Monday, November 29, 2021

ആനവണ്ടിയിൽ ഒരു അരിപ്പ യാത്ര


"ചുരുളി" സിനിമ കണ്ടപ്പോൾ ഏറ്റവും കൂടുതൽ ആകർഷിച്ചത് അതിലെ തെറികളെക്കാൾ തുടക്കം മുതൽ ഒടുക്കംവരെ ഒരു രക്ഷയുമില്ലാത്ത രീതിയിൽ ചിത്രീകരിച്ചിരിക്കുന്ന വനത്തിന്റെ വശ്യതയാണ്. പശ്ചിമഘട്ടത്തിന്റെ കുളിരും സൗന്ദര്യവും ഭീകരതയുമെല്ലാം പടം കണ്ട് ദിവസങ്ങളോളം മനസ്സിൽ നിറഞ്ഞുനിന്നു. ഏതെങ്കിലും കാട്ടിലേക്ക് ഒരു ട്രിപ്പ് വെച്ചാലോ എന്നാലോചിച്ചിരിക്കുമ്പോളാണ് പത്രത്തിൽ ആലപ്പുഴ നിന്നും അരിപ്പ വന്യജീവി സങ്കേതത്തിലേക്ക് കെ.എസ്.ആർ.ടി.സി ടൂറിസ്റ്റ് സർവീസ് ആരംഭിക്കുന്ന വാർത്ത വായിച്ചത്. ബുക്ക് ചെയ്യുന്നതിനുമുമ്പ് കഴിഞ്ഞയാഴ്ച കെ.എസ്.ആർ.ടി.സിആലപ്പുഴ നിന്നും ആരംഭിച്ച മലക്കപ്പാറ ട്രിപ്പിൽ പങ്കെടുത്ത സുഹൃത്ത് ജൂഡിനോട് അനുഭവം ഒന്ന് തിരക്കിയേക്കാമെന്ന് വിചാരിച്ചു. മലക്കപ്പാറ ട്രിപ്പിനെക്കുറിച്ച് ചങ്ങാതിക്ക് പറയാൻ നൂറു നാക്ക്. അവസാനം ഈ ആഴ്ച്ച അരിപ്പയിലേക്ക് പോകാൻ രണ്ടു ടിക്കറ്റ് ഉണ്ട് വേണോ? എന്നൊരു ചോദ്യവും. അച്ഛൻ ഇച്ഛിച്ചതും പാല് വൈദ്യൻ കൽപ്പിച്ചതും പാല് എന്ന് പറയുംപോലെ ഞാൻ സസന്തോഷം ആ ഓഫർ സ്വീകരിച്ചു. അപ്രതീക്ഷിതമായി ചില തടസങ്ങൾ നേരിട്ടതിനാൽ ജൂഡിന് ഈ ആഴ്ച്ച പോകാൻ പറ്റില്ലത്രേ. കാര്യം അറിഞ്ഞപ്പോൾ ചങ്ക് ബ്രോ ബിപിനും രണ്ടാമത്തെ ടിക്കറ്റിൽ കൂടെ വരാമെന്ന് സമ്മതിച്ചു. അങ്ങനെ ആലപ്പുഴ നിന്നുമുള്ള ആദ്യ അരിപ്പ ട്രിപ്പിൽ ഒന്നും രണ്ടും സീറ്റുകൾ ഞങ്ങൾ കരസ്ഥമാക്കി. 


കഴിഞ്ഞ ആഴ്ച്ച ബംഗാൾ ഉൾക്കടലിൽ നിന്നും കുറ്റിയും പറിച്ചെത്തിയ ന്യൂനമർദ്ദം കാര്യങ്ങൾ അവതാളത്തിലാക്കിയേക്കും എന്ന് തോന്നി. വ്യാഴാഴ്ച്ച തിരുവനന്തപുരം മലയോര മേഖലയിലേക്ക് യാത്രാനിരോധനം വന്നു എന്നൊക്കെ അറിഞ്ഞതോടെ ആകെ ടെൻഷനായി. ശനിയാഴ്ച കെ.എസ്.ആർ.ടി.സിയിലെ ടൂർ കോർഡിനേറ്റർ ഷാനിദ് സാറിനെ വിളിച്ച് യാത്ര കൺഫേം ചെയ്തു. തൊട്ടുപിന്നാലെ ബസിലെ കണ്ടക്ടർ സുനിൽ സാറിൻറെ വിളിയെത്തി. നാളെ (ഞായറാഴ്ച) രാവിലെ നാലേമുക്കാലിന്‌ ട്രാൻസ്‌പോർട്ട് സ്റ്റാന്റിൽ എത്തണം. ഷൂസ് ഇടുന്നവർ ചെരുപ്പ് കൂടെ കരുതണം. അട്ടയുടെ ശല്യം ഉള്ളതിനാൽ സാനിട്ടയ്‌സർ എടുക്കണം. മഴ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ റെയിൻ കോട്ടോ കുടയോ കരുതണം തുടങ്ങിയ വിലപ്പെട്ട നിർദ്ദേശങ്ങൾ നൽകി അദ്ദേഹം ഫോൺ വെച്ചു. കിട്ടിയ വിവരങ്ങൾ അതേപോലെ ബിപിനോടും പറഞ്ഞുകൊടുത്തിട്ട് നാളെ മഴ ഉണ്ടാകല്ലേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ നേരത്തെ ഉറങ്ങാൻ കിടന്നു. 

