രാഷ്ട്രീയപ്രവർത്തനമായി മാറേണ്ടതുണ്ട്. കലയുടെ സൗന്ദര്യം ഹനിക്കാതെ അത് സാധ്യവുമാണ്. അക്ഷരാർത്ഥത്തിൽ ആ വാക്കുകളോട് നീതി പുലർത്തുന്നതാണ് ശ്രീ വിനോദ് കൃഷ്ണയുടെ 9mm ബെരേറ്റ


2022 ആഗസ്റ്റിൽ ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ച നോവലിന്റെ 2023 നവംബറിൽ പുറത്തിറങ്ങിയ നാലാമത്തെ പതിപ്പാണ് ഞാൻ വായിച്ചത്. 494 പേജുകളുള്ള ഈ നോവലിന്റെ വില 550 രൂപയാണ്. 


രാഷ്ട്രീയം എത്തുമായിക്കൊള്ളട്ടെ, നമ്മുടെ ഇന്നലെകളെ അറിയുവാൻ ആഗ്രഹിക്കുന്നവർ, നമ്മുടെ നാളെകളെക്കുറിച്ച് പ്രതീക്ഷകൾ ഉള്ളവർ തീർച്ചയായും വായിച്ചിരിക്കേണ്ട നോവൽ 

Saturday, June 13, 2026

കൊട്ടിയൂർ അമ്പലദർശനം - ഞാൻ അറിഞ്ഞതും പോകുന്നവർ അറിയേണ്ടതും

കൊട്ടിയൂർ അമ്പലദർശനം - ഞാൻ അറിഞ്ഞതും പോകുന്നവർ അറിയേണ്ടതും 


പത്ത് പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് കൂടെ ജോലിചെയ്തിരുന്ന കണ്ണൂർകാരൻ കൂട്ടുകാരനിൽ നിന്നാണ് കൊട്ടിയൂർ അമ്പലത്തെയും അവിടുത്തെ വൈശാഖ മഹോത്സവത്തെയും കുറിച്ച്  ആദ്യമായി കേൾക്കുന്നത്. കാനനഭംഗിയിൽ മലനിരകൾക്ക് നടുവിൽ ഓലമേഞ്ഞ യാഗശാലകളും മഴയിൽ നനഞ്ഞീറനായി പുഴവെള്ളത്തിൽ നീന്തി വലംവെക്കുന്ന ഭക്തജനങ്ങളും അന്ന് മനസ്സിൽ പതിഞ്ഞു. പിന്നീട് വർഷങ്ങൾ കഴിയുന്തോറും ആ ക്ഷേത്രത്തെയും ഉത്സവത്തെയും പറ്റി കേൾക്കുന്നത് പതിവായി. കഴിഞ്ഞ കുറച്ചുവർഷങ്ങളായി വൈശാഖ മഹോത്സവനാളിൽ സോഷ്യൽ മീഡിയകളിൽ കൊട്ടിയൂർ മഹോത്സവത്തിന്റെ വിശേഷങ്ങൾ ധാരാളമായി വന്നു തുടങ്ങി. ഇക്കുറി വൈശാഖ മഹോത്സവത്തിനോടനുബന്ധിച്ച് ആലപ്പുഴ KSRTC ഡിപ്പോയിൽ നിന്നും പ്രത്യേക സർവീസ് ഉണ്ടെന്നറിഞ്ഞപ്പോൾ ഇക്കുറി ഒന്ന് പോയാലോ എന്നൊരാലോചന മനസ്സിലുദിച്ചു. ജൂൺ 13,14 ദിവസങ്ങളിലായാണ് സർവീസ്. തിരിച്ചും മറിച്ചും ആലോചിച്ച് അവസാനം സീറ്റ് ബുക്ക് ചെയ്യാനായി വിളിച്ചപ്പോഴേക്കും സീറ്റ് മുഴുവൻ ബുക്കിങ് ആയെന്ന് മറുപടി. എന്തായാലും പോകാമെന്ന് മനസ്സിനെ കൊതിപ്പിച്ചു, അതിനാൽ അടുത്ത വഴികൾ തേടി. ആ വിശേഷങ്ങളാണ് ഇക്കുറി.

ചിത്രത്തിന് കടപ്പാട് ഫേസ് ബുക്ക് 


ആദ്യം നമുക്ക് കൊട്ടിയൂർ ക്ഷേത്രത്തെക്കുറിച്ചും അവിടുത്തെ വൈശാഖ മഹോത്സവത്തിന്റെ പ്രത്യേകതകളെക്കുറിച്ചും നോക്കാം. ഒട്ടേറെ പ്രത്യേകതകളുള്ള ക്ഷേത്രമാണ് കൊട്ടിയൂർ. പുരാണങ്ങളിൽ ഏറെ പരാമർശിക്കപ്പെട്ടിട്ടുള്ള ദക്ഷയാഗവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം. ബ്രഹ്‌മാവിന്റെ പുത്രനും പ്രജാപതിയുമായ ദക്ഷൻ ഒരു യാഗം നടത്തി. ദേവകളെ മുഴുവൻ ക്ഷണിച്ചെങ്കിലും ജാമാതാവായ ശിവനെയും പുത്രിയായ സതിയെയും മനഃപൂർവ്വം അവഗണിച്ചു. സ്വന്തം അച്ഛൻ നടത്തുന്ന യാഗമായതിനാൽ അതിൽ പങ്കെടുക്കണമെന്ന് സതീദേവി ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ "നീ അച്ഛന്റെ പ്രിയപ്പെട്ട മോളായിരുന്നെങ്കിലും എന്റെ ഭാര്യ ആയതിനാൽ അച്ഛൻ നിന്നെ അപമാനിക്കും. ബന്ധുജനങ്ങളിൽ നിന്നുള്ള അപമാനത്തേക്കാൾ അഭികാമ്യമാണ് ശത്രുക്കളിൽ നിന്നുള്ള പീഡനം" എന്നുപറഞ്ഞ് നിരുത്സാഹപ്പെടുത്തി. പക്ഷെ സ്വന്തം ഗൃഹത്തിലേക്ക് പോകാൻ ആരും ക്ഷണിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് സതീദേവി യാഗത്തിന് പോയി. അവിടെ എല്ലാ ദേവകൾക്കും യാഗവിഹിതം മാറ്റിവെച്ചിട്ടും ത്രിമൂർത്തികളിൽ ഒരാളായ പരമശിവന് വിഹിതം നൽകിയിട്ടില്ലെന്ന് കണ്ട സതീദേവി കോപിഷ്ഠയായി യാഗാഗ്നിയിൽ ദേഹത്യാഗം ചെയ്തു. ഇതറിഞ്ഞ ശിവൻ കോപാകുലനായി വീരഭദ്രനെയും മറ്റ് ശിവഗണങ്ങളെയും സൃഷ്ടിച്ച് യാഗം മുടക്കുവാനായി അയച്ചു. വീരഭദ്രനും പരിവാരങ്ങളും യാഗശാല തകർക്കുകയും ദക്ഷന്റെ തലയറുക്കുകയും ചെയ്തു. മുടങ്ങിയ യാഗം പൂർത്തിയാക്കുന്നതിനായി ദേവകൾ ശിവനെ സമീപിക്കുകയും ദക്ഷന്റെ തലയിൽ ഒരു ആടിന്റെ തല ചേർത്തുവെച്ച് ജീവൻ നൽകി യാഗം പൂർത്തിയാക്കുവാൻ അനുമതി നൽകുകയും ചെയ്തു. ദക്ഷന്റെ യാഗം നടന്ന ഭൂമിയാണ് കൊട്ടിയൂർ എന്നാണ് വിശ്വാസം. "ദക്ഷിണ കാശി" എന്ന് കൊട്ടിയൂരിനെ വിളിക്കപ്പെടുന്നു (തെക്കൻ കാശി ആയ തെങ്കാശി ഉണ്ടെങ്കിലും കേരളത്തിലെ ദക്ഷിണ കാശി കൊട്ടിയൂർ തന്നെ. ദക്ഷയാഗം നടന്ന സ്ഥലം ഹരിദ്വാറിനടുത്തുള്ള കങ്കൽ ആണെന്ന് പറയപ്പെടുന്നു. അവിടെ ദക്ഷ മഹാദേവ് ക്ഷേത്രം സ്ഥിതിചെയ്യുന്നുണ്ട്. കൊട്ടിയൂർ ആ പുരാണ സംഭവത്തിന്റെ ആചാരപരമായ പുനരാവിഷ്കാരമാണ് എന്നും പറയപ്പെടുന്നു).


പണ്ട് വനത്താൽ മൂടപ്പെട്ട ആ സ്ഥലത്ത് വേട്ടയാടി നടന്ന പ്രാദേശീയരായ കുറിച്യരിൽ ഒരാൾ അമ്പിന് മൂർച്ച കൂട്ടാൻ ഉരച്ചപ്പോൾ കല്ലിൽ നിന്നും രക്തപ്രവാഹം ഉണ്ടാവുകയും അതുകണ്ട് പരിഭ്രമിച്ച കുറിച്യർ സമീപത്തുള്ള പടിഞ്ഞാറ്റയിൽ നമ്പൂതിരിമാരെ വിവരമറിയിക്കുകയും ചെയ്തു. ദേവസാന്നിധ്യം കണ്ടെത്തിയ നമ്പൂതിരി നാട്ടുപ്രമാണിമാരായ നായന്മാരുടെ സഹായത്തോടെ പരിഹാരക്രിയകൾ ആരംഭിച്ചെങ്കിലും രക്തപ്രവാഹം നിലച്ചില്ല. അവസാനം ഇളനീർ അഭിഷേകം ചെയ്തപ്പോളാണ് രക്തപ്രവാഹം നിലച്ചത്. പിന്നീട് ക്ഷേത്രത്തിലേക്കുള്ള ആചാരക്രമങ്ങൾ ചിട്ടപ്പെടുത്തിയത് ശങ്കരാചാര്യർ ആണെന്ന് കരുതപ്പെടുന്നു. 


ബാവലിപ്പുഴയുടെ ഇരുകരകളിലുമായി അക്കരക്കൊട്ടിയൂർ ഇക്കരക്കൊട്ടിയൂർ എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങളാണുള്ളത്. അതിൽ ഇക്കര കൊട്ടിയൂരിൽ സ്ഥിരപ്രതിഷ്ഠയും നിത്യപൂജയും ഉണ്ട്. മൂലസ്ഥാനമായ അക്കരെ കൊട്ടിയൂരിലേക്ക് ശങ്കരാചാര്യർ പോയപ്പോൾ ബാവലി പുഴയോരത്ത് എത്തിയപ്പോൾ നദിയിൽ മുഴുവൻ ശിവലിംഗങ്ങൾ കാണുന്നു എന്നതിനാൽ പുഴ മുറിച്ചുകടക്കാതെ തിരികെ പോയെന്നും വൈശാഖ മഹോത്സവം എന്നപേരിൽ ഇടവത്തിലെ ചോതി മുതൽ മിഥുനത്തിലെ ചിത്തിര വരെയുള്ള 28 ദിവസം അക്കരെ കൊട്ടിയൂരിൽ ദക്ഷയാഗത്തെ അനുസ്മരിപ്പിക്കുന്ന യാഗാദികർമ്മങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു. രണ്ടാം നാളായ വൈശാഖ ദിവസം അമ്പലത്തിലേക്ക് ഭണ്ഡാരങ്ങൾ എഴുന്നള്ളിക്കുന്ന ചടങ്ങിന് ശേഷം മാത്രമേ സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശനമുള്ളൂ. അവസാന മകം നാളിന് ശേഷം സ്ത്രീകൾക്ക് പ്രവേശനവുമില്ല. അതിനാൽത്തന്നെ പ്രവേശനമുള്ള ദിവസങ്ങളിൽ വൻ തിരക്ക് അനുഭവപ്പെടാറുണ്ട്. 


അക്കരെ കൊട്ടിയൂരിൽ അമ്പലങ്ങളില്ല എന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത. അവിടെ പ്രധാനമായും കുറച്ച് തറകളാണുള്ളത്. സ്വയംഭൂ ആയ ശിവലിംഗം കാണപ്പെട്ട മണിത്തറയും സതീ ദേവി ദേഹത്യാഗം ചെയ്‌തെന്ന് കരുതപ്പെടുന്ന അമ്മാറക്കല്ലുമാണ് അതിൽ പ്രധാനം. രക്തം ഒഴുകിയെന്ന് കരുതപ്പെടുന്ന ചുറ്റിലുമുള്ള ചിറ തിരുവാഞ്ചിറ എന്നപേരിൽ അറിയപ്പെടുന്നു. ബാവലിപ്പുഴയിലെ ജലം ഈ ചിറയിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു. ആ ജലത്തിലൂടെയാണ് ഭക്തർ ക്ഷേത്രസങ്കല്പത്തെ വലംവെക്കുന്നത്. ആദ്യ പതിനൊന്ന് ദിവസങ്ങളിൽ ശിവൻ കോപിഷ്ഠനായിരിക്കുമെന്നും ഇളനീരാട്ടം എന്ന വഴിപാടിന് ശേഷമാണ് ദേഷ്യം കുറയുന്നതെന്നും സങ്കല്പം. ഉത്സവം തുടങ്ങുന്ന ദിവസങ്ങളിൽ താൽക്കാലികമായി ഓലയും മറ്റും ഉപയോഗിച്ച് കെട്ടിയുണ്ടാക്കുന്നതാണ്പർണ്ണശാല. ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗക്കാരും സമീപത്തായി 34 താൽക്കാലിക കുടിലുകൾ കെട്ടി താമസിക്കണം. ഓരോ വിഭാഗക്കാർക്കും ഉത്സവത്തിലെ ചടങ്ങുകളിൽ പ്രത്യേക പ്രാതിനിധ്യമുണ്ട്. അവയും ചടങ്ങുകളും വിവരിക്കുന്നില്ല. ഉത്സവം കഴിയുന്ന ചിത്തിരനാളിൽ ഈ താത്കാലിക പർണ്ണശാലയും കുടിലുകളും പൊളിക്കും. പിന്നീട് അടുത്ത ഉത്സവം വരെ അക്കരെ കൊട്ടിയൂരിലേക്ക് ആർക്കും പ്രവേശനമില്ല. ഭണ്ഡാരം എഴുന്നളളത്ത് മുതൽ ഉത്രാടം വരെ ദേവന്മാരുടെ ഉത്സവം. തിരുവോണം മുതൽ ആയില്യം വരെ മനുഷ്യരുടെ ഉത്സവം. മകം മുതൽ ഭൂതഗണങ്ങളുടെ ഉത്സവം എന്നാണ്‌ വിശ്വാസം. ഉത്സവം തീരുമ്പോൾ യാഗം പൂർത്തിയാക്കരുതെന്നാണ് പ്രമാണം. നിർത്തിയ ചടങ്ങുകൾ അടുത്ത ഉത്സവത്തിന്റെ ആദ്യ ദിനങ്ങളിലാണ് പൂർത്തിയാക്കുന്നത്. ഉത്സവദിനങ്ങളിൽ മൂന്ന് നേരം ആനപ്പുറത്ത് നടത്തുന്ന ശീവേലിക്കും പ്രത്യേകതകളുണ്ട്. രണ്ട് ആനകളാണ് പങ്കെടുക്കുന്നത്. മുന്നിലെ ആനപ്പുറത്ത് ഭഗവാനും പിന്നാലെ ഭഗവതിയും ശീവേലിയിൽ പങ്കെടുക്കും. വെടിക്കെട്ട്, ആനകൾക്ക് നെറ്റിപ്പട്ടം, മുത്തുക്കുട തുടങ്ങിയവ ഉണ്ടാവില്ല. യാഗനെയ്യ്, അപ്പം, പായസം എന്നിവയാണ് പ്രധാന പ്രസാദങ്ങൾ. ഇത്തവണ (2026) വില നെയ് 50 രൂപ, പായസം 100 രൂപ, അപ്പം 40 രൂപ എന്നിങ്ങനെയാണ്. വൈശാഖം ഉത്സവനാളുകളിൽ ഇക്കരെ കൊട്ടിയൂർ ക്ഷേത്രം അടച്ചിടും. പൂജകളൊന്നും ഉണ്ടാവില്ല. എന്നാലും മലബാറിന്റെ തനത് രീതിയിൽ നിർമ്മിച്ച ക്ഷേത്രത്തിൽ നല്ല ഭക്തജനത്തിരക്ക് ഉണ്ടാവും. രണ്ട് ക്ഷേത്രപരിസരത്തും ദിനവും സൗജന്യ അന്നദാനം നടത്തപ്പെടുന്നുണ്ട്. വിവിധ സംഘടനകളും മറ്റും നടത്തുന്ന സൗജന്യ ചുക്കുകാപ്പി വിതരണം, ഔഷധകുടിവെള്ള വിതരണം എന്നിവ എവിടെയും കാണാം. ദക്ഷന്റെ യാഗത്തിന് നേതൃത്വം നൽകിയ ഭൃഗു മുനിയുടെ താടി വീരഭദ്രൻ പറിച്ചുകളഞ്ഞതായി പുരാണത്തിലുണ്ട്. അതിനെ അനുസ്മരിപ്പിക്കുന്ന "മുടിപ്പൂ" മുളയിൽ നിന്നും ഉണ്ടാക്കി എല്ലാ കടകളിലും വിൽപ്പനയ്ക്ക് വെച്ചിട്ടുണ്ട്.


