Wednesday, November 17, 2021

വായനാനുഭവം : മയ്യഴിപ്പുഴയുടെ തീരങ്ങളിൽ


മലയാള സാഹിത്യത്തിലെ ക്ലാസ്സിക് കൃതികളിൽ ഒന്നാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ. കേരളത്തിൻറെ ഉള്ളിൽ സ്ഥിതിചെയ്യുകയും എന്നാൽ കേരളത്തിന്റേതല്ലാതെ നിലകൊള്ളുകയും ചെയ്യുന്ന മാഹിയുടെ അഥവാ മയ്യഴിയുടെ ജീവിതം മലയാളിക്ക് ചിരപരിചിതമാക്കിത്തന്ന മഹാനായ എഴുത്തുകാരൻ, ശ്രീ. എം മുകുന്ദൻറെ ഒരു മാസ്റ്റർപീസ്. ഒരു നായക കഥാപാത്രത്തെ ആധാരമാക്കി ഒരു ദേശത്തിന്റെയും അവിടെയുള്ള ആൾക്കാരുടെയും ജീവിതത്തിലെ കാലാനുവർത്തിയായ മാറ്റങ്ങൾ ചിത്രീകരിക്കുന്ന ഒട്ടേറെ കൃതികൾ മലയാളത്തിൽതന്നെ നമ്മൾ കണ്ടിട്ടുണ്ട്. രാമറെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ട് യു കെ കുമാരൻ തക്ഷൻകുന്നിൻറെ വളർച്ചയും ശ്രീധരനെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ട് പൊറ്റക്കാട് അതിരാണിപ്പാടത്തിലെ ജീവിതങ്ങളും വിവരിച്ചുതന്നത് വായനക്കാരുടെ ഹൃദയങ്ങളെ കീഴടക്കുന്നു. അതേപോലൊരു കഥാ വിവരണമാണ് ദാസനെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ട് എം മുകുന്ദനും മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സ്വീകരിച്ചിരിക്കുന്നത്. പക്ഷെ എം മുകുന്ദന്റെ സ്വതസിദ്ധമായ രചനാശൈലികൊണ്ടും മയ്യഴി എന്ന ഫ്രഞ്ച് കോളനിയിലെ ജീവിതങ്ങൾ നാം കണ്ടുശീലിച്ച ജീവിതങ്ങളിൽനിന്നും വ്യത്യസ്തമായതിനാലും ഈ പുസ്തകം വേറിട്ടുനിൽക്കുന്നു. 

വിദേശാധിപത്യത്തിനെ ജീവൻ പണയംവെച്ചും കെട്ടുകെട്ടിച്ച് സ്വാതന്ത്ര്യം നേടിയെടുക്കാൻ ശ്രമിച്ച പൂർവ്വികരെക്കുറിച്ച് മാത്രമേ നമ്മൾ കേട്ടിട്ടുള്ളൂ. എന്നാൽ മയ്യഴിയിലെ പ്രായമുള്ളവർ അവരെ ഭരിക്കുന്ന ഫ്രഞ്ച് ഭരണാധികാരികളെ ദൈവങ്ങളെപ്പോലെ കാണുന്ന കാഴ്ച്ച വേറിട്ടൊരു അനുഭവമായി. അന്ത്യശ്വാസം വലിക്കുന്ന സമയത്തും കുറുമ്പിയമ്മ ചോദിക്കുന്നത് മയ്യഴിവിട്ടുപോയ സായിപ്പന്മാർ മടങ്ങി എത്തിയോ എന്നാണ്. മയ്യഴിയിൽ നടന്ന സ്വാതന്ത്ര്യ സമരത്തെ ഒട്ടൊക്കെ വിശദമായിത്തന്നെ പുസ്തകത്തിൽ വരച്ചുകാട്ടുന്നു. ആ സ്വാതന്ത്ര്യത്തിനായി ദാസൻ തൻറെ ജീവിതത്തെ ഹോമിക്കുന്നത് ഹൃദയത്തിൽ ഒരു വിങ്ങലോടെയല്ലാതെ വായിക്കുവാൻ സാധിക്കില്ല. വാസൂട്ടി ചെയ്തതുപോലെ സ്വന്തന്ത്ര്യം നേടിയതിനു ശേഷമെങ്കിലും ദാസൻ സ്വന്തം ജീവിതത്തെ കുറിച്ച് ചിന്തിച്ചിരുന്നെങ്കിൽ, കണാരേട്ടൻ പറഞ്ഞ ജോലി സ്വീകരിച്ച് ചന്ദ്രികയെയും കല്യാണം കഴിച്ച് കഴിഞ്ഞിരുന്നെങ്കിൽ ഇങ്ങനെയൊന്നും ചിന്തിക്കാതെ ആ പുസ്തകം വായിച്ചുതീർക്കാനാവില്ല. 

സ്വാതന്ത്ര്യസമരവും മയ്യഴിയിലെ ജീവിതങ്ങളും വിവരിക്കുന്നതിനോടൊപ്പം ദാസൻറെ പ്രണയത്തെയും അതിമനോഹരമായിത്തന്നെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ അനുഭവേദ്യമാക്കുന്നുണ്ട്. ഇതുവരെയും കാണാത്ത ആ പുഴയുടെ തീരങ്ങളിൽ ആ കഥയിൽ വർണ്ണിക്കുന്ന മൂപ്പൻകുന്നും, പള്ളിയും, വെള്ളിയാങ്കല്ലും ഒക്കെ കണ്ടുകൊണ്ട് ഒരിക്കൽ നടക്കണം, ദാസൻ നടന്നത് പോലെ. വായിച്ചു കഴിഞ്ഞാലും കഥാപാത്രങ്ങൾ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന മറ്റൊരു വായനാനുഭവം. 

No comments:

Post a Comment