 വെളുപ്പിനെ മൂന്ന് മണിക്കേ എഴുന്നേറ്റ് റെഡിയായി നാല് മണിയോടെ വീട്ടിൽ നിന്നും ഇറങ്ങി. മഴ ഇല്ലായിരുന്നെങ്കിലും കാർ എടുത്തുകൊണ്ടാണ് പോയത്. സ്റ്റേഷന്റെ അകത്ത് വണ്ടി പാർക്ക് ചെയ്യാനുള്ള സൗകര്യം നൽകാമെന്ന് അവർ പറഞ്ഞിരുന്നു. ബിപിനെയും പൊക്കി സ്റ്റേഷനിൽ നാലരയ്ക്ക് എത്തുമ്പോൾ ഞങ്ങൾക്ക് പോകാനുള്ള വണ്ടി അവിടെ സ്റ്റാർട്ടാക്കി നിർത്തിയിട്ടുണ്ടായിരുന്നു. ഡിപ്പോയിൽ കയറ്റി കാർ പാർക്ക് ചെയ്ത് വണ്ടിയിൽ കയറുമ്പോൾ അധികം ആളുകൾ എത്തിയിട്ടില്ല. ഒരു ഫാസ്റ്റ് പാസഞ്ചർ ബസ് ആണ് ട്രിപ്പിനായുള്ള ശകടം. ഞങ്ങൾക്കായുള്ള മുന്നിലെ ഒന്നാം നമ്പർ സീറ്റിൽ സ്ഥാനം പിടിച്ചു. കണ്ടക്ടർ സുനിലിനേയും ഡ്രൈവർ ഉമേഷിനെയും പരിചയപ്പെട്ടു. വണ്ടി ഹൗസ് ഫുൾ ആണ്. നാൽപ്പത്തിയെട്ട് പേര് ഉള്ളതിൽ പത്തോളംപേർ വഴിയിൽ നിന്നും കയറും. ബാക്കിയുള്ളവരെ കാത്ത് വണ്ടി കുറച്ചു സമയം കൂടി കിടന്നു. അങ്ങനെ കൃത്യം അഞ്ചേ കാലിന് ആലപ്പുഴയിൽ നിന്നുമുള്ള ആദ്യ അരിപ്പ സർവീസ് ഞങ്ങളെയുംകൊണ്ട് സ്റ്റാന്റ് വിട്ടു.  


വണ്ടിയിലേക്ക് ഇരച്ചെത്തിയ തണുപ്പിൻറെ ആലസ്യത്തിൽ മിക്കവരും ഉറക്കത്തിലേക്ക് വഴുതിവീണു. കായംകുളം, അടൂർ കഴിഞ്ഞ് കൊട്ടാരക്കര എത്തിയപ്പോൾ കുളത്തൂപ്പുഴ ഡിപ്പോയിലെ സുരേഷ് സാർ വണ്ടിയിൽ കയറിയതോടെയാണ് ആലസ്യം വിട്ട് എല്ലാവരും ഒന്നുണർന്നത്. 

"ഇതെന്താ? ട്രിപ്പ് എന്നും പറഞ്ഞ് വന്നിട്ട് എല്ലാവരും ഇങ്ങനെ ബലം പിടിച്ചിരിക്കുവാണോ?" എന്ന് ചോദിച്ചുകൊണ്ട് സുരേഷ് സാർ എല്ലാവരെയും പരിചയപ്പെടുത്താൻ ക്ഷണിച്ചു. താമസിയാതെ ഈ ട്രിപ്പിന് പിന്നിലെ ബുദ്ധികേന്ദ്രം, കുളത്തൂപ്പുഴ ഡിപ്പോയിലെത്തന്നെ സിയാദ് സാറും കയറിയതോടെ ആകെ ഉഷാറായി. എല്ലാവർക്കും ഒന്ന് ഫ്രഷ് ആകാൻ വണ്ടി ആദ്യം കുളത്തൂപ്പുഴ സ്റ്റേഷനിൽ ഒന്ന് നിർത്തി. തുടർന്ന് അരിപ്പയിലേക്ക് പോകുന്നതിനു മുൻപായി ഏവർക്കും ഒരു അത്ഭുതം കാട്ടിത്തരാമെന്നുപറഞ്ഞ് വണ്ടി പ്രശസ്തമായ കുളത്തൂപ്പുഴ അയ്യപ്പക്ഷേത്രത്തിൻറെ സമീപത്തായി പാർക്ക് ചെയ്തു. അമ്പലത്തിലേക്കുള്ള പാലത്തിലേക്ക് ഏവരെയും നയിച്ചിട്ട് താഴെയായി വെള്ളത്തിൽ പൂണ്ടു വിളയാടുന്ന "ദൈവതിരുമക്കൾ"എന്ന് വിളിക്കപ്പെടുന്ന മൽസ്യക്കൂട്ടത്തെ കാട്ടിത്തന്നു. കല്ലടയാറിന്റെ കൈവഴിയായ കുളത്തൂപ്പുഴ നദിയിൽ നല്ല രീതിയിൽ ഒഴുക്കുണ്ടായിരുന്നു എങ്കിലും കാലാകാലങ്ങളായി അമ്പലത്തിൻറെ തിരുമുറ്റത്തായി സ്ഥിരതാമസമാക്കിയിരിക്കുന്ന മത്സ്യക്കൂട്ടം തികച്ചും അതിശയകരമായി തോന്നി. ഓരോന്നും നാലും അഞ്ചും കിലോ എങ്കിലും വലുപ്പം ഉള്ളവയായതിനാൽ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടും. വർഷാവർഷങ്ങളായി ഉണ്ടായ വെള്ളപ്പൊക്കങ്ങളെയും അതിജീവിച്ച് നൂറ്റാണ്ടുകളായി അവ അവിടെ താമസിച്ചുപോരുന്നു.