ഇനി കൊട്ടിയൂർ എങ്ങനെ എത്തിച്ചേരാമെന്ന് നോക്കാം. തലശ്ശേരിയാണ് അടുത്തുള്ള റയിൽവെ സ്റ്റേഷൻ. അവിടെ നിന്നും 58 കിലോമീറ്റർ ആണ് കൊട്ടിയൂരിലേക്ക്. ഉത്സവ ദിനങ്ങളിൽ എന്നും രാവിലെ 5 മണിമുതൽ ബസ് ഉണ്ടാവും. വൈകുന്നേരം 7.45-8 മണി വരെ കൊട്ടിയൂർ നിന്നും മടക്ക സർവീസ് ഉണ്ടാകും. തിരക്ക് അനുസരിച്ച് സ്‌പെഷ്യൽ സർവീസുകൾ ധാരാളം ഉണ്ടാകും. പ്രൈവറ്റ് ബസുകളും സർവീസ് നടത്തുന്നുണ്ട്. അതിനാൽ തലശേരി എത്തിയാൽ കൊട്ടിയൂർക്കുള്ള കാര്യം പേടിക്കേണ്ട. തെക്കൻ ജില്ലകളിൽ നിന്നും ട്രെയിനിൽ എത്തുന്നവർക്ക് രാവിലെ കുളിക്കാനും പ്രഭാതകർമ്മങ്ങൾ നിർവഹിക്കാനുമുള്ള സൗകര്യം തലശേരി റയിൽവെ സ്റ്റേഷനിലുണ്ട്. അത്യാവശ്യം മികച്ച നിലവാരത്തിൽത്തന്നെ അവ സംരക്ഷിച്ചുപോരുന്നു.  കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളിൽ നിന്നും KSRTC വഴി തലശ്ശേരി/കണ്ണൂർ എത്തിച്ചേരാം. രണ്ടു സ്ഥലങ്ങളിൽ നിന്നും കൊട്ടിയൂർ ബസ് ലഭിക്കും. കൊട്ടിയൂർ ഇപ്പോൾ ധാരാളം താമസസൗകര്യങ്ങൾ ലഭ്യമാണ്. ഹോം സ്റ്റേകളും ധാരാളമുണ്ട്. അത് പ്രയോജനപ്പെടുത്താം. അല്ലെങ്കിൽ തലശ്ശേരി/ഇരിട്ടി തുടങ്ങിയ സമീപ സ്ഥലങ്ങളിൽ താമസിക്കാം. സ്വന്തം വണ്ടിയിൽ വരുന്നവർക്ക് തലശ്ശേരി, കൂത്തുപറമ്പ്, പേരാവൂർ വഴി കൊട്ടിയൂർ വന്യജീവി സങ്കേതത്തിലുള്ള കൊട്ടിയൂർ എത്താം. പാർക്കിങ് സൗകര്യം തിരക്കുള്ള ദിവസങ്ങളിൽ അൽപ്പം ബുദ്ധിമുട്ടായിരിക്കും. ട്രാഫിക് ബ്ലോക്ക് വേറെ. 


എത്തുമ്പോൾ ആദ്യം അക്കരെ കൊട്ടിയൂർ പോകുക. ക്ലോക്ക് റൂമുകൾ പ്രയോജനപ്പെടുത്തി ബാഗുകളും ചെരുപ്പും ഒഴിവാക്കി വേണം പോകാൻ. ബാവലി പുഴയിൽ മുങ്ങി ഈറനണിഞ്ഞ് പോകണമെന്ന് പറയുമെങ്കിലും വൈശാഖാഉത്സവങ്ങളിൽ മഴ ഒരു പ്രധാനഘടകം ആയതിനാൽ ഈറനോടെ പോണമെന്ന് നിർബന്ധം പിടിക്കേണ്ടതില്ല, നനഞ്ഞിരിക്കും. ഇപ്പോൾ അഞ്ചോളം പാലങ്ങൾ അക്കരെയിലേക്ക് വന്നിട്ടുണ്ട്. പണ്ട് പുഴ മുറിച്ചുകടന്നിരുന്നതിനാൽ കുളിയും ആ കൂട്ടത്തിൽ നടക്കും. ഇപ്പോൾ ജനത്തിരക്ക് കൂടിയതിനാൽ പുഴയിലേക്ക് ഇറങ്ങാനുള്ള സ്ഥലങ്ങൾ കുറെയൊക്കെ അടച്ചിട്ടുണ്ട്. അടിയൊഴുക്ക് ഉള്ളതിനാൽ ഇറങ്ങുന്നവർ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പും കൂടെ ആയതോടെ കുളിക്കാൻ ഇറങ്ങുന്നവർ കുറവാണ്. മണിത്തറയിലുള്ള ശിവലിംഗം ദർശിക്കുവാൻ നല്ല തിരക്കുണ്ടാകും. മണിക്കൂറുകൾ ക്യൂവിൽ നിൽക്കേണ്ടിവരും. അതല്ലാതെ തിരുവാഞ്ചിറയിലൂടെ വലത്തുവെച്ച് തൊഴുന്നതിന് ക്യൂ നിൽക്കേണ്ടതില്ല. ഒരു അമ്പലം അല്ലാത്തതിനാൽ വലത്ത് വെക്കുമ്പോൾ നന്നായി തൊഴാനും സാധിക്കും. എവിടെനിന്നും ഭക്തർക്ക് ഭഗവാനെ തൊഴാമെന്നുള്ള സൗകര്യവും ഉള്ളതിനാൽ തിരക്കുള്ള ദിവസങ്ങളിൽ ക്യൂ നിൽക്കേണ്ടതില്ലെന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. പ്രധാനമായും അക്കര കൊട്ടിയൂർ ഒരു യാഗഭൂമിയാണെന്ന് മനസ്സിലാക്കി ആ പവിത്രതയോടെ ദർശനം നടത്താൻ ശ്രമിക്കുക. കാനനവും പുഴയും മലകളും മഴയുമൊക്കെയായി പ്രകൃതി ഒരുക്കിയിരിക്കുന്ന അവാച്യമായ അന്തരീക്ഷം പ്രകൃതിയോടിണങ്ങിത്തന്നെ ആസ്വദിക്കുക.


കന്നഡ വിവാദവും തിരക്കും. ഈയിടെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കൊട്ടിയൂരിനെക്കുറിച്ച് വരുന്ന വാർത്ത അവിടത്തെ തിരക്കിനെക്കുറിച്ചാണ്. അഭൂതപൂർവ്വമായ തിരക്കാണ് ഇക്കുറി (2026ൽ ) കൊട്ടിയൂരിൽ അനുഭവപ്പെടുന്നത്. അതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് കർണ്ണാടകത്തിലെ ഒരു സെലിബ്രിറ്റി നടത്തിയ കൊട്ടിയൂർ സന്ദർശനവും അദ്ദേഹത്തിന്റെ വ്ലോഗുമാണ്. അതുകണ്ട് കന്നഡക്കാർ കൂട്ടമായി എത്തുന്നതാണ് തിരക്കിന് കാരണം എന്നതാണ് ആരോപണം. കന്നഡ രെജിസ്ട്രേഷൻ വാഹനങ്ങൾ കേരളാ രജിസ്‌ട്രേഷൻ വാഹനങ്ങളെക്കാൾ കൂടുതൽ കാണുന്നുണ്ടെന്നത് സത്യം തന്നെയാണ്. കർണ്ണാടക അതിർത്തിയോട് അടുത്തുള്ള ആ അമ്പലത്തിൽ അത് സ്വാഭാവികം തന്നെയാണ്. കോഴിക്കോടിനേക്കാൾ കൊട്ടിയൂരിന്  അടുത്താണ് കർണ്ണാടകത്തിലെ കുടക്. തിരക്കിന് കാരണമായി എനിക്ക് തോന്നുന്നത് ഇക്കുറി സോഷ്യൽ മീഡിയയിൽ വന്ന റീലുകളും വ്ലോഗുകളും ആണെന്നാണ്. തെക്കൻ ജില്ലകളിൽ നിന്നും വൻ ജനപ്രവാഹമാണ് ഇക്കുറി. കേരളത്തിലെ മിക്കവാറും എല്ലാ പ്രധാന ക്ഷേത്രങ്ങളുടെ മുന്നിലും ഇക്കുറി കൊട്ടിയൂർ പരസ്യബോർഡ് കണ്ടിരുന്നു. KSRTC പരസ്യം വേറെ. അങ്ങനെ നല്ലൊരു ക്യാംപെയിൻ ഇക്കുറി ഉണ്ടായിരുന്നു. ഇത്രയും ആളുകളെയും വാഹനങ്ങളെയും ഉൾക്കൊള്ളാൻ കൊട്ടിയൂർ എന്ന വനയോരഗ്രാമത്തിന് സാധിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. സർക്കാർ എല്ലാ സംവിധാനങ്ങളുമൊരുക്കിയിട്ടും ശബരിമല പോലും ഇപ്പോഴും ഈ പ്രശ്നങ്ങൾ നന്നായി കൈകാര്യം ചെയ്യാൻ സാധിക്കുന്നില്ല. അപ്പോഴാണ് പരിമിതമായ സംവിധാനങ്ങളുള്ള കൊട്ടിയൂർ. അക്കരെ കൊട്ടിയൂരിൽ പോലീസിനേക്കാൾ കൂടുതൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത് ഒരു ഐഡന്റിറ്റി കാർഡ് പോലുമില്ലാത്ത വോളന്റിയർമാരാണ്. അവർ പ്രത്യേകിച്ചും കന്നഡക്കാരോട് അൽപ്പം രൂക്ഷമായാണ് പെരുമാറുന്നത്. ഇവർ ആരാണ് എന്താണ് എന്നറിയാത്തതിനാൽ കന്നഡക്കാർ പ്രതികരിക്കുകയും അത് വിഡിയോകളായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. കർണ്ണാടകയിലെ യുവാക്കൾ ഒരു തീർത്ഥാടനം എന്നതിനേക്കാൾ മസനഗുഡി വഴി ഊട്ടിക്ക് പോകുന്നതുപോലെ ഒരു ട്രിപ്പ് ആയാണ് കൊട്ടിയൂർ വരുന്നത്. അവർ ഫോട്ടോയെടുത്തും റീലെടുത്തും ബഹളം വെച്ചും പോകുന്നത് മലയാളികൾക്ക് പിടിക്കുന്നില്ല. കന്നഡക്കാർ കുളിച്ചിട്ട് പഴയ വസ്ത്രങ്ങൾ ഉപേക്ഷിച്ച് പോകുന്നത് മൂലമുള്ള പ്രശ്നങ്ങൾ വേറെ. കൊട്ടിയൂരിലെ ആചാരങ്ങൾ അറിയില്ലാത്തത് മൂലമുള്ള പ്രശ്നങ്ങളാണ് ഏറെയും. അന്യസംസ്ഥാനക്കാർ ശബരിമലയോടാണ് കൊട്ടിയൂരിനെ താരതമ്യം ചെയ്യുന്നത്. അതിനാൽ ശരണം വിളി പോലെ ഉച്ചത്തിൽ വിളിച്ചുകൂവുന്നത് കേൾക്കാം. കണ്ണൂരിലെ ആചാരങ്ങൾ തെക്കൻ ജില്ലകളിൽ നിന്നും തികച്ചും വിഭിന്നമാണ്. അതിനാൽ തെക്ക് നിന്ന് ചെല്ലുന്ന മലയാളികളും മണിക്കൂറുകൾ ക്യൂ നിന്ന് എന്ത് ചെയ്യണം എന്ത് തൊഴണം എന്നറിയാതെ ഇറങ്ങിവരുന്നത് കാണാം. ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുന്നു എന്ന് എല്ലായിടത്തും എഴുതിവെച്ചിട്ടുണ്ടെങ്കിലും കുട്ടികൾ മുതൽ വൃദ്ധർ വരെ അമ്പലം പശ്ചാത്തലമാക്കി ഫോട്ടോ എടുക്കുന്നത് കാണാം. ട്രെൻഡിങ് ആയ സ്ഥലത്ത് എത്തിയത് കാണിക്കാൻ അത് ഉടനെ റീലായും വ്ലോഗായും സ്റ്റോറിയായും (ചിലർക്ക് ബ്ലോഗായും) പോസ്റ്റ് ചെയ്യാതെ സമാധാനം കിട്ടില്ല. ഓരോ കൃമികടി അല്ലാണ്ടെന്താ അതിന് പറയുക. പുഴയോരത്ത് ധാരാളമായി കാണുന്ന കല്ലുകളെ ഏതോ ഒരുത്തൻ ദിലീപിന്റെ സിനിമയിൽ കണ്ട ഓർമയിൽ ഒന്നിന് മേലെ ഒന്നായി അടുക്കി വെച്ചു. ഇപ്പോൾ അവിടെയുള്ള എല്ലാ മരങ്ങൾക്ക് ചുറ്റും കല്ല് അടുക്കി വെച്ചിരിക്കുന്നതിന്റെ ബഹളമാണ്. ചോദിച്ചപ്പോൾ ഒരുത്തൻ പറയുവാ വീട് വെക്കാനുള്ള തടസം മാറാൻ ഇത് നല്ലതാണെന്ന്. ഓരോ ആചാരങ്ങൾ ജനിക്കുന്ന വഴികളേ. 



