Tuesday, September 20, 2022

വായനാനുഭവം - മീശ


ഒരു മീശയെ ചുറ്റിപ്പറ്റി ശ്രീ.എസ്. ഹരീഷ് രചിച്ച ക്ലാസിക് നോവൽ "മീശ"യെ കുറിച്ചുള്ള വായനാനുഭവമാണ് ഇത്തവണ. എഴുതാൻ വേണ്ടി എഴുതുന്നതല്ലാതെ ഒരു നോവൽ വായിച്ചു തീർത്തുകഴിയുമ്പോൾ അതിനെക്കുറിച്ച് ആരോടെങ്കിലും സംസാരിക്കണം എന്ന് തോന്നുകയും അതിൻറെ ഫലമായി കുറിക്കപ്പെടുകയും ചെയ്യുന്ന വായനാനുഭവങ്ങളുണ്ട്. ആ ഗണത്തിൽപ്പെടുന്നതാണ് ഇത്. ചരിത്രം എനിക്ക് ഏറെ ഇഷ്ടമുള്ള വിഷയമാണ്. നമ്മുടെ പൂർവ്വികരെക്കുറിച്ച് അറിയുന്നത് എപ്പോഴും കൗതുകമുള്ള കാര്യം തന്നെയാണല്ലോ. രാജാക്കന്മാരുടെ കഥകൾ നാം വളരെയധികം വായിച്ചിട്ടുമുണ്ട്. എന്നാൽ ശ്രീ ഹരീഷ് പറയുന്ന ചരിത്രം പലപ്പോഴും നമ്മുടെ സ്വന്തം അപ്പൂപ്പന്മാർ കണ്ടും കൊണ്ടും അനുഭവിച്ച കാര്യങ്ങളാണ്. നമ്മുടെ രണ്ടു തലമുറ മുൻപുള്ളവർ ജീവിച്ച വഴിത്താരകൾ അദ്ദേഹം തൻറെ നോവലുകളിൽ വരച്ചുകാണിക്കുന്നുണ്ട്. അത്ര ദൂരെയല്ലാതെ നടന്നതായി പറയുന്ന സംഭവങ്ങളായതിനാലാവാം മീശ എന്നെ ഹഠാദാകർഷിച്ചു.

വെബ് പേജുകൾ ഉണ്ടാക്കുമ്പോൾ ഒരു പ്രധാന മെനു കാണും. അതിൽ നിന്നും സബ് മെനുക്കൾ. സബ് മെനു ഞെക്കിയാൽ ചിലപ്പോൾ വേറെ സബ് മെനുക്കൾ കിട്ടും. അങ്ങനെ ഉണ്ടാക്കിയെടുത്ത വെബ് പേജ് പോലെയാണ് മീശ. മീശ അഥവാ മീശധാരിയായ വാവച്ചനാണ് പ്രധാന മെനു. അവനെ ഏതെങ്കിലും രീതിയിൽ ലിങ്ക് ചെയ്യുന്ന ധാരാളം കഥാപാത്രങ്ങൾ സബ് മെനുകളായി ഉണ്ട്. അവ ഓരോന്നും ഓരോ ജീവിതം ആണ് പറയുന്നത്. ഏകദേശം ഒരു നൂറ്റാണ്ട് മുൻപ് ജീവിച്ച ജീവിതങ്ങൾ.അന്നത്തെ മനുഷ്യരുടെ ദാരിദ്ര്യവും കെടുതികളുമൊക്കെ ഇത്ര പച്ചയായി അടുത്തകാലത്ത് വായിച്ചനുഭവിച്ചിട്ടില്ല എന്ന് പറഞ്ഞാൽ അത് അതിശയോക്തിയല്ല. പ്രകൃതിയോട് കൂടുതൽ ചേർന്ന്, പ്രകൃതിയോട് പടവെട്ടി ജീവിക്കുന്ന മനുഷ്യർ. കക്കൂസ് എന്നത് എന്താണെന്ന് പോലും അറിയാത്ത ആളുകൾ, നാട്ടിൽ ഒരാൾ വീട്ടിലെ സ്ത്രീജനങ്ങൾക്ക് വേണ്ടി ഒരു കക്കൂസ് ഉണ്ടാക്കിയെന്നറിഞ്ഞ് വിസർജ്യത്തിൻറെ മേൽ വിസർജ്ജിക്കുന്നവർ എന്ന പേരിൽ പരിഹസിക്കുന്നത് കൗതുകവും അതിലേറെ അന്നത്തെ ജീവിതത്തെ അറിയുമ്പോഴുള്ള ആശ്ചര്യവും നൽകി. അങ്ങനെ ആശ്ചര്യപ്പെടുത്തുന്ന ഒട്ടേറെ സംഭവങ്ങൾ മീശയിൽ വർണ്ണിക്കുന്നുണ്ട്. അതേപോലെ വെള്ളക്കാർ ഭരിക്കുന്ന കാലത്ത് നമ്മുടെ ഇടയിൽ താമസിച്ച ബെക്കർ സായിപ്പിനെയും ബ്രണ്ടൻ സായിപ്പിനെയും പോലുള്ളവരുടെ ജീവിതങ്ങളും വ്യത്യസ്തമായ അനുഭവം ആയിരുന്നു. 