കുളത്തൂപ്പുഴ അമ്പലത്തിന് മുന്നിൽ നിന്നുമുള്ള ദൃശ്യം 

തുടർന്ന് ഞങ്ങൾ സമീപത്തായിത്തന്നെയുള്ള അരിപ്പ വന്യജീവിസങ്കേതത്തിൽ പ്രവേശിച്ച് യാത്ര അതിൻറെ രണ്ടാമത്തെ ഘട്ടത്തിലേക്ക് കടക്കുമ്പോൾ സമയം ഒൻപത് കഴിഞ്ഞു. നല്ല തെളിഞ്ഞ അന്തരീക്ഷം ഏവരുടെയും മനംകുളിർപ്പിച്ചു. വണ്ടി ഫോറസ്റ്റ് ഓഫീസിന് സമീപത്തായി പാർക്ക് ചെയ്ത് എല്ലാവരും രണ്ട് ഫോറസ്റ്റ് ഓഫീസർമാരുടെ അകമ്പടിയോടെ ഏകദേശം അരക്കിലോമീറ്റർ ഉള്ളിലായി സ്ഥിതിചെയ്യുന്ന ഫോറസ്റ്റ് ക്യാമ്പുകളിലേക്ക് നടന്നു. ആയിരം രൂപയുടെ പാക്കേജിൽ മൂന്ന് നേരത്തെ ഭക്ഷണം ഉൾപ്പെടുത്തിയിരുന്നു എന്ന് പറഞ്ഞപ്പോൾ പ്രതീക്ഷിച്ചതിലും ഉജ്ജ്വലമായ ബ്രേക്ക് ഫാസ്റ്റാണ് അവിടെ ഞങ്ങൾക്ക് വിളമ്പിയത്. ഇഡ്ഡലിയും സാമ്പാറും അപ്പവും ഉരുളക്കിഴങ്ങ് കറിയും ചപ്പാത്തിയും ചട്ണിയും ഉഴുന്നുവടയുമൊക്കെയായി കെ.എസ്.ആർ.ടി.സി ഞങ്ങളെ അതിശയിപ്പിച്ചു. യാത്രികർക്ക് ആവശ്യത്തിന് കുടിവെള്ളവും ബിസ്ക്കറ്റും വിതരണം ചെയ്തശേഷം എല്ലാവർക്കും ഫോറസ്റ്റ് ഓഫീസർമാർ വനത്തിൽ പാലിച്ചിരിക്കേണ്ട നിയമങ്ങളെക്കുറിച്ച് വിശദീകരിച്ചുതന്നു. വനം വകുപ്പ് ജീവനക്കാരായ നാല് ഗൈഡുമാർ അവിടെ ഞങ്ങളോടൊപ്പം ചേർന്നു. ഏവരും ചേർന്ന് ഒരു ഗ്രൂപ്പ് ഫോട്ടോ കൂടി എടുത്തശേഷം രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് ട്രക്കിങ് ആരംഭിച്ചു. 

ആനവണ്ടി അരിപ്പയിൽ 

അരിപ്പ ഫോറസ്റ്റ് ക്യാമ്പിലേക്കുള്ള യാത്ര 

അരിപ്പ ഫോറസ്റ്റ് ക്യാമ്പ് 

സഞ്ചാരികൾക്ക് താമസിക്കുവാൻ വനം വകുപ്പ് തയ്യാറാക്കുന്ന ഹട്ടുകൾ 

ഞങ്ങളുടെ ടീം ഫോറസ്റ്റ്, കെ.എസ്.ആർ.ടി.സി അധികൃതർക്കൊപ്പം 

ഡ്രൈവർ ഉമേഷ് (വലത്ത് യൂണിഫോം), കണ്ടക്ടർ സുനിൽ (ഇടത്ത് യൂണിഫോം, സുരേഷ് സാർ (ഇടത്തുനിന്നും മൂന്നാമത്തേത്), സിയാദ് സാർ (വലത്തുനിന്നും നാലാമത്), ഞങ്ങളുടെ ഗൈഡ് ശിവ (വലത്തുനിന്നും രണ്ടാമത്) ബാക്കി ഗൈഡുമാർക്കൊപ്പം. ഫോട്ടോ : സഹയാത്രികൻ ഡിസ്‌നി മതിലകം)


വനത്തിലേക്ക് കടക്കും മുൻപ് അരിപ്പ വന്യജീവി സങ്കേതത്തെ കുറിച്ച് രണ്ടുവാക്ക്. കൊല്ലം തിരുവനന്തപുരം അതിർത്തിയിലായി കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചിലാണ് അരിപ്പ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്. സാധാരണ പ്രകൃതിയിൽ നിന്നും അപൂർവതയെ അരിച്ചുമാറ്റുന്ന കാടിൻറെ ശേഷിപ്പ് എന്ന നിലയിൽ ആ പേരിനോട് നീതീകരിക്കുന്ന ഒട്ടേറെ സവിശേഷതകൾ നിറഞ്ഞ സ്ഥലം. അപൂർവ്വയിനം പക്ഷികളുടെ വലിയൊരു സങ്കേതമായതിനാൽ പക്ഷി നിരീക്ഷകരുടെ പ്രിയപ്പെട്ട സ്ഥലമാണത്. ആന, കാട്ടുപോത്ത്, മലയണ്ണാൻ, പുലി, മ്ലാവ്, മാനുകൾ തുടങ്ങി വിവിധയിനം വന്യജീവികളാൽ സമ്പന്നം. സമീപകാലത്തായി കടുവയെയും കാണാറുണ്ടെന്ന് ഞങ്ങളുടെ ഗൈഡായി വന്ന തദ്ദേശവാസി ശിവ സാക്ഷ്യപ്പെടുത്തി. വയനാട്, ഇടുക്കി വനമേഖലകളെ അപേക്ഷിച്ച് അധികം ഉയരമില്ലാത്ത വനമേഖലയായതിനാൽ സാധാരണക്കാർക്ക് ട്രക്കിങ് നടത്താൻ പറ്റിയ പ്രദേശം. 