തിരക്ക് ഇനി ഓരോ വർഷവും കൂടിവരും. കൊട്ടിയൂരിന്റെ പാവനതയെ നശിപ്പിക്കാതിരിക്കണമെങ്കിൽ ദീർഘവീക്ഷണത്തോടെ സമഗ്രമായ പദ്ധതി തയ്യാറാക്കി ഉടനെ നടപ്പിലാക്കണം. പൊന്മുട്ടയിടുന്ന താറാവായി കണ്ടാൽ ശബരിമല പോലെ ഒരു ടൗൺഷിപ്പ് മാത്രമായി ഈ യാഗഭൂമിയും മാറും. അങ്ങനെ ഉണ്ടാവാതിരിക്കട്ടെ എന്ന് ആശിക്കാം.- അനൂപ് സുനന്ദൻ 

വായനാനുഭവം - ഇരു - വി ഷിനിലാൽ (Book Review - Iru by V Shinilal)

വായനാനുഭവം - ഇരു - വി ഷിനിലാൽ 




സമീപകാലത്ത് വായിച്ചതിൽ അത്ഭുതത്തോടെ, സംതൃപ്തിയോടെ വായന അവസാനിപ്പിച്ച പുസ്തകമാണ് ശ്രീ. വി ഷിനിലാൽ എഴുതിയ "ഇരു". ശരിക്കും ഇതാണ് പുതുതലമുറയുടെ നോവൽ എന്ന് തോന്നിപ്പോയി. എന്നെ അത്ഭുതപ്പെടുത്തിയ ആ നോവലിന്റെ വിശേഷങ്ങളാണ് ഇക്കുറി. 


ഷിനിലാലിന് അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവൽ സമ്പർക്കക്രാന്തി അത്ര ദഹിക്കാഞ്ഞതിനാൽ അദ്ദേഹത്തിന്റെ പുതിയ നോവലായ ഇരു വായിക്കുവാൻ ചെറിയൊരു വൈമനസ്യമുണ്ടായിരുന്നു. വായിച്ചു തുടങ്ങിയപ്പോഴും ആ ഒരു പുളിച്ചുതികട്ടൽ വായനാനുഭവത്തെ തടസപ്പെടുത്തിക്കൊണ്ടിരുന്നു. മൂന്ന് ഭാഗങ്ങളാണ് നോവലിനുള്ളത്. രണ്ടാമത്തെ ഭാഗം വായിച്ചുതുടങ്ങിയതോടെ സീൻ മാറി. പിന്നെ ഞാൻ അക്ഷരാർത്ഥത്തിൽ വേറൊരു ലോകത്തിലേക്ക് ആയി. പിന്നീട് ആ ലോകത്ത് നിന്നും ഞാൻ ഇറങ്ങുന്നത് മൂന്നാമത്തെ ഭാഗം വായിച്ചുതീർത്തതിന് ശേഷമാണ്. എന്നിട്ട് ഞാൻ ആദ്യം ചെയ്തത് ആദ്യ ഭാഗം ഒന്നുകൂടി വായിക്കുക എന്നതാണ്. എനിക്ക് തോന്നുന്നു നോവലിസ്റ്റ് ഉദ്ദേശിച്ചതും അതുതന്നെ ആയിരുന്നു എന്നാണ്. അദ്ദേഹം വരച്ച വരയിലൂടെ വായനക്കാരൻ ചലിക്കുന്നു. വായനയുടെ ലോകത്ത് എത്തിയ നാളുകളിൽ അത്ഭുതപ്പെടുത്തിയ പുസ്തകങ്ങളായിരുന്നു ശ്രീ സി.വി രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മയും ധർമ്മരാജയുമൊക്കെ. അന്നത്തെ തിരുവിതാംകൂറിനെ ഞാൻ ആ പുസ്തകങ്ങളിലൂടെ നേരിൽ കണ്ടു. ആ വായനയുടെ വാങ്ങലിൽ ഞാൻ തിരുവനന്തപുരം കാണുവാൻ പോയി. ശരിക്കും മാർത്താണ്ഡവർമ്മ എന്ന ചരിത്രാഖ്യായികയിലെ രണ്ട് അധ്യായങ്ങൾക്കിടയിലെ സംഭവങ്ങളായിട്ടാണ് ഇരു വിലെ സംഭവങ്ങൾ അവതരിപ്പിക്കുന്നത്. മലയാളത്തിലെ ഒരു ഇതിഹാസത്തിലേക്ക് ഒരു വരച്ചുചേർക്കൽ നടത്തുകയെന്നത് എത്ര വെല്ലുവിളി നിറഞ്ഞ കർത്തവ്യം ആണെന്ന് ആലോചിച്ചുനോക്കൂ. എന്നാൽ നിശ്ചയമായും പറയാം മനോഹരമായി നോവലിസ്റ്റ് അത് നിർവഹിച്ചിരിക്കുന്നു. ആധുനിക മലയാള സാഹിത്യത്തിലെ സി.വി രാമൻപിള്ളയാണ് ശ്രീ ഷിനിലാൽ എന്ന് തീർച്ചയായും പറയാം.


ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത, മുഖ്യധാരയിലൊന്നും പ്രത്യക്ഷപ്പെടാത്ത ഒരു ജനവിഭാഗത്തിന്റെ കഥയാണ്, ചരിത്രമാണ്, ജീവിതമാണ് ഇരു എന്ന നോവലിൽ ശ്രീ ഷിനിലാൽ വിവരിക്കുന്നത്. ചരിത്രം എപ്പോഴും രചിക്കുന്നത് വിജയികളാണ്. കേരളത്തിലെ ആദിമ ജനതയായി വേടരും കാണികളുമൊക്കെ പിന്നിലേക്ക് മാറിപ്പോയത് അപ്രകാരമാണ്. അവരായിരുന്നു നമ്മുടെ യഥാർത്ഥ പൂർവികർ. പ്രകൃതിയോടിണങ്ങി, പ്രകൃതിയെ സ്നേഹിച്ചും ആരാധിച്ചും ജീവിച്ച ജനത. അവർ ഒന്നും നാളേക്കായി കരുതി വെച്ചില്ല. അതിനാൽത്തന്നെ സമ്പാദ്യങ്ങളോ തമ്മിൽ കലഹങ്ങളോ അവർക്കില്ലായിരുന്നു. പിന്നീട് ആധുനിക ജനത കടന്നുവന്നതപ്പോൾ അവർ കാടുകളിൽ കുടിയേറി, അവരുടേതായ ആവാസവ്യവസ്ഥ സൃഷ്ടിച്ച് ജീവിച്ചുപോന്നു. വനമേഖലയിൽ ഡാമുകൾ നിർമ്മിക്കപ്പെട്ടപ്പോൾ ആ ആവാസവ്യവസ്ഥയാണ് നശിക്കപ്പെട്ടത്, അവരുടെ സംസ്കാരവും. ആധുനികരുടെ കാഴ്ചപ്പാടിൽ അവർക്ക് നഷ്ടമാകുന്നത് ചെറ്റക്കുടിലുകൾ മാത്രമായിരിക്കും. പകരം അവർ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് പുനരധിവാസം അടിച്ചേൽപ്പിച്ച് കർത്തവ്യം നിർവഹിച്ച് മടങ്ങും. വെള്ളത്തിനടിയിൽ അവർക്ക് നഷ്ടപ്പെട്ടതെന്താണെന്ന് നോവലിൽ വ്യക്തമാക്കിത്തരുന്നുണ്ട്. 


മാർത്താണ്ഡവർമ്മയുടെ കാലം മുതലുള്ള 300 വർഷത്തെ ചരിത്രമാണ് നോവലിന്റെ ഇതിവൃത്തം. പശ്ചിമഘട്ടമലനിരകളിൽ ജീവിച്ചുപോന്ന ഗോത്രവിഭാഗമായ കാണികളുടെയും അതിനോട് ചേർന്നുള്ള മലയോരപ്രദേശങ്ങളിൽ ജീവിക്കുന്ന വേടർ എന്ന വിഭാഗത്തിന്റെയും കഥ. അതിനോടൊപ്പം നാട്ടിലെ പ്രമുഖരായിരുന്ന തമ്പിമാരുടെ കഥയും. നേർ രേഖയിലുള്ള ഒരു അവതരണമല്ല ഇരുവിലേത്. ആധുനികതയും ചരിത്രവും ഇടകലർന്ന് വരുന്നു. മലയാളത്തിൽ അധികം കണ്ടുശീലിച്ചിട്ടില്ലാത്ത ഒരു കഥാ അവതരണശൈലിയാണ് നോവലിസ്റ്റ് സ്വീകരിച്ചിരിക്കുന്നത്. പാളിപ്പോകാൻ സാധ്യതയുള്ള ആ അവതരണത്തിലും ഷിനിലാൽ വിജയിച്ചിരിക്കുന്നു. ഒരു പരിചയവുമില്ലാത്ത പശ്ചാത്തലത്തിലാണ് കഥ നടക്കുന്നതെങ്കിലും പുസ്തകം അടച്ചുവെച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒട്ടേറെ സന്ദർഭങ്ങളിൽ കഥയിലുണ്ട്. തിരുവിതാംകൂർ ചരിത്രം മാത്രമല്ല, രണ്ടാം  ലോകമഹായുദ്ധവും ഇന്ത്യ - പാക്ക് വിഭജനവും യുദ്ധവുമൊക്കെ നോവലിൽ കടന്നുവരുന്നു. ഇടയ്ക്ക് ഒരു കഥാപാത്രമായി നോവലിസ്റ്റും പ്രത്യക്ഷപ്പെടുന്നുണ്ട്. അതെല്ലാം വായനക്കാരനെ സത്യമേതാ, മിഥ്യയേതാ എന്ന ആശങ്കയിൽ ആഴ്ത്തുന്നുമുണ്ട്, നോവലിസ്റ്റ് ആഗ്രഹിച്ചത് പോലെ.


എടുത്തുപറയേണ്ട മറ്റൊരു കാര്യമാണ് നോവലിലെ ഭാഷ. ഈ നോവൽ മനസ്സിൽ തൊടാൻ സഹായിച്ച പ്രധാന ഘടകങ്ങളിലൊന്ന് അതിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയാണ്. വേടരുടെയും കാണികളുടെയും ആ കാലഘട്ടത്തിലെ തിരുവിതാംകൂറുകാരുടെയും ഭാഷ മനോഹരമായി നോവലിൽ സന്നിവേശിച്ചിരിക്കുന്നു. ഇപ്പോൾ ആ ഭാഷ ആരും സംസാരിക്കുന്നില്ലായിരിക്കാം. തനത് സംസ്‌കാരത്തിനൊപ്പം അവരുടെ തനത് ഭാഷയിലും ആധുനികരുടെ സ്വാധീനം കടന്നു കയറിയിരിക്കുന്നു. ഈ സാഹചര്യത്തിൽ അവരുടെ ഭാഷയെ ഒരു പുസ്തകത്തിൽ അവതരിപ്പിക്കാൻ മുന്നിട്ട് വന്നതിന് നോവലിസ്റ്റിന് പ്രത്യേകം അഭിനന്ദനങ്ങൾ. 


സമ്പർക്കക്രാന്തിയുടെ എഴുത്തുകാരൻ എന്നതിനേക്കാൾ ഷിനിലാൽ ഇനി ഇരു വിന്റെ എഴുത്തുകാരൻ എന്നായിരിക്കും അറിയപ്പെടാൻ പോകുന്നത്. നോവൽ വായിച്ചുകഴിഞ്ഞതിന് ശേഷം ആ നോവലിൽ പരാമർശിച്ചിരിക്കുന്ന സ്ഥലങ്ങൾ കാണണമെന്ന ആഗ്രഹം തീവ്രമായി മനസ്സിൽ നിറയുന്നു. അതിലുണ്ട് ആ നോവൽ പകർന്നുനൽകിയ അനുഭവം.


2023 സെപ്റ്റംബറിൽ ഡിസി ബുക്ക്സ് ആണ് നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഞാൻ വായിച്ചത് 2023 ഡിസംബറിൽ പുറത്തിറങ്ങിയ മൂന്നാമത്തെ പതിപ്പായിരുന്നു. 413 പേജുള്ള നോവലിന്റെ വില 470 രൂപ ആയിരുന്നു. 

Sunday, June 7, 2026

വായനാനുഭവം - ഏയ്ഞ്ചൽ മേരിയിലേക്ക് 100 ദിവസം - എം മുകുന്ദൻ (Book Review - Angel Maryilekk 100 divasam by M Mukundan)

വായനാനുഭവം - ഏയ്ഞ്ചൽ മേരിയിലേക്ക് 100 ദിവസം - എം മുകുന്ദൻ  



മലയാളത്തിലെ ഏറ്റവും മുതിർന്നതും എനിക്കേറ്റവും പ്രിയപ്പെട്ട എഴുത്തുകാരനുമായ ശ്രീ എം മുകുന്ദൻ എഴുതിയ ഏറ്റവും പുതിയ നോവലാണ് 2025 ൽ ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ച "ഏയ്ഞ്ചൽ മേരിയിലേക്ക് 100 ദിവസം". ഒട്ടേറെ സവിശേഷതകൾ ഉള്ളതിനാലാണ് ഈ നോവലിലേക്ക് ഞാൻ ആകൃഷ്ടനായത്. ഒന്നാമത്തേത് മയ്യഴിയുടെ കഥാകാരൻ, ദൈവത്തിന്റെ വികൃതികളും ഹരിദ്വാറിൽ മണി മുഴങ്ങുമ്പോഴും, മയ്യഴിപ്പുഴയുടെ തീരങ്ങളും ദൽഹി കഥകളും ഒക്കെ എഴുതിയ അനുഗ്രഹീത എഴുത്തുകാരന്റെ തൂലികയിൽ നിന്നും വിരിഞ്ഞ പുസ്തകം. രണ്ടാമത്തേത് അദ്ദേഹം ആദ്യമായി എഴുതുന്ന മുഴുനീള പ്രണയകഥ, മൂന്നാമത്തേത് 2022 ൽ എൺപത് വയസ് തികഞ്ഞ ഒരാൾ ജെൻ സി കാലഘട്ടത്തെക്കുറിച്ച് എഴുതുന്ന ഒരു നോവൽ അങ്ങനെ വിശേഷണങ്ങൾ ഏറെയുള്ള നോവലാണ് ഏയ്ഞ്ചൽ മേരിയിലേക്ക് 100 ദിവസം. 