മീശയും ആഗസ്റ്റ് 17 ഉം വായിച്ചുകഴിഞ്ഞപ്പോൾ ചില സന്ദർഭങ്ങളിൽ നല്ല സാദൃശ്യം തോന്നിയെന്നത് എൻറെ മാത്രം അനുഭവം ആണോയെന്നറിയില്ല. കഥകൾ നടക്കുന്ന കാലഘട്ടം ഏറെക്കുറെ ഒന്നായതിനാലാവാം. മീശയിൽ കൊച്ചുപിള്ള വാഴകൃഷി ചെയ്യുന്നത് വായിച്ചപ്പോൾ ആഗസ്റ്റ് 17 ഇൽ മലബാറിലേക്ക് കുടിയേറ്റം നടത്തിയ സമയത്ത് ഭാസി കൃഷി നടത്തുന്ന കൃഷിഭൂമി മനസിലേക്ക് ഓടിയെത്തി. തിരുവിതാംകൂർ രാജ ഭരണത്തോടുള്ള അസംതൃപ്തിയും രണ്ടിലും കാണാം. എന്നിരിക്കിലും സ്വന്തമായ അസ്‌തിത്വം ഉള്ള കൃതി തന്നെയാണ് മീശ.

കുട്ടനാടിൻറെ ചെളിയിലും വിയർപ്പിലും നിന്നും മലയാളത്തിന് ഒട്ടേറെ പൊൻകതിരുകൾ തകഴിയും കാവാലവുമൊക്കെ കൊയ്തെടുത്തുകഴിഞ്ഞു. അവർ കൊയ്ത്തു മാറിയ പാടശേഖരത്തിൽ നിന്നും ഇനിയും വിളവ് നേടാമെന്ന് ശ്രീ ഹരീഷ് മനോഹരമായി തെളിയിച്ചിരിക്കുന്നു. മലയാളത്തിലെ കരുത്തുറ്റ കഥാപാത്രങ്ങളിൽ ഒരാളായി മീശയും എണ്ണപ്പെടും.

എന്നെ ഏറ്റവും അത്ഭുതപ്പെടുത്തുന്നത് ഹരീഷ് എന്ന എഴുത്തുകാരൻ പുലർത്തുന്ന ചങ്കൂറ്റം ആണ്. സത്യത്തിൽ മീശയെക്കുറിച്ച് ആദ്യമായി കേൾക്കുന്നത് സ്ത്രീവിരുദ്ധമായ ചില പ്രയോഗങ്ങൾ അതിലുണ്ടെന്ന് പറഞ്ഞുള്ള വിവാദവുമായി ചേർന്നാണ്. ഹരീഷിൻറെ വാക്കുകളിൽ ഒരു നോവൽ എന്നാൽ സ്വതന്ത്രമായ ഒരു രാജ്യമാണ്. അവിടത്തെ പ്രജകളായ കഥാപാത്രങ്ങൾക്ക് കൂച്ചുവിലങ്ങ് ഇടാൻ രചയിതാവിന് അധികാരമില്ല. പൊതുസമൂഹത്തിന് ശ്ലീലമല്ലാത്തതും സഭ്യമല്ലാത്തതുമായ വാക്കുകൾ ഒരു കഥയിലെ കഥാപാത്രങ്ങൾ സംസാരിക്കാനോ വിചാരിക്കാനോ പാടില്ല എന്ന് പറയുന്നത് ശുദ്ധ ഭോഷത്തമാണ്. കഥയോട് ഇണങ്ങിനിൽക്കുന്ന സംഭാഷണങ്ങളിൽ യാതൊരു വൈകൃതവും എനിക്ക് അനുഭവപ്പെട്ടില്ല. പറയുന്ന കഥാപാത്രങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ലഭിക്കാൻ അത് വളരെയധികം സഹായിക്കുന്നുമുണ്ട്. ഇനിയും ഹരീഷിൻറെ രചനകൾ ഞാൻ തേടിയെത്തുന്നത് പൊതുസമൂഹത്തെക്കുറിച്ചോർത്ത് മറ്റ് എഴുത്തുകാർ പറയാൻ പേടിക്കുന്ന പ്രയോഗങ്ങൾ അതിൽ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ തന്നെയായിരിക്കും. അല്ലെങ്കിലും ചുരുളി എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയ ആളുടെ ചങ്കൂറ്റം അളക്കാൻ നോക്കുന്നത് കടൽവെള്ളത്തിന്റെ ഉപ്പ് നോക്കുന്നത് പോലെയാണല്ലോ.

No comments:

Post a Comment