ഞങ്ങളുടെ ട്രക്കിങ് ടീം 


മിറിസ്റ്റിക്ക കണ്ടൽ കാട് 








പരിചയസമ്പന്നനായ ഗൈഡ് ശിവയ്‌ക്കൊപ്പം ഞങ്ങൾ കാടിനുള്ളിലേക്ക് കയറി. വഴി എന്നത് ഒരു സങ്കൽപ്പം മാത്രം. ഗൈഡ് മുന്നിൽ നയിക്കുന്ന വഴിയിലൂടെ നടക്കുക എന്നതല്ലാതെ വേറെ ഒന്നും ചെയ്യാൻ പറ്റാത്ത രീതിയിലെ പാത. വന്യജീവികളെ കാണണമെങ്കിൽ വെളുപ്പിനെ ഏഴ് മണിക്ക് മുൻപ് യാത്ര ചെയ്യണമെന്ന് ശിവ പറഞ്ഞു. എങ്കിലും വഴികളിൽ കാട്ടുപോത്ത് ഉൾപ്പെടെയുള്ള ജീവികളുടെ കുളമ്പടികൾ ദൃശ്യമായിരുന്നു. മലയണ്ണാൻ, കരിംകുരങ്ങ് തുടങ്ങിയവയെ ഇടയ്ക്ക് കണ്ടെങ്കിലും മഴയിൽ കുളിച്ചുതുവർത്തി നിൽക്കുന്ന കാടിൻറെ ഹരിതഭംഗി തന്നെയായിരുന്നു ഏറ്റവും ആകർഷണീയം. പത്തേകാലിന് ആരംഭിച്ച ട്രക്കിങ് ഒന്നര കഴിഞ്ഞപ്പോളാണ് തിരികെ ക്യാമ്പിലെത്തി അവസാനിച്ചത്. ഇടയ്ക്ക് കുളിക്കാൻ പറ്റിയ ചെറിയൊരു വെള്ളച്ചാട്ടവും അരിപ്പയുടെ ഏറ്റവും വലിയ പ്രത്യേകതയായ മിറിസ്റ്റിക്ക കണ്ടൽ ചതുപ്പുകളും ഞങ്ങളുടെ കുറെ സമയം അപഹരിക്കുകയും മനസിനെ കുളിർപ്പിക്കുകയും ചെയ്തു. ഒരിടത്ത് വെച്ച് അതിരൂക്ഷമായ ആനച്ചൂര് അനുഭവപ്പെട്ടതോടെ ഗൈഡ് ജാഗരൂകനായി. രണ്ട് കുട്ടിയാനകളോട് കൂടിയ ആനക്കൂട്ടം പ്രദേശത്ത് കറങ്ങിനടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾ ആനക്കൂട്ടത്തിൽ ഉള്ളതിനാലും ഞങ്ങളുടെ കൂടെ ധാരാളം ആളുകൾ ഉള്ളതിനാലും അപകട സാധ്യത മുന്നിൽക്കണ്ട് റിസ്‌ക് എടുക്കാതെ വേറെ വഴി സ്വീകരിച്ച് ഞങ്ങൾ യാത്ര തുടർന്നു. മഴ ഒഴിഞ്ഞുള്ള സമയമായതിനാൽ അട്ടയുടെ ശല്യം അതിരൂക്ഷമായിരുന്നു. ഞങ്ങളുടെ കൂട്ടത്തിലെ ഓരോരുത്തർക്കും പത്തോളം അട്ടകടി എങ്കിലും കിട്ടുകയുണ്ടായി. കയ്യിൽ കരുതിയ സാനിട്ടയ്‌സർ ഒന്ന് സ്പ്രേ ചെയ്യുമ്പോൾ ഉടൻ അവ വിട്ടുപോകും എങ്കിലും കടിച്ചാൽ അറിയാത്തതിനാൽ ചോരപ്പുഴ ഒഴുക്കിത്തന്നെയാണ് ഞങ്ങൾ ട്രക്കിങ് പൂർത്തിയാക്കിയത്. ഗൈഡ് ശിവയുടെയൊക്കെ താമസസ്ഥലമായ ട്രൈബൽ സെറ്റിൽമെൻറ് കടന്നുപോയതും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. 

അട്ടയുടെ അറ്റാക്ക് 

ട്രക്കിങ് പൂർത്തിയാക്കിയെത്തിയ ഞങ്ങൾക്ക് നല്ല പൊളപ്പൻ കേരക്കറി ഉൾപ്പെടെയുള്ള ചോറാണ് ഉച്ചഭക്ഷണമായി നൽകിയത്. അതും എബൗ ആവറേജ് എന്ന് തന്നെ പറയാം. ഉച്ചകഴിഞ്ഞുള്ള ലൊക്കേഷനായ കുടുക്കത്ത് പാറയിൽ അഞ്ചുമണിവരെ മാത്രമാണ് സന്ദർശക സമയം എന്നതിനാൽ എത്രയുംപെട്ടെന്ന് അരിപ്പയിൽ നിന്നും യാത്രതിരിക്കേണ്ടതുണ്ടായിരുന്നു. മൂന്നര ആയതോടെ ഞങ്ങൾ ആ ഫോറസ്റ്റ് ജീവനക്കാരോടും ഗൈഡുമാരോടും കെ.എസ്.ആർ.ടി.സി ഹെഡ് ഓഫീസിൽ നിന്നും വന്ന ഓഫീസറോടും സുരേഷ് സാറിനോടും യാത്ര പറഞ്ഞ് കുടുക്കത്ത് പാറയിലേക്ക് യാത്രയായി.