നോവലിനെക്കുറിച്ച് പറഞ്ഞാൽ നല്ലവനായ ഒരു യുവാവിന് തന്റേടിയായ ഒരു യുവസുന്ദരിയോട് തോന്നുന്ന പ്രണയം ആണ് പ്രമേയം. ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു പരിചയവുമില്ലാത്ത നായികയെ 100 ദിവസത്തിനുള്ളിൽ നിന്നെ ഞാൻ കെട്ടുമെന്ന് വെല്ലുവിളിക്കുന്നു. പിന്നെ അതിനായി കാണിച്ചുകൂട്ടുന്ന പരാക്രമങ്ങളാണ് നോവലിന്റെ ഇതിവൃത്തം. ഓരോ ദിവസവും ഓരോ അധ്യായങ്ങളായി വായനക്കാരന്റെ മുന്നിലേക്കെത്തും. നായകന് 100 ദിവസം കൊണ്ട് നായികയെ കിട്ടുമോ എന്ന് തോന്നുന്ന ആകാംക്ഷയാണ് വായനയെ മുന്നോട്ട് കൊണ്ടുപോകുന്നത്. 


380 പേജുകളുള്ള നോവലിനെ ഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ പ്രേരിപ്പിക്കുന്ന എഴുത്താണ് മുകുന്ദൻ സാറിന്റേത്. പക്ഷെ ദൗർഭാഗ്യവശാൽ അത് മാത്രമാണ് ഈ നോവലിനെക്കുറിച്ച് പോസിറ്റീവ് ആയി പറയാനുള്ളത്. ഒരു വ്യത്യസ്തതയ്ക്ക് എം മുകുന്ദനെപ്പോലൊരു നോവലിസ്റ്റിന് ഈ ഒരു നോവൽ ഇറക്കുന്നതിൽ കുഴപ്പമില്ല. പക്ഷെ 480/- രൂപ മുടക്കി ഈ നോവൽ മേടിച്ച് വായിക്കുന്ന വായനക്കാരനെ ഓർക്കുമ്പോൾ സങ്കടം തോന്നും. മറ്റൊന്നും വേണ്ട, എം മുകുന്ദൻ അല്ലാതെ വേറെ ആരെങ്കിലും, ഒരു പുതുമുഖം ആണ് ഈ നോവൽ എഴുതി നൽകിയതെങ്കിൽ ഡിസി പോയിട്ട് മുഖ്യധാരാ പ്രസാധകർ ആരുംതന്നെ ഇത് പ്രസിദ്ധീകരിക്കുമായിരുന്നു എന്നുപോലും എനിക്ക് തോന്നുന്നില്ല. കാരണങ്ങൾ പറയാം. അൽപ്പം സ്പോയിലർ ഉണ്ട്. താല്പര്യമില്ലാത്തവർ അടുത്ത ഖണ്ഡിക വായിക്കണമെന്നില്ല.


സൽഗുണ സമ്പന്നനായ നായകൻ അങ്ങനെ ഒറ്റവാക്കിൽ വിശേഷിപ്പിച്ച് നിർത്തിക്കൂടാ, റാങ്ക് ഹോൾഡർ, ഉന്നത ജോലി, ദുഃശീലങ്ങളില്ല, മനുഷ്യസ്നേഹി, സൈക്കിളിൽ മുണ്ടുടുത്ത് ജോലിക്ക് പോകുന്ന കോർപ്പറേറ്റ് ജീവനക്കാരൻ, കുടുംബസ്നേഹി, സ്വന്തമായി ഒരു മാതൃകാ വീട് ഉണ്ടാക്കി ചുമ്മാ അവിടെ പോയിരിക്കുന്ന ആർക്കിടെക്ട്, അനുജത്തിയോട് എന്തും സംസാരിക്കുന്ന, അവൾക്ക് പതിനായിരത്തോളം തുക പ്രതിമാസം പോക്കറ്റ് മണി നൽകുന്ന ഏട്ടൻ അങ്ങനെ ക്രിഞ്ചോട് ക്രിഞ്ചാണ് നായകൻ. പക്ഷെ ഒരിടത്ത് കക്ഷിക്ക് പിഴച്ചുപോയി. വായിച്ചുതള്ളിയ പ്രണയഇതിഹാസങ്ങൾ മുന്നോട്ട് വെച്ച ലക്ഷണങ്ങൾ അനുസരിച്ച് അവനൊരു പെണ്ണിനെ കാണുന്നു. ഐസ്‌ക്രീം ചുണ്ടുള്ള (അതെന്താണോ എന്തോ?) ഒരു സുന്ദരി. ചുണ്ടാണ് നായികയുടെ കൊഴുത്ത ശരീരത്തിലെ മെയിൻ. (പഴയ പാട്ടുകളിലെ മാൻമിഴിയാളെയും പനങ്കുല മുടിയുള്ളവളെയുമൊക്കെ ഞാനൊന്ന് ഓർത്തിട്ട് ഈ ചുണ്ടത്തിയെയും സങ്കൽപ്പിച്ചു നോക്കി. എന്തോ എവിടെയോ ഒരു പന്തികേട് പോലെ. ഈ സൽഗുണ സമ്പന്നൻ എങ്ങനെ വീണുപോയോ എന്തോ?) പ്രണയം എന്ന്  പറഞ്ഞാൽ ലോകത്ത് വേറാർക്കും ഇതുവരെ തോന്നാത്ത ജാതി പ്രണയം. നായികയെ നായകന് തിന്നണമത്രെ. ആദ്യമായി നായികയുമായി ഫോൺ സംഭാഷണം നടത്തുമ്പോൾ സൽഗുണൻ  പറയുന്നത് ഞാൻ നിന്നെ വായിക്കുകയായിരുന്നു. അടിവയറ്റിൽ എത്തിയപ്പോൾ എന്റെ ജീവൻ പോയെന്നാണ്‌. അതുകേട്ട് ബ്ലോക്ക് ചെയ്യാത്ത നായിക നായകനോട് അയാൾ ആവശ്യപ്പെട്ടതനുസരിച്ച് ഓഫീസിൽ വെച്ച് കാണാമെന്ന് സമ്മതിക്കുന്നു. അപ്പോഴേ സാമാന്യബോധമുള്ളവന്മാർ അപകടം മനസിലാക്കി സ്‌കൂട്ടാകും. പക്ഷെ നായകൻ അവിടെ ചെല്ലുമെന്ന് മാത്രമല്ല അവളെ 100 ദിവസത്തിനുള്ളിൽ കെട്ടുമെന്ന് വെല്ലുവിളിക്കുകയും ചെയ്യും. പിന്നെ ഇതെങ്ങനെ സംഭവിക്കുമെന്ന് ഉള്ള ആകാംക്ഷയിൽ ഓരോ പേജും മറിക്കുമ്പോൾ നമുക്ക് ഒരു കാര്യം മനസ്സിലാകും. നായകൻ ഈ ഭൂമിയിൽ ഈ യുഗത്തിലെന്നല്ല, ജനിക്കേണ്ടവനേ അല്ല. അജ്ജാതി കോമാളി. 


നായികയെക്കുറിച്ച് പറഞ്ഞില്ലെങ്കിൽ മോശമല്ലേ. പേര് നന്ദന. ഇപ്പോൾ വിളിക്കപ്പെടുന്നത് ഏയ്ഞ്ചൽ മേരി സ്വിഫ്റ്റ് എന്നാണ്. ഗായിക ടെയ്‌ലർ സ്വിഫ്റ്റിനോടുള്ള ആരാധന മൂത്താണ് നന്ദന എന്ന ക്രിഞ്ചു പേര് മാറ്റി ഒരു വെറൈറ്റി പിടിച്ചത് (വട്ട് നായകന് മാത്രമല്ലെന്ന് ചുരുക്കം). പിന്നെ കട്ട ബോൾഡ്, ബോൾഡ് എന്നുപറഞ്ഞാൽ സ്വന്തം തന്തയെ വരെ തന്തയ്ക്ക് വിളിക്കും. പിന്നെ ബിയറടിക്കും, പുകവലിക്കും തെറിവിളിക്കും അങ്ങനെ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യും. പുരുഷവിരോധിയല്ല, പക്ഷെ വിവാഹവിരോധിയാണ്. 


നോവലിന്റെ ക്ലൈമാക്സ് ആണ് ഇങ്ങനെ ഒരു റിവ്യൂ എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. നൂറിലേക്കുള്ള ഓരോ ദിവസവും ആണ് ഓരോ അധ്യായവും എന്ന് പറഞ്ഞല്ലോ. അൻപത് ദിവസം ആയിട്ടും ഒന്നും സംഭവിക്കുന്നില്ല, എന്നിലെ ആകാംക്ഷ കൂടി, എൺപത് ദിവസമായിട്ടും ഒന്നും സംഭവിക്കുന്നില്ല, ആകാംക്ഷ വീണ്ടും കൂടി. അവസാനം ..അല്ലെങ്കിൽ വേണ്ട. പി.ജെ ആന്റണിയുടെ മൂഷികസ്ത്രീ എന്ന നാടകത്തിൽ പെടുമരണം എന്നൊരു കഥാപാത്രമുണ്ട്. പുള്ളി ഒരു നാടകനടനും സംവിധായകനുമൊക്കെയാണ്. ഒരിക്കൽ സ്വയം നായകനായി അദ്ദേഹം ഒരു നാടകം ചെയ്തു. നാടകം അവസാനിക്കുന്നത് നായകൻറെ മരണത്തോടെയാണ്. എന്തൊക്കെ ചെയ്തിട്ടും നായകൻ മരിക്കുന്നില്ല. അവസാനം പുള്ളി കസേരയിൽ കയറി ചുമ്മാ അങ്ങ് ഇരുന്ന് അങ്ങ് മരിച്ചു. അങ്ങനെ നാടകം തീർത്തു. അതോടെ പുള്ളിയുടെ പേര് പെടുമരണം എന്നുമായി. അതുപോലൊരു അവസാനം ആയിപ്പോയെന്നു മാത്രം പറയാം. 

Monday, June 1, 2026

വായനാനുഭവം - ഒട - ജിൻഷാ ഗംഗ (Book Review - Oda by Jinsha Ganga)

വായനാനുഭവം - ഒട - ജിൻഷാ ഗംഗ  



സോഷ്യൽ മീഡിയകളിലും മാധ്യമങ്ങളിലുമൊക്കെ വരുന്ന ചെറുകഥകൾ വായിക്കുമെങ്കിലും പുസ്തകരൂപത്തിലുള്ള ചെറുകഥാ സമാഹാരങ്ങൾ വായിക്കാൻ പൊതുവെ എനിക്ക് ഒരു താൽപ്പര്യക്കുറവുണ്ട്. പുതിയ തലമുറ എഴുത്തുകാരുടെ ചെറുകഥകൾ പ്രത്യേകിച്ചും. അവരൊക്കെ ആ കഥകൾ അവസാനിപ്പിക്കുന്ന രീതിയാണ് എനിക്ക് ദഹിക്കാത്തത്. ചുരുങ്ങിയ താളുകളിൽ ഒരു വലിയ കഥ അവസാനിപ്പിക്കേണ്ടതിനാലാവണം കുറച്ച് തലച്ചോർ പ്രവർത്തിപ്പിച്ചാണ് അവർ കഥ പൂർത്തിയാക്കുന്നത്. അവസാനം എന്താണ് സംഭവിക്കുന്നതെന്ന് അവർ വ്യക്തമാക്കില്ല. അത് വായനക്കാരന് വിട്ടുകൊടുക്കും. പിന്നെ ആ കഥയുടെ അവസാനം ഏത് രീതിയിൽ ആണ് കഥാകൃത്ത് ഉദ്ദേശിച്ചതെന്നും പറഞ്ഞ് വായനക്കാർ തമ്മിൽ അടിയാണ് നടക്കുന്നത്. അങ്ങനെ ഒരു കഥ വായിച്ച് കഥാന്ത്യം ഊഹിച്ച് മിനക്കെടാനുള്ള മടിതന്നെയാണ് ചെറുകഥാ സമാഹാരങ്ങളിൽ നിന്നും എന്നെ അകറ്റി നിർത്തിയിരുന്നത്. 


പുതുതലമുറ എഴുത്തുകാരിൽ ഏറെ ശ്രദ്ധേയയായ എഴുത്തുകാരിയാണ് ശ്രീമതി ജിൻഷാ ഗംഗ. അദ്ദേഹത്തിന്റെ ആദ്യ കഥാസമാഹാരമാണ് "ഒട". ഈ കഥാസമാഹാരം 2024 മെയ് ൽ ഡിസി ബുക്ക്സ് പ്രസിദ്ധീകരിക്കുന്നതിനും ഏറെ മുന്നേതന്നെ സോഷ്യൽ മീഡിയയിൽ ഒട എന്ന കഥയെക്കുറിച്ചും അത് എഴുതിയ ജിൻഷാ ഗംഗ എന്ന മിടുക്കിയെക്കുറിച്ചും ഏറെ വായിച്ചിരുന്നു. ഒട മാത്രമല്ല പ്രേക്ഷകപ്രീതി നേടിയ മറ്റനവധി കഥകളും ജിൻഷാ എഴുതിയിട്ടുള്ളതായി വായിച്ചു. അതിൽ തകഴി ചെറുകഥാ പുരസ്‌കാരം, സർക്കാർ ജീവനക്കാർക്കായി ജോയിന്റ് കൗൺസിൽ നടത്തിയ കഥാമത്സരത്തിലെ പുരസ്‌കാരം തുടങ്ങിയവ ശ്രദ്ധിച്ചിരുന്നു. അതിനാൽത്തന്നെ ഡിസി ബുക്ക്സ് ജിൻഷയുടെ കഥകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നു എന്നറിഞ്ഞപ്പോൾ ഒട്ടേറെ സന്തോഷവും പ്രതീക്ഷയും തോന്നി. ചെറുകഥാസാഹിത്യത്തോടുള്ള പരിഭവം മാറ്റിവെച്ച് ഒരു പതിപ്പ് ഞാനും സ്വന്തമാക്കി. പ്രതീക്ഷകൾ തെറ്റിക്കുന്നതല്ല, മറിച്ച് ഓരോ പേജിലും എഴുത്തുകാരിയെക്കുറിച്ച് ധാരാളം പ്രതീക്ഷകൾ മുന്നോട്ട് വെക്കുന്നതായിരുന്നു ഒടയുടെ വായന. മലയാള സാഹിത്യത്തിൽ ജിൻഷാ ഗംഗ എന്ന പേര് മുഴങ്ങിക്കേൾക്കുന്ന കാലം വിദൂരമല്ല. 

