Thursday, May 2, 2024

വായനാനുഭവം - ഹൈഡ്രേഞ്ചിയ - ലാജോ ജോസ് (Book Review - Hydrangea by Lajo Jose)


വായനാനുഭവം - പുതുതലമുറ എഴുത്തുകാരിൽ ത്രില്ലർ നോവലുകളിലൂടെ ശ്രദ്ധേയനായ ശ്രീ. ലാജോ ജോസ് എഴുതിയ ഹൈഡ്രേഞ്ചിയ എന്ന ത്രില്ലർ നോവലിൻറെ വായനാനുഭവമാണ് ഇക്കുറി. സോഷ്യൽ മീഡിയയിൽ വന്ന റിവ്യൂകൾ വായിച്ചതിനെത്തുടർന്നാണ് ഈ പുസ്തകത്തെക്കുറിച്ച് അറിയുന്നതും അവസാനം വായനയിൽ എത്തിച്ചേർന്നതും. 2019 ഇൽ മാതൃഭൂമി ബുക്ക്സ് ആണ് നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഞാൻ  വായിക്കുന്നത് 2023 ൽ ഇറങ്ങിയ പത്താം  പതിപ്പ് ആയിരുന്നു എന്നതിൽ നിന്നും തന്നെ നോവലിൻറെ സ്വീകാര്യതയെക്കുറിച്ച് മറ്റ് വിശേഷണങ്ങൾ ആവശ്യമില്ലായെന്നുകാണാം. 


കോഫീ ഹൗസ് എന്ന നോവലിൻറെ രചയിതാവായ ശ്രീ ലാജോ ജോസിൻറെ മറ്റൊരു കൃതി എന്ന രീതിയിലാണ് ഹൈഡ്രേഞ്ചിയ അവതരിപ്പിച്ചിരിക്കുന്നത്. ദൗർഭാഗ്യവശാൽ ആ നോവൽ ഞാൻ വായിച്ചിട്ടില്ല. ഹൈഡ്രേഞ്ചിയ വായിക്കുമ്പോൾ അതിലെ കഥാപാത്രങ്ങൾ പലരും ആദ്യ നോവലിൽ ഉണ്ടായിരുന്നവർ ആണെന്ന് മനസിലാകും. ഒരു ത്രില്ലർ സീരീസ് പോലെയാവാം നോവലിസ്റ്റ് ഈ നോവലുകൾ ആവിഷ്കരിച്ചിട്ടുള്ളത്‌. എന്തായാലും ചില റഫറൻസുകൾ ഉണ്ടെന്നല്ലാതെ ആദ്യ നോവൽ വായിച്ചിട്ടില്ല എന്നത് രണ്ടാമത്തെ നോവലിൻറെ വായനയെ ഒട്ടും ബാധിക്കാതെ നോവലിസ്റ്റ് അവതരിപ്പിച്ചിട്ടുണ്ട്.


നോവലിലേക്ക് വരാം. ത്രില്ലർ വിഭാഗം ഇഷ്ടപ്പെടുന്നവർക്ക് ഈ നോവൽ തീർച്ചയായും ഇഷ്ടപ്പെടും. വിശ്വസനീയമായ രീതിയിലുള്ള അവതരണം, സസ്‌പെൻസ് തുടങ്ങി ആ വിഭാഗത്തിന് ആവശ്യമായതെല്ലാം ചേർത്തിട്ടുള്ള ഒരു നോവൽ. തുടക്കക്കാർക്ക് തീർച്ചയായും ഇഷ്ടപ്പെടുമെന്ന് മാത്രമല്ല അവസാന സസ്പെൻസിലൊക്കെ ഫ്‌ളാറ്റായിപ്പോകാനും സാധ്യതയുണ്ട്. തുടക്കക്കാർക്ക് എന്ന്  പറയാൻ കാരണം തന്നെയാണ് ഈ നോവലിൻറെ ഒരു പോരായ്‌മ. 2018 ൽ പുറത്തിറങ്ങിയ തമിഴ് ത്രില്ലർ രാക്ഷസൻ, 2020 ൽ പുറത്തിറങ്ങിയ അഞ്ചാം പാതിര (ആ സിനിമ ഇറങ്ങുന്നതിന് മുൻപ് ഈ നോവൽ ഇറങ്ങി, അന്ന് തന്നെ വായിച്ചിരുന്നെങ്കിൽ തികച്ചും വ്യത്യസ്തമായ അഭിപ്രായം ആയിരുന്നേനെ എനിക്ക്) പിന്നീട് ഏറെക്കുറെ ആ രീതിയിൽ ഇറങ്ങിയ കുറെ സിനിമകൾ 2021 ൽ മായാ കിരൺ എഴുതി പ്രസിദ്ധീകരിച്ച നോവൽ ദി ബ്രെയിൻ ഗെയിം തുടങ്ങി ത്രില്ലർ വിഭാഗത്തിൽ ഇറങ്ങിയ നോവലുകൾ ഇവയ്ക്ക് എല്ലാത്തിനും ഒട്ടേറെ സമാനതകൾ കാണാം. ആ സമാനതകൾ എല്ലാം ആലോചിക്കുമ്പോൾ ഇവിടെയും ഒരു പുതുമയും തോന്നുന്നില്ല.


ഒരു സീരിയൽ കില്ലർ, കൊലപാതകങ്ങളിൽ ഉള്ള വ്യത്യസ്തതയാണ് ഈ സിനിമകളെ/ നോവലുകളെ തിരിച്ചറിയാൻ സഹായിക്കുന്നത്. ആ വ്യത്യസ്തത കൊണ്ടുവരാൻ ഒരു ഫ്‌ളാഷ് ബാക്ക്. പിന്നെ പ്രേക്ഷകനെ ഞെട്ടിച്ചുകൊണ്ടുള്ള കില്ലറുടെ മുഖംമൂടി അഴിക്കൽ. ഇതാണ് മേൽപ്പറഞ്ഞ നോവൽ / സിനിമകളുടെ ചട്ടക്കൂട്. അതിൽ എന്തൊക്കെ മാറ്റം വരുത്താമോ അതൊക്കെ വരുത്തി ഇനിയും ത്രില്ലറുകൾ വന്നേക്കാം. ആ പുതുമയില്ലായ്മയാണ് എനിക്ക് ഹൈഡ്രേഞ്ചിയ വായിച്ചപ്പോൾ തോന്നിയ നെഗറ്റിവ്. മേൽ സൂചിപ്പിച്ചതുപോലെ പുസ്തകം പുറത്തിറങ്ങിയ 2019 ൽ വായിച്ചിരുന്നെങ്കിൽ എന്ന് ആശ്വസിക്കുമ്പോഴും കാലാനുവർത്തിയായ ഒട്ടേറെ ത്രില്ലറുകൾ ഇപ്പോഴും സിനിമയായും നോവലുകളായും നമുക്കിടയിൽ ഉണ്ട് എന്നിരിക്കെ ആ വിഭാഗത്തിൻറെ ആരാധകനായ നോവലിസ്റ്റിന് തീർച്ചയായും മികച്ചൊരു സൃഷ്ടി അവതരിപ്പിക്കാൻ സാധിക്കും എന്ന വിശ്വാസത്തോടെ നിർത്തുന്നു.

No comments:

Post a Comment