ഉച്ചഭക്ഷണം 

അരിപ്പയിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ അപ്പുറത്തായാണ് കുടുക്കത്തുപാറ. അതിൽ അഞ്ച് ആറുകിലോമീറ്ററോളം കാടിനുള്ളിലൂടെയാണ് യാത്ര. ബസ് ഒന്നരക്കിലോമീറ്റർ മുൻപിൽ വരെയേ പോകൂ. ബാക്കി നടക്കണം. ചെറിയ വണ്ടികൾ പാറയുടെ ചുവട്ടിൽ വരെ പോകും. കുടുക്കത്തുപാറയിൽ വണ്ടി ഇറങ്ങുമ്പോൾ തന്നെ മഴ ചെറുതായി ആരംഭിച്ചിരുന്നു. എന്തായാലും ആരുടേയും യാത്രയെ തടസപ്പെടുത്താൻ മാത്രം ശക്തമല്ലാത്തതിനാൽ എല്ലാവരും അതിനെ അവഗണിച്ചുതന്നെ മുന്നോട്ട് നടന്നു. 

കുടുക്കത്ത് പാറയിൽ 


840 മീറ്റർ ഉയരത്തിലായി നിൽക്കുന്ന മൂന്ന് കൂറ്റൻ പാറകളാണ് കുടുക്കത്തുപാറ എക്കോ ടൂറിസം പദ്ധതിയിലെ പ്രധാന ആകർഷണം. അതിൽ സഞ്ചാരികൾക്ക് 780 മീറ്റർ വരെ കയറുന്നതിന് ടൂറിസം വകുപ്പ് 360 കൽപ്പടവുകളും കൈവരികളും സ്ഥാപിച്ചിട്ടുണ്ട്. അരിപ്പയിൽ ട്രക്കിങ്ങിനെക്കാൾ കുത്തനെയുള്ള 360 സ്റ്റെപ്പുകളുടെ കയറ്റമാണ് ഏവർക്കും യഥാർത്ഥ പരീക്ഷണം ആയത്. മുകളിൽ നിന്നുമുള്ള കാഴ്ച അതിമനോഹരമായിരുന്നു. രണ്ടു പാറകളിലുമായി മൂന്ന് വ്യൂ പോയിന്റുകൾ സംരക്ഷണ വേലി തീർത്ത് ടൂറിസം വകുപ്പ് ഒരുക്കിയിട്ടുണ്ട്. മഴ ഒരു പ്രശ്‌നമായതിനാൽ ക്യാമറ പുറത്തെടുക്കാൻ സാധിച്ചില്ല എങ്കിലും അവിടെ നിന്നുമുള്ള വ്യൂ മനംകുളിർപ്പിക്കുന്നതായിരുന്നു. ഏറ്റവും മുകളിൽ നിന്നും നോക്കിയാൽ തമിഴ്‌നാട്ടിലെ ഒരു ജില്ല ഉൾപ്പെടെ അഞ്ച് ജില്ലകൾ കാണാൻ സാധിക്കുമത്രേ. ഒട്ടേറെ വിനോദസഞ്ചാര സാദ്ധ്യതകൾ ഉള്ള സ്ഥലമാണ് കുടുക്കത്തുപാറ എന്ന് തോന്നി. മറ്റൊരു ജടായുപ്പാറ (ഒരുപക്ഷെ അതുക്കും മേലെ) ആക്കി മാറ്റാനുള്ള എല്ലാ സവിശേഷതകളും അവിടുണ്ട്. ഒരു റോപ്പ് വേ, മുകളിൽ ദൂരദർശിനികളും സ്റ്റാഫുകളുടെ സാന്നിധ്യവും കൂടെ ഉണ്ടെങ്കിൽ ഉഷാറായേനെ. എന്തായാലും ടൂറിസം വകുപ്പ് നിലവിൽ ഒരുക്കിവെച്ചിരിക്കുന്ന സുരക്ഷാ സംവിധാനങ്ങളെ അഭിനന്ദിക്കാതെ തരമില്ല. തിരികെ ബസിലേക്ക് നടക്കുമ്പോൾ സമയം അഞ്ച് കഴിഞ്ഞതേയുള്ളൂ എങ്കിലും നല്ല ഇരുൾ പരന്നുതുടങ്ങിയിരുന്നു. 

കുടുക്കത്തുപാറ ചിത്രങ്ങൾക്ക് കടപ്പാട് സഹയാത്രികൻ ശ്രീ ഡിസ്‌നി മതിലകം 




അവിടെനിന്നും ഒരു കിലോമീറ്റർ മാറി ഞങ്ങൾക്കായി ചായ തയ്യാറാക്കി നിർത്തിയിരുന്നു. യാത്രയ്ക്കിടെ തോന്നിയ മൂത്രശങ്ക മണിക്കൂറുകൾ പിടിച്ചുവെച്ച് ഒരു അവസരം കിട്ടിയപ്പോൾ തകർത്തൊഴിക്കുന്നതുപോലെ അതുവരെ ഞങ്ങൾക്കായി മാറിനിന്നുതന്ന മഴ അപ്പോഴേക്കും തകർത്തുപെയ്യാൻ തുടങ്ങി. ചൂട് ചായയും വടയും ബിസ്കറ്റുകളും കഴിച്ച ശേഷം എല്ലാവരും തിരികെ വണ്ടിയിൽ കയറി. ഞങ്ങളെ അഞ്ചലിലേക്കുള്ള റോഡിൽ എത്തിച്ച ശേഷം എല്ലാവരോടും യാത്രപറഞ്ഞ് സിയാദ് സാർ ഇറങ്ങി. നല്ലൊരു യാത്ര കഴിഞ്ഞ സന്തോഷത്തോടെ രാത്രി പത്തുമണിയോടെ ഞങ്ങളും ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ വെച്ച് ആ ആനവണ്ടിയോടും സഹയാത്രികരായിത്തന്നെ കൂടെ നിന്ന സുനിൽ സാറിനോടും ഉമേഷ് സാറിനോടും യാത്രപറഞ്ഞു. 