9 കഥകളാണ് ഒട എന്ന കഥാസമാഹാരത്തിലുള്ളത്. എല്ലാം എനിക്ക് ഇഷ്ടപ്പെട്ടു. അതിൽ ഏറ്റവും ഇഷ്ടമേറിയ കഥകൾ വെച്ചുള്ള ഓർഡറിൽ അവയെ ചുവടെ ചേർത്തിരിക്കുന്ന പ്രകാരം വിലയിരുത്തുന്നു.

1. വിസെലിറ്റ്സ : ഒരു എഴുത്തുകാരന്റെ മനോവ്യഥകളെ അതിമനോഹരമായി അവതരിപ്പിക്കുന്ന കഥ. അതിലെ കേന്ദ്രകഥാപാത്രവുമായി പലപ്പോഴും വ്യക്തമായി സംവദിക്കാൻ സാധിച്ചു. ദുരന്തകഥാപാത്രങ്ങളെ സൃഷ്ടിച്ച് സൃഷ്ടിച്ച് മനസാക്ഷി മരിച്ചുപോകുന്നവരാണോ എഴുത്തുകാർ എന്ന ചോദ്യം വായനാന്ത്യം മുഴച്ചുനിന്നു.

2. തെയ് ദേ വാഴ്‌ക : അവതരണത്തിലെ ആകര്ഷണീയതയാണ് ഈ കഥ ഇഷ്ടപ്പെടാനുള്ള കാരണം 

3. ഉപ്പ് : ശക്തമായ പ്രമേയവും, സസ്പെൻസുകളും അവതരണത്തിലെ ഭംഗികൊണ്ടും വേറിട്ട കഥ 

ഒട നല്ലൊരു കഥയാണെങ്കിലും കഥ അവസാനിപ്പിച്ചരീതിയിൽ അത്ര തൃപ്തനല്ല, കുറച്ചുകൂടെ ഭംഗിയാക്കാമായിരുന്നു. ഉമ്പാച്ചി എന്ന കഥ വ്യത്യസ്തമായിരുന്നെങ്കിലും അവസാനം തനി ന്യൂ ജെൻ കഥപോലെ വായനക്കാരന്റെ ഭാവനയ്ക്ക് വിട്ടതായി തോന്നി. പറയാനാണെങ്കിൽ എല്ലാ കഥകളെക്കുറിച്ചും പറയാനുണ്ട്. ബാക്കി കഥകളും മനോഹരമെന്ന ഒറ്റവാക്കിൽ ചുരുക്കുന്നു. 

കഥകൾ വായിച്ചുതീർക്കുമ്പോൾ ഒരു കാര്യം വ്യക്തമാകും, ചെറുകഥാ സാഹിത്യത്തിൽ തുടങ്ങുന്നെന്നേയുള്ളൂ ജിൻഷയിൽ നിന്നും ജീവിതഗന്ധിയായ നോവലുകൾ നമുക്ക് പ്രതീക്ഷിക്കാം. യുവകഥാകാരിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. 

Sunday, May 24, 2026

വായനാനുഭവം - കപാലം - ഡോ.ബി. ഉമാദത്തൻ (Book Review - Kapalam by Dr. B Umadathan)

വായനാനുഭവം - കപാലം - ഡോ.ബി. ഉമാദത്തൻ  



കേരളത്തിലെ പ്രശസ്തനായ ഫോറൻസിക് വിദഗ്ധൻ ഡോ. ബി ഉമാദത്തൻ തന്റെ സേവനകാലത്തെ അനുഭവങ്ങളുടെ വെളിച്ചത്തിൽ 15 കേസുകൾ കഥാരൂപത്തിൽ അവതരിപ്പിച്ചിരിക്കുന്ന പുസ്തകമാണ് കപാലം. പ്രമാദമായ ഒട്ടേറെ കേസുകളുടെ പിന്നാമ്പുറ കഥകൾ വിവരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ സർവീസ് സ്റ്റോറി, "ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ" ഫോറൻസിക് മെഡിസിനെക്കുറിച്ചും ആധുനിക കുറ്റാന്വേഷണ രംഗത്ത് ഫോറൻസിക് വിഭാഗത്തിനുള്ള പങ്കിനെക്കുറിച്ചും പൊതുസമൂഹത്തിന് ഒരു ധാരണയുണ്ടാകുവാൻ ഒത്തിരി സഹായിച്ച പുസ്തകമാണ്. ജനപ്രീതിയിലും ആ പുസ്തകം മുന്നിലെത്താൻ കാരണം ഫോറൻസിക് വിദഗ്ധൻ കൂടിയായ ഗ്രന്ഥാകർത്താവിന്റെ പുസ്തകരചനാ വൈഭവം കൊണ്ട് കൂടിയാണ്. ആ പുസ്തകത്തിന്റെ വിജയത്തെ തുടർന്ന് പതിനഞ്ചോളം പുസ്തകങ്ങൾ അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. അതിൽ ഡിസി ബുക്‌സിനായി പ്രസിദ്ധീകരിച്ച പുസ്തകമാണ് കപാലം.


ഒരു ഫോറൻസിക് സർജൻ തന്റെ സർവീസ് പശ്ചാത്തലത്തിൽ 15 പുസ്തകങ്ങൾ ഇറക്കിയാൽ സ്വാഭാവികമായും ആവർത്തന വിരസമായി മാറാൻ സാധ്യതയുണ്ട്. ആ അപകടം മുന്നിൽക്കണ്ട് വ്യത്യസ്തങ്ങളായ 15 കേസുകൾ കഥാരൂപത്തിൽ അവതരിപ്പിക്കുകയാണ് കപാലത്തിൽ. ത്രില്ലിംഗ് ആയുള്ള 15 കഥകൾ ആയി നമുക്കത് വായിക്കാം. യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളുടെ ചുവടുപിടിച്ചാണ് ഈ കഥകൾ എന്നോർക്കുമ്പോൾ വായനയ്ക്ക് മാധുര്യമേറും. 


ഒട്ടേറെ വിജ്ഞാനപ്രദമാണ് ഡോ.ഉമാദത്തന്റെ അവതരണം. പ്രൊഫസർ കൂടിയായ അദ്ദേഹം വായനക്കാരന് കാര്യങ്ങൾ മനസ്സിലാകുന്ന രീതിയിൽ ലളിതമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു. എന്നെ ആകർഷിച്ച മറ്റൊരു വസ്തുത കേസുകൾ തിരഞ്ഞെടുത്ത രീതിയാണ്. 15 കേസുകളും ഒന്നിനൊന്ന് വ്യത്യസ്തം. കൊലപാതകങ്ങൾ, ആത്മഹത്യകൾ, അപകടമരണങ്ങൾ, ദുരൂഹ സാഹചര്യത്തിൽ ലഭിക്കുന്ന മൃതദേഹങ്ങൾ തുടങ്ങി ഓരോ കേസും തികച്ചും വ്യത്യസ്തം. യഥാർത്ഥ സംഭവങ്ങളായതിനാൽ സാധാരണ ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിൽ കാണുന്ന ലൂപ്‌ഹോളുകൾ ഇവിടെ ഉണ്ടാവില്ല എന്നതും ശ്രദ്ധേയമാണ്. ത്രില്ലിംഗ് എന്നതിനപ്പുറം മനുഷ്യജീവൻ എത്ര നിസാരമാണെന്ന് പലകഥകളും നമ്മെ ഓർമ്മിപ്പിക്കുന്നു. എത്ര നിസ്സാരമായിട്ടാണ് ഓരോ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി മരണം കടന്നുവരുന്നതെന്നും. 


ത്രില്ലർ വിഭാഗത്തിലുള്ള പുസ്തകങ്ങൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് കപാലം. 2019 ഓഗസ്റ്റ് ആദ്യ പതിപ്പ് പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകത്തിന്റെ 2022 ഏപ്രിലിൽ പ്രസിദ്ധീകരിച്ച ആറാം പതിപ്പാണ് ഞാൻ വായിച്ചത്. 254 പേജുകളുള്ള പുസ്തകത്തിന്റെ വില 299 രൂപ. 

വായനാനുഭവം - അന്ധകാരനഴി - ഇ സന്തോഷ്‌കുമാർ (Book Review - Andhakaranazhy by E Santhosh Kumar)

വായനാനുഭവം - അന്ധകാരനഴി - ഇ  സന്തോഷ്‌കുമാർ 




2012 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവലാണ് ശ്രീ ഇ സന്തോഷ്‌കുമാർ എഴുതിയ "അന്ധകാരനഴി". അന്ധകാരനഴി, ആ പേരിൽ ഒരു സ്ഥലം ആലപ്പുഴയിലുണ്ട്. വീടിന്റെ അടുത്തുകൂടി അന്ധകാരനഴി ബോർഡ് വെച്ച ബസ് സർവീസ് നടത്തുന്നുമുണ്ട്. അതിനാലാണ് അവാർഡ് പ്രഖ്യാപനസമയത്ത് ഈ നോവലിനെ ശ്രദ്ധിക്കുന്നത്. പിന്നീട് പലകുറി വായിക്കുവാൻ ശ്രമിച്ചെങ്കിലും ഒത്തുവന്നത് ഈയടുത്താണ്. ആ നോവൽ വായനയുടെ വിശേഷമാണ് ഇക്കുറി. 


കടലിലേക്ക് ചെറുപുഴകൾ വന്നുപതിക്കുന്ന അഴികൾ ധാരാളമുള്ള ജില്ലയാണ് ആലപ്പുഴ. അതിലൊരു അഴിയാണ് അന്ധകാരനഴി. കടലുമായോ, അഴിയുമായോ യാതൊരു ബന്ധവുമില്ലാത്ത തികച്ചും വ്യത്യസ്തമായ പ്രമേയം ചർച്ച ചെയ്യുന്ന നോവലാണിത്. അതും ശക്തമായ ഒരു പ്രമേയം. സമീപകാല മലയാളരചനകളിൽ ഇങ്ങനെ ഒരു ഭൂതകാല പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു നോവൽ ഇല്ലെന്നുതന്നെ പറയാം. അടിയന്തിരാവസ്ഥ പോലൊരു കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. പ്രധാനമായും രണ്ടു കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രശസ്ത നോവൽ ചുരുളിയുടെ പോലെ, മുന്നിൽ കാണുന്നതല്ലാതെ ഒട്ടേറെ കാര്യങ്ങൾ വരികൾക്കിടയിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നു. അന്ധകാരത്തിന്റെ ഒരു തുരുത്തിൽ അഭയം തേടുന്ന, അവിടുത്തെ ഇടനാഴികളിൽ തളയ്ക്കപ്പെട്ട ഒരു വിപ്ലവകാരിയാണ് ഒരു കഥാപാത്രം. നിഗൂഢതകളുള്ള നിഗൂഢരായ കുറച്ച് ആളുകൾ മാത്രം വസിക്കുന്ന ഒരു തുരുത്ത്. അന്ധമായി തന്റെ പ്രത്യയശാസ്ത്രങ്ങളിൽ മുറുകെ പിടിച്ച് ഒടുക്കം സ്വയമറിയാതെ അതിന്റെ വിപര്യങ്ങളിൽ പര്യവസാനിക്കുന്ന നായകൻറെ ജീവിതം. മറ്റൊരാൾ വിപ്ലവത്തിന്റെ ആവേശത്തിൽ ജീവിതം ബലികൊടുത്ത ഒരു കവിയാണ്. കവികളോടും കഥകളോടും വിപ്ലവകാരിയുടെ സമീപനം കഥയിൽ വ്യക്തമാണ്. നിത്യജീവിതത്തിൽ ആശയങ്ങളോട് വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്ന വിപ്ലവകാരികളെയും അധികാരത്തിലിരിക്കുന്നവരുടെ കളിപ്പാട്ടങ്ങളായി മാറേണ്ടിവരുന്ന ഭരണസംവിധാനത്തെയും നോവലിസ്റ്റ് അവതരിപ്പിക്കുന്നുണ്ട്. 


മനസ്സിനെ പിടിച്ചുകുലുക്കുന്ന കഥാസന്ദർഭങ്ങളോ വായനയ്ക്ക് ശേഷവും മനസ്സിൽ നിന്നും കുടിയിറങ്ങാൻ വിസമ്മതിക്കുന്ന കഥാപാത്രങ്ങളോ കഥാ പശ്ചാത്തലങ്ങളോ നോവലിൽ നിന്നും എനിക്ക് ലഭിച്ചില്ല. 368 പേജുകളുള്ള നോവൽ ഇടക്കുവെച്ച് മതിയാകാതെ മുന്നോട്ട് കൊണ്ടുപോകാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഈ നോവലിലുണ്ട്. അത് തന്നെയാണ് എന്റെ അവസാന അഭിപ്രായവും. 2011 മെയ് മാസത്തിൽ മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച നോവലിന്റെ ഈ 2022 ഡിസംബറിൽ പ്രസിദ്ധീകരിച്ച എട്ടാമത്തെ പതിപ്പാണ് ഞാൻ വായിച്ചത്. വില 420/- രൂപ.

Monday, May 18, 2026

വായനാനുഭവം - സ്‌ട്രേഞ്ച് ഹൗസെസ് - ഉകെത്സു (Book Review - Strange Houses by Uketsu)

വായനാനുഭവം - സ്‌ട്രേഞ്ച് ഹൗസെസ് - ഉകെത്സു 



മിസ്റ്ററി, ഹൊറർ ജേർണലുകളിൽ ജപ്പാനിൽ വളരെയധികം ജനപ്രീതി നേടിയ എഴുത്തുകാരനാണ് ഉകെത്സു. വിചിത്രമായ ജീവിതരീതി പിന്തുടരുന്ന അദ്ദേഹം ഇതുവരെ സ്വന്തം വ്യക്തിത്വം വെളിപ്പെടുത്തിയിട്ടില്ലെന്നാണ് അറിയാൻ സാധിച്ചത്. യൂട്യൂബ് വീഡിയോകളിൽ മുഖംമൂടി ധരിച്ചാണ് അദ്ദേഹം പ്രത്യക്ഷപ്പെടാറുള്ളത്. ജാപ്പനീസ് മാംഗാ കൃതികളുടെ ആരാധികയായ മകളിൽ നിന്നാണ് എനിക്ക് അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് നോവലായ "സ്‌ട്രേഞ്ച് ഹൗസെസ്" വായിക്കുവാൻ സാധിച്ചത്. അദ്ദേഹം എഴുതിയ സ്‌ട്രേഞ്ച് പിക്ചെർസ്, സ്‌ട്രേഞ്ച് ബിൽഡിങ്‌സ് എന്നീ നോവലുകളും ലോകത്തെമ്പാടുമുള്ള മിസ്റ്ററി ആരാധകരുടെ പ്രിയപ്പെട്ടതാണ്.

