മൂർത്തീ ദേവി പുരസ്‌ക്കാരവും കേന്ദ്രസാഹിത്യ അക്കാദമി അവാർഡും വയലാർ അവാർഡുമൊക്കെ കരസ്ഥമാക്കിയ പ്രശസ്ത യാത്രാവിവരണ ഗ്രന്ഥമാണ് ഈയടുത്ത് അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും മാതൃഭൂമി പത്രത്തിൻറെ ഉടമസ്ഥനുമായിരുന്ന ശ്രീ എം പി വീരേന്ദ്രകുമാറിന്റെ ഹൈമവതഭൂവിൽ. എസ് കെ പൊറ്റക്കാടിൻറെ കൃതികൾ വായിച്ചുകൊണ്ട് വായനയിലേക്ക് കാലെടുത്തുവെച്ച എനിക്ക് ഏറെ ഇഷ്ടപ്പെട്ട യാത്രാവിവരണങ്ങളാണ് ശ്രീ രാമചന്ദ്രൻ സാറിൻറെ ഹിമാലയൻ യാത്രകൾ. ഭക്തിരസം നിറഞ്ഞുനിൽക്കുന്ന ഏകാന്ത തീർത്ഥാടനങ്ങൾ ആണ് അദ്ദേഹത്തിൻറെ കൃതികൾ. അദ്ദേഹത്തിൻ്റെ കൃതികൾ വായിച്ച ശേഷം ഹിമാലയൻ യാത്രാവിവരണങ്ങൾ തേടി കുറെ അലഞ്ഞിട്ടുണ്ട്. പക്ഷെ അപ്പോളൊന്നും എല്ലാ ബുക്ക് ഷോപ്പുകളിലും മുന്നിൽ തന്നെ ഉണ്ടായിരുന്ന ഹൈമവതഭൂവിൽ എന്ന പുസ്തകത്തിലേക്ക് ശ്രദ്ധ പോയില്ല. അതിൻറെ വലുപ്പം മാത്രം അല്ലായിരുന്നു കാരണം. അറിയപ്പെടുന്ന പണ്ഡിതനും പത്രപ്രവർത്തകനും കേന്ദ്രമന്ത്രിയുമൊക്കെ ആയിരുന്ന ശ്രീ എം പി വീരേന്ദ്രകുമാറിൻറെ ഭാഷ കടുപ്പം ആയേക്കും എന്നൊരു മുൻവിധി മനസ്സിലുണ്ടായിരുന്നു. അത്ര കടുത്ത ഭാഷയിൽ രചിക്കപ്പെടുന്ന ഒരു പുസ്തകം ബോറടിക്കാതെ വായിച്ചു തീർക്കാൻ പറ്റുമോ എന്ന സംശയം തന്നെ ആയിരുന്നു കാരണം. അങ്ങനെ വളരെ വൈകിയാണ് ആ പുസ്‌തകത്തിന്റെ അൻപത്തിയെട്ടാമത്തെ പതിപ്പ് ഞാൻ കരസ്ഥമാക്കിയത്.
സാധാരണ യാത്രാവിവരണങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഹൈമവതഭൂവിൽ. ശരിക്കും പറഞ്ഞാൽ അതിൽ യാത്രാവിവരണവും ഉണ്ട് എന്ന് വേണമെങ്കിൽ മാറ്റി പറയാം. അത്രയും വിഷയങ്ങൾ നിറഞ്ഞ ഒരു വിശിഷ്‌ടഗ്രന്ഥമാണ് അത്. ഹിമാലയത്തിലേക്ക് ഗ്രന്ഥകാരനും ഭാര്യയും മാതൃഭൂമിയിലെ കുറച്ചു പ്രധാന ജീവനക്കാരും സുഹൃത്തുക്കളുമായി നടത്തിയ തീർത്ഥയാത്രയാണ് പ്രതിപാദ്യവിഷയം. സാധാരണ ഒരു യാത്രാ വിവരണം ആണെങ്കിൽ യാത്രയുടെ പശ്ചാത്തലം, യാത്രയിലെ അനുഭവം, പോകുന്ന സ്ഥലത്തിൻറെ പ്രത്യേകത, അവിടെ ഉള്ള അനുഭവങ്ങൾ എന്നിവയായിരിക്കും ഉണ്ടാവുക. എന്നാൽ ഗ്രന്ഥകാരനും സംഘവും യാത്ര ആരംഭിക്കുന്നത് മുതൽ അവർ സന്ദർശിക്കുന്ന സ്ഥലങ്ങളുടെ വിശേഷങ്ങൾ മാത്രമല്ല, അതിനിടയിൽ പല പല ചെറിയ സന്ദർഭങ്ങളിലൂടെ യാത്രാവിവരണം പറയി പെറ്റ് പന്തീരുകുലം, മഹാഭാരതം, മുഗളന്മാർ, മറ്റ് പ്രമുഖരായ ഇന്ത്യൻ രാജാക്കന്മാർ, മുനിമാർ, സ്വാതന്ത്ര്യസമര നേതാക്കൾ തുടങ്ങി ഓരോന്നിനെയും കുറിച്ച് അതി വിശാലമായ ലേഖനങ്ങളാണ് ഓരോ അധ്യായങ്ങളും. ശരിക്കും അറിയാൻ ആഗ്രഹിക്കുന്ന ഒട്ടേറെ വിഷയങ്ങൾ അപ്രതീക്ഷിതമായി ഒരു പുസ്തകത്തിൽ നിന്നും ലഭിച്ചു എന്ന് സാരം. ഓരോ വിശേഷങ്ങളും ഓരോ ചെറിയ പുസ്തകം വായിക്കുന്നതുപോലെ ആസ്വദിക്കാം. വായിച്ച് തീരാറാകുമ്പോളേക്കും ഈ പുസ്തകം തീരാതെ ഇരുന്നെങ്കിൽ എന്ന് തോന്നിപ്പോകുന്ന അവസ്ഥ അല്ലെങ്കിൽ മനസ്സിൽ തോന്നുന്ന ഒരു വിഷയം അടുത്തതായി വായിക്കാൻ പോകുന്ന അധ്യായത്തിൽ ഉണ്ടാകുമോ എന്ന ആകാംക്ഷ. അങ്ങനെ വ്യത്യസ്തമായ ഒരു വായനാ അനുഭവം തന്നെയാണ് ഹൈമവത ഭൂവിൽ തന്നത്. ഈ പുസ്തകം ഞാൻ വായിച്ചു തുടങ്ങുമ്പോൾ ശ്രീ എം പി വീരേന്ദ്രകുമാർ ജീവിച്ചിരുപ്പുണ്ടായിരുന്നു. പലപ്പോളും ഓർത്തു ഇത്രയും ജ്ഞാനിയായ അദ്ദേഹത്തെ ഒന്ന് നേരിട്ട് കാണാൻ പറ്റിയെങ്കിൽ എന്ന്. പക്ഷെ എൻറെ വായന പകുതി ആയപ്പൊളേക്കും അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു പോയി. ഇനി ഒരു ഹൈമവതഭൂവിൽ മലയാളത്തിൽ ഉണ്ടാകുമോ എന്ന് അറിയില്ല. വിടപറഞ്ഞ ആ മഹാനുഭാവന് ശതകോടി പ്രണാമങ്ങൾ.