കെ.എസ്.ആർ.ടി.സി ആദ്യമായി നടത്തിയ ആലപ്പുഴ - അരിപ്പ സർവീസിനെ കുറിച്ച് എന്താണ് അഭിപ്രായം എന്ന് ചോദിച്ചാൽ ഈ മുകളിൽ പറഞ്ഞിരിക്കുന്നതൊക്കെ വായിച്ചപ്പോൾ എന്ത് തോന്നി, അതുതന്നെയാണ് അഭിപ്രായം. എങ്കിലും ഏതാനും നിർദ്ദേശങ്ങൾ ആലപ്പുഴ കെ.എസ്.ആർ.ടി.സി അധികാരികളോട് ഈ സർവീസിനെ കൂടുതൽ ഉജ്ജ്വലമാക്കുവാൻ വേണ്ടി മുന്നോട്ടു വെക്കുന്നു.

1. കുറഞ്ഞത് സൂപ്പർ ഫാസ്റ്റ് നിലവാരത്തിലേക്കിലുമുള്ള ബസ് ഈ സർവീസിന് നൽകേണ്ടതാണ്. അശോക് ലൈലാണ്ടിന്റെ ഫാസ്റ്റ് പാസഞ്ചർ വണ്ടി താരതമ്യേന ചെറിയ കയറ്റങ്ങളായിരുന്നിട്ട് പോലും നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. മുന്നിലെ സീറ്റിൽ ഇരുന്നത് കൊണ്ട് ഡ്രൈവർ ഉമേഷ് സാർ നല്ലത് പോലെ കഷ്ടപ്പെടുന്നത് നേരിട്ട് കാണേണ്ടി വന്നു. അതേപോലെ സിറ്റിങ് അൽപ്പം കൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്. 

2. 48 പേര് ഇതുപോലുള്ള ട്രക്കിങ് ട്രിപ്പിൽ വളരെ കൂടുതലാണ്. എല്ലാ സീറ്റിലും നിറഞ്ഞുള്ള യാത്ര അത്ര സുഖകരം ആവില്ല എന്ന് മാത്രമല്ല. രണ്ടു ടീമായി തിരിച്ച് ആണെങ്കിൽ പോലും ഇരുപതിന്‌ മുകളിലുള്ള ആൾക്കൂട്ടത്തെയും കൊണ്ട് ട്രക്കിങ് നടത്തുന്നത് അത്ര സുരക്ഷിതമല്ല. സമയബന്ധിതമായി ട്രിപ്പ് തീർക്കുന്നതിനും അത് ബുദ്ധിമുട്ടാകും. റേറ്റ് അൽപ്പം കൂട്ടിയാലും ഈ സംവിധാനം ആസ്വദിക്കാൻ ആളുകൾ എത്തുമെന്നാണ് എനിക്ക് തോന്നുന്നത്. അപ്പോൾ റേറ്റ് അൽപ്പം കൂട്ടി ആളുകളുടെ എണ്ണം മുപ്പതോ മറ്റോ ആയി നിജപ്പെടുത്തിയാൽ നന്നായിരിക്കും.

3. യാത്ര ആരംഭിക്കുന്ന സമയം അൽപ്പം നേരത്തെ ആക്കിയാൽ യാത്രക്കാർക്ക് രണ്ടു സ്ഥലങ്ങളും അത്യാവശ്യം നന്നായി ആസ്വദിക്കാൻ സാധിക്കും. ഒട്ടേറെ സാദ്ധ്യതകൾ ഉണ്ടായിരുന്ന കുടുക്കത്തുപാറ ഞങ്ങൾക്ക് വളരെപ്പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നു. യാത്ര കൃത്യം നാലരയ്ക്ക് ആലപ്പുഴ നിന്നും ആരംഭിക്കുന്ന രീതിയിൽ ആക്കിയാൽ വേറൊരു ലെവൽ ആയേക്കും.

എൻറെ റേറ്റിങ് :