ഞാൻ വായിച്ചിട്ടുള്ളതിൽ വെച്ച് വളരെയധികം പ്രത്യേകതകളുള്ള നോവലാണ് 'സ്‌ട്രേഞ്ച് ഹൗസെസ്'. സുപ്രധാനമായ കാര്യങ്ങളെല്ലാം ചിത്രങ്ങളുടെ രൂപത്തിലാണ് നൽകിയിരിക്കുന്നത്. തുടക്കം മുതൽ വായനക്കാരനെ പിടിച്ചിരുത്തുന്ന നിഗൂഢത, യാഥാർഥ്യമെന്ന് തോന്നിപ്പിക്കുന്ന അവതരണം, രാത്രി വായനയ്ക്ക് എന്തുകൊണ്ടും അനുയോജ്യമാണ് സ്‌ട്രേഞ്ച് ഹൗസെസ്. 

ടോക്യോയിൽ ഒരു വീട് വാങ്ങുവാൻ പോകുന്ന സുഹൃത്ത്, ആ വീടിന്റെ പ്ലാനിൽ അസാധാരണമായ ഒരു ഡിസൈൻ കണ്ടതിനെ തുടർന്ന് ഇത്തരം കാര്യങ്ങളിൽ തല്പരനായ നോവലിസ്റ്റിന്റെ കാണുവാൻ വരുന്നതാണ് തുടക്കം. ആ അസാധാരണത്തെ പിന്തുടർന്ന് പോകുന്ന നോവലിസ്റ്റ് കണ്ടെത്തുന്ന കാര്യങ്ങളാണ് നോവലിന്റെ ഇതിവൃത്തം. ട്വിസ്റ്റുകളും നിഗൂഢതകളും ആവശ്യത്തിന്. ഏറ്റവും ഹൈലറ്റ് ആയി തോന്നിയത് ആവശ്യമായ എല്ലാ വിശദീകരണങ്ങളും ചിത്രങ്ങളായി നൽകിയിരുന്നതാണ്. ഓരോ പേജിലും സസ്‌പെൻസ് നിറഞ്ഞു നിൽക്കുന്നു. ഇന്ത്യൻ രീതികളുമായി അജഗജാന്തര വ്യത്യാസമുള്ള ജാപ്പനീസ് പശ്ചാത്തലത്തിലാണ് കഥ നടക്കുന്നതെങ്കിലും നമുക്ക് കഥയും പശ്ചാത്തലങ്ങളും ഒരു സിനിമയിലെന്നപോലെ വ്യക്തമാകും. 

ജിം റിയോൺ ആണ് നോവൽ ഇംഗ്ലീഷ് ലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. 

Sunday, May 17, 2026

വായനാനുഭവം - സമ്പർക്കക്രാന്തി - വി ഷിനിലാൽ (Novel Review - Sambarkakranthi by V Shinilal)

വായനാനുഭവം - സമ്പർക്കക്രാന്തി - വി ഷിനിലാൽ 



2022 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവലാണ് വി ഷിനിലാലിന്റെ "സമ്പർക്കക്രാന്തി". ആ ഒരു അറിവിന്റെ പുറത്താണ് നോവൽ വായനയ്‌ക്കായി തിരഞ്ഞെടുത്തത്. തീവണ്ടിയുടെ പശ്ചാത്തലത്തിൽ എഴുതിയ മലയാളത്തിലെ ആദ്യ നോവലാണ് ഇത് എന്ന് പുറംപേജിൽ സൂചിപ്പിച്ചിരിക്കുന്നത് പോലെ ആദ്യാവസാനം തീവണ്ടിയാണ് പശ്ചാത്തലം. കഥയാവട്ടെ തീവണ്ടി പാളങ്ങൾ പോലെ ഒരിക്കലും തമ്മിൽ സന്ധിക്കാതെ ലീനിയറായി നീണ്ടുപോകുന്നതും. പല ജാതി, മത, ഭാഷാ സംസ്കാരമുള്ള ആളുകൾ ഒരുമിച്ച് കൂടുന്ന തീവണ്ടിയെ ഒരു മിനി ഇന്ത്യയായിട്ടാണ് നോവലിസ്റ്റ് കാണുന്നത്. വിവിധ ജനപഥങ്ങളിലൂടെ ആ തീവണ്ടി ഓടുന്നു. 

പ്രതീകാത്മകമായി തീവണ്ടിയെയും അതിലെ യാത്രക്കാരെയും മുൻനിർത്തി സമകാലിക ഇന്ത്യയെക്കുറിച്ചുള്ള ആവലാതികളാണ് നോവലിസ്റ്റ് അവതരിപ്പിച്ചിരിക്കുന്നതെന്ന് എനിക്ക് തോന്നി. ദക്ഷിണ റയിൽവേയിലെ ഉദ്യോഗസ്ഥനായതിനാലും വടക്കേ ഇന്ത്യയിലുൾപ്പെടെ ജോലിയുടെ ഭാഗമായോ അല്ലാതെയോ സഞ്ചരിച്ചിട്ടുള്ള പരിചയമുള്ളതിനാലും ആധികാരികമായി കഥാസന്ദർഭങ്ങൾ ഒരുക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്. പോരാത്തതിന് നല്ല കയ്യടക്കമുള്ള ഭാഷയും. വിനയ്‌ഫോർട്ടിന്റെ എസ്.ഐ കഥാപാത്രം മോഹിനിയാട്ടം സിനിമയിൽ പറയുന്നതുപോലെ എനിക്ക് അത്രയ്‌ക്കങ്ട് മനസ്സിലായില്ല എങ്കിലും എന്തൊക്കെയോ വലിയ വലിയ കാര്യങ്ങൾ വരികൾക്കിടയിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് തോന്നി. ജീവിതത്തെയും സമകാലിക ഇന്ത്യയെപ്പറ്റിയും അദ്ദേഹം മുന്നോട്ടുവെച്ച ചില കാഴ്ചപ്പാടുകളോട് 100% യോജിക്കാമെന്നും തോന്നി. 

തിരുവനന്തപുരത്ത് നിന്നും യാത്ര ആരംഭിക്കുന്ന സമ്പർക്കക്രാന്തി എക്സ്പ്രസിനൊപ്പം യാഥാർഥ്യവും ഭാവനയും യാത്ര തുടങ്ങുന്നു. ഇതിൽ ഭാവനയേതാ യാഥാർഥ്യം ഏതാ എന്ന് മിക്കപ്പോഴും തിരിച്ചറിയാൻ പറ്റാതെവരും. ഗൗരി ലങ്കേഷ്, കൽബുർഗി എന്നിവരുടെ കൊലപാതകങ്ങൾ ഒക്കെ ഇടയ്ക്ക് വന്നുപോകുന്നത് കാണാം. ട്രെയിനിനുള്ളിൽ ഒരു അധികാരകേന്ദ്രം രൂപീകരിക്കുന്ന കുറച്ച് ആൾക്കാരെയും കാണാം. അതാണ് പറഞ്ഞത്. ഇതിനൊക്കെ എന്തൊക്കെയോ വലിയ അർത്ഥങ്ങളുണ്ട്. അല്ലാതെ ചുമ്മാ അക്കാദമി അവാർഡ് ഒന്നും ലഭിക്കില്ലല്ലോ. 

എന്തായാലും എനിക്ക് ഈ നോവൽ ഇഷ്ടപ്പെട്ടു. അത് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കണ്ടല്ല, അവതരിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്ന ഭാഷയുടെ ശക്തികൊണ്ട്. 

2019 ഡിസംബറിൽ ഡിസി ബുക്ക്സ് പുറത്തിറക്കിയ നോവലിന്റെ 2024 നവംബറിൽ പ്രസിദ്ധീകരിച്ച പത്താമത്തെ പതിപ്പാണ് ഞാൻ വായിച്ചത്. 264 പേജുകളുള്ള നോവലിന്റെ വില 299 രൂപ. 

Friday, May 15, 2026

വായനാനുഭവം - ലോറാ നീ എവിടെ - മുട്ടത്ത് വർക്കി (Book Review - Laura Nee Evide)

വായനാനുഭവം - ലോറാ നീ എവിടെ - മുട്ടത്ത് വർക്കി 



ന്യൂ ജൻ പുസ്തകവായനകൾക്കിടയിൽ പഴമയിലേക്കുള്ള ഒരു മടങ്ങിപ്പോക്കായിരുന്നു മുട്ടത്ത് വർക്കിയുടെ "ലോറാ നീ എവിടെ?" എന്ന നോവൽ വായന. ജനപ്രിയ സാഹിത്യത്തിന്റെ രാജാവായ മുട്ടത്ത് വർക്കിയുടെ അധികം കൃതികൾ ഞാൻ വായിച്ചിട്ടില്ലയെന്ന നഗ്നസത്യം ആദ്യമേ പറഞ്ഞുകൊള്ളട്ടെ. പക്ഷെ കുട്ടിക്കാലത്ത് കണ്ട പല മലയാളസിനിമകളുടെയും മൂലകഥ അദ്ദേഹത്തിൻ്റെ കൃതികൾ ആയിരുന്നെന്ന് കേട്ടിട്ടുണ്ട്. അക്കൂട്ടത്തിൽ 1971 ൽ സിനിമയാക്കപ്പെട്ട നോവലാണ് "ലോറാ നീ എവിടെ?"

പ്രേം നസീറും ഉമ്മറുമൊക്കെ അഭിനയിച്ച ആ സിനിമ കാണുന്നത് പോലെ തന്നെ നമുക്ക് നോവൽ ആസ്വദിച്ച് വായിക്കുവാൻ സാധിക്കും. 60-70 കളിൽ കണ്ടിരുന്ന ഒരു ലോ ക്ലാസ്സ്, മിഡിൽ ക്ലാസ് കുടുംബകഥ. ദരിദ്രകുടുംബത്തിൽ പിറന്ന അതീവ സുന്ദരിയായ ലോറ എന്ന നിഷ്കളങ്ക നായികയുടെ ജീവിതത്തിലുണ്ടാകുന്ന ദുരന്തങ്ങളാണ് ഇതിവൃത്തം. ഇപ്പോഴത്തെ യുഗത്തിൽ ചിന്തിക്കാൻ പോലും സാധിക്കാത്ത രീതിയിലെ ദുരന്തങ്ങളാണ് നായികയ്ക്ക് നേരിടേണ്ടി വരുന്നതെങ്കിലും അതിന്റെ യഥാർത്ഥ വികാരവിക്ഷുബ്ധതയോടെ വായനക്കാരനിലെത്തിക്കാൻ മുട്ടത്ത് വർക്കി എന്ന അതുല്യ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്.

1971 ലാണ് ഈ നോവൽ പ്രസിദ്ധപ്പെടുത്തിയത്.

Wednesday, March 25, 2026

വായനാനുഭവം - കമ്പിളികണ്ടത്തെ കൽഭരണികൾ - ബാബു അബ്രഹാം (Book Review - Kambilikandathe kalbharanikal by Babu Abraham)

വായനാനുഭവം - കമ്പിളികണ്ടത്തെ കൽഭരണികൾ - ബാബു അബ്രഹാം


2025 ൽ ഏറ്റവും കൂടുതൽ പറഞ്ഞുകേട്ട മറ്റൊരു കൃതിയായിരുന്നു കമ്പിളികണ്ടത്തെ കൽഭരണികൾ. ഓർമ്മക്കുറിപ്പുകൾ എന്ന ജേർണലിലുള്ള പുസ്തകങ്ങൾ മലയാളത്തിൽ അങ്ങനെ ഹിറ്റ് ചാർട്ടിൽ പ്രത്യക്ഷപ്പെടുന്ന പതിവില്ലാത്തതാണ്. അപ്പോഴാണ് ആ ജേർണലിൽ ഇറങ്ങിയ കമ്പിളികണ്ടത്തെ കൽഭരണികൾ ഹിറ്റ് ചാർട്ടിൽ ഒന്നാം സ്ഥാനത്ത് ഇടംപിടിക്കുന്നത്. ആ ഒരു കൗതുകത്തോടെ വാങ്ങി വായിച്ചത് വെറുതെയായില്ല. മനസ്സിനെ ആർദ്രമാക്കുന്ന ഒരുപിടി ജീവിതസ്മരണകൾ.


ഇടുക്കി കമ്പിളികണ്ടം സ്വദേശിയായ ബാബു അബ്രഹാമിന്റെ ആദ്യ പുസ്തകമാണ് കമ്പിളികണ്ടത്തെ കൽഭരണികൾ. അച്ഛനുപേക്ഷിച്ചുപോയ മൂന്ന് മക്കളെ വളർത്താൻ കഷ്ടപ്പെടുന്ന അമ്മയുടെ കഥയാണ് ശരിക്കും ആ പുസ്തകം. ദാരിദ്ര്യത്തിന്റെയും അവഗണനയുടെയും പടുകുഴിയിൽ വീണിട്ടും ആത്മാഭിമാനത്തോടെ പടവെട്ടിയ ഒരു പോരാളി. ആ അമ്മയ്ക്കുള്ള മകന്റെ ആത്മസമർപ്പണമാണ് നമ്മെ ആ പുസ്തകത്തോട് ചേർത്തുനിർത്തുന്നതും. ഏറെക്കുറെ ഞാൻ ജീവിച്ച കാലഘട്ടമായതിനാലാവാം അതിൽ പറയുന്നതെല്ലാം മനസ്സിൽ വ്യക്തമായി കാണുവാൻ സാധിച്ചു. അത്ഭുതകരമാണ്  ഗ്രന്ഥകാരനായ ബാബുവിന്റെ പടിപടിയായുള്ള വളർച്ച. പലപ്പോഴും പകച്ചുനിൽക്കുന്നുണ്ട്, ഇടറിവീഴുന്നുണ്ട്. പക്ഷെ അവസാനം ആ അമ്മ ആഗ്രഹിച്ചൊരു ജീവിതത്തിലേക്ക് മകൻ എത്തുമ്പോൾ നമ്മുടെ മനസ്സും നിറയും. പൗലോ കൊയ്‌ലോയുടെ ആൽക്കെമിസ്റ്റ് നെ പലപ്പോഴും ആ വളർച്ച ഓർമ്മിപ്പിച്ചു. ആത്മാർത്ഥമായി ബാബു ആഗ്രഹിച്ച, അവൻ അർഹിച്ച ജീവിതവിജയത്തിലേക്ക് അവനെ കൈപിടിച്ച് നടത്തുവാൻ ലോകം കൂടെ നിൽക്കുന്നത് നമുക്ക് കാണാൻ സാധിക്കും. തന്റെ ജീവിതത്തിൽ കൂടെ നടന്നവരെ, ചേർത്തുപിടിച്ചവരെ നന്ദിയോടെ സ്മരിക്കുന്നത് നമുക്ക് ഓരോ വരിയിലും കാണുവാൻ സാധിക്കും.