ഭക്ഷണം : 4/5 

ജീവനക്കാർ : 4.5/5 

ട്രക്കിങ് : 4.5/5

വണ്ടി : 3/5

മറ്റ് സേവനങ്ങൾ : 4/5

മൊത്തത്തിൽ : 4/5

അവസാന വാക്ക്: പരമാവധി ആളുകൾ ഈ സംവിധാനം പ്രയോജനപ്പെടുത്തേണ്ടതാണ്. ഒരു റിസ്കും ഇല്ലാതെ ഫ്രീ ആയി ആസ്വദിക്കാൻ കെ.എസ്.ആർ.ടി.സിയുടെ ഈ സർവീസ് പ്രയോജനപ്പെടുത്താം. ഡ്രൈവിംഗ്, പാർക്കിങ് തുടങ്ങിയ റിസ്‌ക്കുകൾ അറിയേണ്ട, ഭക്ഷണത്തിനായി അലയേണ്ട, ഗൈഡ്, ട്രക്കിങ് പാസ്, തുടങ്ങിയ ഒന്നിനെക്കുറിച്ചും അറിയേണ്ട. ചുമ്മാ സമയത്ത് വണ്ടിയിൽ കയറി ഇരിക്കുക, ആസ്വദിക്കുക. ഇതിലും കുറഞ്ഞ റേറ്റിൽ ഇത്തരം സൗകര്യങ്ങൾ സ്വപ്‌നത്തിൽ മാത്രം. മലക്കപ്പാറ, അരിപ്പ തുടങ്ങി ഗവി പോലുള്ള വിവിധ ലൊക്കേഷനാണുകളിലേക്ക് ഇനിയും  സർവീസുകൾ ആരംഭിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ഈ യാത്രാനുഭവം ഒരുക്കിയതിന് കെ.എസ്.ആർ.ടി.സിയോടും, ജൂഡിനോടും, ഏകമനസോടെ യാത്ര ആസ്വദിച്ച 47 സഹയാത്രികരോടും ഫോറസ്റ്റ് ജീവനക്കാരോടും നന്ദി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുന്നു. 

Wednesday, November 17, 2021

വായനാനുഭവം : മയ്യഴിപ്പുഴയുടെ തീരങ്ങളിൽ


മലയാള സാഹിത്യത്തിലെ ക്ലാസ്സിക് കൃതികളിൽ ഒന്നാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ. കേരളത്തിൻറെ ഉള്ളിൽ സ്ഥിതിചെയ്യുകയും എന്നാൽ കേരളത്തിന്റേതല്ലാതെ നിലകൊള്ളുകയും ചെയ്യുന്ന മാഹിയുടെ അഥവാ മയ്യഴിയുടെ ജീവിതം മലയാളിക്ക് ചിരപരിചിതമാക്കിത്തന്ന മഹാനായ എഴുത്തുകാരൻ, ശ്രീ. എം മുകുന്ദൻറെ ഒരു മാസ്റ്റർപീസ്. ഒരു നായക കഥാപാത്രത്തെ ആധാരമാക്കി ഒരു ദേശത്തിന്റെയും അവിടെയുള്ള ആൾക്കാരുടെയും ജീവിതത്തിലെ കാലാനുവർത്തിയായ മാറ്റങ്ങൾ ചിത്രീകരിക്കുന്ന ഒട്ടേറെ കൃതികൾ മലയാളത്തിൽതന്നെ നമ്മൾ കണ്ടിട്ടുണ്ട്. രാമറെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ട് യു കെ കുമാരൻ തക്ഷൻകുന്നിൻറെ വളർച്ചയും ശ്രീധരനെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ട് പൊറ്റക്കാട് അതിരാണിപ്പാടത്തിലെ ജീവിതങ്ങളും വിവരിച്ചുതന്നത് വായനക്കാരുടെ ഹൃദയങ്ങളെ കീഴടക്കുന്നു. അതേപോലൊരു കഥാ വിവരണമാണ് ദാസനെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ട് എം മുകുന്ദനും മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സ്വീകരിച്ചിരിക്കുന്നത്. പക്ഷെ എം മുകുന്ദന്റെ സ്വതസിദ്ധമായ രചനാശൈലികൊണ്ടും മയ്യഴി എന്ന ഫ്രഞ്ച് കോളനിയിലെ ജീവിതങ്ങൾ നാം കണ്ടുശീലിച്ച ജീവിതങ്ങളിൽനിന്നും വ്യത്യസ്തമായതിനാലും ഈ പുസ്തകം വേറിട്ടുനിൽക്കുന്നു. 

വിദേശാധിപത്യത്തിനെ ജീവൻ പണയംവെച്ചും കെട്ടുകെട്ടിച്ച് സ്വാതന്ത്ര്യം നേടിയെടുക്കാൻ ശ്രമിച്ച പൂർവ്വികരെക്കുറിച്ച് മാത്രമേ നമ്മൾ കേട്ടിട്ടുള്ളൂ. എന്നാൽ മയ്യഴിയിലെ പ്രായമുള്ളവർ അവരെ ഭരിക്കുന്ന ഫ്രഞ്ച് ഭരണാധികാരികളെ ദൈവങ്ങളെപ്പോലെ കാണുന്ന കാഴ്ച്ച വേറിട്ടൊരു അനുഭവമായി. അന്ത്യശ്വാസം വലിക്കുന്ന സമയത്തും കുറുമ്പിയമ്മ ചോദിക്കുന്നത് മയ്യഴിവിട്ടുപോയ സായിപ്പന്മാർ മടങ്ങി എത്തിയോ എന്നാണ്. മയ്യഴിയിൽ നടന്ന സ്വാതന്ത്ര്യ സമരത്തെ ഒട്ടൊക്കെ വിശദമായിത്തന്നെ പുസ്തകത്തിൽ വരച്ചുകാട്ടുന്നു. ആ സ്വാതന്ത്ര്യത്തിനായി ദാസൻ തൻറെ ജീവിതത്തെ ഹോമിക്കുന്നത് ഹൃദയത്തിൽ ഒരു വിങ്ങലോടെയല്ലാതെ വായിക്കുവാൻ സാധിക്കില്ല. വാസൂട്ടി ചെയ്തതുപോലെ സ്വന്തന്ത്ര്യം നേടിയതിനു ശേഷമെങ്കിലും ദാസൻ സ്വന്തം ജീവിതത്തെ കുറിച്ച് ചിന്തിച്ചിരുന്നെങ്കിൽ, കണാരേട്ടൻ പറഞ്ഞ ജോലി സ്വീകരിച്ച് ചന്ദ്രികയെയും കല്യാണം കഴിച്ച് കഴിഞ്ഞിരുന്നെങ്കിൽ ഇങ്ങനെയൊന്നും ചിന്തിക്കാതെ ആ പുസ്തകം വായിച്ചുതീർക്കാനാവില്ല. 