അവസാനം പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന ആളുകളുടെ ഇപ്പോഴത്തെ  ഫോട്ടോകൾ കൂടെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ നന്നായേനെ എന്നൊരു അഭിപ്രായം മാത്രമേ മുന്നോട്ട് വെക്കാനുള്ളൂ. നന്ദികുന്നേൽ മേരിയുടെ കുടുംബത്തോട് അത്ര അടുത്ത ആളായിട്ടാണ് വായന അവസാനിപ്പിക്കുന്നത്. എന്നിട്ടും അവരെ ആരെയും അറിയില്ല എന്ന് പറയുന്നത് ഒരു കുറച്ചിലായിത്തന്നെ തോന്നി.

2025 ഏപ്രിലിൽ മാതൃഭൂമി ബുക്ക്സ് പുറത്തിറക്കിയ നോവലിന്റെ 2026 ജനുവരിയിൽ പ്രസിദ്ധീകരിച്ച 59 ആം പതിപ്പാണ് ഞാൻ വായിച്ചത്. വെറും 8 മാസത്തിനുള്ളിൽ 59 പതിപ്പുകൾ !!. പുസ്തകത്തെ കൂടുതൽ പരിചയപ്പെടുത്തി സമയം കളയേണ്ടെന്ന് സാരം. 207 പേജുകളുള്ള പുസ്തകത്തിന്റെ വില 300 രൂപ.

Sunday, March 22, 2026

ആട് ട്രയോളജി - ഒരു താത്വിക അവലോകനം (Aadu 3 Movie review)

 ആട് ട്രയോളജി - ഒരു താത്വിക അവലോകനം 




സോഷ്യൽ മീഡിയ തുറന്നുകഴിഞ്ഞാൽ ആട് 3 സിനിമയെക്കുറിച്ചുള്ള റിവ്യൂ തട്ടിയിട്ട് നടക്കാൻ പറ്റാത്ത സ്ഥിതിയായിരിക്കുകയാണ്. കൊള്ളാം, കൊള്ളില്ല തുടങ്ങിയ റിവ്യൂകൾ വായിച്ച് മടുത്തപ്പോൾ തീരുമാനിച്ചു ഒരെണ്ണം അങ്ങ് പെടച്ചേക്കാം. 

###സ്പോയിലർ അലർട്ട് ###

ആട് 3 യുടെ ട്രെയിലറുകളിൽ കണ്ടത് വെച്ച് ഊഹിക്കാവുന്നതിനപ്പുറം ഒന്നും ഈ റിവ്യൂവിൽ പറയാൻ സാധ്യതയില്ലെങ്കിലും എഴുതുന്ന ഫ്ലോയിൽ അണിയറപ്രവർത്തകർ പടം കാണാത്തവർ അറിയരുതെന്ന് ആഗ്രഹിക്കുന്ന എന്തെങ്കിലും ഇതിൽ ഉൾപ്പെട്ടുപോകുമോ എന്ന് എനിക്ക് ഉറപ്പ് പറയാൻ പറ്റില്ല. റിലീസ് ആയിട്ട് ഇന്ന് 3 ദിവസമേ ആകുന്നുള്ളൂ. അതിനാൽ പടം കണ്ടവരും കാണാൻ ഉദ്ദേശമില്ലാത്തവരും വായിച്ചാൽ മതിയാകും. അടുത്ത് തിയേറ്ററിൽ കാണാൻ ഉദ്ദേശിക്കുന്നവർ വായിക്കുന്നത് സ്വന്തം റിസ്കിൽ മതി.

$$$ഡിസ്ക്ളൈമർ (Disclaimar)$$$

കണ്ട സിനിമകളെക്കുറിച്ച് നെഗറ്റിവ് അഭിപ്രായം ഉണ്ടായിട്ടുണ്ടെങ്കിലും അതിനായി ആദ്യ ദിവസങ്ങളിൽ റിവ്യൂ എഴുതി പറത്തി വിടുന്നതിനോട് ഒട്ടും യോജിപ്പില്ലാത്ത ആളാണ് ഞാൻ. സിനിമ എന്നത് കോടികൾ മുതൽ മുടക്കിയുള്ള ഒരു ബിസിനസ് എന്നതിനപ്പുറം ഒട്ടേറെ പ്രഗത്ഭരായുള്ള കലാകാരന്മാരുടെ മാസങ്ങൾ നീണ്ട കഷ്ടപ്പാടിന്റെ വിയർപ്പും പ്രതീക്ഷയുമാണ്. അത് 160 രൂപ മുടക്കി 3 മണിക്കൂർ ചിലവാക്കി എന്ന മൂരാച്ചി ന്യായത്തിന്റെ പുറത്ത് തൃണവത്ഗണിക്കുന്നത് നമ്മുടെ മുഖ്യന്റെ വാക്കുകളിൽ പറഞ്ഞാൽ ചെറ്റത്തരമാണ്. ഈ റിവ്യൂ വായിക്കുന്ന ആർക്കെങ്കിലും അതുകാരണം മാത്രം ഈ സിനിമ തിയേറ്ററിൽ പോയി കാണണ്ട എന്ന് തീരുമാനം എടുക്കേണ്ടി വന്നാൽ അതിനോട് അണിയറപ്രവർത്തകരോട് എന്റെ ആത്മാർത്ഥമായ ക്ഷമാപണം. ഞാൻ ഒരിക്കലും അത് ഉദ്ദേശിച്ചിട്ടില്ല, തന്നെയുമല്ല ആട് 4 റിലീസ് ആകുമ്പോൾ ആദ്യ ദിനങ്ങളിൽ തന്നെ തിയേറ്ററിൽ പോയി കാണുവാൻ കാത്തിരിക്കുന്നു. റിവ്യൂ എഴുതാനല്ല, അതിനുള്ള വകുപ്പ് നിങ്ങൾ ഈ സിനിമയിൽ ഇട്ടുവെച്ചിരിക്കുന്നത് കൊണ്ട് മാത്രം.

ഇനി നമുക്ക് റിവ്യൂവിലേക്ക് വരാം.

പടം മൂന്ന് കാലഘട്ടങ്ങളിലായാണ് പറയുന്നത്. ഭൂതം, ഭാവി, വർത്തമാനം. അതിനാൽ തന്നെ ഈ റിവ്യൂവും മൂന്ന് കാലഘട്ടങ്ങളിലായി പറയുന്നതായിരിക്കും ഉചിതം 

ഇമ്മിണി വല്യ ഭൂതം - AD 2015 ഫെബ്രുവരി 

ആട് ഒരു ഭീകരജീവിയല്ല എന്ന പേരിൽ ജയസൂര്യ നായകനായി ഒരു സിനിമ റിലീസ് ആകുന്നു. സംവിധാനം മിഥുൻ മാനുവൽ തോമസ്. പടം കണ്ട എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. കുറെ ആളുകളെ ഭീകര ബിൽഡപ്പ് ഒക്കെ കൊടുത്ത് മ്യാരക ബിജിഎം ഒക്കെ ഇട്ട് ഇൻട്രൊഡ്യൂസ് ചെയ്യുന്നതാണ് പടത്തിന്റെ ഭൂരിഭാഗവും. വലിയ കഥയൊന്നും തോന്നിയില്ല. AD2000 ൽ ഇറങ്ങിയ ഹോളിവുഡ് പടം സ്‌നാച്ച് കോപ്പിയടിച്ചതാണെന്ന് മനസ്സിലായി. പിന്നീട് ഏഷ്യാനെറ്റ് മൂവീസിൽ ഒരിക്കൽകൂടി ആട് കണ്ടു. ചാനൽ മാറ്റാൻ തോന്നാത്ത രീതിയിലെ എന്തോ ഒരു ആകര്ഷണീയത. സംവിധായകൻ ഉദ്ദേശിച്ച കോമഡികൾ അപ്പോഴാണ് ശരിക്കും ക്ലിക്ക് ആയത്. വൻ ബിൽഡപ്പോടെ കെട്ടിയിറക്കിയ മണ്ടന്മാരായ കുറെ നായകർ. പിന്നീട് ഓരോ പ്രാവശ്യവും കാണുന്തോറും ആടിനോടുള്ള ഇഷ്ടം കൂടിക്കൂടി വന്നു. എന്റെ മാത്രം അവസ്ഥയല്ലെന്ന് പിന്നീട് വന്ന ട്രോളുകളിൽ നിന്നും റിവ്യൂകളിൽ നിന്നും മനസ്സിലായി. ആദ്യകാഴ്ചയിൽ ഫ്ലോപ്പ് ആയി ഏറ്റവും കൂടുതൽ റിപ്പീറ്റ് വാല്യൂ ഉള്ള മലയാളത്തിലെ അപൂർവ്വമായ കൾട്ട് കോമഡി എന്റർടൈനർ ആയി ആട് മാറി.

ചെറ്യേ ഭൂതം - AD 2017 ഡിസംബർ 

ആടിനുണ്ടായ റിപ്പീറ്റ് വാല്യൂവിൽ നിന്നും യൂത്തിന്റെ ഇടയിലുണ്ടായ ജനപ്രീതിയുടെയും പിൻബലത്തിൽ ആട് 2 റിലീസ് ആകുന്നു. ട്രെയിലറുകൾ തന്നെ വൻ ഹിറ്റ്. നോട്ട് നിരോധനമൊക്കെ കോർത്തിണക്കി രസമുള്ളൊരു കഥ കൂടിയായതോടെ പടം സൂപ്പർഹിറ്റ്. യൂത്തും കുട്ടികളും ഒന്നടങ്കം ഷാജിപ്പാപ്പൻ ഫാൻസായി മാറുന്നു. ക്യാമ്പസുകളിൽ ഓണാഘോഷത്തിന് പയ്യന്മാർ പാപ്പന്റെ മുണ്ട് ഉടുത്ത് ഗ്രൂപ്പായി വരുന്നു. കൂട്ടത്തിൽ നടുവേദനയുള്ളവനും ടീം ലീഡർമാർക്കും ഷാജി പാപ്പാൻ എന്ന് പേര് വീഴുന്നു. കഥാപാത്രങ്ങളുടെ ബിജിഎമ്മുകൾ റിങ് ടോണുകൾ ആകുന്നു. ട്രോളുകളിൽ ആട് 2 മീമുകൾ നിറയുന്നു. 

വർത്തമാനം - 2026 മാർച്ച് 19

ആട് 2 കത്തിച്ചുവിട്ട വൻ പ്രതീക്ഷകളുടെ 8 വർഷത്തിലധികം നീണ്ട കാത്തിരിപ്പിനിടയിലേക്ക് ആട് 3 റിലീസാകുന്നു. വൻ ഹിറ്റായ ആ രണ്ടാം ഭാഗം തന്നെയാണ് ആട് 3 യിലെ വില്ലൻ. കാരണം അന്ന് ക്ലിക്ക് ആയ എല്ലാ കോമഡികളും ഒരു മാറ്റവുമില്ലാതെ എട്ട് വർഷത്തിന് ശേഷം എടുത്ത് അലക്കിയിട്ടുണ്ട്. കണ്ടുകൊണ്ട് ട്രോളുകൾ പോലും മടുത്തിരിക്കുമ്പോഴാണ് അറക്കൽ അബു യഥാർത്ഥ നായകനുണ്ടാകുന്ന ഡയലോഗും ഡ്യൂഡ് എടാ സോമാ എന്ന ഡയലോഗുമായി അവതരിക്കുന്നത്. ഇതൊക്കെ എങ്ങനെ സാധിക്കുന്നേടാവേ എന്ന ഡയലോഗ് പാപ്പനും എടുത്ത് വീശുന്നുണ്ട്. സത്യത്തിൽ മിഥുൻ മാനുവലെന്ന സംവിധായകനോടാണ് ആ ഡയലോഗ് ചോദിക്കേണ്ടത്. ഇതൊക്കെ എങ്ങനെ സാധിക്കുന്നേടാവേ. ആളുകളെ ഇക്കിളിയിട്ട് ചിരിപ്പിക്കാൻ ഇറക്കിവിട്ട ധർമ്മജൻ ആണെങ്കിൽ കട്ട വെറുപ്പീര്. പിന്നുള്ള ആശ്വാസം ഡ്യൂഡ് ആയി രണ്ടാം എൻട്രി നടത്തുന്ന വിനായകനും സുധീർ കരമനയുമാണ്. ആട് 3 യുടേതായി എനിക്ക് തോന്നിയത്, ചിരിപ്പിച്ചത് അത് രണ്ട് കാര്യങ്ങളാണ്. അവസാനം ആയപ്പോൾ പടം അൽപ്പം ത്രില്ലിംഗ് ആയി. അപ്പോൾ ദാണ്ടെ പേര് എഴുതി കാണിച്ചിട്ട് പറയുന്നു അടുത്ത ഭാഗത്തിൽ കണ്ടാൽ മതിയെന്ന്. ഇനി കട്ടപ്പ മാമൻ ബാഹുബലിയെ കുത്തിയത് എന്തിനാണെന്ന് അറിയാൻ കാത്തിരുന്നത് പോലെ ഇവന്മാർ ഇത് എങ്ങനെ തീർക്കുമെന്നറിയാനുള്ള കാത്തിരുപ്പ്.

ഭാവി 

എന്താകുമോ എന്തോ??എന്തായാലും അതോടെ ഈ പരിപാടി മതിയാക്കുമെന്ന് സംവിധായകൻ പ്രഖ്യാപിച്ചിട്ടുണ്ട്. കോമഡി ഒരുക്കുമ്പോൾ ഒരുകാര്യം ഓർത്താൽ നന്ന്. കുന്തിരിക്കം ഇഷ്ടമാണെന്ന് കരുതി അത് മൂട്ടിൽ കൂട്ടിയിട്ട് കത്തിക്കരുത്. പഴയ കോമഡികളെ ട്രോളന്മാർക്ക് വിട്ടുകൊടുത്തിട്ട് പുതിയ മീമുകൾക്ക് അവസരം ഒരുക്കിത്തരൂ. ഒരു ട്രോളന്റെ പരിവേദനമായി കണക്കാക്കിയാൽ മതി 

©അനൂപ് സുനന്ദൻ

Monday, March 16, 2026

വായനാനുഭവം - ആത്രേയകം - ആർ. രാജശ്രീ (Book Review - Athreyakam by R Rajasree)

വായനാനുഭവം - ആത്രേയകം - ആർ. രാജശ്രീ 



2025 ൽ വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒരു കൃതിയെന്ന നിലയിൽ ഞാൻ വളരെ ആകാംക്ഷയോടെ തേടിച്ചെന്നു വായിച്ച ഒരു പുസ്തകമാണ് ശ്രീമതി ആർ രാജശ്രീയുടെ ആത്രേയകം. 2021 ൽ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത' എന്ന നോവലിലൂടെ സംസ്ഥാന സാഹിത്യ അക്കാദമി അവാർഡ് നേടിയ രാജശ്രീയുടേതായി ഞാൻ ആദ്യമായി വായിക്കുന്ന നോവലാണ് ആത്രേയകം. ഒരു വായനക്കാരൻ എന്ന നിലയിൽ നോവൽ ഒട്ടുമെന്നെ നിരാശപ്പെടുത്തിയില്ലെന്നു മാത്രമല്ല പലപ്പോഴും ആശ്‌ചര്യപ്പെടുത്തുകയും ചെയ്തു. പക്ഷെ വ്യക്തിപരമായി എനിക്ക് തോന്നിയ ചില വിയോജിപ്പുകൾ ഉണ്ടായതിനാൽ സമ്മിശ്രമായ ഒരു വികാരത്തോടെയാണ് നോവൽ വായന പൂർത്തിയാക്കിയത്.


അമർ ചിത്രകഥകളിലൂടെ വന്ന മഹാഭാരതം വായിച്ചുകൊണ്ടാണ് വായനയുടെ ലോകത്ത് പിച്ചവെച്ചു തുടങ്ങിയത്. പിന്നീട് മാലിഭാരതവും സാക്ഷാൽ മഹാഭാരതവും അത്ഭുതത്തോടെയാണ് വായിച്ചു തീർത്തത്. കുട്ടിക്കാലത്തെ നിഷ്കളങ്കവും വിശ്വാസവുമൊക്കെയായി ഓരോ തവണയും ആ ഇതിഹാസത്തെക്കുറിച്ച് വിവരണാതീതമായ ഒരു ആരാധന തോന്നിയിരുന്നു. പിന്നീട് മനസ്സിലെ നിഷ്കളങ്കമൊക്കെ വറ്റിത്തീർന്നപ്പോൾ മഹാഭാരതത്തിലെ പലതിനോടും ചെറുതല്ലാത്ത സംശയങ്ങളും ചോദ്യങ്ങളും ഉയർന്നുവന്നു. മഹാഭാരതത്തിന്റെ കേന്ദ്രമായി വർണ്ണിച്ചിരിക്കുന്ന കുരുവംശത്തിന്റെ ധാർമ്മികതയെക്കുറിച്ചായിരുന്നു കൂടുതലും ചോദ്യങ്ങൾ. ഏജ്‌ജാതി കുടുംബം? അച്ഛനോടുള്ള സ്നേഹം/കർത്തവ്യബോധവുമായി കല്യാണം കഴിക്കാതെ ബ്രഹ്മചാരിയായി ജീവിക്കുന്ന പിതാമഹൻ. വംശം നിലനിർത്താൻ മകന്റെ ഭാര്യമാരെ വിവാഹത്തിന് മുൻപുണ്ടായിരുന്ന രഹസ്യപുത്രന് കാഴ്ചവെക്കുന്ന ഒരമ്മ, മഹാമുനിയായ ആ മകനെ പറ്റിക്കാൻ ഇരുട്ടത്ത് ദാസിയെ കിടപ്പറയിലേക്ക് അയക്കുന്ന മരുമകൾ, ഇത് കഴിഞ്ഞുണ്ടാകുന്ന തലമുറയാകട്ടെ പാണ്ഡവർ എന്ന പാണ്ഡു പുത്രർ. പാണ്ഡുവിന് ഈ മക്കളുമായി യാതൊരു ബന്ധവുമില്ല. മത്സരത്തിൽ ജയിച്ചുനേടിയ രാജകുമാരിയെ മക്കൾ അഞ്ചുപേരും കൂടി വിവാഹം കഴിക്കുവാൻ നിർദ്ദേശിക്കുന്ന മറ്റൊരമ്മ. ഇന്നത്തെ കലികാലമല്ലല്ലോ അന്നത്തെ ദ്വാപരയുഗം. ഇന്ന് നമ്മൾ ചിന്തിക്കുന്ന പോലെ ദുഷ് ചിന്തകൾ ഇല്ലാത്ത ധർമ്മയുഗം ആയതിനാൽ ഇതൊക്കെ നടക്കുമായിരിക്കും എന്ന് വിശ്വസിച്ച് സമാധാനിച്ചിരിക്കുമ്പോഴാണ് ആത്രേയകം വായിക്കുന്നത്.


മഹാഭാരതത്തെ മറ്റൊരു വീക്ഷണത്തിലൂടെ കാണുന്നതാണ് നോവലിന്റെ പ്രതിപാദ്യ വിഷയം. (ഭീമന്റെ കണ്ണിലൂടെ എം.ടി രണ്ടാമൂഴത്തിൽ പറഞ്ഞതിന്റെ വേറൊരു വേർഷൻ). നേരത്തെ എനിക്ക്  സംശയങ്ങൾ എന്റെ മാത്രം സംശയങ്ങളല്ലയെന്ന് നോവൽ വായിച്ചപ്പോൾ മനസ്സിലായി. എന്താണ്? എവിടെയാണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ ഇത്തിരി സമയമെടുത്തു. അമിഷ് എഴുതുന്ന പുരാണനോവലുകളെ പലപ്പോഴും ഓർമ്മിപ്പിച്ചെങ്കിലും വാക്കുകളിൽ സ്വന്തമായ ഒരു വ്യക്തിത്വം ആത്രേയകത്തിനുണ്ട്. വിശ്വസനീയമായ രീതിയിൽ അഗാധമായ പഠനങ്ങളുടെ പിൻബലത്തിൽ പറയുന്ന കഥ പലപ്പോഴും നമ്മെ ആശ്‌ചര്യപ്പെടുത്തും. മഹാഭാരതത്തിൽ കുരു രാജവംശത്തിന്റെ തലസ്ഥാനമായ ഹസ്തിനപുരിക്കും പാഞ്ചാലത്തിനും ഇടയിലുള്ള ഒരു ഗ്രാമമാണ് ആത്രേയകം. കഥയെക്കുറിച്ച് ഞാൻ വിശദമാക്കുന്നില്ല. മഹാഭാരതം കഥ തന്നെ. അത് വേറൊരു കണ്ണിലൂടെ അവതരിപ്പിക്കുന്നുവെന്ന് മാത്രം. കലികാലത്തിൽ നടക്കുന്ന ഒരു മഹാഭാരതം. അല്ലെങ്കിൽ കലികാലത്തിൽ മനുഷ്യർ എങ്ങനെ പെരുമാറുമോ അതുപോലെ പെരുമാറുന്ന മഹാഭാരതം കഥാപാത്രങ്ങൾ. 


വ്യക്തിപരമായ ചില വിയോജിപ്പുകൾ  എനിക്കുണ്ടെന്ന് പറഞ്ഞല്ലോ.  മഹാഭാരതത്തിൽ നായകസ്ഥാനത്തുള്ള എല്ലാത്തിനെയും പ്രതിനായകസ്ഥാനത്ത് കൊണ്ടുവരാൻ മനഃപൂർവ്വം ശ്രമിച്ചത് പോലെ തോന്നി. ആണത്തമില്ലാത്ത ഭീഷ്മർ, ലോക തോൽവി അർജുനൻ, തുടങ്ങി എല്ലാം നെഗറ്റിവ് അടിക്കാൻ ശ്രമിച്ചത് ഏച്ചുകെട്ടൽ പോലെ തോന്നി. 


എന്തായാലും 2024 ജൂണിൽ മാതൃഭൂമി പുറത്തിറക്കിയ നോവലിന്റെ 2025 ആഗസ്റ്റിൽ പ്രസിദ്ധീകരിച്ച 33 ആമത്തെ പതിപ്പാണ് ഞാൻ വായിച്ചത്. അതിൽ നിന്നും നോവലിന്റെ സ്വീകാര്യത വ്യക്തമാണ്. 391 പേജുകളുള്ള ഈ വലിയ നോവലിന്റെ വില 450 രൂപയായിരുന്നു. 


തികച്ചും വ്യക്തിപരമായി ഞാൻ പറഞ്ഞ വിയോജിപ്പുകൾ മാറ്റിനിർത്തിയാൽ മികച്ചൊരു വായനാനുഭവം തന്നെയായിരുന്നു. ആത്രേയകം 

Monday, January 26, 2026

വായനാനുഭവം - തപോമയിയുടെ അച്ഛൻ - ഇ സന്തോഷ് കുമാർ (Book Review : Thapomayiyude Achan by E Santhosh Kumar)

വായനാനുഭവം - തപോമയിയുടെ അച്ഛൻ - ഇ സന്തോഷ് കുമാർ 



2026 ൽ ആദ്യമായി വായിച്ചുതീർത്ത പുസ്തകമാണ് ഇ സന്തോഷ് കുമാർ എഴുതിയ "തപോമയിയുടെ അച്ഛൻ". 2025 ലെ വയലാർ അവാർഡ് നേടിയ കൃതി എന്ന രീതിയിലാണ് ഈ നോവൽ ആദ്യമായി എന്റെ ശ്രദ്ധയിൽപ്പെടുന്നത്. അപ്പോൾ മുതൽ കേട്ടുവന്ന പോസിറ്റീവ് ഫീഡ്ബാക്കുകൾ എത്രയും പെട്ടെന്ന് ആ പുസ്തകത്തിലേക്ക് എന്നെ എത്തിച്ചു. 2024 സെപ്റ്റംബറിൽ പുറത്തിറക്കിയ നോവലിന്റെ 2025 ൽ ഒക്ടോബറിൽ പ്രസിദ്ധീകരിച്ച പതിമൂന്നാമത്തെ പതിപ്പായിരുന്നു ഞാൻ വായിച്ചത്. 333 പേജുകളുള്ള നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡിസി ബുക്ക്സ് ആണ്. 399 രൂപയായിരുന്നു വില.


സൂക്ഷ്മമായ എഴുത്താണ് ശ്രീ സന്തോഷ് കുമാറിന്റേത്. നോവൽ വായിച്ചുതുടങ്ങിയപ്പോൾ ആദ്യം ശ്രദ്ധിച്ചത് അതായിരുന്നു. മികച്ച ഒരു രചന. കാമ്പുള്ള, വായനക്കാരനെ പിടിച്ചിരുത്തുന്ന കഥ, ശ്രദ്ധയോടെ മെനഞ്ഞെടുത്ത, ധാരാളം തയ്യാറെടുപ്പുകൾ നടത്തി മിനുക്കിയെടുത്ത കഥാ പശ്ചാത്തലം. ഓരോ താളിലും അവശേഷിപ്പിക്കുന്ന സസ്പെൻസ്. ഒരു ത്രില്ലർ ഗണത്തിൽ അല്ലാതിരുന്നിട്ടും ആദ്യാവസാനം വായനക്കാരനിൽ ഒരു ആകാംക്ഷ നിലനിർത്താൻ നോവലിസ്റ്റിനായിട്ടുണ്ട്. പ്രത്യേക അഭിനന്ദനങ്ങൾ. മനസ്സിനെ ആർദ്രമാക്കുന്ന കുറച്ചു കഥാപാത്രങ്ങൾ, സ്നേഹം, ദുരൂഹമായ മനുഷ്യജീവിതം. ഇനിയുള്ള കുറച്ചുനാളുകൾ ആ വൃദ്ധൻ, തപോമയിയുടെ അച്ഛൻ ഗോപാൽ ബറുവ എന്നിൽ നിറഞ്ഞുനിൽക്കുമെന്ന് തീർച്ച. സമീപകാല രചനകളിൽ അപൂർവ്വമായി ലഭിക്കുന്ന മികച്ചൊരു കഥാപാത്രസൃഷ്ടിയാണ് ഗോപാൽ ബറുവ. 


മലയാളിക്ക് അത്ര പരിചയമില്ലാത്ത ഒരു കഥാപശ്ചാത്തലമാണ് അഭയാർത്ഥികളുടെ ജീവിതം. കൊൽക്കത്ത, അഭയാർത്ഥികൾ ഒക്കെ കണ്ടപ്പോൾ ഒരു ബുദ്ധിജീവി നോവലായിരിക്കുമോ എന്ന് ഒരുമാത്ര ശങ്കിച്ചെങ്കിലും ആ ഒരു ലെവലിലേക്ക് പോയി വെറുപ്പിക്കാതെ നോവലിസ്റ്റ് കഥ അവതരിപ്പിച്ചു. ദില്ലിയിലെ അഭയാർത്ഥികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ പ്രവർത്തകനായ തപോമയി ബറുവ കഥാകാരനെ കണ്ടുമുട്ടുന്നതാണ് പശ്ചാത്തലം. തപോമയിയുടെ അച്ഛന് ഗൂഢലിപികളിൽ വൈദഗ്ധ്യം ഉണ്ടെന്ന അറിവിൽ നിന്നും ആ വിഷയത്തിൽ താൽപ്പരകക്ഷിയായ കഥാകാരൻ അച്ഛനുമായി പരിചയപ്പെടുന്നു. പിന്നീട് അദ്ദേഹത്തിന്റെ - ഗോപാൽ ബറുവയുടെ ജീവിതമാണ് നോവലിൽ നിറയുന്നത്. നല്ല രീതിയിൽ, നല്ലൊരു കഥ, ഗൂഢലിപികളും, അഭയാർത്ഥികളുടെ പ്രശ്നങ്ങളുമൊക്കെ ഇടയ്ക്ക് കടന്നുവരുന്നുണ്ടെങ്കിലും ഗോപാൽ ദായുടെ ജീവിതത്തിൽ തന്നെയാണ് കഥയുടെ മൂലതന്തു. 


ബ്ലോക്ക് ബസ്റ്റർ സിനിമപോലെയല്ല തപോമയിയുടെ അച്ഛൻ എന്ന നോവൽ. നോവലിന് മാത്രം പകർന്നുനൽകാൻ സാധിക്കുന്ന മനോഹരമായ ഒരു ചിത്രീകരണമുണ്ട്. സമീപകാലത്ത്, പ്രത്യേകിച്ചും പുതിയ എഴുത്തുകാരിൽ നിന്നും ലഭിക്കാത്ത ഒരു അനുഭവമാണത്. അത് എനിക്ക് ഈ നോവലിൽ ആസ്വദിക്കാൻ പറ്റി. നിങ്ങൾ ഒരു വായനാപ്രേമിയാണെങ്കിൽ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു നോവൽ.