സ്വാതന്ത്ര്യസമരവും മയ്യഴിയിലെ ജീവിതങ്ങളും വിവരിക്കുന്നതിനോടൊപ്പം ദാസൻറെ പ്രണയത്തെയും അതിമനോഹരമായിത്തന്നെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ അനുഭവേദ്യമാക്കുന്നുണ്ട്. ഇതുവരെയും കാണാത്ത ആ പുഴയുടെ തീരങ്ങളിൽ ആ കഥയിൽ വർണ്ണിക്കുന്ന മൂപ്പൻകുന്നും, പള്ളിയും, വെള്ളിയാങ്കല്ലും ഒക്കെ കണ്ടുകൊണ്ട് ഒരിക്കൽ നടക്കണം, ദാസൻ നടന്നത് പോലെ. വായിച്ചു കഴിഞ്ഞാലും കഥാപാത്രങ്ങൾ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന മറ്റൊരു വായനാനുഭവം. 

Monday, November 1, 2021

വായനാനുഭവം - കുരുമുളക്


  മലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള എഴുത്തുകാരനാണ് ശ്രീ എസ്.കെ പൊറ്റക്കാട്. അദ്ദേഹത്തിൻറെ "ഒരു ദേശത്തിൻറെ കഥ" വായിച്ചുകൊണ്ടായിരുന്നു, ബാലപ്രസിദ്ധീകരണങ്ങളിൽ നിന്നും പുസ്‌തകങ്ങളുടെ ലോകത്തിലേക്ക് ഞാൻ എത്തിയത്. ആ കൃതി അത്രയ്ക്ക് ഇഷ്ടമായതിനാൽ അനേകം തവണ വായിക്കുകയും പിന്നീട് അതുപോലെയുള്ള കൃതികൾ ഉണ്ടോ എന്ന് തിരക്കി വായന തുടരുകയും ചെയ്‌തു. പൊറ്റക്കാടിൻറെ ഓരോ കൃതിയെയും ആ ഒരു പ്രതീക്ഷയോടെയാണ് സമീപിക്കുന്നത്. എന്നാൽ ഒട്ടൊരു നിരാശ സമ്മാനിച്ച ഒരു കൃതിയാണ് അദ്ദേഹത്തിന്റെ "കുരുമുളക്"എന്ന നോവൽ. എസ്. കെ.പൊറ്റക്കാടിനെ പോലൊരു ഇതിഹാസത്തിന്റെ കൃതിയെ കേറി നിരൂപിച്ചുകളയാം എന്നൊന്നും വിചാരിക്കുന്നില്ല. ഒരു വ്യത്യസ്തമായ രീതിയിലെ അവതരണം. മോഡേൺ ആർട്ട് എന്നൊക്കെ പറയുന്നത് പോലൊരു നിർമ്മിതി, അതിൻറെ അർത്ഥങ്ങൾ അത്ര മനസിലായില്ല എന്നത് എൻറെ പോരായ്മയാവാം. 

സമാന്തരമായി ഒട്ടേറെ ജീവിതങ്ങളെ വിവരിച്ചുകൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. മനുഷ്യരുടെ സ്വാഭാവത്തിലെ നിഗൂഢതകളെ വിവരിച്ചുകൊണ്ടുള്ള ആ അധ്യായങ്ങൾക്കും കഥാപാത്രങ്ങൾക്കും പിന്നീട് ഒരു പ്രാധാന്യവും കണ്ടില്ല. അവസാന ഭാഗങ്ങളിൽ മുഴുവൻ വയനാടൻ മേഖലയിൽ കേരള രൂപീകരണ സമയത്തെ ഒരു തിരഞ്ഞെടുപ്പിനെ സൂക്ഷ്‌മമായി വിവരിച്ചിരിക്കുന്നു. ആ തിരഞ്ഞെടുപ്പ് സാക്ഷാൽ പൊറ്റക്കാട് ആദ്യമായി മത്സരിച്ച് പരാജയപ്പെട്ട തിരഞ്ഞെടുപ്പിന്റെ അനുഭവക്കുറിപ്പാണെന്ന് പിന്നീട് മനസിലാകും. അങ്ങനെ അൽപ്പം ആത്മകഥാംശം ഉള്ള കൃതി ആണെന്നല്ലാതെ എടുത്തുപറയത്തക്ക ഒരു കഥാംശം എനിക്ക് കണ്ടെത്താനായില്ല. 

ഒട്ടേറെ കഥകളെ കോർത്തിണക്കിക്കൊണ്ട് സംവിധായകൻ ശ്രീ രഞ്ജിത്ത് 2009 ഇൽ "കേരളാ കഫെ" എന്നൊരു സിനിമ ചെയ്‌തിരുന്നു. പിന്നീട് അത് പോലെ വേറെയും സിനിമകൾ മലയാളത്തിൽ ഉണ്ടായി. അത് പോലെ വിവിധ ജീവിതങ്ങളെ കോർത്തിണക്കിക്കൊണ്ട് ശ്രീ.എസ്.കെ.പൊറ്റക്കാട് അക്കാലഘട്ടത്തിൽ നടത്തിയ പരീക്ഷണം ആയിരുന്നോ "കുരുമുളക്" എന്ന് അറിയാൻ പാടില്ല.